ഇസ്‌ലാമിക ചരിത്രത്തിലെ ദുഃഖപുത്രന്‍
ഇസ്‌ലാമിക ചരിത്രത്തിലെ ശോഭയാര്‍ന്ന കാലമാണ് റാശിദൂന്‍ ഖലീഫമാരുടെ ഭരണഘട്ടം. അന്ത്യപ്രവാചകന്‍ സ്ഥാപിച്ച മദീന രാഷ്ട്രത്തിന്റെ സത്യമാര്‍ന്ന പിന്തുടര്‍ച്ച. എന്നാല്‍ ഈ ചരിത്രഘട്ടത്തിലെ ഏറെ സന്ദിഗ്ധതകള്‍ ഇരമ്പിയ സന്ദര്‍ഭമായിരുന്നു മൂന്നാം ഖലീഫ ഉസ്മാന്റെയും ശേഷം വന്ന അലിയുടെയും രക്തസാക്ഷിത്വത്തിനിടയിലുള്ള വര്‍ഷങ്ങള്‍. ഈ കാലത്തെ പലതരത്തിലാണ് വിശ്വാസിസമൂഹം കൈകാര്യം ചെയ്തുപോരുന്നത്. അക്കാലത്ത് അരങ്ങത്താടിയ നാനാതരം രാഷ്ട്രീയ നിര്‍വഹണങ്ങളെ അവരവരുടെ ബോധ്യവിശ്വാസങ്ങളുടെയും മനോധര്‍മങ്ങളുടെയും പക്ഷപാതങ്ങളുടെയും ഉപകരണങ്ങള്‍ കൊണ്ട് ഖനിച്ചുനോക്കാനും ലഭ്യമാകുന്ന ഉപാദാനങ്ങള്‍ കൊണ്ട് നിലപാടുകള്‍ ഉറപ്പിച്ചെടുക്കാനും കാലങ്ങളായി ആളുകള്‍ തിക്കിത്തിരക്കി. ഇക്കാര്യത്തില്‍ ഏറ്റവും വിവാദത്തിലായത് ഖലീഫ അലിയാണ്. ചിലര്‍ അദ്ദേഹത്തെ വാഴ്ത്തി പ്രവാചകനോടൊപ്പമോ അതിനും മുകളിലോ നിര്‍ത്തുന്നു. മറ്റു ചിലരാകട്ടെ പ്രവാചക കുടുംബത്തിലേക്കുള്ള സില്‍സിലയും ശജറത്തും അലിയിലൂടെ കണ്ണിയൊട്ടിച്ച് പരിവ്രാജകത്വത്തിന്റെ അനിസ്‌ലാമിക പ്രതലത്തില്‍ അലിയെ കണ്ടെടുക്കുമ്പോള്‍ ഇനിയുമൊരു വിഭാഗം അഹ്‌ലു ബൈത്തിന്റെ കേവല പെരുമയിലേക്ക് അദ്ദേഹത്തെ ചുരുക്കിനിര്‍ത്തുന്നു.
സത്യത്തില്‍ ഇതൊന്നുമല്ല അലി. ഇത്തരമുള്ള ഏതു കാഴ്ചയുടെയും രാശികള്‍ ഭേദിച്ച് തികച്ചും വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളില്‍ മാത്രം തിളങ്ങുന്ന വിസ്മയമാണ് ആ ജീവിതം. ഈ തരത്തില്‍ അലിയുടെ ജീവിതം സമഗ്രതയില്‍ കണ്ടെത്തുന്ന പുസ്തകങ്ങള്‍ മലയാളത്തിലില്ല. ഉള്ളതോ അത്യന്തം ഭയത്തോടെയോ അല്ലെങ്കില്‍ അപസര്‍പ്പകത്വത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഭാവനാ സാന്ദ്രതയോടെയോ എഴുതപ്പെട്ട പാട്ടും കഥകളുമാണ്. അതിന് ആരിലും അപരാധം കണ്ടിട്ട് കാര്യമില്ല. അലിയുടേത് മാത്രമായ നിരവധി സന്ദിഗ്ധതകള്‍ ഉസ്മാന്റെ ഭരണകാലത്തോടെ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഉസ്മാന്റെ വധത്തോടെ ഇതിന്റെ സാന്ദ്രത ഏറെ വര്‍ധിതമായി. വൈകാതെ അലി രക്തസാക്ഷിയുമായി. ഇക്കാലത്തെ ഖനിച്ചുപോകുന്ന ചരിത്രകാരന്മാര്‍ക്ക് പക്ഷപാതരഹിതമായ ഉപാദാനങ്ങള്‍ ലഭ്യമായതുമില്ല. ഇസ്‌ലാമിക സമൂഹമാകട്ടെ നിരവധി ചിന്താധാരകളായി ഏറക്കുറെ വിഘടിച്ചുനില്‍ക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ അവരുടെ മനോധര്‍മ കാര്‍ക്കശ്യങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന സ്വന്തം അലിയെ അവതരിപ്പിക്കാനുള്ള മല്‍പ്പിടിത്തം മുറുകും. അതിനുള്ള ഉപാദാനങ്ങള്‍ നിര്‍മിച്ചെടുക്കും. ഇത് വല്ലാത്തൊരു ചരിത്ര ദുരന്തമാണ്. എന്നാല്‍ അത്യുക്തിയുടെ കായലുകള്‍ തേവി വറ്റിച്ചും ഭര്‍ത്സനത്തിന്റെ കാട്ടുപൊന്തകള്‍ വെട്ടിച്ചുട്ടും യാഥാര്‍ഥ്യത്തിലെ അലിയെ കണ്ടെടുക്കാനുള്ള ധീര പരിശ്രമങ്ങള്‍ ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രഫ. മസ്ഊദുല്‍ ഹസന്റെ 'നാലാം ഖലീഫ അലി' എന്ന പുസ്തകം. മുന്നൂറ്റി അമ്പതിലേറെ താളുകളിലേക്ക് വികസിക്കുന്ന പുസ്തകമപ്പാടെ വിസ്താരത്തിന് വെക്കുന്നത് അലിയുടെ തേജോമയമായ ഇസ്‌ലാമിക ജീവിതവും നിര്‍വഹണവും മാത്രം.
ബാല്യത്തിലേ അലി മുഹമ്മദിന്റെ കൂടെയാണ്. ഖദീജയുടെ വീട്ടില്‍ ഉല്ലാസഭരിതവും എന്നാല്‍ ഗൗരവപൂര്‍ണവുമായ ഒരു ബാല്യമാണ് അലിക്കുള്ളത്. നിരന്തരമായ കച്ചവടയാത്രയില്‍ മുഹമ്മദിനെ അലി സഹായിച്ചിരുന്നു. പ്രവാചക ചുമതലകള്‍ സമാഗതമായപ്പോള്‍ ഇത്തരം കാര്യങ്ങള്‍ അലി നേരിട്ട് ഏറ്റെടുത്തതായി മസ്ഊദുല്‍ ഹസന്‍ പറയുന്നു. പിതാവ് അബൂത്വാലിബിന് പ്രവാചകനെയും സ്വന്തം മകന്‍ അലിയെയും ഒരുപോലെ ഇഷ്ടമായിരുന്നു. അദ്ദേഹം മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും ചെയ്തിരുന്നുവത്രെ. അല്ലാത്തതൊക്കെയും ഉമവീ നിര്‍മിതിയാകാമെന്നാണ് പ്രഫ. ഹസന്‍ പറയുന്നത്. ഇസ്‌ലാമില്‍ അലിയുടെ ഇടപെടല്‍ സാന്ദ്രഭരിതമാകുന്നത് ബദ്ര്‍ യുദ്ധത്തിലൂടെയാണ്. അന്ന് ശത്രുപടയിലെ പ്രമുഖനായ വലീദിനെ ഭൂമിയില്‍നിന്ന് തുരത്തിയത് അലി. ഉഹുദ് പടഭൂമിയിലാണ് ആ പോരാട്ടശേഷി ഇരമ്പിക്കണ്ടത്. നിര്‍ണായകമായ ഒരു യുദ്ധഘട്ടത്തില്‍ അബൂസുഫ്‌യാന്‍ മേല്‍ക്കൈ നേടി ഉഹുദില്‍ മനോബലം ചിതറിയ ഇസ്‌ലാമിക ശക്തിക്ക് പിടിച്ചു നില്‍ക്കാനായത് അലി നായകത്വമേറ്റെടുത്തതോടെയാണ്. ബദര്‍ യുദ്ധശേഷമാണ് അലി വിവാഹിതനായത്. ഇക്കാലത്ത് അലി പരമ ദരിദ്രനായിരുന്നുവെന്ന പൊതുനിരീക്ഷണം ഗ്രന്ഥകാരന്‍ തള്ളുന്നു. അത്ര പരമദാരിദ്ര്യത്തിലേക്ക് അലിയെ മദീന ഉപേക്ഷിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. അലി സമ്പന്നനല്ലായിരിക്കാം. പക്ഷേ ദരിദ്രനല്ല. സന്തുഷ്ട ദാമ്പത്യമായിരുന്നു അലിയുടേത്. ദിവസങ്ങളോളം തീ പുകയാത്ത ഒരു വീടെങ്ങനെ സന്തുഷ്ടമാകും? പ്രവാചകന്‍ രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുത്തത് സമ്പന്നനായ ഉസ്മാന്നാണ്. ഫാത്വിമയാകട്ടെ പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട മകളാണ്. അങ്ങനെയിരിക്കെ എങ്ങനെയാണ് പരമദാരിദ്ര്യത്തിലേക്ക് മകളെ ഈ പിതാവ് ഉന്തിയിടുക; പ്രത്യേകിച്ചും ബദ്ര്‍ യുദ്ധം കഴിഞ്ഞ പശ്ചാത്തലത്തില്‍? ഇതാണ് പ്രഫ. ഹസന്റെ വാദം.
പിന്നീട് അലിയുടെ സാന്നിധ്യവും ജീവിതവും കൂടിയാണ് മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തെ നിര്‍ണയിച്ചത്. നിരവധി യുദ്ധങ്ങളില്‍ അലി നായകനായി. പ്രവാചകന്റെ മരണശേഷം അലിയും അബൂബക്‌റും രസക്കേടിലായിരുന്നു എന്ന ഒരു പൊതുനിരീക്ഷണമുണ്ട്. ഇത് പ്രഫ. ഹസന്‍ തള്ളിക്കളയുന്നു. പ്രവാചകന്റെ അന്ത്യത്തിനു പിന്നെ ഫാത്വിമയും യാത്രയായി. ഇത് അലിക്ക് വലിയ ആഘാതമായെന്നും അലി പൊതുജീവിതത്തിന്റെ സജീവതയില്‍നിന്ന് അകന്ന് ഗാര്‍ഹസ്ഥ്യത്തിലായിരുന്നെന്നും എന്നാല്‍ പെട്ടെന്നുതന്നെ ചുമതലകള്‍ ഏറ്റെടുത്ത് പൊതുജീവിതത്തില്‍ സജീവമായെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ടാണ് വ്യാജപ്രവാചകന്മാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അലിയെ കാണാതെ പോയതെന്നും പ്രഫസര്‍ നിരീക്ഷിക്കുന്നു. അബൂബക്‌റിന്റെ മരണത്തില്‍ അലി നടത്തുന്ന ഹൃദയസ്പൃക്കായ ഒരു അനുശോചന പ്രഭാഷണമുണ്ട്. ആ പ്രഭാഷണം സമ്പൂര്‍ണമായും ഉദ്ധരിച്ചുകൊണ്ടാണ് ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തെ എഴുത്തുകാരന്‍ സ്ഥാപിക്കുന്നത്. തുടര്‍ന്നു വന്ന ഉമറിന്റെ പ്രസാദദീപ്തമായ ഭരണകാര്യത്തില്‍ അലി ഖലീഫക്കൊപ്പമുണ്ട്. അബൂബക്‌റിന്റെയും ഉമറിന്റെയും ഭരണകാലത്ത് അലി രാഷ്ട്രത്തിലെ മുഖ്യ കാര്യദര്‍ശിയും മുഖ്യ ന്യായാധിപനുമായിരുന്നു. അക്കാലത്ത് ഇദ്ദേഹം നടത്തിയ വിധികളും തീര്‍പ്പുകളും ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്.
ഉസ്മാന്റെ കാലത്ത് അലിയുടെ സ്ഥാനം മുഖ്യന്യായാധിപന്റേതു മാത്രമായി ചുരുങ്ങുന്നു. മുഖ്യ കാര്യദര്‍ശി സ്ഥാനത്തേക്ക് വന്നത് ഖലീഫയുടെ ബന്ധു കൂടിയായ മര്‍വാനും. അബൂബക്‌റിന്റെയും ഉമറിന്റെയും കാലത്ത് അലി നടത്തിയ മിന്നുന്ന വിധിന്യായങ്ങള്‍ ചരിത്രത്തില്‍ സമൃദ്ധമാണ്. പക്ഷേ ഉസ്മാന്റെ കാലത്ത് അദ്ദേഹം നടത്തിയ വിധികള്‍ ചരിത്രത്തില്‍ കാണാനില്ലെന്ന് പ്രഫസര്‍ ഹസന്‍ നിരീക്ഷിക്കുന്നു. അത് ഹാശിം, ഉമയ്യാ വംശങ്ങള്‍ തമ്മിലുള്ള മാത്സര്യത്തില്‍ മുമ്പ് മേല്‍ക്കൈ ഉണ്ടായിരുന്ന ഹാശിമികളെ വകഞ്ഞ് ഉമവികള്‍ ശക്തിപ്പെട്ടതിന്റെ അനിവാര്യഫലമാണെന്നും എഴുത്തുകാരന്‍ പറയുന്നു.
ഉസ്മാന്റെ ഖിലാഫത്തില്‍ ആദ്യവര്‍ഷങ്ങള്‍ സംതൃപ്തമായി കഴിഞ്ഞുപോയി. ധാരാളം യുദ്ധവിജയങ്ങളും ദേശവ്യാപനവും സാധ്യമായി. അക്കഥ പ്രഫസര്‍ വിശദമായി അന്വേഷിക്കുന്നുണ്ട്. പക്ഷേ പിന്നീട് സ്ഥിതി മാറി. അസ്വസ്ഥതകള്‍ പുകഞ്ഞുതുടങ്ങി. ഈജിപ്ത്, കൂഫ, ബസ്വറ തുടങ്ങിയ പ്രവിശ്യകളില്‍നിന്നുള്ള അസംതൃപ്തര്‍ മദീനയിലേക്ക് ഇരമ്പിക്കയറിയതോടെ തലസ്ഥാനം പ്രതിസന്ധിയിലായി. ഖലീഫയുടെ ശുദ്ധഗതിയും ജീവിതവിശുദ്ധിയും മനസ്സിലാക്കിയ ഉമവികള്‍ അദ്ദേഹത്തെ ഇരുത്തി ഭരണകാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ അലിക്ക് കണ്ടുനില്‍ക്കാനേ പറ്റിയുള്ളു. അലിയുടെ എല്ലാ ഇടപെടലുകളെയും നിഷ്പ്രഭമാക്കി ശത്രുക്കള്‍ ഖലീഫയെ വധിച്ചുകളഞ്ഞു.
ഖലീഫയായി അലി ചുമതലയേറ്റതോടെ അദ്ദേഹത്തിനെതിരെ ഗൂഢാലോചനകള്‍ കൂര്‍ത്തുതുടങ്ങി. ഇതിന്റെ കൊടിയേറ്റിയത് സിറിയന്‍ ഗവര്‍ണര്‍ മുആവിയ തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അലിക്കെതിരെ നടന്ന യുദ്ധങ്ങളും കലാപശ്രമങ്ങളും ഗൂഢാലോചനകളും പുസ്തകത്തിന്റെ സവിശേഷതയാണ്. എഴുത്തുകാരന്‍ ഇത് സൂക്ഷ്മത്തില്‍ അന്വേഷിച്ചു പോകുന്നുണ്ട്. ഇത് സാധാരണ സീറാ പുസ്തകങ്ങളില്‍ കാണാത്തതാണ്.
പുസ്തകത്തില്‍ ഏറെ കത്തുകള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട് പ്രഫസര്‍ ഹസന്‍. കത്തുകളൊക്കെയും അലിയുടേതു മാത്രമാണ്. ഒന്നുകില്‍ മുആവിയക്കുള്ള കത്തുകള്‍, അല്ലെങ്കില്‍ മുആവിയയുടെ കത്തിനുള്ള അലിയുടെ മറുപടികള്‍. അത് വായിക്കുമ്പോള്‍ നാമറിയും, അതില്‍ വിരിഞ്ഞിറങ്ങുന്ന സത്യബോധവ്യഗ്രത. മുആവിയയുടെ കത്തുകള്‍ ഒന്നുപോലും പുസ്തകത്തിലില്ല. അത് ബോധപൂര്‍വമായിരിക്കാം. അതിലെ ഭാഷയും ഉദ്ദേശ്യവും ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു നിലവാരത്തെ തൃപ്തിപ്പെടുത്തുകയില്ല എന്നതുകൊണ്ടാകാം ഉപേക്ഷിച്ചത്.
വസ്തുനിഷ്ഠ ഉപാദാനങ്ങള്‍ മാത്രം വെച്ച് ആ മഹാജീവിതത്തെ ഖനിച്ചെടുക്കാന്‍ നടത്തുന്ന ധീരവും ശ്രദ്ധേയവുമായ ശ്രമമാണീ പുസ്തകം. അത്യുക്തിയില്ല, അമാനുഷിക പരികല്‍പനകളില്ല. എന്നാലോ ആ മഹാ ജീവിത നിര്‍വഹണങ്ങളെയും അവസാനം നേടിയ രക്തസാക്ഷിത്വത്തെയും വേണ്ടവിധത്തില്‍ എഴുത്തുകാരന്‍ കണ്ടെടുക്കുന്നുണ്ട്. ഇത്രയും വസ്തുനിഷ്ഠതയുടെ പ്രതലത്തിലെഴുതിയ ചരിത്രപുസ്തകം അലിയെപ്രതി ഇതിനോളം പോന്നത് മലയാളത്തിലില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അഖീദയില്‍ നിലയുറപ്പിക്കുന്നയാളാണ് പ്രഫ. ഹസന്‍. എന്നിട്ടും മറുപക്ഷ കാഴ്ചകളെയും പാരായണങ്ങളെയും അദ്ദേഹം യുക്തിസഹമായി ഉള്‍ക്കൊള്ളുന്നുണ്ടീ പുസ്തകത്തില്‍. കൃതഹസ്ത വിവര്‍ത്തകനായ കെ.പി കമാലുദ്ദീന്റെ സരള മലയാളം വായന ഏറെ ആഹ്ലാദകരമാക്കുന്നു.
Comments