Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

ഈ സിനിമാഭ്രമം ശരിയല്ല

ഡോ. എം. ഹനീഫ് (റിട്ട. പ്രഫസര്‍ ഓഫ് മെഡിസിന്‍, മെഡി.കോളേജ്, കോട്ടയം)

2020 നവംബര്‍ ആറിലെ പ്രബോധനം സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പത്തൊമ്പത് പേജുകള്‍ മാറ്റിവെച്ചത് കണ്ടു. സാധാരണ പ്രബോധനം വായിക്കുന്നവര്‍ക്ക് ഇത് അരോചകമായി തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമയെ ഹലാലാക്കുന്നതോ പോകട്ടെ, ഫര്‍ദുമാക്കിയെടുത്തേ അടങ്ങൂ എന്നത് അത്ര നല്ലതല്ല. വേണമെന്നു തോന്നുന്നവര്‍ സിനിമ കാണട്ടെ. കാണിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം ശരിയല്ല.  മഹത്വവല്‍ക്കരിക്കപ്പെടേണ്ടതോ, ഒഴിച്ചുകൂടാന്‍ വയ്യാത്തതോ അല്ല സിനിമ. 
 1984 വരെ മിക്കവാറും പതിവായി സിനിമ കണ്ടിരുന്ന ആളാണ് ഞാന്‍. പിന്നീട് അതിനുള്ള ക്ഷമയില്ലാതായി. പ്രബോധനം പോലുള്ള ഒരു പ്രസിദ്ധീകരണം ഇത്രയും പേജുകള്‍ ഇതിനായി മാറ്റിെവച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വിഷയദാരിദ്ര്യം ആണോ കാരണം, അതോ മറ്റു വല്ലതുമോ?  

 

സിനിമാ രംഗത്തെ പുതിയ പ്രതീക്ഷകള്‍

ഒ. സഫറുല്ല എഴുതിയ, 'ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുള്ള കലാപ്രപഞ്ചം' എന്ന കവര്‍ സ്റ്റോറി ശ്രദ്ധേയമായി (2020 നവംബര്‍ 06). കാലങ്ങളായി മുസ്‌ലിം സമൂഹം, വിശേഷിച്ചും ജമാഅത്തേതര സംഘങ്ങള്‍, സിനിമയെന്ന വലിയ സാധ്യതയുള്ള ആശയവിനിമയത്തെ പടിക്ക് പുറത്തിരുത്തി വാതിലടക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. സമൂഹത്തില്‍ ഭൂരിഭാഗംപേരെയും നന്നായി സ്വാധീനിക്കാന്‍ കഴിവുള്ളതും വിശേഷിച്ചും യുവതലമുറയുമായി കൂടുതല്‍ ഇടപഴകിക്കൊണ്ടിരിക്കുന്നതുമായ മേഖലയോട് മുഖം തിരിക്കുന്നത് മുസ്‌ലിം സമൂഹത്തെ പിറകോട്ടടിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ മുന്‍നിര്‍ത്തിയും അത് ഷൂട്ട് ചെയ്യപ്പെടുന്ന രീതിയെ മുന്‍നിര്‍ത്തിയും  അതു സമൂഹത്തിനു നല്‍കുന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയും ഹലാല്‍/ ഹറാം എന്നു വിധി നിര്‍ണയം നടത്താതെ സിനിമയെ പൂര്‍ണമായിഹറാമാക്കി വെച്ചിരിക്കുകയാണ് മുസ്ലിം മതവൃത്തം. അധോലോക നായകന്മാരും വിവസ്ത്രരായ സ്ത്രീകളും ബലാത്സംഗങ്ങളുമില്ലെങ്കില്‍ സിനിമ പൂര്‍ണമാകില്ല എന്ന പൊതുബോധത്തിന്റെ പൊളിച്ചെഴുത്തു കൂടിയാണ് സകരിയ്യയെ പോലുള്ളവര്‍ നടത്തിയിരിക്കുന്നത്. ദിശാബോധം നല്‍കുന്ന, സമൂഹത്തെ നേര്‍വഴിക്കു നടത്തുന്ന നല്ല സിനിമകള്‍ക്ക് ജന്മം നല്‍കാന്‍ പുതിയ തലമുറക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു. 

സാജിദ് അബ്ദുര്‍റഹ്മാന്‍ വടകര

 

നടപ്പുഭാഷ്യങ്ങള്‍ക്ക് തിരുത്ത് എഴുതട്ടെ

സിനിമ എന്ന ഏറ്റവും ജനകീയ കലാ രൂപത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തിക്കൊണ്ടുള്ള പതിപ്പ് (ലക്കം 3175) ഏറെ അവസരോചിതമായി.
ചലച്ചിത്രങ്ങള്‍ക്കെതിരെ സമുദായ നേതൃത്വം മുഖം തിരിഞ്ഞു നിന്ന ഇന്നലെകളിലും സാധാരണ മുസ്‌ലിം സമൂഹം ഈ കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു എന്നതാണ് ചരിത്രം.
പി. ഭാസ്‌കരന്‍ മാസ്റ്ററെ പോലുള്ള പ്രതിഭാധനര്‍ മാപ്പിളപ്പാട്ടുകളെയും മുസ്‌ലിം കഥാ പരിസരത്തെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയ സിനിമകള്‍ മാപ്പിള സമൂഹത്തെ കൊട്ടകകളിലേക്കൊഴുക്കാന്‍ വലിയ തോതില്‍ പങ്കുവഹിച്ചു എന്നതും പരമാര്‍ഥമാണ്.
പക്ഷേ, കാലത്തിന്റെ ഏതോ ദശാ സന്ധിയില്‍ സവര്‍ണ ബ്രാഹ്മണ്യത്തെ ഒളിച്ചു കടത്തുന്നതിനും ഈ കലാരൂപത്തെ ചിലര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ വിജയിച്ചു. ഒപ്പം മുസ്‌ലിം എന്നത് ഒന്നിലധികം ഭാര്യമാരെ വെച്ചു കൂടുന്ന ഇറച്ചി വെട്ടുകാരനും കവല ചട്ടമ്പിയും രാജ്യ ദ്രോഹിയും തീവ്രവാദിയുമൊക്കെയായി മാറ്റിപ്പണിയുന്ന തരത്തിലുള്ള കഥാ പരിസരങ്ങള്‍ എമ്പാടുമുണ്ടായി.
വര്‍ത്തമാന കാലത്ത് ഇസ്‌ലാമിന്റെ നന്മയിലേക്ക് ക്യാമറ കണ്ണുകള്‍ വീണ്ടും തിരിച്ചു വെക്കപ്പെടുന്ന തരത്തില്‍ അഭ്രപാളികളിലെ കാഴ്ച ശീലങ്ങള്‍ മാറ്റിപ്പണിതു കൊണ്ടിരിക്കുമ്പോള്‍ ഇജ്തിഹാദിന്റെ വാതിലുകള്‍ അവക്കു മുമ്പില്‍ തുറന്നു കൊടുക്കാന്‍ പണ്ഡിത സമൂഹം ഇനിയും അമാന്തം കാണിക്കരുത്.  

ഇസ്മാഈല്‍ പതിയാരക്കര, ബഹ്റൈന്‍

 

പ്രബോധനത്തിന്റെ മുന്‍കാഴ്ച!

പഴയ പ്രബോധനം  ലക്കങ്ങള്‍ എന്റെ മേശപ്പുറത്തും ഷെല്‍ഫിലുമൊക്കെയായി നിറയുമ്പോള്‍, അതിലെ ഖുര്‍ആന്‍ ഭാഗങ്ങള്‍ പറിച്ചുമാറ്റിയിട്ടു മാത്രമേ ഞാന്‍ പുറത്തേക്ക് മാറ്റിവെക്കാറുള്ളൂ. അതിനിടയിലാണ്  ഒരു കാര്യം  ശ്രദ്ധയില്‍ പെട്ടത്; 2018 ജൂണ്‍ 15 ലക്കം പ്രബോധനം. അതില്‍, അബ്ദുല്ലത്വീഫ് കൊടുവള്ളി എഴുതിയ ഒരു ലേഖനമുണ്ട്. സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം മനുഷ്യര്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങളും അവ പകരാതെ സൂക്ഷിക്കേണ്ടതിന് നാം  സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഉള്ളടക്കം. ആ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ഒരു ഫോട്ടോയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ചിത്രത്തിലുള്ള എല്ലാവരും മാസ്‌ക് ധരിച്ചിരിക്കുന്നു. അത്തരം മാസ്‌ക്കുകള്‍ ഇത്ര വ്യാപകമായി, രണ്ടു വര്‍ഷത്തിലധികം മുമ്പുണ്ടായഒരു പകര്‍ച്ചവ്യാധികാലത്തും ഉപയോഗിച്ചതായി കണ്ടിട്ടില്ല. ഇപ്പോള്‍, ഈ 2020 ജൂണ്‍ മാസത്തിനു ശേഷം മാത്രം കാണപ്പെടുന്ന തരത്തിലുള്ള ഒരു തെരുവ് കാഴ്ച, 2018-ല്‍ അച്ചടിച്ചുവന്നതില്‍, പ്രബോധനത്തിന്റെ ദീര്‍ഘദൃഷ്ടി യാദൃഛികമായിട്ടാണെങ്കിലും അത്ഭുതപ്പെടുത്തുന്നു. 

നാസര്‍ ഏറ്റുമാനൂര്‍

 

കോവിഡ് കാലത്തെ ക്രൂരകൃത്യങ്ങള്‍

നാഷ്‌നല്‍ സാമ്പ്ള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് കൈവരിച്ച് ഒന്നാം സ്ഥാനത്തെത്തി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതേ ദിവസേം തന്നെയാണ്, മൃഗീയവും പൈശാചികവുമായ സ്ത്രീപീഡനത്തിന്റെ ഒന്നില്‍ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്തനംതിട്ടയിലെ ആറന്‍മുളയില്‍ കോവിഡ് പോസിറ്റീവ് ആയ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വെച്ച് അര്‍ധരാത്രി ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച അന്നത്തെ ഒരു വാര്‍ത്ത. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആംബുലന്‍സില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ ഡ്രൈവറായി എത്തി കോവിഡ് പോസിറ്റീവായ യുവതിയെ അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള ആംബുലന്‍സ് വണ്ടിയില്‍ ഡ്രൈവറായി നിയമിക്കപ്പെട്ടത് വലിയ വീഴ്ചയാണ്. ആരോഗ്യ പ്രവര്‍ത്തകരോ ബന്ധുക്കളോ കൂടെയില്ലാതെ ഒരു സ്ത്രീക്ക് തനിച്ച്, അതും അര്‍ധരാത്രി മൂന്ന് മണിക്കൂറോളം ഒറ്റക്ക് ഒരു ക്രിമിനല്‍ പ്രതിയുടെ കൂടെ സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം എത്ര ഭീകരമാണ്!
ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ സംഭവിക്കുന്ന തികഞ്ഞ നിരുത്തരവാദിത്തമാണ് ഇവിടെ ഒന്നാമതായി തെളിഞ്ഞുവരുന്നത്. സര്‍ക്കാര്‍ ജോലികളില്‍ ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നത് വലിയ വിവാദമായി കത്തിപ്പടരുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് രക്ഷാദൗത്യങ്ങളുടെ വളയം ക്രിമിനലുകളാല്‍ നിയന്ത്രിക്കപ്പെടുന്നത്. തന്റെ മാതാവ്, രണ്ട് സഹോദരിമാര്‍, അപ്പൂപ്പന്‍ തുടങ്ങിയവരെല്ലാം കോവിഡ് ചികിത്സയിലായ സന്ദിഗ്ധ ഘട്ടത്തിലാണ് കോവിഡ് ബാധിതയായ ഈ യുവതിക്ക് പീഡനമേല്‍ക്കേണ്ടിവന്നത്. കരുതലിന്റെയും ശ്രദ്ധയുടെയും കാലമാണിതെന്ന് സര്‍ക്കാര്‍ വാചാലമാകുമ്പോള്‍ തന്നെയാണ്, സര്‍ക്കാര്‍ സംവിധാനത്തിന്റെ അശ്രദ്ധയും കരുതലില്ലായ്മയും കാരണം ഇത്തരം പൈശാചിക കൃത്യങ്ങള്‍ അരങ്ങേറുന്നത്. കോവിഡ് ബാധിച്ച സ്ത്രീക്ക് ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നു വന്നിരിക്കുന്നു. ചട്ടപ്രകാരം, വീട്ടില്‍നിന്ന് വാഹനത്തിലേക്ക് കയറ്റുന്ന നിമിഷം മുതല്‍ കോവിഡ് രോഗി സര്‍ക്കാറിന്റെ സംരക്ഷണത്തിലാണ്. കോവിഡിനെതിരെ ജീവന്‍ പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ മൊത്തം അപമാനിക്കുന്നതിനു തുല്യമായി  അധികാരികളുടെ അലംഭാവം മൂലം സംഭവിച്ച ഈ ക്രൂരകൃത്യം.
ക്വാറന്റീനിലായ യുവതിയെ കോവിഡ് ഇല്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവമാണ് മറ്റൊരു വാര്‍ത്ത. കൈകള്‍ പിന്നിലേക്കും കാലുകള്‍ കട്ടിലില്‍ കെട്ടിയും വായില്‍ തുണി തിരുകിയുമാണ് പലതവണ സ്ത്രീയെ പീഡിനത്തിനിരയാക്കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ ക്വാറന്റീന്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഭീഷണി മുഴക്കി. രക്ഷകരാകേണ്ടവര്‍ തന്നെയാണ് ഇവിടെയും പീഡകരാവുന്നത്.
ഇടതുപക്ഷ യുവജന - സ്ത്രീ സംഘടനകളൊന്നും ഇതിനെതിരെ ശബ്ദിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. പൊതു ഇടങ്ങളിലും നഗര വീഥികളിലും രാത്രികാലങ്ങളില്‍ വരെ സ്ത്രീകള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് രാത്രിനടത്തമാവാമെന്നുമൊക്കെ പറഞ്ഞിരുന്ന മഹിളാ സംഘടനകളൊക്കെ എന്തേ നിശ്ശബ്ദമാവുന്നു? ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് കൈകഴുകുന്നതുകൊണ്ടാണ് അതുപോലുള്ളവ ആവര്‍ത്തിക്കുന്നത്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവരെ പാര്‍ട്ടിയുടെയും കൊടിയുടെയും നിറം നോക്കാതെ ആ ജോലിയില്‍നിന്ന് ഒഴിവാക്കണം. 

മജീദ് കുട്ടമ്പൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌