ചരിത്രവും ചരിത്രദര്‍ശനവും മൗദൂദീകൃതികളില്‍
ആഗോള മുസ്‌ലിം സമൂഹത്തിന്റെ വായനാ സംസ്‌കാരം മാറുന്നതിനനുസരിച്ച് മൗലാനാ മൗദൂദിയുടെ ചിന്തകളുടെ പ്രസക്തിയും വര്‍ധിക്കുകയാണ്. പുതിയ തലമുറ മൗദൂദീചിന്തകളെ ആഴത്തില്‍ പഠിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. സ്ഥിരോത്സാഹത്തോടെ പഠനരംഗത്ത് മുന്നോട്ടു പോകാന്‍ അത്തരമൊരു പുനര്‍വായന സഹായകമാവും. മൗദൂദി സാഹിബ് അവലംബിച്ച ഹിസ്റ്റോറിയോഗ്രഫിയും ഹിസ്റ്റോറിക്കല്‍ ഫിലോസഫിയും (ചരിത്ര പഠനരീതിയും ചരിത്ര തത്ത്വചിന്തയും)
അക്കൂട്ടത്തില്‍ പ്രത്യേകം ഊന്നേണ്ട ഒന്നാണെന്ന് തോന്നുന്നു. ചരിത്രവായനയില്‍നിന്ന് ലഭിക്കേണ്ട ദിശാബോധം ആ വായനകളിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.
'ദക്കന്റെ/ ഡക്കാന്റെ രാഷ്ട്രീയ ചരിത്രം' അത്തരം കൃതികളില്‍ നമുക്ക് അവലംബിക്കാവുന്ന അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നാണ്. പുരാതന ഹൈദറാബാദ് സംസ്ഥാനത്തിന്റെ കൃത്യമായ ചരിത്രമാണതില്‍ വിശകലനം ചെയ്യുന്നത്. പക്ഷേ പരമ്പരാഗത ചരിത്രാഖ്യാന ശൈലിയല്ല അദ്ദേഹം ആ ഗ്രന്ഥത്തില്‍ അവലംബിച്ചിട്ടുള്ളത് എന്ന് പ്രാഥമിക വായനയില്‍ തന്നെ നമുക്ക് മനസ്സിലാകും. അതുപോലെ, 'ആസ്വിഫികളും ബ്രിട്ടീഷ് ഭരണകൂടവും: രാഷ്ട്രീയ ബന്ധങ്ങളുടെ ചരിത്രം' എന്ന പുസ്തകം മൗദൂദിയന്‍ ചരിത്ര വിശകലനത്തിന്റെ മറ്റൊരു പ്രധാന കാല്‍വെപ്പാണ്. അദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാന ചരിത്രരചനയാണ് 'സലാജിഖ' (സല്‍ജൂഖികള്‍). സല്‍ജൂഖീ ചരിത്രവും ആ ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങളും അതില്‍ വിശകലനം ചെയ്യപ്പെടുന്നു.
മൗലാനയുടെ മറ്റൊരു ആദ്യകാല കൃതി 'ഇന്ത്യയുടെ വ്യാവസായിക തകര്‍ച്ചയും അതിന്റെ കാരണങ്ങളും' ആണ്. ഇത് ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തെക്കുറിച്ച് ഉര്‍ദുവില്‍ വന്നിട്ടുള്ള വേറിട്ട ഒരു കൃതിയാണ്. ഇതേ ഘട്ടത്തില്‍ തന്നെ മൗലാനാ മൗദൂദി ഹൈദറാബാദ് - ഡക്കാന്‍ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു കൃതി എഴുതാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അന്നത്തെ സാഹചര്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. നോട്ടുകള്‍ സഹിതം അതിന്റെയൊരു കരട് അദ്ദേഹം തയാറാക്കുകയും ചെയ്തിരുന്നു. 'ദക്കന്‍ കീ താരീഖ് പര്‍ മുഫസ്സല്‍ ഖാകഃ' എന്ന പേരില്‍ പിന്നീടത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. മൗലാനയുടെ ചരിത്ര വീക്ഷണം മനസ്സിലാക്കാന്‍ ഈ കൃതിയും പ്രയോജനപ്പെടും. ഇക്കാലത്ത് അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവ സ്വദായേ റുസ്താഖീസ്, ജല്‍വ നൂര്‍, ബാങ്കെ സഹര്‍, ആഫ്താബെ താസ എന്നീ പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചില ലേഖനങ്ങള്‍ ചരിത്രസംബന്ധിയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് തന്റെ ആദ്യ സൈദ്ധാന്തിക രചന എന്ന് വിളിക്കാവുന്ന 'അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം' അദ്ദേഹം എഴുതുന്നത്. നിയമമാണ് അതിലെ കേന്ദ്ര വിഷയമെങ്കിലും ചരിത്രവിഷയകമായ പരാമര്‍ശങ്ങള്‍ അതില്‍ ധാരാളമുണ്ട്. പിന്നെയുള്ള ഘട്ടത്തിലാണ് സുപ്രധാന ചരിത്ര സംഭവങ്ങള്‍ പ്രമേയമാക്കി അദ്ദേഹം 'ഖിലാഫത്തും രാജവാഴ്ചയും', 'ദീനീ പുനരുദ്ധാനവും നവോത്ഥാനവും' തുടങ്ങിയ കൃതികള്‍ രചിക്കുന്നത്. 'സീറത്തെ സര്‍വറെ ആലം' എന്ന നബിചരിത്രകൃതി മൗലാന നേരത്തേ എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമാണെങ്കിലും, പുനര്‍വായന നടത്തി അവ അദ്ദേഹം പരിഷ്‌കരിക്കുകയും നൂറുകണക്കിന് പേജുകള്‍ പുതുതായി എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 'മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ വടംവലിയും', 'തന്‍ഖീഹാത്ത്', 'തഅ്‌ലീമാത്ത്', 'ഇസ്‌ലാമിക ജീവിതവും അതിന്റെ മൗലിക വിഭാവനകളും' പോലുള്ള കൃതികളും ചരിത്ര വിശകലനങ്ങളാല്‍ സമ്പന്നമാണ്. 'പര്‍ദ', 'പലിശ' തുടങ്ങിയ കൃതികളില്‍ വരെ ചരിത്രപരാമര്‍ശങ്ങള്‍ ധാരാളമാണ്. 'തഫ്ഹീമാത്ത്', 'റസാഇല്‍ വ മസാഇല്‍' തുടങ്ങിയ സമാഹാരങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രദര്‍ശനത്തെക്കുറിച്ച് നിരവധി സൂചനകള്‍ നമുക്ക് ലഭിക്കും. ആ ചരിത്രദര്‍ശനം കൂടുതല്‍ തെളിച്ചമാര്‍ന്ന് പ്രത്യക്ഷപ്പെടുന്നത് മൗലാനയുടെ പ്രകൃഷ്ട രചന(Magnum Opus)യായി വിശേഷിപ്പിക്കപ്പെടുന്ന തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ തന്നെയാണ്.
തുടക്കത്തില്‍ ചരിത്രരചന സംഭവവിവരണങ്ങളില്‍ പരിമിതമായിരുന്നു. ചരിത്രകാരന്‍ സംഭവങ്ങള്‍ പറഞ്ഞുപോവുക മാത്രമാണ് ചെയ്യുക. പിന്നെ, ഭൂതകാലത്തു നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതുണ്ടല്ലോ, ഭാവി-വര്‍ത്തമാന കാലങ്ങള്‍ക്ക് മുന്‍തലമുറകളുടെ ജീവിതാനുഭവങ്ങള്‍ പ്രയോജനപ്പെടേണ്ടതുണ്ടല്ലോ എന്ന ചിന്ത വന്നു. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ചരിത്രരചന തുടങ്ങിയപ്പോള്‍ ചരിത്രസംഭവങ്ങളുടെ വിവരണം കുറ്റമറ്റതും സൂക്ഷ്മവുമാകുന്നതോടൊപ്പം തന്നെ അവയെ വിശകലനം ചെയ്യുക എന്നതും ചരിത്രകാരന്റെ ഉത്തരവാദിത്തമായി മനസ്സിലാക്കപ്പെട്ടു. അങ്ങനെ ചരിത്രകാരന്റെ ചിന്തകളും കാഴ്ചപ്പാടുകളും ചരിത്രരചനയെ സ്വാധീനിക്കാന്‍ തുടങ്ങി. ചരിത്രകാരന്‍ താന്‍ ശരിയെന്ന് മനസ്സിലാക്കുന്ന ചില തത്ത്വങ്ങള്‍ വെച്ചാണ് ചരിത്രസംഭവങ്ങളെ വിശകലനം ചെയ്യുക. ആ തത്ത്വങ്ങളുടെ സമാഹാരത്തിനാണ് നാം ചരിത്രദര്‍ശനം (Philosophy of History/Theory of History) എന്ന് പറയുന്നത്.
സുപ്രധാന ചരിത്രവായനകള്‍
ചരിത്രത്തിന്റെ ചാക്രിക സിദ്ധാന്ത(Cyclic Theory of History)മാണ് പ്രധാന ചരിത്രവായനകളിലൊന്ന്. സമൂഹങ്ങളുടെ ഉത്ഥാനപതനങ്ങളെ ചാക്രിക ചലനങ്ങളായാണ് അത് കാണുന്നത്. അഥവാ സമൂഹങ്ങള്‍ ഉയര്‍ന്ന നേതൃഗുണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവ ഉണര്‍ന്നെണീക്കുന്നു, ഉയര്‍ച്ചയുടെ പാരമ്യത്തിലെത്തുന്നു. പിന്നീട് അവര്‍ തനി മടിയന്മാരും ജാഗ്രതയില്ലാത്തവരുമായിത്തീരുമ്പോള്‍ ശക്തി ശോഷിച്ച് അവര്‍ തകര്‍ച്ചയുടെ പടുകുഴിയിലെത്തുന്നു. പിന്നെയും ശക്തി സംഭരിച്ച് പുനരുജ്ജീവനം നേടുന്നു. ഈ രീതിയിലുള്ള ചാക്രികത ചരിത്രത്തിന്റെ വിവിധ ദശകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് ചാക്രികതാ സിദ്ധാന്തത്തിന്റെ വക്താക്കള്‍ പറയുന്നു.
ഈ സിദ്ധാന്തപ്രകാരം, സ്വന്തം ചരിത്രം സൃഷ്ടിക്കുന്നതിലും അത് നശിപ്പിക്കുന്നതിലും സമൂഹങ്ങളുടെ പങ്ക് തുലോം ചെറുതായിരിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രഗതിയുടെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്ന് മാത്രം. ചരിത്രത്തിന്റെ രേഖീയ സിദ്ധാന്തമാണ് (Linear Theory) മറ്റൊന്ന്. ഇതനുസരിച്ച്, ചരിത്രത്തിന്റെ യാത്ര എന്നും ഒരേ ദിശയിലേക്കാണ് (Unidirectional); ആ യാത്ര തടുക്കാന്‍ പറ്റാത്തതുമാണ് (Irreversible). മനുഷ്യന്റെ ഈ സഞ്ചാരം അവന്റെ പരമാവധി സ്വാതന്ത്ര്യത്തിലേക്ക് (Maximum Freedom) ഉള്ളതായിരിക്കും.
ഈ ചരിത്രസിദ്ധാന്തങ്ങള്‍ ഉള്ളതോടൊപ്പം തന്നെയാണ് ഹെഗലും മാര്‍ക്‌സും മറ്റു നിരവധി ചിന്തകരും തങ്ങളുടെ ചരിത്രസിദ്ധാന്തങ്ങള്‍ മുന്നോട്ടു വെച്ചത്. പ്രസിദ്ധ ദാര്‍ശനിക ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ (മരണം 1406-ല്‍) ചരിത്ര തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹം മുസ്‌ലിം ചരിത്രകാരന്മാരെ മാത്രമല്ല, മധ്യകാലത്തെയും പുതിയ കാലത്തെയും മറ്റു ചരിത്രകാരന്മാരെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ചരിത്രദര്‍ശനം വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നിലകൊള്ളുന്ന പണ്ഡിതനാണ് ശാഹ് വലിയ്യുല്ലാ ദഹ്‌ലവി (മരണം 1762-ല്‍). തീര്‍ത്തും വ്യതിരിക്തവും സവിശേഷവുമായ ചരിത്ര ദര്‍ശനം അദ്ദേഹം മുന്നോട്ടു വെക്കുകയുണ്ടായി. പക്ഷേ ശാഹ് സാഹിബിന്റെ ചരിത്ര വിശകലനതത്ത്വങ്ങള്‍ ഉപയോഗിച്ച് രചന നടത്താന്‍ പില്‍ക്കാല മുസ്‌ലിം ചരിത്രകാരന്മാര്‍ വളരെയൊന്നും ശ്രദ്ധ വെച്ചില്ല. ഹിന്ദുസ്താനിലെ ആധുനിക ചരിത്രരചനയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ശിബ്‌ലി നുഅ്മാനി(മരണം 1914-ല്‍)യും സയ്യിദ് സുലൈമാന്‍ നദ്‌വി(മരണം 1953-ല്‍)യും ദാറുല്‍ മുസ്വന്നിഫീനിലെ മറ്റു ചരിത്രകാരന്മാരും. ഈ ചരിത്രദര്‍ശനങ്ങള്‍ മൗലാനാ മൗദൂദി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമല്ല, അവയെ വിമര്‍ശനാത്മകമായി വിലയിരുത്തിയിട്ടുമുണ്ട്.
ആധുനിക പാശ്ചാത്യ ചരിത്ര ദര്‍ശനങ്ങളും മൗദൂദിയുടെ വിമര്‍ശവും
ഹെഗല്‍, മാര്‍ക്‌സ്, ഡാര്‍വിന്‍ എന്നിവരുടെ ചരിത്ര ദര്‍ശനങ്ങളെ മൗലാനാ മൗദൂദി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ആധുനിക സാമൂഹിക ജീവിതത്തിലെ പല പ്രശ്‌നങ്ങളുടെയും അടിവേര് ഈ ചരിത്ര ദര്‍ശനങ്ങളിലാണെന്നും അദ്ദേഹം വിലയിരുത്തി. ഹെഗലിന്റെ വൈരുധ്യാത്മക ചരിത്രവാദ (Dialetic Theory of History) പലയിടങ്ങളിലും മൗലാന വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അല്‍മാഇദ അധ്യായം 12-ാം സൂക്തത്തിലെ സവാഉസ്സബീല്‍ എന്ന പ്രയോഗത്തെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു: ''ഈ അസംഖ്യം വക്രരേഖകള്‍ക്ക് മധ്യേ ഒരു ഋജുമാര്‍ഗം നീങ്ങുന്നുണ്ട്. വളഞ്ഞ പാതകളുടെ ഒത്ത മധ്യത്തിലാണത് സ്ഥിതിചെയ്യുന്നത്. അതില്‍ മനുഷ്യന്റെ എല്ലാ കഴിവുകളോടും അഭിലാഷങ്ങളോടും നീതി കാണിക്കപ്പെട്ടിരിക്കുന്നു; അവന്റെ എല്ലാ വികാരങ്ങളും പ്രവണതകളും ഒരുപോലെ പരിഗണിക്കപ്പെട്ടിരിക്കുന്നു. അവന്റെ ശാരീരികവും ആത്മീയവുമായ എല്ലാ താല്‍പര്യങ്ങളും ആവശ്യങ്ങളും സന്തുലിതമായി പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. അവന്റെ എല്ലാ ജീവിത പ്രശ്നങ്ങളോടും പൂര്‍ണമായ നീതി പാലിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനു തീരെ വളവില്ല; വക്രതയില്ല; ജീവിതത്തിന്റെ ഏതെങ്കിലുമൊരു വശത്തിന് അമിതമായ പരിഗണനയോ അവഗണനയോ നല്‍കപ്പെട്ടിട്ടില്ല. ഒരു വശത്തോടും അനീതിയും അക്രമവും കാണിച്ചിട്ടുമില്ല. ഈ മാര്‍ഗം മാത്രമാണ് മനുഷ്യജീവിതത്തിന്റെ ശരിയായ പുരോഗതിക്കും യഥാര്‍ഥ വിജയത്തിനും ആവശ്യമായിട്ടുള്ളതെന്നതില്‍ സന്ദേഹമില്ല. അതിനെയാണ് മനുഷ്യന്റെ കേവല പ്രകൃതി ആവശ്യപ്പെടുന്നതും. അവന്‍ വിവിധ വക്രമാര്‍ഗങ്ങളോട് കൂടക്കൂടെ ധിക്കാരം കാണിക്കുന്നതിന്റെ അര്‍ഥം തന്നെ ഈ ഋജുവായ രാജപാതയെ തന്റെ പ്രകൃതി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. പക്ഷേ, സ്വന്തം നിലക്ക് അത് കണ്ടുപിടിക്കാന്‍ മനുഷ്യനു സാധ്യമല്ല. അതിനു ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം അനുപേക്ഷണീയമത്രെ. പ്രസ്തുത ഋജുമാര്‍ഗത്തെ ചൂണ്ടിക്കാണിച്ചുകൊടുപ്പാനാണ് ദൈവം പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളതും. ഈ മാര്‍ഗത്തിനത്രെ വിശുദ്ധ ഖുര്‍ആന്‍ 'സവാഉസ്സബീല്‍' എന്നും 'സ്വിറാത്വുല്‍ മുസ്തഖീം' എന്നും പറയുന്നത്. ഇഹലോകജീവിതം മുതല്‍ പരലോകജീവിതം വരെയുള്ള അനേകം വക്രമാര്‍ഗങ്ങളുടെ മധ്യത്തിലാണ്, ആ ഋജുവായ രാജപാത കടന്നുപോകുന്നത്. അതിലൂടെ സഞ്ചരിച്ചാല്‍ ഇവിടെ സന്മാര്‍ഗിയും അവിടെ വിജയിയുമായിത്തീരും. ആ മാര്‍ഗം ആര്‍ക്ക് വിനഷ്ടമായിപ്പോയോ അവന്‍ ഇവിടെ ദുര്‍മാര്‍ഗിയും അവിടെ പരാജിതനുമായിരിക്കും. അവന്‍ നരകത്തില്‍ പോവുകയും ചെയ്യും. കാരണം, ജീവിതത്തിന്റെ എല്ലാ വക്രമാര്‍ഗങ്ങളും നരകത്തിലേക്കുള്ളതാണ്. മനുഷ്യജീവിതം തുടരെത്തുടരെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പിടിച്ചുതള്ളപ്പെടുന്നതു കണ്ടിട്ട് ഇന്നത്തെ തത്ത്വചിന്തകന്മാരില്‍ ചിലര്‍ തെറ്റായ ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. വൈരുധ്യപ്രക്രിയ(Dialetic Theory of History)യാണ് മനുഷ്യജീവിതത്തിന്റെ പ്രകൃത്യായുള്ള പുരോഗമന മാര്‍ഗമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആദ്യം തീവ്രതരമായ ഒരു വാദം (Anti Thesis) മനുഷ്യനെ ഒരറ്റത്തേക്ക് ആനയിക്കുന്നു. പിന്നെ അതിന്റെ പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍, അത്രതന്നെ തീവ്രതരമായ മറ്റൊരു വാദം (Synthesis) അവനെ മറ്റെ അറ്റത്തേക്ക് കൊണ്ടുപോകുന്നു. അവസാനം രണ്ടിന്റെയും സമാഗമം(Synthesis) കൊണ്ട് ജീവിത പുരോഗതിയുടെ മാര്‍ഗം തെളിയുന്നു. ഇങ്ങനെയാണ് ആ തത്ത്വചിന്തകന്മാര്‍ മനസ്സിലാക്കുന്നത്. വാസ്തവമാകട്ടെ, ഇത് പുരോഗതിയുടെ മാര്‍ഗമേയല്ല. ദൗര്‍ഭാഗ്യത്തിന്റെ തിരിച്ചടികള്‍ മാത്രമാണ്. അത് മനുഷ്യപുരോഗതിയുടെ ശരിയായ മാര്‍ഗത്തില്‍ തുടരെത്തുടരെ പ്രതിബന്ധമായി നില്‍ക്കുന്നു. ഏതൊരു തീവ്രവാദവും ജീവിതത്തെ അതിന്റെ ആത്യന്തികവശത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു. തന്മൂലം ജീവിതം മിതത്വത്തിന്റേതായ മധ്യമാര്‍ഗത്തില്‍നിന്ന് വിദൂരം അകന്നകന്നുകൊണ്ടിരിക്കും. തദ്വാരാ ഒട്ടനേകം ജീവിത യാഥാര്‍ഥ്യങ്ങളോട് നീതികേട് കാണിക്കപ്പെടും. അനീതിക്കു വിഷയീഭവിച്ച യാഥാര്‍ഥ്യങ്ങള്‍ അമിത വാദത്തിനെതിരെ പ്രക്ഷോഭം കൂട്ടുകയും അവസാനം ഒരു പ്രതിപ്രവര്‍ത്തന രൂപം സ്വീകരിക്കുകയും ചെയ്യും. അതോടെ ജീവിതം മറ്റൊരു ആത്യന്തിക ഘട്ടത്തേക്ക് പിടിച്ചുവലിക്കപ്പെടുകയായി. അങ്ങനെ ജീവിതം ഏതാണ്ട് മധ്യമാര്‍ഗത്തോട് അടുത്തുവരുന്നു. പരസ്പരം സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരു സന്ധിയിലെത്താന്‍ ശ്രമിക്കുന്നു. അവയുടെ സംയോജനത്താല്‍ മനുഷ്യജീവിതത്തില്‍ പ്രയോജനകരമായ പല നന്മകളും കൈവരുന്നു. പക്ഷേ, അവിടെ മധ്യമാര്‍ഗത്തിന്റെ അടയാളങ്ങള്‍ കാണാനുള്ള 'വെളിച്ച'വും അതില്‍ ഉറച്ചുനില്‍ക്കാനുള്ള 'വിശ്വാസ'വുമില്ലാത്തതുകൊണ്ട് മനുഷ്യന്‍ മധ്യമാര്‍ഗത്തില്‍നിന്ന് പിന്നെയും വഴുതിപ്പോവുകയായി. അങ്ങനെ ജീവിതം പിന്നെയും മറ്റൊരു ആത്യന്തിക വശത്തേക്ക് വലിച്ചിഴക്കപ്പെടുകയും ഒട്ടേറെ യാഥാര്‍ഥ്യങ്ങള്‍ അനീതിക്ക് പാത്രമാവുകയും ചെയ്യുന്നു. അതോടെ മറ്റൊരു പ്രക്ഷോഭം ആവിര്‍ഭവിക്കുന്നു. അല്‍പന്മാരായ ആ തത്ത്വചിന്തകന്മാര്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം ലഭിക്കുകയും അവര്‍ 'സവാഉസ്സബീല്‍' കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കില്‍ വക്രരേഖയില്‍ അങ്ങുമിങ്ങും രണ്ടറ്റങ്ങളിലേക്ക് പിടിച്ചുവലിക്കുകയെന്നതല്ല, ആ മധ്യമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്നതാണ് മനുഷ്യജീവിതത്തിന്റെ പുരോഗമനമാര്‍ഗമെന്ന് അവര്‍ക്ക് ബോധ്യപ്പെടുമായിരുന്നു.''
ഹെഗലിന്റെ വൈരുധ്യാത്മക വാദത്തെ മാര്‍ക്‌സ് നോക്കിക്കണ്ടത് സാമ്പത്തിക വടംവലിയിലൂടെയാണ്. അങ്ങനെ സ്വന്തമായി ഒരു തത്ത്വശാസ്ത്രത്തിന് രൂപകല്‍പ്പന നടത്തുകയും ചെയ്തു. അതാണ് ചരിത്രപരമായ ഭൗതികവാദം (Historical Materialism). അതിനെ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട് മൗലാനാ മൗദൂദി: ''നേരത്തേ ഹെഗല്‍ മനുഷ്യജീവിതത്തെ എപ്രകാരമാണോ ഒരു യുദ്ധക്കളമായി കണ്ടത് അതേ ചിന്താഗതി ആവര്‍ത്തിക്കുകയായിരുന്നു മാര്‍ക്‌സും. മൊത്തം ജൈവ പ്രകൃതത്തെയും അതിജീവനത്തിനുള്ള പോരാട്ട ഭൂമിയാക്കി മാറ്റുകയാണല്ലോ ഡാര്‍വിനും ചെയ്തത്. ഈ വാദത്തെ മനുഷ്യസമൂഹ നിര്‍മിതിയുടെ അടിസ്ഥാനമായി സ്വീകരിക്കുകയായിരുന്നു മാര്‍ക്‌സ്. ഈ വീക്ഷണപ്രകാരം മനുഷ്യര്‍ തുടക്കം മുതലേ പരസ്പരം കലഹിച്ചുകൊണ്ടാണ് ജീവിച്ചുവന്നത്. ഇതിനുള്ള ജൈവചോദന എന്താണെന്നു ചോദിച്ചാല്‍, തങ്ങളുടെ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും നേടിയെടുക്കാന്‍ മനുഷ്യര്‍ പരസ്പരം പോരടിച്ചേ മതിയാവൂ എന്ന ചിന്തയാണ്. മനുഷ്യചരിത്രം തന്നെ ഓരോ വര്‍ഗവും ഇത്തരം വര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന സംഘട്ടനങ്ങളുടെ ചരിത്രമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. മനുഷ്യര്‍ തമ്മില്‍ എന്തെങ്കിലും ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം തന്നെ ഇത്തരം ലക്ഷ്യങ്ങളിലും താല്‍പ്പര്യങ്ങളിലുമുള്ള പങ്കാളിത്തം കൊണ്ട് ഉണ്ടായിത്തീരുന്നതാണെന്നും വാദിക്കപ്പെട്ടു.''(1) ഹെഗലും മാര്‍ക്‌സുമൊക്കെ ഖുര്‍ആന്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരം അബദ്ധധാരണകളൊക്കെ അവര്‍ക്ക് തിരുത്താമായിരുന്നെന്നും, മനഷ്യന്റെ സാമൂഹിക ജീവിതം ഏതൊക്കെ അടിസ്ഥാനങ്ങളിലാണ് കെട്ടിപ്പൊക്കേണ്ടത് എന്ന് അവര്‍ക്ക് തിരിഞ്ഞു കിട്ടുമായിരുന്നെന്നും തുടര്‍ന്ന് മൗലാനാ മൗദൂദി എഴുതുന്നുണ്ട്.
ശിബ്‌ലി നുഅ്മാനി, സര്‍ സയ്യിദ്, ദാറുല്‍ മുസ്വന്നിഫീന്‍
ഉര്‍ദു ഭാഷയിലെ ആദ്യത്തെ ദാര്‍ശനിക ചരിത്രകാരന്‍ എന്ന് ശിബ്‌ലി നുഅ്മാനിയെ വിശേഷിപ്പിക്കാറുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ വിവിധ ചരിത്ര ഘട്ടങ്ങളെ വളരെ ആഴത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം വിശകലനം ചെയ്തിട്ടുണ്ട്. ഇതാണ് അദ്ദേഹത്തെ മഹാ ചരിത്രകാരന്മാരിലൊരാളാക്കി മാറ്റുന്നത്. പക്ഷേ സമൂഹങ്ങളുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് മൗലാനാ മൗദൂദി നല്‍കുന്നതു പോലുള്ള കൃത്യമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിന്റെ രചനകളില്‍ കാണാന്‍ സാധിക്കുന്നില്ല. ശിബ്‌ലിയുടെ വീക്ഷണത്തില്‍, ചരിത്രത്തിന്റെ അതിര്‍ത്തി തത്ത്വശാസ്ത്രത്തിന്റെ അതിര്‍ത്തിയില്‍നിന്ന് വേറിട്ടു തന്നെ നില്‍ക്കണം. പരസ്പരം കലരാന്‍ പാടില്ല. ചരിത്രത്തെ സത്യസന്ധമായി അവതരിപ്പിക്കുക എന്നതിനപ്പുറം ചരിത്രകാരന്‍ പോകാന്‍ പാടില്ല. ചരിത്രസംഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഇങ്ങനെ പരിധികളൊന്നും മൗലാനാ മൗദൂദി വെക്കാറില്ല. സംഭവങ്ങളെ ഒരു പ്രത്യേക ആംഗ്‌ളില്‍നിന്ന് നോക്കിക്കണ്ട് നമ്മുടെ യഥാര്‍ഥ ദൗത്യം എന്തെന്ന് വ്യക്തമാക്കിത്തരികയാണ് മൗലാനാ മൗദൂദി ചെയ്യുന്നത്. ശിബ്‌ലിയെ സംബന്ധിച്ചേടത്തോളം ചരിത്രമെന്നത് നാഗരിക വളര്‍ച്ചയുടെ തുടര്‍പ്രക്രിയക്ക് പറയുന്ന പേരാണ്. അതിനാല്‍ ചരിത്രത്തെ നാഗരികവും സാംസ്‌കാരികവുമായ തലത്തില്‍നിന്നാണ് അദ്ദേഹം നോക്കിക്കാണുക. അതിനാല്‍ തന്നെ, നാഗരിക - സാംസ്‌കാരിക പുരോഗതിയെ ത്വരിപ്പിക്കുമെങ്കില്‍ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ കീഴ്‌പ്പെടുത്തുന്നതില്‍ ശിബ്‌ലി തെറ്റൊന്നും കാണുന്നില്ല.(2) മൗലാനാ മൗദൂദിയാകട്ടെ, പൂര്‍ണമായും ഇസ്‌ലാമിക - ഖുര്‍ആനിക വീക്ഷണകോണിലൂടെയാണ് ചരിത്രത്തെ നോക്കിക്കാണുന്നത്. ഇനിയുള്ള വിവരണങ്ങളില്‍നിന്ന് നമുക്കത് ബോധ്യമാകും. മൗലാനാ മൗദൂദിയുടെ വീക്ഷണത്തില്‍, കേവലം നാഗരിക വളര്‍ച്ചയല്ല, ഖുര്‍ആനില്‍ വിവരിക്കപ്പെടുന്ന ധാര്‍മിക തത്ത്വങ്ങളാണ് ചരിത്രത്തിന്റെ യഥാര്‍ഥ ചാലക ശക്തി.
സര്‍ സയ്യിദും അലീഗഢ് പ്രസ്ഥാനവും അതിനു ശേഷം ദാറുല്‍ മുസ്വന്നിഫീനിലെ ചരിത്രകാരന്മാരും പത്തൊമ്പതാം നൂറ്റാണ്ടിലെ ഉര്‍ദു ചരിത്രരചനക്ക് അനര്‍ഘമായ സംഭാവനകളാണ് നല്‍കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശിബ്‌ലി ഉള്‍പ്പെടെയുള്ള ഈ ചരിത്രകാരന്മാരുടെ യഥാര്‍ഥ ലക്ഷ്യം, ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് ഉയര്‍ത്തിവിടുന്ന കള്ള ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുക എന്നതായിരുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കുന്നതില്‍ ഈ മഹാമനീഷികള്‍ക്ക് വലിയ പങ്കുണ്ട്. ആധുനിക യുഗത്തില്‍ മുസ്‌ലിം ഡിസ്‌കോഴ്‌സിനെ വളരെ ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരാനും ഈ ചരിത്ര പഠനങ്ങള്‍ സഹായകമായി. കൊളോണിയല്‍ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം സമൂഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവബോധവും അവ പകര്‍ന്നുനല്‍കുകയുണ്ടായി. ഈ സംഭാവനകളൊക്കെയും വളരെ മഹത്തരം തന്നെയാണ്. എന്നാല്‍, മൗലാനാ മൗദൂദി ഏതൊരു ജീവിത ദര്‍ശനമാണോ ഉയര്‍ത്തിപ്പിടിച്ചത് അതിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നവയായിരുന്നില്ല ഈ ലക്ഷ്യങ്ങളൊന്നും. മൗലാനയുടെ ചരിത്ര വിശകലനങ്ങളില്‍ അവ അത്ര പ്രാധാന്യപൂര്‍വം പരാമര്‍ശിക്കപ്പെടാറുമില്ല. ലോകത്തിന്റെയും മാനവതയുടെയും ചരിത്രം ഖുര്‍ആന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുക എന്ന സവിശേഷ രീതിയാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഈ അടിസ്ഥാനത്തില്‍ മുസ്‌ലിം ചരിത്രത്തെയും അദ്ദേഹം പഠനവിധേയമാക്കി. ഏതു സന്ദര്‍ഭത്തിലും ഈ തത്ത്വങ്ങളെ അദ്ദേഹം മുറുകെ പിടിച്ചു. എന്താണ് മൗലാനാ മൗദൂദിയുടെ ചരിത്രവീക്ഷണം? അത് അദ്ദേഹം തന്നെ പറയട്ടെ: ''... മൂന്നാമത്തെ മേഖല ചരിത്രമാണ്. ഖുര്‍ആന്റെ ചരിത്രദര്‍ശനം, ചരിത്രത്തിന്റെ പാരായണം കൊണ്ടുള്ള ലക്ഷ്യം, ചരിത്ര പാരായണ രീതി ഇതെല്ലം വിദ്യാര്‍ഥിയെ നന്നായി അഭ്യസിപ്പിക്കണം. എന്നാലേ വിദ്യാര്‍ഥിയുടെ മനസ്സില്‍നിന്ന് സകലവിധ പക്ഷപാതിത്വങ്ങളും കൂടൊഴിഞ്ഞുപോകൂ. വസ്തുതകളെ പക്ഷപാതരഹിതമായി കാണാനും കൃത്യമായ നിഗമനങ്ങളിലെത്താനും അപ്പോള്‍ മാത്രമേ വിദ്യാര്‍ഥി പ്രാപ്തനാകൂ. കഴിഞ്ഞ കാല നാഗരികതകളുടെ ഉയര്‍ച്ചതാഴ്ചകളെ പഠനവിധേയമാക്കി വിജയം, പരാജയം, സൗഭാഗ്യം, നിര്‍ഭാഗ്യം തുടങ്ങിയ കാര്യങ്ങളെ നിര്‍ണയിക്കാന്‍ സ്വതന്ത്രമായ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയണം. സമൂഹത്തിന്റെ ജയപരാജയദിനങ്ങള്‍ (മുദാവലതുല്‍ അയ്യാം ബൈനന്നാസ്) നിര്‍ണയിക്കാനുള്ള പ്രാപ്തി നേടണം. സമൂഹത്തെ ഉയര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്ന ഗുണവിശേഷങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തണം. മനുഷ്യനെ നേര്‍വഴിക്ക് നടത്തുന്ന ഒരു വഴി മനുഷ്യാരംഭം മുതല്‍ ഇന്നു വരെ നീണ്ടു കിടക്കുന്നുണ്ട്. അതാണ് ക്ഷേമത്തിന്റെയും പുരോഗതിയുടെയും വഴി എന്ന് തിരിച്ചറിയണം. അതല്ലാത്ത വഴികളില്‍നിന്ന് മാറിനടക്കാന്‍ ആ പഠനം വിദ്യാര്‍ഥിയെ പ്രാപ്തനാക്കണം.''(3)
അതായത്, മൗലാനാ മൗദൂദിയുടെ വീക്ഷണമനുസരിച്ച് ചരിത്രം എന്നത് സ്വതന്ത്രമായ ചാക്രികതയോ ഒരേ ദിശയിലൂടെ മാത്രം നീങ്ങുന്നതോ ഒന്നുമല്ല. അത് കേവലം വര്‍ഗ സംഘട്ടനമോ അതിജീവന പോരാട്ടമോ അല്ല. ചരിത്രപഠനം ഏതെങ്കിലും സമൂഹത്തെ മഹത്വവല്‍ക്കരിക്കാനോ പൊക്കിപ്പറയാനോ ആകരുത്. അത് കേവലം സംഭവ വിവരണമായി ചുരുങ്ങുകയുമരുത്. പരീക്ഷണങ്ങളുടെ, ശിക്ഷകളുടെ, മുന്നറിയിപ്പുകളുടെ, മന്ദിപ്പുകളുടെ ഘട്ടങ്ങളും ചരിത്രത്തിനുണ്ട്. ചില സദ്ഗുണങ്ങള്‍ ആര്‍ജിച്ച സമൂഹം മേല്‍ക്കൈ നേടുമെന്ന, ചില ദുര്‍ഗുണങ്ങള്‍ കൊണ്ടുനടക്കുന്ന സമൂഹം തകരുമെന്ന ദൈവിക നടപടിക്രമത്തിന്റെ സാക്ഷാത്കാരമാണ് നാം ചരിത്രത്തില്‍ കാണുന്നത്. എന്തൊക്കെയാണ് ആ ഗുണങ്ങളും ദുര്‍ഗുണങ്ങളും? പലയിടങ്ങളിലായി മൗലാനാ മൗദൂദി അവ വിശദീകരിച്ചിട്ടുണ്ട്.
''ഇസ്‌ലാമിക ചരിത്രദര്‍ശനം എന്നാല്‍ ഖുര്‍ആനിക ചരിത്രദര്‍ശനം തന്നെയാണ്. മനുഷ്യചരിത്രത്തെ പഠിക്കാന്‍ ഒരു സവിശേഷ വീക്ഷണകോണ്‍ സമ്മാനിക്കുകയാണ് നാം. അനന്തര ഫലങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു വിശകലന രീതി. സമൂഹങ്ങളുടെ ഉയര്‍ച്ചതകര്‍ച്ചകളുടെ മേല്‍ അവ സമഗ്രതയില്‍ കാണാന്‍ തക്കവിധം വെളിച്ചം വീഴ്ത്താന്‍ അതിന് സാധിക്കുന്നു.'' (4)
ഇനി, ചില സുപ്രധാന വിഷയങ്ങളില്‍ മൗലാനാ മൗദൂദിയുടെ ചരിത്ര വിശകലനങ്ങള്‍ എപ്രകാരമായിരുന്നു എന്ന് പരിശോധിക്കാം.
(തുടരും)
കുറിപ്പുകള്‍
1. തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍മാഇദ 35-ാം വ്യാഖ്യാനക്കുറിപ്പ് (ഉര്‍ദു), ഒന്നാം വാള്യം, പേജ് 452
2. ശിബ്‌ലി നുഅ്മാനിയുടെ ലേഖന സമാഹാരം, ആറാം വാള്യം, പേജ് 194
3. മൗലാനാ മൗദൂദി, തഅ്‌ലീമാത്ത് (ലാഹോര്‍ 1971), പേജ് 70,71
4. തഅ്‌ലീമാത്ത്, പേജ് 1584
Comments