Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

നാല്‍പത്

അശ്‌റഫ് കാവില്‍

നാല്‍പത്
വെറുമൊരക്കമല്ല,
ആത്മവായനയില്‍
മുഴുകിയവന്
പൊടുന്നനെയുണ്ടാകുന്ന
വെളിപാടിന്റെ പേര്
നാല്‍പതെന്നാണ്...

വചനങ്ങളുടെ പൊരുള്‍
ഉള്ളിനുള്ളിലെ
തംബുരുവില്‍
കമ്പനമുണ്ടാക്കുന്നത്
നാല്‍പതുകളില്‍...

കുറ്റിവലിച്ചോടുന്ന
പശുക്കിടാവിനെപ്പോലെ
എല്ലാ മേച്ചില്‍പുറങ്ങളിലും
തിന്നു മദിച്ചു നടന്നവനെ
വിവേകത്തിന്റെ
ഉറച്ച കുറ്റിയില്‍
വലിച്ചു കെട്ടിയിടുന്നതും
നാല്‍പതുകളില്‍...

ഹിറാ ഗുഹക്കകത്ത്
പ്രഭാപൂരം തീര്‍ത്ത
യുഗപ്രഭാവന്, അന്ന്
നാല്‍പതായിരുന്നല്ലോ, പ്രായം.

സൂക്ഷ്മ ജീവിതത്തിലേക്കു
നിയന്ത്രിച്ചു നടക്കാനുള്ള
മൈല്‍ക്കുറ്റിയില്‍
നാല്‍പത്
എന്ന് രേഖപ്പെടുത്തിയിരിക്കും.

 

**************************************************

 

കുട്ടികളുറങ്ങാത്ത വീടുകള്‍

കാലും നീട്ടിയിരുന്ന്
മുറുക്കിത്തുപ്പി
കുട്ടികള്‍ക്ക്
കഥ പറഞ്ഞുകൊടുത്ത
വല്യുമ്മമാരില്ല...

കഥ കേട്ടുറങ്ങാറുള്ള
കുഞ്ഞുങ്ങള്‍ക്കിപ്പോള്‍
ഉറക്കമേയില്ല...

താരാട്ടിന്റെ ഈണത്തില്‍
കഥകളുടെ ഒഴുക്കില്‍
അവര്‍ നഷ്ടപ്പെടുന്നില്ല...

അലാവുദ്ദീന്റെ
അത്ഭുത വിളക്കിനേക്കാള്‍
തിളക്കമുള്ള വിളക്കും
ആലീസ് കണ്ട
അതിശയ ലോകത്തേക്കാള്‍
വര്‍ണപ്പകിട്ടുള്ള ലോകവും

വിരല്‍ തൊട്ടുണര്‍ത്തി
യൂട്യൂബിലും
ഫേസ്ബുക്കിലും
ആഴ്ന്നിറങ്ങി
അവര്‍ കാണിച്ചുകൊടുക്കുന്നു,
ഉറങ്ങാത്ത വല്യുമ്മമാര്‍ക്ക്...  

 

**************************************************

 

ഇരുചുമടുകള്‍

കൂറ്റന്‍ പെട്ടിയും തലയിലേറ്റി
ചുമട്ടുകാരന്‍
എനിക്കു മുന്നില്‍ നടക്കുന്നു...

ദിവാസ്വപ്‌നങ്ങളുടെ
ഊക്കന്‍ ഭാരവും പേറി
അയാള്‍ക്കു പിറകില്‍
ഞാനും നടക്കുന്നു...

പേറിയതിന്റെ കനം
ചുമട്ടുകാരനറിയുന്നില്ല

'ഇന്നെങ്കിലും മക്കള്‍ക്ക്
ഒരുടുപ്പു വാങ്ങാമല്ലോ'

എന്ന സന്തോഷം
അയാള്‍ക്കുള്ളിലുണ്ടല്ലോ...

ഗള്‍ഫുകാരന്റെ പത്രാസില്‍
കൂടുതലെന്തെങ്കിലും
കിട്ടാതിരിക്കില്ലെന്ന പ്രത്യാശയും
അയാള്‍ക്കുള്ളില്‍...

പിരിച്ചുവിടപ്പെട്ട
പാവം പ്രവാസിയെന്ന്
എനിക്കു പറയാനൊക്കില്ലല്ലോ
കണ്ണീരു വീണു കുതിര്‍ന്ന
പുതപ്പിന്റെ കനമാണ്
ആ പെട്ടിക്കുള്ളതെന്നും
പറയാനൊക്കില്ലല്ലോ.

പെട്ടി താഴെയിറക്കി
ചുമട്ടുകാരന്‍
ചിരിച്ചുകൊണ്ടു നില്‍ക്കുന്നു...

ഒരിടത്തുമിറക്കാന്‍ വയ്യാത്ത
തലച്ചുമടും പേറി
ഞാനയാള്‍ക്ക്
ചുമട്ടുകൂലി നല്‍കുന്നു.
 

Comments