അബ്ദുല്‍ ജലീല്‍, പുന്നപ്ര
കോവിഡിന്റെ വ്യാപനത്തിനിടയിലും കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ അനുസ്മരണ പരിപാടിയില്‍ പങ്കു ചേരാനായി. വിനയം കൊണ്ടും സേവന പ്രവര്‍ത്തനങ്ങളിലെ സജീവത കൊണ്ടും ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പുന്നപ്രയിലെ ജലീല്‍ സാഹിബിന്റെ അനുസ്മരണമായിരുന്നു അത്. സലൂണ്‍ മാഴ്‌സിലെ ജോലിത്തിരക്കുകള്‍ക്കിടയിലും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും അഞ്ചര പതിറ്റാണ്ടിലെ ചുരുങ്ങിയ ജീവിതത്തിനിടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജലീല്‍ സാഹിബ് കോവിഡിനു കീഴടങ്ങി നാഥനിലേക്ക് മടങ്ങിയപ്പോള്‍ ആ വിടവാങ്ങല്‍ വലിയ നഷ്ടമാണ് ഇസ്ലാമിക പ്രസ്ഥാനത്തിന് ഉണ്ടാക്കിയത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ മര്‍ഹും അബ്ദുര്‍റസ്സാഖ് (ഇക്കാ ബാവ) സാഹിബിന്റെ മൂത്ത മകനായിരുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ പേരില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ട കുടുംബമാണ് ജലീല്‍ സാഹിബിന്റേത്. സേവന മേഖലയിലെ മികച്ച സാന്നിധ്യമായിരുന്നു അദ്ദേഹം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു. നിരവധി മനുഷ്യരുടെ ജീവനാണ് ജലീല്‍ സാഹിബിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ മൂലം രക്ഷിക്കാനായത്.
ജോലിക്കിടയില്‍ തന്റെ മുന്നിലിരിക്കുന്നവരുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ചും പരിചയപ്പെടുത്തുകയും പുസ്തകങ്ങള്‍ കൈമാറുകയും ചെയ്യുമായിരുന്നു. ആ സംഭാഷണങ്ങളിലൂടെ ഇസ്‌ലാമിന്റെ മാധുര്യം കണ്ടെത്തിയവരും അക്കൂട്ടത്തിലുണ്ട്. കവിതകളെയും പാട്ടുകളെയും ഒരു പാട് സ്‌നേഹിച്ച കൂട്ടുകാരന്‍, തനിമയുടെ ഏരിയാ സെക്രട്ടറി, പ്രബോധകനായ ജനസേവകന്‍, അല്‍ഹുദാ മഹല്ല് കമ്മിറ്റിയംഗം തുടങ്ങി ഒരുപാട് മേഖലകളില്‍ തന്റെ ഹൃദയമുദ്ര പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. നസീമയാണ് ഭാര്യ. ജസീറ, നജീബ്, സൈഫുദ്ദീന്‍, മസ്‌റൂറ എന്നിവര്‍ മക്കളും.
സി. ഹനീഫ
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സി. ഹനീഫ. തികച്ചും യാഥാസ്ഥിതിക ചുറ്റുപാടുകളില്‍നിന്ന് ആലത്തൂരിലെ അമീറായിരുന്ന എ.പി അബ്ദുല്ല സാഹിബിന്റെ ക്ലാസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. ദീനീ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ദീനീ വിദ്യാഭ്യാസമുള്ളവരുടെ അറിവും കാഴ്ചപ്പാടുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എ.പി അബ്ദുല്ല, കെ.ടി അബ്ദുര്‍റഹ്മാന്‍, എസ്.എം ഹനീഫ ഇവരുടെ ക്ലാസ്സുകളിലൂടെ നേടിയ അറിവാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് പ്രചോദനമായത്. മനസ്സിലാക്കിയ കാര്യങ്ങള്‍ ബീഡി കമ്പനിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുകയും കൂടെയുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജോലി ബീഡിതെരപ്പായിരുന്നു. അക്കാലത്ത് തുഛം വരുമാനമാണുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഇസ്ലാമിക സാഹിത്യങ്ങള്‍ വായിച്ചു കൊടുക്കുമായിരുന്നു.
ഓരോ ആഴ്ചയിലും രണ്ടു പേര്‍ വീതം ഓരോ ഏരിയയിലേക്ക് പുസ്തകങ്ങളും പ്രബോധനവുമായി കാല്‍നടയായി പോകുന്ന കൂട്ടത്തില്‍ സി. ഹനീഫ സാഹിബും ഉണ്ടാവും. യാത്രാ സൗകര്യങ്ങളില്ലാത്ത ആ കാലത്ത് കാല്‍നടയായി തന്നെയാണ് യാത്ര. ബീഡിതെരച്ച് കൊണ്ട് കിട്ടുന്ന വരുമാനം പോലും ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
ഇശാഅത്തുല്‍ ഇസ്ലാം മസ്ജിദിന്റെ തുടക്കം മുതല്‍ ക്ലീനിംഗ് നടത്തിക്കൊണ്ടിരുന്നത് സി. ഹനീഫ സാഹിബും സഹോദരന്‍ സി. ഇബ്റാഹീം സാഹിബും, സ്ത്രീകളുടെ ഭാഗത്ത് അവരുടെ ഭാര്യയും മക്കളുമായിരുന്നു.
മഹല്ല് വിലക്കുണ്ടായ കാലത്ത് ഖബ്ര്‍ വെട്ടാന്‍ പോലും ആളെ കിട്ടാതിരുന്നപ്പോള്‍ ആദ്യമായി ഖബ്ര്‍ വെട്ടിയതും കുഴിയിലേക്ക് ഇറങ്ങിയതും ഇദ്ദേഹവും സഹോദരനായ സി. ഇബ്റാഹീം സാഹിബുമായിരുന്നു.
സൗകര്യങ്ങള്‍ കുറവായിരുന്ന കാലത്ത് ഫിത്വ്ര്‍ സകാത്ത്, ഉളുഹിയ്യത്ത് വിതരണം തലച്ചുമടായി ഏറ്റിക്കൊണ്ടാണ് നിര്‍വഹിച്ചിരുന്നത്. അതില്‍ അദ്ദേഹം നിര്‍വഹിച്ച പങ്കാളിത്തം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
എം. അബ്ദുല്‍ ജബ്ബാര്‍
Comments