Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

കാട് കരയുന്നു

ഡോ. മുഹമ്മദ് ഫൈസി

പള്ളിക്കു പുറത്ത്
പരുങ്ങുന്നു വൃദ്ധന്‍
പൊഞ്ഞാറെടുത്ത്* പൊഴിച്ചിടും
ഓത്തുപള്ളി നനച്ചു വളര്‍ത്തിയ
ഓര്‍മക്കണ്ണീര്‍.
ഹാര്‍ദം വിളിക്കുന്നു
ഹൗളിലെ വെള്ളം
കൈക്കുമ്പിളില്‍, കവിളില്‍
കൈമുട്ടുകളിലൂടൊഴുകും
വുളുവിന്റെ വെള്ളം.
കല്ലില്‍ തേഞ്ഞുരഞ്ഞു
തുടുക്കും പാദങ്ങള്‍
കല്ലാകാതെ ഹൃദയം നനച്ചു
തൗബയുടെ ഒരു തുള്ളി
നാസാഗ്രത്തില്‍ തിളങ്ങും.
ശാന്തിയിലേക്കു വരൂ,
വിജയത്തിലേക്ക് വരൂയെന്ന് വിളി ഉയരുമ്പോള്‍
മുസ്വല്ലയില്‍ മുല്ലവള്ളി പടരും.
കണ്ഠനാഡി മിടിപ്പുപോല്‍
സമീപസ്ഥനായി കൂടെ നിന്ന് നീ
ഉള്‍ത്താപം തണുപ്പിക്കും.
കണ്‍കളില്‍ പതിയാ-
നാവാതെ കവിയും നിന്‍
കടാക്ഷകോണിന്‍
കരുണയില്‍ പതിയുവാന്‍
കാതോര്‍ക്കുവാന്‍ നിന്‍ ശ്രുതിയില്‍
കര്‍ണ്ണപുടങ്ങള്‍ പിടഞ്ഞുണരുവാന്‍
ഖിബ്‌ലയിലേക്ക് മടങ്ങുവാന്‍.

 

* ഗൃഹാതുരത്വം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌