Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

വിശ്വ നായകന്‍

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടില്‍ പ്രവാചക ചരിത്രത്തില്‍ രചിക്കപ്പെട്ട ശ്രദ്ധേയമായ രചനകളിലൊന്നാണ്  സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മൂന്ന് വാല്യത്തിലുള്ള സീറത്തെ സര്‍വറെ ആലം. എന്നാല്‍ ഈ ഗ്രന്ഥം പൂര്‍ണമായും നബി ചരിത്രത്തിലെ ഒരു സ്വതന്ത്ര രചനയല്ല,  മറിച്ച് തഫ്ഹീമുല്‍ ഖുര്‍ആന്‍ അടക്കമുള്ള മൗദൂദിയുടെ ഇതര രചനകളില്‍ നിന്ന് സമാഹരിച്ചതാണ്. ഒന്നാം വാല്യം പൂര്‍ണമായും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ കുറിച്ച ദാര്‍ശനിക ചര്‍ച്ചയാണ്. രണ്ടും മൂന്നും വാല്യങ്ങളിലാണ് പ്രവാചക ചരിത്രമുള്ളത്. രണ്ടാം വാല്യം പ്രവാചകന്റെ മക്കാ ജീവിതവും മൂന്നാം  വാല്യം മദീന ജീവിതവുമാണ്. അതില്‍ രണ്ടാം വാല്യത്തിന്റെ ആമുഖത്തിന്റെ വിവര്‍ത്തനമാണിത്. ഈ ആമുഖം കൃതിക്ക് വേണ്ടി  മൗദൂദി പ്രത്യേകം തയാറാക്കിയതാണ്.

വിശ്വ നായകന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ പ്രവാചകനാണ് മുഹമ്മദ് നബി. മനുഷ്യരുടെ മാര്‍ഗ ദര്‍ശനത്തിനായി മുഹമ്മദ് നബിക്ക് മുമ്പും മഹാന്മാരായ വ്യക്തിത്വങ്ങള്‍ ലോകത്ത് പലപ്പോഴും ഉയിരെടുത്തു കൊണ്ടിരുന്നു. അവര്‍ തങ്ങളുടെ വാക്ക് കൊണ്ടും കര്‍മം കൊണ്ടും ജനങ്ങള്‍ക്ക്  സത്യത്തിന്റെയും ന്യായത്തിന്റെയും ശരിയായ ദിശ കാണിച്ച് കൊടുത്തു കൊണ്ട് തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ മനുഷ്യര്‍ പലപ്പോഴും അവരുടെ ഈ ഔദാര്യത്തിന് പ്രത്യുപകാരം ചെയ്തത് അക്രമത്തിന്റെയും അനീതിയുടെയും രൂപത്തിലാണ്. അവരുടെ സന്ദേശത്തില്‍ നിന്ന് പുറം തിരിഞ്ഞു പോവുകയും അവരുടെ സത്യസന്ധതയെ കളവാക്കുകയും അവരുടെ പ്രബോധനത്തെ തള്ളിക്കളയുകയും അവരുടെ പാതയില്‍ പല പ്രയാസങ്ങളും സൃഷ്ടിക്കുകയും ചെയ്തിരുന്ന ശത്രുക്കള്‍ മാത്രമല്ല അവരോട് ഈ അക്രമവും അനീതിയും ചെയ്തത്. മറിച്ച് അവരെ വിശ്വസിച്ച അനുയായികളും ഈ അക്രമം മറ്റൊരു തരത്തില്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് ശേഷം അവരുടെ അധ്യാപനങ്ങളെ മാറ്റി മറിച്ചും അവര്‍ കൊണ്ടു വന്ന ഗ്രന്ഥങ്ങളില്‍  മാറ്റത്തിരുത്തലുകള്‍ വരുത്തിയും അവരുടെ വ്യക്തിത്വത്തിന്  ദൈവിക പരിവേഷം നല്‍കിയുമാണ് അവര്‍ ഈ അക്രമം ചെയ്തത്. ആദ്യത്തെ രൂപത്തിലുള്ള അക്രമം അവരുടെ ജീവിത കാലത്തോ അല്ലെങ്കില്‍ മരണാനന്തരം കുറച്ച് കാലത്തേക്കോ മാത്രം പരിമിതമാണ്. എന്നാല്‍ രണ്ടാമത്തെ അക്രമം അവര്‍ക്കു ശേഷവും നൂറ്റാണ്ടുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും; അവരില്‍ പലരോടുമുള്ള ഇത്തരം അക്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ലോകത്ത് നിയോഗിതരായിട്ടുള്ള എല്ലാ സത്യ പ്രബോധകരും തങ്ങളുടെ ജീവിതമത്രയും വ്യയം ചെയ്തത്, മനുഷ്യര്‍ ഏക ദൈവത്തെ ഉപേക്ഷിച്ച് തങ്ങള്‍ പ്രതിഷ്ഠിച്ചു വെച്ചിരുന്ന എല്ലാ കള്ള ദൈവങ്ങളുടെയും ദിവ്യത്വം അവസാനിപ്പിക്കാനാണ്. പക്ഷേ എപ്പോഴും സംഭവിച്ചത്, അവര്‍ക്കു ശേഷം അവരുടെ അനുയായികള്‍ ജാഹിലി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തന്നെ ദൈവമോ ദൈവത്തിന്റെ പങ്കാളിയോ ആക്കുകയും ഏതൊന്നിനെ തകര്‍ക്കാനാണോ തങ്ങളുടെ ആയുസ് മുഴുവന്‍ അവര്‍ ചെലവഴിച്ചത് അതേ വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ അവരെ കൂടി ഉള്‍പ്പെടുത്തുകയുമാണ്.
മനുഷ്യരില്‍ മാലാഖമാരുടെ ഗുണം ഉണ്ടാകാമെന്നത് വിശ്വസിക്കാന്‍ മനുഷ്യന് വലിയ പ്രയാസമാണ്. കാരണം അവര്‍ അവരെ തന്നെ കാണുന്നത് കേവലം ദൗര്‍ബല്യങ്ങളുടെയും കുറവുകളുടെയും മാത്രം ഒരു സമാഹാരമായിട്ടാണ്. മാനുഷിക സവിശേഷതകള്‍  നിലനിര്‍ത്തിക്കൊണ്ടു തന്നെ വിശുദ്ധിയുടെ കാര്യത്തില്‍ മാലാഖമാരേക്കാള്‍  ഉയര്‍ന്ന വിതാനം പ്രാപിക്കാനുള്ള  കഴിവ് ദൈവം മനുഷ്യരില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്ന വസ്തുത ഗ്രഹിക്കാന്‍  പലപ്പോഴും അവരുടെ ബുദ്ധിക്ക് കഴിയാറില്ല. അതുകൊണ്ടാണ് ഈ ലോകത്ത് എപ്പോഴെങ്കിലും ഒരു മനുഷ്യന്‍  ദൈവത്തിന്റെ പ്രതിനിധിയായി സ്വന്തത്തെ അവതരിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ വര്‍ഗക്കാര്‍ തുടക്കത്തില്‍ ഇയാള്‍ നിങ്ങളെ പോലെ എല്ലും മാംസവും ഉള്ള ഒരു മനുഷ്യന്‍ മാത്രമാണെന്ന് പറഞ്ഞ് ആ ദൈവിക മാര്‍ഗദര്‍ശകനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തതും, പിന്നീട് അദ്ദേഹത്തിലെ അസാധാരണമായ നന്മകള്‍ കണ്ട് ആ അസാധാരണ നന്മയുടെ ഉടമ ഒരിക്കലും മനുഷ്യനാകില്ല എന്ന തീര്‍പ്പോടെ അദ്ദേഹത്തിന് മുമ്പില്‍ തല കുനിക്കുന്നതും. പിന്നീട് അവരില്‍ ചിലര്‍ അദ്ദേഹത്തെ ദൈവമാക്കുന്നു. മറ്റ് ചിലര്‍ അവതാര സങ്കല്‍പം ആവിഷ്‌കരിച്ച് ദൈവം അവരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. വേറെ ചിലര്‍ അവരില്‍ ദൈവിക ഗുണങ്ങളോ ദൈവത്തിന്റെ അധികാരങ്ങളോ സങ്കല്‍പ്പിക്കുന്നു. മറ്റ് ചിലര്‍ അവരെ ദൈവ പുത്രനായി വിധിക്കുന്നു. പല മതങ്ങള്‍ക്കും തങ്ങളുടെ മത സ്ഥാപകനെ കുറിച്ച സങ്കല്‍പം ഏറക്കുറെ ഇങ്ങനെയൊക്കെയാണ്.
ലോകത്തെ ഏതൊരു മതാചാര്യന്റെ ജീവിതമെടുത്ത് നോക്കിയാലും കാണാവുന്ന വസ്തുത  അവരുടെ വ്യക്തിത്വത്തോട്  ഏറ്റവും കടുത്ത ആക്രമം ചെയ്തിട്ടുള്ളത് അവരുടെ ഭക്തരായ അനുയായികള്‍ തന്നെയാണ് എന്നതാണ്. അവരുടെ യഥാര്‍ഥ രൂപവും ഭാവവും കാണാന്‍ തന്നെ പറ്റാത്ത വിധം തങ്ങളുടെ ഊഹങ്ങളുടെയും ഭാവനകളുടെയും പര്‍ദ കൊണ്ട് അവരുടെ വ്യക്തിത്വത്തെ മൂടുകയാണ് ഈ അനുയായികള്‍ ചെയ്തത്. മാത്രമല്ല, അവര്‍ കൊണ്ടു വന്ന ഗ്രന്ഥങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയതിലൂടെ അവരുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ മാത്രമല്ല തിരിയാതെയായത്. മറിച്ച് അവ സത്തയില്‍ തന്നെ എന്തായിരുന്നുവെന്ന് പോലും മനസ്സിലാക്കാന്‍ പറ്റാതെയായി. അവരുടെ ജനനത്തില്‍ അത്ഭുതം, അവരുടെ ശൈശവത്തില്‍ അത്ഭുതം, അവരുടെ യുവത്വത്തിലും വാര്‍ധക്യത്തിലും അത്ഭുതം, അവരുടെ ഓരോ ജീവിത നിമിഷത്തിലും അത്ഭുതം. അവരുടെ മരണത്തില്‍ വരെ അത്ഭുതം. ചുരുക്കത്തില്‍ അവരുടെ ജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇതിഹാസ കഥ പോലെയാണ് തോന്നുക. അവര്‍ തനിയെ തന്നെ ദൈവമാണ്, അല്ലെങ്കില്‍ ദൈവ പുത്രനാണ്, അതുമല്ലെങ്കില്‍ ദൈവത്തിന്റെ അവതാരങ്ങളോ,  ചുരുങ്ങിയത് ദൈവികതയില്‍ ഏതോ നിലക്ക് പങ്കുകാരോ ആണ് എന്ന രീതിയിലാണ് അവര്‍ അവതരിപ്പിക്കപ്പെടുന്നത്.

ഗൗതമ ബുദ്ധന്‍

ഉദാഹരണത്തിന് ഗൗതമ ബുദ്ധനെ എടുത്തു നോക്കൂ. ബുദ്ധനെ നാം ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാകുന്നത് ബ്രാഹ്മണ്യത്തിനെതിരെ കലാപം ചെയ്ത ഇഛാ ശക്തിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം എന്നാണ്. പ്രത്യേകിച്ചും  തന്റെ കാലത്തെ ജനം തങ്ങളുടെ ആരാധ്യരാക്കി വെച്ചിരുന്ന അനേകം ഉണ്മകളുടെ ദിവ്യത്വത്തെ അദ്ദേഹം തള്ളിക്കളയുക വരെ ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന് ഒരു നൂറ്റാണ്ട് പോലും പിന്നിടുന്നതിനു മുമ്പ് തന്നെ വൈശാലി കൗണ്‍സിലില്‍ വെച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധന്റെ മുഴുവന്‍ അധ്യാപനങ്ങളും മാറ്റുകയും യഥാര്‍ഥ സൂത്രങ്ങള്‍ക്ക് പകരം പുതിയ സൂത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. അതിലൂടെ അവര്‍ ഒരു ഭാഗത്ത് ദൈവത്തെ കുറിച്ച പരാമര്‍ശം പോലും ഇല്ലാത്ത വിശ്വാസ സംഹിതകള്‍ തങ്ങളുടെ ഊഹങ്ങളും ഭാവനകളും വെച്ച്  ബുദ്ധന്റെ പേരിലുള്ള മതത്തില്‍ ആരോപിക്കുകയും മറുഭാഗത്ത് എല്ലാ കാലത്തും ലോകത്തിന്റെ പരിഷ്‌കരണത്തിനായി ബുദ്ധനായി അവതരിക്കുന്ന പ്രകൃത്യാതീത ശക്തിയായി ബുദ്ധനെ സങ്കല്‍പ്പിക്കുകയും ചെയ്തു. ബുദ്ധന്റെ ജനനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ മുമ്പും പിമ്പുമുള്ള ജന്മങ്ങളെ കുറിച്ചുമെല്ലാമുള്ള അങ്ങേയറ്റം അത്ഭുതകരമായ ഇതിഹാസ കഥകളാണ് മെനഞ്ഞുണ്ടാക്കിയത്. അത് വായിച്ചിട്ട് പ്രഫസര്‍ വില്‍സനെ പോലുള്ള പാശ്ചാത്യ ഗവേഷകര്‍ ആശ്ചര്യപ്പെടുകയും ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിട്ടില്ല എന്ന് വരെ പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കകം ബുദ്ധനെ കുറിച്ചുള്ള ഇതിഹാസങ്ങള്‍ ബുദ്ധന് ചുറ്റും ദിവ്യത്വത്തിന്റെ പരിവേഷം നല്‍കി. കനിഷ്‌കന്റെ ഭരണ കാലത്ത് കശ്മീരില്‍ ചേര്‍ന്ന ബുദ്ധ പണ്ഡിതന്മാരുടെയും ഭിക്ഷുക്കളുടെയും ഒരു കൗണ്‍സില്‍ തീരുമാനിച്ചത് ബുദ്ധന്‍ യഥാര്‍ഥത്തില്‍ ദൈവത്തിന്റ ഭൗതിക പ്രകാശനമാണെന്നാണ്. ദൈവം ബുദ്ധന്റെ ശരീരത്തില്‍ അവതാരമെടുത്തു എന്ന പ്രയോഗമാണ് കൗണ്‍സില്‍ നടത്തിയത്.

രാമന്‍

ഇങ്ങനെ തന്നെയാണ് രാമചന്ദ്രജിയോടും അനുയായികള്‍ പെരുമാറിയത്. രാമായണം വായിച്ചാല്‍ നമുക്ക് മനസ്സിലാകുന്നത് രാമന്‍ കേവലം ഒരു മനുഷ്യനായിരുന്നുവെന്നാണ്. സല്‍സ്വഭാവം, നീതിബോധം, ധീരത, ഉദാരത, വിനയം, ത്യാഗ സന്നദ്ധത തുടങ്ങിയവയില്‍ പൂര്‍ണത പ്രാപിക്കാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ദിവ്യത്വത്തിന്റെ യാതൊരു അംശവും അദ്ദേഹത്തിലുണ്ടായിരുന്നില്ല. പക്ഷേ ഇത്രത്തോളം ഉയര്‍ന്ന ഗുണങ്ങള്‍ ഒരു മനുഷ്യ വ്യക്തിയില്‍ സമ്മേളിക്കുക എന്നത് ഇന്ത്യക്കാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതിനാല്‍ രാമചന്ദ്രന്‍ മരിച്ച് കുറേകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മഹാ വിഷ്ണുവിന്റെ അവതാരമാണെന്ന വിശ്വാസം ഇന്ത്യക്കാരില്‍ പ്രബലപ്പെട്ടു. ലോകത്തിന്റെ പരിഷ്‌കരണത്തിനായി ഇടക്കിടെ ഉയിരെടുക്കുന്ന വിഷ്ണുവിന്റെ പല രൂപങ്ങളില്‍ ഒന്നാണ് രാമന്‍ എന്നാണ് വിശ്വാസം.

ശ്രീകൃഷ്ണന്‍

മുകളില്‍ പറഞ്ഞ രണ്ട് മഹത്തുക്കളേക്കാള്‍ പീഡിതനാണ് ഇക്കാര്യത്തില്‍ ശ്രീകൃഷ്ണന്‍. മാറ്റത്തിരുത്തലിന്റെ പല ഘട്ടങ്ങളും പിന്നിട്ട് നമ്മിലെത്തിയ ഭഗവദ്ഗീത പോലും ആഴത്തില്‍ വായിച്ചാല്‍ നമുക്ക് വ്യക്തമാകുന്നത് ദൈവത്തിന്റെ അപാര ശക്തിവിശേഷങ്ങളെ കുറിച്ച് കൂടെ കൂടെ ഉപദേശിച്ചിരുന്ന ഒരു ഏകദൈവ വിശ്വാസിയായിരുന്നു ശ്രീകൃഷ്ണന്‍ എന്നാണ്. എന്നാല്‍ മഹാഭാരതം, വിഷ്ണു പുരാണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളും ഭഗവദ്ഗീത തന്നെയും അവതരിപ്പിക്കുന്ന ശ്രീകൃഷ്ണന്‍ ഒരു ഭാഗത്ത് മഹാ വിഷ്ണുവിന്റെ ശാരീരിക രൂപവും ഉണ്മകളുടെ സ്രഷ്ടാവും പ്രപഞ്ചത്തിന്റെ കൈകാര്യകര്‍ത്താവുമാണെങ്കില്‍ മറു ഭാഗത്ത് ദൈവം പോയിട്ട് വിശുദ്ധരായ ദൈവദാസന്മാര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത ഒട്ടേറെ ദൗര്‍ബല്യങ്ങളുടെ ഉടമയുമാണ്. ഗീതയില്‍ കൃഷ്ണന്‍ ഇങ്ങനെ പറയുന്നത് കാണാം: 'ഈ ജഗത്തിന്റെ പിതാവും മാതാവും  പിതാമഹനും ജീവികള്‍ക്ക് കര്‍മങ്ങളുടെ ഫലത്തെ കൊടുക്കുന്നവനും അറിയപ്പെടേണ്ടതും പരിശുദ്ധവുമായ വസ്തുവും ഓം എന്ന് പ്രണവ മന്ത്രവും ഋക്ക് സാമം യജുസ്സെന്നീ വേദങ്ങളും ഞാന്‍ തന്നെയാകുന്നു. ഭരിക്കുന്നവനും സര്‍വത്തെയും നിയന്ത്രിക്കുന്നവനും സര്‍വത്തിന്റെയും ഇരിപ്പിടവും ആശ്രയവും ഹിതത്തെ ചെയ്യുന്നവനും ഉല്‍പ്പത്തി സ്ഥാനവും ലയ സ്ഥാനവും ആധാരവും സര്‍വത്തിന്റെയും നിക്ഷേപ സ്ഥാനവും ഒരിക്കലും നശിക്കാത്ത കാരണ വസ്തു(ബീജം)വും ഞാന്‍ തന്നെയാകുന്നു.'
'അല്ലയോ അര്‍ജുനാ, ഞാന്‍ ലോകത്തിന് ചൂട് നല്‍കുന്നു. മഴയെ തടഞ്ഞ് നിര്‍ത്തുകയും പെയ്യിക്കുകയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും ഞാന്‍ തന്നെയാകുന്നു' (ഗീത 9/1719).
'എന്റെ ഉല്‍പ്പത്തിയെ ദേവന്മാരും മഹര്‍ഷിമാരും കൂടി അറിയുന്നില്ല. എന്തെന്നാല്‍ ഞാന്‍ ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും എല്ലാ പ്രകാശത്തിനും ആദി കാരണമാണ്. എന്നെ ജന്മരഹിതനായും ആദിയില്ലാത്തവനായും ലോക മഹേശ്വരനായും ആരാണോ അറിയുന്നത് മനുഷ്യര്‍ക്കിടയില്‍ അജ്ഞാനമകന്നവനായ അവന്‍ സര്‍വ പാപങ്ങളില്‍ നിന്നും മുക്തനാകുന്നു' (ഗീത 10/1,2).
'അല്ലയോ അര്‍ജുനാ, സകല പ്രാണികളുടെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ആത്മാവ് ഞാനാകുന്നു. എല്ലാറ്റിന്റെയും ആദിയും മധ്യവും അവസാനവും ഞാന്‍ തന്നെയാകുന്നു. ദ്വാദശാദിത്യന്മാരില്‍ ഞാന്‍ വിഷ്ണുവാകുന്നു. ജ്യോതിര്‍ ഗോളങ്ങളില്‍ വളരെ രശ്മികളോടുകൂടിയ സൂര്യനും ഞാനാകുന്നു. സപ്തമരുത്തുക്കളില്‍ മരീചിയും നക്ഷത്രങ്ങളില്‍ ചന്ദ്രനും ഞാാന്‍ തന്നെയാകുന്നു' (ഗീത 10/20,21).
'അല്ലയോ അര്‍ജുനാ, എനിക്കുള്ള അര്‍പ്പണമായി (ഈശ്വരാര്‍പ്പണം) എല്ലാ കര്‍മങ്ങളും ചെയ്യുന്നവനും എന്നെ പ്രാപിക്കലാണ് പരമപുരുഷാര്‍ഥമെന്നു കരുതുന്നവനും എന്നില്‍ ദൃഢഭക്തിയുള്ളവനും ആസക്തികളെല്ലാമുപേക്ഷിച്ചവനും യാതൊരു ജീവിയിലും ദ്വേഷബുദ്ധിയില്ലാത്തവനുമായി ആരുണ്ടോ അവന്‍ എന്നെ പ്രാപിക്കുന്നു' (ഗീത 11/55).
'ജനിക്കാത്തവനും നശിക്കാത്തവനും ജീവജാലങ്ങളുടെ എല്ലാ നിയാമകനുമാണെങ്കിലും സ്വ പ്രകൃതിയെ ആശ്രയിച്ച് സ്വന്തം മായാശക്തി കൊണ്ട് ഞാന്‍ ജന്മമെടുക്കുന്നു.'
'അല്ലയോ അര്‍ജുനാ, എപ്പോഴെല്ലാം ധര്‍മത്തിന് തളര്‍ച്ചയും അധര്‍മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ ജന്മമെടുക്കുന്നു.
സന്മാര്‍ഗത്തില്‍ ചരിക്കുന്നവരെ സംരംക്ഷിക്കാനും അധര്‍മത്തില്‍ ചരിക്കുന്ന ദുര്‍ജനങ്ങളെ നശിപ്പിക്കാനും ധര്‍മത്തെ നില നിര്‍ത്താനുമായി ഞാന്‍ യുഗം തോറും ജന്മമെടുക്കുന്നു' (ഗീത 4/68).
ഗീതയുടെ ഈ പ്രസ്താവനകളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഗീതയിലെ കൃഷ്ണന്‍ ദൈവമാണെന്ന് വാദിക്കുന്നുവെന്നാണ്. മറുഭാഗത്ത് ഭാഗവതം അവതരിപ്പിക്കുന്ന കൃഷ്ണനാകട്ടെ കുളിക്കുന്ന ഗോപികമാരുടെ വസ്ത്രം ഒളിപ്പിച്ചു വെക്കുന്നവനും എത്ര ഗോപികമാരുണ്ടോ അവരോടൊത്തെല്ലാം രമിക്കുന്നതിനായി അത്രയും ശരീരങ്ങളില്‍ ജന്മമെടുക്കുന്നവനുമാണ്. ദൈവം അവതാര രൂപത്തില്‍ വരുന്നത് നല്ല ധര്‍മം പ്രചരിപ്പിക്കാനാണല്ലോ. എന്നാല്‍ ധര്‍മത്തിന്റെ സകല അടിസ്ഥാനങ്ങള്‍ക്കും വിരുദ്ധമായി മറ്റുള്ളവരുടെ ഭാര്യമാരുമായി അനാശാസ്യ ബന്ധം പുലര്‍ത്തുന്നു. ഇതെന്ത് ദൈവാവതാരമാണെന്ന് ആരോ ചോദിച്ചപ്പോള്‍ മഹര്‍ഷിയുടെ മറുപടി ഇപ്രകാരമായിരുന്നു: 'ദേവന്മാരും ചിലപ്പോള്‍ സല്‍പാന്ഥാവില്‍ നിന്ന് വ്യതിചലിച്ചുവെന്നിരിക്കാം. പക്ഷേ അഗ്‌നി എല്ലാ വസ്തുക്കളെയും കരിച്ചു കളയുന്നതായിട്ടുപോലും എപ്രകാരം ആക്ഷേപിക്കപ്പെടുന്നില്ലയോ അപ്രകാരം അവരുടെ കുറ്റങ്ങളും അവരില്‍ മോശമായ യാതൊരു സ്വാധീനവും ഉണ്ടാക്കുകയില്ല'.
ഉന്നതനായ ഏതെങ്കിലും ഒരു മതാധ്യാപകന്റെ ജീവിതം ഇത്രമാത്രം പാപപങ്കിലമാകുമെന്ന് സല്‍ബുദ്ധിയുള്ള ഒരു മനുഷ്യന് ചിന്തിക്കാനാകുമോ? സത്യസന്ധനായ ഒരു മതാചാര്യനും യഥാര്‍ഥത്തില്‍ മനുഷ്യരുടെയും പ്രപഞ്ചത്തിന്റെയും പടച്ചവനായി ഗീതയിലെ കൃഷ്ണനെ പോലെ സ്വയം അവതരിക്കുമെന്നും കരുതാനാവില്ല. സ്വന്തം ദൗര്‍ബല്യങ്ങള്‍ക്ക് ന്യായം കണ്ടെത്താനായി സമൂഹങ്ങള്‍ അവരുടെ അധ:പതന കാലത്ത് എപ്രകാരമാണ് മഹാന്മാരായ മനുഷ്യരുടെ ജീവിതത്തേ വളരെ മോശമായി ഒരു ഭാഗത്ത് അവതരിപ്പിക്കുകയും മറു ഭാഗത്ത് അവരുടെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി എപ്രകാരമാണ് ഇതിഹാസങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും ചെയ്യുന്നത് എന്ന കാര്യം ബൈബിളും ഖുര്‍ആനും താരതമ്യം ചെയ്ത് പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. കൃഷ്ണന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത് അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതവും അധ്യാപനങ്ങളും ഹിന്ദു മതത്തില്‍ അവതരിപ്പിക്കപ്പെട്ടതിന് തീര്‍ത്തും വിരുദ്ധമായിരിക്കുമെന്ന് സാരം.

ഈസാ നബി

പ്രവാചകനാണെന്ന് ഉറപ്പുള്ള മഹാന്മാരില്‍  ഇത്തരത്തിലുള്ള ഏറ്റവും വലിയ ആക്രമണം നടന്നത് ഈസാ പ്രവാചകന് നേരെയാണ്. ഏതൊരു മനുഷ്യനെയും പോലുള്ള മനുഷ്യന്‍ മാത്രമായിരുന്നു ഹസ്രത്ത് ഈസായും. എല്ലാ മനുഷ്യരിലുമുള്ള മനുഷ്യ ഗുണങ്ങളെല്ലാം അദ്ദേഹത്തിലുമുണ്ടായിരുന്നു. വ്യത്യാസം അല്ലാഹു അദ്ദേഹത്തിന് തത്ത്വജ്ഞാനവും പ്രവാചകത്വവും ചില അമാനുഷിക കഴിവുകളും നല്‍കി അധഃപതിച്ച ഒരു സമൂഹത്തെ പരിഷ്‌കരിക്കാനായി നിയോഗിച്ചുവെന്നത് മാത്രമാണ്. തുടക്കത്തില്‍ സ്വന്തം ജനത അദ്ദേഹത്തെ കളവാക്കുകയും  മൂന്ന് വര്‍ഷം തികച്ച് പോലും അദ്ദേഹത്തിന്റെ സാന്നിധ്യം സഹിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. എത്രത്തോളമെന്നാല്‍ യുവത്വ കാലത്ത് തന്നെ അദ്ദേഹത്തെ കൊന്നു കളയാന്‍ വരെ അവര്‍ പദ്ധതി ആസൂത്രണം  ചെയ്തു. എന്നാല്‍ അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ മഹത്വത്തിന്റെ വക്താക്കളായി മാറിയ അവര്‍ അദ്ദേഹത്തെ ദൈവത്തിന്റെ പുത്രന്‍ എന്നല്ല സാക്ഷാല്‍ ദൈവമായി തന്നെ കാണുന്നത്ര വിശ്വാസത്തില്‍ അതിരു കവിഞ്ഞു. ദൈവം മസീഹിന്റെ രൂപത്തില്‍ വന്ന് സ്വയം കുരിശിലേറി മനുഷ്യരുടെ പാപത്തിന് പ്രായശ്ചിത്തം ചെയ്തു എന്ന്  വരെ അവര്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപിച്ചു. മനുഷ്യന്‍ പ്രക്യത്യാ തന്നെ പാപിയായതിനാല്‍ സ്വന്തം കര്‍മം കൊണ്ട് അതില്‍ നിന്ന് മോചനം നേടാന്‍ സാധ്യമല്ലാത്തതിനാലാണ് യേശു കുരിശ് വരിച്ചത് എന്നാണ് വിശ്വാസം. അല്ലാഹുവില്‍ ശരണം! സത്യസന്ധനായ ഒരു പ്രവാചകന് തന്റെ നാഥന്റെ പേരില്‍ ഇത്ര വലിയ ആക്ഷേപം എങ്ങനെയാണ് ഉന്നയിക്കാനാവുക! എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ വിശ്വാസ തീവ്രത കാരണം അദ്ദേഹത്തിന് മേല്‍ ഈ ആക്ഷേപം കെട്ടിവെക്കുകയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കുകയും ചെയ്തു. അത് എത്ര മാത്രം ഗുരുതരമായ മാറ്റിമറിക്കലായി പോയിയെന്ന് വെച്ചാല്‍,  ഇന്ന് ലോകത്ത് പരിശുദ്ധ ഖുര്‍ആനിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളെ കുറിച്ചോ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചോ യാതൊരു അടയാളവും ഇല്ലാത്ത അവസ്ഥ വരെ സംജാതമായി. നാല് സുവിശേഷങ്ങള്‍ എന്ന് പുതിയ കാലത്ത് അറിയപ്പെടുന്ന ബൈബിള്‍ ഒന്നെടുത്ത് നോക്കൂ. യേശുവിന്റെ ദൈവികത, ദൈവ പുത്ര സ്ഥാനം തുടങ്ങിയവയെ കുറിച്ച് എത്രമാത്രം ദുഷിച്ച ഭാവനകളാണ് അതിലുള്ളത്. ചില സ്ഥലങ്ങളില്‍ 'നിന്റെ മകന്‍ ദൈവ പുത്രനാണെന്ന് മറിയമിന് സന്തോഷ വാര്‍ത്ത നല്‍കുന്നു' (മത്തായി 16.17). ചില സ്ഥലങ്ങളില്‍ മസീഹ് തന്നെ പറയുന്നത്, 'ഞാന്‍ ദൈവ പുത്രനാണന്നും എന്നെ നിങ്ങള്‍ക്ക് പരമ ശക്തിയുടെ വലത് ചാരത്ത് ഇരിക്കുന്നതായി കാണാം' (മാര്‍ക്കോസ് 14/62) എന്നുമാണ്. ചില സ്ഥലങ്ങളില്‍ പ്രതിഫല നാളുകളില്‍ ദൈവത്തിന് പകരം മസീഹിനെ സിംഹാസനത്തില്‍ ഇരുത്തുകയും രക്ഷാ ശിക്ഷകള്‍ അദ്ദേഹത്തെ കൊണ്ട് പ്രഖ്യാപിപ്പിക്കുകയും ചെയ്യുന്നു (മത്തായി 25/3146); ചില സ്ഥലങ്ങളില്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണെന്ന് മസീഹിന്റെ നാവ് കൊണ്ട് തന്നെ പറയിപ്പിക്കുന്നു (യോഹന്നാന്‍ 10/38). ചില സ്ഥലങ്ങളില്‍ ഞാന്‍ ദൈവത്തില്‍ നിന്ന് പുറപ്പെട്ടു വരികയാണെന്ന് വിശുദ്ധനായ ആ മനുഷ്യന്റെ നാവില്‍ തിരുകി കയറ്റുന്നു (യോഹന്നാന്‍ 8/420); ചില സ്ഥലങ്ങളില്‍ അദ്ദേഹത്തയും ദൈവത്തെയും തീര്‍ത്തും ഒന്നാക്കുന്നു. ആര് എന്നെ കണ്ടുവോ അവന്‍ പിതാവിനെ കണ്ടുവെന്നും പിതാവ് എന്റെ ഉള്ളില്‍ നിന്ന്  അവന്റെ പ്രവൃത്തി ചെയ്യുന്നു വെന്നും യേശുവിനെ കൊണ്ട് പറയിപ്പിക്കുന്നു (യോഹന്നാന്‍ 14/9,10); ചില സ്ഥലങ്ങളില്‍ ദൈവം തന്റെ ദൈവദത്തമായ എല്ല പ്രവര്‍ത്തനങ്ങളും മസീഹിന് ഏല്‍പ്പിച്ചുകൊടുക്കുന്നു (യോഹന്നാന്‍ 5/2022).
വിവിധ ജനസമൂഹങ്ങള്‍ ഇപ്രകാരം തങ്ങളുടെ മതാചാര്യന്മാരുടെ പേരില്‍ ഇത്ര വലിയ കളവ് ആരോപിക്കുന്നതിനുള്ള യാഥാര്‍ഥ കാരണം ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ വിശ്വാസ തീവ്രതയാണ്. അത് കൂടാതെ ഈ മഹത്തുക്കളുടെ മരണ ശേഷമോ തിരോധാന ശേഷമോ പലപ്പോഴും അവരുടെ അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലിഖിത രൂപത്തില്‍ ക്രാഡീകരിച്ചില്ല എന്നതും അതിനൊരു കാരണമാണ്. ചില സ്ഥലങ്ങളില്‍ ലിഖിതമാക്കാന്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് സംരക്ഷിക്കാന്‍ പ്രത്യേകമായ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിനാല്‍ കാലം കുറച്ച് മുന്നോട്ടു പോയപ്പോള്‍ അതില്‍ ശരിയേത്, തെറ്റേത് എന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അതില്‍ കൂട്ടിച്ചേര്‍ക്കലുകളും മാറ്റത്തിരുത്തലുകളും നടന്നു. ഇപ്രകാരം വ്യക്തമായ സന്മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ കാലം കടന്നു പോകുന്ന മുറക്ക് യാഥാര്‍ഥ്യത്തിനു മേല്‍ ഊഹങ്ങളും ഭാവനകളും മേല്‍ക്കൈ നേടുകയും ഏതാനും നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്ക്  യാഥാര്‍ഥ്യം പൂര്‍ണമായും മാഞ്ഞുപോവുകയും കഥകള്‍ മാത്രം ബാക്കിയാവുകയും ചെയ്തു.

മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം

തന്റെ വ്യക്തിത്വവും അധ്യാപനങ്ങളും പതിനാല്  നൂറ്റാണ്ടുകള്‍ക്കു ശേഷവും അതിന്റെ യഥാര്‍ഥ രൂപത്തില്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നത് ലോകത്തെ മുഴുവന്‍ മാര്‍ഗദര്‍ശകരിലും മുഹമ്മദ് നബിയുടെ മാത്രം സവിശേഷതയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആര് വിചാരിച്ചാലും മാറ്റാന്‍ കഴിയാത്ത വിധത്തിലാണ് അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പൂര്‍ണതയുടെ അത്യുന്നതമായ വിതാനം തൊട്ട  ആ വിശുദ്ധ വ്യക്തിത്വത്തെയും ഇതിഹാസമാക്കി മാറ്റി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഏതെങ്കിലും വിധത്തിലുള്ള ദൈവിക ഗുണങ്ങള്‍ ചാര്‍ത്തി കൊടുക്കുകയും അദ്ദേഹത്തെ അനുധാവനം ചെയ്യുന്നതിന് പകരം കേവലം അത്ഭുതത്തിനും ആരാധനക്കുമുള്ള വിഷയമാക്കി മാറ്റുകയും ചെയ്യുക എന്നത് ഭാവനകളോടും അത്ഭുതങ്ങളോടുമുള്ള മനുഷ്യരുടെ പ്രണയവും ഭക്തിയും കാരണം തീരെ സാധ്യതയില്ലാത്ത കാര്യമൊന്നുമായിരുന്നില്ല. എന്നാല്‍ പ്രവാചകത്വ നിയോഗത്തിന്റെ അവസാന ഘട്ടത്തില്‍ പ്രവാചക വ്യക്തിത്വം തന്നെ ശാശ്വതമായ പ്രായോഗിക മാതൃകയും സാര്‍വലൗകികമായ സന്മാര്‍ഗ സ്രോതസ്സുമാക്കി മാറുക എന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു. അതിനാല്‍ അജ്ഞരായ വിശ്വാസികളുടെ കൈയാല്‍ മറ്റ് പ്രവാചകന്മാര്‍ക്കും മതാചാര്യന്മാര്‍ക്കും ഏല്‍ക്കേണ്ടി വന്ന ആക്രമണങ്ങളില്‍ നിന്ന് മുഹമ്മദ് ഇബ്‌നു അബ്ദില്ലയെ അല്ലാഹു തന്നെ സംരക്ഷിക്കുകയായിരുന്നു. ഒന്നാമതായി, അദ്ദേഹത്തിന്റെ ശിഷ്യന്മാരും (സ്വഹാബികളും) അവരുടെ ശിഷ്യന്മാരും (താബിഉകള്‍) അവര്‍ക്കു ശേഷം വന്ന ഹദീസ് പണ്ഡിതന്മാരും പൂര്‍വ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ പ്രവാചകന്റെ ജീവ ചരിത്രം സംരക്ഷിക്കാന്‍ സ്വയം തന്നെ അസാധാരണമായ സംവിധാനങ്ങള്‍ ചെയ്തു. തല്‍ഫലമായി പതിനാല് നൂറ്റാണ്ട് കടന്നു പോയിട്ടും അവിടുത്തെ  വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ സമകാലികര്‍ കണ്ടതു പോലെ അടുത്തു നിന്ന് കാണാനും അനുഭവിക്കാനും നമുക്ക് കഴിയുന്നുണ്ട്. എന്നാല്‍ ഹദീസ് പണ്ഡിതന്മാരും ചരിത്രകാരന്മാരും വര്‍ഷങ്ങള്‍  പണിയെടുത്ത് സമാഹരിച്ച ഈ ഹദീസ് ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും പൂര്‍ണമായും ഒരുവേള ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി എന്നു വന്നാലും  ഖുര്‍ആന്‍ മാത്രം അവശേഷിക്കുകയാണെങ്കില്‍  അത് കൊണ്ടു വന്ന വ്യക്തിയെ കുറിച്ചും അധ്യാപനങ്ങളെ കുറിച്ചും ഒരു വിദ്യാര്‍ഥിയുടെ മനസ്സിലുണരുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ത്യപ്തികരമായ മറുപടി അതില്‍ നിന്ന് ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
വരൂ, ഖുര്‍ആന്‍ അത് കൊണ്ടു വന്ന വ്യക്തിയെ ഏതു വര്‍ണത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. 

(തുടരും)
വിവ: കെ.ടി ഹുസൈന്‍

Comments