Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

വില്‍ക്കാനുണ്ട് നാസ്തിക യുക്തികള്‍

ടി.കെ.എം ഇഖ്ബാല്‍

ഇത് സൈബര്‍ നാസ്തികതയുടെ കാലമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പടിഞ്ഞാറന്‍ ലോകത്ത്  നവനാസ്തികത (New Atheism) വളര്‍ന്നു വികസിച്ചത്. സമാനമായ ഒരു തരംഗം കേരളത്തിലും ഇപ്പോള്‍ ദൃശ്യമാണ്. യൂറോപ്പിലും അമേരിക്കയിലും നവനാസ്തികത  ഉത്ഭവിച്ചിട്ട് ഒന്നര ദശകം പിന്നിട്ടുവെങ്കിലും കേരളത്തില്‍ അതിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെടുന്നത് അടുത്ത കാലത്ത് മാത്രമാണ്. വലതുപക്ഷ ഇസ്‌ലാമോഫോബിയയുടെ പേരില്‍ നവനാസ്തികത പടിഞ്ഞാറന്‍ ലോകത്ത് നിശിതമായ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് നാസ്തിക ഇസ്‌ലാമോഫോബിയയുടെ ഒരു പുതിയ തരംഗം കേരളത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നത്.
കേരളീയ നാസ്തികരുടെ കൂട്ടത്തില്‍ പല തരക്കാരുണ്ട്. നാസ്തികര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും അങ്ങനെ വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്തവരും, യുക്തിവാദികള്‍ എന്ന വിശേഷണത്തോട് യോജിപ്പുള്ളവരും ഇല്ലാത്തവരും, സ്വതന്ത്ര ചിന്തകര്‍ എന്ന കുപ്പായം സ്വയം എടുത്തണിഞ്ഞവരും - ഇങ്ങനെ പലതരം. ഇടതുപക്ഷത്തോട് ഓരം ചേര്‍ന്ന് നില്‍ക്കുന്നവരും സംഘ് പരിവാര്‍ അനുകൂല വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. പടിഞ്ഞാറന്‍ നവനാസ്തികതയുടെ പല സ്വഭാവ സവിശേഷതകളും അവര്‍ സ്വാംശീകരിച്ചിട്ടുമുണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗം വിശേഷിച്ചും.
സൈബര്‍ ലോകത്ത് സജീവമായ കേരളീയ നാസ്തികരെ കൂട്ടിയിണക്കുന്ന ഒരു പൊതു ഘടകം അവരുടെ കലവറയില്ലാത്ത ഇസ്‌ലാം / മുസ്‌ലിം വിരോധമാണ്. വംശവെറിയോളം ചെന്നെത്തുന്ന ഈ വിദ്വേഷ രോഗത്തെയാണ് ഇസ്‌ലാമോഫോബിയ എന്ന് വിളിക്കുന്നത്. അപരവല്‍ക്കരണം നേരിടുന്നവരും ഫാഷിസത്തിന്റെ ഇരകളുമായ ഒരു ജനസമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തോട് അനുഭാവം പുലര്‍ത്തുന്ന ചുരുക്കം ചില നാസ്തികരുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല. പക്ഷേ, അവരില്‍ പലരും നാസ്തികര്‍ എന്ന നിലയില്‍ ഇസ്‌ലാമിനെ നിശിതമായി എതിര്‍ക്കുന്നവരും ഇസ്‌ലാമാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരുമാണ്.
ഇസ്‌ലാമോഫോബിയ അതിന്റെ എല്ലാ അര്‍ഥത്തിലും നെഞ്ചേറ്റിയവരുടെ കൂട്ടത്തില്‍ സംഘ് പരിവാറിനാണോ നാസ്തികര്‍ക്കാണോ ഒന്നാം സ്ഥാനം എന്ന് തീര്‍ത്തു പറയാന്‍ പ്രയാസമാണ്. രണ്ടു കൂട്ടരും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ചോദ്യം അപ്രസക്തവുമാണ്.
ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഇസ്ലാംപേടി എന്നാണ് സാധാരണ പരിഭാഷപ്പെടുത്താറുള്ളതെങ്കിലും, പൊതു വ്യവഹാരങ്ങളില്‍ അത് അര്‍ഥമാക്കുന്നത് ഇസ്‌ലാമിനോടുള്ള മുന്‍വിധി നിറഞ്ഞ വെറുപ്പും വിദ്വേഷവും മുസ്‌ലിംകളോടുമുള്ള വംശീയമായ വിരോധവുമാണ്. ഇസ്‌ലാമോഫോബിയയെക്കുറിച്ച രാഷ്ട്രീയവും സാമൂഹികശാസ്ത്രപരവുമായ വ്യവഹാരങ്ങള്‍ മുഴുവന്‍ മുന്നോട്ടു വെക്കുന്നത് ഈ ആശയത്തെയാണ്. ഇസ്‌ലാമിനെക്കുറിച്ച പേടി എന്ന് അതിന്റെ അര്‍ഥത്തെ വക്രീകരിച്ചുകൊണ്ട് മറ്റുള്ളവരില്‍ അത്തരം പേടി ജനിപ്പിക്കുന്നതിന് ഇസ്‌ലാമും മുസ്‌ലിംകളും  തന്നെയാണ് ഉത്തരവാദി എന്ന് ന്യായം ചമയ്ക്കുന്ന നാസ്തിക നേതാക്കളുണ്ട്. കേരളീയ നാസ്തികരുടെ അറിയപ്പെടുന്ന നേതാക്കളിലൊരാളായ സി. രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും ഈ ആശയം സ്ഥിരമായി ഉന്നയിക്കാറുണ്ട് ('ഇസ്‌ലാമോഫോബിയ' എന്ന തലക്കെട്ടില്‍ യുട്യൂബില്‍ ലഭ്യമായ രവിചന്ദ്രന്റെ പ്രഭാഷണവും അതിന് 'സി. രവിചന്ദ്രന്റെ ഇസ്‌ലാമോഫോബിയ' എന്ന ശീര്‍ഷകത്തില്‍ തയാറാക്കിയ മറുപടി വീഡിയോയും ശ്രദ്ധിക്കുക). ഇതേ നാസ്തികര്‍ തന്നെ എല്‍.ജി.ബി.ടി കമ്യൂണിറ്റിയോടുള്ള അസഹിഷ്ണുതയും വിവേചനവും മുന്‍വിധികളും സൂചിപ്പിക്കാന്‍ വേണ്ടി ഹോമോഫോബിയ എന്ന വാക്ക് സുലഭമായി ഉപയോഗിക്കുന്നതു കാണാം. ഹോമോഫോബിയയെ സ്വവര്‍ഗഭോഗികളെക്കുറിച്ച പേടി എന്ന് ഒരു നാസ്തികനും യുക്തിവാദിയും പരിഭാഷപ്പെടുത്തിക്കണ്ടിട്ടില്ല. വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും സ്വന്തമായ അര്‍ഥങ്ങളുണ്ടാക്കി അതിനെ വിമര്‍ശിക്കുക അല്ലെങ്കില്‍ ന്യായീകരിക്കുക എന്ന നാസ്തികരുടെ പതിവുരീതിയുടെ ഭാഗമാണ് ഇതും. ഇവരുടെ ഇസ്‌ലാം/മുസ്‌ലിം വിമര്‍ശനങ്ങളുടെ പൊതു സ്വഭാവവും ഇതു തന്നെ. തങ്ങളുടെ സങ്കല്‍പത്തില്‍നിന്ന് ഒരു ഇസ്‌ലാമിനെയും മുസ്‌ലിമിനെയും സൃഷ്ടിച്ചെടുത്ത്, രാപ്പകല്‍ അതിനെ തല്ലിയും തെറി പറഞ്ഞും ആത്മരതിയടയുക എന്നതാണ് കേരളീയ നാസ്തികര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ സാമൂഹിക സേവനം!
ഇസ്‌ലാം അസഹിഷ്ണുതയുടെ മതമാണ്, മുസ്‌ലിംകള്‍ അസഹിഷ്ണുക്കളും ആക്രമണോത്സുകരുമാണ് തുടങ്ങി നാലു കെട്ടുകയും, കണ്ടമാനം കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുകയും സ്വര്‍ഗത്തിലെ ഹൂറികള്‍ക്കു വേണ്ടി നോമ്പ് നോറ്റിരിക്കുകയും ചെയ്യുന്ന കാമഭ്രാന്തന്മാരാണ് എന്ന് വരെയുള്ള വംശീയവിദ്വേഷം നിറഞ്ഞ ഇമേജറികള്‍ പൊതു സമൂഹ മനസ്സിലേക്ക് കൂടുതല്‍ ശക്തിയോടെ പ്രക്ഷേപിക്കുകയാണ്, സംഘ് പരിവാറിന്റേതിക്കോള്‍ നീചമായ ഭാഷയിലും ശൈലിയിലും നാസ്തികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ നാസ്തികരുടെ ഇടപെടലുകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഒരു സംശയത്തിനുമിടമില്ലാത്ത വിധം ഇത് ബോധ്യമാവും. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പരിഹസിക്കുകയും ട്രോളുകയും, രക്തദാഹികളും ഭീകരവാദികളുമായി ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയോകള്‍ കൊണ്ടും കമന്റുകള്‍ കൊണ്ടും സമ്പന്നമാണ് കേരളീയ നാസ്തികരുടെ എണ്ണിത്തീര്‍ക്കാന്‍ പ്രയാസമായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍. സോഷ്യല്‍ മീഡിയയിലും പുറത്തും നാസ്തികര്‍ പൊതുവെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും മാത്രം പരിശോധിച്ചാല്‍ മതി, അവരുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഇസ്‌ലാംവിരോധത്തിന്റെയും അസഹിഷ്ണുതയുടെയും സംസ്‌കാരഹീനതയുടെയും ആഴം മനസ്സിലാക്കാന്‍. നാസ്തികത എന്തുകൊണ്ട് മനുഷ്യരെ ഇത്രയധികം സാംസ്‌കാരികമായി അധഃപതിപ്പിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്.
ലോകത്ത് ആക്ഷേപകരമായി എന്തു സംഭവിച്ചാലും അതിന്റെ പിന്നില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കൈ കണ്ടെത്താന്‍ ശ്രമിക്കുക, മുസ്‌ലിംകളില്‍ ചിലര്‍ ചെയ്യുന്ന തിന്മകളെ പര്‍വതീകരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുക, മുസ്‌ലിംകള്‍ വേട്ടയാടപ്പെടുമ്പോഴും, വേട്ടക്കാരുടെ കൂടെ നിന്ന് കുറ്റം മുസ്‌ലിംകളുടെ തലയില്‍ വെച്ചുകെട്ടുക - ഇതൊക്കെ ഇസ്‌ലാമോഫോബിയയുടെ പ്രകടമായ ലക്ഷണങ്ങളാണ്. കേരളത്തിലെ നാസ്തികരുടെ ഒരു യുട്യൂബ് ചാനല്‍ ഇക്കഴിഞ്ഞ അധ്യാപക ദിനം ആചരിച്ചത് മദ്‌റസാധ്യാപകരുടെ ബാലപീഡന കഥകള്‍ അയവിറക്കിക്കൊണ്ടാണ്. മലയാളനാട്ടിലെ ഒരുമാതിരിപ്പെട്ട മതേതരവാദികളൊക്കെ ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഹാദിയ സംഭവത്തിനു പിന്നിലെ കെട്ടിച്ചമക്കപ്പെട്ട മതപരിവര്‍ത്തന ഗൂഢാലോചനയെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും ചര്‍ച്ച ചെയ്തത് രണ്ടു കൂട്ടരായിരുന്നു - സംഘ് പരിവാറും യുക്തിവാദികളും. ഹാദിയയെ മനം മാറ്റാന്‍ നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍,  മുസ്‌ലിം പ്രഛന്ന വേഷം അഴിച്ചുവച്ച് പിന്നീട് നാസ്തികതയിലേക്ക് കൂടുമാറിയ ഒരു വനിതയും ഉണ്ടായിരുന്നു. രാജ്യമെമ്പാടും സി.എ.എ/ എന്‍.ആര്‍.സി. വിരുദ്ധ പ്രക്ഷോഭം പടര്‍ന്നുപിടിച്ച സമയത്ത് സി. രവിചന്ദ്രന്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍, സംഘ് പരിവാറിനെപ്പോലും  തോല്‍പിച്ചുകൊണ്ട്, പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമല്ലെന്ന് സമര്‍ഥിക്കാന്‍ ഉപയോഗിച്ച കുയുക്തി സംവരണത്തിലും വിവേചനം അടങ്ങിയിട്ടുണ്ടല്ലോ എന്നതായിരുന്നു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് എന്താണ് കുഴപ്പം, അല്‍പം  സ്വാതന്ത്ര്യം കുറയും എന്നല്ലാതെ എന്നുവരെ ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുകളഞ്ഞു. മറ്റൊരു പ്രഭാഷണത്തില്‍, ഗോദ്‌സെയുടെ നാവായിക്കൊണ്ട്, ഗാന്ധിവധത്തിന്റെ കാരണങ്ങള്‍ അണിനിരത്തുന്ന ഈ നാസ്തിക നേതാവ് (ഗാന്ധിജിയുടെ മുസ്‌ലിം അനുകൂല നിലപാടുകളാണ് ഗാന്ധിയെ വധിക്കാന്‍ ഗോദ്‌സെ പറഞ്ഞ കാരണങ്ങളില്‍ മുഖ്യം എന്നോര്‍ക്കുക), ഗോദ്‌സെ തൂക്കുമരത്തിലേക്ക് നടന്നടുക്കുന്ന രംഗം കണ്ഠമിടറിക്കൊണ്ട് വിവരിക്കുന്നത് കേള്‍ക്കേണ്ടതു തന്നെയാണ്.
മുസ്‌ലിം എന്ന് കേള്‍ക്കുമ്പോള്‍ നാസ്തികര്‍ക്ക് ഓര്‍മ വരിക കണ്‍വെട്ടത്ത് കാണുന്നവരോ, തൊട്ടയല്‍പക്കത്ത് ജീവിക്കുന്നവരോ ആയ മുസ്‌ലിംകളെയല്ല, വിദൂര ദിക്കിലെവിടെയോ പൊട്ടിത്തെറിക്കുന്ന മുസ്‌ലിം പേരുള്ള ഒരു ഐ.എസ് ഭീകരവാദിയെ ആണ്.  മുഹമ്മദ് നബിയുടെ പേര് കേള്‍ക്കുമ്പോള്‍ (ആ പേര് പോലും വികൃതമായിട്ടാണ് അവര്‍ ഉച്ചരിക്കുക) അവര്‍ക്ക് ഓര്‍മ വരിക നബിയുടെ ഭാര്യമാരുടെ എണ്ണമാണ്. സ്വര്‍ഗം എന്ന് കേള്‍ക്കുമ്പോള്‍ അവരുടെ കണ്‍മുന്നില്‍ തെളിയുക 72 ഹൂറിമാരുടെ ചിത്രമാണ്. എപ്പോഴും ലൈംഗികതയെക്കുറിച്ചും ഭീകരതയെക്കുറിച്ചും ചിന്തിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഖുര്‍ആനിലെയും ഹദീസിലെയും പ്രവാചക ചരിത്രത്തിലെയും യുദ്ധം, സ്ത്രീ, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത പരാമര്‍ശങ്ങളോ സംഭവങ്ങളോ അവരുടെ ശ്രദ്ധയില്‍പെടാതെ പോകുന്നത്! ഭീകരവാദത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സിയായി മുസ്‌ലിംകളെ ചിത്രീകരിക്കുമ്പോള്‍ സ്യൂയിസൈഡ് ബോംബിംഗിന്റെയും മോഡേണ്‍ ടെററിസത്തിന്റെയും ഉത്ഭവത്തെയും വളര്‍ച്ചയെയും കുറിച്ച് വിക്കിപീഡിയ നല്‍കുന്ന പ്രാഥമിക വിവരങ്ങള്‍ പോലും വായിച്ചുനോക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാസ്തികര്‍ പുലര്‍ത്താറില്ല.
ഭരണകൂട ഭീകരത എന്നൊരു വാക്ക് നവനാസ്തികരുടെ നിഘണ്ടുവില്‍ ഇല്ല. കൊളോണിയലിസം, കാപിറ്റലിസം തുടങ്ങിയവ മനുഷ്യനാഗരികതയുടെ വികാസപരിണാമത്തിലെ സ്വാഭാവിക ഘട്ടങ്ങള്‍ ആയി കാണുന്നതിനാല്‍ ഒട്ടും തന്നെ എതിര്‍ക്കപ്പെടേണ്ടവയല്ല, അവരുടെ ദൃഷ്ടിയില്‍. എന്നല്ല,  കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് ഇരകളാകുന്നവര്‍ മുസ്‌ലിംകള്‍ ആണെങ്കില്‍, അപരിഷ്‌കൃതരായ ഒരു ജനവിഭാഗത്തെ പരിഷ്‌കരിച്ചെടുക്കുക എന്ന ആധുനിക പരിഷ്‌കൃത ലോകത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി അത് ന്യായീകരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവരാണ്  സാം ഹാരിസിനെയും ഹിച്ചന്‍സിനെയും പോലുള്ള നവനാസ്തികതയുടെ ആചാര്യന്മാര്‍. അവരത് തുറന്നെഴുതിയിട്ടുമുണ്ട്. ഇസ്രയേലിന്റെ ഭരണകൂട ഭീകരതയെ പരസ്യമായി പിന്തുണക്കുന്ന രണ്ടു കൂട്ടരാണ് നമ്മുടെ നാട്ടിലുള്ളത്: നവനാസ്തികരും സംഘ് പരിവാറും. ഇസ്രയേല്‍ ഫലസ്ത്വീനികളെ ബോംബിട്ടു കൊല്ലുമ്പോള്‍, സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതേ ഭാഷയില്‍ ഹമാസിന്റെ റോക്കറ്റുകളെക്കുറിച്ചും ഫലസ്ത്വീനീ ചാവേറുകളെക്കുറിച്ചും അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. മുസ്‌ലിംകള്‍ക്കെതിരെ എവിടെയെങ്കിലും ഭീകരാക്രമണം നടന്നാല്‍ അവര്‍ ഉള്ളാലെ സന്തോഷിക്കുകയും 'മുസ്‌ലിം ഭീകരത'യുടെ സ്ഥിതിവിവരണക്കണക്കുകള്‍ നിരത്തി അതിനെ ന്യായീകരിക്കുകയും ചെയ്യും. ലോകത്തെവിടെയും ഖുര്‍ആന്‍ കത്തിച്ചും പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചും പ്രകോപനം സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധരെ ഏറ്റവും ശക്തമായി പിന്തുണക്കുന്നത്, പ്രവാചകനിന്ദ നിത്യത്തൊഴിലായി സ്വീകരിച്ച നാസ്തികരായിരിക്കും.
സോഷ്യല്‍ മീഡിയ നല്‍കുന്ന സൗകര്യവും സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന വിധം വിദ്വേഷപ്രചാരണം കൊഴുപ്പിക്കുക എന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനമാണല്ലോ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതുതന്നെ.
കേരളത്തില്‍ ഇസ്‌ലാമും നാസ്തികതയും തമ്മിലുള്ള സംവാദം യുക്തിവാദി പ്രസ്ഥാനങ്ങള്‍ ആരംഭിച്ച കാലം തൊട്ട് തുടങ്ങിയതാണ്. ഇസ്‌ലാമും കമ്യൂണിസവും തമ്മിലുള്ള സംവാദങ്ങള്‍ക്ക് സമാന്തരമായിട്ടാണ് അത് നടന്നുവന്നത്. ആദ്യകാല യുക്തിവാദികളില്‍ പലരും കമ്യൂണിസത്തോട് ആശയപരായി അടുപ്പം പുലര്‍ത്തുന്നവരുമായിരുന്നു. അക്കാലത്തെ സംവാദങ്ങള്‍ പൊതുവെ ആശയപരവും ബുദ്ധിപരവുമായ തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. അന്നും ഇന്നും ഇസ്‌ലാമിനെതിരെ ഒരേ വാദങ്ങള്‍ തന്നെയാണ് നാസ്തികര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെങ്കിലും, ഇന്നത് വംശീയമായ വിരോധത്തിലേക്കും വെറുപ്പിലേക്കും വഴി മാറിയിരിക്കുന്നു എന്നതാണ് കാര്യമായ വ്യത്യാസം. ക്രിസ്ത്യന്‍ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ കുരിശുയുദ്ധ മനോഭാവത്തോടെ എഴുതിവെച്ച അസത്യങ്ങളും അര്‍ധ സത്യങ്ങളുമാണ് നാസ്തികരുടെ എക്കാലത്തെയും ഇസ്‌ലാംവിമര്‍ശനത്തിന്റെ മുഖ്യസ്രോതസ്സ്. ആഗോളാടിസ്ഥാനത്തില്‍തന്നെ ഇസ്‌ലാം വിമര്‍ശനത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ധാരാളം വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ പല ഭാഷകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആധികാരിക റഫറന്‍സുകള്‍ എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് അവയുടെ പേരുകള്‍ പോലും. ഇവക്കു പുറമെ, ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതില്‍ പരസ്പരം മത്സരിക്കുന്ന ഒരു വന്‍ മീഡിയാ ഇന്‍ഡസ്ട്രി പടിഞ്ഞാറന്‍ ലോകത്തും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നാസ്തികരുടെ ഇസ്‌ലാമിനെതിരായ പുതിയ കുരിശുയുദ്ധം. പടിഞ്ഞാറന്‍ നവനാസ്തികതയുടെ ആചാര്യന്മാരായ റിച്ചാഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, ഡാനിയല്‍ ഡന്നറ്റ് എന്നീ നാല്‍വര്‍ സംഘം കൊളോണിയല്‍ അനുകൂല വലതുപക്ഷ ചിന്താഗതികള്‍ക്കും അതിന്റെ തന്നെ ഭാഗമായ ഇസ്‌ലാമോഫോബിയക്കും പേരു കേട്ടവരാണ്. അവരുടെ വാദങ്ങളും കാഴ്ചപ്പാടുകളുമാണ് രവിചന്ദ്രനെപ്പോലുള്ള കേരളീയ നവനാസ്തികര്‍ ഒരക്ഷരം വിടാതെ കോപ്പിയടിക്കുന്നത്.
കേരളീയ നാസ്തികരുടെ ഇസ്‌ലാംവിമര്‍ശനങ്ങളെ പൊതുവില്‍ രണ്ടായി  തിരിക്കാം. ആശയപരമോ സംവാദാത്മകമോ ആയ വിമര്‍ശനങ്ങള്‍ എന്ന് അവയെ വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും മുസ്‌ലിംകളിലും പൊതു സമൂഹത്തിലും ഗുരുതരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അവ കാരണമാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സ്വര്‍ഗം, നരകം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെയും അധ്യാപനങ്ങളെയും വികലമാക്കിയും വക്രീകരിച്ചും നാസ്തിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ ഭാഗം. പ്രവാചകന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും നിന്ദ്യമായ ഭാഷയില്‍ തേജോവധം ചെയ്തും ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ചും വെട്ടിമുറിച്ചും അവക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ ചമച്ചും നടത്തുന്ന വിമര്‍ശന, നുണ വ്യവസായമാണ് രണ്ടാമത്തെ വിഭാഗം. സോഷ്യല്‍ മീഡിയയില്‍ തന്നെ മുസ്‌ലിം പക്ഷത്തു  നിന്ന് പലരും ഇത്തരം നുണക്കഥകള്‍ക്ക് വസ്തുതകള്‍ വെച്ച് നേര്‍ക്കു നേരെ മറുപടി നല്‍കിയപ്പോള്‍ വിമര്‍ശനങ്ങളുമായി വന്നവര്‍ പാതി വഴിക്ക് കുറ്റിയും പറിച്ച് ഓടിയ നിരവധി ഉദാഹരണങ്ങളുണ്ട്. നാസ്തികതയിലെ ധാര്‍മികത സ്ഥാപിക്കാന്‍ പുറപ്പെട്ട ചില യുക്തിവാദി താപ്പാനകള്‍ മീശ മുളക്കാത്ത മുസ്‌ലിം പയ്യന്മാരുടെ ചോദ്യശരങ്ങള്‍ക്കും ന്യായവാദങ്ങള്‍ക്കും മുന്നില്‍ അടിയറവ് പറഞ്ഞ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപരിക്കുന്നവര്‍ക്ക് അറിയാം. സംവാദത്തില്‍ തോറ്റാലും അടുത്ത ദിവസം നുണകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയൊരു വീഡിയോയുമായി സടകൊഴിഞ്ഞ സിംഹങ്ങള്‍ രംഗത്തു വരും. ഇത്തരം ദൃശ്യ, ശ്രാവ്യ മാലിന്യങ്ങളടെ കൂത്തരങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ഇസ്‌ലാമിനെതിരെ നാസ്തികര്‍ പതിവായി ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചില വിമര്‍ശനങ്ങളെ ഇസ്‌ലാമിന്റെ ദാര്‍ശനിക പരിസരത്ത് നിന്നു കൊണ്ട് ലളിതമായും സംക്ഷിപ്തമായും വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിന്റെ തുടര്‍ഭാഗങ്ങളില്‍ ശ്രമിക്കുന്നത്. കാലാകാലങ്ങളായി ഇസ്‌ലാമിനെതിരെ നിരവധി കോണുകളില്‍നിന്ന് ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ഇസ്‌ലാമിക പണ്ഡിതന്മാരും ചിന്തകന്മാരും ആധികാരികമായ മറുപടികള്‍ നല്‍കിയിട്ടുണ്ട്. പഴയ വിമര്‍ശനങ്ങള്‍ പൊടിതട്ടിയെടുത്ത് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണ് നാസ്തികര്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാംവിമര്‍ശകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പഴയ അറിവുകള്‍ വീണ്ടും വായിച്ചെടുക്കേണ്ടത് ഇസ്‌ലാമിനെ അതിന്റെ ദര്‍ശനസൗന്ദര്യത്തിലും സമഗ്രതയിലും മനസ്സിലാക്കാന്‍ അനിവാര്യമായിരിക്കുന്നു. 

(തുടരും)

Comments