മക്കക്കാരുടെ അല്‍അമീനും ചില ദോഷൈകദൃക്കുകളും
ചെറുപ്പത്തിലേ നാട്ടുകാരുടെ കണ്ണിലുണ്ണിയും അല്‍അമീന്‍ അഥവാ വിശ്വസ്തനുമായിരുന്നു മുഹമ്മദ് (സ). ശത്രു-മിത്ര ഭേദമന്യേ സര്‍വാംഗീകൃതമാണത്. അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞതായോ ആരെയെങ്കിലും വഞ്ചിച്ചതായോ നീതിയും നെറിയുമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായോ അവര്‍ക്കനുഭവമില്ല. അദ്ദേഹത്തിന് പ്രവാചകത്വം ലഭിക്കുകയും അവിടുന്ന് കൊണ്ടുവന്ന സന്ദേശത്തില്‍ നാട്ടുകാരില്‍ പലരും അവിശ്വസിക്കുകയും എതിരാളികളായി മാറുകയും ചെയ്ത വേളയില്‍ പോലും ആ മഹിത വ്യക്തിത്വത്തെ അവമതിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ ആശയ വിമര്‍ശനങ്ങള്‍ക്കപ്പുറം വ്യക്തിഹത്യയിലും അവഹേളനങ്ങളിലും നിന്ദയിലും ആനന്ദം കണ്ടെത്തുന്ന നാസ്തികര്‍ സൃഷ്ടിക്കുന്ന പുകമറകളിലൊന്നാണ് മുഹമ്മദ് അല്‍അമീന്‍ ആയിരുന്നില്ല, അങ്ങനെ ആരും അദ്ദേഹത്തെ വിളിച്ചിരുന്നില്ല, മുസ്‌ലിംകളുടെ അവകാശവാദം മാത്രമാണത് എന്നത്. ഈയിടെ മുസ്‌ലിം നാമധാരിയായ ഒരു നിരീശ്വരവാദി എഴുതിയതിങ്ങനെ: ''മുഹമ്മദിനെ നാട്ടുകാര്‍ അല്‍അമീന്‍ എന്ന് വിളിച്ചതിന് പ്രാമാണിക രേഖകളില്‍ ഒരു തെളിവുമില്ല. മുസ്‌ലിംകള്‍ മെനഞ്ഞുണ്ടാക്കിയ ഒരു കഥ മാത്രമാണത്. തെളിവുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ, അതിന് കഴിയില്ലെങ്കില്‍ ഈ അവകാശവാദം അവസാനിപ്പിക്കണം.''
വാസ്തവത്തില്‍ അറബ് ലോകത്ത് ഈയിടെ ചില മിഷനറി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാം വിരോധികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും അവിടങ്ങളിലെ ഇസ്‌ലാമിക പണ്ഡിതര്‍ കൃത്യമായ മറുപടി നല്‍കിക്കഴിഞ്ഞതുമായ തീരെ ദുര്‍ബലമായ ഒരാരോപണമാണിത്. എന്നിട്ടും മുസ്‌ലിം നാമധാരികളായ മലയാളി നിരീശ്വരവാദികള്‍ അതേറ്റുപിടിച്ച് നടക്കുന്നത് അവരുടെ ആശയദാരിദ്ര്യമാണ് വെളിപ്പെടുത്തുന്നത്. വിശിഷ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നില്ല മുഹമ്മദ് എന്ന് വരുത്തിത്തീര്‍ത്താല്‍ പിന്നെ അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ ചോദ്യം ചെയ്യല്‍ എളുപ്പമാകും എന്ന് ഇസ്‌ലാം വിരോധികള്‍ സ്വപ്‌നം കാണുന്നു. പക്ഷേ, പകല്‍വെളിച്ചം പോലെ തെളിഞ്ഞുനില്‍ക്കുന്ന ആ അനിഷേധ്യ യാഥാര്‍ഥ്യത്തെ കള്ളമെന്ന് സ്ഥാപിക്കാന്‍ അവര്‍ക്കുണ്ടോ കഴിയുന്നു!
വ്യക്തികള്‍ തങ്ങളുടെ ധാര്‍മിക സാംസ്‌കാരിക മികവിന്റെയും സ്വഭാവ-പെരുമാറ്റ മഹിമയുടെയും അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ആദരിക്കപ്പെടാറുണ്ട്. ഈ ആദരപ്രകടനങ്ങള്‍ ചില വിശേഷനാമങ്ങളില്‍ പ്രതിഫലിക്കപ്പെടാറുമുണ്ട്. മാന്യതയുടെയും ആദരവിന്റെയും മുഖമുദ്രയായിരുന്നു അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന വിശേഷണ നാമങ്ങള്‍. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പേ വിശ്വസ്തനായ വ്യക്തിയാണ് മുഹമ്മദ് എന്ന് അദ്ദേഹത്തിന്റെ നാട്ടുകാരെല്ലാം അംഗീകരിക്കുകയും പറയുകയും ചെയ്തിരുന്നു. അല്‍അമീന്‍ അഥവാ വിശ്വസ്തന്‍ എന്ന നാമത്തില്‍ അദ്ദേഹം അറിയപ്പെടുകയും ചെയ്തിരുന്നു. 'മുഹമ്മദ്' എന്ന ആദ്യ പേരിനു പുറമെ ഖുറൈശി തറവാട്ടിലെ അബ്ദുല്ലയുടെ മകനെ വിശേഷിപ്പിക്കാനും വിളിക്കാനും വ്യാപകമായി ഉപയോഗിച്ച രണ്ടാമത്തെ പേരായിരുന്നു അല്‍അമീന്‍.
അജ്ഞാനാന്ധകാരങ്ങളുടെ സകല മാലിന്യങ്ങളില്‍നിന്നും സുരക്ഷിതനായിക്കൊണ്ടായിരുന്നു മുഹമ്മദ് (സ) ബാല്യം പിന്നിട്ടതും യൗവനം പ്രാപിച്ചതും. ജീവിക്കുന്ന സമൂഹത്തിലെ മൂല്യത്തകര്‍ച്ച അദ്ദേഹത്തെ സ്വാധീനിച്ചില്ല. 'നീ മഹത്തായ സ്വഭാവത്തിന്നുടമതന്നെ തീര്‍ച്ച' എന്നാണ് വിശുദ്ധ ഖുര്‍ആന്റെ (68:4) സാക്ഷ്യം. ചെറുപ്പത്തില്‍തന്നെ ചുറ്റുപാടുകളില്‍നിന്ന് വേറിട്ട സ്വഭാവരീതികളാണ് അദ്ദേഹത്തില്‍ പ്രകടമായത്. മറ്റു കുട്ടികളെപ്പോലെ അതിരുവിട്ട വിനോദങ്ങളില്‍ മുഴുകാന്‍ ആ കുഞ്ഞുമനസ്സ് തയാറായില്ല. നോക്കിലും വാക്കിലും അതിര്‍വരമ്പുകള്‍ പാലിച്ച ഒരു ജീവിതം. സല്‍സ്വഭാവം, ലജ്ജാശീലം, സത്യസന്ധത, വിശ്വസ്തത ഇതിലൊക്കെ അദ്ദേഹം മാതൃകാ യോഗ്യമായി വളര്‍ന്നു. അങ്ങനെയാണ് അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന അപരനാമത്തില്‍ അദ്ദേഹം വിശ്രുതനായത് എന്ന് ഇബ്‌നു ഹിശാം (1/183) രേഖപ്പെടുത്തിയിരിക്കുന്നു.
അതേ, മുതിര്‍ന്നവരില്‍പോലും കാണാത്ത പല സ്വഭാവവിശേഷങ്ങളുടെയും വിളനിലമായിരുന്നു പ്രവാചകന്റെ കുട്ടിക്കാലം. സത്യം പറയുക, ഹൃദ്യമായി സംസാരിക്കുക, പറയുന്നത് പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് പറയാതിരിക്കുക, ലളിതവും ഹൃദ്യവുമായ പെരുമാറ്റം, പവിത്രമായ സദാചാരബോധം, അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധത, വിശുദ്ധമായ വിചാരവികാരങ്ങള്‍, കടമ നിര്‍വഹിക്കുന്നതില്‍ നിഷ്‌കര്‍ഷ, സ്വന്തമായി അധ്വാനിച്ച് കിട്ടുന്ന സമ്പാദ്യം മാത്രം ഉപയോഗിക്കുക, കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുക തുടങ്ങിയ അദ്ദേഹത്തിന്റെ മഹിത ഗുണങ്ങള്‍ മക്കാ നിവാസികളെ ഹഠാദാകര്‍ഷിച്ചു. ഇങ്ങനെയുള്ള വിശിഷ്ടഗുണങ്ങളുടെ അംഗീകാരമായിരുന്നു ചെറുപ്പത്തില്‍തന്നെ ലഭിച്ച അല്‍അമീന്‍ എന്ന നാമം.
മുഹമ്മദി(സ)ന്റെ സത്യസന്ധതയും വിശ്വസ്തതയും ഉന്നത സ്വഭാവഗുണങ്ങളും അനുഭവിച്ചറിഞ്ഞവരാണ് ഖുറൈശി പ്രമുഖയും വ്യാപാരിയുമായിരുന്ന ഖദീജ ബിന്‍ത് ഖുവൈലിദ്. തന്റെ വേലക്കാരനായിരുന്ന മൈസിറയില്‍നിന്നും മുഹമ്മദിന്റെ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് കേട്ടപ്പോഴായിരുന്നു തന്നേക്കാള്‍ പ്രായം കുറഞ്ഞ, നിര്‍ധനനായ മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിച്ചത് പോലും (ഇബ്‌നുല്‍ അഥീര്‍ -അല്‍കാമിലു ഫിത്താരീഖ് 2/26, ഇബ്‌നു ഹിശാം -അസ്സീറതുന്നബവ്വിയ്യ 1/139). പിന്നീട് തിരുമേനിയുടെ ഇണയായി വന്ന അവര്‍, നബി(സ) ആദ്യമായി ജിബ്‌രീലിനെ കണ്ട് പരിഭ്രമിച്ച് വീട്ടില്‍ വന്ന സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ആ വിശിഷ്ട ജീവിതത്തിന്റെ നഖചിത്രമാണ്. ചരിത്രത്തില്‍ അത് തങ്കലിപികളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിങ്ങനെയായിരുന്നു: 'ഒരിക്കലുമില്ല, ദൈവം താങ്കളെ കൈവെടിയില്ല. നിശ്ചയം അങ്ങ് കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നു, ആലംബഹീനര്‍ക്ക് അത്താണിയാകുന്നു, അതിഥികളെ ആദരിക്കുന്നു, ദുര്‍ബലര്‍ക്ക് താങ്ങും തണലുമേകുന്നു, കാലവിപത്തുകള്‍ക്കിരയായവരെ സഹായിക്കുന്നു' (ബുഖാരി, കിതാബുല്‍ വഹ്‌യ് 3).
അല്‍അമീന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത് എന്നത് മുസ്‌ലിംകളുടെ അവകാശവാദമല്ല; മുസ്‌ലിം-അമുസ്‌ലിം ഭേദമന്യേ ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അംഗീകരിച്ച വസ്തുതയാണ്. ഫ്രഞ്ച് ഗോളശാസ്ത്രജ്ഞനും ഓറിയന്റലിസ്റ്റുമായ Louis Amelie Sedillot എഴുതിയ Summary of the History of the Arabs എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''മുഹമ്മദിന് ഇരുപത്തഞ്ച് വയസ്സ് പ്രായമായപ്പോള്‍, ജനങ്ങളോടുള്ള സദ് പെരുമാറ്റവും ഉത്തമ സ്വഭാവ ഗുണങ്ങളും കാരണമായി അല്‍അമീന്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി.'' 'സ്വഭാവ മാഹാത്മ്യം കൊണ്ട് തന്റെ നാട്ടുകാരായ മുഴുവന്‍ ആളുകളാലും അല്‍അമീന്‍ - Faithful എന്നദ്ദേഹം വിളിക്കപ്പെട്ടു' എന്നാണ് സര്‍ വില്യം മൂര്‍ The Life of Mohamed എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. On Heroes and Hero Worship-ല്‍ തോമസ് കര്‍ലൈല്‍ എഴുതുന്നു: ''സമകാലീനര്‍ മുഹമ്മദിനെ അല്‍അമീന്‍ എന്ന് പേരുവിളിച്ചു. അങ്ങേയറ്റം സത്യസന്ധനായിരുന്നു അദ്ദേഹം. പ്രവൃത്തിയിലും വാക്കിലും ചിന്തയിലും ഒരുപോലെ സത്യം പാലിച്ചിരുന്നു.''
മുഹമ്മദ് നബിക്ക് ഏതാണ്ട് മുപ്പത്തിയഞ്ച് വയസ്സ് പ്രായമായപ്പോള്‍ മക്കയില്‍ നടന്ന ഒരു സംഭവം പരാമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് അറബികള്‍ക്കുണ്ടായിരുന്ന അഭിപ്രായം വ്യക്തമാകാന്‍ സഹായിക്കും. കഅ്ബാ പുനര്‍നിമാണം നടക്കുന്നു. ഭിത്തി ഉയര്‍ത്തി ഹജറുല്‍ അസ്‌വദ് സ്ഥാപിക്കേണ്ട ഭാഗം എത്തിയപ്പോള്‍ അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. അത് യഥാസ്ഥാനത്ത് സ്ഥാപിക്കുന്നത് തങ്ങള്‍ മാത്രമായിരിക്കണമെന്ന് ഓരോ ഗോത്രക്കാരും ശഠിച്ചു. പ്രശ്‌നം സങ്കീര്‍ണമായി. യുദ്ധത്തിന്റെ സാഹചര്യം സംജാതമായി. ബനൂ അബ്ദിദ്ദാര്‍ ഗോത്രം രക്തം നിറച്ച ഒരു തളിക കൊണ്ടുവന്നു. അവരും ബനൂ അദിയ്യ് ഗോത്രക്കാരും അതില്‍ കൈകള്‍ മുക്കി മരണം വരെ പോരാടുമെന്ന് ശപഥം ചെയ്തു. ഒരു മഹാ നാശത്തിന്റെയും പ്രശ്‌നത്തിന്റെയും മുന്നറിയിപ്പായിരുന്നു അത്. അവസാനം അവര്‍ ഒരു അഭിപ്രായത്തില്‍ ഏകോപിച്ചു. ഇനി മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി പ്രവേശിക്കുന്ന വ്യക്തി തീരുമാനമെടുക്കട്ടെ എന്ന് എല്ലാവരും സമ്മതിച്ചു. അങ്ങനെ അവര്‍ ആകാംക്ഷയോടെ കാത്തിരിക്കവെ അവിടേക്ക് ആദ്യമായി പ്രവേശിച്ചത് യുവാവായ മുഹമ്മദ് (സ) ആയിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു; 'ഇത് അല്‍അമീനായ മുഹമ്മദാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരിപൂര്‍ണ തൃപ്തരാണ്.' മുഹമ്മദ് (സ) ഒരു വിരിപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതില്‍ തന്റെ കൈകള്‍ കൊണ്ട് ഹജറുല്‍ അസ്‌വദ് എടുത്തുവെക്കുകയും ചെയ്തുകൊണ്ട് ഓരോ ഗോത്രക്കാരോടും അതിന്റെ ഓരോ ഭാഗങ്ങളില്‍ പിടിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവരത് ഉയര്‍ത്തുകയും കല്ല് വെക്കേണ്ട സ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹം തന്നെ അതെടുത്ത് വെക്കുകയും ചെയ്തു. അതുവഴി വലിയൊരു രക്തച്ചൊരിച്ചിലിനാണ് അദ്ദേഹം തടയിട്ടത്.
അഹ്മദ്, ഹാകിം, അബൂദാവൂദ്, ബൈഹഖി തുടങ്ങിയവരുടെ ഹദീസ് സമാഹാരങ്ങളില്‍ അബ്ദുല്ലാഹിബ്‌നു സാഇബില്‍നിന്നുള്ള റിപ്പോര്‍ട്ടായി സ്വീകാര്യമായ പരമ്പരയിലൂടെ ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ നിരവധി ചരിത്ര കൃതികളിലും ഇത് കാണാം. ഇമാം ഹാകിമിന്റെ മുസ്തദ്‌റകിലും (1/628) ഇബ്‌നു ഹിശാമിന്റെ അസ്സീറതുന്നബവിയ്യയിലും (1/138) പറയുന്നത് ഇപ്രകാരമാണ്: ''അവര്‍ തീരുമാനിച്ചു: ഈ കവാടത്തിലൂടെ ആദ്യമായി കടന്നുവരുന്നയാളെ നമുക്ക് വിധികര്‍ത്താവാക്കാം. അങ്ങനെയിരിക്കെ ദൈവദൂതര്‍ കടന്നുവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് അല്‍അമീനാണ് -ജാഹിലിയ്യാ കാലത്ത് അവര്‍ അദ്ദേഹത്തെ അല്‍അമീന്‍ എന്നാണ് വിളിച്ചിരുന്നത്- ഓ മുഹമ്മദ്, നിന്നില്‍ ഞങ്ങള്‍ സംപ്രീതരാണ്.''
പ്രവാചകത്വ ലബ്ധിക്ക് മുമ്പുതന്നെ നബി വിശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും, അക്കാര്യത്തില്‍ ആ നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കമില്ലായിരുന്നു എന്നും, അല്‍അമീന്‍ എന്നായിരുന്നു അവരദ്ദേഹത്തെ വിളിച്ചിരുന്നത് എന്നും ഈ വിവരണത്തില്‍നിന്ന് വ്യക്തം. അദ്ദേഹത്തിന്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആരും നിഷേധിച്ചിരുന്നില്ല. അവിടുന്ന് ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്നത് സര്‍വസമ്മതമാണ്. ഇത് തന്റെ പ്രബോധിതരിലൂടെത്തന്നെ പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് നബിതിരുമേനി പരസ്യപ്രബോധനം ആരംഭിച്ചത്. സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാനുള്ള ആഹ്വാനം അല്ലാഹുവില്‍നിന്ന് ലഭിച്ച ഉടനെ അദ്ദേഹം സ്വഫാ മലയുടെ മുകളില്‍ കയറി ഖുറൈശികളെ അതിന്റെ താഴ്‌വരയില്‍ വിളിച്ചുചേര്‍ത്തു. എല്ലാവരും ഒരുമിച്ചുകൂടിയപ്പോള്‍ അവിടുന്ന് ചോദിച്ചു: 'ജനങ്ങളേ, ഈ മലയുടെ മറുഭാഗത്ത് നിങ്ങളെ ആക്രമിക്കാന്‍ തയാറായി ഒരു വന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?' 'തീര്‍ച്ചയായും! താങ്കള്‍ ഇതുവരെ ഒരു കളവും പറഞ്ഞിട്ടില്ല, സത്യസന്ധനായിട്ടേ താങ്കളെ ഞങ്ങള്‍ക്ക് പരിചയമുള്ളൂ' എന്നായിരുന്നു അതിനോടുള്ള അവരുടെ പ്രതികരണം (ബുഖാരി 4770, ഇബ്‌നു ഹിബ്ബാന്‍ 6550). ഇവ്വിധം തന്റെ വിശ്വാസ്യത പ്രബോധിതര്‍ ഏറ്റുപറഞ്ഞപ്പോഴാണ് അദ്ദേഹം ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചത്. ചെറുപ്പത്തില്‍ മക്കാ നിവാസികള്‍ തനിക്ക് നല്‍കിയ അല്‍അമീന്‍ എന്ന വിശേഷണം പ്രവാചകത്വത്തിന്റെ തുടക്കംമുതലേ അദ്ദേഹത്തിന് അത്താണിയായി മാറുകയും ചെയ്തു.
പ്രവാചകത്വലബ്ധിയോടെ പലരുടെയും ശത്രുവായി മാറിയപ്പോഴും ഖുറൈശികളുടെ മുമ്പില്‍ തന്റെ സവിശേഷ വ്യക്തിത്വത്താല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ മുഹമ്മദ് നബിക്ക് കഴിഞ്ഞു. ആശയപരമായി വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ സംശുദ്ധ വ്യക്തിത്വത്തെയോ വിശ്വസ്തതയെയോ തള്ളിപ്പറയാന്‍ അവര്‍ക്കാകുമായിരുന്നില്ല. സാധാരണ ജനങ്ങള്‍ മാത്രമല്ല, പ്രത്യക്ഷ എതിരാളികള്‍ പോലും വിലപിടിപ്പുള്ള അവരുടെ മുതലുകള്‍ അദ്ദേഹത്തിന്റെ കൈവശം സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നു. അല്‍അമീനായ അദ്ദേഹം തങ്ങളുടെ അമാനത്തുകള്‍ കാത്തുസൂക്ഷിക്കും എന്ന് അവര്‍ക്കുറപ്പായിരുന്നു. മക്കാ മുശ്‌രിക്കുകളുടെ കഠിനമായ പീഡനം കാരണം മദീനയിലേക്ക് ഹിജ്‌റ പോകേണ്ടിവന്ന വേളയില്‍ പോലും പ്രവാചകന്റെ കൈവശം മുശ്‌രിക്ക് നേതാക്കള്‍ സൂക്ഷിക്കാനേല്‍പ്പിച്ച വസ്തുക്കളുണ്ടായിരുന്നു. അതെല്ലാം തിരിച്ചേല്‍പ്പിക്കാന്‍ അലി(റ)യെ ചുമതലപ്പെടുത്തിയതിന് ശേഷം മാത്രമാണ് അദ്ദേഹം ശത്രുക്കളുടെ കണ്ണുവെട്ടിച്ച് തന്റെ വീട്ടില്‍നിന്നിറങ്ങിയത്! പ്രവാചകന്‍ അബൂബക്‌റിന്റെ കൂടെ മദീനയിലേക്ക് പലായനം ചെയ്ത ശേഷവും അതിനുവേണ്ടി മാത്രം അലി (റ) മൂന്നോ അഞ്ചോ ദിവസം മക്കയില്‍ കഴിച്ചുകൂട്ടുകയുണ്ടായി (സീറത്തു ഇബ്‌നു ഹിശാം, 1/493 താരീഖുത്ത്വബരി 2/372, അല്‍കാമിലു ഫിത്താരീഖ് 2/73). പിറന്നുവീണ നാട്ടില്‍നിന്ന് തന്നെ ആട്ടിപ്പുറത്താക്കാന്‍ ഒരുമ്പെട്ട ശത്രുക്കളോട് പോലും വിശ്വാസവഞ്ചന കാണിക്കാന്‍ നബിതിരുമേനി (സ) തയാറായിരുന്നില്ല എന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.
ഇനി പ്രവാചകന്റെ കഠിന വിരോധികളില്‍ ചിലരുടെ സാക്ഷ്യം കാണുക: പ്രവാചകനില്‍നിന്ന് ഖുര്‍ആന്‍ കേട്ട ഖുറൈശി പ്രമാണിയായിരുന്ന നള്‌റുബ്‌നു ഹാരിസ് ഇപ്രകാരം പറയുകയുണ്ടായി: 'ഹേ ഖുറൈശി സമൂഹമേ, അല്ലാഹുവാണ! ഇതുവരെ നിങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തത്ര വലിയൊരു കാര്യമാണ് ഇപ്പോള്‍ നിങ്ങളില്‍ ഇറങ്ങിയിരിക്കുന്നത്. മുഹമ്മദ് ഒരു കുഞ്ഞായി നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോള്‍ അവന്റെ ബുദ്ധിശക്തിയില്‍ നിങ്ങള്‍ ഏറെ തൃപ്തരായിരുന്നു. സംസാരത്തില്‍ നിങ്ങളില്‍ വെച്ച് ഏറ്റവും സത്യസന്ധനായിരുന്നു അവന്‍. വിശ്വസ്തതയില്‍ ഏറ്റവും ഉന്നതിയില്‍ നിലകൊള്ളുന്നവന്‍. എന്നിട്ടിപ്പോള്‍ അവന്റെ ചെന്നിയില്‍ നിര പ്രത്യക്ഷപ്പെടുകയും ചില പ്രത്യേക കാര്യങ്ങള്‍ അവന്‍ കൊണ്ടുവരികയും ചെയ്തപ്പോള്‍ നിങ്ങള്‍ പറയുന്നു, അവന്‍ ആഭിചാരകനാണെന്ന്! അല്ലാഹുവാണ! അവന്‍ ആഭിചാരകനല്ല...' (അര്‍റൗളുല്‍ ഉന്‍ഫ് 2/50).
വിശുദ്ധ ഖുര്‍ആന്‍ അല്‍ജാസിയ അധ്യായത്തിലെ 23-ാം സൂക്തം വിശദീകരിച്ച് ഇമാം ഖുര്‍ത്വുബി എഴുതുന്നു: ''മുഖാത്തില്‍ പറഞ്ഞു, അബൂ ജഹ്‌ലിന്റെ കാര്യത്തിലാണ് ഈ സൂക്തം അവതരിച്ചത്. ഒരു ദിവസം രാത്രി അയാള്‍ കഅ്ബ പ്രദക്ഷിണം ചെയ്യുകയായിരുന്നു. കൂടെ അല്‍വലീദു ബ്‌നുല്‍ മുഗീറയുമുണ്ട്. ഇരുവരും മുഹമ്മദ് നബിയെ കുറിച്ച് സംസാരിക്കവെ അബൂജഹ്ല്‍ പറഞ്ഞു: 'അല്ലാഹുവാണ! അവന്‍ സത്യസന്ധനാണെന്ന് എനിക്ക് നന്നായറിയാം.' വലീദ്: 'പതുക്കെ! എന്തുകൊണ്ടാണ് നീ അങ്ങനെ പറയുന്നത്?' അബൂജഹ്ല്‍: 'ഓ അബൂ അബ്ദുശ്ശംസ്, ചെറുപ്പത്തില്‍ ഞങ്ങള്‍ അവനെ അസ്സ്വാദിഖുല്‍ അമീന്‍ (വിശ്വസ്തനായ സത്യസന്ധന്‍) എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും അവന്‍ വിവേകമതിയും ബുദ്ധിവളര്‍ച്ചയെത്തിയവനുമായപ്പോള്‍ നാം അവനെ കള്ളം പറയുന്നവനും വഞ്ചകനുമെന്ന് വിളിക്കുന്നു! ദൈവമാണ്, ഉറപ്പായും എനിക്കറിയാം, അവന്‍ സത്യസന്ധനാണ് എന്ന്!' വലീദ്: 'എങ്കില്‍ പിന്നെ അവനെ സത്യപ്പെടുത്താനും അവനില്‍ വിശ്വസിക്കാനും നിനക്കുള്ള തടസ്സമെന്താണ്?!' അബൂജഹ്ല്‍: 'അബൂത്വാലിബിന്റെ അനാഥനെ പിന്‍പറ്റിയവനാണ് ഇയാള്‍ എന്ന് എന്നെക്കുറിച്ച് ഖുറൈശികളിലെ പെണ്‍കുട്ടികള്‍ പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ലാത്തയും ഉസ്സയുമാണ! ഞാനൊരിക്കലും അവനെ പിന്‍പറ്റുകയില്ല!' അന്നേരം ഈ ആയത്ത് അവതരിച്ചു: തന്റെ ദേഹേഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടുതന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?''
സീറത്തു ഇബ്‌നു ഹിശാമിന്റെ വിശദീകരണമായ 'അര്‍റൗളുല്‍ ഉന്‍ഫി'ല്‍ (4/130) അബുല്‍ ഖാസിം അസ്സുഹൈലി ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ: ''ബദ്ര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അബൂജഹ്‌ലുമായി തനിച്ചായപ്പോള്‍ അഖ്‌നസു ബ്‌നു ശരീഖ് അയാളോട് ചോദിച്ചു: 'മുഹമ്മദ് കള്ളം പറയുന്നവനാണെന്നാണോ താങ്കളുടെ അഭിപ്രായം?' അപ്പോള്‍ അബൂജഹ്ല്‍ പറഞ്ഞു: അവനെങ്ങനെ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയും? ഞങ്ങള്‍ അവനെ അല്‍അമീന്‍ എന്നാണ് വിളിച്ചിരുന്നത്. അവന്‍ ഒരിക്കല്‍ പോലും കള്ളം പറഞ്ഞിട്ടില്ല. അറബികളുടെ നേതൃത്വവും തീര്‍ഥാടകര്‍ക്ക് വെള്ളംകൊടുക്കാനും സേവനം ചെയ്യാനുമെല്ലാമുള്ള അധികാരം അബ്ദുമനാഫിന്റെ സന്തതികള്‍ക്കായിരിക്കെ ഇനി പ്രവാചകത്വം കൂടി അവരിലായാല്‍ പിന്നെ ഞങ്ങള്‍ക്കെന്താണ് ബാക്കിയുണ്ടാവുക?!''
മക്കയും മദീനയും തമ്മില്‍ കടുത്ത സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന വേളയില്‍പോലും മുഹമ്മദ് സത്യസന്ധനാണെന്ന് തുറന്നു പറയാന്‍ എതിരാളികള്‍ തയാറാവുകയുണ്ടായി. ഇസ്‌ലാമിന്റെ കഠിനവിരോധിയായിരുന്ന അബൂസുഫ്‌യാന്റെ സാക്ഷ്യം ഉദാഹരണം. കച്ചവടാവശ്യാര്‍ഥം റോമിലായിരിക്കെ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അദ്ദേഹത്തെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തിക്കൊണ്ട് മുഹമ്മദ് നബിയെക്കുറിച്ച് ചോദിച്ചതും അതിന് അബൂ സുഫ്‌യാന്‍ നല്‍കിയ മറുപടിയും അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്: ''ഹിര്‍ഖല്‍: 'മുഹമ്മദിന്റെ കുലമെങ്ങനെയാണ്?' അബൂസുഫ്‌യാന്‍: 'ഉന്നതകുലജാതന്‍.' ഹിര്‍ഖല്‍: 'ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങള്‍ക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?' അബൂസുഫ്‌യാന്‍: 'ഇല്ല.' ഹിര്‍ഖല്‍: 'അദ്ദേഹത്തിന്റെ പൂര്‍വികരില്‍ രാജാക്കന്മാരുണ്ടോ?' അബൂസുഫ്‌യാന്‍: 'ഇല്ല.' ഹിര്‍ഖല്‍: 'ജനങ്ങളില്‍ ശക്തരോ ദുര്‍ബലരോ ആരാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്?' അബൂസുഫ്‌യാന്‍: 'ദുര്‍ബലര്‍.' ഹിര്‍ഖല്‍: 'അവര്‍ വര്‍ധിക്കുകയോ ചുരുങ്ങുകയോ?' അബൂസുഫ്‌യാന്‍: 'വര്‍ധിക്കുന്നു.' ഹിര്‍ഖല്‍: 'ആരെങ്കിലും മതം പരിത്യജിച്ചോ?' അബൂസുഫ്‌യാന്‍: 'ഇല്ല.' ഹിര്‍ഖല്‍: 'പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?' അബൂസുഫ്‌യാന്‍: 'ഇല്ല.' ഹിര്‍ഖല്‍: 'അദ്ദേഹം വഞ്ചിച്ചിരുന്നോ?' അബൂസുഫ്‌യാന്‍: 'ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് അതിലദ്ദേഹം എന്തുചെയ്യുമെന്നറിയില്ല.' ഹിര്‍ഖല്‍: 'നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ?' അബൂസുഫ്‌യാന്‍: 'അതേ.' ഹിര്‍ഖല്‍: 'യുദ്ധം എങ്ങനെയായിരുന്നു?' അബൂസുഫ്‌യാന്‍: 'യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും, ചിലപ്പോള്‍ അവരും.' ഹിര്‍ഖല്‍: 'അദ്ദേഹം എന്തൊക്കെയാണ് കല്‍പിക്കുന്നത്?' അബൂസുഫ്‌യാന്‍: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. പൂര്‍വപിതാക്കളുടെ വാദഗതികള്‍ വര്‍ജിക്കുക. നമസ്‌കാരം, സത്യസന്ധത, ധാര്‍മികത, കുടുംബബന്ധം ചേര്‍ക്കല്‍ എന്നിവയും കല്‍പിക്കുന്നു.'' ഇമാം സുഹ്‌രിയുടെ റിപ്പോര്‍ട്ട് പ്രകാരം, 'നിങ്ങള്‍ക്കിടയില്‍ മുഹമ്മദിന്റെ സത്യസന്ധത എങ്ങനെയാണ്' എന്ന് ഹിര്‍ഖല്‍ ചോദിച്ചപ്പോള്‍ അബൂസുഫ്‌യാന്‍ നല്‍കിയ മറുപടി, 'ഞങ്ങള്‍ അദ്ദേഹത്തെ അല്‍അമീന്‍ എന്നായിരുന്നു വിളിക്കാറുണ്ടായിരുന്നത്' എന്നത്രെ.
മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ നാട്ടുകാര്‍ അല്‍അമീന്‍ എന്ന് വിളിച്ചിരുന്നില്ല, അത് മുസ്‌ലിംകളുടെ അവകാശവാദം മാത്രമാണ് എന്നതാണല്ലോ വിമര്‍ശനം. സാധാരണഗതിയില്‍ പ്രവാചകത്വത്തിന് മുമ്പുള്ള സംഭവവികാസങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുക ഹദീസുകളില്‍നിന്നല്ല, ചരിത്ര കൃതികളില്‍നിന്നാണ്. എന്നാല്‍ ഈ വിഷയത്തിലുള്ള തെളിവുകള്‍ ആധികാരിക ചരിത്ര കൃതികളില്‍ മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു എന്നിപ്പോള്‍ ബോധ്യമായിട്ടുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ ഇവ്വിഷയകമായ വിമര്‍ശനങ്ങള്‍ക്ക് പ്രാമാണികമായി നിലനില്‍പ്പില്ല എന്ന് വ്യക്തം.
മുഹമ്മദ് നബി(സ)യെ ശത്രു-മിത്ര ഭേദമന്യേ നാട്ടുകാര്‍ അല്‍അമീന്‍ എന്നായിരുന്നു വിളിച്ചിരുന്നത് എന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കെ ഇനി തെളിവുകള്‍ ഹാജരാക്കേണ്ടത് അദ്ദേഹം കള്ളം പറഞ്ഞു എന്ന് ആരോപിക്കുന്നവരാണ്. താന്‍ പ്രവാചകനാണ്, ജിബ്‌രീല്‍ എന്ന മലക് മുഖേന അല്ലാഹു തനിക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നിട്ടുണ്ട് എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ കള്ളമാണ് എന്നാണല്ലോ നാസ്തികരെപ്പോലുള്ളവരുടെ വാദം. അതിനാണ് അവര്‍ തെളിവ് ഹാജരാക്കേണ്ടത്. മുഹമ്മദ് നബി(സ)യുടെ കഠിന ശത്രുവായിരുന്ന അബൂജഹ്ല്‍ പോലും ആത്മഗതം ചെയ്തപോലെ, ജനങ്ങളോട് ഒരിക്കല്‍പോലും കള്ളം പറഞ്ഞിട്ടില്ലാത്ത മുഹമ്മദ് ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതെങ്ങനെ?! ചരിത്രത്തിന്റെ പകല്‍വെളിച്ചത്തില്‍ ജീവിച്ച മുഹമ്മദ് നബിയുടെ ജീവിതം നമ്മുടെ മുന്നിലുണ്ടല്ലോ. അത് പരിശോധിച്ചിട്ട് അവര്‍ തെളിയിക്കട്ടെ, എപ്പോള്‍ എവിടെ ഏത് വിഷയത്തിലാണ് മുഹമ്മദ് നബി(സ) കള്ളം പറഞ്ഞത് എന്ന്.
(ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്ന 'നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍' എന്ന പുസ്തകത്തില്‍നിന്ന്)
Comments