മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍
മനുഷ്യസമൂഹത്തിന് സന്മാര്‍ഗം പഠിപ്പിക്കാന്‍ നിയോഗിതരായ പ്രവാചകന്മാരെ ജനം എന്നും കല്ലെറിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയെയും ഒരു പ്രവാചകന്‍ എന്ന നിലക്ക് പല കാര്യങ്ങളിലും ജനം ഇന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു. അതിലൊന്ന് പ്രവാചകന്‍ നടത്തിയ പതിനൊന്ന് വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് വെച്ചുകൊണ്ട് പ്രവാചകന്റെ സദാചാര വിശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്.
വിവാഹത്തെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുമ്പോള്‍ ഇത് സ്വാഭാവികമാണ്. മാത്രമല്ല, ബഹുഭാര്യാത്വത്തെ പാപംപോലെ കാണുന്ന സാമൂഹിക പരിസരത്തു നിന്ന് ചിന്തിക്കുമ്പോഴും ഏതൊരു മഹാനെക്കുറിച്ചാണെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. ഇസ്‌ലാമിന്റെ വെളിച്ചം കിട്ടിയിട്ടും ഒരു കല്ലുകടിയായി മനസ്സില്‍ നിന്നിരുന്ന കാര്യമായിരുന്നു ഇത്. എന്നാല്‍, മുഹമ്മദ് നബിയുടെ ജീവചരിത്രവും നടത്തിയ വിവാഹങ്ങളുടെ പശ്ചാത്തലവും പഠിച്ചപ്പോഴാണ് നബിയുടെ വിവാഹങ്ങളുടെ പിന്നിലെ താല്‍പര്യങ്ങള്‍ മനസ്സിലായത്.
മുഹമ്മദ് എന്ന മനുഷ്യന്‍ നബിയാകുന്നത് നാല്‍പതാമത്തെ വയസ്സിലാണ്. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക് മുഹമ്മദ് (സ) ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂ. ബാക്കി വിവാഹങ്ങള്‍ ഒരു പ്രവാചകന്‍ എന്ന നിലക്കുള്ളവയാണ്. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക് 25-ാം വയസ്സില്‍ 40 വയസ്സ് പ്രായമുള്ള, നാല് മക്കളുടെ മാതാവായ ഖദീജയെയാണ് വിവാഹം കഴിക്കുന്നത്. 50 വയസ്സ് വരെയും ഈ ദാമ്പത്യം തുടര്‍ന്നു. ഈ 25 വര്‍ഷത്തെ ദാമ്പത്യജീവിതമല്ല വിമര്‍ശനവിധേയമാവുന്നത്. ആദ്യ ഭാര്യ ഖദീജ മരണപ്പെടുമ്പോള്‍ പ്രവാചകന് 50 വയസ്സാണ്. 50 വയസ്സിനു ശേഷമാണ് പ്രവാചകന്‍ ബഹുഭാര്യാത്വത്തിലേക്ക് പ്രവേശിക്കുന്നത്. 63-ാം വയസ്സില്‍ മരണപ്പെടുകയും ചെയ്യുന്നു. ഈ 13 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് വിമര്‍ശനവിധേയമാകുന്നത്.
അതായത്, പ്രവാചകന്റെ 25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള 25 വര്‍ഷത്തെ യുവത്വകാലമല്ല; 50 വയസ്സ് മുതല്‍ 63 വയസ്സ് വരെയുള്ള 13 വര്‍ഷത്തെ വാര്‍ധക്യകാല ദാമ്പത്യജീവിതമാണ് വിമര്‍ശനവിധേയമാകുന്നത്. ഇതില്‍നിന്നുതന്നെ നബിയുടെ വിവാഹങ്ങളുടെ പിന്നില്‍ ലൈംഗിക താല്‍പര്യമല്ലാത്ത ചിലതാണുള്ളത് എന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. ലൈംഗിക അരാജകത്വവും അനിയന്ത്രിതമായ ബഹുഭാര്യാത്വവും സാര്‍വത്രികമായ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് മുഹമ്മദ് യുവത്വം പിന്നിടുംവരെ ഒരു ഭാര്യയുമായി ജീവിച്ചത് എന്ന കാര്യവും ശ്രദ്ധേയമാണ്.
ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട് കര്‍ക്കശമായ നിയമങ്ങള്‍ പഠിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അന്യ സ്ത്രീപുരുഷന്മാര്‍ പരസ്പരം നോക്കുന്നിടത്തും ഇടപെടുന്നിടത്തും നിയന്ത്രണങ്ങളുണ്ട്. സ്ത്രീയുടെ വസ്ത്രധാരണം, നടത്തം, ഒറ്റയ്ക്കാവല്‍, ഒറ്റക്കുള്ള ദീര്‍ഘയാത്ര തുടങ്ങി ലൈംഗിക സദാചാരത്തെ ബാധിക്കുന്ന എല്ലാ സാധ്യതകളെയും പഴുതടച്ച് നിയന്ത്രിക്കുന്ന നിയമങ്ങളാണ് പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരത്തിനു മാത്രമല്ല, വ്യഭിചാരാരോപണത്തിനു പോലും കടുത്ത ശിക്ഷയുണ്ട്. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട്, കൊലചെയ്യപ്പെട്ട് കെട്ടിത്തൂക്കിയും നാവറുത്ത് കത്തിച്ചും വരെ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമിന്റെ ചെറിയ സ്വാധീനമെങ്കിലുമുള്ള നാടുകളില്‍നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്.
ലൈംഗിക സദാചാര വിശുദ്ധിയില്ലാത്ത ഒരാള്‍ക്ക് സദാചാര കല്‍പനകളെ തന്റെ സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാവുമോ? ഒരിക്കലും സാധ്യമല്ല. പ്രവാചകന് അത് സാധിക്കുകയുണ്ടായി. അതിനര്‍ഥം, പ്രവാചക വിവാഹങ്ങളുടെ പിന്നിലെ താല്‍പര്യങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെട്ടതല്ല എന്നല്ലേ?
പ്രവാചകന്‍ ബഹുഭാര്യാത്വത്തിലേക്ക് പ്രവേശിക്കുന്നത് ഏറ്റവും തിരക്കു പിടിച്ച അവസാന കാലത്താണ് എന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. പ്രവാചകന്‍ കേവല മതനേതാവായിരുന്നില്ല. പള്ളിക്കാര്യവും പാര്‍ലമെന്റിലെ കാര്യവും കൈകാര്യം ചെയ്യുന്ന തിരക്കുപിടിച്ച ഭരണാധികാരിയായിരുന്നു. അതിനാല്‍ അഞ്ചു നേരത്തെ നമസ്‌കാരത്തിനു നേതൃത്വം നല്‍കല്‍, രാത്രി പകുതിയോളമുള്ള ദീര്‍ഘമായ നമസ്‌കാരം, സുന്നത്ത് നോമ്പുകള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളോടൊപ്പം രോഗ-മരണ സന്ദര്‍ശനങ്ങള്‍, ജനങ്ങളുടെ സംസ്‌കരണം, ബോധവല്‍ക്കരണം, പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, സന്ധികള്‍, പ്രതിരോധ സമരങ്ങള്‍, കുറ്റവിചാരണ, നിയമങ്ങള്‍ നടപ്പിലാക്കല്‍, ആസൂത്രണങ്ങള്‍ തുടങ്ങി നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പ്രവാചകന്റെ ജീവിതം. ഇതും പ്രവാചക വിവാഹങ്ങളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെയുള്ള ന്യായങ്ങളാണല്ലോ.
ലൈംഗിക അരാജകത്വം നടമാടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ജീവിച്ചിട്ടും ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട് അന്ന് മുഹമ്മദ് നബിക്കെതിരില്‍ ഒരാരോപണവുമുണ്ടായിട്ടില്ലെന്നു മാത്രമല്ല; ജനം മുഴുവന്‍ 'അല്‍ അമീന്‍' (വിശ്വസ്തന്‍) എന്ന് ഓമനപ്പേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇത്രത്തോളം ശുദ്ധനും സത്യസന്ധനുമായൊരാള്‍ക്ക് എങ്ങനെയാണ് ആരോപിതര്‍ പറയുന്നതുപോലെയാകാന്‍ കഴിയുക?
ഇത്തരം വ്യക്തമായ ന്യായങ്ങളോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സുപ്രധാന കാര്യമുണ്ട്. പ്രവാചകന്‍ ബഹുഭാര്യാത്വത്തിലേക്ക് പ്രവേശിച്ചതുതന്നെ 66 വയസ്സുള്ള വൃദ്ധയും വിധവയുമായ സൗദയെ വിവാഹം കഴിച്ചുകൊണ്ടാണ്. മാത്രമല്ല, പിന്നീട് നടന്ന വിവാഹമാകട്ടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാനായിട്ടില്ലാത്ത ആഇശയുമായിട്ടായിരുന്നു. അതിനര്‍ഥം പ്രവാചകന്‍ ബഹുഭാര്യാത്വത്തിലേക്ക് പ്രവേശിക്കുന്നത് ലൈംഗിക താല്‍പര്യത്തോടെയല്ല എന്നാണ്. ബാക്കി എട്ട് വിവാഹങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഇത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ പിന്നെ എന്തായിരിക്കും മുഹമ്മദ് നബിയുടെ വിവാഹങ്ങളുടെ പിന്നിലെ താല്‍പര്യങ്ങള്‍?
പ്രവാചകന്‍ നടത്തിയ ഓരോ വിവാഹത്തിന്റെയും പശ്ചാത്തലം പരിഗണിച്ചാല്‍ അവയെ പ്രധാനമായും മൂന്ന് ഗണത്തില്‍ പെടുത്താം. അതിലൊന്ന് 'മനുഷ്യത്വപരം' എന്ന ഗണത്തിലാണ് വരിക. 'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായത്' എന്നാണല്ലോ തന്റെ നിയോഗത്തെക്കുറിച്ച് പ്രവാചകന്‍ തന്നെ പറഞ്ഞത്. വിവാഹം എന്ന സമ്പ്രദായത്തിലെ മനുഷ്യത്വം വിശകലനം ചെയ്യുമ്പോഴാണ് ഇതിന് വ്യക്തത കൈവരിക. അത് വഴിയേ പറയാം. രണ്ടാമത്തേത്, ഒരു ഭരണാധികാരി എന്ന നിലക്ക് 'നയതന്ത്രപരം' അല്ലെങ്കില്‍ 'രാഷ്ട്രീയപരം' എന്ന താല്‍പര്യത്തിന്റെ ഗണത്തില്‍ വരും. മൂന്നാമത്തേത്, മനുഷ്യന്റെ ധാര്‍മിക ജീവിതത്തിന് ആവശ്യമായ ദൈവിക നിയമങ്ങളുടെ വക്താവും പ്രയോക്താവുമാണ് പ്രവാചകന്‍ എന്ന നിലക്ക് 'നിയമനിര്‍മാണപരം' എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
ഇതില്‍ 'മനുഷ്യത്വപരം' എന്ന ഗണത്തില്‍ വരുന്ന വിവാഹങ്ങള്‍ പരിശോധിക്കും മുമ്പ് 'വിവാഹമാര്‍ക്കറ്റി'ല്‍ പൊതുവില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന അവസ്ഥകള്‍ സൂചിപ്പിക്കേണ്ടതുണ്ട്. അതില്‍ അഗതിയാവുക, അനാഥയാവുക, വിധവയാവുക, സൗന്ദര്യക്കുറവുണ്ടാവുക, പ്രായാധിക്യമുണ്ടാവുക, ബാധ്യതയുള്ളവരാവുക (മക്കളുണ്ടായിരിക്കെ ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍) തുടങ്ങിയ അവസ്ഥകളിലുള്ളവര്‍ പൊതുവില്‍ അവഗണിക്കപ്പെടുന്നതായി കാണാം. പ്രവാചകന്‍ വിവാഹം കഴിച്ച ഒരു വിഭാഗം ഈ ഗണത്തില്‍പെട്ടവരാണ്. അതിലൊന്നാമത്തേത് നേരത്തേ സൂചിപ്പിച്ച 66 വയസ്സുണ്ടായിരുന്ന സൗദയാണ്. അബ്‌സീനിയയിലേക്കുള്ള പലായനത്തിനിടയില്‍ ഭര്‍ത്താവ് മരണപ്പെട്ട ഇവര്‍ വിധവയും വൃദ്ധയും അഗതിയും അനാഥയും എല്ലാമായിരുന്നു. വൈധവ്യം വിവാഹത്തിന് തടസ്സമാകേണ്ടതില്ല എന്ന മഹത്തായ സന്ദേശവും വിധവ, അനാഥ, അഗതി സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണെന്ന പാഠവുമല്ലാതെ തെറ്റായ എന്തൊരു സന്ദേശമാണിതില്‍നിന്ന് വായിച്ചെടുക്കാനാവുക? പ്രവാചകന്‍ പഠിപ്പിച്ചു: 'വിധവകളുടെയും അഗതികളുടെയും സ്ഥിതി സുഖകരമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്‌കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ.' വിധവകളെ ശകുനമായിപ്പോലും കാണുന്ന സമ്പ്രദായം സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാനാണ് മധ്യപ്രദേശിലെ സാമൂഹികക്ഷേമ വകുപ്പ് 18-നും 45-നും മധ്യേ പ്രായമുള്ള വിധവകളെ വിവാഹം കഴിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികം നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. സാമൂഹിക ക്ഷേമത്തിന്റെ ഭാഗമാണ് വിധവാ സംരക്ഷണം എന്നര്‍ഥം.
ഈ ഗണത്തില്‍ വരുന്ന മറ്റൊരു വിവാഹം പ്രവാചകന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളായ ഉമറിന്റെ മകള്‍ ഹഫ്‌സ്വയുമായുള്ളതായിരുന്നു. അവര്‍ വിധവയായിരുന്നു എന്നതോടൊപ്പം കാഴ്ചയില്‍ സൗന്ദര്യമുള്ളവരായിരുന്നില്ല. വിവാഹത്തിന് സൗന്ദര്യക്കുറവ് തടസ്സമല്ല എന്ന മഹത്തായ പാഠമല്ലേ ഇതിലൂടെ പ്രവാചകന്‍ സമൂഹത്തിന് നല്‍കുന്നത്? ഒരു യുദ്ധത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട ഹിന്ദ് (ഉമ്മുസലമ)മായുള്ള വിവാഹമായിരുന്നു മറ്റൊന്ന്. അവര്‍ വിധവയും നാല് മക്കളുടെ മാതാവുമായിരുന്നു. അതോടൊപ്പം വളരെ ക്ഷീണിതയുമായിരുന്നു. അനാഥ സംരക്ഷണം എന്ന മനുഷ്യത്വപരമായ താല്‍പര്യത്തിനു പുറമെ, വിവാഹത്തിന് 'ബാധ്യതയുള്ളവര്‍' (മക്കളുള്ള വിധവകള്‍) തടസ്സമാകേണ്ടതില്ലെന്ന സന്ദേശവും ഇതിലുണ്ട്. ഈ ഗണത്തില്‍ നടന്ന മറ്റൊരു വിവാഹം ഉമ്മു മസാകീന്‍ (ദരിദ്രരുടെ ഉമ്മ) എന്നറിയപ്പെട്ടിരുന്ന സൈനബുമായുള്ളതായിരുന്നു. ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട് വിധവയായ ഇവര്‍ വൃദ്ധയും വളരെ ദുര്‍ബലയുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം അവര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. മേല്‍ സൂചിപ്പിച്ച ഓരോ വിവാഹത്തിന്റെ പിന്നിലും മനുഷ്യത്വപരമായ താല്‍പര്യങ്ങളാണ് കാണാന്‍ കഴിയുക. അനാഥാലയങ്ങളോ അഗതി മന്ദിരങ്ങളോ ഇല്ലാത്ത ഒരു കാലമായിരുന്നു അത് എന്നു കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.
വിവാഹത്തിന് ലൈംഗികതക്കപ്പുറം വിധവാ സംരക്ഷണം, അനാഥ സംരക്ഷണം, വൃദ്ധ സംരക്ഷണം, അഗതി സംരക്ഷണം തുടങ്ങിയ മാനവിക തലങ്ങളുമുണ്ടെന്ന മഹത്തായ പാഠങ്ങളാണ് ഈ ഗണത്തില്‍പെട്ട പ്രവാചക വിവാഹങ്ങള്‍ മാനവസമൂഹത്തിന് നല്‍കുന്നത്. വിവാഹം എന്ന സമ്പ്രദായത്തെ ഇത്രത്തോളം മാനവികവല്‍ക്കരിച്ച മറ്റേതെങ്കിലുമൊരു മഹാന്റെ ചരിത്രം നമുക്ക് കാണാനാകുമോ? 'വിശിഷ്ടമായ ഏറ്റെടുക്കല്‍' എന്ന വിവാഹത്തിനുള്ള നിര്‍വചനത്തെ അക്ഷരാര്‍ഥത്തില്‍ പ്രയോഗവല്‍ക്കരിക്കുകയല്ലേ പ്രവാചകന്‍ ചെയ്തത്?
പ്രവാചകന്റെ വിവാഹങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഒരു കാര്യം കൂടി ഇതിനോട് ചേര്‍ത്ത് ചിന്തിക്കേണ്ടതുണ്ട്. ലോകചരിത്രത്തിലുണ്ടായ അപൂര്‍വം നീതിമാന്മാരായ ഭരണാധികാരികളുടെ ലിസ്റ്റില്‍ ഏതൊരാളും ഖലീഫാ ഉമറിനെ ചേര്‍ക്കാതിരിക്കില്ല. ഗാന്ധിജി പോലും 'ഞാന്‍ വിഭാവന ചെയ്യുന്ന രാമരാജ്യം ഖലീഫാ ഉമറിന്റെ കാലത്തേതു പോലെ ഒന്നാണ്' എന്നു പറഞ്ഞല്ലോ. പറഞ്ഞുവരുന്നത് ഖലീഫാ ഉമറിനെ പോലുള്ള, ഖലീഫാ അബൂബക്‌റിനെ പോലുള്ള സത്യസന്ധരും നീതിമാന്മാരുമായ വ്യക്തിത്വങ്ങള്‍ സദാചാരനിഷ്ഠയില്ലാത്ത ഒരാള്‍ക്ക് സ്വന്തം മക്കളെ വിവാഹം കഴിച്ചുകൊടുക്കുമോ? മുഹമ്മദ് നബിയെ തൊട്ടറിഞ്ഞ മഹാന്മാരായ മനുഷ്യര്‍ക്കില്ലാത്ത ആക്ഷേപം കേട്ടറിഞ്ഞ നമുക്കുണ്ടാകേണ്ടതുണ്ടോ?
പ്രവാചകന്‍ നടത്തിയ മറ്റു ചില വിവാഹങ്ങള്‍ നയതന്ത്രപരം അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പര്യത്തോടുകൂടിയുള്ളവയായിരുന്നു. ഭരണാധികാരി കൂടിയായിരുന്നല്ലോ പ്രവാചകന്‍. സ്വാഭാവികമായും രാഷ്ട്രത്തിന്റെ കെട്ടുറപ്പും വ്യാപനവും ഭരണാധികാരി എന്ന നിലക്ക് ശ്രദ്ധിക്കേണ്ടതാണല്ലോ. അന്നത്തെ അറേബ്യന്‍ സാമൂഹിക ഘടനയില്‍ നിന്നുകൊണ്ട് വിവാഹം എന്ന സമ്പ്രദായത്തെ നയതന്ത്രപരമായി പ്രവാചകന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഭാര്യമാരുടെ കൂട്ടത്തില്‍ വിധവകളോ അഗതികളോ അനാഥരോ അല്ലാത്തവരുണ്ടെങ്കില്‍ ഏതാണ്ടെല്ലാവരും ഗോത്രത്തലവന്മാരുടെ മക്കളോ ബന്ധുക്കളോ ആയിരുന്നെന്നു കാണാം. അന്നത്തെ ഗോത്ര സാമൂഹിക ഘടനയില്‍ ഏതെങ്കിലും ഒരു ഗോത്രത്തില്‍നിന്നൊരാള്‍ വിവാഹം കഴിച്ചാല്‍ അയാള്‍ ആ 'ഗോത്രത്തിന്റെ മരുമകനാ'വുകയാണ് ചെയ്യുക. നേതാക്കളുടെ മക്കളോ ബന്ധുക്കളോ ആകുമ്പോള്‍ അത് ആ ഗോത്രക്കാര്‍ക്കിടയിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും. ഈ ഗണത്തില്‍ നടന്ന വിവാഹങ്ങളിലൊന്ന് ബനുല്‍ മുസ്തലിഖ് ഗോത്രത്തലവനായ ഹാരിസിന്റെ പുത്രി ജുവൈരിയയുമായിട്ടുള്ളതായിരുന്നു. ഗോത്രബന്ധുവായതോടെ ഹാരിസിന്റെ ശത്രുത മാറി എന്നു മാത്രമല്ല, ആ ഗോത്രത്തിലെ ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
ഈ ഗണത്തില്‍പെട്ട മറ്റൊരു വിവാഹം ഹിലാല്‍ ഗോത്രത്തില്‍പെട്ട മൈമൂനയുമായിട്ടുള്ളതായിരുന്നു. പ്രവാചകന്റെ പിതൃവ്യന്‍ അബ്ബാസിന്റെ ഭാര്യാസഹോദരിയും ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകളുടെ പരാജയത്തിന് മുഖ്യകാരണക്കാരനായ ഖാലിദുബ്‌നു വലീദിന്റെ അമ്മായിയുമായിരുന്നു മൈമൂന. വിവാഹം വളരെ പ്ലാനിംഗോടുകൂടി നടന്ന ഒന്നായിരുന്നു. ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായിരുന്ന ഖാലിദുബ്‌നു വലീദ്, ഉസ്മാനുബ്‌നു ത്വല്‍ഹ, അംറുബ്‌നു ആസ്വ് തുടങ്ങി നിരവധി പ്രമുഖര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ഇതും നിമിത്തമായിട്ടുണ്ട്. ബനുന്നളീര്‍ ഗോത്രത്തലവനായിരുന്ന ഹുയയ്യുബ്‌നു അഖ്താബിന്റെ മകള്‍ സ്വഫിയ്യയുമായുള്ള വിവാഹമാണ് മറ്റൊന്ന്. പിന്നീട് അവരുടെ ഗോത്രം ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. മാരിയതുല്‍ ഖിബ്ത്വിയ്യയെ പ്രവാചകന്‍ ഭാര്യയായി സ്വീകരിച്ചതിലും രാഷ്ട്രീയമുള്ളതായി കാണാം. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനിയുടെ മകളായിരുന്ന മാരിയയെ അവിടത്തെ രാജാവായ മുഖൗഖിസ് പാരിതോഷികമായി നല്‍കിയതാണ്. അവരെ പാരിതോഷികമായി സ്വീകരിക്കുന്നതോടെ ഒരു രാജാവുമായി 'ജീവനുള്ള ബന്ധ'മാണ് രൂപപ്പെടുന്നത്.
പ്രവാചകന്റെ മുഖ്യശത്രുവും ഖുറൈശീ നേതാവുമായ അബൂസുഫ്‌യാന്റെ മകള്‍ ഉമ്മു ഹബീബ (റംല)യുമായുള്ള വിവാഹവും ഈ ഗണത്തിലാണ് വരുക. അബ്‌സീനിയയിലേക്കുള്ള പലായനത്തിനിടയില്‍ ഭര്‍ത്താവ് മതംമാറിപ്പോയപ്പോള്‍ നിസ്സഹായയും വിധവയുമായ ഉമ്മുഹബീബയെ പ്രവാചകന്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാചകനോടുള്ള ശത്രുതയുമായി കഴിഞ്ഞ അബൂസുഫ്‌യാന്‍ മകളെ പ്രവാചകന്‍ വിവാഹം കഴിച്ചതിനുശേഷം നേര്‍ക്കുനേരെ ഏറ്റുമുട്ടിയിട്ടേയില്ല. പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍കൂടി ഉള്‍ച്ചേര്‍ന്ന ഇത്തരം നടപടിക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളും വിലയിരുത്തുമ്പോള്‍ ഒരു ഭരണാധികാരി എന്ന നിലക്കുള്ള പ്രവാചകന്റെ നയതന്ത്ര ചാതുരിയാണ് ബോധ്യപ്പെടുക. ഛത്രപതി ശിവജി എട്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. ആ വിവാഹങ്ങളുടെ പിന്നിലെ ഉദ്ദേശ്യങ്ങള്‍ പറയുന്നിടത്ത് കൂടുതല്‍ കുടുംബങ്ങളുമായി ബന്ധങ്ങളുണ്ടാക്കലും അതുവഴി ജനങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചരിത്രത്തില്‍നിന്ന് വേറെയും വായിച്ചെടുക്കാനാവും.
ആശയപ്രചാരണത്തിനും സ്വാധീനമുറപ്പിക്കാനും അതത് കാലത്തെ സാമൂഹിക സമ്പ്രദായങ്ങളിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നത് സ്വാഭാവികമാണ്. രാഷ്ട്രീയാധികാരമുള്ള പ്രവാചകനായ മുഹമ്മദ് നബിയും അതേ ചെയ്തിട്ടുള്ളൂ.
പ്രവാചക വിവാഹങ്ങളില്‍ മൂന്നാമത്തേത് 'നിയമനിര്‍മാണപരം' എന്ന ഗണത്തിലാണ്. ഏറെ വിവാദമായ സൈനബ് ബിന്‍ത് ജഹ്ശുമായുള്ള വിവാഹം ഈ ഗണത്തില്‍ വരും. പ്രവാചകന്റെ ദത്തുപുത്രനായിരുന്ന സൈദ് വിവാഹമോചനം നടത്തിയ സൈനബിനെ പ്രവാചകന്‍ വിവാഹം കഴിക്കുന്നു. ഇത് വിമര്‍ശകര്‍ പറയുന്നതുപോലയുള്ള അശ്ലീല നടപടിയായിരുന്നില്ല; സാമൂഹിക മാറ്റത്തിനുള്ള 'ദൈവിക സമ്മര്‍ദ'മായിരുന്നു. പ്രവാചകന്‍ വളരെ പ്രയാസത്തോടുകൂടിയാണ് ഇതിന് തയാറാവുന്നത്. കാരണം, ദത്തുപുത്രന്മാരെ സ്വന്തം പുത്രന്മാരായി കാണുന്ന ഒരു സമൂഹത്തില്‍ ഈ വിവാഹത്തിന്റെ ചിത്രം 'മകന്റെ ഭാര്യയെ കല്യാണം കഴിച്ചവന്‍' എന്നാണല്ലോ. എന്തിനായിരുന്നു പ്രവാചകന്റെ മേല്‍ ഈ 'ദൈവിക സമ്മര്‍ദം?' എന്തിനായിരുന്നു പ്രവാചകനെക്കൊണ്ടുതന്നെ ഈ വിവാഹം കഴിപ്പിച്ചത്? ദത്തുപുത്രന്മാരെ യഥാര്‍ഥ പുത്രന്മാരായി കാണുന്നതിനെ നിയമവിരുദ്ധമാക്കിയതെന്തിനാണ്?
'നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തു വിളിക്കുക...' (33: 4,5) എന്നൊരു നിര്‍ദേശം ഖുര്‍ആനിലുണ്ട്. അതിനര്‍ഥം ദത്തുപുത്രന്മാരെ ദത്തെടുത്ത വ്യക്തിയിലേക്ക് ചേര്‍ത്തു വിളിക്കാന്‍ പാടില്ല. എന്തുകൊണ്ട് പാടില്ല? പ്രധാനമായും മൂന്ന് കാരണങ്ങള്‍ കാണാം: ഒന്ന്, യഥാര്‍ഥ പുത്രനല്ല എന്നതുകൊണ്ടുതന്നെ. എപ്പോള്‍ വേണമെങ്കിലും പിരിയാവുന്ന ബന്ധമാണത്. രണ്ട്, യഥാര്‍ഥ പുത്രനല്ലാത്തതിനാല്‍ ദത്തെടുത്ത വ്യക്തിയുടെ ഭാര്യയുടെ മുമ്പിലും പെണ്‍മക്കളുടെ മുമ്പിലും ദത്തുപുത്രന്‍ അന്യപുരുഷനാണ്. അവരുമായുള്ള ഇടപെടലുകള്‍ അതിരു വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. യഥാര്‍ഥ അമ്മപെങ്ങന്മാരെപ്പോലും തിരിച്ചറിയാത്ത വിധം ധാര്‍മികമായി അധഃപതിച്ച ഒരു കെട്ടകാലത്ത് ഇത്തരം സൂക്ഷ്മമായ ശ്രദ്ധയുടെ പ്രസക്തി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ധാര്‍മികതയെ നിഷേധിക്കുന്ന കൂട്ടര്‍ക്കിത് മനസ്സിലാകണമെന്നില്ല. മൂന്ന്, സമ്പ്രദായം അനന്തരാവകാശ നിയമങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ അര്‍ഥത്തില്‍ ധാര്‍മികതക്കും നിയമത്തിനും പ്രതികൂലമാണ് ദത്തുപുത്ര സമ്പ്രദായം എന്നതിനാല്‍ അതിനെ മാറ്റിയെടുക്കാന്‍ പ്രവാചകന്‍ ബാധ്യസ്ഥനാണ്.
പ്രവാചകനെക്കൊണ്ടുതന്നെ ഇങ്ങനെയൊരു വിവാഹം നടത്തിച്ചതെന്തിനാണ്? വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ ഒരു കല്‍പന കാണാം: ''പുത്രന്മാര്‍ വിവാഹമോചനം ചെയ്ത സ്ത്രീകളെ പിതാക്കള്‍ വിവാഹം കഴിക്കരുത്'' (4:23). ഇതനുസരിച്ച് യഥാര്‍ഥ പുത്രന്‍ വിവാഹമോചനം ചെയ്ത സ്ത്രീയെ പിതാവിന് വിവാഹം കഴിക്കാന്‍ പാടില്ല. ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനല്ല. അതിനാല്‍ ഈ നിയമം ദത്തുപുത്രന്റെ കാര്യത്തില്‍ ബാധകമാവുകയില്ല. എന്നാല്‍, ആ സമൂഹത്തില്‍ നിലനില്‍ക്കുന്ന സമ്പ്രദായമനുസരിച്ച് ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനെപ്പോലെയാണ്. അപ്പോള്‍ സ്വാഭാവികമായും ദൈവം അനുവദനീയമാക്കിയ ഒരു കാര്യം നിലവിലുള്ള സാമൂഹികാവസ്ഥയില്‍ നിഷിദ്ധമാണ്. ദൈവം അനുവദിച്ചതിനെ സാമൂഹിക വ്യവസ്ഥ നിരോധിച്ചിരിക്കുന്നു. ഇതിനെ ഉടച്ചുവാര്‍ക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അത് ശ്രമകരവുമാണ്. അതുകൊണ്ടുതന്നെ കാലങ്ങളായി മൂടുറച്ചുപോയ ഈ സമ്പ്രദായത്തെ പൊളിച്ചുമാറ്റാന്‍ അബൂബക്‌റോ ഉമറോ മതിയാവുകയില്ല, പ്രവാചകന്‍ തന്നെ വേണ്ടിവരും. കാരണം, അന്നത്തെ ചുറ്റുപാടില്‍ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിക്കുന്നപോലെ തോന്നുന്ന സംഭവമാണിത്. സാധാരണ മനുഷ്യ വൈകാരികത വിസമ്മതിക്കുന്ന ഒരു കാര്യമായതിനാല്‍ ദൈവകല്‍പനക്കു മുമ്പില്‍ വൈകാരികതക്കടിപ്പെടാതെ കല്‍പന നിറവേറ്റാന്‍ ഒരു പ്രവാചകനേ സാധ്യമാകൂ.
ഏതാണ്ട് ഇതേ സ്വഭാവത്തില്‍ വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് ആഇശയുമായുള്ള വിവാഹമാണ്. പ്രവാചകന്റെ അടുത്ത കൂട്ടുകാരനായ അബൂബക്‌റിന്റെ മകള്‍ ആഇശയുമായി വിവാഹം നടക്കുമ്പോള്‍ ആഇശയുടെ പ്രായം എത്രയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്തായിരുന്നാലും ആഇശയുമായുണ്ടായ വിവാഹവും ഒരു പ്രവാചകന്‍ എന്ന നിലക്കായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, സാധാരണ ഗതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല കാര്യങ്ങളുടെയും ആവശ്യമോ അനിവാര്യതയോ അന്തിമ വിശകലനത്തിലാണ് ബോധ്യമാവുക.
അന്ത്യപ്രവാചകനാണല്ലോ മുഹമ്മദ് നബി. പ്രവാചക ജീവിതമാകട്ടെ അന്ത്യനാള്‍ വരെ മനുഷ്യര്‍ക്കുള്ള മാര്‍ഗരേഖയുമാണ്. ഒരാളുടെ കുടുംബജീവിതത്തെ സംബന്ധിച്ച് ജനത്തിന് വിവരം ലഭിക്കുക സ്വാഭാവികമായും ഭാര്യയില്‍നിന്നാണ്. ഒരു പ്രവാചകന്‍ എന്ന നിലക്ക് മുഹമ്മദ് നബിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അറിവ് പില്‍ക്കാലക്കാര്‍ക്ക് ലഭിക്കേണ്ടതുമാണ്. കുടുംബ ജീവിതത്തിലെ രഹസ്യതലങ്ങള്‍ സ്വാഭാവികമായും പുരുഷന്മാര്‍ക്കറിയില്ല. അതിനാല്‍ കുടുംബ ജീവിതത്തിലെ എല്ലാ സൂക്ഷ്മവശങ്ങളും ആധികാരികമായി പറയാന്‍ ആദ്യകാലം മുതല്‍ അവസാനകാലം വരെ കൂടെ താമസിച്ച ഭാര്യക്കേ കഴിയൂ. മാത്രമല്ല, ഇന്നത്തെപ്പോലെ കമ്യൂണിക്കേഷന്‍ സൗകര്യങ്ങളും വിവരങ്ങളുടെ രേഖപ്പെടുത്തലും വ്യാപകമല്ലാത്ത ഒരു കാലത്ത് ഓര്‍മത്തകരാറ് വന്നിട്ടില്ലാത്ത ചെറുപ്പത്തിന്റെ സാക്ഷ്യം അനിവാര്യമാണ്. ഈ വലിയൊരു ദൗത്യമാണ് ആഇശയിലൂടെ സാധ്യമായത്. ഇരുപത്തിമൂന്നു വര്‍ഷത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരു ജനതക്ക് കൈമാറിയ ധാര്‍മികാധ്യാപനങ്ങള്‍ സംബന്ധമായി പ്രവാചകന്റെ കാലശേഷവും വിശദീകരിക്കപ്പെടേണ്ടതായിവരും. കുടുംബജീവിതത്തെ സംബന്ധിച്ച വിവരങ്ങളും സംശയനിവാരണവും ഒരു വൃദ്ധയില്‍നിന്നല്ല, ചെറുപ്പക്കാരിയില്‍നിന്നു തന്നെയാണ് ലഭിക്കേണ്ടത്. അസാധാരണമായ ഓര്‍മശക്തിയും ബുദ്ധിയുമുള്ള ആഇശയെന്ന ചെറുപ്പത്തെ ദൈവം നിയോഗിച്ചത് ഇതിനായിരുന്നു എന്ന് വ്യക്തമാണ്. ആഇശ ഇല്ലായിരുന്നുവെങ്കില്‍, കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ഖുര്‍ആനിലൂടെ പഠിപ്പിക്കപ്പെടാന്‍ തുടങ്ങിയതുമുതല്‍ പ്രവാചകന്റെ അവസാനകാലം വരെയുള്ള വിവരങ്ങള്‍ ഒപ്പിയെടുത്ത് ജനത്തെ അറിയിക്കാന്‍ വേറെ വഴി ഉണ്ടാകുമായിരുന്നില്ല. ഖുര്‍ആനിലുള്ളത് അടിസ്ഥാന നിയമങ്ങളാണെങ്കില്‍ പ്രവാചക ജീവിതമാണല്ലോ അതിന്റെ വിശദീകരണം. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ പഠിപ്പിച്ച വനിതയാണ് ആഇശ എന്നതുതന്നെ പ്രവാചക ജീവിതത്തില്‍ ആ മഹതിയുടെ റോള്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം വിവാഹ പ്രായവുമായി ബന്ധപ്പെട്ട കാര്യവും വിശകലനം ചെയ്യേണ്ടതുണ്ട്. വിവാഹപ്രായം എന്നത് കാലദേശ വ്യത്യാസമനുസരിച്ച് മാറിമാറി വരുന്നതായിട്ടാണ് കാണാന്‍ കഴിയുക. ഇന്നും ലോകത്തുള്ള എല്ലാ രാജ്യങ്ങൡലും വിവാഹപ്രായത്തിന്റെ നിയമപരമായ പരിധി ഒരുപോലെയല്ല. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാണെങ്കില്‍ ചൈന, ജപ്പാന്‍ പോലെയുള്ള രാജ്യങ്ങളില്‍ 20-ഉം അമേരിക്ക, ജര്‍മനി പോലുള്ളിടങ്ങളില്‍ 18-ഉം സ്‌കോട്ട്‌ലന്റ്, പാകിസ്താന്‍ പോലെയുള്ളിടങ്ങളില്‍ 16-ഉമാണ്. കുവൈത്തില്‍ 15-ഉം ഇറാനില്‍ 13-ഉം ആണെങ്കില്‍ ലബനാനില്‍ 9 വയസ്സാണ്. സുഡാനില്‍ ഋതുമതിയാവലാണ് വിവാഹപ്രായം. ഇന്ത്യയിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹപ്രായം 18 ആണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 വയസ്സാണ്.
ഈ വൈവിധ്യങ്ങള്‍ സൂചിപ്പിക്കുന്നത് പ്രായപൂര്‍ത്തി എന്നത് തികച്ചും ആപേക്ഷികമാണെന്ന കാര്യമാണ്. രാഷ്ട്രപിതാവ് ഗാന്ധിജി കസ്തൂര്‍ബായിയെ വിവാഹം കഴിക്കുന്നത് 7-ാം വയസ്സിലാണ്. അറിയപ്പെടുന്ന മറാത്തി സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാവിത്രിഭായ് ഫൂലെ വിവാഹിതയാവുന്നത് 9-ാം വയസ്സിലും കന്നട കവയിത്രി കല്യണമ്മ 10-ാം വയസ്സിലുമാണ് വിവാഹിതരാവുന്നത്. ഇങ്ങനെ തുടങ്ങി ധാരാളം മഹതികള്‍ ചെറുപ്രായത്തില്‍ വിവാഹിതരായ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
Comments