Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

നീതിമാനായ ദൈവം, അനീതി നിറഞ്ഞ ഭൂമി

ടി.കെ.എം ഇഖ്ബാല്‍

(വില്‍ക്കാനുണ്ട് നാസ്തിക യുക്തികള്‍-3)

നാസ്തികരും സന്ദേഹവാദികളുമൊക്കെ ഏറ്റവുമധികം ഉന്നയിക്കാറുള്ള ഒരു ചോദ്യം ദൈവത്തിന്റെ കാരുണ്യവുമായും നീതിയുമായും ബന്ധപ്പെട്ടതാണ്. വിശ്വാസികള്‍ പറയുന്നതു പോലെ സര്‍വജ്ഞനും കാരുണ്യവാനുമായ ഒരു ദൈവം ഉണ്ടെങ്കില്‍, ഭൂമിയിലെ അനീതികളും ക്രൂരതകളും ദുരന്തങ്ങളും ഇല്ലാതാക്കാന്‍ ആ ദൈവം എന്തു കൊണ്ട് ഇടപെടുന്നില്ല എന്നാണ് ചോദ്യം. പീഡിപ്പിക്കപ്പെടുന്ന നിരപരാധികളായ മനുഷ്യരെ എന്ത് കൊണ്ട് ദൈവം രക്ഷിക്കുന്നില്ല, കുറേ മനുഷ്യര്‍ എന്തു കൊണ്ട് മാറാരോഗികളും അംഗവൈകല്യമുള്ളവരുമായി പിറന്ന് വീണു ജീവിതകാലം മുഴുവന്‍ കഷ്ടതകളനുഭവിക്കുന്നു എന്നിങ്ങനെ ചോദ്യങ്ങളുടെ പട്ടിക നീണ്ടു പോകും.
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുന്നതിനു മുമ്പ് നാസ്തികരോട് ഒരു ചോദ്യം തിരിച്ചു ചോദിക്കാം. ഭൂമിയിലെ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും ദുരന്തങ്ങള്‍ക്കും അവരുടെ കൈയിലുള്ള വിശദീകരണം എന്താണ്? പരിഹാരമാര്‍ഗങ്ങള്‍ എന്താണ്? ഭൗതിക പ്രതിഭാസങ്ങളുടെ അന്ധമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നായിരിക്കാം മറുപടി. നാസ്തികതയുടെ വീക്ഷണത്തില്‍ ജീവിതത്തിന് സവിശേഷമായ ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ല. നവനാസ്തികതയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലൊന്നായ പരിണാമ സിദ്ധാന്തത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള കാര്യമായ അന്തരം പരിണാമ പ്രക്രിയയിലൂടെ മനുഷ്യന്റെ തലച്ചോറ് കുറേക്കൂടി വികാസം പ്രാപിച്ചിരിക്കുന്നു എന്നത് മാത്രമാണ്. ഇതര ജീവികള്‍ക്കൊന്നും അവരുടെ നിലനില്‍പിന് പ്രത്യേകമായ ലക്ഷ്യമില്ലെന്നും മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന ചോദ്യം തെറ്റായ ചോദ്യമാണെന്നും അവര്‍ പറയും. ജീവിതത്തെ പരമാവധി സുഖകരവും സന്തോഷകരവുമാക്കിത്തീര്‍ക്കുക എന്നതാണ് അവര്‍ക്ക് മുന്നോട്ടു വെക്കാനുള്ള ഒരേയൊരു ജീവിത ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ ഈ സന്തോഷം നിഷേധിക്കപ്പെടുന്ന, ദാരിദ്ര്യവും കഷ്ടപ്പാടും അവശതയുമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ അവസ്ഥയെന്താണ്? ഇവരില്‍ വലിയൊരു വിഭാഗം, സുഖവും സന്തോഷവും കണ്ടെത്താനുള്ള മറ്റു മനുഷ്യരുടെ ദുരമൂത്ത പരിശ്രമങ്ങളുടെ ഇരകളായിരിക്കും. സ്വന്തം സന്തോഷങ്ങള്‍ ബലികഴിച്ചും സ്വയം നഷ്ടങ്ങള്‍ സഹിച്ചും ഈ മനുഷ്യരെ സഹായിക്കാന്‍ നാസ്തികത മുന്നോട്ടു വെക്കുന്ന ശാസ്ത്രീയ യുക്തി മനുഷ്യനെ അനുവദിക്കുകയില്ല. എല്ലാ മനുഷ്യരുടെയും ദുഃഖങ്ങളും ദുരിതങ്ങളും അവസാനിപ്പിക്കാന്‍ മറ്റു മനുഷ്യര്‍ വിചാരിച്ചാല്‍ പോലും കഴിയുകയുമില്ല. ജീവിതകാലം മുഴുവന്‍ അംഗവൈകല്യവുമായി ജീവിക്കുന്ന ഒരാള്‍ക്ക് പ്രത്യാശയുടെ എന്ത് സന്ദേശമാണ് നാസ്തികതക്ക് നല്‍കാനുള്ളത്? സ്വന്തം ഇഛാശക്തി കൊണ്ട് ജീവിതത്തിലെ ദുരിതങ്ങളെ അതിജയിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ നാസ്തികരുടെ കൂട്ടത്തിലും വിശ്വാസികളുടെ കൂട്ടത്തിലും കാണാന്‍ കഴിയും. ഈ ശ്രമങ്ങളില്‍ പലപ്പോഴും കാലിടറുമ്പോള്‍, ഹതാശരായി തളര്‍ന്നുവീഴുമ്പോള്‍ അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രതീക്ഷയുടെ എന്ത് കിരണമാണ് നാസ്തികതക്ക് നല്‍കാനുള്ളത്?
വികലാംഗരായ കുഞ്ഞുങ്ങള്‍ ജീവിതത്തിന് ഭാരമാണെന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുന്നതിനു വേണ്ടി അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊന്നുകളയുന്നത് കുറ്റകരമല്ലെന്നും സിദ്ധാന്തിച്ച പീറ്റര്‍ സിംഗറെപ്പോലുള്ള നാസ്തിക ദാര്‍ശനികരുണ്ട്. നാസ്തികരില്‍ തന്നെ വലിയൊരു വിഭാഗത്തിന് ഇത്തരം വാദഗതികള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുന്നത് നാസ്തികതയുടെ ധാര്‍മികത കൊണ്ടല്ല, അവര്‍ മതധാര്‍മികതയുടെ സാമൂഹിക പരിസരത്ത് ജീവിക്കുന്നതു കൊണ്ടാണ്. ഭൂമിയില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതു പോവട്ടെ, അവയെ മാനുഷിക മൂല്യങ്ങളുടെ കാഴ്ചപ്പാടിലൂടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു അടിസ്ഥാന ധാര്‍മികതയും നാസ്തികത മുന്നോട്ടു വെക്കുന്നില്ല. കഷ്ടപ്പെടുന്ന മനുഷ്യരോട് അനുഭാവം പുലര്‍ത്തിക്കൊണ്ട് ദൈവത്തെ വിചാരണ ചെയ്യാന്‍ നാസ്തികരെ അര്‍ഹരാക്കുന്ന ഒരു സാമൂഹിക ബോധമോ ധാര്‍മിക കാഴ്ചപ്പാടോ അവര്‍ക്കില്ല എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം.
ഇനി വിഷയത്തിന്റെ മര്‍മത്തിലേക്ക് വരാം. ഭൂമിയിലെ അനീതികളും ദുരന്തങ്ങളും ഇല്ലാതാക്കാന്‍ ദൈവം എന്തു കൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യം നാസ്തികര്‍ ഉന്നയിക്കുന്നത് ദൈവത്തെക്കുറിച്ച തെറ്റായ സങ്കല്‍പത്തില്‍ നിന്നു കൊണ്ടാണ്. പൂര്‍ണമായ അര്‍ഥത്തില്‍ നീതി നടപ്പാക്കപ്പെടുന്ന ഒരിടമാണ് ഈ ലോകം എന്ന് മതം പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിലെ പരലോക സങ്കല്‍പത്തിന്റെ അടിസ്ഥാനം തന്നെ നന്മയും തിന്മയും നിലനില്‍ക്കുന്ന, നശ്വരമായ ഈ ലോകത്തിനു ശേഷം നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന ശാശ്വതമായ മറ്റാരു ലോകം വരാനുണ്ട് എന്നതാണ്. ജീവിതം മരണത്തോടെ അവസാനിക്കുന്നു എന്ന ധാരണയില്‍ നിന്ന് കൊണ്ട് ഭൂമിയിലെ അനീതികളെയും അസമത്വങ്ങളയും മനസ്സിലാക്കാനോ വിശദീകരിക്കാനോ സാധ്യമല്ല. നീതി, സമത്വം തുടങ്ങിയ സങ്കല്‍പങ്ങള്‍ ഭൂമിയിലെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ വലിയൊരളവോളം ആപേക്ഷികവും വ്യക്തിനിഷ്ഠവുമാണ്. വൈവിധ്യപൂര്‍ണവും പരസ്പരവിരുദ്ധവുമായ മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അഭിലാഷങ്ങളും പൂര്‍ണമായി നിറവേറ്റപ്പെടാന്‍ പറ്റിയ പാകത്തിലല്ല പ്രപഞ്ചത്തിന്റെ ഘടന.
പരലോക മോക്ഷത്തക്കുറിച്ച് മാത്രമല്ല, ഭൂമിയിലെ മനുഷ്യന്റെ വിമോചനത്തെക്കുറിച്ചു കൂടിയാണ് മതം സംസാരിക്കുന്നത് എന്നത് ഇതിന്റെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യന്റെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ വിമോചിപ്പിച്ച് സ്രഷ്ടാവായ ഏകദൈവത്തിന്റെ അടിമത്തത്തിലേക്ക് ആനയിക്കുകയും പരമാവധി നീതിപൂര്‍വകമായ ഒരു വ്യവസ്ഥിതി ഭൂമിയില്‍ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമാണ്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ് പ്രവാചകനിയോഗത്തിന്റെ ലക്ഷ്യമായും മുസ്‌ലിം സമൂഹത്തിന്റെ ദൗത്യമായും ഖുര്‍ആന്‍ വിവരിക്കുന്നത്.  പക്ഷേ,  അക്രമികളും ധിക്കാരികളും നിറഞ്ഞ ഒരു ലോകത്ത് സത്യത്തിലും നന്മയിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ സംസ്ഥാപനം എപ്പോഴും സാധ്യമാവണം എന്നില്ല. സാധ്യമായാല്‍ തന്നെയും പൂര്‍ണമായ നീതി അവിടെ പുലരുകയില്ല. മനുഷ്യരുടെ വൈയക്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ജീവിതത്തെ എപ്പോഴും അശാന്തമാക്കിക്കൊണ്ടിരിക്കും. മനുഷ്യരുടെ സ്വകാര്യമായ ദുഃഖങ്ങളും വേദനകളും അവരെ വേട്ടയാടിക്കൊണ്ടിരിക്കും. നന്മക്ക് ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ പോലും തിന്മ പൂര്‍ണമായും നിഷ്‌കാസനം ചെയ്യപ്പെടുന്ന അവസ്ഥ അസംഭവ്യമാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം തുടര്‍ന്നുകൊണ്ടേയിരിക്കും.
ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സര്‍വശക്തനും കാരുണ്യവാനും മാത്രമല്ല, യുക്തിജ്ഞനും നീതിമാനും കൂടിയാണ്. നീതിയെക്കുറിച്ച മനുഷ്യരുടെ സങ്കല്‍പങ്ങളും പ്രതീക്ഷകളും വെച്ചു കൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ യുക്തിയും നീതിയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിപൂര്‍വകമായ നിലപാടല്ല. മാതാപിതാക്കള്‍ മധുരം വാങ്ങിച്ചു കൊടുക്കാത്തതിന് വാശി പിടിച്ചു കരയുന്ന കുട്ടിയുടെ അവസ്ഥ പോലെ ബാലിശമാണ് അത്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ലക്ഷ്യവും സ്രഷ്ടാവായ ദൈവത്തിന് മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. ദൈവം പറഞ്ഞു തരുന്ന അളവില്‍ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും.
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ നീതിയും യുക്തിയും  മനസ്സിലാക്കാനോ  ഉള്‍ക്കൊള്ളാനോ  കഴിയണമെന്നില്ല. ഇതവരുടെ കുറ്റമല്ല, ദൈവത്തെ മനസ്സിലാക്കാന്‍ അവര്‍ സ്വീകരിക്കുന്ന രീതിശാസ്ത്രത്തിന്റെ പ്രശ്‌നമാണ്. ഇന്ദ്രിയാതീതമായ ഒന്നും യാഥാര്‍ഥ്യമല്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് സൃഷ്ടിയുടെ സങ്കീര്‍ണതകളെ മനസ്സിലാക്കാനാവുക?

ജീവിതം: ഇസ്‌ലാമിക കാഴ്ചപ്പാട്

മനുഷ്യന്‍ ആരാണെന്നും മനുഷ്യ സൃഷ്ടിയുടെ  ലക്ഷ്യം എന്താണെന്നും വളരെ വ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമായി ഇഛാശക്തിയും വിവേചനബുദ്ധിയുമുള്ള സൃഷ്ടിയായിട്ടാണ് മനുഷ്യനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദയ, കാരുണ്യം, സ്‌നേഹം, പക, അസൂയ, പ്രതികാരബുദ്ധി, അഹങ്കാരം തുടങ്ങിയ നന്മയുടേതും തിന്മയുടേതുമായ വികാരങ്ങളും ചോദനകളും മനുഷ്യപ്രകൃതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മുമ്പ്  പറഞ്ഞതു പോലെ ദൈവത്തെക്കുറിച്ച ഒരു ബോധവും അടിസ്ഥാനപരമായ ഒരു ധാര്‍മികതയും മനുഷ്യനില്‍ സഹജമായി ഉണ്ട്. ഇതിനെ വ്യവസ്ഥപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യാന്‍ ആവശ്യമായ ധാര്‍മിക, സദാചാര നിയമങ്ങളും നന്മതിന്മകളെക്കുറിച്ച മാര്‍ഗദര്‍ശനവും ദൈവം പ്രവാചകന്മാരിലൂടെ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്.
''ആത്മാവിനെയും അതിനെ സന്തുലിതമാക്കിയവനെയും സാക്ഷി. ധര്‍മവും അധര്‍മവും അതില്‍ സന്നിവേശിപ്പിച്ചവനെയും. അതിനെ (ആത്മാവിനെ) വിമലീകരിച്ചവന്‍ വിജയിയായി. അതിനെ മലിനമാക്കിയവന്‍ പരാജിതനായി'' (ഖുര്‍ആന്‍ : 91:7-10).
ജീവിതത്തിന്റെ സങ്കീര്‍ണവും പ്രയാസകരവും സംഘര്‍ഷഭരിതവുമായ വഴികളില്‍ സൂക്ഷ്മതയോടെ മനുഷ്യന്‍ മുന്നോട്ടു പോകേണ്ടതുണ്ട്. തെറ്റും ശരിയും നന്മയും തിന്മയും മനസ്സില്‍ സംഘര്‍ഷം നടത്തുമ്പോള്‍ ഏത് തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും  ഇഛാശക്തിയും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. ഇഛാശക്തിയുള്ളേടത്തേ സ്വാതന്ത്ര്യത്തിന് അര്‍ഥമുള്ളൂ. ''നാം അവന് നേരായ വഴി കാണിച്ചു കൊടുത്തു. അവന് നന്ദിയുള്ളവനോ നന്ദികെട്ടവനോ ആവാം'' (ഖുര്‍ആന്‍ 76:3).
ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ജീവിതം ഒരു പരീക്ഷണമാണ്. തെറ്റിന്റെയും ശരിയുടെയും ധാര്‍മികതയുടെയും അധാര്‍മികതയുടെയും ദൈവനിഷേധത്തിന്റെയും ദൈവഭയത്തിന്റെയും അഭിലാഷങ്ങളുടെയും ആത്മനിയന്ത്രണത്തിന്റെയും വിരുദ്ധ ദ്വന്ദ്വങ്ങളില്‍ നിന്ന് അവന്‍/അവള്‍ ഏത് തെരഞ്ഞെടുക്കുന്നു എന്ന പരീക്ഷണം. പരീക്ഷണമാവുമ്പോള്‍ പരീക്ഷണഫലങ്ങളും ജയപരാജയങ്ങളും അനിവാര്യമാണല്ലോ.  ആത്മവിശുദ്ധിയുടെ വഴി തെരഞ്ഞെടുത്തവര്‍ വിജയിച്ചു എന്നും ആത്മാവിനെ മലിനമാക്കിയവര്‍ പരാജിതരായി എന്നും ഖുര്‍ആന്‍ പറയുന്നത് ഈ അര്‍ഥത്തിലാണ്.
''ജീവിതവും മരണവും സൃഷ്ടിച്ചവനാണ് അല്ലാഹു. നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി കര്‍മം ചെയ്യുന്നത് എന്ന് പരീക്ഷിക്കാന്‍ വേണ്ടി. അവന്‍ പ്രതാപവാനും ധാരാളമായി പൊറുക്കുന്നവനുമല്ലോ'' (ഖുര്‍ആന്‍: 67:2).
ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. മരണാനന്തരം ശാശ്വതമായ മറ്റൊരു ജീവിതമുണ്ട്.  അവിടെയാണ് സ്വര്‍ഗവും നരകവും. ഭൂമിയിലെ മനുഷ്യരുടെ ചെറുതും വലുതുമായ കര്‍മങ്ങളെ വിലയിരുത്തി രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുന്ന ഇടം.
''ഭൂമി വിറവിറപ്പിക്കപ്പെടുമ്പോള്‍; ഭൂമി അതിന്റെ ഭാരങ്ങള്‍ പുറത്തേക്ക് തള്ളുമ്പോള്‍..... അണുമണിത്തൂക്കം നന്മ ചെയ്തവരാരോ, അതവര്‍ കാണുക തന്നെ ചെയ്യും. അണുമണിത്തൂക്കം തിന്മ ചെയ്തവരാരോ, അതും അവര്‍ കാണുക തന്നെ ചെയ്യും'' (ഖുര്‍ആന്‍: 99:1-8).

ദുഃഖവും പരീക്ഷണവും

ജീവിതത്തില്‍ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും ദൈവത്തിന്റെ പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഭൂമിയിലെ ജീവിതം സുഖദുഃഖ സമ്മിശ്രമാണ്.  ദുഃഖവും പ്രയാസവും നേരിടുമ്പോള്‍ ദൈവത്തിന്റെ മുന്നില്‍ പ്രാര്‍ഥനാപൂര്‍വം  കൈയുയര്‍ത്തുകയും സുഖം കൈവരുമ്പോള്‍ ദൈവത്തെ മറന്ന് അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യാവസ്ഥയെ ഖുര്‍ആന്‍ മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്. പ്രയാസങ്ങളും കഷ്ടപ്പാടുകളും നേരിടുമ്പോഴാണ് ദൈവത്തെക്കുറിച്ച ചിന്തയും ബോധവും മനുഷ്യനില്‍ ശക്തമായി അങ്കുരിക്കുക.
പ്രയാസങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും പരീക്ഷിക്കപ്പെടുന്നത് അതനുഭവിക്കുന്നവര്‍ മാത്രമല്ല, സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന മറ്റു മനുഷ്യര്‍ കൂടിയാണ്. കഷ്ടപ്പെടുന്നവര്‍ക്കുള്ള പരീക്ഷണം, ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ക്ഷമാപൂര്‍വം ദുരിതങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ എന്നതാണ്. സുഖവും ദുഃഖവും ജീവിതത്തില്‍ സ്ഥായിയല്ല. ''തീര്‍ച്ചയായും പ്രയാസത്തിന്റെ കൂടെ എളുപ്പമുണ്ട്'' (ഖുര്‍ആന്‍: 94:5). പ്രയാസങ്ങളെ അതിജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ അവരുടെ കഴിവില്‍ പെട്ടതൊക്കെ ചെയ്യണം എന്നതാണ് ഇസ്‌ലാമിന്റെ പാഠം. സമൂഹം അവരെ അതിന് സഹായിക്കുകയും കൂടെ നില്‍ക്കുകയും വേണം.
സഹജീവികളുടെ ദുരിതങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാനും ലഘൂകരിക്കാനും സമൂഹത്തില്‍ ആരൊക്കെ മുന്നോട്ടു വരുന്നു എന്നതാണ് ദൈവിക പരീക്ഷണത്തിന്റെ രണ്ടാമത്തെ വശം. അവശതയനുഭവിക്കുന്നവരെ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയും, അതേസമയം അവരുടെ അവശതകള്‍ അകറ്റുന്നതിനു വേണ്ടി പ്രയത്‌നിക്കാന്‍ അവരെയും സമൂഹത്തെയും  പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ സമീപനമാണ് ഇസ്‌ലാമിന്റേത്. അംഗവൈകല്യങ്ങളുമായി ജീവിതത്തെ നേരിടുന്നവര്‍ക്കും, മര്‍ദിതര്‍ക്കും പീഡിതര്‍ക്കും ഇതിനേക്കാള്‍ പ്രതീക്ഷ നല്‍കുന്ന ദര്‍ശനം വേറെ ഏതുണ്ട്? ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യര്‍ക്ക് സാന്ത്വനം പകരാന്‍ ദൈവത്തെപ്പോലെ ഒരു ശക്തി വേറെ ഏതാണുള്ളത്? അദൃശ്യതയും അമൂര്‍ത്തതയുമാണ് ദൈവത്തിന്റെ സൗന്ദര്യം. ആരും കൂടെയില്ലാതിരിക്കുമ്പോഴും ദൈവം കൂടെയുണ്ട് എന്ന ആശ്വാസം മനുഷ്യനെ കരുത്തനാക്കും.
നാസ്തികതയുടെ കാഴ്ചപ്പാടില്‍ തിന്മക്കും കഷ്ടപ്പാടുകള്‍ക്കും ഒരു ഉദ്ദേശ്യവുമില്ല. പ്രപഞ്ചത്തിലെ അന്ധമായ ശക്തികളില്‍ ഒന്ന് മാത്രമാണത്. ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഇരയാകുന്നവര്‍ക്ക് അതിനെ മനസ്സിലാക്കാനും അഭിമുഖീകരിക്കാനുമുള്ള വൈകാരികമോ യുക്തിപരമോ ആയ ഒരു കാഴ്ചപ്പാട് നാസ്തികത നല്‍കുന്നില്ല. ദുരിതപ്പെരുമഴയില്‍ ജീവിച്ചു മരിച്ചു പോകുന്നവര്‍ക്ക് ജീവിതത്തിലോ മരണത്തിനു ശേഷമോ അതില്‍നിന്ന് ഒരു മോചനത്തിന്റെ വഴി കാണിക്കാന്‍ നാസ്തികതക്ക് കഴിയില്ല. തങ്ങളുടെ ദുരിതത്തിന് അര്‍ഥവും ഉദ്ദേശ്യവും കണ്ടെത്താനോ ഭാവിയിലെങ്കിലും അതില്‍നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷ പുലര്‍ത്താനോ നാസ്തികത മനുഷ്യനെ സഹായിക്കുന്നില്ല. ദുഃഖിതരുടെ ദുഃഖം പതിന്മടങ്ങ് വര്‍ധിപ്പിക്കാനും അവരെ നിരാശയുടെ പടുകുഴിയില്‍ തള്ളിവിടാനും മാത്രമേ നിഷേധാത്മകമായ ഈ ദര്‍ശനത്തിന് കഴിയൂ.
ഭൂമിയിലെ അനീതിയും ദുരന്തങ്ങളും അസമത്വങ്ങളും വലിയൊരളവോളം മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്. ''മനുഷ്യകരങ്ങള്‍ ചെയ്തു കൂട്ടിയതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ചില അനന്തരഫലങ്ങള്‍ അതിലൂടെ അവര്‍ ആസ്വദിക്കുന്നു. അവര്‍ മടങ്ങിയേക്കാം'' (ഖുര്‍ആന്‍ 30:41).
'ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമി നശിച്ചുപോകുമായിരുന്നു; അല്ലാഹു ഭൂമിയിലുള്ളവരോട് അങ്ങേയറ്റം ഔദാര്യമുള്ളവനാണ്' എന്നും  ഖുര്‍ആന്‍ പറയുന്നുണ്ട് (2: 251).
'നിങ്ങള്‍ക്കെന്ത് പറ്റിപ്പോയി? അല്ലാഹുവിന്റെ മാര്‍ഗത്തിലും, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും നിങ്ങള്‍ എന്തു കൊണ്ട് പോരാടുന്നില്ല' (4: 75) എന്ന് ഖുര്‍ആന്‍ വിശ്വാസികളാട് ചോദിക്കുന്നുണ്ട്. 'ഞങ്ങളുടെ നാഥാ, അക്രമികളുടെ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ, നിന്നില്‍നിന്ന് ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ എന്ന് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു' എന്നാണ് തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നത്. മര്‍ദിതരുടെ പ്രാര്‍ഥനക്കുള്ള ഉത്തരമായിട്ടാണ് അവര്‍ക്കു വേണ്ടി പൊരുതാന്‍ വിശ്വസികളാട് ദൈവം നിര്‍ദേശിക്കുന്നത്. അക്രമവും ചൂഷണവും അനീതിയും നിറഞ്ഞ ലോകത്തെ നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയിലൂടെ പരമാവധി  നീതിപൂര്‍വകമാക്കിത്തീര്‍ക്കാനാണ് വിശ്വാസിസമൂഹത്തോട് ദൈവം ആവശ്യപ്പെടുന്നത്. ആ വ്യവസ്ഥിതി പുലര്‍ന്നാലും ഇല്ലെങ്കിലും, ഒരു അതിക്രമിയും ദൈവത്തിന്റെ ശിക്ഷാവിധിയില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനും നീതി ലഭിക്കാതെ പോവുകയുമില്ല. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ദൈവത്തിനെന്തിന് പരീക്ഷണം?

സ്വര്‍ഗവും നരകവും രക്ഷയും ശിക്ഷയും ഭൂമിയിലെ പരീക്ഷണവും എല്ലാം കെട്ടുകഥകളാണെന്ന് നാസ്തികര്‍ പറയും. ദൈവം തന്നെ കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അവരുടെ ബുദ്ധിയും യുക്തിയും ഇപ്പോഴും ശൈശവാവസ്ഥയിലാണ് എന്നു മാത്രമാണ് ഇതിന് മറുപടി. ദൈവവിശ്വാസത്തില്‍ യുക്തിയുണ്ടെങ്കില്‍ പരലോകത്തിലും സ്വര്‍ഗനരകങ്ങളിലും യുക്തിയുണ്ട്. ഭൂമിയിലെ ജീവിതം മനുഷ്യര്‍ക്ക് ഒരു പരീക്ഷണമാണ് എന്ന് പറയുമ്പോള്‍ നാസ്തികര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: സര്‍വജ്ഞനായ ദൈവത്തിന് എന്തിന് പരീക്ഷണം? ആരാണ് തോല്‍ക്കുക, ആരാണ് ജയിക്കുക എന്നൊക്കെ ദൈവത്തിന് മുന്‍കൂട്ടി അറിയാമല്ലോ, പിന്നെന്തിനീ പരീക്ഷാ പ്രഹസനം?
മനുഷ്യന് നല്‍കപ്പെട്ട വിവേചനബുദ്ധിയും ഇഛാശക്തിയും തെരഞ്ഞെടുപ്പു സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് ആരാണ് നന്മ ചെയ്യുന്നത്, ആരാണ് തിന്മ ചെയ്യുന്നത് എന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്നും അവര്‍ക്കു തന്നെ ബോധ്യപ്പെടുന്ന വിധത്തില്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് ഭൂമിയെ ഒരു പരീക്ഷാലയമാക്കിയിരിക്കുന്നത് എന്നാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ദൈവം ഉണ്ട് എന്നും ദൈവം സര്‍വജ്ഞനാണ് എന്നും ഒരാള്‍ വിശ്വസിച്ച്, അംഗീകരിച്ചു കഴിഞ്ഞാല്‍ ദൈവത്തിന്റെ അറിവിനും യുക്തിക്കും മുന്നില്‍ സ്വന്തം താര്‍ക്കിക ന്യായങ്ങള്‍ ഉന്നയിക്കാതിരിക്കാനുള്ള വിനയം അയാള്‍ക്ക് ഉണ്ടായിരിക്കും. ദൈവം എന്തിനാണ് മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചതെന്നും ഭൂമിയില്‍ എന്തിനാണ് മനുഷ്യനെ പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മനുഷ്യര്‍ക്ക് എങ്ങനെയാണ് അറിയാന്‍ കഴിയുക? ദൈവം പറഞ്ഞുതന്ന അറിവുകള്‍ക്കപ്പുറം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ജ്ഞാന മാര്‍ഗവും മനുഷ്യന് ലഭ്യമായിട്ടില്ല.  ജീവിതവും മരണവും മനുഷ്യന്റെ മുമ്പിലുള്ള നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യങ്ങളാണ്. ഒരു ലക്ഷ്യവുമില്ലാതെ ഭൂമിയില്‍ ജീവിക്കാന്‍ ദൈവനിഷേധികള്‍ക്കു പോലും സാധ്യമല്ല. ഓരോ കാലടി വെക്കുമ്പോഴും മനുഷ്യന് ഒരു ലക്ഷ്യമുണ്ട്. ഭൗതികമായ ജീവിത ചോദനകളാണ് അവനെ മുന്നോട്ടു നയിക്കുന്നത്. പക്ഷേ, ജീവിതത്തില്‍ നന്മയും  തിന്മയും തമ്മിലുള്ള  വേര്‍തിരിവ് മനുഷ്യന് കൂടിയേ തീരൂ. അതിനാണ് ധാര്‍മികത എന്ന് പറയുന്നത്.  ധാര്‍മികതയാണ് മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. ധാര്‍മികത ദൈവപ്രോക്തവും ദൈവ വിശ്വാസത്തില്‍ ഊട്ടപ്പെട്ടതുമാണ്. മുമ്പ് സൂചിപ്പിച്ചതു പോലെ, നിഷ്‌ക്രിയത്വത്തിലേക്കല്ല ദൈവവിശ്വാസം മനുഷ്യനെ നയിക്കുന്നത്, ഉന്നതമായ മൂല്യങ്ങളിലേക്കും ജീവിതത്തോടുള്ള പ്രതീക്ഷാനിര്‍ഭരമായ സമീപനത്തിലേക്കുമാണ്. മതമൂല്യങ്ങളെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ വിശ്വാസികള്‍ക്ക് എന്തെല്ലാം പോരായ്മകള്‍ സംഭവിക്കുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെയും  ധാര്‍മികതയുടെയും ജീവിതാവബോധത്തിന്റെയും ഉറച്ച ഒരു ആശയാടിത്തറ മതം നല്‍കുന്നുണ്ട്. നാസ്തികത ആശയപരമായി ദരിദ്രവും പ്രയോഗപരമായി അരാജകവുമാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌