Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

നബി ചരിത്ര രചനയുടെ ഇന്ത്യന്‍ വേരുകള്‍

മമ്മൂട്ടി അഞ്ചുകുന്ന്

രചനാ മേഖലയില്‍ പ്രവാചക ചരിത്രം ഒരു പ്രത്യേക ശാഖയായി ഇന്ത്യയില്‍ വികസിക്കുന്നത് ഉര്‍ദു ഭാഷയുടെ ആവിര്‍ഭാവത്തോടു കൂടിയാണെന്ന് പറയാം. പേര്‍ഷ്യന്‍ ഭാഷയില്‍ സീറകള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും സീറ ജനകീയമാവുന്നത് ഇരുപതാം നൂറ്റാണ്ടോട് കൂടിയാണ്. വിഖ്യാത മുഹദ്ദിസായ ശൈഖ് അബ്ദുല്‍ ഹഖ് ദഹ്ലവി മദാരിജുന്നുബുവ്വ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു സീറ രചിക്കുകയുണ്ടായി. പിന്നീട് ഇമാം ഷാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ചെറിയ സീറ ഗ്രന്ഥമാണ് സുറൂറുല്‍ മഹ്സുന്‍. ഈ രണ്ട് ഗ്രന്ഥങ്ങളും ഉര്‍ദുവിലും ലഭ്യമാണ്.
ഇന്ത്യയില്‍ പിന്നീട് ഉര്‍ദുവിലും അറബിയിലുമായി രചിക്കപ്പെട്ട നൂറു കണക്കിന് സീറ ഗ്രന്ഥങ്ങളില്‍ മിക്കതും ലഭ്യവും പ്രസിദ്ധവുമായ ആധികാരിക സ്രോതസ്സുകളെ അവലംബിച്ചതിനൊപ്പം സ്വന്തമായ ഗവേഷണത്തിന്റെയും ബൗദ്ധിക വ്യവഹാരത്തിന്റെയും കൂടി ഉല്‍പന്നങ്ങളാണ്. പുതിയ കാലത്തോടും പുതിയ സംശയങ്ങളോടും സംവദിക്കുന്ന തരത്തിലാണ് മിക്കതിന്റെയും രചനാ ശൈലി. പുതിയ കാലത്ത് പ്രവാചക ജീവിതത്തിന് മേല്‍ പാശ്ചാത്യരും  മതരഹിതരും ഓറിയന്റലിസ്റ്റുകളുമെല്ലാം ആരോപിക്കുന്ന പല പ്രശ്നങ്ങളെയും പ്രമാണബദ്ധമായും ദാര്‍ശനികമായും ബൗദ്ധികമായും നേരിടുന്നവ കൂടിയാണ് മിക്ക സീറകളും. ഖാദി മന്‍സൂര്‍പൂരി, അല്ലാമാ ശിബ്‌ലി നുഅമാനി, സയ്യിദ് സുലൈമാന്‍ നദ്‌വി, പീര്‍ കരം ഷാ അസ്ഹരി, ഡോ. ഹമീദുല്ല എന്നിവരുടെയെല്ലാം സീറകള്‍ക്ക് ഈ പൊതുസ്വഭാവമുണ്ട്.
വിശുദ്ധ ഖുര്‍ആന്നും ഹദീസുകള്‍ക്കും ശേഷം പ്രധാനമായും ഇന്ത്യന്‍ സീറകളുടെ അവലംബം  ഇബ്നു ഹിശാമിന്റെ വിഖ്യാത സീറ തന്നെയാണ്. എന്നാല്‍ ഇത് തന്നെ ഇബ്നു ഇസ്ഹാഖിന്റെ സീറയുടെ ഒരു വികസിത രൂപമാണ്. ഇന്ത്യന്‍ സീറാ പണ്ഡിതനായ ഡോ. ഹമീദുല്ല, ഇബ്നു ഇസ്ഹാഖിന്റെ സീറയുടെ കൈയെഴുത്ത് പ്രതി കണ്ടെത്തി തന്റെ അടിക്കുറിപ്പുകളോടെ അറബിയില്‍ പ്രസിദ്ധീകരിച്ചത് ഇവിടെ സ്മരണീയമാണ്. ഇതിന് പുറമെ സാദുല്‍ മആദ്, ത്വബഖാത് ഇബ്നു സഅദ്, താരീഖ് ത്വബരി, താരീഖ് ഇബ്നു ഖല്‍ദൂന്‍, താരീഖ് ഇല്‍യാസി എന്നിവയെല്ലാമാണ് ഇന്ത്യന്‍ സീറ എഴുത്തുകാര്‍ മുഖ്യമായും ആശ്രയിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ഇമാം ഷാഹ് വലിയ്യുല്ലാഹിയുടെ കാലശേഷം അനേകം വിജ്ഞാന കേന്ദ്രങ്ങള്‍ രൂപപ്പെടുകയും അത് പിന്നീട് തനതായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങളോ ചിന്താധാരകളോ ആയി മാറുകയും ചെയ്യുകയായിരുന്നു. ഇവിടങ്ങളില്‍ നിന്നെല്ലാം സീറാ ശാഖയില്‍ രചനകള്‍ ഉണ്ടായിട്ടുണ്ട്. ഷാഹ് വലിയ്യുല്ലാഹിയുടെ പിതാവ് സ്ഥാപിച്ച മദ്‌റസ റഹീമിയ്യ കേന്ദ്രമായി മുമ്പ് പരാമര്‍ശിച്ച ഷാഹ് സാഹിബിന്റെ  സീറ തന്നെയാണ് ആദ്യമായി രചിക്കപ്പെട്ടത്. ഇതിന്റെ രണ്ടോ മൂന്നോ ഉര്‍ദു തര്‍ജമകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1818-ല്‍ മരണപ്പെട്ട അമീനുല്ല ബാരി എന്ന ഇന്ത്യന്‍ പണ്ഡിതന്‍ നബി തങ്ങളുടെ ജീവിതം പദ്യരൂപത്തില്‍ എഴുതുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ അനേകം ചെറുകൃതികള്‍ ഈ വിഷയത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്.

ദയൂബന്ദി പണ്ഡിതന്മാരും സീറാ ശാഖയും 

ഹനഫി മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാരില്‍ ഒരു വിഭാഗം രൂപം കൊടുത്ത ദാറുല്‍ ഉലൂം എന്ന മതകലാലയം പിന്നീട് ഒരു ആദര്‍ശ പ്രസ്ഥാനമായി മാറുകയും വിവിധ ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍, ഹദീസ് വിഷയങ്ങളില്‍ വിഖ്യാതമായ ഒട്ടനേകം രചനകള്‍ക്ക് പുറമെ ആഗോള തലത്തില്‍ തന്നെ ഒരു വൈജ്ഞാനിക പ്രസ്ഥാനമായി ഇത് പടര്‍ന്നു പന്തലിച്ചു. സീറ രംഗത്തും ദയൂബന്ദി പണ്ഡിത ധാരയില്‍ നിന്ന് ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്.
1911-12 കാലയളവിലാണ് ദയൂബന്ദി പണ്ഡിതരില്‍ പ്രമുഖനായ ശൈഖ് അശ്‌റഫ് അലി ഥാനവി നശ്റു ത്വീബ് ഫീ ദികരിന്നബിയ്യില്‍ ഹബീബ് രചിക്കുന്നത്. പ്രവാചക വ്യക്തിത്വത്തിന്റെ അഭൗതികമായ ഔന്നത്യമാണ് ഇതിലെ സുപ്രധാന പ്രതിപാദ്യം. പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രവാചകരെ സ്ഥാപിച്ചുകൊണ്ടുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു രചനയാണിത്. പ്രവാചകന്റെ ഭൗതിക സവിശേഷതകളേക്കാളുപരി അഭൗതിക-ആത്മീയ-അനുരാഗ തലത്തില്‍ നിന്നു കൊണ്ടുള്ള ഒരു വായനയാണ് ശൈഖ് ഥാനവി ഈ കൃതിയിലൂടെ നടത്തിയിട്ടുള്ളത്.
മൗലാനാ മനസിര്‍ അഹ്‌സന്‍ ഗീലാനിയാണ് സീറ രംഗത്ത് സംഭാവന നല്‍കിയ ദയൂബന്ദി ധാരയിലെ  മറ്റൊരു പ്രമുഖ പണ്ഡിതന്‍. സുഹൂദേ നൂര്‍, നയാ മീലാദ് നാമ എന്നീ രണ്ട് വ്യത്യസ്ത പരമ്പരകള്‍ ഈ വിഷയത്തില്‍ അദ്ദേഹം ലഖ്‌നൗവില്‍ നിന്ന് പുറത്തിറങ്ങുന്ന സച്ച് മാസികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് ഇത് രണ്ടും പുസ്തക രൂപത്തില്‍ ഇറങ്ങി.  ഇദ്ദേഹത്തിന്റെ വിഖ്യാതമായ സീറ കൃതി 1936 -ല്‍ പുറത്തിറങ്ങിയ 'അന്നബിയ്യെ ഖാതം' ആണ്. പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട നാനൂറില്‍ പരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതിയിലെ 300 -ഓളം വിഷയങ്ങളും നൂതനമാണ്.
മൗലാനാ മുഫ്തി മുഹമ്മദ് ശഫിയാണ് ഈ ധാരയില്‍ നബി ചരിതം എഴുതിയ മറ്റൊരു പണ്ഡിതന്‍. വിഖ്യാതമായ മആരിഫുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനം രചിച്ച ഇദ്ദേഹത്തിന്റെ സീറ കിതാബിന് ഖാതമുല്‍ അമ്പിയ എന്നാണ് പേര്. 1924-ലാണ് ഇത്  പ്രസിദ്ധീകരിച്ചത്. സീറതെ റസൂലേ അക്‌റം എന്ന പേരില്‍ മറ്റൊരു കൃതി കൂടി ഇദ്ദേഹത്താല്‍ വിരചിതമായിട്ടുണ്ട്. ഒന്നാമത്തേതില്‍ പ്രവാചക ജീവിതവും രണ്ടാമത്തേതില്‍ പ്രവാചക സവിശേഷതകളുമാണ് പ്രമേയം.
ദയൂബന്ദി പണ്ഡിതധാരയിലെ ഏറ്റവും വിഖ്യാതമായ സീറ കൃതിയായി വിലയിരുത്തപ്പെടുന്നത് മൗലാനാ ഇദ്‌രീസ് കാന്തലവിയുടെ സീറത്തെ മുസ്ത്വഫ എന്ന നാല് വാല്യങ്ങളുള്ള കൃതിയാണ്. ഗഹനമായ ചര്‍ച്ചകളും വിവരണങ്ങളും അടങ്ങിയ കൃതി ബൗദ്ധികമായി വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇതിന്റെ രണ്ടാം ഭാഗത്തില്‍ പ്രവാചക ജീവിതത്തെ ആധാരമാക്കി ഇസ്ലാമിലെ ജിഹാദിനെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. അടിമത്തത്തോടുള്ള പ്രവാചകന്റെ സമീപനത്തെക്കുറിച്ചും ഈ കൃതി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മൂന്നാം വാല്യം പ്രവാചകന്റെ പോരാട്ടങ്ങളെക്കുറിച്ച വിവരണവും നാലാം വാല്യം ഉപസംഹാരവുമാണ്. മൗലാനാ സയ്യിദ് മുഹമ്മദ് മിയാന്‍ ആണ് ദയൂബന്ദി സരണിയിലെ വിഖ്യാതനായ മറ്റൊരു സീറ രചയിതാവ്. സീറത്തെ മുബാറക എന്ന ഇദ്ദേഹത്തിന്റെ രചനയില്‍ പ്രവാചക ജീവിതത്തെ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ആഖ്യാനം ചെയ്യുന്നു.
യുക്തിവാദിയായി ഏറെക്കാലം ജീവിച്ച ശേഷം ഇസ്‌ലാമിലേക്ക് കടന്ന വിഖ്യാത പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദി (1892 1977) സീറ ശാഖയില്‍ രണ്ട് ഗഹനമായ ഉര്‍ദു കൃതികള്‍ രചിക്കുകയുണ്ടായി. സുല്‍ത്താന്‍ മാ മുഹമ്മദ് എന്ന പേരിലും സീറത്തുന്നബി ഖുര്‍ആന്‍ കി റോഷ്നി മേം എന്ന പേരിലുമാണ് ഈ കൃതികള്‍ പ്രകാശിതമായത്. പ്രവാചക ജീവിതത്തെ യുക്തിഭദ്രവും പ്രമാണബദ്ധവുമായി അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയവയാണ് ഇരു കൃതികളും. പ്രവാചക ജീവിതത്തെ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുകയാണ് മൗലാനാ ദരിയാബാദി.
മൗലാനാ  ഹുസൈന്‍ അഹ്മദ് മദനിയും അന്‍വര്‍ ഷാ കശ്മീരിയും ചേര്‍ന്ന് രചിച്ച വിഖ്യാതമായ സീറ കൃതിയാണ് സീറത്തെ റസൂലേ കരീം.
സീറ രംഗത്ത് സംഭാവനകള്‍ അര്‍പ്പിച്ച മറ്റൊരു പ്രമുഖ പണ്ഡിതന്‍  ദയൂബന്ദ് പ്രിന്‍സിപ്പലും ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്  സ്ഥാപകനുമായിരുന്ന മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് ഖാസിമിയാണ്. അഫ്താബേ നുബുവ്വത്ത് എന്ന പേരില്‍ രണ്ട് വാല്യങ്ങളുള്ള അദ്ദേഹത്തിന്റെ  പ്രവാചക ചരിത്ര ഗ്രന്ഥം  പ്രവാചകന്റെ പ്രബോധന, വിമോചന ദൗത്യത്തെ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവലോകനം ചെയ്യുന്നു. ഷാനെ രിസാലത്ത് എന്ന പേരിലും ഖാരി സാഹിബ് സീറ ഗ്രന്ഥം എഴുതിയിട്ടുണ്ട്. ഖാതിമുന്നബി എന്ന മറ്റൊരു ഗ്രന്ഥവും സീറ ശാഖയില്‍ ഉള്‍പ്പെടുത്താവുന്ന തരത്തില്‍ മൗലാനാ ഖാരി ത്വയ്യിബിന്റേതായുണ്ട്. ഇവയെല്ലാം പ്രവാചക ചരിത്രത്തെ  വിവിധ തലങ്ങളിലൂടെ വികസിപ്പിക്കുന്ന രചനകളാണ്.  മൗലാനാ ആശിഖ് ഇലാഹീ മീറത്തി എഴുതിയ സീറത്തെ സര്‍വറെ കൗനൈന്‍ ആണ് ഉര്‍ദു ഭാഷയിലെ മറ്റൊരു സുപ്രധാന സീറ. മദീനയില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ആധികാരിക ഗ്രന്ഥങ്ങള്‍ അവലംബിച്ചാണ് ഈ കൃതി രചിച്ചത്. മൗലാനാ ഖാരി ത്വയ്യിബ് ഖാസിമിയുടെ പുത്രന്മാര്‍ പിതാവിനെപ്പോലെ ഈ മേഖലയില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. മൗലാനാ അസ്‌ലം ഖാസിമിയുടെ സീറത്തെ പാക്ക് 25 വിഷയങ്ങളായി തിരിച്ചു കൊണ്ട്  600-നടുത്ത് പേജുകളിലായി പ്രവാചക ചരിത്രത്തെ അനാവരണം ചെയ്യുന്നു. ഇദ്ദേഹം തന്നെ സീറത്തെ ഹലബിയ്യഃ എന്ന പേരില്‍ മൂന്ന് വാല്യങ്ങളുള്ള അറബി ഗ്രന്ഥം തന്റെ പ്രൗഢമായ  വിശദീകരണ കുറിപ്പുകളോടെ ആറു വാല്യങ്ങളായി ഉര്‍ദുവിലേക്ക് ഭാഷാന്തരം ചെയ്യുക കൂടിയുണ്ടായി.
മൗലാനാ അഖ്‌ലാഖ് ഹുസൈന്‍ ഖാസിമി വിഖ്യാതമായ രണ്ട് ഗ്രന്ഥങ്ങള്‍ സീറത്തുന്നബി ആധാരമാക്കി രചിച്ചതും സ്മരണീയമാണ്. 'റസൂലേ അക്‌റം കി ഇങ്ക്വിലാബി സീറ' നബി തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലും വീക്ഷണങ്ങളിലും ഊന്നിക്കൊണ്ട് നബി ചരിത്രം പറയുന്ന ഗ്രന്ഥമാണ്.
മറ്റൊരു സീറ ഗ്രന്ഥത്തിലും കാണാന്‍ കഴിയാത്ത വിധം വിശദമായും ആധികാരികമായും പ്രവാചകരുടെ അവസാന ദിനങ്ങളെയും  വിയോഗത്തെയും കുറിച്ചുള്ള വിശദീകരണം കൊണ്ട് പ്രസിദ്ധമായ വഫാത്തുന്നബിയാണ് അദ്ദേഹത്തിന്റെ മറ്റൊരു രചന. പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം സമസ്യകളെ നിര്‍ധാരണം ചെയ്തുകൊണ്ട് മൗലാനാ ഹബീബുല്ല ഖാസിമി രചിച്ച സീറത്തെ റസൂലേ അറബിയും ആധികാരികവും പ്രൗഢവുമായ നബി ചരിത്ര ഗ്രന്ഥമാണ്.

സലഫി പണ്ഡിത ധാരയും സീറ രചനയും

ഇന്ത്യയിലെ സലഫി - അഹ്‌ലെ ഹദീസ് ധാരയില്‍ നിന്ന് അനേകം മികച്ച സീറ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. സൂഫി പാരമ്പര്യത്തെ അംഗീകരിക്കുന്ന പണ്ഡിതരില്‍നിന്ന് വിഭിന്നമായ രചനാ ശൈലിയാണ് ഇവര്‍ സ്വീകരിച്ചത്. അനുഭവങ്ങളെയും വൈകാരികതകളെയും മാറ്റിനിര്‍ത്തി വസ്തുതകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രചനാ ശൈലിയാണ് ഈ പണ്ഡിതര്‍ പൊതുവെ  സ്വീകരിച്ചത്. അഹ്‌ലെ ഹദീസ് പ്രസ്ഥാന നായകനായ നവാബ് സിദ്ദീഖ് ഹസന്‍ ഖാന്‍ തന്നെയാണ് പ്രവാചക ചരിത്ര രചന നിര്‍വഹിച്ചവരില്‍ പ്രമുഖന്‍. 'അല്‍ ശമാമല്‍ അമ്പരിയ്യഃ മിന്‍ മൗലിദി ഖൈറില്‍ ബരിയ്യഃ'. പൂര്‍വിക പണ്ഡിതനായ സയ്യിദ് ശബലന്‍ജിയുടെ നൂറുല്‍ അബ്സ്വാര്‍ എന്ന ഗ്രന്ഥത്തിന്റെ വിവരണമാണിത്. ഇതില്‍ പ്രവാചക ജനനവും ജീവിതവും നേതൃത്വവുമാണ് പ്രതിപാദ്യ വിഷയങ്ങള്‍. പ്രവാചക വ്യക്തിത്വത്തിന്റെ സവിശേഷ ഗുണങ്ങളിലേക്കും പ്രവാചകന് കീഴില്‍ നടന്ന പോരാട്ടങ്ങളിലേക്കും ഈ കൃതി വെളിച്ചം വീശുന്നുണ്ട്.
പ്രവാചകരുടെ ഔന്നത്യവും ആദര്‍ശവും സംരക്ഷിക്കാന്‍ വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും നിതാന്തം യത്നിച്ച യുഗപുരുഷനാണ് അഹ്‌ലെ ഹദീസ് പ്രസ്ഥാന നായകരില്‍ പ്രമുഖനായ മൗലാനാ സനാഉല്ല അമൃതസരി.  ഹ്രസ്വമെങ്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട നാല് ഗ്രന്ഥങ്ങള്‍  അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്ന് 1925-ല്‍ ആര്യ സമാജക്കാര്‍ പ്രവാചകനെ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ 'രംഗീല റസൂല്‍' എന്ന പുസ്തകത്തിന് മറുപടിയായി രചിച്ച മുഖദ്ദസെ റസൂല്‍ എന്ന കൃതിയാണ്. അബ്ദുല്ല മുഹദ്ദിസ് ഗാസിപൂരി (1844-1918) എന്ന പണ്ഡിതനും സീറ രംഗത്ത് മികച്ച അടയാളപ്പെടുത്തല്‍ നടത്തിയ സലഫി പണ്ഡിതനാണ്. സീറത്തുന്നബി എന്ന പേരില്‍ ഇദ്ദേഹം ഒരു  ഗ്രന്ഥം രചിച്ചു. മുഹമ്മദ് ജൂന്ഗരി (1890-1945) എന്ന മറ്റൊരു പണ്ഡിതനും സീറത്തെ മുഹമ്മദി എന്ന പേരില്‍ ശൈഖ് മുഹിബ്ബുദ്ദീന്‍ ത്വബരി യുടെ സീറ കൃതിയുടെ ഉര്‍ദു ഭാഷാന്തരം നിര്‍വഹിച്ചിട്ടുണ്ട്.
ദാറുല്‍ ഹദീസ് റഹ്മാനിയ്യയിലെ മൗലാനാ മുഹമ്മദ് ഇബ്‌റാഹീം മീര്‍ സിയാല്‍കോട്ടി (1890-1960) രചിച്ച രണ്ട് വാല്യങ്ങളുള്ള സീറത്തുല്‍ മുസ്ത്വഫ ഏറെ പ്രസിദ്ധമാണ്. ആദ്യ വാല്യത്തില്‍ പ്രവാചകത്വ ലബ്ധി വരെയുള്ള ചരിത്രവും രണ്ടാം വാല്യത്തില്‍ പ്രവാചകത്വ ലബ്ധിയും ശിഷ്ട ജീവിതവുമാണ് പ്രതിപാദ്യം.
അഹ്‌ലെ ഹദീസ് പണ്ഡിത ധാരയില്‍ നിന്നുള്ള ഏറ്റവും സുപ്രധാന സീറ മൗലാനാ സുലൈമാന്‍ മന്‍സൂര്‍പൂരിയുടെ വിഖ്യാതമായ റഹ്മത്തുല്‍ ലില്‍ ആലമീന്‍ തന്നെയാണ്.
ഓരോ താളുകളിലും പ്രവാചകരോടുള്ള വികാരം ആവാഹിച്ച മനോഹരമായ ഈ കൃതി ഉപഭൂഖണ്ഡത്തിന്റെ അതിരുകള്‍ ഭേദിച്ച് വിശ്വപ്രസിദ്ധമായി. ഇന്ന് ഇന്ത്യയിലും പുറത്തുമുള്ള ഒട്ടനേകം ഭാഷകളിലേക്ക് ഈ കൃതി തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി വിവരിക്കുന്ന ഈ കൃതിയുടെ മറ്റൊരു സവിശേഷത, പ്രവാചകരുടെ വ്യക്തിത്വവുമായും ഇസ്ലാമിന്റെ സംസ്ഥാപനവുമായും ബന്ധപ്പെട്ട് പാശ്ചാത്യ ചരിത്രകാരന്മാര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവക്ക് വ്യക്തമായി മറുപടി നല്‍കുകയും ചെയ്തു എന്നതാണ്.  ക്രിസ്ത്യന്‍ മിഷനറിമാര്‍ മാത്രമല്ല ആധുനിക മതനിഷേധികളും ഭൗതികവാദികളും ഉന്നയിച്ച ആരോപണങ്ങളെ കൂടി ഈ കൃതിയില്‍ മൗലാനാ മന്‍സൂര്‍പൂരി സ്പര്‍ശിക്കുന്നുണ്ട്. പൂര്‍വ വേദങ്ങളുടെ വെളിച്ചത്തില്‍ കൂടിയാണ്  തിരുദൂതര്‍ ലോകാനുഗ്രഹിയാണെന്ന് ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്.  ഈ ഗ്രന്ഥം കൂടാതെ സയ്യിദുല്‍ ബശര്‍, മോഹറെ നുബുവ്വത്ത്, ഉസ്‌വതുന്‍ ഹസന എന്നിങ്ങനെ പ്രവാചക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ കൂടി കടന്നുപോവുന്ന മൂന്ന് കൃതികളും അല്ലാമാ ഖാദി മന്‍സൂര്‍പൂരിയുടേതായിട്ടുണ്ട്.
ഇന്ത്യയില്‍ പിറവി കൊണ്ട വിശ്വവിഖ്യാത പ്രവാചക ചരിത്രമായ അര്‍റഹീഖുല്‍ മഖ്തൂമിന്റെ കര്‍ത്താവ് അല്ലാമാ സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക്പൂരിയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതലായി വായിക്കപ്പെടുന്ന സീറ ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ലളിതവും മനോഹരവുമായ ഭാഷയിലും ശൈലിയിലും  ആധികാരികമായ വസ്തുതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു  രചിച്ച ഈ ഗ്രന്ഥത്തിന് ലക്ഷക്കണക്കിന് വായനക്കാരില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. The Sealed Nector  എന്ന് ഇംഗ്ലീഷില്‍ തര്‍ജമ ചെയ്യപ്പെട്ടപ്പോഴും ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. മലയാളം ഉള്‍പ്പെടെ ഇരുപതോളം ഭാഷയില്‍ ഇതിന്റെ തര്‍ജമ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  പ്രവാചക ജീവിതം ആധാരമാക്കി വിഖ്യാത പണ്ഡിതനും ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവാചക ജീവിതസംബന്ധിയായ പ്രഭാഷണങ്ങള്‍ നബിയെ റഹ്മത്ത് എന്ന പേരില്‍  ഗുലാം റസൂല്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇമാം സുയൂതിയുടെ ആനിസുലബീബ് എന്ന കൃതിയെ ആധാരമാക്കി മൗലാനാ ആസാദ് രചിച്ച ഖസാഇസെ മുഹമ്മദ് ആണ് മറ്റൊരു കൃതി. മറ്റൊരു അഹ്‌ലെ ഹദീസ് പണ്ഡിതനായ മൗലാനാ സാദിഖ് സിയാല്‍കോട്ടി (1911-1986) പ്രവാചക ചരിത്രസംബന്ധിയായി സയ്യിദേ കൗനൈന്‍, ജമാലെ മുസ്ത്വഫ, സാഖിയെ കൗസര്‍ എന്നിങ്ങനെ മൂന്ന് രചനകള്‍ നടത്തിയിട്ടുണ്ട്. മൗലാനാ അബ്ദുര്‍റസാഖ് മലിഹാബാദിയും സീറ സംബന്ധിയായ മൂന്ന് കൃതികള്‍ രചിച്ചിട്ടുണ്ട്. ഇതിലെ രണ്ട് കൃതികളും ശൈഖ് ഇബ്നുതൈമിയ്യയുടെ ഗ്രന്ഥത്തെ ആധാരമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധേയം.
മൗലാനാ അബൂ യഹ്‌യ ഇമാം ഖാന്‍, മുഹമ്മദ് യൂസുഫ് ഷംസ് ഫൈസാബാദി, മൗലാനാ അബ്ദുല്ലത്വീഫ് റഹ്മാനി, മൗലാനാ ഹാഫിസ് അബ്ദുല്‍ വാക്കില്‍, മൗലാനാ അബൂബക്ര്‍ ജന്‍പൂരി, മൗലാനാ അബ്ദുല്‍ മാജിദ് ഇസ്ലാഹി തുടങ്ങി ഒട്ടനേകം അഹ്‌ലെ ഹദീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പണ്ഡിതന്മാര്‍ സീറ രചനയില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയവരാണ്.

നദ്‌വത്തുല്‍ ഉലമ

ആദര്‍ശപരമായി ദാറുല്‍ ഉലൂം ദയൂബന്ദ് വിഭാവനം ചെയ്യുന്ന ധാരയോട് അനുഭാവം പുലര്‍ത്തുന്നുവെങ്കിലും സ്വതന്ത്രമായ ഒരു അസ്തിത്വം സമീപനങ്ങളിലും സേവനങ്ങളിലും പുലര്‍ത്തിയ ചരിത്രമുണ്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ വിഖ്യാത കലാലയമായ നദ്‌വത്തുല്‍ ഉലമക്ക്. അതുകൊണ്ടുതന്നെ ഒരു സ്ഥാപനം എന്നതിലുപരി നദ്‌വ പ്രസ്ഥാനം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും രചനാ രംഗത്തും നല്‍കിയ സംഭാവനകള്‍ പ്രത്യേകമായിത്തന്നെ കുറിക്കപ്പെടേണ്ടതുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാവന അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്‌വിയുടേതു  തന്നെയാണ്. 
അല്ലാമാ ശിബ്‌ലി നുഅമാനി(1857-1914)യും സയ്യിദ് സുലൈമാന്‍ നദ്‌വി (1884-1953)യും ചേര്‍ന്ന് രചിച്ച സീറത്തുന്നബി എന്ന വിശ്വവിഖ്യാത ഗ്രന്ഥമാണ് ഇതില്‍ ഒന്നാമത്. പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന ഈ മഹത്തായ കൃതി ഏഴ് വാല്യങ്ങളായാണ് രചിക്കപ്പെട്ടത്. പ്രവാചക ചരിത്ര പഠന മേഖലയില്‍ ഇത്രയും സമ്പൂര്‍ണവും പ്രോജ്ജ്വലവുമായ മറ്റൊരു രചന ഒരു ഭാഷയിലും പിറന്നിട്ടില്ല എന്നു തന്നെ പറയാം. തന്റെ ഗുരുവായ അല്ലാമാ ശിബ്‌ലി എഴുതിത്തുടങ്ങിയ ഈ കൃതി ഗുരു അനുവര്‍ത്തിച്ച ശൈലിയിലൂടെ തന്നെ ഏതാണ്ട് സയ്യിദ് സുലൈമാന്‍ നദ്‌വി ലക്ഷ്യത്തോടടുപ്പിച്ചു. ആദ്യ രണ്ട് വാല്യങ്ങള്‍ അല്ലാമാ ശിബ്‌ലി പൂര്‍ത്തിയാക്കിയിരുന്നു, പിന്നെ അഞ്ചു വാല്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു ഏഴ് വാല്യങ്ങളാക്കി സയ്യിദ് സുലൈമാന്‍ നദ്വി ദൗത്യം പൂര്‍ത്തീകരിച്ചു. 1924-ല്‍ മൂന്നാം ഭാഗവും 1932-ല്‍ നാലാം ഭാഗവും 1935-ല്‍ അഞ്ചാം ഭാഗവും 1939-ല്‍ ആറാം ഭാഗവുമാണ് സയ്യിദ്  പൂര്‍ത്തീകരിച്ചത്. ഈ കൃതി അനേകം ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുകയും ലോകമാകെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലൊന്നായി ഗണിക്കപ്പെടുകയും ചെയ്യുന്നു.
ഇസ്ലാമിക പാഠ്യ പദ്ധതിയില്‍ സീറ ഒരു പ്രത്യേക വിഷയമാക്കിയതും സയ്യിദ് സുലൈമാന്‍ നദ്‌വിയാണ്.
സമഗ്രമായ ഒരു പ്രവാചക ചരിത്രം എഴുതണം എന്ന ആഗ്രഹം അല്ലാമാ ശിബ്‌ലിയില്‍ ഉടലെടുത്ത ശേഷം അദ്ദേഹം ഈ കാര്യത്തിനായി നടത്തിയ നിരന്തരമായ ഗവേഷണത്തിന്റെയും വിവരശേഖരണത്തിന്റെയും വ്യാപ്തിയാണ് സയ്യിദ് സുലൈമാന്‍ നദ്‌വിക്ക് ഏറെ സഹായകമായത്. റഹ്മത്തെ ആലം എന്ന കൃതിയും മൗലാനാ സയ്യിദ് സുലൈമാന്റേതായിട്ടുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രചിക്കപ്പെട്ട പ്രവാചക ചരിത്രങ്ങളില്‍ പ്രഥമഗണനീയമായ രചനകളില്‍ ഒന്നാണ് വിശ്വ പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി രചിച്ച 'സീറത്തുന്നബവിയ്യ'. പ്രവാചക ചരിത്രത്തെ വസ്തുനിഷ്ഠമായും  അധികാരികമായും ഏത് നിലയിലുള്ള വായനക്കാരനും ഗ്രഹിക്കാന്‍ പാകത്തിന് ആശയപരമായി ഗഹനവും ഭാഷാപരമായി ലളിതവുമായ ശൈലിയിലാണ്  അലി മിയാന്‍ ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നദ്‌വത്തുല്‍ ഉലൂമിന്റെ കാര്യദര്‍ശിയായ മൗലാനാ സയ്യിദ് റാബി ഹസനി നദ്‌വിയും ഹ്രസ്വമായ സീറാ ഗ്രന്ഥമെഴുതിയിട്ടുണ്ട്.  ചെറുതും വലുതുമായ പ്രവാചക സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ നദ്‌വ പണ്ഡിതന്മാരാല്‍ വിരചിതമായിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ ദാര്‍ശനിക തലങ്ങളെ മൗലാനാ വാദിഹ് റശീദ് നദ്‌വിയോളം സ്പര്‍ശിച്ച എഴുത്തുകാര്‍ അപൂര്‍വമാണ്.

ജമാഅത്ത് സാഹിത്യങ്ങള്‍

മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ രംഗപ്രവേശത്തോടെ വികസിച്ച ഈ ധാരയില്‍ നിരവധി പ്രവാചക ചരിത്ര രചനകള്‍ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. പ്രാസ്ഥാനികമായോ  ചിന്താപരമായോ മൗദൂദി സാഹിബ് വിഭാവനം ചെയ്ത ആശയതലത്തോട് അനുഭാവമുള്ള നിരവധി പണ്ഡിതര്‍ സീറ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. ഇതില്‍ രചനാ ശൈലി കൊണ്ടും പ്രതിപാദ്യ വിഷയം കൊണ്ടും സമര്‍ഥന പാടവം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന മഹത്തായ സീറ കൃതിയാണ് സയ്യിദ്  മൗദൂദിയുടെ 'സീറത്തെ സര്‍വറെ ആലം'.  മൂന്ന് വാല്യങ്ങളില്‍ 1500-ലധികം പേജുകളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി മൗദൂദി സാഹിബ് ഇസ്ലാമിക ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളിലൊന്നായി വിലയിരുത്തപ്പെടുന്നു.  ഈ രചനയുടെ ഏറ്റവും വലിയ പ്രത്യേകത അത് സീറ എന്നതിലപ്പുറം ഇസ്ലാമിക പ്രബോധനത്തിനുള്ള അവലംബവും മാര്‍ഗരേഖയുമായി വര്‍ത്തിക്കുന്നു എന്നതാണ്. മനുഷ്യന്‍, സമൂഹം, പ്രവാചകന്മാര്‍, ഇസ്ലാം എന്നിങ്ങനെ ഓരോന്നിന്റെയും ബൗദ്ധിക ചരിത്രം കൂടിയായി ഈ കൃതിയെ വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെ സീറ ശാഖയിലെ വ്യത്യസ്ത കാല്‍വെപ്പാണിതെന്ന് നിസ്സംശയം പറയാം. മൗലാനാ നഈം സിദ്ദീഖിയും അബ്ദുല്‍ വകീലുമാണ് സയ്യിദ് മൗദൂദിയുടെ നിര്‍ദേശപ്രകാരം മൗദൂദിയുടെ ഇത് സംബന്ധമായ കുറിപ്പുകള്‍  ക്രമീകരിക്കുകയും  പുസ്തകമായി ക്രോഡീകരിക്കുകയും ചെയ്തത്.
നഈം സിദ്ദീഖി (1916-2002) രചിച്ച മുഹ്‌സിനെ ഇന്‍സാനിയ്യത് ഉര്‍ദുവിലെ വിഖ്യാത സീറ കൃതികളിലൊന്നാണ്. മുസ്ലിം യുവതയെ ആധുനികതയും അതിന്റെ പ്രത്യയശാസ്ത്രങ്ങളും ആകര്‍ഷിച്ച കാലത്തായിരുന്നു ഈ കൃതി രചിക്കപ്പെടുന്നത്. വിമോചന നായകന്‍ എന്ന നിലയില്‍  പ്രവാചകനെയും ആ ജീവിതത്തിന്റെ മൂലഹേതുവായി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെയും അദ്ദേഹം അവതരിപ്പിച്ചത് യുവജനങ്ങളെ ഏറെ സ്വാധീനിച്ചു. പ്രവാചക ജീവിതത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലുള്ള ശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതി സമൂഹത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചിരുന്നു. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളിലേക്ക് ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യത്യസ്തവും മൗലികവുമായ ശൈലിയില്‍ മൗലാനാ ഇനായത്തുല്ല സുബ്ഹാനി രചിച്ച കൃതിയാണ് മുഹമ്മദേ അറബി. ഏറെ ഗഹനവും പ്രമാണബദ്ധവുമായ ഈ കൃതിയുടെ രചനക്ക്  ഈജിപ്തിലായിരിക്കെ അദ്ദേഹം നടത്തിയ നീണ്ട ഗവേഷണങ്ങള്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. മുഹമ്മദ് യൂസുഫ് ഇസ്ലാഹി രചിച്ച ദാഇഏ അഅ്സം എന്ന പ്രവാചക ചരിത്ര കൃതി മദ്റസത്തുല്‍ ഇസ്ലാഹില്‍ നിന്നുള്ള മികച്ച സംഭാവനയാണ്. പ്രബോധകനായ മുഹമ്മദ് നബി എന്ന പ്രമേയത്തിലാണ് ഈ ചരിത്രകൃതി വികസിക്കുന്നത്.
'പൈഗംബറെ ഇസ്ലാം ഹയാത് ഓര്‍ കാര്‍നാമേ' എന്ന വിഖ്യാത പ്രവാചക ചരിത്ര കൃതി പ്രമുഖ ഇന്ത്യന്‍  പണ്ഡിതന്‍ ഡോ. മുഹമ്മദ് ഹമീദുല്ല (1908-2002) യുടെ ഫ്രഞ്ച് കൃതിയായ ലെ പ്രൊഫെറ്റ് ദേ ഇസ്ലാം എന്ന കൃതിക്ക് പ്രഫസര്‍ ഖാലിദ് പര്‍വേസ് നടത്തിയ ഉര്‍ദു ഭാഷാന്തരമാണ്. പ്രവാചക ജീവിതത്തിന്റെ പുതിയകാല വായന എന്ന നിലയിലാണ് ഈ കൃതി പ്രസക്തമാവുന്നത്. പാശ്ചാത്യ ലോകത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലും ഇസ്ലാമിക വിജ്ഞാനീയ പ്രസരണ രംഗത്തും അതുല്യമായ സേവനമര്‍പ്പിച്ച ചരിത്ര പുരുഷനായിരുന്നു ഡോ. ഹമീദുല്ല. ഇബ്നു ഇസ്ഹാഖിന്റെ സീറ തന്റെ അടിക്കുറിപ്പുകളോടെ അറബിയില്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. ഉര്‍ദുവിലും ഇംഗ്ലീഷിലുമായി പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളെ സ്പര്‍ശിക്കുന്ന നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുജദ്ദിദേ ഉലൂമേ സീറ എന്നാണ് അദ്ദേഹം ഉര്‍ദു ലോകത്ത് വിശേഷിപ്പിക്കപ്പെട്ടത്. മൗലാനാ അബൂ സലീം അബ്ദുല്‍ ഹയ്യിന്റെ  ഹയാതെ ത്വയ്യിബയും ഏറെ ഖ്യാതി കേട്ട പ്രവാചക ചരിത്ര ഗ്രന്ഥമാണ്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

ബറേല്‍വി പണ്ഡിതന്മാര്‍

മൗലാനാ അഹ്മദ് റസാ ഖാന്‍ ബറേല്‍വി എന്ന പണ്ഡിതനിലൂടെ വികസിച്ച ധാരയാണ് ബറേല്‍വിയ്യത്ത്. സൂഫിസത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയിലാണ് ഈ ധാരയിലെ പണ്ഡിതന്മാര്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നത്. പ്രവാചക പ്രകീര്‍ത്തനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രചനകളാണ് ഈ ധാരയില്‍ മിക്കതും. ആധികാരികതയേക്കാള്‍ അനുഭൂതിയുടെ തലങ്ങള്‍ക്കാണ് ബറേല്‍വി പണ്ഡിതര്‍ തങ്ങളുടെ രചനകളില്‍ പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രചിക്കപ്പെട്ട മഹത്തായ നബി ചരിത്ര കൃതിയാണ് പ്രമുഖ സൂഫിവര്യനായ പീര്‍ കരം ഷാഹ് അസ്ഹരി (1918-1998) രചിച്ച സിയാഉന്നബി. ഭാഷയുടെ മനോഹാരിതയും വൈകാരികതയുമാണ് ഈ സീറാ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നത്. സൂഫി എന്ന നിലയില്‍ പ്രവാചകാനുരാഗത്തിന്റെ തലങ്ങളില്‍ നിന്നു കൊണ്ടാണ് ഷാഹ് സാഹിബ് തന്റെ രചനയെ വഴി നടത്തിയത്. ഏഴ് വാല്യങ്ങളായി നാലായിരത്തി അഞ്ഞൂറിനോടടുത്ത് പേജുകളിലായാണ് കവിത പോലെ മനോഹരമായ ഈ ചരിത്ര കൃതി എഴുതപ്പെട്ടത്. വസ്തുതകളെ ലളിതവും മനോഹരവുമായ ഭാഷയില്‍ അനുവാചകരുടെ ഹൃദയത്തില്‍ അനുരാഗമുളവാക്കും വിധം കോര്‍ത്തിണക്കിയ ഈ കൃതി കൃത്യമായ ആധികാരിക സ്രോതസ്സുകളെയാണ് അവലംബിച്ചിട്ടുള്ളത്.
ബറേല്‍വി പ്രസ്ഥാനത്തിന്റെ ആചാര്യനായ അഹ്മദ് റസാ ഖാന്‍  തന്നെ രചിച്ചതാണ് സീറത്തെ മുസ്ത്വഫാ ജാനേ റഹ്മത്ത്. 
നാല് വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ മുഖ്യ ആകര്‍ഷണം പ്രവാചക ജീവിതത്തിന്റെ സവിശേഷമായ ഗുണവിശേഷങ്ങളിലൂടെ യാത്ര ചെയ്യുന്നു എന്നതാണ്. ഖുര്‍ആന്‍, ഹദീസ് എന്നിവ അവലംബമാക്കുമ്പോഴും അവയുടെ വ്യാഖ്യാന തലങ്ങളിലൂടെ മൗലാനാ റസാ ഖാന്‍ പ്രവാചക ജീവിതത്തെ കൂടുതല്‍ സവിശേഷപ്പെടുത്തുന്നു. 1879-നും 1887-നുമിടയില്‍ അദ്ദേഹം 11 നബി ചരിത്ര ഗ്രന്ഥങ്ങള്‍ എഴുതിയതായി പറയപ്പെടുന്നു. റസാ ഖാന്‍ സാഹിബിന്റെ പൗത്രന്‍ നൂര്‍ ബക്ഷി തവക്കുലി പ്രവാചക ചരിത്രസംബന്ധിയായ അഞ്ചു കൃതികള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രസിദ്ധം സീറത്തെ റസൂലേ അറബി എന്ന കൃതിയാണ്. വിഖ്യാത ബറേല്‍വി പണ്ഡിതനായ മുഫ്തിയാര്‍ ഖാന്‍ നഈമിയും സീറ സംബന്ധിയായ ഒന്നിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
അല്ലാമാ അബ്ദുല്‍ മുസ്ത്വഫ അഅ്ളമി (1915-1985) രചിച്ച സീറത്തെ മുസ്ത്വഫയാണ് ഉര്‍ദുവില്‍ പ്രസിദ്ധമായ മറ്റൊരു കൃതി. 900-നടുത്ത് പേജുകളില്‍ വിരചിതമായ ഈ കൃതി 50-ല്‍ പരം ഗ്രന്ഥങ്ങളെ അവലംബിച്ചു രചിക്കപ്പെട്ടതാണ്. സീറ ശാഖയില്‍ വിരചിതമായ 40 കൃതികളുടെ രചയിതാക്കളെ ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത് പരിചയപ്പെടുത്തുന്നുണ്ട്. മൗലാനാ മുഹമ്മദ് സര്‍ദാര്‍ അഹ്മദ് ചിശ്തി ഖാദിരിയുടെ (1903-1962) അര്‍റസൂലും, ആയിരത്തിനടുത്ത് പേജുകളിലായി വിരചിതമായ സയ്യിദ് സആദത് അലി ഖാദിരിയുടെ ജാനേ ആലമും, അഹ്മദ് സയീദ് ഖാസിമിയുടെ മിഅറാജുന്നബിയും, ഫദല്‍ അഹ്മദിന്റെ അന്‍വാറുല്‍ ഹുദായും, ശൈഖ് അബ്ദുല്‍ അസീസ് മുറാദാബാദിയുടെ സവാനിഹേ ഉമറീ റസൂലേ അക്‌റമും, അഹ്മദ് ഹസന്‍ ഖാന്റെ സീറത്തെ അഹ്മദിയും ബറേല്‍വി ധാരയില്‍നിന്ന് വിരചിതമായ വിഖ്യാത നബി ചരിത്ര ഗ്രന്ഥങ്ങളാണ്.

Comments