Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

തൊട്ടില്‍ അബ്ദുസ്സലാം

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

പണ്ഡിതനും അധ്യാപകനുമായിരുന്ന എടത്തനാട്ടുകര സ്വദേശി തൊട്ടിയില്‍ അബ്ദുസ്സലാം (അബ്ദുല്ല മൗലവി) വിജ്ഞാനവും വിനയവും നിറഞ്ഞ മാതൃകാ വ്യക്തിത്വമായിരുന്നു. ലളിത ജീവിതവും ആകര്‍ഷകമായ പെരുമാറ്റ രീതികളും സ്വഭാവ സവിശേഷതകളായിരുന്നു. തൗഹീദ് പ്രബോധനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കോട്ടക്കല്‍ പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ മകനായി ജനിച്ച അബ്ദുസ്സലാം, പിതാവ് കാണിച്ച പാതയില്‍ തന്നെ ദീനീ പ്രവര്‍ത്തനങ്ങളുമായി മുന്നേറി.
എടത്തനാട്ടുകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബി കോളേജില്‍ ചേര്‍ന്നു. അറബി ഭാഷയിലും ദീനീ വിജ്ഞാനങ്ങളിലും അറിവ് കരസ്ഥമാക്കുന്നതില്‍ അങ്ങേയറ്റം ഉത്സുകനായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തര്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്നു. അവിടെ നിന്നും മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ പ്രിലിമിനറി കോഴ്‌സും കേരള യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമാ കോഴ്‌സും പാസ്സായി.
പഠനാനന്തരം എട്ടു വര്‍ഷക്കാലം പൂക്കാടഞ്ചേരി പള്ളിയില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചു. മദീനത്തുല്‍ ഉലൂമിലെ പഠനത്തിനു ശേഷം മദീന യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ കെ.എന്‍.എം സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൗലവി നിര്‍ദേശിച്ചെങ്കിലും ജീവിത സാഹചര്യങ്ങള്‍ കാരണം അതിന് തുനിഞ്ഞില്ല. തുടര്‍ന്ന് എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി സ്‌കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ജോലി ആവശ്യാര്‍ഥം ജിദ്ദയിലെത്തി. അവിടെ ചെലവഴിച്ച കാലം വൈജ്ഞാനിക വളര്‍ച്ചക്കും വിനിമയ ഭാഷയായി അറബി ഉപയോഗിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കാനും ഉപകരിച്ചതായി അദ്ദേഹം പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. രിയാദിലെ പ്രഗത്ഭ മതപണ്ഡിതന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും നാടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫത്‌വകള്‍ തേടുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു. ജിദ്ദയില്‍നിന്നും തിരിച്ചുവന്ന ശേഷം വീണ്ടും നാലുകണ്ടം സ്‌കൂളില്‍തന്നെ ജോലി തുടര്‍ന്നു.
ദീനീരംഗത്ത് സജീവമായിരുന്നു. യുവാക്കള്‍ക്കായി മതപഠന ക്ലാസ്സുകളും ഖുത്വ്ബ പരിശീലന കോഴ്‌സുകളും നടത്തി. പൂക്കാടഞ്ചേരി പള്ളിയുടെ കീഴിലുള്ള മദ്‌റസയുടെ നടത്തിപ്പിലും ദീനീ വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും തുറന്ന മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവിന്റെ മരണശേഷം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അബ്ദുസ്സലാം മൗലവി നേതൃസ്ഥാനങ്ങളിലുമെത്തിയിരുന്നു. ഒരു ഘട്ടത്തില്‍ കെ.എന്‍.എം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. എടത്തനാട്ടുകര ഓര്‍ഫനേജ് കമ്മിറ്റിയിലും അംഗമായിരുന്നു.
പിതാവുമൊത്തുള്ള യാത്രകള്‍ ജീവിതത്തില്‍ വളരെയധികം അനുഭവങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കി. പ്രധാനമായും പണ്ഡിതന്മാരുമായുള്ള ചര്‍ച്ചകള്‍ കേട്ടു മനസ്സിലാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദമായി. ആനക്കയത്ത് ദര്‍സ് നടത്തിക്കൊണ്ടിരുന്ന അബുസ്സ്വബാഹ് മൗലവിയെ ഇടക്കിടക്ക് സന്ദര്‍ശിക്കുകയും ഫാറൂഖ് കോളേജിന്റെ സ്ഥാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.
കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ തികച്ചും അസൂയാര്‍ഹമായ മാതൃകയാണ് അദ്ദേഹം കാഴ്ചവെച്ചത്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹോദരന്മാരെയും സഹോദരികളെയും താങ്ങിയും തലോടിയും ചേര്‍ത്തു നിര്‍ത്തി.
ഭാര്യ ആഇശ മഠത്തൊടി. മക്കള്‍: ഖൈറുന്നിസ ശാന്തപുരം, ഹബീബ (അധ്യാപിക വട്ടമണ്ണപ്പുറം എല്‍.പി സ്‌കൂള്‍), ടി.എ റഹ്മാന്‍ (അബൂദബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂള്‍), ഷാഹിന ചെന്നൈ.

 

 

കെ.എം ത്വാഹിറ

പ്രസ്ഥാനത്തിന്റെ തൊട്ടിലില്‍ ജനിച്ച് വീഴുക. പ്രസ്ഥാനം തന്നെ ജീവവായു ആക്കിയ പുരുഷന്റെ ജീവിത പങ്കാളിയായി ജീവിക്കുക. ഈ അപൂര്‍വ സൗഭാഗ്യം ലഭിച്ച മഹതിയായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 25-ന് അല്ലാഹുവിങ്കലേക്ക് മടങ്ങിയ കെ.എം ത്വാഹിറ കോട്ടയം. രണ്ട് മൂന്ന് വര്‍ഷങ്ങളായി രോഗാവസ്ഥയിലായിരുന്നുവെങ്കിലും സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നു. ഇടക്ക് ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലും താമസിച്ചു. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി തയാറെടുക്കുമ്പോഴായിരുന്നു മരണം.  
ഈരാറ്റുപേട്ടയിലെ ആദ്യകാല ജമാഅത്ത് അംഗമായിരുന്ന കൊച്ചിക്ക എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന കെ.എം മുഹമ്മദ് സാഹിബിന്റെ മകളായിരുന്നു ത്വാഹിറ. ശാന്തപുരം ഇസ്ലാമിയ കോളേജ്, വണ്ടൂര്‍ ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോട്ടയത്തെ ആദ്യകാല ജമാഅത്ത് അംഗമായിരുന്ന കെ.കെ അബ്ദുര്‍റസ്സാഖ് സാഹിബിന്റെ മകനും പ്രസ്ഥാന പ്രവര്‍ത്തകനും ദീര്‍ഘകാലം ഗള്‍ഫില്‍ പ്രവാസിയും ആയിരുന്ന സലീം സാഹിബാണ് ഭര്‍ത്താവ്. സംക്രാന്തി വനിതാ ഹല്‍ഖയുടെ നാസിമത്തായും ഏരിയാ കണ്‍വീനറായും ജില്ലാസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു പരേത. ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ത്വാഹിറയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ നിര്‍ധനര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ചു. ജീവകാരുണ്യ രംഗത്ത് ഗള്‍ഫിലും നാട്ടിലും സജീവ സാന്നിധ്യമായിരുന്ന സലീം സാഹിബിന്റെ മാതൃക പിന്‍പറ്റി തന്റെ കര്‍മരംഗം തെരഞ്ഞെടുക്കുകയായിരുന്നു. പിതാവിന്റെ പ്രസ്ഥാന പാരമ്പര്യം കാത്തു സൂക്ഷിച്ച ത്വാഹിറയെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. 
പരേതനായ സല്‍മാന്‍ ഉള്‍പ്പെടെ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മക്കള്‍.

എ.എം അലിക്കുട്ടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്