Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

ഓണ്‍ലൈന്‍ നികാഹ് സാധുവാകുമോ?

മുശീര്‍

ഈയടുത്ത് ഓണ്‍ലൈന്‍ നികാഹുകള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ബന്ധപ്പെട്ട കക്ഷികളുടെ ശാരീരിക സാന്നിധ്യമില്ലാതെ നടത്തപ്പെടുന്ന ഇത്തരം ഓണ്‍ലൈന്‍ നികാഹുകളുടെ വിധിയെന്താണ്? ശറഇല്‍ അതിന് എത്രമാത്രം സാധുതയുണ്ട്?

സ്ത്രീയുടെ പക്ഷത്തു നിന്ന് അവളുടെ വലിയ്യും, വരനും തമ്മിലാണല്ലോ നേര്‍ക്കുനേരെ വിവാഹക്കരാറില്‍ ഏര്‍പ്പെടുന്നത്. ഇവരിലാര്‍ക്കെങ്കിലുമോ ഒരാള്‍ക്കോ, ഇനി രണ്ടു പേര്‍ക്കുമോ വിവാഹക്കരാറില്‍ നേര്‍ക്കുനേരെ സന്നിഹിതരാവാന്‍ കഴിയാതെ വന്നാല്‍ വിവാഹ കര്‍മം എങ്ങനെയാണ് നടത്തേണ്ടത് എന്ന് സാക്ഷാല്‍ നബി (സ) തന്നെ പഠിപ്പിച്ചിരിക്കെ ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു ആശയക്കുഴപ്പവും ഉണ്ടാവേണ്ടതില്ല. ഉമ്മുഹബീബ(റ)യുടെ വിവാഹവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകള്‍ അക്കാര്യമാണ് പഠിപ്പിക്കുന്നത്.
തനിക്കുവേണ്ടി അവരെ വിവാഹം ചെയ്യാനായി അംറുബ്നു ഉമയ്യത്തുദ്ദമരി എന്ന സ്വഹാബിയെ നബി (സ) നജ്ജാശിയുടെയടുത്തേക്ക് പറഞ്ഞയച്ചുവെന്നും അങ്ങനെ അദ്ദേഹമാണ് നബി(സ)ക്ക് വേണ്ടി ആ നികാഹ് സ്വീകരിച്ചതെന്നും ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു (അസ്സുനനുല്‍ കുബ്റാ: 14169).
ഉപര്യുക്ത സംഭവം ഉദ്ധരിച്ച ശേഷം അല്ലാമാ ശൗകാനി പറയുന്നു: തനിക്കുവേണ്ടി നികാഹ് സ്വീകരിക്കാന്‍ പറ്റിയയാളെ വക്കീലാക്കാന്‍ പറ്റുമെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട് (നൈലുല്‍ ഔത്വാര്‍: 6/221).
വിവര സാങ്കേതിക  വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ നികാഹ് സാധുവാകുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്. ഇത് തികച്ചും പുതിയ വിഷയമാകയാല്‍ മുന്‍കാല ഫുഖഹാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കുക എന്നത് സ്വാഭാവികമാണ്. ഇത്തരം സൗകര്യങ്ങളക്കുറിച്ച് അവര്‍ക്ക് നിശ്ചയമില്ലാതിരുന്ന കാലത്ത് അവര്‍ പ്രകടിപ്പിച്ച കാര്യങ്ങള്‍ അതേപടി ഇവിടെ ബാധകമാക്കുന്നതിലെ അനൗചിത്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മൗലികമായി ഹറാമായ ഒരു ബന്ധം ശരീഅത്ത് നിശ്ചയിച്ച ഉപാധികളിലൂടെ ഹലാലായിതീരുകയാണല്ലോ വിവാഹത്തിലൂടെ സംഭവിക്കുന്നത്. അതുപോലെതന്നെ കുടുംബ ജീവിതത്തില്‍ ഭാവിയില്‍ വല്ല പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായാല്‍ നിഷേധമോ അവ്യക്തതയോ ഉണ്ടാകാതിരിക്കാന്‍ വളരെ കര്‍ശനമായ നിബന്ധനകളാണ് വിവാഹക്കരാറിന് ഇസ്ലാം വെച്ചിട്ടുള്ളത്. അതിനാല്‍ ശാസ്ത്ര-സാങ്കേതികവിദ്യ ഇത്രമേല്‍ വികസിച്ച ആധുനിക കാലത്ത്, മുന്‍ചൊന്ന ആശങ്കകളൊന്നുമില്ലാത്ത രൂപത്തില്‍ കരാറിലേര്‍പ്പെടുന്നവര്‍ക്കോ സാക്ഷികള്‍ക്കോ ശാരീരികമായല്ലെങ്കിലും അതേ പദവിയിലുളള ഡിജിറ്റല്‍ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് വിവാഹം നടത്താമെങ്കില്‍ അങ്ങനെയാവാമെന്നാണ് ആധുനിക ഫുഖഹാക്കളില്‍ ചിലരുടെ വീക്ഷണം.
നോട്ടം പോലും നിയന്ത്രിക്കണമെന്ന് അല്ലാഹു കല്‍പ്പിച്ച, തികച്ചും അന്യരായ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ എല്ലാ അര്‍ഥത്തിലും കൂടിച്ചേരാനും, ലൈംഗിക സംസര്‍ഗത്തിലേര്‍പ്പെടാനും വരെ അനുവാദം നല്‍കുന്ന കാര്യമാണ് വിവാഹക്കരാര്‍. ബലിഷ്ഠമായ കരാര്‍ എന്നാണ് അതേ കുറിച്ച് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുള്ളത്. അത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത് പിന്നീട് തര്‍ക്കത്തിനോ വിവാദത്തിനോ സംശയത്തിനോ ദുരൂഹതക്കോ ഇടയില്ലാത്ത വിധത്തിലും അനിഷേധ്യമായ രൂപത്തിലും ആയിരിക്കാന്‍ എന്തെല്ലാം ഉപാധികള്‍ ആവശ്യമാണോ അതെല്ലാം ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലൊക്കെ അവര്‍ കാണിച്ച നിഷ്‌കര്‍ഷയും കണിശതയും സൂക്ഷ്മതയും സമ്മതിച്ചേ മതിയാവൂ.
ഇവിടെ ഓണ്‍ലൈന്‍ വഴി നികാഹ് നടത്തുമ്പോള്‍ ഇപ്പറഞ്ഞ രൂപത്തില്‍ സുതാര്യമായും, സംശയത്തിനോ തര്‍ക്കത്തിനോ പഴുതില്ലാത്ത വിധത്തിലും, കോടതികളില്‍ പോലും സ്വീകാര്യമായ രൂപത്തിലുമാണെങ്കില്‍ അങ്ങനെയുള്ള വിവാഹക്കരാറുകള്‍ പരിഗണനീയമാണെന്ന് വെക്കുന്നതില്‍ എന്താണ് കുഴപ്പം എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.
അതേസമയം ഇപ്പറഞ്ഞതെല്ലാം ഒരു ഭാഗത്ത് ശരിയായിരിക്കെ തന്നെ ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ പല തരത്തിലുമുള്ള തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും, അങ്ങനെ കബളിപ്പിക്കപ്പെട്ട  സംഭവങ്ങള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി എന്തിനാണ് ഇത്തരം വഴികള്‍ അവംലംബിക്കുന്നത് എന്നാണ് മറു വിഭാഗം ചോദിക്കുന്നത്; വിശിഷ്യാ ബദല്‍ മാര്‍ഗം റസൂല്‍ (സ) തന്നെ പഠിപ്പിച്ചിരിക്കെ.
അതിനാല്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം വക്കാലത്ത് തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലതാനും. ഓണ്‍ലൈന്‍ വിവാഹം കുറ്റമറ്റതും സംശയത്തിന് പഴുതില്ലാത്ത വിധത്തിലും ആകുമ്പോള്‍ സ്വീകാര്യമാണ് എന്നത് ഒരു ഇജ്തിഹാദി വീക്ഷണം എന്നുള്ള നിലക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ മറുവീക്ഷണം പിന്‍പറ്റുന്നതിനെ ആക്ഷേപിക്കേണ്ടതുമില്ല.

വിവാഹത്തിന്റെ അടിസ്ഥാന ഘടകങ്ങളും ഉപാധികളും വ്യക്തമാക്കുന്ന ചില ഹദീസുകള്‍ കാണുക:
ആഇശ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: റസൂല്‍ (സ) അരുളി: രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഒരു സ്ത്രീ വിവാഹം കഴിച്ചാല്‍ അവരുടെ വിവാഹം അസാധുവാണ്. അവരുടെ വിവാഹം അസാധുവാണ്. അവരുടെ വിവാഹം അസാധുവാണ്. അവന്‍ അവളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അതിന്റെ പേരില്‍ അവള്‍ക്ക് മഹ്റിന് അവകാശമുണ്ടായിരിക്കും. രക്ഷാധികാരിയുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ രക്ഷാധികാരി ഇല്ലാത്തവരുടെ രക്ഷാധികാരി ഭരണാധികാരിയാണ് (മുസ്നദ് അഹ്മദ്: 2425). മുസ്നദിന്റെ സംശോധകര്‍ ഈ ഹദീസ് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: രക്ഷാധികാരിയോ നീതിമാന്മാരായ രണ്ടു സാക്ഷികളോ ഇല്ലാതെ ഒരു വിവാഹവുമില്ല (ദാറഖുത്നി: 3578).
ഹസനി(റ)ല്‍നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: ഒരു രക്ഷാധികാരിയും മഹ്റും നീതിമാന്മാരായ രണ്ടു സാക്ഷികളും ഇല്ലാതെ ഒരു വിവാഹവും അനുവദനീയമാവുകയില്ല. ഇമാം ശാഫിഈ (റ) പറഞ്ഞു: ഈ ഹദീസിന്റെ നിവേദക പരമ്പര നബി(സ)യിലേക്കെത്താതെ കണ്ണിമുറിഞ്ഞതാണെങ്കിലും, പണ്ഡിതന്മാരില്‍ അധിക പേരും അങ്ങനെതന്നെയാണ് പറഞ്ഞിട്ടുള്ളത്. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസം സാക്ഷികള്‍ ഉണ്ടായിരിക്കലാണെന്നും അവര്‍ പറയുകയുണ്ടായി (ബൈഹഖി സുനനുല്‍ കുബ്റായില്‍ ഉദ്ധരിച്ചത്: 14090).
ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി (സ) പറയുന്നു: വ്യഭിചാരിണികളാണ് സാക്ഷികളില്ലാതെ പരസ്പരം വിവാഹം ചെയ്യുന്നവര്‍ (ബൈഹഖി സുനനുല്‍ കുബ്റായില്‍ ഉദ്ധരിച്ചത്: 14093). ഇമാം ശാഫിഈ (റ) പറഞ്ഞു: ഇത് ഇബ്നു അബ്ബാസില്‍നിന്നും, അദ്ദേഹത്തെപ്പോലുള്ള പ്രവാചകാനുചരന്മാരില്‍നിന്നും സ്ഥിരപ്പെട്ടതാണ് (ബൈഹഖി സുനനുല്‍ കുബ്റായില്‍ ഉദ്ധരിച്ചത്: 14094).
ഇത്തരം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ വിവാഹത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് വിശദീകരിച്ചിരിക്കുന്നു. ഉദാഹരണമായി ഇമാം റംലി രേഖപ്പെടുത്തുന്നത് കാണുക: നികാഹിന് അഞ്ച് ഘടകങ്ങള്‍ ഉണ്ടാകണം. വരന്‍, വധു, വലിയ്യ്, രണ്ടു സാക്ഷികള്‍, വാചകം എന്നിവയാണവ (നിഹായത്തുല്‍ മുഹ്താജ്). 
വലിയ്യിന്റെ വാചകം ഈജാബും വരന്റേത്  ഖബൂലുമാണ്. സമീപത്തുള്ളവര്‍ കേള്‍ക്കും വിധത്തില്‍ അവ ഉച്ചരിക്കല്‍ ശര്‍ത്വാണ്. ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: സമീപത്തുള്ളവര്‍ കേള്‍ക്കല്‍ ശര്‍ത്വാണ് (തുഹ്ഫ 7 / 216).
ഓരോ സാക്ഷിയും നികാഹിന്റെ (ഈജാബിന്റെയും ഖബൂലിന്റെയും) നിര്‍ബന്ധമായ മുഴുവന്‍ പദങ്ങളും അക്ഷരങ്ങളും കേള്‍ക്കേണ്ടതാണ്. അവരുടെ രണ്ടു പേരുടെയും വാചകങ്ങളുടെ ഭാഷ ഓരോ സാക്ഷിക്കും മനസ്സിലാവുകയും ആ സമയത്ത് തന്നെ അവരെ കാണുകയും വേണം. അല്ലാത്തപക്ഷം നികാഹ് സ്വഹീഹാവുകയില്ല. രണ്ടാളുകള്‍ക്കിടയിലും പരസ്പരം കാണുന്ന ചില്ലിന്റെ ഭിത്തിയുണ്ടാകുന്നതിന് വിരോധമില്ല.
ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'നികാഹിന്റെ ഓരോ അംശത്തിലും സാക്ഷികളുടെ സാന്നിധ്യം ശര്‍ത്വാണ്' (തുഹ്ഫ).
'സാക്ഷികള്‍ സന്നിഹിതരാകലും ചടങ്ങിന്റെ രൂപം സാക്ഷ്യം വഹിക്കലുമാണ് നിര്‍ബന്ധമായത്' (ഇആനതുത്ത്വാലിബീന്‍: 3 - 466).
ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'രണ്ടു സാക്ഷികളും മനപ്പൂര്‍വമോ യാദൃഛികമായോ ഈജാബിന്റെയും ഖബൂലിന്റെയും നികാഹ് സാധുവാകാനാവശ്യമായ നിര്‍ബന്ധ ഭാഗങ്ങള്‍ കേള്‍ക്കുമ്പോളാണ് ഇരു സാക്ഷികളുടെയും സാന്നിധ്യമുണ്ടാകുക' (തുഹ്ഫ 7 / 227).
ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'സാക്ഷ്യം വഹിക്കുന്നത് സംസാരമായതിനാല്‍ സാക്ഷികള്‍ ആ സംസാരം ശരിക്കും കേള്‍ക്കലും സംസാരിക്കുന്നവനെ കാണലും ശര്‍ത്വാണ്.... ഇരുകക്ഷികളുടെയും ഭാഷ അറിയലും ശര്‍ത്വാണ്' (തുഹ്ഫ 7 / 228). 
ഫത്ഹുല്‍ മുഈനിലും അതേ കാര്യം പറയുന്നത് കാണുക:
ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'വാക്കുകള്‍ കേള്‍ക്കുന്ന വേളയില്‍ തന്നെ പറയുന്നവനെ കാണണമെന്നതും ശര്‍ത്വാണ്. അത് ഗ്ലാസിനു പിന്നില്‍ നിന്നാണെങ്കിലുമെന്നാണ് വ്യക്തമാകുന്നത്' (തുഹ്ഫ 10 / 258).
ഓണ്‍ലൈന്‍ നികാഹില്‍ രണ്ടു പക്ഷത്തിന്റെയും സമീപത്ത് വെവ്വേറെ സാക്ഷികളാണുണ്ടാവുക എന്ന പ്രശ്നമുണ്ട്, ഈജാബിന്റെയും ഖബൂലിന്റെയുമിടയില്‍ വിടവ് സംഭവിക്കുന്നില്ലെങ്കിലും, രണ്ടിന്റെയും സാക്ഷികള്‍ ഒരേ ആളുകളല്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. ഒരേ സാക്ഷികള്‍ തന്നെ ഈജാബും ഖബൂലും പൂര്‍ണമായും നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്യണമെന്നാണ് നിബന്ധന. ഇവിടെയാകട്ടെ, ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ രൂപം സ്‌ക്രീനില്‍ കാണുകയും ശബ്ദം കേള്‍ക്കുകയും മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ അങ്ങനെ കാണുകയോ കേള്‍ക്കുകയോ ചെയ്തതുകൊണ്ട് കാര്യമില്ല. അതിനാല്‍ പ്രസ്തുത നികാഹ് സാധുവാകുന്നതല്ല. ഇതാണ് ഓണ്‍ലൈന്‍ നികാഹ് സാധുവാകില്ല എന്ന് പറയുന്നവരുടെ ന്യായം. എന്നാല്‍ ഓണ്‍ലൈന്‍ നികാഹ് എല്ലാവരും ലൈവായിതന്നെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. നേര്‍ക്കുനേരെയല്ല എന്നുമാത്രം. ചില്ലുഗ്ലാസിനു പിന്നിലായാലും മതി എന്ന് അക്കാലത്ത് ഫുഖഹാക്കള്‍ പറഞ്ഞെങ്കില്‍, സ്‌ക്രീനില്‍ ലൈവായി ചടങ്ങു വീക്ഷിക്കുന്നവര്‍ ഒരേ വേദിയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷിയാകുന്നതുപോലെ പരിഗണിക്കാവുന്നതേയുള്ളൂ. അതിനാല്‍ ഇത്തരം ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ല. ഇന്നാകട്ടെ കോടതി വിസ്താരം മുതല്‍ ഏതാണ്ടെല്ലാ കാര്യങ്ങളും ഓണ്‍ലൈനായി നടക്കുകയും ചെയ്യുന്നു.
അസാന്നിധ്യത്തിലുള്ളയാള്‍ക്ക് നികാഹ് ചെയ്തുകൊടുക്കല്‍ സാധുവല്ല. ഓണ്‍ലൈന്‍ നികാഹ് സാധുവാകില്ല എന്ന് പറയുന്നവരുടെ മറ്റൊരു ന്യായം. ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'ഞാന്‍ ഇന്നയാള്‍ക്ക് എന്റെ മകളെ വിവാഹം ചെയ്തുകൊടുത്തു എന്നു പറഞ്ഞു എന്നിട്ട് എഴുതി, അല്ലെങ്കില്‍ അഭാവത്തിലുള്ളയാളുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു അങ്ങനെ അയാള്‍ ഖബൂല്‍ ചെയ്തു, എങ്കിലതും സാധുവല്ല' (തുഹ്ഫ 7 / 223).
ഈജാബിന്റെ രൂപം ഓണ്‍ലൈനില്‍ കണ്ടയുടന്‍ ഖബൂല്‍ ചെയ്താലും സാക്ഷികള്‍ വേറെയായതിനാല്‍ സാക്ഷ്യത്തിന്റെ സാധുതക്ക് അത് പ്രതിബന്ധമാണ്. ഇമാം നവവി പറയുന്നു: 'ഈജാബിന് സാക്ഷികളാകുന്നത് ആരാണോ അവരുടെ സാന്നിധ്യത്തില്‍ തന്നെ ഖബൂല്‍ സംഭവിക്കല്‍ ശര്‍ത്വാണ്' (റൗള - 1176).
കാരണം ഈജാബിനും ഖബൂലിനും വെവ്വേറെ സാക്ഷികള്‍ പറ്റില്ല. മൊത്തം നികാഹിനാണ് സാക്ഷികള്‍ വാഹകരാകേണ്ടത്. 'ഖാദിയുടെയടുത്ത് (കോടതിയില്‍) നികാഹ് സ്ഥിരപ്പെടുത്താന്‍ മാത്രമല്ല സാക്ഷികളുടെ വിശേഷണങ്ങള്‍ പരിഗണിക്കപ്പെടുന്നത്. പ്രത്യുത, നികാഹ് സാധൂകരിക്കപ്പെടാന്‍ തന്നെ അവ നിബന്ധനയാണ്' (ഖല്‍യൂബി 4 / 219).
അതുകൊണ്ടുതന്നെ നികാഹിന്റെ സാക്ഷികള്‍ കോടതിയില്‍ സ്വീകാര്യരാകുക എന്നത് മാത്രം മാനദണ്ഡമായാല്‍ പോരാ. ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി പറയുന്നു: 'വാചകം ഗ്രഹിക്കാന്‍ യോഗ്യന്‍ സന്നിഹിതനാവലാണ് മാനദണ്ഡം. നികാഹ് അവനെ കൊണ്ട് സ്ഥിരപ്പെടണമെന്നില്ല' (തുഹ്ഫ 7 / 227).
ഇവിടെ സാക്ഷികള്‍ വേറെയാകുന്ന പ്രശ്നമേയില്ല. കാരണം ഓണ്‍ലൈനില്‍ ചടങ്ങ് വീക്ഷിക്കുന്നവരെല്ലാം സാക്ഷികളാണ്. അവര്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ വെച്ച് സ്‌ക്രീനില്‍ ലൈവായി കാണുകയാണ്. അതിനാല്‍ ഈ ന്യായം പറഞ്ഞും ഇതിനെ നിഷേധിക്കാന്‍ തരമില്ല.
ചുരുക്കത്തില്‍, ഭിന്നാഭിപ്രായമുള്ളത് ഒഴിവാക്കി അഭിപ്രായവ്യത്യാസമില്ലാത്തത് സ്വീകരിക്കുക എന്നതാണ് ഉത്തമമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടവര്‍ ദൃക്സാക്ഷികളായികൊണ്ട് ചടങ്ങ് സംഘടിപ്പിക്കുകയും വിവാഹക്കരാറിന് നേരിട്ട് ഹാജരാവാന്‍ കഴിയാത്ത കക്ഷി, യോഗ്യനായ ഒരാള്‍ക്ക് വക്കാലത്ത് നല്‍കുകയും ചെയ്യുക എന്ന രൂപമായിരിക്കും ഏറ്റവും ഉത്തമം. അല്ലാഹു അഅ്ലം.

Comments