Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

മൗലാനാ മൗദൂദിയെ വിമര്‍ശിക്കാം, പക്ഷേ...

ജീവിച്ചിരിക്കെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പണ്ഡിതരും ചിന്തകരും അവരുടെ മരണത്തോടെ വിസ്മൃതിയുടെ കയങ്ങളിലേക്ക് ആണ്ടുപോകുന്നത് നാം കാണാറുണ്ട്. ആ ചിന്തകള്‍ പുതിയ തലമുറകളെ തൃപ്തിപ്പെടുത്താത്തതുകൊണ്ടാവാം ഇത്. അല്ലെങ്കില്‍ ആ ചിന്തകള്‍ തന്നെ അപ്രസക്തമായിട്ടുണ്ടാവും. മറ്റൊരു വിഭാഗം ചിന്തകരുണ്ട്. അവര്‍ വിടവാങ്ങി ദശകങ്ങളോ നൂറ്റാണ്ടുകളോ പിന്നിട്ടാലും അവരുടെ ചിന്തകള്‍ ജനതതികളെ സ്വാധീനിച്ചുകൊണ്ടിരിക്കും. അവരെക്കുറിച്ച് പുതിയ പഠനങ്ങള്‍ വന്നുകൊണ്ടിരിക്കും. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയെക്കുറിച്ച് വിവിധ ഭാഷകളില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന പഠനങ്ങളുടെയും വിമര്‍ശനങ്ങളുടെയും ബാഹുല്യം അദ്ദേഹത്തിന്റെ ചിന്തകള്‍ ഇപ്പോഴും ജീവിക്കുന്നു, തലമുറകളെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പോലും പാകിസ്താനില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം പുറത്തിറങ്ങുകയുണ്ടായി; മഹ്മൂദ് ആലം സ്വിദ്ദീഖി എഡിറ്റ് ചെയ്ത 'സയ്യിദ് മൗദൂദി: തലമുറകളുടെ വഴികാട്ടി' (സയ്യിദ് മൗദൂദി: നസ്‌ലോം കെ റഹ്‌നുമാ) എന്ന പേരില്‍. പല മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ മൗലാനയുടെ സംഭാവനകളെ വിലയിരുത്തുകയാണതില്‍. പ്രശസ്ത പാക് നിയമജ്ഞനായിരുന്ന എ.കെ ബ്രോഹി കുറിക്കുന്നത് ഇങ്ങനെ: ''മൗലാനാ മൗദൂദി അഭിഭാഷകവൃത്തി തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ഇത്ര സമര്‍ഥനായ മറ്റൊരു വക്കീലിനെ നിങ്ങള്‍ക്ക് പാകിസ്താനില്‍ കാണാന്‍ കഴിയുമായിരുന്നില്ല. അത്രക്ക് കുറ്റമറ്റ രീതിയിലാണ് അദ്ദേഹത്തിന്റെ അവതരണവും സമര്‍ഥനവും.'' മൗദൂദീചിന്തകളില്‍ ആകൃഷ്ടരായവര്‍ മാത്രമല്ല, ആശയപരമായി അദ്ദേഹത്തിന്റെ കടുത്ത പ്രതിയോഗികളും അണിനിരക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. പ്രശസ്ത കവിയും സെക്യുലര്‍ ചിന്തകളുടെ വക്താവുമായ ജോഷ് മലീഹാബാദി, പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന ഹനീഫ് ജാമെ, പ്രശസ്ത കവിയും കമ്യൂണിസ്റ്റുകാരനുമായിരുന്ന ഫൈസ് അഹ്മദ് ഫൈസ് തുടങ്ങിയവരൊക്കെ തങ്ങളുടെ ആശയപരമായ വിയോജിപ്പുകള്‍ ഒട്ടും മറച്ചുവെക്കാതെ തന്നെ മൗലാനാ മൗദൂദിയുടെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും വിലമതിക്കാന്‍ തയാറാവുന്നുണ്ട്.
മൗലാനാ മൗദൂദി സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ചര്‍ച്ചയാവുന്ന ഇടമാണ് കേരളം. മേല്‍സൂചിപ്പിച്ച ബുദ്ധിപരമായ സത്യസന്ധത ആ ചര്‍ച്ചകളില്‍ തൊട്ടുതെറിച്ചിട്ടുണ്ടാവില്ല. മൗലാനയുടെ കൃതികള്‍ പഠിച്ചവരോ അവയെ വിലയിരുത്താന്‍ ശേഷിയുള്ളവരോ അല്ല അദ്ദേഹത്തിനെതിരെ പടക്കിറങ്ങുന്നത്. കുരിശു യുദ്ധങ്ങളുടെ പാരമ്പര്യം അനന്തരമെടുത്ത നവ സയണിസ്റ്റ് ഓറിയന്റലിസ്റ്റുകള്‍ എഴുതിവെച്ചതൊക്കെ വിഴുങ്ങി അപ്പടി ഛര്‍ദിക്കുകയാണ് നമ്മുടെ നാട്ടിലെ മൗദൂദീ വിമര്‍ശകര്‍ ചെയ്യുന്നത്. സകല തീവ്രവാദ പ്രവണതകളെയും തങ്ങളുടെ ജീവിതകാലത്ത് അതിശക്തമായി തള്ളിപ്പറഞ്ഞ ഇമാം ബന്നായും സയ്യിദ് മൗദൂദിയുമൊക്കെ ഇവര്‍ക്ക് അല്‍ ഖാഇദ, ഐ.എസ് പോലുള്ള ഭീകര സംഘടനകളുടെ മാസ്റ്റര്‍ ബ്രെയ്‌നാണ്. അവര്‍ക്കു മേല്‍ മതരാഷ്ട്രവാദത്തിന്റെ ചാപ്പ കുത്തുന്നതും വിമര്‍ശകരുടെ പതിവു വിനോദമാണ്. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും അവര്‍ ഹാജരാക്കാറുമില്ല. കേരളത്തില്‍ നടക്കുന്ന മൗദൂദീ വിമര്‍ശനങ്ങള്‍ ഒന്നുകില്‍ രാഷ്ട്രീയപ്രേരിതമായിരിക്കും, അല്ലെങ്കില്‍ മത സംഘടനാ സങ്കുചിതത്വങ്ങളില്‍നിന്ന് ഉടലെടുക്കുന്നതായിരിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോഴുമായിരിക്കും എത്രയോ തവണ മറുപടി പറഞ്ഞുകഴിഞ്ഞ ആ രണ്ടു തരം വിമര്‍ശനങ്ങളും പൊതുവെ വീണ്ടും ഉയര്‍ന്നുവരിക. അതിനാല്‍ അവയെ ഗൗരവത്തിലെടുക്കേണ്ട കാര്യവുമില്ല.
അതേസമയം മൗദൂദീ ചിന്തകള്‍ വിമര്‍ശനാതീതമല്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തും പുറത്തുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകള്‍ നിരൂപണം ചെയ്യപ്പെടുന്നുണ്ട്. പ്രശസ്തരായ ചില പണ്ഡിതന്മാര്‍ വരെ അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍നിന്ന് വിട്ടുനിന്നിട്ടുണ്ട്. അവരിലൊരാളാണ് മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി. നേരത്തേപ്പറഞ്ഞ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ഒരു കുറിപ്പുണ്ട്. സ്വന്തം ഭാര്യയോടും മക്കളോടുമുള്ളതിനേക്കാള്‍ അടുപ്പം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അതാണ് താനും മൗദൂദിയും തമ്മില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. കടുത്ത വിമര്‍ശകരെയും മൗലാനാ മൗദൂദി ശ്രദ്ധാപൂര്‍വം കേള്‍ക്കുമായിരുന്നു. കാലവും അവസ്ഥകളും മാറിയപ്പോള്‍ അതിനനുസരിച്ച് നിലപാടുകള്‍ പുനഃപരിശോധിക്കാനും അദ്ദേഹം തയാറായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാധനനായ ഈ പരിഷ്‌കര്‍ത്താവിന്റെ ചിന്താവികാസം അടയാളപ്പെടുത്തുന്ന പഠനങ്ങളൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ പലതും ഇപ്പോഴും മലയാളത്തിലേക്ക് വന്നിട്ടുമില്ല. അദ്ദേഹം വ്യാപരിച്ച വിശാലമായ വൈജ്ഞാനിക മേഖലകളെ അടുത്തറിയാന്‍ ഇത് തടസ്സമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളെ സങ്കുചിത കോണുകളിലുടെ നോക്കിക്കാണാന്‍ അതും ഒരു കാരണമായിട്ടുണ്ടാവാം.
ഈ ലക്കത്തില്‍ മൗലാനാ മൗദൂദിയുടെ ബൗദ്ധിക യാത്രയെ പരിചയപ്പെടുത്തുന്ന ജാമില്‍ ശരീഫിന്റെ ഒരു ലേഖനമുണ്ട്. മൗദൂദീകൃതികളിലെ ചരിത്ര ദര്‍ശനത്തെ അപഗ്രഥിക്കുന്ന സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ പ്രബന്ധത്തിന്റെ ആദ്യ ഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും കൂടുതല്‍ പഠനവും വിശകലനവുമര്‍ഹിക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌