സാമ്പത്തിക പ്രവര്‍ത്തനം മഹത്തായ പുണ്യകര്‍മം
ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരികവും നാഗരികവും രാഷ്ട്രീയവുമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനങ്ങളില്‍ അതിപ്രധാനമാണ് സാമ്പത്തിക പുരോഗതി. വിശുദ്ധ ഖുര്‍ആന്‍ മാനവ സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരമെന്നാണ് സമ്പത്തിനെ വിശേഷിപ്പിക്കുന്നത്: ''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിനാധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യബോധമില്ലാത്തവര്‍ക്ക് നല്‍കരുത്'' (4:5).
അതുകൊണ്ടുതന്നെ സമ്പാദിക്കുകയെന്നത് ഒരു പുണ്യകര്‍മമാണ്. പരലോകത്ത് പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മം. ഭൂമിയെ മാനവ സമൂഹത്തിനു വേണ്ടി ഫലസമൃദ്ധമാക്കുന്നതും പട്ടിണിയും പേടിയുമില്ലാത്ത സമൂഹനിര്‍മിതിക്കു വേണ്ടി പണിയെടുക്കുന്നതും എത്രമേല്‍ മഹത്തരമായ പുണ്യ കര്‍മമാണെന്ന് ഖുര്‍ആനും പ്രവാചക ചര്യയും അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ ഒരൊറ്റ പ്രവാചകന്റെ ജീവിതമേ ക്രമാനുഗതമായി വിവരിച്ചിട്ടുള്ളൂ. യൂസുഫ് നബിയുടെ സംഭവബഹുലമായ ജീവിതം നൂറിലേറെ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നു. കഥകളില്‍ വെച്ച് ഏറ്റവും ഉത്തമമെന്നാണ് അല്ലാഹു ആ കഥയെ വിശേഷിപ്പിച്ചത്. അത് വിശദീകരിക്കുന്ന അധ്യായത്തിന് നല്‍കിയ പേരും ആ പ്രവാചകന്റേതു തന്നെ. ജയില്‍മോചിതനായ അദ്ദേഹം നിര്‍വഹിച്ച മുഖ്യമായ പ്രവര്‍ത്തനം എന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. തന്റെ ദൗത്യമെന്തെന്ന് അതേറ്റെടുക്കുന്നതിനു മുമ്പു തന്നെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി: ''അദ്ദേഹം പറഞ്ഞു; രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പ്പിക്കുക. തീര്‍ച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്'' (12:55).
അങ്ങനെ ഈജിപ്ഷ്യന്‍ ജനത അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടായിരുന്ന കടുത്ത പട്ടിണിയില്‍നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ആ രാജ്യത്തെ അദ്ദേഹം രക്ഷിച്ചു. സുഭിക്ഷതയുടെ ഏഴു വര്‍ഷത്തെ വിളവുകളില്‍നിന്ന്, വരാനിരിക്കുന്ന വറുതിയുടെ ഏഴു വര്‍ഷത്തേക്ക് ആവശ്യമായ ധാന്യം കരുതിവെക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ഒരു പ്രവാചകന്‍ ഭൂമിയില്‍ നിര്‍വഹിച്ച മഹദ് കൃത്യങ്ങളിലൊന്ന് സാമ്പത്തിക പ്രവര്‍ത്തനമാണെന്നര്‍ഥം.
അല്ലാഹുവിന്റെ കൂട്ടുകാരനായ ഇബ്‌റാഹീം പ്രവാചകന്‍ തന്റെ കുടുംബത്തെ ജനശൂന്യമായ മക്കാ താഴ്‌വരയില്‍ താമസിപ്പിച്ചപ്പോള്‍ നടത്തിയ പ്രാര്‍ഥന ആ നാട്ടിന് സുരക്ഷിതത്വവും സുഭിക്ഷതയും നല്‍കേണമേ എന്നാണ് (ഖുര്‍ആന്‍ 2:126).
അതൊക്കെയും ഉള്ള നാടാക്കി അല്ലാഹു അതിനെ മാറ്റി. ''അതിനാല്‍ ഈ കഅ്ബാ മന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെട്ടു ജീവിക്കട്ടെ. അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്ക് പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍'' (106:3,4).
പണിയെടുത്ത് പുണ്യം നേടുക
അധ്വാനശേഷിയും സമയവും അമൂല്യമാണ്. നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടുകയില്ല. കടം കൊടുക്കാനോ ദാനം ചെയ്യാനോ സാധ്യമല്ല. ഉപയോഗിച്ചാല്‍ ലാഭം. അല്ലെങ്കില്‍ നഷ്ടം. അവ രണ്ടും അല്ലാഹു മനുഷ്യനെ ഏല്‍പ്പിച്ച അമാനത്താണ്. അതുകൊണ്ടുതന്നെ ഒട്ടും പാഴാക്കാനുള്ളതല്ല. പൂര്‍ണമായും പ്രയോജനപ്പെടുത്തണം. അവ രണ്ടിനെയും സംബന്ധിച്ച് എല്ലാ മനുഷ്യരും ചോദ്യം ചെയ്യപ്പെടും. അതു കൊണ്ടുതന്നെ വിശ്വാസികള്‍ സമയവും അധ്വാനശേഷിയും പൂര്‍ണമായും പ്രയോജനപ്പെടുത്തണം. ഒഴിവു ദിവസമില്ലാത്ത സമുദായമാണ് മുസ്‌ലിംകള്‍. വെള്ളിയാഴ്ച ജുമുഅക്ക് വരുന്നതിനു മുമ്പ് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരെന്ന് വിശ്വാസികളെ പരിചയപ്പെടുത്തുന്നു പരിശുദ്ധ ഖുര്‍ആന്‍ (62:9). ജുമുഅ കഴിഞ്ഞാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന് കല്‍പ്പിക്കുകയും ചെയ്യുന്നു: ''നമസ്‌കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം'' (62:10).
സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഐഛികവൃത്തിയായല്ല ഇസ്‌ലാം കാണുന്നത്, നിര്‍ബന്ധ ബാധ്യതയായിട്ടാണ്. ''അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചൊല്ലുന്നതും അവങ്കലേക്കു തന്നെ'' (67:15).
അധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്തു കൊണ്ട് പ്രവാചകന്‍ പറയുന്നു: ''സ്വന്തം കൈകൊണ്ട് വേല ചെയ്ത് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ആരും തന്നെ കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ് തന്റെ കൈകൊണ്ട് അധ്വാനിച്ചാണ് ആഹരിച്ചിരുന്നത്'' (ബുഖാരി).
വീണ്ടും പറയുന്നു: 'വൈകുന്നേരമാകുമ്പോള്‍ കായികാധ്വാനത്തിലൂടെ ക്ഷീണിതനാകുന്നവന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവനായിത്തീരുന്നു.'
'ചില പാപങ്ങളുണ്ട്. നമസ്‌കാരവും ദാനധര്‍മങ്ങളും ഹജ്ജും അവക്ക് പ്രായശ്ചിത്തമാവുകയില്ല. എന്നാല്‍ ഉപജീവനം തേടുന്നത് അവക്ക് പ്രായശ്ചിത്തമാകുന്നു' (ബുഖാരി).
'അല്ലാഹു തൊഴിലാളിയായ തന്റെ അടിമയെ ഇഷ്ടപ്പെടുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി ജോലിയെടുത്ത് ക്ഷീണിച്ചവന്‍ പ്രതാപവാനും മഹാനുമായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതിയവനെപ്പോലെയാകുന്നു.'
'തന്റെ അടിമയെ അനുവദനീയങ്ങള്‍ക്കായി അധ്വാനിച്ച് ക്ഷീണിതനായി കാണുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്' (ദൈലമി).
ഒരിക്കല്‍ നബിതിരുമേനി (സ) തന്റെ ഒരനുചരനെ കണ്ടുമുട്ടി. പരസ്പരം ഹസ്തദാനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ തീരെ മാര്‍ദവമില്ലാത്തതും പരു പരുത്തതുമായി അനുഭവപ്പെട്ടു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: 'താങ്കളുടെ കൈക്ക് എന്തുപറ്റി? അത് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടല്ലോ.'
'അല്ലാഹുവിന്റെ ദൂതരേ, അത് പണിയെടുത്തതിന്റെ പാടുകളാണ്'- പ്രവാചകശിഷ്യന്‍ അറിയിച്ചു. അപ്പോള്‍ പ്രവാചകന്‍ തന്റെ അനുചരന്മാരുടെ മുമ്പില്‍ വെച്ച് അദ്ദേഹത്തിന്റെ ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് അവയെ ചുംബിക്കുകയും പിന്നീട് അവയെ പതാക പോലെ വീശുകയും ചെയ്തു. അത്യധികം ആഹ്ലാദത്തോടും അഭിമാനത്തോടും കൂടി അവിടുന്ന് അരുള്‍ ചെയ്തു: 'അല്ലാഹുവും അവന്റെ ദൂതനും സ്‌നേഹിക്കുന്ന രണ്ട് കൈകളാണിത്. നരകത്തീ അവയെ സ്പര്‍ശിക്കുകയില്ല' (ബുഖാരി).
കഅബു ബ്‌നു ഉജ്‌സയില്‍നിന്ന് നിവേദനം: ഒരാള്‍ നബിതിരുമേനിയുടെ അരികിലൂടെ നടന്നു പോയി. അദ്ദേഹത്തിന്റെ കരുത്തും ഉന്മേഷവും കണ്ടപ്പോള്‍ പ്രവാചകന്റെ അനുചരന്മാര്‍ പറഞ്ഞു: 'തിരുദൂതരേ, അയാള്‍ ഇറങ്ങിത്തിരിച്ചത് അല്ലാഹുവിന്റെ മാര്‍ഗത്തിലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!' അപ്പോള്‍ അവിടുന്ന് പറഞ്ഞു: ''അയാള്‍ തന്റെ കൊച്ചു കുട്ടികള്‍ക്കു വേണ്ടി അധ്വാനിക്കാനാണ് ഇറങ്ങിത്തിരിച്ചിട്ടുള്ളതെങ്കില്‍ അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. വാര്‍ധക്യം ബാധിച്ച തന്റെ മാതാപിതാക്കള്‍ക്കു വേണ്ടിയാണ് അയാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. സ്വന്തം ശരീരത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കായി പരിശ്രമിക്കാനാണ് പുറപ്പെട്ടിട്ടുള്ളതെങ്കില്‍ അപ്പോഴും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെ. എന്നാല്‍ പുറംപൂച്ചും പൊങ്ങച്ചവും പ്രകടിപ്പിക്കാനാണ് ഇറങ്ങിത്തിരിച്ചതെങ്കില്‍ അയാള്‍ പിശാചിന്റെ പാതയിലാണ്' (ത്വബറാനി).
കൃഷിയും കച്ചവടവും
എക്കാലത്തെയും വരുമാനമാര്‍ഗങ്ങളില്‍ പ്രധാനമാണ് കൃഷിയും കച്ചവടവും. രണ്ടിനെയും ഇസ്‌ലാം അതിയായി പ്രോത്സാഹിപ്പിക്കുകയുണ്ടായി. പ്രവാചകന്‍ പറയുന്നു: 'ഒരാള്‍ ഒരു വൃക്ഷം നട്ടു. ഫലം ഉണ്ടാകുന്നതുവരെ അതിനെ പരിരക്ഷിക്കുന്നതില്‍ ക്ഷമ കാണിച്ചു.എങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന കായ്കനികള്‍ക്കനുസരിച്ച് അയാള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമുണ്ട്' (അഹ്മദ്).
'ഒരു മുസ്‌ലിം ചെടി നടുകയോ കൃഷി നടത്തുകയോ എന്നിട്ട് അതില്‍നിന്ന് പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുകയോ ചെയ്യുന്നില്ല; അതയാള്‍ക്ക് ധര്‍മമായിത്തീര്‍ന്നിട്ടല്ലാതെ' (ബുഖാരി, മുസ്‌ലിം).
ഒരാള്‍ മാവ് നടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അതിന്റെ വേരുകള്‍ മഴവെള്ളം മണ്ണിലേക്ക് ആഴ്ത്തുന്നു. ഇലകള്‍ അന്തരീക്ഷ വായുവെ ശുദ്ധീകരിക്കുന്നു. അവ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും തണലേകുന്നു. യാത്രക്കാര്‍ക്ക് ഇളംതെന്നലേകുന്നു. പൂവ് പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും ഏറെ ഉപകരിക്കുന്നു. തടിമരത്തില്‍ അണ്ണാന്‍ കൂട് കൂട്ടുന്നു. ചില്ലകളില്‍ പക്ഷികള്‍ കൂടുണ്ടാക്കുന്നു. ചില്ലകള്‍ വവ്വാലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നു.
മരം പുഴുക്കള്‍ക്ക് ആഹാരവും പാര്‍പ്പിടവുമായിത്തീരുന്നു. മനുഷ്യര്‍ക്ക് വിറകായി ഉപയോഗിക്കാനും വീട്ടുപകരണങ്ങളുണ്ടാക്കാനും വീടുണ്ടാക്കാനും ഉപകരിക്കുന്നു. പഴങ്ങള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാണികള്‍ക്കും ആഹാരമായിത്തീരുന്നു. ഒരു മരം നടുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലം എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറം എത്രമേല്‍ മഹത്തരം!
ഇവ്വിധം തന്നെ പുണ്യകരമാണ് കച്ചവടവും. പ്രവാചകന്‍ പറയുന്നു: 'സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി അന്ത്യദിനത്തില്‍ നബിമാരുടെയും രക്തസാക്ഷികളുടെയും സത്യം പാലിച്ചവരുടെയും സുകൃതവാന്മാരുടെയും കൂടെയായിരിക്കും' (ഹാകിം, തിര്‍മിദി).
അനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പത്തുണ്ടാക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മങ്ങളാണെന്ന് ഇതൊക്കെയും നമ്മെ ബോധ്യപ്പെടുത്തുന്നു. സമ്പത്തിന്റെ സംരക്ഷണാര്‍ഥം വധിക്കപ്പെടുന്നത് രക്തസാക്ഷ്യമാണെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു: 'തന്റെ ധനത്തിനു വേണ്ടി വധിക്കപ്പെടുന്നവന്‍ രക്ത സാക്ഷിയാണ്' (ബുഖാരി, മുസ്‌ലിം).
അപരരുടെ ഔദാര്യം സ്വീകരിച്ച് ആരാധനയില്‍ മുഴുകിക്കഴിയുന്നവരേക്കാള്‍ നല്ലവര്‍ അധ്വാനിച്ച് ആഹരിക്കുന്നവരും മറ്റുള്ളവരെ ആഹരിപ്പിക്കുന്നവരുമാണ്. ഒരു സംഘം നബിതിരുമേനിയുടെ അടുത്തു വന്നു. അവരില്‍ പരമഭക്തനും പരിത്യാഗിയുമായ ഒരാളുണ്ടായിരുന്നു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: 'ഇതാരാണ്?'
'ജീവിതം ആരാധനക്കു വേണ്ടി നീക്കിവെച്ചവനാണ്' - കൂടെയുള്ളവര്‍ പറഞ്ഞു. അപ്പോള്‍ നബി തിരുമേനി ചോദിച്ചു: 'ആരാണ് അയാള്‍ക്ക് തിന്നാന്‍ കൊടുക്കുന്നത്?'
'ഞങ്ങളെല്ലാവരും അയാള്‍ക്ക് ആഹാരം നല്‍കുന്നു' - അവര്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: 'നിങ്ങളെല്ലാവരുമാണ് അദ്ദേഹത്തേക്കാള്‍ ഉത്തമര്‍.'
എല്ലാവര്‍ക്കും എല്ലാറ്റിനും
മനുഷ്യന് ഇവിടെ പരിമിതമായ ആവശ്യങ്ങളേയുള്ളൂ. എത്ര കോടി രൂപ കൈവശമുണ്ടെങ്കിലും ഒരു വയറ് നിറക്കാനും ഒരു ശരീരം മറയ്ക്കാനും ഒരു കസേരയില്‍ ഇരിക്കാനും ഒരു കട്ടിലില്‍ ഉറങ്ങാനും ഒരു വീട്ടില്‍ താമസിക്കാനും ഒരു വാഹനത്തില്‍ സഞ്ചരിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. എന്നിട്ടും എന്തിനാണ് കഠിനമായി അധ്വാനിക്കാനും പരമാവധി സമ്പാദിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നത്? തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമല്ല; ഏതൊരു മനുഷ്യനും അധ്വാനിക്കുന്നത്, അധ്വാനിക്കേണ്ടത്. മറിച്ച്, സമൂഹത്തിലെ പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവശരും അശരണരും അഗതികളും അനാഥരും വിധവകളും ദരിദ്രരുമായ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. അഥവാ, അങ്ങനെയായിരിക്കണം.
അതിനുമപ്പുറം മൃഗങ്ങള്‍ക്കും പറവകള്‍ക്കുമുള്‍പ്പെടെ മുഴുവന്‍ ജീവികള്‍ക്കും വേണ്ടിയാവണം. എലികളും പുഴുക്കളും ഉറുമ്പുകളും പറവകളും കന്നുകാലികളുമൊന്നും കൃഷി ചെയ്യുകയോ വിളവുണ്ടാക്കുകയോ ചെയ്യുന്നില്ലല്ലോ. അവക്കെല്ലാം ആവശ്യമുള്ളത് ഒരുക്കേണ്ടത് മനുഷ്യന്‍ തന്നെ. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് ഇത്തരം എല്ലാ നല്ല കാര്യങ്ങള്‍ക്കും വേണ്ടി ദാനധര്‍മങ്ങള്‍ ചെയ്തിരുന്നതിനോടൊപ്പം വഖ്ഫ് ചെയ്യുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. ഇത്തരം വഖ്ഫുകളില്‍ ഏറെ ശ്രദ്ധേയമാണ്, രോഗം ബാധിച്ച ജീവികളെ ചികിത്സിക്കാനും വാര്‍ധക്യവും വിവശതയും ബാധിച്ചവയെ സംരക്ഷിക്കാനുമായി നിലനിന്നിരുന്ന വഖ്ഫ്. ദമസ്‌കസിലെ ഇപ്പോഴത്തെ മുനിസിപ്പല്‍ കളിസ്ഥലമായ 'അല്‍ മര്‍ജുല്‍ അഖ്ദര്‍' പ്രയോജന മൂല്യമില്ലാത്തതിനാല്‍ ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന, വാര്‍ധക്യം ബാധിച്ച് അവശമായ ഒട്ടകങ്ങള്‍ക്ക് മേഞ്ഞു നടക്കാനായി വഖ്ഫ് ചെയ്യപ്പെട്ടതായിരുന്നു. ദമസ്‌കസിലെ വഖ്ഫുകളില്‍ പൂച്ചകള്‍ക്ക് തിന്നാനും കളിക്കാനും താമസിക്കാനുമുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അവക്കു വേണ്ടി നീക്കിവെക്കപ്പെട്ട പ്രത്യേക മൈതാനങ്ങളില്‍ നൂറുകണക്കിന് തടിച്ചുകൊഴുത്ത പൂച്ചകള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.
അദിയ്യു ബ്‌നു ഹാതിം ഉറുമ്പുകള്‍ക്ക് റൊട്ടി പിച്ചിയിട്ടു കൊടുക്കുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്യുമായിരുന്നു: 'അവയും നമ്മുടെ അയല്‍ക്കാരാണ്. അവയോടും നമുക്ക് ബാധ്യതയുണ്ട്.'
ആശുപത്രികളില്‍ രോഗികള്‍ക്ക് കേള്‍ക്കാന്‍ ഇമ്പമുള്ള സംഗീതം ആലപിക്കാനും പാട്ട് പാടിക്കൊടുക്കാനും കഥ പറഞ്ഞു കൊടുക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും തമാശകള്‍ കാണിച്ചുകൊടുക്കാനും സംഗീതജ്ഞരെയും പാട്ടുകാരെയും കാഥികരെയും ഖുര്‍ആന്‍ പാരായണ വിദഗ്ധരെയും ഫലിതക്കാരെയും നിശ്ചയിക്കുകയും അതിനായി സ്വത്ത് നീക്കിവെക്കുകയും ചെയ്തിരുന്നു (ഡോ. മുസ്ത്വഫസ്സിബാഈയുടെ 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍' കാണുക).
കോവിഡ്കാല സാധ്യതകള്‍
രാജ്യത്തെ ഒന്നാകെ തടവറയാക്കി മാറ്റിയ കോവിഡ് വലിയൊരു വിഭാഗം ആളുകളെ വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. അതിനാല്‍ പലര്‍ക്കും ധാരാളം ഒഴിവുസമയം ലഭിക്കുന്നു. അത് പലവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാം. ഉദാഹരണമായി, ഓരോ ദിവസവും അല്‍പ്പസമയം ചെലവഴിച്ചാല്‍ ഒരു നല്ല പച്ചക്കറിത്തോട്ടമുണ്ടാക്കാം. വീട്ടിലേക്കാവശ്യമായ, വിഷം കലരാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുമെന്നതോടൊപ്പം സാമ്പത്തികമായും നേട്ടമുണ്ടാകും. ആട്, കോഴി, താറാവ്, മുയല്‍, മത്സ്യം പോലുള്ളവ വളര്‍ത്താനും സാധിക്കും. നാലോ അഞ്ചോ വ്യക്തികളും കുടുംബങ്ങളും ചേര്‍ന്ന് ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ പോലുള്ള സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കൂട്ടുകൃഷി സമ്പ്രദായവും വിജയകരമായി നടത്താന്‍ സാധിക്കും. നാലോ അഞ്ചോ വ്യക്തികളോ കുടുംബങ്ങളോ ചേര്‍ന്ന് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും പലഹാരങ്ങളും മറ്റു ആഹാരപദാര്‍ഥങ്ങളും തയാറാക്കിക്കൊടുക്കാനും സാധിക്കും. വ്യക്തികള്‍ക്കും ചെറു കൂട്ടായ്മകള്‍ക്കും കൊച്ചു കൊച്ചു വ്യാപാര-വ്യവസായ സംരംഭങ്ങള്‍ വിജയകരമായി നടത്താന്‍ കഴിയും.
ഇതൊക്കെയും വ്യക്തികള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം, വലിയൊരു സാമൂഹിക സേവനവും അതുവഴി രാജ്യസേവനവുമാണ്; പരലോകത്ത് വലിയ പ്രതിഫലത്തിന് കാരണമായിത്തീരുന്ന അതിമഹത്തായ പുണ്യകര്‍മവും.
Comments