Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

പ്രവാസികളെ ചേര്‍ത്തുപിടിച്ച മഹാനായ ഭരണാധികാരി

ജമാല്‍ ഇരിങ്ങല്‍

ജീവിതായോധനത്തിനായി  ബഹ്‌റൈന്‍ എന്ന പവിഴ ദ്വീപിലെത്തിയ  പ്രവാസികളെ ചേര്‍ത്തു പിടിച്ച മഹാനായ ഭരണാധികാരിയാണ് കഴിഞ്ഞ നവംബര്‍ 11-നു നിര്യാതനായ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം. അവിചാരിതമായി എത്തിയ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ലോകനേതാക്കളുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളുടെയും പാര്‍ട്ടികളുടെയും അനുശോചന പ്രവാഹമായിരുന്നു പിന്നീട്. ബഹ്‌റൈന്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനവും പ്രവാസികളാണെന്നത് ഇപ്പോഴും ഈ നാട് പ്രവാസികളെ എത്രമാത്രം പരിഗണിക്കുന്നുണ്ടെന്നതിനുള്ള തെളിവാണ്. കഴിഞ്ഞ സെന്‍സസ് പ്രകാരം ആറര ലക്ഷത്തില്‍ പരം  പ്രവാസികളാണ് ഇവിടെ  ജീവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിന്റെ അടുത്ത് വരും ഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്.
ആധുനിക ബഹ്‌റൈനിന്റെ ശില്‍പി, ഏത് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നയചാതുര്യത്തോടെ മറികടക്കാന്‍ കെല്‍പുള്ള ഭരണാധികാരി, യുവതലമുറയെ എല്ലാ മേഖലയിലും പ്രോത്സാഹിപ്പിക്കുന്ന മാതൃകാ പുരുഷന്‍, പ്രവാസികളുടെ പ്രിയപ്പെട്ട ശൈഖ്, നാട്ടുകാരുടെ ബൂ അലി  എന്ന് തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് അദ്ദേഹം.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം  പ്രധാനമന്ത്രി പദം അലങ്കരിച്ച ഭരണാധികാരിയാണ് ശൈഖ് ഖലീഫ. 1970 മുതല്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഹാകിം ഓഫ് ബഹ്‌റൈന്‍ (ബഹ്‌റൈന്‍ ഭരണാധികാരി) ആയിരുന്ന സല്‍മാന്‍ ബിന്‍ ഹമദ് ഖലീഫയുടെയും മൗസ ബിന്‍ത് ഹമദ് ആല്‍ ഖലീഫയുടെയും മകനായി 1935 നവംബര്‍ 24-നാണ് അദ്ദേഹം ജനിച്ചത്. 1956-ല്‍ വിദ്യാഭ്യാസ കൗണ്‍സില്‍  അംഗമായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.  1958-ലും 1961-ലും  ഇതേ കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു. ധനകാര്യവകുപ്പ് ഡയറക്ടര്‍ (1961-1966), ഇലക്ട്രിസിറ്റി ബോര്‍ഡ് പ്രസിഡന്റ് (1961), മനാമ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ (1962-1967), ബഹ്‌റൈന്‍ നാണയഏജന്‍സി തലവന്‍ (1964), സാമ്പത്തിക - ധനകാര്യ പഠനത്തിനായുള്ള സംയുക്ത സമിതി ചെയര്‍മാന്‍ (1967-1969), വാണിജ്യ രജിസ്റ്റര്‍ അംഗം (1967-1969), അഡ്മിനിസ്‌ട്രേറ്റീവ് അഫേഴ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ (1967-1969), ബഹ്‌റൈന്‍ നാണയ ഏജന്‍സിയുടെ ബോര്‍ഡ് അംഗവും പിന്നീട് സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും  (1972-1974), സ്റ്റേറ്റ് കൗണ്‍സില്‍ തലവന്‍  (1972), പരമോന്നത പ്രതിരോധ സമിതിയുടെ തലവന്‍  (1977) തുടങ്ങിയ നിലകളിലും അദ്ദേഹം  പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതു വരെ രാജ്യം അറിയപ്പെട്ടിരുന്നത് ബഹ്‌റൈന്‍ എമിറേറ്റ്സ് എന്നും ഭരണാധികാരി ഹാകിമുല്‍ ബഹ്‌റൈന്‍ എന്നുമായിരുന്നു. 1971 ആഗസ്റ്റ് 15-ന് ബഹ്‌റൈനും യുനൈറ്റഡ് കിംഗ്ഡമും തമ്മില്‍ നടന്ന പ്രത്യേക ഉടമ്പടി അവസാനിക്കുന്ന രേഖയില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കു ശേഷം ബഹ്‌റൈന്‍ ഭരണാധികാരി ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ രാജ്യത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ പുനഃസംഘടനയെക്കുറിച്ച്  ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് അനുസരിച്ച് ബഹ്‌റൈന്‍ എമിറേറ്റിന്റെ പേര് ദൗലത്തുല്‍ ബഹ്‌റൈന്‍ എന്നാക്കി മാറ്റി. മറ്റൊരു ഉത്തരവിനെത്തുടര്‍ന്ന് രാജ്യത്തെ ഭരണസംവിധാനത്തിന്റെ പുനഃസംഘടനയും നടന്നു, അവിടെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എന്ന പേര് മന്ത്രിസഭയായും സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്റിനെ പ്രധാനമന്ത്രിയായും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ മന്ത്രിമാരായും മാറ്റി.
അദ്ദേഹത്തിന്റെ സഹോദരനും ബഹ്‌റൈന്‍ അമീറുമായിരുന്ന ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് അദ്ദേഹത്തെ 1971-ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി  നിയമിക്കുന്നത്. താന്‍ പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഭരണനിര്‍വഹണ മേഖലയില്‍ അസാധാരണ കഴിവായിരുന്നു  അദ്ദേഹത്തിനുണ്ടായിരുന്നത്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക കാഴ്ചപ്പാടല്ലായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.  വരുമാനം വര്‍ധിപ്പിക്കുന്നതിനായി വിവിധ രംഗങ്ങളിലുള്ള വ്യാപാര - വ്യവസായം, ടൂറിസം മേഖലയുടെ വിപുലീകരണം എന്നിവയും അദ്ദേഹത്തിന്റെ മുന്‍കൈയിലാണ് സാധ്യമായത്. തൊഴിലാളിസൗഹൃദ തൊഴില്‍ നിയമമാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിന്റെ പിറകിലും അദ്ദേഹത്തിന്റെ കൈയൊപ്പ്  കണ്ടെത്താന്‍ സാധിക്കും. എത്ര വിഷമകരവും പ്രയാസകരവുമായ പ്രശ്നങ്ങളെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവ് രാജ്യം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ മേഖലകളിലുള്ള സംഭാവനകള്‍ പരിഗണിച്ച് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ  തേടിവന്നിട്ടുണ്ട്. 2017-ല്‍ ലഭിച്ച വേള്‍ഡ് പീസ് കള്‍ച്ചറല്‍ അവാര്‍ഡ് അതില്‍ പ്രത്യേകം പ്രസ്താവ്യമാണ്. യു.എന്‍, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, മലേഷ്യ, മൊറോക്കൊ, ഫിലിപ്പീന്‍സ്, സ്‌പെയിന്‍, തായ്ലന്റ് തുടങ്ങിയ നിരവധി രാജ്യങ്ങളും അദ്ദേഹത്തിന്റെ സേവനങ്ങളെ  മുന്‍നിര്‍ത്തി അദ്ദേഹത്തെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും  ചെയ്തിട്ടുണ്ട്.
ഹസ്സ ബിന്‍ത് അലി ആല്‍ ഖലീഫയാണ്  ഭാര്യ. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ, ഉപപ്രധാനമന്ത്രിയായ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ, അല്‍ നൂര്‍ ബെനിഫിന്‍സ് സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് ലുല്‍വാ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരാണ് മക്കള്‍.
അദ്ദേഹത്തിന്റെ പേരിനാല്‍ നാമകരണം ചെയ്യപ്പെട്ട നിരവധി സ്ട്രീറ്റുകള്‍, പാലങ്ങള്‍, പോര്‍ട്ടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍  ബഹ്‌റൈനില്‍ കാണാം. മദീനത്തു ഖലീഫ, ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ സ്ട്രീറ്റ്, ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ട്, ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ പാര്‍ക്ക്, ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ പാലം, ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ശൈഖ് ഖലീഫ സ്പോര്‍ട്‌സ് സിറ്റി തുടങ്ങിയവ അതില്‍  ചിലതാണ്.
  വ്യാവസായിക രംഗത്തെ ഉത്തേജിപ്പിക്കാനും വ്യവസായികളെ പ്രോത്സാഹിപ്പിക്കാനും  വേണ്ടി നല്‍കുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യാവസായിക അവാര്‍ഡ്, വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിന് നല്‍കുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വിദ്യാഭ്യാസ  അവാര്‍ഡ് എന്നിവയും ബഹ്‌റൈനിലെ രണ്ടു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ്.
ശൈഖ് ഖലീഫയുടെ ജീവിതത്തെയും  പ്രവര്‍ത്തനങ്ങളെയും പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളും  വിവിധ ഭാഷകളില്‍  രചിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പൗരന്മാരുടെയും രാജ്യനിവാസികളുടെയും പ്രശ്നങ്ങളില്‍ യാതൊരു വിവേചനവും ഇല്ലാതെയാണ് അദ്ദേഹം എപ്പോഴും ഇടപെടുക. അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിലും അദ്ദേഹം  എന്നും ബദ്ധശ്രദ്ധനായിരുന്നു. ലോകത്തെല്ലായിടത്തും കൊറോണ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ട് ജനജീവിതം സ്തംഭിപ്പിച്ച സാഹചര്യത്തിലും ബഹ്‌റൈനില്‍ താരതമ്യേന പ്രയാസങ്ങള്‍ കുറക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. രാജ്യം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകളില്‍ ചെറുതല്ലാത്ത ഒരു പങ്ക് പ്രവാസികള്‍ക്കും കൂടി ലഭിക്കുന്ന രീതിയിലായിരുന്നു സംവിധാനിച്ചത്. മൂന്ന് മാസത്തെ ജല - വൈദ്യുതി - മുനിസിപ്പല്‍  ഫീസ്, എല്‍.എം.ആര്‍.എ ഫീസ് തുടങ്ങിയ ഇളവുകള്‍ ആ പ്രതിസന്ധിയുടെ നാളുകളില്‍ രാജ്യനിവാസികള്‍ക്കും പ്രത്യേകിച്ച് രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് പ്രത്യേക  സ്‌നേഹവും കരുതലുമായിരുന്നു അദ്ദേഹത്തിന്. രണ്ടു വര്‍ഷം മുമ്പ് ഒഡീഷയിലെ പിന്നാക്ക ജില്ലകളിലൊന്നായ മേല്‍ഗാരയില്‍ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പത്ത് കിലോമീറ്ററിലധികം നടന്ന യുവാവിന്റെ നിസ്സഹായാവസ്ഥ ലോകം മുഴുവന്‍ നിറകണ്ണുകളോടെയാണ് ചര്‍ച്ചചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട ശൈഖ് ഖലീഫ അദ്ദേഹത്തിന് പ്രത്യേക സഹായം എത്തിച്ചത് വേദനിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെയും പരിഗണനയുടെയും ഉത്തമ ഉദാഹരണമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌