സൗഹൃദം നിറഞ്ഞാടുന്ന ലോകത്തിനു വേണ്ടി
'സ്‌നേഹിച്ചിടുന്നു മനുഷ്യവര്‍ഗത്തെ ഞാന്‍
സ്‌നേഹിച്ചിടുന്നു മനുഷ്യധര്‍മത്തെ ഞാന്‍
സ്‌നേഹിച്ചിടുന്നു ഞാനുള്ളുണര്‍ന്നെപ്പോഴും
സ്‌നേഹത്തെ, യുണ്മയെ, നന്മയെ, ച്ചെമ്മയെ' (എന്‍.വി കൃഷ്ണവാര്യര്‍).
സൗഹൃദത്തില്‍ അധിഷ്ഠിതമായ ജീവിതരീതികളും പെരുമാറ്റമര്യാദകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. സൗഹൃദം നഷ്ടപ്പെടുകയെന്നത് വലിയ ദുരന്തം തന്നെയാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ അതിര്‍ത്തിലംഘനത്തിന്റെയും പരസ്പര പോരാട്ടത്തിന്റെയും ഏറ്റുമുട്ടലുകളുടെയും ഭയാനകമായ സ്ഥിതിവിശേഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സൗഹൃദത്തിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ശക്തിസ്രോതസ്സുകളായി പല രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രവണതകള്‍ നാശത്തിലേക്കാണ് മനുഷ്യവര്‍ഗത്തെ കൊണ്ടെത്തിക്കുക. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ശീതസമരവും ആക്രമണവാഞ്ഛയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആഗോളാടിസ്ഥാനത്തില്‍തന്നെ കനത്ത ഭീഷണിയായി ഇന്നും നിലനില്‍ക്കുന്നു.
സമാധാനവും സൗഹൃദവും നിലനിര്‍ത്തുന്നതിന് സുപ്രധാന സംഭാവനകള്‍ നല്‍കിയ രാഷ്ട്രങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ ഇന്ത്യ അവയില്‍ മുന്നില്‍ നില്‍ക്കുന്നതായി കാണാം. അക്രമം അവസാനിപ്പിക്കാനും ശാശ്വത സമാധാനവും സൗഹൃദവും സംസ്ഥാപിക്കാനും മഹാത്മാ ഗാന്ധി ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അഹിംസാ സിദ്ധാന്തം. അഹിംസയുടെ സാക്ഷാത്കാരത്തിനു ശേഷമേ സത്യത്തിന്റെ സമഗ്ര ദര്‍ശനം സാധ്യമാകൂ എന്നാണ് ഗാന്ധിജി ലോകത്തെ പഠിപ്പിച്ചത്. ലോക രാഷ്ട്രങ്ങളോട് മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളോടും സൗഹൃദം സ്ഥാപിക്കാന്‍ അഹിംസക്കുള്ള കരുത്ത് അനിഷേധ്യമാണ്. ഈ പാതയില്‍ ഉറച്ചുനിന്നുകൊണ്ടാണ് മറ്റൊരു രാഷ്ട്രവുമായും ഹിംസാത്മകമായ നയം സ്വീകരിക്കില്ലെന്നും ഇന്ത്യ ചേരിചേരാ നയമാണ് സ്വീകരിക്കുകയെന്നും പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചത്. പക്ഷേ, പിന്നീടുള്ള കാലത്ത് ഈ പാതയില്‍നിന്ന് ഇന്ത്യക്ക് വ്യതിചലനമുണ്ടായി എന്നതും വിസ്മരിക്കാന്‍ കഴിയുകയില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അക്രമവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടികളില്‍ പങ്കാളിയായ ഇസ്രയേല്‍ രാഷ്ട്രത്തലവനെ പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഇന്ത്യയുടെ നടപടികള്‍ നമ്മുടെ സഹവര്‍ത്തിത്വത്തിന്റെയും അഹിംസയുടെയും പാരമ്പര്യത്തിന് ഭൂഷണമായില്ല. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അരങ്ങേറിയ വര്‍ഗീയ ലഹളകളും വംശഹത്യകളും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റേതും സൗഹൃദത്തിന്റേതുമായ സന്ദേശത്തിന് കനത്ത പോറലേല്‍പ്പിക്കുകയാണുണ്ടായത്. രാഷ്ട്രീയത്തിന്റെ പേരില്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ ശക്തമാണ്. സൗഹൃദത്തിന്റെ അടിസ്ഥാനം സാഹോദര്യമാണ്. വിശ്വസാഹോദര്യത്തില്‍ നിലയുറപ്പിച്ച ഒരു സംസ്‌കാരത്തിനു മാത്രമേ സൗഹൃദത്തിന്റേതും സമാധാനത്തിന്റേതുമായ നവലോകം സ്വപ്‌നം കാണാന്‍ കഴിയുകയുള്ളൂ.
വിവേചനത്തിന്റെ വൈറസുകളാണ് സൗന്ദര്യത്തെ കാര്‍ന്നുതിന്നുന്നത്. ജാതി, വംശം, വര്‍ണം, സമ്പത്ത്, തറവാടിത്തം, സങ്കുചിത ദേശീയത്വം തുടങ്ങിയവയൊക്കെ മനുഷ്യമനസ്സില്‍ വിവേചനത്തിന്റെയും വിഭാഗീയതയുടെയും മതില്‍ക്കെട്ടുകള്‍ ഉയര്‍ത്തുന്നു. ഈ മതില്‍ക്കെട്ടുകള്‍ തച്ചുടക്കാന്‍ സ്വയം സന്നദ്ധമാകുന്നില്ലെങ്കില്‍ പ്രകൃതിതന്നെ മനുഷ്യനെ അതിന് നിര്‍ബന്ധിതമാക്കും. പ്രളയവും മഹാരോഗങ്ങളും താണ്ഡവമാടിയ ഘട്ടങ്ങളിലെല്ലാം എല്ലാം മറന്ന് സൗഹൃദത്തോടെ ചേര്‍ന്നുനില്‍ക്കാന്‍ അവസരമൊരുക്കി. ഇപ്പോള്‍ ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്റെ വ്യാപനവും ഒരുമിച്ചുള്ള പോരാട്ടമാണ് മനുഷ്യസമൂഹത്തോട് ആവശ്യപ്പെടുന്നത്.
വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും നീതിയുടെ വക്താക്കളായി മാറുമ്പോള്‍ മാത്രമേ സൗഹൃദം പുലരുകയുള്ളൂ. എവിടെ നീതി നിഷേധിക്കപ്പെടുന്നോ അവിടെ ശത്രുതയും വിദ്വേഷവും തലപൊക്കും. പണക്കാര്‍ പാവപ്പെട്ടവര്‍ക്കും സമ്പന്ന രാഷ്ട്രങ്ങള്‍ പിന്നാക്ക രാഷ്ട്രങ്ങള്‍ക്കും സഹായം നല്‍കുക എന്നത് നീതിയുടെ ഭാഗമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പരസ്പര സഹകരണവും സൗഹൃദവുമില്ലാതെ ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. രോഗം, മരണം, വാര്‍ധക്യം തുടങ്ങി ജീവിതത്തിന്റെ ദുരിത ഘട്ടങ്ങളിലെല്ലാം മനുഷ്യന് സഹായവും സഹകരണവും അത്യാവശ്യമാണ്. നല്ല സുഹൃത്തുക്കളെ തേടിയുള്ള യാത്രയാകണം നമ്മുടേത്. 'ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരിവാഹകനെ പോലെയാണ്. അവനില്‍നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കില്‍ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്ത കൂട്ടുകാരന്റെ ഉപമ ഉലയില്‍ ഊതുന്നവനെപ്പോലെയാണ്. നിന്റെ വസ്ത്രം അവന്‍ കരിക്കും. അല്ലെങ്കില്‍ അതിന്റെ ദുര്‍ഗന്ധം ഏറ്റുവാങ്ങേണ്ടിവരും' (പ്രവാചക വചനം).
Comments