പ്രവാചകന്മാരുടെ പ്രബോധന ശൈലി
തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂല്യത്രയങ്ങളിലാണ് പ്രവാചകന്മാരുടെ പ്രബോധനം ഊന്നിനിന്നിരുന്നത്. ഏകദൈവ വിശ്വാസാദര്‍ശത്തില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക, ത്വാഗൂത്തിനെ കൈവെടിയുക എന്ന അടിസ്ഥാന കാര്യത്തില്‍ പ്രവാചകന്മാരെല്ലാം ഏകോപിപ്പിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനെ ആരാധിക്കുക, ദൈവേതര ശക്തികളെ വര്‍ജിക്കുക എന്ന് പറഞ്ഞുകൊണ്ട് എല്ലാ സമുദായത്തിലും നാം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്'' (അന്നഹ്ല്‍ 36).
പ്രവാചകത്വ സന്ദേശം പ്രവാചകനെ അനുസരിക്കാനും അദ്ദേഹം കൊണ്ടുവന്നതിനെതിരുള്ളതെല്ലാം വര്‍ജിക്കാനും മനുഷ്യരെ ആഹ്വാനം ചെയ്തു. മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ധാര്‍മിക -സദാചാര മൂല്യങ്ങളുടെ സംസ്ഥാപനവും പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യങ്ങളായിരുന്നു. അന്ത്യപ്രവാചകന്റെ ദൗത്യനിര്‍വഹണ കൃത്യങ്ങളില്‍ അവസാനത്തെ രണ്ട് കാര്യങ്ങള്‍ വളരെ പ്രാധാന്യപൂര്‍വം നിര്‍വഹിക്കപ്പെട്ടതായി കാണാം.
എല്ലാ പ്രവാചകന്മാരും പ്രബോധനം ആരംഭിക്കുന്നത് 'അല്ലാഹുവിന് വഴിപ്പെടുക, എന്നെ അനുസരിക്കുക' എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ലൂത്വ് നബി തന്റെ സമൂഹത്തില്‍ നടമാടിയിരുന്ന സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും അതില്‍നിന്ന് വിരമിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുമാണ് പ്രബോധനം ആരംഭിക്കുന്നത്. കാരണം സദാചാരത്തിന്റെ അസ്തിവാരം തകര്‍ക്കപ്പെട്ട ഒരു സമൂഹത്തിന് മറ്റു അധ്യാപനങ്ങള്‍ ഫലം ചെയ്യണമെങ്കില്‍ അവരെ ആദ്യം ധാര്‍മികമായി സംസ്‌കരിക്കേണ്ടതുണ്ടായിരുന്നു.
പാരത്രിക വിശ്വാസം മനുഷ്യന്റെ സര്‍വതോമുഖമായ സംസ്‌കരണത്തിന്റെ അസ്തിവാരമാണ്. പാരത്രിക ജീവിതത്തിലെ രക്ഷാശിക്ഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നതോടൊപ്പം പ്രവാചകന്മാര്‍ ദൈവധിക്കാരികള്‍ക്ക് ലഭിക്കാനിരിക്കുന്ന ഐഹിക-പാരത്രിക ശിക്ഷകളെക്കുറിച്ചും താക്കീത് ചെയ്തിരുന്നു. നാളെയുടെ കാര്യം പറയുന്നതോടൊപ്പം ഇന്നിന്റെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ചും പ്രവാചകന്മാര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി. പ്രവാചകനിയോഗം കൊണ്ട് നീതിയുടെ സംസ്ഥാപനവും സമൂഹത്തിന്റെ സംഘാടനവും നീതിപൂര്‍വകവും ജനോപകാരപ്രദവുമായ അധികാര വിനിയോഗവും ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു.
തിരുദൂതരുടെ ദൗത്യത്തിന് രണ്ട് മുഖങ്ങളാണുള്ളത്: 1) പ്രത്യേക ദൗത്യം. 2) പൊതു ദൗത്യം. തന്റെ സമൂഹമായ അറബികളിലുള്ള ദൗത്യമാണ് പ്രത്യേക ദൗത്യം. പ്രവാചകന്റെ ജീവിതകാലത്ത് തന്നെ അത് നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ മാനവരാശിക്കും ഈ ദിവ്യസന്ദേശം എത്തിക്കുക എന്നതാണ് പൊതുദൗത്യം. പ്രവാചകത്വ പരമ്പര അവസാനിച്ചിരിക്കെ ആ ഉത്തരവാദിത്വം ഇനി നിര്‍വഹിക്കാന്‍ നിയോഗിതരായത് മുസ്‌ലിംകളാണ്. ലോകാനുഗ്രഹിയായ പ്രവാചകന്‍ കൊണ്ടുവന്ന ദൈവിക ദീനാകുന്ന അനുഗ്രഹം ലോകാന്ത്യം വരെ വരാനിരിക്കുന്ന മുഴുവന്‍ മനുഷ്യരാശിക്കും ലഭ്യമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ 'നിന്നെ നാം ലോകത്തിന് മുഴുവന്‍ അനുഗ്രഹമായല്ലാതെ നിയോഗിച്ചിട്ടില്ല' എന്ന വചനം അന്വര്‍ഥമാവുകയുള്ളൂ. ഈ അനുഗ്രഹം ലോകത്ത് വല്ലവര്‍ക്കും നിഷേധിക്കപ്പെട്ടാല്‍ അത് കാരുണ്യം എന്ന സവിശേഷ സ്ഥാനത്തിനു വിരുദ്ധമാണ്. അതിനാല്‍ പ്രവാചകന്റെ അനുയായികളായ മുസ്‌ലിം സമൂഹമാണ് ഈ പ്രബോധന കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവര്‍. സത്യസാക്ഷി നിര്‍വഹണം എന്നാണ് ഈ ദൗത്യത്തിന് ഖുര്‍ആന്‍ നല്‍കിയ പേര്‍.
''അപ്രകാരം നാം നിങ്ങളെ ഒരു മധ്യമസമുദായമാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനുമത്രെ അത്'' (അല്‍ബഖറ 143).
ഈ ദൗത്യനിര്‍വഹണത്തിന് താഴെ കൊടുക്കുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.
1) തങ്ങള്‍ സാക്ഷ്യം വഹിക്കാനിരിക്കുന്ന ജീവിതാദര്‍ശത്തെ സ്വയം സ്വീകരിക്കുകയും അതാണ് പരമപ്രധാനം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകന്‍ തന്റെ നാഥനില്‍നിന്ന് തനിക്ക് അവതീര്‍ണമായതില്‍ വിശ്വസിച്ചിരിക്കുന്നു, സത്യവിശ്വാസികളും'' (അല്‍ബഖറ 285). പ്രവാചകന്‍ പറയുന്നു ''ഞാന്‍ വിശ്വസിച്ചവരില്‍ മുമ്പനാണ്; ഞാന്‍ ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒന്നാമനും.''
2. തങ്ങള്‍ വിശ്വസിച്ച ആദര്‍ശത്തിന് നാവിലൂടെ സാക്ഷ്യം വഹിക്കുക. വചനസാക്ഷ്യം നിര്‍വഹിക്കാത്ത വേദക്കാരെ അല്ലാഹു ആക്ഷേപിക്കുന്നു: ''ഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് അല്ലാഹു കരാര്‍ വാങ്ങി, ആ ഗ്രന്ഥത്തിലുള്ള സത്യം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കണമെന്ന്; അത് മറച്ചുവെക്കരുതെന്നും'' (ആലുഇംറാന്‍ 187). അത് നിര്‍വഹിക്കാത്ത ആ ജനതയെ അല്ലാഹു ശപിച്ചു. താന്‍ വിശ്വസിക്കുന്ന ആദര്‍ശം ഉറക്കെ പ്രഖ്യാപിക്കുക, ജനങ്ങളെ അതിലേക്ക് ക്ഷണിക്കുക, ജനങ്ങള്‍ക്ക് അത് വചനസാക്ഷ്യത്തിലൂടെ വെളിപ്പെടുത്തുക.
3. കര്‍മസാക്ഷ്യത്തിലൂടെ തന്റെ ദൗത്യം നിര്‍വഹിക്കാനും സത്യവിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. വിശ്വസിച്ച് പ്രഖ്യാപിച്ച ആദര്‍ശത്തിന് കര്‍മജീവിതത്തില്‍ പ്രവേശനമില്ലെങ്കില്‍ അത് കാപട്യമാണ്. അല്ലാഹുവിങ്കല്‍ ഏറ്റവും ക്രോധകരമാണ് നിഫാഖ്. ''നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നത് ദൈവത്തിങ്കല്‍ ഏറ്റവും ക്രോധകരമത്രെ'' (അസ്സ്വഫ്ഫ് 3).
4. എല്ലാവിധ പക്ഷപാതിത്വങ്ങളില്‍നിന്നും മോചിതനായിക്കൊണ്ടാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാവുക, നീതിക്ക് സാക്ഷികളും. ഒരു ജനതയോടുള്ള വെറുപ്പും വിദ്വേഷവും നിങ്ങള്‍ നീതി പുലര്‍ത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' (അല്‍മാഇദ 8). മറ്റൊരിടത്ത് പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നിലനിര്‍ത്തുന്നവരാവുക, അല്ലാഹുവിന് സാക്ഷ്യം വഹിച്ചവരും. നിങ്ങള്‍ സ്വന്തത്തിനും നിങ്ങളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരിലാണെങ്കില്‍ പോലും'' (അന്നിസാഅ് 135). സത്യത്തിനും നീതിക്കും സനാതന മൂല്യങ്ങള്‍ക്കും സാക്ഷികളാവുകയെന്നാല്‍ അതിന്റെ പ്രയോക്താക്കളും പ്രബോധകന്മാരുമാവുക എന്നര്‍ഥം.
5. താനുദ്ദേശിക്കുന്ന സത്യത്തെ സമഗ്രമായും സമ്പൂര്‍ണമായും പ്രബോധനം ചെയ്യുക. ആരുടെയും ആക്ഷേപത്തെയും പരിഹാസത്തെയും ഭയപ്പെടാതിരിക്കുക. ജനങ്ങളെയും അധികൃതരെയും ഭയന്ന് തന്റെ സന്ദേശം മറച്ചുവെക്കരുത്. അല്ലാഹു പറയുന്നു: ''അല്ലയോ തിരുദൂതരേ, താങ്കള്‍ക്ക് താങ്കളുടെ നാഥനില്‍നിന്ന് അവതീര്‍ണമായത് താങ്കള്‍ ജനങ്ങള്‍ക്കെത്തിക്കുക. അപ്രകാരം ചെയ്തില്ലെങ്കില്‍ താങ്കള്‍ ദൈവിക ദൗത്യം നിര്‍വഹിച്ചില്ല തന്നെ. ജനങ്ങളില്‍നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കും'' (അല്‍മാഇദ 67).
സത്യദീനിന്റെ പ്രബോധനവേളയില്‍ ഇതര ശക്തികളെയും സിദ്ധാന്തങ്ങളെയും ചിന്താഗതികളെയും ഭയപ്പെടാതെ, ധീരമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും മറ്റുള്ളവരെ തെര്യപ്പെടുത്താനും ശ്രമിക്കേണ്ടത് അനിവാര്യമാണ്.
6. താന്‍ വിശ്വസിക്കുന്ന ദൈവിക സന്ദേശത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ ഒരുങ്ങുക; ആ മാര്‍ഗത്തില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാലും. അതിന്റെ പ്രതിഫലം സ്വര്‍ഗമാണെന്ന വിശ്വാസം പ്രബോധകര്‍ക്കുണ്ടാവേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവരുടെ ജീവനും സമ്പത്തും സ്വര്‍ഗത്തിന് പകരം വിലയ്‌ക്കെടുത്തിരിക്കുന്നു'' (അത്തൗബ 111).
ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് സദുദ്ദേശ്യത്തോടെ, ആത്മാര്‍ഥമായി നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. 23 വര്‍ഷക്കാലം കൊണ്ട് മക്കയിലും മദീനയിലും പ്രാന്തപ്രദേശങ്ങളിലും ഇസ്‌ലാമിക ഭരണം കൊണ്ടുവരാനും അതിലൂടെ ഭദ്രമായ ഒരു സാമൂഹിക വ്യവസ്ഥിതി നിലനിര്‍ത്താനും പ്രവാചകന് സാധിച്ചത് നമുക്കൊക്കെ പാഠമായിരിക്കേണ്ടതാണ്. അബൂബക്ര്‍, ഉമര്‍ തുടങ്ങിയവരുടെ പിന്തുടര്‍ച്ചക്കുശേഷം ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്തോടെ ഇന്തോനേഷ്യ മുതല്‍ മൊറാക്കോ വരെ ആ ഇസ്‌ലാമിക രാഷ്ട്രത്തെ വികസിപ്പിക്കാനും കഴിഞ്ഞു. ലോകസമാധാനത്തിനും മനുഷ്യസമത്വത്തിനും വിശ്വസാഹോദര്യത്തിനും കാരണമായ ഒരു ഭരണവ്യവസ്ഥയും നടപടിക്രമങ്ങളും പുലര്‍ന്നുകാണാന്‍ കൊതിക്കുകയാണ് ഇന്നത്തെ ലോകം. ഇന്ത്യയില്‍ പുണ്യാത്മാക്കളുടെയും മഹത്തുക്കളായ പണ്ഡിതന്മാരുടെയും പ്രവര്‍ത്തനഫലമായി 20 കോടി മുസ്‌ലിംകള്‍ കാനേഷുമാരി അടിസ്ഥാനത്തിലാണെങ്കിലും ഉണ്ടായിയെന്നുള്ള വസ്തുതയും നാം ഓര്‍ക്കേണ്ടതാണ്. വാള്‍ത്തലപ്പ് കൊണ്ടോ ജയിലറകള്‍ പണിതോ ആയിരുന്നില്ല ഈ വര്‍ധനവ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തികച്ചും കാരുണ്യമസൃണവും സ്‌നേഹനിര്‍ഭരവുമായ പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ വ്യാപനം സാധ്യമായത്.
ചില അടിസ്ഥാന തത്ത്വങ്ങള്‍
1. ഇസ്‌ലാമികാദര്‍ശത്തിന്റെ കര്‍മപരമായ സാക്ഷ്യം നിര്‍വഹിക്കുന്നവനായിരിക്കണം പ്രബോധകന്‍. ഇസ്‌ലാമികാദര്‍ശത്തിന്റെ സമഗ്രതയെയും ഇസ്‌ലാമിക നിയമവ്യവസ്ഥകളെയും കുറിച്ച് തികഞ്ഞ പരിജ്ഞാനവും തദടിസ്ഥാനത്തിലുള്ള മാതൃകാപരമായ ജീവിതക്രമവും പ്രബോധനത്തിന് അനിവാര്യമാണ്. ജീവിതത്തിലെ വൈരുധ്യങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് ഇതര സമുദായങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും സത്യമാര്‍ഗം സ്വീകരിക്കാനുള്ള കവാടം അവര്‍ക്കു മുന്നില്‍ എന്നന്നേക്കുമായി കൊട്ടിയടക്കുകയും ചെയ്യും.
2. പ്രബോധിതരുടെ ഭാഷ, ആചാരസംസ്‌കാരങ്ങള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രബോധകന്‍ നന്നായി മനസ്സിലാക്കിയിരിക്കണം. പ്രവാചകന്മാര്‍ അതത് ജനങ്ങളുടെ ഭാഷ സംസാരിക്കുന്നവരായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു: ''സ്വന്തം ജനതയുടെ ഭാഷയിലല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അദ്ദേഹം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണത്'' (ഇബ്‌റാഹീം 4). അതിനാല്‍ എല്ലാ വിഭാഗമാളുകളുടെയും ഭാഷയും മതാചാരങ്ങളും വിശ്വാസരീതികളും പഠിച്ച ഒരു ടീമിനെത്തന്നെ ഇസ്‌ലാമിക പ്രസ്ഥാനം സജ്ജമാക്കേണ്ടതുണ്ട്.
3. സമൂഹത്തിലെ ഉപരിവിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കണം, പ്രബോധന പ്രവര്‍ത്തനങ്ങളില്‍. യാഥാരാജാ തഥാ പ്രജാ എന്ന സാമാന്യ തത്ത്വം നാമും പരിഗണിക്കേണ്ടതുണ്ട്. പ്രവാചകന്മാരുടെ പ്രബോധന രീതികള്‍ പഠിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇബ്‌റാഹീം (അ) ദിവ്യത്വം വാദിച്ചിരുന്ന സ്വേഛാധിപതിയായ നംറൂദിനോട് സംവദിച്ചതായി ഖുര്‍ആന്‍ പറയുന്നു: 'തനിക്ക് രാജാധികാരം നല്‍കിയതിന്റെ പേരില്‍ ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ നീ കണ്ടില്ലയോ' (അല്‍ബഖറ 258) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. തനിക്ക് ലഭിച്ച സന്ദേശം ഫിര്‍ഔനിന് എത്തിക്കാനാണ് മൂസാ(അ)യോട് അല്ലാഹു പറയുന്നത്: ''ഫറോവയിലേക്ക് താങ്കള്‍ പോവുക. അവന്‍ ധിക്കാരിയായിരിക്കുന്നു. എന്നിട്ട് അവനോട് നീ സംസ്‌കാരം സിദ്ധിച്ചവനാകുന്നില്ലേ എന്ന് ചോദിക്കൂ. നിന്റെ നാഥങ്കലേക്ക് ഞാന്‍ വഴികാണിക്കാം എന്ന് പറയൂ. അങ്ങനെ നീ ദൈവഭയമുള്ളവനായി തീര്‍ന്നേക്കാം'' (അന്നിസാഅ് 17-19). ദാനിയേല്‍ നബി തന്റെ കാലത്തെ രാജാവായിരുന്ന ബനുക്കദ് നസ്സാറിനോടും യര്‍മിയാഹ് നബി വടക്കുദേശത്തെ രാജാക്കന്മാരോടും ഈസാ (അ) ജൂത പണ്ഡിതന്മാരോടും പ്രബോധനം ആരംഭിച്ചതായി കാണാം. നബി (സ) അറബ് ഗോത്രത്തലവന്മാരെയും അയല്‍രാജ്യങ്ങളിലെ രാജാക്കന്മാരെയും സത്യത്തിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ''ജനങ്ങള്‍ ഖനിജങ്ങളാണ്; സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഖനിജങ്ങള്‍ പോലെ. അവരില്‍ ഇസ്‌ലാമിന് മുമ്പുള്ള കാലത്ത് നിങ്ങളില്‍ ശ്രേഷ്ഠരായതു പോലെ ഇസ്‌ലാമിലും അവര്‍ ശ്രേഷ്ഠരായിരിക്കും.'' ഈ ഹദീസിലൂടെ ഉപരിവര്‍ഗത്തെയും ശ്രേഷ്ഠന്മാരെയും നാം പ്രത്യകം പരിഗണിക്കണമെന്ന് പഠിപ്പിക്കുകയാണ് പ്രവാചകന്‍. എന്നാല്‍ അവശരെയും അശരണരെയും അവഗണിക്കാന്‍ ഇതൊരിക്കലും കാരണമാകരുത്.
4. പ്രബോധിതന്റെ ബുദ്ധിക്കും മനസ്സിനും ഇണങ്ങുന്ന അനുയോജ്യമായ കാര്യങ്ങള്‍ മാത്രമേ ആദ്യം പറയാവൂ. വിരക്തി തോന്നിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കരുത്. ജനങ്ങളെ അവരുടെ യഥാസ്ഥാനത്ത് നിര്‍ത്തുക എന്ന ആപ്തവാക്യം ഓര്‍ക്കുക. സങ്കീര്‍ണങ്ങളായ താത്ത്വിക- സൈദ്ധാന്തിക ചര്‍ച്ചകളേക്കാള്‍ സുതാര്യമായ വിശദീകരണങ്ങളാണ് ഏറെ പ്രയോജനപ്പെടുക. വിശുദ്ധ ഖുര്‍ആന്റെ പ്രബോധന ശൈലി അങ്ങനെയാണ്. പ്രവാചകന്റെ അധ്യാപനങ്ങളും അവതരണ ശൈലിയും സുഗ്രാഹ്യവും സുതാര്യവുമായിരുന്നു.
5. മനുഷ്യമനസ്സുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ സന്തോഷകരമായ കാര്യങ്ങളാണ് പ്രബോധിതരുടെ മുന്നില്‍ ആദ്യമായി അവതരിപ്പിക്കേണ്ടത്. ആളുകളില്‍ വിപ്രതിപത്തി സൃഷ്ടിക്കുംവിധം പ്രശ്‌നസങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കരുത്. പ്രബോധക സംഘത്തെ നിയോഗിക്കുമ്പോഴെല്ലാം പ്രവാചകന്‍ അവരെ ഉപദേശിച്ചിരുന്നത്, 'നിങ്ങള്‍ എളുപ്പമാക്കി കൊടുക്കുക, അവരെ പ്രയാസമനുഭവിക്കുന്നവരാക്കാതിരിക്കുക. നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരാകുക, അവരെ വെറുപ്പിച്ചകറ്റരുത്' എന്നായിരുന്നു. ഇസ്‌ലാം എളുപ്പമാണ് ആഗ്രഹിക്കുന്നതെന്നും ഒരിക്കലും അത് മനുഷ്യരെ ക്ലേശത്തിലും ബുദ്ധിമുട്ടിലും അകപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രബോധിതരെ ബോധ്യപ്പെടുത്തണം. വിവിധ ജീവിത ശൈലികള്‍ ശീലിച്ചവര്‍ അത് മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഈ ദൗത്യം വളരെ പ്രയാസകരമായി തോന്നിയേക്കാം. ഇസ്‌ലാം പ്രകൃതിയുമായി ഇണങ്ങുന്ന ജീവിത മാര്‍ഗമാണെന്ന് അവരെ ബോധ്യപ്പെടുത്തണം.
6. ഇസ്‌ലാം സിദ്ധാന്തിക്കുന്ന നീതിയും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും പ്രബോധിതന്റെ മുന്നില്‍ വ്യക്തമായി അവതരിപ്പിക്കണം. നീതിനിര്‍വഹണാര്‍ഥമാണ് പ്രവാചകന്മാര്‍ വന്നിട്ടുള്ളതെന്നും നീതിയുടെ സംസ്ഥാപനം ഇസ്‌ലാം അതിശക്തമായി ആജ്ഞാപിക്കുന്ന കാര്യമാണെന്നും വ്യക്തമാക്കണം. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ നീതി പാലിക്കുക, അത് ദൈവഭക്തിക്ക് ഏറ്റവും അടുത്തതത്രെ'' (അല്‍മാഇദ 8).
സമത്വവും ഇസ്‌ലാമിക സിദ്ധാന്തങ്ങളുടെ അവിഭാജ്യ ഘടകമാണ്. വെളുത്തവനും കറുത്തവനും അമേരിക്കക്കാരനും ഇന്ത്യക്കാരനും ധനികനും ദരിദ്രനും മലയാളിയും പഞ്ചാബിയും ബ്രാഹ്മണനും ദലിതനും ആര്‍ തന്നെ ആയാലും അവരൊക്കെ മനുഷ്യരാണെന്നും സമന്മാരാണെന്നുമുള്ള മഹത്തായ ആശയം വളരെ വ്യക്തമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''മനുഷ്യരേ, നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും നാം സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ നിങ്ങളെ ഗോത്രങ്ങളും കുലങ്ങളുമാക്കിത്തിരിച്ചത് നിങ്ങള്‍ പരസ്പരം അറിയേണ്ടതിനു വേണ്ടിയാണ്. ദൈവത്തിങ്കല്‍ നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും സൂക്ഷ്മാലുവത്രെ'' (അല്‍ഹുജുറാത്ത് 13). സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനങ്ങളാണ് ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ഉടനീളം നമുക്ക് കാണാന്‍ കഴിയുക.
7. ഇസ്‌ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് പ്രബോധിതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആധുനിക സമൂഹം നേരിടുന്ന നിഖില പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇസ്‌ലാമിലുണ്ടെന്ന് വ്യക്തമാക്കിക്കൊടുക്കണം. ഐഹിക ക്ഷേമസൗഭാഗ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇസ്‌ലാമികാദര്‍ശത്തെ പ്രബോധിതരില്‍ വിശ്വാസം ജനിപ്പിക്കത്തക്കവിധം അവതരിപ്പിക്കേണ്ടതുണ്ട്. ലോകത്ത് വിവിധ കാലഘട്ടങ്ങളില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ട മഹത്തായ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാമെന്നും ആധുനിക കാലഘട്ടത്തിലും ഇത് പ്രായോഗികമാണെന്നും തെളിയിക്കണം.
8. മനുഷ്യനിര്‍മിത ജീവിത സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കൊള്ളരുതായ്മകള്‍ തുറന്നുകാണിക്കുന്നതോടൊപ്പം അവയുടെ അപ്രായോഗികതയും അയുക്തികതയും സമര്‍ഥിക്കാനുമാകണം. ഭൗതിക നിര്‍മിത പ്രസ്ഥാനങ്ങളുടെ പരാജയസാക്ഷ്യങ്ങള്‍ സമകാലീന സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കണം. വര്‍ഗീയതയുടെയും ജാതീയതയുടെയും വിനാശങ്ങളെക്കുറിച്ചും പ്രബോധിതരെ ബോധവാന്മാരാക്കേണ്ടതുണ്ട്.
9. ഇസ്‌ലാമേതര മതങ്ങളുടെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യുകയും എല്ലാ മതങ്ങളുടെയും അടിസ്ഥാനശില തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂല്യത്രയങ്ങളായിരുന്നുവെന്ന് സമര്‍ഥിക്കുകയും വേണം. മതങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതുമൗലിക സിദ്ധാന്തങ്ങള്‍ എന്തെന്ന് പ്രബോധകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഹിന്ദുമതം പോലുള്ള പ്രാക്തന മതങ്ങളിലെ മിത്തുകളെപ്പോലും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചിന്മയ മിഷന്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലൂടെ നടത്തപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. അന്ധവിശ്വാസജടിലമായ വ്യാഖ്യാനങ്ങളോട് ചിന്താപരമായ അകല്‍ച്ച പുലര്‍ത്തിയിരുന്ന ചില ബുദ്ധിജീവികള്‍ വരെ ഇന്ന് പുതിയ വ്യാഖ്യാനങ്ങളില്‍ വീണുപോവുകയാണ്. ആധുനിക അവതാരങ്ങളായ സത്യസായി ബാബയുടെയും രജനീഷിന്റെയും മഹേഷ് യോഗിയുടെയും പുത്തന്‍ ആധ്യാത്മികത നിരവധി ബുദ്ധിജീവികളെയും ഇന്ന് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ബഹുദൈവാരാധനാപരമായ അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം ഖുര്‍ആനിക ശൈലിയില്‍ തുറന്നുകാട്ടുകയും ഏകദൈവ വിശ്വാസത്തിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്. ഓരോ ജനതയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്നും ഹിന്ദുമതത്തില്‍ ഇന്ന് കാണപ്പെടുന്ന നൈതിക മൂല്യങ്ങള്‍ ഏതെങ്കിലും പ്രവാചകന്മാരുടെ അധ്യാപനങ്ങളായിരിക്കാമെന്നും അവതാര പുരുഷന്മാരെന്ന പേരില്‍ വേദങ്ങള്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്ന മഹദ് വ്യക്തിത്വങ്ങള്‍ ആ കാലഘട്ടങ്ങളിലെ പ്രവാചകന്മാരായിരിക്കാമെന്നും പ്രബോധിതര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ഐഹിക ജീവിതത്തിലെ സല്‍ക്കര്‍മങ്ങളുടെ പ്രതിഫലവും ദുഷ്‌കര്‍മങ്ങളുടെ ശിക്ഷയും നാളെ പരലോകത്ത് നല്‍കപ്പെടുമെന്നും പ്രകൃതിയും ലോകവും തേടുന്ന നിഷ്‌കൃഷ്ട നീതിയുടെ താല്‍പര്യമാണ് പാരത്രിക ജീവിതമെന്നും പുനര്‍ജന്മ സിദ്ധാന്തം പില്‍ക്കാലത്ത് കടന്നുകൂടിയ അബദ്ധ വിശ്വാസമാണെന്നും യുക്തിയുക്തം സമര്‍ഥിക്കാനുമാകണം.
Comments