Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

പ്രബോധകന്‍ സൃഷ്ടിക്കേണ്ട ആവാസ വ്യവസ്ഥ

എ. നുജൂം

സുഗന്ധവാഹിനികളായ പുഷ്പങ്ങളിലേക്കേ ചിത്രശലഭങ്ങള്‍ പാറിയടുക്കുകയുള്ളൂ. മതിയാവോളം മധു നുകര്‍ന്ന് സംതൃപ്തമായി അവ മടങ്ങുകയും ചെയ്യുന്നു. ഇതുപോലെ ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരിച്ച് മോക്ഷം ലഭ്യമാക്കാനുള്ള മധു തേടി പരക്കം പായുകയാണ് മനുഷ്യന്‍. അവരുടെ മോഹവും ദാഹവും ശമിപ്പിക്കാന്‍ മാത്രം സ്വാദിഷ്ടമായ മധു നുകരാനുള്ള ഒരവസരവും പാഴാക്കപ്പെടരുത്.
നിത്യമധുരമായ മധുവാണ് ഇസ്‌ലാമിക പ്രബോധകരുടെ കൈമുതല്‍. ഈ മധു നുകരാന്‍ കൊതിക്കുന്ന മനുഷ്യക്കൂട്ടങ്ങളാണ് അവര്‍ക്ക് ചുറ്റുമുള്ളത്. ശാന്തിയുടെ തെളിനീര്‍ തേടിപ്പായുന്നവരെ ആകര്‍ഷിക്കാനും ആസ്വദിപ്പിക്കാനും പര്യാപ്തമായ ജീവിത മനോഹാരിത പ്രബോധകരില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രബോധിതരെ കണ്ടെത്താനും സമാശ്വസിപ്പിക്കാനും സാധിക്കുകയുള്ളൂ. ഈ യാഥാര്‍ഥ്യത്തിന്റെ വളരെ മനോഹരമായ ആവിഷ്‌കാരമാണ് 'സാമൂഹിക മാറ്റം സാധ്യമാക്കുന്ന പ്രബോധന പദ്ധതികള്‍' എന്ന ലേഖനത്തിലൂടെ അഫ്‌സല്‍ ത്വയ്യിബ് വരച്ചുകാട്ടുന്നത് (ഒക്‌ടോബര്‍ 9, ലക്കം 19).
കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകന്‍ അനുവര്‍ത്തിക്കേണ്ട രീതികള്‍ ശിശുസൗഹൃദമായിരിക്കണമെന്ന് പറയുന്നതുപോലെ, പ്രബോധന ശൈലിയും സ്‌നേഹ സൗഹൃദ വികാരങ്ങളാല്‍ ഉത്കൃഷ്ടമാകേണ്ടതുണ്ട്. തന്റെ കൈയിലുള്ള പ്രത്യയശാസ്ത്രം നുകരുന്തോറും സ്വാദേറുന്ന മധുവാണെന്ന തിരിച്ചറിവ് പ്രബോധകനുണ്ടാകണം. ആ മധു തേടി പ്രബോധിതനെത്താനുള്ള വിസ്മയ വലയം ഒരുക്കേണ്ടതുണ്ട്. സ്വഭാവ ഗുണങ്ങളും ഉത്കൃഷ്ട ജീവിത ശൈലിയുമാണ് പ്രബോധനമാകുന്ന ആരാമത്തിന്റെ സൗന്ദര്യം. വശ്യമായ ആവാസ വ്യവസ്ഥയുള്ള പൂന്തോട്ടങ്ങളിലേ ചിത്രശലഭങ്ങള്‍ പറന്നെത്തുകയുള്ളൂ. പ്രബോധകര്‍ സൃഷ്ടിച്ചെടുക്കുന്ന ആവാസ വ്യവസ്ഥ ജീവിത വിശുദ്ധിയുടെ അപരിമേയതയില്‍ അലിഞ്ഞുചേരുന്ന വ്യക്തി വൈശിഷ്ട്യങ്ങളുടെ സുന്ദരമായ സംഗമ സ്ഥാനമാകണം. സമര്‍പ്പിത വ്യക്തിത്വത്തിന്റെ ഉടമകളായ പ്രബോധകര്‍ക്കു മാത്രമേ ഇത്തരത്തിലൊരു ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മുഹമ്മദ് നബിയുടെ ജീവിതം കാഴ്ചവെച്ച സ്വഭാവ ഗുണങ്ങളുടെയും ജീവിത ശൈലിയുടെയും പെരുമാറ്റ രീതികളുടെയും ഉദാത്ത മാതൃക വ്യക്തിജീവിതത്തിലൂടെ പ്രസരിപ്പിക്കാന്‍ കഴിയുന്ന പ്രബോധന സംഘമാണ് കാലം തേടുന്ന ആവാസ വ്യവസ്ഥ. ലേഖകന്‍ അര്‍ഥഗര്‍ഭമായി സൂചിപ്പിച്ചതുപോലെ 'സ്വന്തം മാറ്റിയെടുത്ത എണ്ണ കൊണ്ട് ഇസ്‌ലാമിക പ്രബോധനത്തിന്റെ പന്തം ജ്വലിപ്പിച്ച' പ്രവര്‍ത്തകരായി പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും അനുയായികള്‍ പരിവര്‍ത്തിപ്പിക്കപ്പെടേണ്ടതുണ്ട്. വിനയത്തിന്റെ ഔന്നത്യമുള്ള മുഖഭാവവും ആദര്‍ശനിഷ്ഠമായ പെരുമാറ്റവും ആകര്‍ഷകവും സന്ദര്‍ഭോചിതവുമായ ആശയപ്രകാശന രീതികളും നയതന്ത്ര സമീപനങ്ങളും നയചാതുര്യമുള്ള വാമൊഴികളും പ്രബോധകന്റെ നിത്യ സത്യമായ ശൈലിയായി മാറേണ്ടതാണ്. കാലത്തിന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത പ്രബോധന വിസ്മയങ്ങളുടെ വശ്യസുന്ദരമായ പൂങ്കാവനമാക്കി ആദര്‍ശത്തിന്റെ ആവാസ വ്യവസ്ഥ പടുത്തുയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് സമ്പുഷ്ടവും ഫലപ്രദവുമാക്കാന്‍ കഴിയും. സ്വര്‍ഗവും പ്രബോധിതനും കാത്തിരിക്കുന്ന അത്തരം പ്രബോധകരുടെ വിജയഗാഥ നമുക്ക് രചിക്കാന്‍ കഴിഞ്ഞെങ്കില്‍...! ചിന്താ സൗകുമാര്യം നിറഞ്ഞ ആശയങ്ങള്‍ കൈമാറിയ അഫ്‌സല്‍ ത്വയ്യിബിന് പ്രാര്‍ഥനകള്‍. 

 


യസീദിനെ വെള്ളപൂശണോ?

ഇ.എന്‍ ഇബ്‌റാഹീം മൗലവി 'കര്‍ബലയും പ്രേംചന്ദും' എന്ന നാടക കൃതിയെക്കുറിച്ച് ചില വേവലാതികള്‍ പങ്കുവെക്കുകയുണ്ടായി (സെപ്റ്റംബര്‍ 25). ചരിത്രത്തില്‍ നടന്ന അരുതായ്മകള്‍ മറച്ചുവെക്കാനായി തന്റെ ദര്‍ശനങ്ങള്‍ക്ക് പോറലേല്‍ക്കുമെന്ന ഭയത്താല്‍ ചില  ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇതര ചരിത്ര കൃതികളിലും അത് കാ
ണാം. ഉസ്മാ(റ)ന്റെ ഭരണകാലത്തും അലി (റ) - മുആവിയ കാലഘട്ടത്തിലും നടന്ന സംഭവങ്ങളെയും മറച്ചുവെക്കാനുള്ള ശ്രമം ഇസ്‌ലാമിനെക്കുറിച്ച പില്‍ക്കാല ചരിത്ര രചനകളില്‍ വ്യക്തമായി കാണാറുണ്ട്. മേല്‍ പ്രതികരണവും ഈ ഗണത്തില്‍ പെട്ടതാണെന്ന് ന്യായമായും സംശയിക്കുന്നു.
ചരിത്രത്തില്‍ യസീദിന്റെ ഭരണകാലമെടുത്താലും അരുതായ്മകള്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും, അദ്ദേഹത്തിന്റെ അധികാര കാലയളവില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതിലും അതിനെ നേരിട്ടതിലും നമുക്ക് കണ്ടെത്താവുന്നതാണ്. 
യസീദ്, രാജഭരണകൂട തണലില്‍ ജീവിച്ചു ശീലിച്ചതിന്റെ അടയാളങ്ങള്‍ ചരിത്രത്തില്‍ അദ്ദേഹത്തെക്കുറിച്ച വിവരണങ്ങളില്‍നിന്ന് വായിച്ചെടുക്കാം. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഉമറി(റ)ന്റെ കീഴില്‍ സിറിയന്‍ ഗവര്‍ണറായിരുന്നു യസീദിന്റെ പിതാവായ മുആവിയ. സിറിയ സന്ദര്‍ശനാര്‍ഥം ഉമറി(റ)നെ വരവേറ്റത് ആഡംബരപൂര്‍ണമായ ഒരുക്കങ്ങളായിരുന്നു. അത് അന്നേ ഉമറി(റ)നെ അസ്വസ്ഥനാക്കിയിരുന്നു. അത്തരം സുഖലോലുപമായ ജീവിത പശ്ചാത്തലത്തിലാണ് യസീദ് വളര്‍ന്ന് വരുന്നത്. ആ ജീവിത രീതികള്‍ തന്നെയാവണം തന്റെ അധികാര ലബ്ധിക്കു ശേഷവും അത് നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാനുള്ള പൈശാചിക പ്രേരണ യസീദില്‍ ഉടലെടുക്കാനുള്ള കാരണവും. യസീദ് നേരിട്ട പ്രതിസന്ധികളെ രണ്ട് തരത്തില്‍ പരിഹരിക്കാമായിരുന്നു. ഒന്ന് ഇസ്‌ലാമിക രീതിയില്‍, മറ്റൊന്ന് ജാഹിലിയ്യ രീതിയില്‍. ഇവിടെ യസീദ് അവലംബിച്ചത് രണ്ടാമത്തെ രീതിയാണ്.
ചരിത്രത്തിലെ കറുത്ത സംഭവമായ കര്‍ബലയില്‍ ചിന്തിയ നബികുടുംബത്തിലെ എഴുപത്തിയഞ്ചോളം പേരുടെ വിശുദ്ധ രക്തം, അതിനോടനുബന്ധിച്ചുള്ള ഹുസൈ(റ)ന്റെ ദാരുണമായ കൊല, തുടര്‍ന്ന് മദീനയില്‍ അവശേഷിച്ച നബി(സ)യുടെ സ്വന്തക്കാരെയും സ്വഹാബി കുടുംബങ്ങളുടെ നേര്‍ക്ക് നടത്തിയ അല്‍ഹര്‍റ കടന്നാക്രമണം, ഇബ്‌നു സുബൈറി(റ)നെ നേരിടാന്‍ വിശുദ്ധ കഅ്ബക്ക് നേരെയുണ്ടായ തീവെപ്പ്. ഇതില്‍നിന്നൊക്കെ എങ്ങനെയാണ് യസീദിനെ വിശുദ്ധനാക്കാന്‍ കഴിയുക? കൂടാതെ അദ്ദേഹത്തിന്റെ സുഖലോലുപമായ സ്വകാര്യ ജീവിതത്തില്‍ മദ്യവും മദിരാക്ഷിയുമുണ്ടായിരുന്നുവെന്ന് ഒട്ടുവളരെ ഉന്നത ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പ്രേംചന്ദിനെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല.
അതുപോലെ ഹുസൈന്‍ (റ) ചെയ്തത് ഒരു രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന വിലയിരുത്തല്‍ സലഫി ചായ്‌വുള്ള ചരിത്രകാരന്മാര്‍ മാത്രമാണ് നടത്തിക്കാണുന്നത്. ഹുസൈനാണ് ശരി എന്ന് ഇതര ധീര ചരിത്ര നായകന്മാരുടെ മുന്നേറ്റത്തില്‍നിന്നും മനസ്സിലാക്കാം. അലി (റ), ഹുസൈന്‍ (റ), ഉമര്‍ മുഖ്താര്‍, ടിപ്പു സുല്‍ത്താന്‍, ഹമാസിന്റെ യാസീന്‍, ഈജിപ്തിലെ മുര്‍സി ഇവരെല്ലാം എടുത്ത നിലപാട് ധീരമായിരുന്നു, ശരിയുമായിരുന്നു.
കര്‍ബലയിലേക്ക് പുറപ്പെടും മുമ്പ് ഹുസൈന്‍ അയച്ച തന്റെ പ്രതിനിധിയെ യസീദിന്റെ സൈന്യം വധിക്കുകയാണ് ചെയ്യുന്നത്. കൂടാതെ, മുആവിയയും ഹസനും (റ) തമ്മിലുള്ള കരാറിന്റെ ലംഘനമായിട്ടാണ് ഹുസൈന്‍ (റ), യസീദിന്റെ അധികാര ആരോഹണത്തെ കാണുന്നത്. ഈ കരാര്‍ ലംഘനം നടത്തിയതിനെ ചോദ്യം ചെയ്യേണ്ട എന്നാണോ? കുടുംബ വാഴ്ചയെ അംഗീകരിച്ച് ഒതുങ്ങി കൂടണമെന്നാണോ അര്‍ഥമാക്കുന്നത്?
ഹുസൈന്‍ (റ) യസീദിന്റെ സൈനിക നേതാവിനോട് പറഞ്ഞത്, ഒന്നുകില്‍ യസീദ് അധികാരം ഒഴിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ പുതിയ ആളെ അധികാരപ്പെടുത്തുക. അല്ലെങ്കില്‍ യസീദുമായി സംസാരിക്കാന്‍ അവസരം നല്‍കുക. അല്ലെങ്കില്‍ മാന്യമായി മദീനയിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുക. ഇത് മൂന്നും അനുവദിക്കാതെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അതാണ് കുടുംബവാഴ്ചയുടെയും ജാഹിലിയ്യത്തിന്റെയും സ്വഭാവം. അതിനാല്‍ ഹുസൈ(റ)നെ ചരിത്രം എന്നും ശരിയായ രീതിയില്‍ മുന്നേറിയ ധീരയോദ്ധാവായിതന്നെയാണ് കാണുന്നത്. മുസ്‌ലിം രാജ്യങ്ങളിലെ നിലവിലെ കുടുംബവാഴ്ചക്കെതിരെ ചരിത്രത്തില്‍ ആദ്യം മുന്നിട്ടിറങ്ങിയ കര്‍മഭടന്‍ തന്നെയാണ് ഹുസൈന്‍ (റ). അതിനാല്‍ അദ്ദേഹത്തിന്റെ മുന്നേറ്റം എന്നും പ്രസക്തമാണ്. അത് ഇനിയും ശരിയായ രീതിയില്‍ വായിക്കപ്പെടേണ്ടതാണ്.

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ 

 

 

കാലം സാക്ഷി, ഇതിനൊരന്ത്യമുണ്ട് തീര്‍ച്ച

എ. റശീദുദ്ദീന്‍ എഴുതിയ 'ദലിതര്‍ ബി.ജെ.പിയെ തിരിച്ചറിയുന്നത് എന്നാണ്' എന്ന കവര്‍ സ്റ്റോറി (2020 ഒക്‌ടോബര്‍ 20) ശ്രദ്ധേയമായി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തി കഴിഞ്ഞ ജനസമൂഹത്തിന് ആഴത്തില്‍ ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ലേഖനത്തില്‍ പരാമര്‍ശിച്ച സംഭവങ്ങളത്രയും. നാം പലപ്പോഴും പുതിയ നൂറ്റാണ്ടിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും മികവും പറഞ്ഞ് വീമ്പ് നടിക്കാറുണ്ട്, ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കറുത്തിരുണ്ട ജീവിതത്തെ ചൂണ്ടി നെറ്റിചുളിക്കാറുണ്ട്. എന്നാല്‍ ദല്‍ഹിയിലും പരിസരങ്ങളിലും നടമാടുന്ന കാട്ടാളന്മാരുടെ കിരാത വാഴ്ചയില്‍ പലപ്പോഴും നാടിന് അപമാനം തോന്നാറേയില്ല. യു.പിയിലും ഗുജറാത്തിലും മറ്റും രാഷ്ട്രീയ നേതാക്കള്‍ എന്നാല്‍ ഗുണ്ടാ സംഘ തലവന്മാര്‍ എന്നാണോ അര്‍ഥമെന്ന് തോന്നി പോകാറുണ്ട്. ഹാഥറസിലെ ദലിത് പെണ്‍കുട്ടിയെ 4 പേര്‍ ബലാത്സംഗം ചെയ്ത്, ജീവനുള്ള പെണ്‍കുട്ടിയുടെ അവയവങ്ങള്‍ പിഴുതി മാറ്റി, പാതി രാത്രിയില്‍ പോലീസ് ഔദാര്യത്തോടെ -സഹായത്തോടെ- ചുട്ടുകൊന്നു എന്ന് മാത്രമല്ല, ആ പ്രതികളെ സംരക്ഷിക്കാനും രക്ഷപ്പെടുത്താനും ഭരണ സംവിധാനവും രാഷ്ട്രീയ മേല്‍ക്കോയ്മയും ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നത് മൃഗീയതക്കുമപ്പുറമാണ്. ചരിത്രത്തിലെ ലോക ഭീകരന്‍ ഫിര്‍ഔന്‍ പോലും ആണ്‍കുട്ടികളെ കൊന്നു കളയുകയും പെണ്‍കുട്ടികളെ വെറുതെ വിടുകയും ചെയ്തപ്പോള്‍ പരിഷ്‌കൃത രാജ്യസ്‌നേഹം ഇന്ത്യയില്‍ ആണ്‍കുട്ടികളെ അകാരണമായി തുറുങ്കിലടക്കുകയും പെണ്‍കുട്ടികളെ കീറിമുറിച്ച് കൊന്നു കളയുകയുമാണ്. സംഘ് പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാടന്‍ പ്രവൃത്തികള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളും, അവര്‍ക്ക് മേല്‍ യു.എ.പി.എ ചുമത്താന്‍ മാത്രം കുറ്റക്കാരുമെന്ന നിലപാട് ഏറെ കാലം തുടരാന്‍ കഴിയില്ല. വിശുദ്ധ ഖുര്‍ആനിലെ സൂറ: അല്‍ഖസ്വസ്വിലെ ആദ്യ ഭാഗത്തെ അല്ലാഹുവിന്റെ പ്രഖ്യാപനം ഇക്കാലത്ത് വളരെ പ്രസക്തമാണ്;  'ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരാക്കാനും അല്ലാഹു തീരുമാനിച്ചിരിക്കുന്നു!' 'യോഗി' 'മോദി'കളേക്കാള്‍ വലിയവനായ ഫിര്‍ഔനെ തകര്‍ത്ത് തരിപ്പണമാക്കിയ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാന്‍ പുതിയ ഫിര്‍ഔന്മാര്‍ക്ക് കഴിഞ്ഞാല്‍ അതവര്‍ക്ക് നന്ന്.  

പാലാഴി മുഹമ്മദ് കോയ (പരപ്പനങ്ങാടി)

 


ഹൃദയത്തില്‍ തൊട്ടു

പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീറും വിദേശകാര്യ വകുപ്പ് തലവനും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി അസി. ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഗഫ്ഫാര്‍ അസീസിനെക്കുറിച്ചുള്ള ഡോ. അബ്ദുസ്സലാം അഹ്മദിന്റെ അനുസ്മരണം ഹൃദയസ്പൃക്കായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് ശ്രദ്ധേയമായ നിലയില്‍ നേതൃത്വം നല്‍കുന്നവരെക്കുറിച്ചുള്ള ഒരു പംക്തി പ്രബോധനത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും.  

എം. അനസ് കണിയാപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്