ബിഹാര്‍ തെരഞ്ഞെടുപ്പ് വഴി കാണിക്കുന്നുണ്ട്
അസദുദ്ദീന്‍ ഉവൈസിയുടെ ബിഹാര്‍ തെരഞ്ഞെടുപ്പിലെ വിജയം ഇന്ത്യന്‍ മതേതരത്വത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. തങ്ങളുടെ മതപരമായ അസ്തിത്വത്തിനും അതിജീവനത്തിനും വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം മുന്നില്‍ കാണുന്ന വാതിലുകളൊക്കെയും മുട്ടി സഹികെട്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം കാണാതെയാണ് ഏകപക്ഷീയമായ ചര്‍ച്ചകളേറെയും മുന്നോട്ടുപോകുന്നത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ടതു മുതല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ഏകീകരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും വലിയ ചര്‍ച്ചയാണ്. രാഷ്ട്രീയ മുന്നേറ്റങ്ങളെ പിന്നാക്കം വലിക്കുന്ന സംഭാവനകളേ ഇത്തരം ചര്‍ച്ചകള്‍ സമുദായത്തിന് സമ്മാനിച്ചിട്ടുള്ളൂ.
മുസ്‌ലിംകള്‍ രാഷ്ട്രീയമായി സ്വയം ശാക്തീകരിക്കപ്പെടേണ്ടവരല്ലെന്നും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ അലിഞ്ഞ് സ്വന്തം അസ്തിത്വം പ്രകടമാക്കാതെ ഉത്തമ പൗരന്മാരായി മുന്നോട്ടുപോകേണ്ടവരാണെന്നുമുന്നുള്ള പാഠമാണ് അന്നു തൊട്ടിന്നുവരെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യയിലെ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ ഭാവി ഈ തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. പഞ്ചാബില്‍ സിക്കുകാര്‍ രാഷ്ട്രീയമായി സംഘടിച്ച് അകാലിദളും കേരളത്തില്‍ ക്രിസ്ത്യന്‍ മതസമുദായം സംഘടിച്ച് കേരള കോണ്‍ഗ്രസ്സുകളും ഉണ്ടാക്കിയപ്പോഴൊന്നും ഇത്രയും അലയൊലികളുണ്ടാക്കിയിട്ടില്ലല്ലോ.
ഏഴു പതിറ്റാണ്ടു കാലം രാജ്യത്തെ മുഖ്യധാരാ സംഘടനകള്‍ക്കൊപ്പം മുസ്‌ലിംകള്‍ ഇഴുകിച്ചേര്‍ന്നു നിന്നിട്ടും ഭൂരിപക്ഷ വര്‍ഗീയതക്ക് ഒരു കുറവുമുണ്ടായില്ല എന്നതിന് രാജ്യം തന്നെയാണ് നേര്‍സാക്ഷ്യം. രാജ്യഭരണം തന്നെ തീവ്രഹിന്ദുത്വ ശക്തികളുടെ കൈകളിലെത്തുകയും ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയും അത്തരമൊരു രാഷ്ട്രത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് തങ്ങളുടെ പൗരത്വം പോലും ചോദ്യചിഹ്നമാവുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. അവിടെയാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയേക്കാള്‍ അസദുദ്ദീന്‍ ഉവൈസി മുസ്‌ലിംഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍നിന്ന് അഞ്ച് സീറ്റുകളോടെ ബിഹാറില്‍ വെന്നിക്കൊടി നാട്ടിയത് ചര്‍ച്ചയാകുന്നത്.
1983-ല്‍ അസമിലെ നെല്ലിയില്‍ കോണ്‍ഗ്രസിന്റെ തന്നെ കാര്‍മികത്വത്തില്‍ അരങ്ങേറിയ മുസ്‌ലിം കൂട്ടക്കൊലയും പൗരത്വ പട്ടിക വ്യവസ്ഥ ചെയ്ത രാജീവ് ഗാന്ധിയുടെ 'അസം ഉടമ്പടി'യും ഇതു പോലൊരു ബദല്‍ രാഷ്ട്രീയ പരീക്ഷണത്തിന് കാരണമായിത്തീര്‍ന്നിരുന്നു. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊണ്ട അസമിലെ യുനൈറ്റഡ് മൈനോറിറ്റി ഫ്രന്റ് ആയിരുന്നു അത്. ഇന്നിപ്പോള്‍ ഏറെ വിവാദമായ അസമിലെ പൗരത്വ പട്ടിക വ്യവസ്ഥ ചെയ്ത രാജീവ് ഗാന്ധിയുടെ തന്നെ അസം ഉടമ്പടിക്കുള്ള പ്രതികരണം കൂടിയായിരുന്നു അത്. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപ്പാടെ കൈവിട്ട അസം മുസ്‌ലിംകള്‍ പൂര്‍ണമായും യുനൈറ്റഡ് മൈനോറിറ്റി ഫ്രന്റിലേക്ക് ഒഴുകിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഹിന്ദി ഹൃദയഭൂമിയുടെയും ഗതിവിഗതികള്‍ അടിമേല്‍ മറിച്ചിട്ട തെരഞ്ഞെടുപ്പായിരുന്നു 1989-ലേത്. ആ പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ജനതാദളിനെ പുല്‍കി. കോണ്‍ഗ്രസ് വിമതനായ വി.പി സിംഗും സഹായികളും സോഷ്യലിസ്റ്റുകളും ചേര്‍ന്നുണ്ടാക്കിയതായിരുന്നു ജനതാദള്‍. ഇന്ത്യയിലെ പിന്നാക്ക - ദലിത് - ന്യൂനപക്ഷങ്ങളുടെ ബദല്‍ രാഷ്ട്രീയമുന്നേറ്റമായി ജനതാദള്‍ ആഘോഷിക്കപ്പെട്ടു. അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനുള്ള രാജീവ് ഗാന്ധിയുടെ വഞ്ചനാപരമായ തീരുമാനം ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലേല്‍പിച്ച ആഘാതം കനത്തതായിരുന്നു. ഹിന്ദുത്വത്തെ കാണുമ്പോള്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന വിധിയെഴുത്തായിരുന്നു അത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ തെരഞ്ഞെടുപ്പായി അത്. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ബിഹാറിലും മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലും പിന്നാക്കജാതിക്കാര്‍ ആ മണ്ഡല്‍ കാലഘട്ടത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു. പിന്നീട് യു.പിയിലെ ബി.എസ്.പിയുടെ ഉദയം ദലിതുകള്‍ക്കും അധികാര പങ്കാളിത്തം നല്‍കി.
ശിലാന്യാസം അടക്കമുള്ള ഹിന്ദുത്വ പ്രീണനങ്ങളോടെ കോണ്‍ഗ്രസിനെ കൈവിട്ട മുസ്‌ലിംകള്‍ മണ്ഡല്‍ രാഷ്ട്രീയത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സോഷ്യലിസ്റ്റുകള്‍ക്കും ദലിത് മുന്നേറ്റങ്ങള്‍ക്കുമൊപ്പം നിന്ന് നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങളും പരാജയപ്പെട്ടപ്പോഴാണ് സ്വന്തം നിലക്ക് ശാക്തീകരിക്കുകയെന്ന പരീക്ഷണത്തിലേക്ക് കടന്നത്. മണ്ഡലിനു ശേഷം യാദവരെ പോലുള്ള മറ്റു പിന്നാക്ക ജാതിക്കാരും ബി.എസ്.പിയുടെ നേതൃത്വത്തില്‍ ദലിതുകളും രാഷ്ട്രീയമായും സാമൂഹികമായും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെങ്കിലും മുസ്‌ലിംകള്‍ രാജ്യത്തെ ഏറ്റവും താഴ്ന്ന പടിയിലേക്ക് എത്തിയെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച വസ്തുതയാണ്.
ബ്രാഹ്മണരും രജപുത്രരും അനന്തകാലം അധികാരം കൈയടക്കിവെച്ച ഉത്തരേന്ത്യയില്‍ പിന്നാക്ക ജാതിക്കാരും ദലിതുകളും മുസ്‌ലിംകളും രാഷ്ട്രീയമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് കീഴാള അധികാരത്തിന്റെ വെളിപാടായി ആഘോഷിക്കപ്പെട്ടു. എന്നാല്‍ ഈ സംഘടിത രാഷ്ട്രീയ മുന്നേറ്റത്തില്‍ വലിയൊരു പങ്കു വഹിച്ച മുസ്‌ലിംകള്‍ അധികാര ഘടനയുടെ പുനര്‍വിന്യാസത്തില്‍ ചിത്രത്തിന് പുറത്തായി. നിരവധി മുസ്‌ലിംകള്‍ പാര്‍ലമെന്റിലേക്കും നിയമനിര്‍മാണ സഭകളിലേക്കും മന്ത്രിസഭകളിലേക്കും വരെ എത്തിയെങ്കിലും ഉത്തരേന്ത്യന്‍ അധികാരശ്രേണികളിലും ബ്യൂറോക്രസിയിലും മുസ്‌ലിം സാന്നിധ്യത്തിന്റെ പ്രകടമായ പ്രതിഫലനമൊന്നും കണ്ടില്ല.
പോലീസ് സേനയിലും ഭരണനിര്‍വഹണത്തിന്റെ ഇടനാഴികളിലും താഴെ തലങ്ങളിലുമുള്ള ജോലികളുടെ കാര്യത്തില്‍ യാദവര്‍ ആനുപാതികത്തില്‍ കവിഞ്ഞ വിഹിതം നേടിയെടുത്തപ്പോള്‍ ദലിതുകള്‍ക്ക് അംബേദ്കര്‍ ഗ്രാമങ്ങള്‍ക്കൊപ്പം ബ്യൂറോക്രസിയില്‍ സമാന പ്രാതിനിധ്യം നല്‍കാനുള്ള നീക്കങ്ങളുമുണ്ടായി. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇത് സ്‌കൂളുകളിലെ ഉര്‍ദു അധ്യാപക നിയമനത്തിലൊതുങ്ങി. മണ്ഡലിനു ശേഷം പിന്നാക്ക ജാതിക്കാര്‍ക്കും ദലിതുകള്‍ക്കുമൊപ്പം സാമൂഹിക മുന്നേറ്റം സ്വപ്‌നം കണ്ട ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒടുവില്‍ എന്തു പറ്റിയെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവായിരുന്ന അബ്ദുല്‍ മന്നാന്‍ മുെമ്പാരിക്കല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ജനതാദളിലും സാമജ്‌വാദി പാര്‍ട്ടിയിലും ആര്‍.ജെ.ഡിയിലും ബി.എസ്.പിയിലുമുള്ള പിന്നാക്ക ജാതിക്കാരും ദലിതുകളും മുസ്‌ലിംകളുടെ ചുമലില്‍ നിന്നാണ് ഉന്നത ജാതികള്‍ക്കെതിരെ 'വെടിയുതിര്‍ത്തത്'.
ഒരുമിച്ചുനിന്ന ന്യൂനപക്ഷ - പിന്നാക്ക - ദലിത് സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദപൂര്‍ണമായ ഒരു ബന്ധം പോലും ഉരുത്തിരിഞ്ഞുവന്നില്ല. അടുത്തുനിന്നിട്ടും യാദവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അന്നു മുതല്‍ക്കുള്ള ഈ വിടവ് ഇപ്പോള്‍ എത്രയോ വലുതായിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പുല്‍കാനുള്ള യാദവരുടെ വെമ്പല്‍ ഇതിനോട് ചേര്‍ത്തുവായിക്കണം. മുസ്‌ലിംകളുടെയും യാദവരുടെയും മനസ്സുകള്‍ക്കും ഹൃദയങ്ങള്‍ക്കുമിടയില്‍ ഒരിക്കലും യോജിപ്പുണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന യാദവ ഉദ്യോഗസ്ഥന്‍ പറഞ്ഞത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പങ്കുവെച്ചിരുന്നു. ഉത്തരേന്ത്യയില്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാതിരുന്ന ഏക ജാതിക്കാര്‍ 'യാദവര്‍' ആണെന്നത് ഇവര്‍ക്കിടയിലെ ചരിത്രപരമായ അകല്‍ച്ചയുടെ തെളിവായി ആ യാദവ ഉദ്യോഗസ്ഥന്‍ എടുത്തു പറയുകയും ചെയ്തു.
രാമേക്ഷത്ര രാഷ്ട്രീയം കളിക്കുന്ന ആര്‍.എസ്.എസും ബി.ജെ.പിയും ഇപ്പോള്‍ മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണജന്മഭൂമിയാക്കുന്നതിനുള്ള നീക്കം വീണ്ടും സജീവമാക്കിയതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ഒന്നിച്ച മുസ്‌ലിംകളെയും യാദവരെയും എന്നന്നേക്കുമായി അകറ്റുകയാണ്. യാദവര്‍ക്ക് രാമനേക്കാള്‍ കൃഷ്ണനോടാണ് അടുപ്പമെന്നിരിക്കെ ശാഹി ഈദ്ഗാഹിനെ കൃഷ്ണജന്മഭൂമിയാക്കി തര്‍ക്കം ചൂടുപിടിപ്പിക്കുന്നത് യാദവരുടെ സോഷ്യലിസ്റ്റ് ചേരിയില്‍നിന്ന് മുസ്‌ലിംകളെ എന്നന്നേക്കുമായി വേര്‍പ്പെടുത്തും. ഇതുവരെ ഹിന്ദുത്വ ഭൂമികക്ക് പുറത്തായിരുന്ന പിന്നാക്ക ജാതിക്കാരും ദലിതുകളുമെല്ലാം തങ്ങളോട് അടുക്കുന്നുവെന്ന കണക്കൂകൂട്ടലിലാണ് സംഘ് പരിവാര്‍. പിന്നാക്ക ജാതിക്കാര്‍ക്കും ദലിതുകള്‍ക്കുമിടയില്‍ ഇപ്പോള്‍ യോജിപ്പൊന്നുമില്ല. ഉന്നത ജാതിക്കാരുമായുള്ള ഒരേറ്റുമുട്ടലിനെ കുറിച്ച് അവരിപ്പോള്‍ ചിന്തിക്കുന്നില്ല. ദേശീയതലത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം ഒരു കുടക്കീഴില്‍ വരുന്ന രാഷ്ട്രീയത്തേക്കാള്‍ ബ്രാഹ്മണരും ഭുമിഹാറുകളും രാജ്പുത്തുകളും ബനിയകളുമൊത്തുള്ള നില്‍പാണ് തങ്ങളുടെ സാമൂഹികമായ സ്വീകാര്യതക്ക് നല്ലതെന്ന് അവരില്‍ പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ദുര്‍ബലമായ ഇത്തരം രാഷ്ട്രീയ കൂട്ടായ്മകള്‍ക്കായി ആയുസ്സും ഊര്‍ജവും കളയുന്നതിലും നല്ലത് സ്വന്തം കാലില്‍ തന്നെ നില്‍ക്കുകയാണെന്ന നിലപാടാണ് സീമാഞ്ചലിലെ മുസ്‌ലിംകള്‍ ഉവൈസിയെ ജയിപ്പിച്ച് കാണിച്ചുതന്നിരിക്കുന്നത്. സ്വന്തം രാജ്യത്തെ പൗരത്വ പ്രതിസന്ധി തന്നെയാണ് അത്തരമൊരു നിലപാടിലേക്ക് ആത്യന്തികമായി അവരെ എത്തിച്ചതും. 2014-ലെ വിജയത്തിനു ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജ്യത്തിന് കൈവരുന്ന സ്വീകാര്യത ബി.ജെ.പി ഇതര നേതാക്കളെ ആര്‍ജവമുള്ള ഒരു നിലപാടെടുക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അങ്കലാപ്പിലും പ്രതിരോധത്തിലുമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ പൗരത്വ പ്രതിസന്ധിയെ കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പോലുമാവാത്ത വിധം ഭീരുക്കളായി അവര്‍ മാറിയിരിക്കുന്നു. ഫാഷിസം രാജ്യത്തെ വിഴുങ്ങിയെന്ന യാഥാര്‍ഥ്യം മറച്ചുവെച്ച് ബി.ജെ.പിക്കെതിരെ സംസാരിക്കാന്‍ പോലും കഴിയാത്ത ഭീരുത്വത്തിന്റെ മൗനം ഭൂരിപക്ഷ വര്‍ഗീയതക്ക് വഴിമരുന്നിടാതിരിക്കാനാണെന്ന താത്ത്വിക മാനം ചമച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭീരുക്കളെ കാത്ത് ഇനിയും കാലം കഴിക്കണമോ, രാഷ്ട്രീയമായി സ്വന്തം കാലില്‍ നില്‍ക്കണമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇനി ആരെയും കാത്തുനില്‍ക്കാനില്ല. ഇതിനകം സംഘടിച്ചവരും സംഘാടനത്തിനിറങ്ങിയവരും വിശാല മനസ്സോടെ പരസ്പരം വിട്ടുവിഴ്ച ചെയ്ത് മുന്നോട്ടുപോകേണ്ട നാളുകളാണിനി കാത്തിരിക്കുന്നത്.
Comments