Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

മുന്നിലുള്ളവര്‍ അത്ര പിന്നിലൊന്നുമായിരുന്നില്ല

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്

'വിശുദ്ധ ഖുര്‍ആന്‍ അപ്രകാരം പ്രവചിച്ചിട്ടില്ല' എന്ന എന്റെ ലേഖനത്തിന് ബഹുമാന്യരായ ഡോ. ടി.കെ യൂസുഫിന്റെയും പി.കെ അബ്ദുര്‍റസാഖ് സുല്ലമിയുടെയും  പ്രതികരണങ്ങള്‍ (പ്രബോധനം 3170 ) വായിച്ചു. 
പിന്‍കാലക്കാര്‍ക്ക് ഗുണപാഠമായി അല്ലാഹു പ്രവചിച്ചത് ഫറോവയുടെ മരണമാണ്; അവന്റെ ജഡമല്ല എന്നായിരുന്നു എന്റെ ലേഖനത്തിന്റെ ചുരുക്കം. മുന്‍കാല മുഫസ്സിറുകള്‍ എഴുതിയിട്ടില്ല എന്നതിന്റെ പേരില്‍ ഖുര്‍ആനിലെ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയാനാവില്ല എന്നാണ് ഇരു പ്രതികരണങ്ങളുടെയും കാതല്‍.
തഫ്‌സീറുകള്‍ ഇല്ലാത്തതുകൊണ്ട് മാത്രമല്ല; ഖുര്‍ആനില്‍നിന്നുതന്നെ യൂനുസ്: 92-ാം വാക്യം പിന്‍കാലക്കാര്‍ക്കുള്ള പ്രവചനമാണെന്ന് തെളിയിക്കാനാവില്ല. പ്രസ്തുത ആയത്തിലെ ഓരോ പദങ്ങളും വിശദീകരിച്ചത് അതിനാണ്. അല്‍ബഖറ: 259-ല്‍ നൂറ് വര്‍ഷം മരിപ്പിച്ചു കിടത്തി എഴുന്നേല്‍പ്പിച്ച ആളെക്കുറിച്ചും 'നിന്നെ ജനങ്ങള്‍ക്ക് ഒരടയാളമാക്കേണ്ടതിനത്രെ നാം ഇവ്വിധം ചെയ്തത്' എന്ന് പറയുന്നുണ്ട്. ആ സംഭവത്തെ പിന്‍ഗാമികള്‍ക്ക് ദൃഷ്ടാന്തമാക്കി എന്നാണ് അതിന്റെ ഉദ്ദേശ്യം. അല്ലാതെ അദ്ദേഹത്തിന്റെ ഭൗതിക ശരീരമല്ല. ഡോ. ടി.കെ യൂസുഫ് തന്നെ സൂചിപ്പിച്ചതുപോലെ 'നജ്ജയ്‌നാ' എന്നതിനെ 'നാം അതിനെ ഉയര്‍ന്ന സ്ഥലത്ത് ഉപേക്ഷിക്കും' എന്ന അര്‍ഥത്തില്‍ എടുക്കുകയാണെങ്കില്‍ മരണദിവസം ഫറോവയുടെ ജഡം സമുദ്രത്തിന് പുറത്തെത്തിക്കും എന്ന അര്‍ഥമേ പ്രസ്തുത വാക്യത്തിനുണ്ടാവൂ. അതുപോലെ 'ബദന്‍' എന്ന നാമത്തിന് 'പടയങ്കി' എന്ന അര്‍ഥവുമുണ്ട്. അപ്പോള്‍ ഫറോവയുടെ പടയങ്കി മാത്രമാണ് തെളിവിനായി സമുദ്രത്തിന്റെ മുകള്‍ പരപ്പിലെത്തിയത് എന്നാവും ആശയം. ഇപ്രകാരം അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ജാഹിലിയ്യാ കവിതകള്‍ ഉദ്ധരിച്ച് ഇമാം ഖുര്‍ത്വുബി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്റെ ഒരു വാക്യത്തില്‍ അടങ്ങിയിട്ടുള്ള ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ മുഴുവന്‍ പൊരുളുകളും സ്വഹാബികള്‍ക്കും മുഫസ്സിറുകള്‍ക്കും ബോധ്യപ്പെട്ടില്ല എന്ന് വന്നേക്കാം. പക്ഷേ, ഖുര്‍ആനിലെ ഒരു പ്രവചനത്തെ, അതൊരു പ്രവചനമാണെന്ന് പോലും അവര്‍ക്ക് മനസ്സിലായില്ല എന്ന് പറയാനാവില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിലെ പ്രവചനങ്ങള്‍ വളരെ വ്യക്തമാണ്. ബദ്ര്‍, മക്കാ വിജയങ്ങള്‍, പേര്‍ഷ്യയുടെ പതനം തുടങ്ങിയ പ്രവചനങ്ങളുടെ പുലര്‍ച്ച സ്വഹാബികള്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് അവ അക്ഷരംപ്രതി ഒരാള്‍ക്കും ഒരു സംശയത്തിനും ഇടയില്ലാത്ത വിധം പുലരുകയുണ്ടായി.
ഇനി അതൊരു പ്രവചനമാണെന്ന് സമ്മതിച്ചാല്‍ തന്നെ ഇനിയും പുലരാതെ പോയ പ്രവചനമാണെന്ന് പറയേണ്ടിവരും. കാരണം മൂസാ നബിയുടെ കാലത്തെ ഫറോവയുടെ ജഡമാണ് അതെന്ന് ഇപ്പോഴും പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല. അത് പ്രസ്തുത ജഡമല്ലെന്ന് തെളിഞ്ഞാല്‍ ഖുര്‍ആന്റെ പ്രവചനം പൊളിഞ്ഞു എന്നും വിലയിരുത്തപ്പെടും. ഒരു പ്രവചനവുമില്ലാതെ അതല്ലാത്ത മുപ്പതിലധികം മമ്മികള്‍ അവിടെ എങ്ങനെ രക്ഷപ്പെട്ടു നില്‍ക്കുന്നു എന്നതിനും മറുപടി കണ്ടെത്തേണ്ടിവരും. അതുകൊണ്ടാണ് ഖുര്‍ആന്റെ പേരിലുള്ള വ്യാജ ആരോപണമാണിതെന്ന് ആധുനിക പണ്ഡിതരായ ശൈഖ് മുഹമ്മദ് ബ്‌നു സ്വാലിഹ് മുന്‍ജിദ്, ശൈഖ് സ്വാലിഹ് ഫൗസാന്‍, ശൈഖ് മുഹമ്മദ് അല്‍ അസീമൈനി തുടങ്ങിയവരും അറബ് ലോകത്തെ ദാറുല്‍ ഇഫ്താ പോലുള്ള ഫത്‌വാ സമിതികളും അഭിപ്രായപ്പെട്ടത് (https://islamqa.info/ar/answers/72516).
വിശുദ്ധ ഖുര്‍ആനിലെ എല്ലാ വാക്യങ്ങളും അതവതരിപ്പിക്കപ്പെടുന്ന കാലത്തെ ആളുകള്‍ക്ക് മനസ്സിലായിരുന്നു. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് അതിലെ വിജ്ഞാനങ്ങളെ വികസിപ്പിക്കാം എന്ന് മാത്രം. ഡോ. ടി.കെ യൂസുഫ് എഴുതി: ഖുര്‍ആന്‍ അവതരണകാലത്ത് ഇതിലെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം അവരുടെ വൈജ്ഞാനിക മണ്ഡലം വികസിച്ചിരുന്നില്ല. അതുകൊണ്ട് ആ ജനത നബി(സ)യെ കളവാക്കുകയാണ് ചെയ്തത്.' ഈ പ്രസ്താവന ശരിയല്ല. കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം തന്നെയാണ് അവര്‍ നിഷേധികളായത്. വിശുദ്ധ ഖുര്‍ആനില്‍ അധ്യായം അല്‍ ബയ്യിനയില്‍ ഇക്കാര്യം അല്ലാഹു അടിവരയിട്ട് വിശദീകരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില കാര്യങ്ങളുടെ വിശദാംശങ്ങള്‍ പുതിയ തലമുറക്ക് അറിയുന്നതുപോലെ പഴയ തലമുറക്കറിയില്ലായിരിക്കാം.
അതോടൊപ്പം ചില അധ്യായങ്ങളുടെ തുടക്കത്തിലുള്ള 'ഹുറൂഫുല്‍ മുഖത്തഅ്' പോലുള്ളവയുടെ വിശദാംശങ്ങള്‍ അവര്‍ക്കറിയാമായിരുന്നതു പോലെ പുതിയവര്‍ക്കറിയില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. ഓരോ വാക്യങ്ങളും എല്ലാ കാലഘട്ടത്തിലെയും ആളുകള്‍ക്ക് ഗ്രാഹ്യമാവുന്ന രീതിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 'മൈക്രോസ്‌കോപ്പ് കണ്ടുപിടിച്ച ശേഷമാണ് മനുഷ്യന് ബീജവും അണ്ഡവും അവയുടെ രൂപവും തിരിച്ചറിയാനായത്. മുന്‍കാല തലമുറകള്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന കാര്യം ഉറപ്പാണ്' എന്ന ഡോക്ടറുടെ പ്രസ്താവനയും ശരിയല്ല. ഏതു കാലഘട്ടത്തിലെയും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ തന്നെയാണ് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളാണ് ആധുനിക ഭ്രൂണശാസ്ത്രത്തിന് കണ്ടെത്താനായത്.
അധ്യായം അല്‍ ഹജ്ജിലെ മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട അഞ്ചാം വാക്യത്തെ വിശദീകരിച്ച് സയ്യിദ് മൗദൂദി എഴുതി: 'ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോരുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്ന് കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷേ, ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച്, ഒരു സാധാരണ കാട്ടറബിക്കുപോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമ ദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ. അതായത്, ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ചശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്ന് സാധാരണക്കാര്‍ക്കുപോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. അത് മനസ്സിലാക്കാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.'
ഫുസ്സ്വിലത്ത്: 53, സ്വാദ്: 88, അന്‍ആം: 67 മുതലായ വാക്യങ്ങളില്‍ 'അവര്‍ക്ക് കാണിച്ചുകൊടുക്കും', 'നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും', 'അവരറിയാനിരിക്കുന്നു' തുടങ്ങിയ വാക്യങ്ങളിലെ 'അവരും നിങ്ങളും' ഇന്നത്തെ ശാസ്ത്ര ലോകത്തുള്ളവര്‍ മാത്രമല്ല. പ്രവാചകന്റെയും ഖുര്‍ആനിന്റെയും സത്യസന്ധതക്കുള്ള തെളിവുകളും സാക്ഷ്യങ്ങളും അന്നുള്ളവര്‍ക്കും അല്ലാഹു കാണിച്ചുകൊടുത്തിട്ടുണ്ട്. 'എത്രയെത്ര എത്തിച്ചുകൊടുക്കപ്പെടുന്നവരാണ് ഇത് കേട്ടവരേക്കാള്‍ കൂടുതല്‍ ഗ്രാഹ്യശക്തി ഉള്ളവരായിട്ടുള്ളത്' എന്ന ഹദീസും പുതിയ തലമുറകള്‍ക്ക് മാത്രം ബാധകമായതല്ല. പ്രഗത്ഭരായ ശ്രോതാക്കള്‍ എല്ലാ കാലഘട്ടത്തിലുമുണ്ടായിരുന്നു.
രാവിലെ ഉദിക്കുകയും വൈകുന്നേരം അസ്തമിക്കുകയും ചെയ്യുന്ന ശാസ്ത്ര'സത്യ'ങ്ങളോട് ഖുര്‍ആനിലെ അനശ്വര സത്യങ്ങളെ കൂട്ടിക്കെട്ടരുത്. അത് ഖുര്‍ആനിന്റെ ശത്രുക്കള്‍ക്ക് വടികൊടുക്കലാണ്. ഖുര്‍ആനിലെ ഏതെങ്കിലും വചനമെടുത്ത് അതിനെ ആധുനിക ശാസ്ത്ര നിഗമനങ്ങളോട് വ്യാഖ്യാനിച്ചൊപ്പിക്കാന്‍ പാടുപെടേണ്ടതില്ല. ശാസ്ത്രം കണ്ടുപിടിക്കുന്നതെല്ലാം ഖുര്‍ആനിലുണ്ടെന്ന് എടുത്തുചാടി പറയുന്നതിനപ്പുറം പുതിയ ശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ഖുര്‍ആനിലൂടെ സാധിക്കുമെന്ന് തെളിയിക്കുകയാണ് വേണ്ടത്, പൂര്‍വികരെപ്പോലെ.

 

ക്വാറന്റൈന്‍ കാലം അവിസെന്നയെ ഓര്‍ത്തെടുക്കുമ്പോള്‍

ലോകം കൊറോണയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിലും അത് നല്‍കാനിരിക്കുന്ന ഫലപ്രാപ്തിയിലും വൈദ്യശാസ്ത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടു പോകുന്ന ഈ കോവിഡ് കാലത്ത്, ചിന്തകളിലും പഠനങ്ങളിലും വാര്‍ത്തകളിലും വിഷയീഭവിക്കേണ്ട അനന്യ വ്യക്തിത്വമാണ് അവിസെന്ന എന്ന ലാറ്റിന്‍ നാമത്തില്‍ അറിയപ്പെട്ട ഇബ്‌നു സീന. 10-ാം നൂറ്റാണ്ടിലെ പ്രഗത്ഭനായ പേര്‍ഷ്യന്‍ തത്ത്വചിന്തകനും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന ഇബ്‌നു സീന ഭൗതികശാസ്ത്രം, മനഃശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലെല്ലാം ശ്രദ്ധേയനായി. യൂറോപ്പിലും ഇസ്‌ലാമിക ലോകത്തും തത്ത്വചിന്തയിലും വൈദ്യശാസ്ത്രത്തിലും അദ്ദേഹം വളരെ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു.
'ദി കാനൊന്‍ ഓഫ് മെഡിസിന്‍' (അല്‍ ഖാനൂന്‍ ഫിത്ത്വിബ്ബ്) എന്ന അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥം അറബിയില്‍ നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 12-ാം നൂറ്റാണ്ടു മുതല്‍ ഏകദേശം ആറു നൂറ്റാണ്ടോളം പാശ്ചാത്യ രാജ്യങ്ങളില്‍ കനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായും ഭിഷഗ്വരന്മാരുടെ സാധാരണ റഫറന്‍സായും സര്‍വകലാശാലകളില്‍ പാഠപുസ്തകമായും പഠിപ്പിക്കപ്പെട്ടു. കാനൊനില്‍ ഇബ്‌നു സീന ഗ്രീക്ക് വൈദ്യശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും സമ്പ്രദായങ്ങളും ക്രോഡീകരിക്കുന്നതോടൊപ്പം തന്നെ ചൈനീസ്,  ഇന്ത്യന്‍ സമ്പ്രദായങ്ങളും ഉള്‍പ്പെടുത്തി. തുര്‍ക്കിഷ്, പേര്‍ഷ്യന്‍, ലത്തീന്‍, ഹീബ്രു, ഐറിഷ്, ഗാലിക് എന്നീ ഭാഷകളിലേക്ക് കാനൊന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്രസ്തുത ഗ്രന്ഥത്തില്‍ സാംക്രമിക രോഗങ്ങളുടെ സാമൂഹികവ്യാപനം നിയന്ത്രിക്കുന്നതിനായി രോഗബാധിതരെ ഏകാന്തവാസം കല്‍പിക്കുന്ന ക്വാറന്റെന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായാണ് കോറോണ കാലത്ത് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്.
ഒരേസമയം പ്രഗത്ഭനായ വൈദ്യശാസ്ത്രജ്ഞനും മഹാനായ മുസ്‌ലിം താത്ത്വികാചാര്യനുമായിരുന്നു അവിസെന്ന. ഈ സമന്വയത്തിന്റെ ബഹുവര്‍ണ സൗന്ദര്യമാണ് ഇബ്‌നുസീന എന്ന മഹാ പണ്ഡിതനെ, ബഹുമുഖ ശാസ്ത്രജ്ഞനെ അറിവിന്റെ വര്‍ഗീകരണങ്ങളുടെയും വൈജ്ഞാനിക സവിശേഷവല്‍ക്കരണത്തിന്റെയും ലോകത്ത് എന്നും അതുല്യ പ്രഭാവനാക്കുന്നത്. യുനെസ്‌കോ ഓരോ രണ്ടു വര്‍ഷത്തിലും ശാസ്ത്ര മേഖലയില്‍ ഇബ്‌നു സീനയുടെ പേരിലുള്ള പ്രശസ്തമായ അവിസെന്ന പുരസ്‌കാരം നല്‍കിവരുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നൈതികതയുടെ പ്രാധാന്യത്തെക്കുറിച്ച ആഗോള അവബോധം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അവാര്‍ഡിന്റെ ലക്ഷ്യം. കൂടാതെ അവിസെന്ന എന്ന പേരില്‍ ചന്ദ്രനില്‍ ഒരു ഗര്‍ത്തവും അവിസെനിയ എന്ന ഒരു സസ്യ ഇനവുമുണ്ട്. 

സിദ്ദിഖ് കൊടക്കാട്ട്‌

Comments