റോബര്‍ട്ട് ഫിസ്‌ക്; പശ്ചിമേഷ്യയിലേക്ക് തുറന്നു വെച്ച കണ്ണ്
പശ്ചിമേഷ്യന്‍ വാര്‍ത്തകളും സംഭവവികാസങ്ങളും നിഷ്പക്ഷമായും സത്യസന്ധമായും റിപ്പോര്‍ട്ട് ചെയ്ത് ശ്രദ്ധേയനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌കിന്റേത് (1946-2020) സംഭവബഹുലമായ ജീവിതമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ യുദ്ധവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ അദ്ദേഹം കടന്നു പോയിട്ടുണ്ട്. റോബര്‍ട്ടിന്റെ അഛന്‍ സൈന്യത്തിലായിരിക്കെ മറ്റൊരു സൈനികന്റെ വധശിക്ഷ നടപ്പിലാക്കാന്‍ ഏല്‍പിക്കപ്പെട്ടു. പക്ഷേ അദ്ദേഹം അത് അനുസരിച്ചില്ല. അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈയൊരു സംഭവം തന്റെ ജീവിതത്തെ സ്വാധീനിച്ചെന്ന് അദ്ദേഹം പറയുന്നുണ്ട്.
'മറ്റൊരു മനുഷ്യനെ കൊല്ലുക എന്ന കല്‍പന നിരസിച്ച എന്റെ പിതാവിന്റെ അതേ ദൗത്യം തന്നെയാണ് എനിക്കും ജീവിതത്തില്‍ നിര്‍വഹിക്കാനുള്ളത്.' യുദ്ധവും യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഇരകളുമെല്ലാം റോബര്‍ട്ട് ഫിസ്‌ക് എന്ന മനുഷ്യനെ എപ്പോഴും ഉലച്ചിരുന്നു. ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ നേടിയ ഡോക്ടറേറ്റിന്റെ വിഷയവും യുദ്ധവുമായി ബന്ധപ്പെട്ടതായിരുന്നു.
മിഡിലീസ്റ്റിലെ റിപ്പോര്‍ട്ടുകളിലൂടെയാണ് റോബര്‍ട്ട് ഫിസ്‌ക് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്. 1970 - കള്‍ക്കു ശേഷമാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്. തുടര്‍ന്ന് അവിടങ്ങളിലെ ഒട്ടനവധി ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും കൂട്ടക്കുരുതികളും രാഷ്ട്രീയ മാറ്റങ്ങളുമെല്ലാം അതിസാഹസികമായി ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗിലൂടെ അദ്ദേഹം പുറം ലോകത്തെത്തിച്ചു. റിപ്പോര്‍ട്ടിംഗിലെ സത്യസന്ധതയും നിഷ്പക്ഷതയും നേരനുഭവങ്ങളും ഇരകളോടുള്ള ആര്‍ദ്രതയുമെല്ലാം അറബ് ലോകത്തും പുറത്തും അദ്ദേഹത്തെ സ്വീകാര്യനാക്കി. യുദ്ധ കാലങ്ങളില്‍ മലയാള മാധ്യമങ്ങളും അദ്ദേഹത്തിന്റെ യുദ്ധ റിപ്പോര്‍ട്ടുകളെയായിരുന്നു കാര്യമായും അവലംബിച്ചിരുന്നത്.
വായനക്കാരുടെ ഹൃദയം പിളര്‍ക്കുന്ന പച്ചമനുഷ്യരുടെ കൂട്ടക്കുരുതികള്‍ റോബര്‍ട്ട് നേര്‍ക്കാഴ്ചയില്‍ പകര്‍ത്തിയെഴുതി. ഇസ്രയേല്‍ സൈന്യം 1982 -ല്‍ സബ്ര -ശത്തീലയില്‍ നടത്തിയ നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരണങ്ങള്‍ അദ്ദേഹം പുറം ലോകത്തെത്തിച്ചു. 3500 -ലധികം പേരാണ് അന്നവിടെ നിഷ്‌കരുണം വധിക്കപ്പെട്ടത്. Pity the Nation എന്ന തന്റെ പുസ്തകത്തില്‍ ആ ദിനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. 1982 ഫെബ്രുവരി 2 മുതല്‍ 28 വരെ അന്നത്തെ സിറിയന്‍ ഭരണാധികാരി ഹാഫിസുല്‍ അസദിന്റെ നേതൃത്വത്തില്‍ ഹമ എന്ന പ്രദേശത്തെ മുഴുവനായി ഉപരോധിച്ച് സൈന്യം നടത്തിയ കൂട്ടക്കുരുതിയും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട ഏജന്‍സികള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആയിരം പേരാണ് അവിടെ കൊല്ലപ്പെട്ടത്. എന്നാല്‍ ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം വരെ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുള്ളതായി സംഭവം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത റോബര്‍ട്ട് ഫിസ്‌ക് തെളിവുകള്‍ സഹിതം സമര്‍ഥിക്കുകയുണ്ടായി.
അറബ് ലോകത്തെ മിക്ക ആഭ്യന്തര സംഘര്‍ഷങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും റോബര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലബനാന്‍-അള്‍ജീരിയന്‍-സിറിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഇറാന്‍-ഇറാഖ് യുദ്ധം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് അധിനിവേശം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം, ബോസ്നിയ -കൊസോവ രക്തച്ചൊരിച്ചല്‍, ഫലസ്ത്വീന്‍ പ്രശ്നം തുടങ്ങിയവയെല്ലാം അതിസാഹസികമായി ജീവന്‍ പണയം വെച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.
പത്രപ്രവര്‍ത്തനത്തില്‍ കൃത്യമായ എത്തിക്സുണ്ടായിരുന്നു റോബര്‍ട്ടിന്. അതില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായില്ല. നിഷ്പക്ഷതയും നേരിട്ടുള്ള റിപ്പോര്‍ട്ടുകളുമായിരുന്നു ആ ജേര്‍ണലിസ്റ്റിന്റെ മുഖമുദ്ര. പല അഭിമുഖങ്ങളിലും അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളിലെല്ലാം അത് പ്രകടവുമാണ്. ഇരകളോടുള്ള അനുകമ്പയും ആര്‍ദ്രയും റിപ്പോര്‍ട്ടിംഗിന്റെ മറ്റൊരു സവിശേഷത. ഭരണകൂടത്തെ വെല്ലുവിളിക്കുകയും അവരുടെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുകയും ചെയ്യുക എന്നതാണ് ഒരോ പത്രപ്രവര്‍ത്തകന്റെയും യഥാര്‍ഥ കടമ എന്ന് ഒരിടത്ത് അദ്ദേഹം പറയുന്നുണ്ട്.
അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശക്കാലത്ത് അദ്ദേഹം ചില യൂറോപ്യന്‍ പത്രപ്രവര്‍ത്തകരുടെ 'ഹോട്ടല്‍ റൂം ജേര്‍ണലിസ'ത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. യുദ്ധത്തിന്റെ ചൂടും ചൂരും നൃശംസതകളും വന്യതയും നിറഞ്ഞു നില്‍ക്കുന്ന യഥാര്‍ഥ ഭൂമികയിലുള്ള നേര്‍ക്കാഴ്ചയില്‍ കണ്ട സത്യങ്ങള്‍ എഴുതാതെ ഹോട്ടലിലെ എ.സി റൂമിലിരുന്ന് യുദ്ധത്തെക്കുറിച്ച കാല്‍പനിക കഥകളെഴുതുന്ന, അധിനിവേശ താല്‍പര്യങ്ങളെ വെള്ളപൂശുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരായ ഒളിയമ്പായിരുന്നു അത്. റോബര്‍ട്ടിന്റെ ആ പ്രസ്താവന ചെറിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തുകയും ചെയ്തു. യുദ്ധം ഒരു ഹോളിവുഡ് സിനിമയല്ല, അത് പച്ചയായ ജീവിതമാണെന്ന് ഒരിക്കല്‍ അദ്ദേഹം പത്രപ്രവര്‍ത്തകരെ ഉപദേശിച്ചിരുന്നു.
ബ്രിട്ടനിലെ സണ്‍ഡെ എക്സ്പ്രസ്, ദ ടൈംസ്, ദ ഇന്റിപെന്റന്റ് തുടങ്ങിയ പത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു.
പിറ്റി ദ നാഷന്‍, ദ ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍, ദ കണ്‍ക്വെസ്റ്റ് ഓഫ് ദ മിഡില്‍ ഈസ്റ്റ് തുടങ്ങി നിരവധി ശ്രദ്ധേയമായ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വിദേശകാര്യ റിപ്പോര്‍ട്ടറെന്നാണ്. പത്രപവര്‍ത്തന രംഗത്തെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
1970-കള്‍ക്കു ശേഷമുള്ള പശ്ചിമേഷ്യയെക്കുറിച്ച ചരിത്ര പഠന വിദ്യാര്‍ഥികള്‍ക്ക് റോബര്‍ട്ട് ഫിസ്‌കിനോളം ആധികാരികമായ മറ്റൊരു റഫറന്‍സില്ല. മിഡിലീസ്റ്റിന്റെ യഥാര്‍ഥ കണ്ണും കാതും ഹൃദയവുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നിലച്ചുപോയത്.
Comments