Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

ത്രിതലങ്ങളില്‍ ഇല്ലാത്ത സമുദായം

കെ. നജാത്തുല്ല

കേരളത്തിലെ ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ഒപ്പം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാവുകയും ചെയ്തു. ഈ കോവിഡ് കാലത്തടക്കം ഏറെ ആഘോഷിക്കപ്പെട്ട കേരളത്തിന്റെ സവിശേഷതയാണ് കേരള വികസന മാതൃക. താരതമ്യേന താഴ്ന്ന സാമ്പത്തിക നിലവാരത്തില്‍ ഉയര്‍ന്ന ജീവിത ഗുണമേന്മ എന്ന് ഈ മാതൃകയെ ഒറ്റവാചകത്തില്‍ നിര്‍വചിക്കാം. പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണ സംവിധാനം എന്നിവ സാര്‍വത്രികമാക്കിയതും അതിലൂടെ സമ്പൂര്‍ണ സാക്ഷരത, താഴ്ന്ന ശിശുമരണനിരക്ക്, ഉയര്‍ന്ന ജീവിതദൈര്‍ഘ്യം എന്നിവയിലേക്ക് നയിച്ചതുമാണ് കേരളമോഡലിനെ ശ്രദ്ധേയമാക്കുന്നത്. അപ്പോഴും അവശേഷിച്ചിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു ആസൂത്രണത്തിലെ ജനകീയ പങ്കാളിത്തത്തിന്റെ അഭാവം. ഇതിനെ തിരുത്തിക്കൊണ്ടാണ് ജനകീയാസൂത്രണവും അധികാര പങ്കാളിത്തവും കാല്‍ നൂറ്റാണ്ട് മുമ്പ് കടന്നുവരുന്നത്.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, പ്രാദേശിക ഭരണ സംവിധാനം, പഞ്ചായത്തീ രാജ് ഇതേക്കുറിച്ചൊക്കെ പണ്ടുമുതലേ കേട്ടുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളിലാണ് കേരളത്തിന് അവ സുപരിചിതമായത്. വിശേഷിച്ചും ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെയും. ഫെഡറല്‍ സംവിധാനത്തില്‍ തദ്ദേശഭരണം സംസ്ഥാനങ്ങളുടെ വിഷയമായതിനാല്‍ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണവും സംസ്ഥാനങ്ങളില്‍ നടക്കുകയുണ്ടായി. സംസ്ഥാന ഭരണത്തെയും ബ്യൂറോക്രസിയെയും ആശ്രയിച്ചാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ സാധ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ, വിശേഷിച്ചും ഇടതുപക്ഷ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പ്രസ്ഥാനം സജീവമായതോടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു പിറകില്‍ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും അണിനിരത്താനും ഒരു പരിധിവരെ സാധിച്ചു. 
സാമൂഹികമായി നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയില്‍നിന്നാണ് പ്രാദേശിക ഭരണസംവിധാനം എന്ന ആശയമുണ്ടാവുന്നതും അത് ഭരണഘടനാ ഭേദഗതിയിലേക്ക് നയിക്കുന്നതും. തീരുമാനമെടുക്കല്‍, സ്വയംഭരണം, ഭരണപരവും പ്രവര്‍ത്തനപരവുമായ കാര്യങ്ങള്‍ എന്നിവയില്‍ അടിസ്ഥാന ജനവിഭാഗത്തിന് വന്‍തോതില്‍ അധികാരം നല്‍കുക മാത്രമല്ല ഭരണഘടനാ ഭേദഗതി ചെയ്തത്. മറിച്ച്  ഉള്‍ക്കൊള്ളല്‍ വികസന (Inclusive Development) ത്തിന്റെ ഭാഗമായി ദുര്‍ബല വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് പട്ടികജാതി, പട്ടികവര്‍ഗ സംവരണവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വനിതാ സംവരണവും പൊതുവിഭാഗത്തിലെ വനിതാ സംവരണവും റോട്ടേഷന്‍ സ്വഭാവത്തില്‍ ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ, അപ്പോഴും മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കലിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. 2006-ല്‍ പുറത്തുവന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലും മറ്റനേകം പഠനങ്ങളിലും ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളല്‍  (Minority Inclusive),  അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ള 
പോസിറ്റീവ് ഡിസ്‌ക്രിമിനേഷനെ കുറിച്ച സംവാദങ്ങള്‍ രാഷ്ട്രീയമണ്ഡലത്തില്‍ ഉയര്‍ന്നുവരികയുണ്ടായില്ല.
ജനകീയാസൂത്രണം, പ്രാദേശിക ഭരണം എന്നിവ സംബന്ധിച്ച് ധാരാളം സൈദ്ധാന്തിക ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിലെ 'ജനങ്ങള്‍' എന്ന പദം സംബന്ധിച്ച് ഒരു തര്‍ക്കവും സൈദ്ധാന്തിക തലത്തില്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ പ്രയോഗ തലത്തില്‍, സാധാരണക്കാര്‍ എന്ന് വ്യവഹരിക്കപ്പെടാറുള്ള കേരളത്തിലെ 'ജനങ്ങളി'ല്‍നിന്നും മുസ്ലിം സമുദായം വലിയതോതില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു, അവരുടെ പ്രാതിനിധ്യത്തെ കവര്‍ന്നെടുക്കുന്നുണ്ട് എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ് ഈ കുറിപ്പില്‍.
2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 33,406,061 ആണ്. ഇതില്‍ 8,873,472 ആണ് മുസ്ലിം ജനസംഖ്യ. അതായത് ആകെ ജനസംഖ്യയുടെ 26.56 ശതമാനം. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. എല്ലാം ചേര്‍ന്നാല്‍ 1200 എണ്ണം വരും. ഈ തദ്ദേശസ്ഥാപനങ്ങളിലെല്ലാം കൂടി 2015-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരും വാര്‍ഡ് മെമ്പര്‍മാരുമായി 21865 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ മൊത്തം ജനങ്ങളെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിനിധീകരിക്കുന്നത് ഈ അംഗങ്ങളാണ്. ഇതില്‍ മുസ്ലിം സമുദായത്തില്‍നിന്നും 4176 പേരാണുള്ളത്. അതായത്, മൊത്തം മെമ്പര്‍മാരുടെ 19.1 ശതമാനം. മുസ്ലിം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രാതിനിധ്യത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ 7.46 ശതമാനത്തിന്റെ കുറവ് കാണുന്നുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വികേന്ദ്രീകൃതവും തൃണമൂലതലത്തിലുള്ളതുമായ ഘടനയില്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ എന്നിവയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ സംഘടനകള്‍. മറ്റനേകം ചെറിയ സംഘടനകള്‍ ഇവര്‍ നയിക്കുന്ന മുന്നണിയുടെ ഭാഗമായോ അല്ലാതെയോ വേറെയുമുണ്ട്. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ദുര്‍ബല-പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ശാക്തീകരണം എന്നിവയൊക്കെ തങ്ങളുടെ അജണ്ടകളുടെ ഭാഗമാണെന്ന് അവകാശപ്പെടാത്ത സംഘടനകളല്ല മേല്‍പറഞ്ഞവയൊന്നും. എങ്കിലും ബി.ജെ.പി മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് ധരിക്കാന്‍ ന്യായമില്ല, അങ്ങനെ സംഭവിച്ചിട്ടുമില്ല.  മുസ്ലിം ലീഗ് ഒരു മുസ്ലിം സാമുദായിക രാഷ്ട്രീയ സംഘടനയാണ് എന്ന് വ്യക്തമാണ്. കേരള കോണ്‍ഗ്രസാകട്ടെ, ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്ന് പറയുന്നതും തെറ്റല്ല. അവശേഷിക്കുന്ന മതേതര സംഘടനകള്‍ എന്നവകാശപ്പെടുന്ന സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ എന്നീ സംഘടനകള്‍ കേരളത്തിലെ മുസ്ലിം സമുദായത്തെ രാഷ്ട്രീയമായി എത്ര അളവില്‍ പ്രതിനിധീകരിക്കുന്നു, അല്ലെങ്കില്‍ അവരുടെ രാഷ്ട്രീയത്തിനകത്ത് ഒരു സമുദായമെന്ന നിലക്ക് മുസ്ലിംകള്‍ക്ക് എത്ര അളവില്‍ നിര്‍വാഹകത്വം നല്‍കുന്നു എന്ന് മനസ്സിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്നതിലൂടെ മനസ്സിലാക്കാനാവും.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ് സി.പി.എം. തികഞ്ഞ മതനിരപേക്ഷതയും അവരവകാശപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ നിശ്ചയിച്ചപ്പോള്‍ ഈ മതനിരപേക്ഷത അപ്രത്യക്ഷമാവുകയും ചില പ്രത്യേക ഭാഗങ്ങളിലേക്ക് ചാഞ്ഞുനില്‍ക്കുകയും ചെയ്യുന്നത് കാണാനാവും. 8395 ജനപ്രതിനിധികളാണ് കേരളത്തില്‍ സി പി എമ്മിനുള്ളത്. അതില്‍ 851 (10.17 ശതമാനം) എണ്ണം മാത്രമാണ് മുസ്ലിംകള്‍. ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് അവശേഷിക്കുന്ന 16 ശതമാനം (1343) മത, ജാതി, സമുദായ കൂട്ടിക്കിഴിക്കലുകളില്‍ സി.പി.എം മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുക്കുകയാണുണ്ടായത്. സംസ്ഥാനത്തെ ഒരു ജില്ലയിലും കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്കിലും പഞ്ചായത്തിലും ആനുപാതികമായ പ്രാതിനിധ്യം സമുദായത്തിന് ഉറപ്പുവരുത്താന്‍ ആ സംഘടനക്ക് സാധിച്ചിട്ടില്ല. 70 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ 518 മെമ്പര്‍മാരാണ് സംഘടനക്കുള്ളത്. ആകെ മെമ്പര്‍മാരുടെ 29 ശതമാനം. ഇതില്‍ 180 പേരാണ് മുസ്ലിം സമുദായത്തില്‍നിന്നുള്ളത്. അതായത്, 35 ശതമാനം.
സി.പി.എമ്മിന്റെ മുസ്ലിം പ്രാതിനിധ്യത്തില്‍ കാണുന്ന മറ്റൊരു പ്രവണത കൂടിയുണ്ട്. കേരളത്തിലെ മുസ്ലിം ജനസംഖ്യയുടെ 72 ശതമാനമാണ് മലബാറിലുള്ളത്. മലബാറിലെ സി.പി.എമ്മിന്റെ മുസ്ലിം പഞ്ചായത്ത് മെമ്പര്‍മാര്‍ 58 ശതമാനവുമാണ്. 29 ശതമാനം മുസ്ലിംകളുള്ള കണ്ണൂരില്‍ 2.55 ശതമാനം ആണ് സി.പി.എമ്മിന്റെ മുസ്ലിം പ്രാതിനിധ്യം. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലയിലെ മുസ്ലിം ജനസംഖ്യാ നിരക്ക് യഥാക്രമം 39, 29, 37 ശതമാനമാണ് (ശതമാനത്തിലെ ദശാംശ സംഖ്യകള്‍ ഒഴിവാക്കിയിട്ടുണ്ട്). ഈ ജില്ലകളില്‍ സി.പി.എമ്മിനുള്ള മുസ്ലിം പഞ്ചായത്ത് മെമ്പര്‍മാര്‍ 6, 9, 7 ശതമാനമാണ്. 29 ശതമാനം മുസ്ലിംകളുള്ള പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പഞ്ചായത്തുകളിലുള്ളത് 8.90 ശതമാനം മുസ്ലിം അംഗങ്ങളാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും അടിത്തട്ടിലെ പഞ്ചായത്ത് ഘടനയില്‍ പാര്‍ട്ടി നല്‍കുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ അളവാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രത്തോളം വലിയ വിടവ് ഇല്ലെങ്കിലും മുസ്ലിം ജനസംഖ്യയും പ്രാതിനിധ്യവും തമ്മില്‍ തെക്കന്‍ ജില്ലകളിലും വലിയ അന്തരമുണ്ട്. സി.പി.എമ്മിനകത്ത് മലബാറിലെ മുസ്ലിംകളേക്കാള്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ മുസ്ലിംകള്‍ക്ക് പരിഗണന ലഭിക്കുന്നുണ്ട് എന്നും ഇതിനെ വായിക്കാവുന്നതാണ്.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ സംസ്ഥാനത്തെ മുസ്ലിം പ്രാതിനിധ്യം 28.14 ശതമാനമാണ്. സി.പി.എം അനുവദിച്ചത് നേര്‍പകുതിയാണ് (14.54 ശതമാനം). മറ്റ് തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ സംസ്ഥാനത്തെ മുസ്ലിം പ്രാതിനിധ്യവും സി.പി.എമ്മിന്റെ മുസ്ലിം പ്രാതിനിധ്യവും ഇങ്ങനെയാണ് (ശതമാനത്തില്‍): ബ്ലോക്ക് (17.6/ 10.34), കോര്‍പ്പറേഷന്‍ (13.77/ 14.97), ജില്ലാ പഞ്ചായത്ത് (17.52/ 11.45). 
സംസ്ഥാനത്തെ മറ്റൊരു പ്രധാന രാഷ്ട്രീയ സംഘടന കോണ്‍ഗ്രസിന്റെ കാര്യമെടുക്കാം. ആകെയുള്ള 21865 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 5768 എണ്ണമാണ്. ഇതിലെ മുസ്ലിംകള്‍ 676 പേരാണ്. അതായത് മൊത്തം മെമ്പര്‍മാരുടെ 11.72 ശതമാനം. ഈ നിരക്കില്‍നിന്ന് മുസ്ലിം ജനസംഖ്യാ അനുപാതത്തിലേക്കുള്ള അകലം മനസ്സിലാക്കാവുന്നതേയുള്ളൂ. നേരിയ തോതിലാണെങ്കിലും സി.പി.എമ്മിനേക്കാള്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനാവുന്നുണ്ട്. തങ്ങളുടെ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരില്‍ 11.25 ശതമാന(478)മാണ് മുസ്ലിം പ്രതിനിധികളുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരില്‍ അതത് ജില്ലകളിലെ മൊത്തം പ്രാതിനിധ്യ നിരക്കിനേക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളിലേക്കെത്തുമ്പോള്‍ ഇത് കുത്തനെ താഴേക്ക് പോവുകയും ചെയ്യുന്നു. 37 ശതമാനം മുസ്ലിംകളുള്ള കാസര്‍കോട് ജില്ലയില്‍ 27 ശതമാനമാണ് ഗ്രാമപഞ്ചായത്തുകളിലെ മുസ്ലിംകളുടെ അനുപാതം. ഇതില്‍ കോണ്‍ഗ്രസിന്റെ പങ്കാവട്ടെ കേവലം 8 ശതമാനത്തില്‍ താഴെ. വയനാട് ഇത് രണ്ടും കണ്ണൂരില്‍ ഏഴും കോഴിക്കോട്ട് പന്ത്രണ്ടും ശതമാനമാണ്. 
മുനിസിപ്പാലിറ്റികളിലും ബ്ലോക്കുകളിലും മുകളില്‍ സൂചിപ്പിച്ചപോലെ സി.പി.എമ്മിനേക്കാള്‍, കുറഞ്ഞ അളവിലാണെങ്കിലും മുസ്ലിം പ്രാതിനിധ്യത്തില്‍ മികച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസിനാകുന്നുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തലങ്ങളില്‍ നേര്‍വിപരീതമാണ് കാര്യങ്ങള്‍. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ 81 മെമ്പര്‍മാരില്‍ കേവലം ഏഴ് പേരാണ് മുസ്ലിംകള്‍. സി.പി.എമ്മിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ കുറവാണിത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെത്തുമ്പോള്‍ മുസ്ലിം പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും പിറകിലേക്ക് പോകുന്നു. 107-ല്‍ 8 മെമ്പര്‍മാരാണിത്. കേവലം ഏഴര ശതമാനം. സി.പി.എമ്മിന്റെ പകുതിയോളം മാത്രം.
മുസ്ലിം സമുദായത്തിന് അധികാരസ്ഥാനങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസിനും സാധിച്ചിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷേ, സി.പി.എമ്മിനേക്കാള്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. വിശേഷിച്ചും സമുദായത്തെ വന്‍തോതില്‍ പ്രതിനിധീകരിക്കുന്ന പ്രബലമായ ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ മുസ്ലിം ലീഗ് തങ്ങളുടെ മുന്നണിയിലുണ്ടായിരുന്നിട്ടും തീര്‍ത്തും ഒരു മുസ്ലിമേതര പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സി.പി.ഐയാണ് മറ്റൊരു സംഘടന. ഇടതുപക്ഷ മുന്നണിയോടൊപ്പം നില്‍ക്കുന്നു എന്നതൊഴിച്ചാല്‍, കേരളത്തിലെ ചില മേഖലകളില്‍ മാത്രം സ്വാധീനമുള്ള വിവിധ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോളം ജനകീയ സ്വഭാവം അതിനില്ല. സൈദ്ധാന്തിക നിലപാടുകള്‍ക്കപ്പുറം പ്രായോഗിക  രാഷ്ട്രീയത്തില്‍ മുസ്ലിം ന്യൂനപക്ഷം ആ സംഘടനയുടെ പ്രഥമ പരിഗണനാ വിഷയങ്ങളില്‍ പെടുന്നതായി അനുഭവപ്പെടാറുമില്ല. അതിനാല്‍ തന്നെ മുസ്ലിം പ്രാതിനിധ്യം ഇതര സംഘടനകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ആകെയുള്ള 1376 ജനപ്രതിനിധികളില്‍ 109 പേരാണ് മുസ്ലിംകള്‍, എട്ട് ശതമാനത്തില്‍ താഴെ. കൊല്ലം ജില്ലയിലാണ് കൂടുതല്‍ മുസ്ലിം പഞ്ചായത്ത് മെമ്പര്‍മാരുള്ളത്, 29 പേര്‍. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലുമൊക്കെ രണ്ടും മൂന്നും ശതമാനമാണ്  മുസ്ലിം സമുദായത്തിന് നല്‍കിയിരിക്കുന്നത്.
മുസ്ലിം ലീഗാണ് മറ്റൊരു സംഘടന. മുസ്ലിം സാമുദായിക രാഷ്ട്രീയ സംഘടന എന്ന് അതിനെ വിശേഷിപ്പിക്കുന്നത് ഒട്ടും തെറ്റല്ല. അതിലവര്‍ക്ക് വിയോജിപ്പുമില്ല. ഇക്കാര്യത്തില്‍ പേരിനോടും നിലപാടിനോടും നീതി പുലര്‍ത്താന്‍ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം ജനപ്രതിനിധികളിലെ മുസ്ലിം പ്രാതിനിധ്യത്തെ 17.72 എന്ന നിലയിലേക്ക് ഉയര്‍ത്തിയത് മുസ്ലിം ലീഗിന്റെ സാന്നിധ്യമാണ്. തുടക്കത്തില്‍ സൂചിപ്പിച്ച 4176 മുസ്ലിം അംഗങ്ങളില്‍ 46 ശതമാനത്തിലധികം (1926 പേര്‍) മുസ്ലിം ലീഗിന്റെ സംഭാവനയാണ്. മുസ്ലിം ലീഗിനെ മാറ്റിനിര്‍ത്തിയാല്‍ അവശേഷിക്കുന്ന മുസ്ലിം അംഗങ്ങളുടെ എണ്ണം 2250 ആണ്. ആകെ മെമ്പര്‍മാരുടെ പത്ത് ശതമാനം മാത്രമാണിത്. സംസ്ഥാനത്തെ 26 ശതമാനത്തിലധികം വരുന്ന സമുദായത്തിന് മുസ്ലിം ലീഗിതര മതേതര രാഷ്ട്രീയ കക്ഷികള്‍ നല്‍കിയ ആകെ പ്രാതിനിധ്യം 10 ശതമാനമാണ് എന്നാണ് ഇതിനര്‍ഥം. മുസ്ലിം ലീഗാവട്ടെ, നിയമാനുസൃതം അനുവദിച്ചു കൊടുക്കേണ്ട പട്ടികജാതി - പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളല്ലാതെ ഇതര സമുദായങ്ങള്‍ക്ക് നല്‍കിയത് ഒരു സീറ്റ് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. 
ഈ പ്രധാന കക്ഷികള്‍ക്കു പുറമെ  സംസ്ഥാനത്താകെ സ്വതന്ത്രരായ 464 മുസ്ലിം ജനപ്രതിനിധികളുണ്ട്. ഇവരില്‍ പലരും പ്രാദേശികമായ നീക്കുപോക്കുകളിലൂടെയും വിജയസാധ്യത ഉറപ്പുവരുത്തിയും വിവിധ രാഷ്ട്രീയ സംഘടനകളുടെ  ഒന്നിച്ചോ ഒറ്റക്കോ ഉള്ള പിന്തുണയുള്ളവരാണ്. ആകെയുള്ള മുസ്ലിം ജനപ്രതിനിധികളുടെ 11 ശതമാനത്തിലധികമാണിത്. ജനതാദള്‍ വിവിധ വിഭാഗങ്ങള്‍, കേരള കോണ്‍ഗ്രസ്, എന്‍.സി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, ആര്‍.എസ്.പി, ബി.എസ്.പി, ഐ.എന്‍.എല്‍ തുടങ്ങി മുസ്ലിം സാന്നിധ്യം ധാരാളമുള്ളതും അല്ലാത്തതുമായ രാഷ്ട്രീയ സംഘടനകള്‍ക്കെല്ലാം കൂടി 98 മുസ്ലിം ജനപ്രതിനിധികളാണുള്ളത്.
ഓരോ ജില്ലയിലെയും മുസ്ലിം ജനസംഖ്യാനുപാതവും ജില്ലാ പഞ്ചായത്തിലെ പ്രാതിനിധ്യവും (ബ്രാക്കറ്റില്‍) ഇങ്ങനെയാണ് (ശതമാനത്തില്‍): തിരുവനന്തപുരം: 13.72 (15.38), കൊല്ലം: 19.3 (3.85), പത്തനംതിട്ട: 4.6 (0), ആലപ്പുഴ: 10.55 (8.70), കോട്ടയം: 6.41 (0), ഇടുക്കി: 7.41 (0), എറണാകുളം: 15.76 (7.41), തൃശൂര്‍: 17.07 (10.34), പാലക്കാട്: 28.93 (6.67), മലപ്പുറം: 70.24 (71.88), കോഴിക്കോട്: 39.24 (29.63), വയനാട്: 28.65 (18.75), കണ്ണൂര്‍: 29.43 (8.33), കാസര്‍കോട്: 37.24  (47.06).
ഇതര പിന്നാക്ക, ന്യൂനപക്ഷ, മത, ജാതി സമുദായങ്ങളുടെ പ്രാതിനിധ്യമോ അവയുമായുള്ള താരതമ്യമോ ഈ പഠനത്തിന്റെ വിഷയമല്ല. വിവിധ രാഷ്ട്രീയ കക്ഷികള്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലാകാലങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ വിശകലനവും ഈ ലേഖനത്തിന്റെ പരിധിയിലില്ല. കേരളത്തിലെ മുസ്ലിംകള്‍ ഏതളവില്‍ ജനകീയാസൂത്രണത്തിലും തീരുമാനമെടുക്ക(ഉലരശശെീി ങമസശിഴ)ലിലും വിഭവവിതരണത്തിലും പങ്കാളികളാകുന്നു, കേരളത്തിലെ പ്രബല ന്യൂനപക്ഷത്തെ ഇത്തരം പദവികളിലേക്ക് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏതളവില്‍ പരിഗണിക്കുന്നു എന്നിവ സംബന്ധിച്ച വസ്തുനിഷ്ഠ വിശകലനമാണിത്. നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യത്തെ സംബന്ധിച്ച് പൊതുവില്‍ സമുദായത്തിനും പൊതുസമൂഹത്തിനും ധാരണയുണ്ട്.  അധികാര വികേന്ദ്രീകരണാനന്തരമുള്ള മുസ്ലിം സമുദായത്തിന്റെ അധികാര പങ്കാളിത്തത്തെ കുറിച്ചോ പങ്കാളിത്ത ജനാധിപത്യത്തിലെ ഇടത്തെ പറ്റിയോ ഉള്ള പഠനങ്ങള്‍ കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ച് ഉണ്ടായിട്ടില്ല.
സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും രാഷ്ട്രീയ മേഖലയിലെ കുറഞ്ഞ പ്രാതിനിധ്യവും കാരണം തങ്ങളുടെ സ്വത്വം, സുരക്ഷിതത്വം, സമത്വം തുടങ്ങിയവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളെയാണ് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം അഭിമുഖീകരിക്കുന്നത്. കലാപങ്ങളിലെ ഇരകള്‍, വിവിധ വിഭാഗങ്ങളുടെ അസഹിഷ്ണുതയോടെയുള്ള ഇടപെടല്‍, ഭരണകൂട വിവേചനം എന്നിവയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമുദായം അഭിമുഖീകരിക്കുന്നത്. ഇതില്‍നിന്ന് ഭിന്നമാണ് കേരളമെന്നത്  കേവലം പ്രതീതി മാത്രമാണെന്നാണ് മുകളിലെ മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥ, തൊഴില്‍ മേഖലയിലെ അപര്യാപ്തമായ സാന്നിധ്യത്തെ സംബന്ധിച്ച് ധാരാളം പഠനങ്ങളും വിവാദങ്ങളും കേരളത്തില്‍ നടന്നുകഴിഞ്ഞതാണ്. ന്യൂനപക്ഷമെന്ന തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ന്യൂനപക്ഷാംഗങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രാതിനിധ്യക്കുറവിലേക്ക് വെളിച്ചം നല്‍കുന്ന വിവരശേഖരണമോ പഠനങ്ങളോ കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല; സമുദായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സമൂഹപഠനത്തിലും സാമൂഹികശാസ്ത്രത്തിലും അവഗണിക്കപ്പെട്ടു കിടക്കുന്ന രംഗമാണിത് എന്നു പറയാം. കൂടുതല്‍ വിപുലവും സൂക്ഷ്മവുമായ പഠനത്തിലൂടെ വിലപേശല്‍ കഴിവ് വര്‍ധിപ്പിക്കാനും അധികാരം ആര്‍ജിക്കുന്നതിന് മറ്റനേകം സാമൂഹിക ഘടകങ്ങളെ കണ്ടെത്തി വികസിപ്പിക്കാനും സമുദായത്തിനും സാധിക്കും.

Comments