മുസ്ലിം ലോകത്ത് സിനിമയുടെ സഞ്ചാരവഴികള്‍
യൂറോപ്യന്‍ മധ്യവര്‍ഗ സമൂഹത്തിന്റെ പലതരം വിനോദോപാധികളില്‍ ഒന്നായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സിനിമ എന്ന സങ്കല്‍പം പിറവിയെടുക്കുന്നത്. സിനിമയുടെ യഥാര്‍ഥ ചരിത്രം ആരംഭിക്കുന്നത് നിശ്ചല ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറയുടെ കണ്ടുപിടിത്തത്തോടെയാണ്. സ്റ്റില്‍ ഫോട്ടോഗ്രഫിയുടെ പലതരം രൂപപരിണാമങ്ങളിലൂടെ വികാസം പ്രാപിച്ച് ഒടുക്കം ചലിക്കുന്ന ദൃശ്യങ്ങളുടെ കലാവിഷ്‌കാരം എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഫോട്ടോഗ്രഫിയുടെ ഉത്ഭവവും വികാസവുമായി ബന്ധപ്പെട്ട ചരിത്ര വഴികളില്‍ അര ഡസനോളം വ്യക്തികളുടെ കൈയൊപ്പുണ്ട്.
1887-ല്‍ ഡോ. മാരി കണ്ടുപിടിച്ച ഫോട്ടോഗ്രഫിക് റിവോള്‍വര്‍ (Photographic Revolver) എന്ന സാങ്കേതിക വിദ്യയാണ് സിനിമ എന്ന സങ്കല്‍പത്തെ ത്വരിതപ്പെടുത്തിയത്. പിന്നീട് 1890-ല്‍ തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച കൈനറ്റോ സ്‌കോപ് എന്ന ഉപകരണം ഈ രംഗത്തെ ചരിത്രപരമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ കൈമാറാന്‍ എഡിസണ്‍ വിസമ്മതിച്ചു. അങ്ങനെയിരിക്കെയാണ് പില്‍ക്കാലത്ത് ലൂമിയര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ട ചാള്‍സ് ആന്റണ്‍ ലൂമിയറിന്റെ ആണ്‍മക്കള്‍ 1895-ല്‍ സ്വന്തമായി സിനിമോട്ടോഗ്രാഫ് കണ്ടുപിടിക്കുന്നത്. ഇവിടം മുതല്‍ക്കാണ് ചലച്ചിത്രം എന്ന വിസ്മയ ലോകത്തേക്കുള്ള കവാടം തുറക്കപ്പെട്ടതെന്ന് ചരിത്രം പറയുന്നു. ലൂമിയര്‍ സഹോദരന്മാര്‍ ജനിച്ചത് പാരീസിലാണ്.
1895 മാര്‍ച്ച് 19-ന് ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമ പുറത്തിറക്കി. ലൂമിയര്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ടിക്കറ്റ് വെച്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ ബോംബെ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഈ ആവശ്യാര്‍ഥം അവരെത്തിയിരുന്നു.
ഒരു നൂറ്റാണ്ടിലധികം ചരിത്രമുള്ള സിനിമയുടെ കൈവഴികളും സഞ്ചാരപഥങ്ങളും വികാസങ്ങളും പരിണാമങ്ങളും തുടര്‍ച്ചയുമെല്ലാം അതിബൃഹത്തായ പലതരം അനുഭവങ്ങളാല്‍ സമ്പന്നമാണ്. ആക്ഷേപഹാസ്യത്തിലൂടെ ചാര്‍ളി ചാപ്ലിന്‍ ഈ രംഗത്ത് കൊണ്ടുവന്ന വിസ്മയകരമായ പുതിയ ദൃശ്യാനുഭവങ്ങള്‍ മുതല്‍ ഹിച്ച്‌കോക്കിലൂടെയും അകിരാ കുറസോവയിലൂടെയും സത്യജിത് റായിയിലൂടെയും അബ്ബാസ് കിരസ്തമിയിലൂടെയുമെല്ലാം സിനിമ എന്ന കലാരൂപം വിസ്മയങ്ങള്‍ തീര്‍ത്ത് ഭൂഖണ്ഡങ്ങളിലേക്ക് ഒഴുകിപ്പരക്കുകയായിരുന്നു.
സിനിമയും മുസ്‌ലിം ലോകവും
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ തന്നെ സിനിമ അറബ്-മുസ്‌ലിം പൗരസ്ത്യദേശങ്ങളില്‍ സാന്നിധ്യമറിയിച്ചിരുന്നു. തുടക്കത്തില്‍ യൂറോപ്പിലും അമേരിക്കയിലും മാത്രമൊതുങ്ങി നിന്നിരുന്ന സിനിമ യൂറോപ്പിന്റെ കൊളോണിയല്‍ അധിനിവേശത്തോടൊപ്പം അറബ്-മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് ഒരു സാംസ്‌കാരിക വിനിമയമായും വിനോദോപാധിയായും കടന്നുചെന്നു. ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, അള്‍ജീരിയ, മൊറോക്കോ തുടങ്ങി മിക്ക അറബ് -ആഫ്രിക്കന്‍ രാജ്യങ്ങളും ഒരു കാലത്ത് ഫ്രഞ്ച് -ബ്രിട്ടീഷ് കോളനികളായിരുന്നു. പലതരം സാംസ്‌കാരിക അധിനിവേശ കയറ്റുമതികളില്‍ സിനിമയും സാന്നിധ്യമറിയിച്ചു.
പക്ഷേ സിനിമയുടെ ഘടനാപരവും സത്താപരവുമായ സങ്കേതത്തോട് പെട്ടെന്ന് അനുകൂലമായ ഒരു തീര്‍പ്പിലെത്താന്‍ മുസ്‌ലിം ലോകം ആദ്യ കാലത്ത് ഒട്ടും പാകപ്പെട്ടിരുന്നില്ല. സ്വന്തം സാമൂഹിക സാംസ്‌കാരിക പരിസരത്തു നിന്നു കൊണ്ട് യൂറോപ്പ് രൂപപ്പെടുത്തിയെടുത്ത സിനിമാ സങ്കല്‍പങ്ങളും ദൃശ്യബോധവും ഇസ്‌ലാമിന്റെ എത്തിക്‌സിനോട് ചേര്‍ന്നു പോകുന്ന ഒന്നായിരുന്നില്ല. ഉള്ളടക്കത്തിലും ദൃശ്യപരിചരണത്തിലുമുണ്ടാകേണ്ട മതാത്മകമായ നൈതികബോധത്തെ സംബന്ധിച്ച ആഴത്തിലുള്ള സന്ദേഹങ്ങള്‍ അറബ് - മുസ്‌ലിം ലോകത്ത് തുടക്കകാലം മുതല്‍ ഉടലെടുത്തിരുന്നു. തുര്‍ക്കിയിലും ഈജിപ്തിലും വിപ്ലവത്തിനു മുമ്പുള്ള ഇറാനിലും അള്‍ജീരിയയിലും മൊറോക്കോയിലുമെല്ലാം സിനിമ ആദ്യ കാലത്ത് വരേണ്യ വിഭാഗത്തെ മാത്രമേ സ്വാധീനിച്ചിരുന്നുള്ളൂ. അറബ്-മുസ്‌ലിം ലോകത്ത് കോളനിവത്കരണാനന്തരം യൂറോപ്യന്‍ സെക്യുലറിസത്തില്‍ ആകൃഷ്ടരായ ലിബറല്‍ കാഴ്ചപ്പാടുള്ള ഒരു വിഭാഗത്തില്‍ നിന്ന് സിനിമ ഏറെക്കാലം വിമോചിപ്പിക്കപ്പെട്ടിരുന്നില്ല. ഫോട്ടോഗ്രഫി നിഷിദ്ധമാണെന്ന പണ്ഡിത ഫത്‌വകള്‍ നിലനില്‍ക്കെ സിനിമ നിഷിദ്ധമാണെന്ന് സ്ഥാപിക്കാന്‍ വലിയ വ്യാഖ്യാനങ്ങളാവശ്യമുണ്ടായിരുന്നില്ല.
തുര്‍ക്കിയിലും മൊറോക്കോയിലുമെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സിനിമ ജനകീയ സ്വഭാവം കൈവരിച്ചിരുന്നു. യൂറോപ്യന്‍-അമേരിക്കന്‍ സിനിമകളോടൊപ്പം പ്രാദേശികമായ സംരംഭങ്ങള്‍ക്കും അവിടങ്ങളില്‍ തുടക്കം കുറിക്കപ്പെട്ടു.
എന്നാല്‍ അറബ്-ആഫ്രിക്കന്‍ മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷ ബെല്‍റ്റില്‍ സിനിമ അതിന്റെ പിറവി മുതലേ സാന്നിധ്യമറിയിച്ചത് ഈജിപ്തിലായിരുന്നു. 1950-കളിലാണ് ഈജിപ്തില്‍ മത-സാംസ്‌കാരിക പശ്ചാത്തലത്തെയും കൂടി ഉള്‍ക്കൊള്ളുന്ന സിനിമകള്‍ സജീവമാകുന്നത്. 1896-ല്‍ ലൂമിയര്‍ സഹോദരന്മാര്‍ അവര്‍ നിര്‍മിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ എത്തിയിരുന്നു. 1917-ല്‍ ചില ഇറ്റാലിയന്‍ സംരംഭകര്‍ സ്റ്റിക എന്ന പേരില്‍ അലക്‌സാണ്ട്രിയയില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിച്ചിരുന്നു. പല യൂറോപ്യന്‍-അമേരിക്കന്‍ ചരിത്ര സിനിമകളുടെയും പ്രധാന ലൊക്കേഷന്‍ ഒരു കാലത്ത് ഈജിപ്ത് ആയിരുന്നു. ഈജിപ്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ പടിഞ്ഞാറന്‍ ജീവിതത്തെ അവതരിപ്പിക്കുന്നതില്‍ ചില അസംതൃപ്തികള്‍ അക്കാലത്ത് പൊട്ടിമുളച്ചിരുന്നു. ഒടുവില്‍ 1927-ലാണ് ലൈല എന്ന, ഈജിപ്ഷ്യന്‍ തനിമയും മൗലികതയുമുള്ള സിനിമ അവിടെ നിര്‍മിക്കപ്പെടുന്നത്. അതിന്റെ സംവിധായകന്‍ ഒരു തുര്‍ക്കി വംശജനായിരുന്നു.
പിന്നീട് ടെലിവിഷന്‍ വ്യാപകമായ കാലത്ത് ഡോക്യുമെന്ററികളും സീരിയലുകളുമെല്ലാം സജീവമായെങ്കിലും അവയെല്ലാം മധ്യവര്‍ഗ ജീവിത പരിസരങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. വില കുറഞ്ഞ ഹാസ്യവും പൈങ്കിളിത്തരവും വികാര പ്രകടനങ്ങളുമൊക്കെയായിരുന്നു അവയില്‍ മിക്കതിന്റെയും ഉള്ളടക്കം. കലാപരമായ മേന്മയോ സാങ്കേതിക തികവോ മികച്ച ക്രാഫ്‌റ്റോ അവകാശപ്പെടാനാവാത്ത വിധം ദുര്‍ബലമായിരുന്നു പല പരീക്ഷണങ്ങളും. ഈജിപ്തിന്റെ സിനിമാ പാരമ്പര്യവും ചരിത്രവും മുന്‍നിര്‍ത്തി അറബ്-മുസ്‌ലിം ലോകത്തെ മതപരവും സാംസ്‌കാരികവുമായ സിനിമയെന്ന സങ്കല്‍പത്തെയും അതിന്റെ മുരടിപ്പിനെയും ദൗര്‍ബല്യങ്ങളെയും കൃത്യമായി വായിച്ചെടുക്കാനാകും. തുര്‍ക്കിയും മൊറോക്കോയും ഇറാനുമെല്ലാം പില്‍ക്കാലത്ത് സിനിമാ സങ്കല്‍പങ്ങളില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയില്‍ ഇസ്‌ലാമിന്റെ നൈതിക മൂല്യ സങ്കല്‍പങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ മിക്കതുമുണ്ടായിട്ടുള്ളത് ഇറാനിലായിരുന്നുവെന്ന് കാണാം. സെക്‌ടേറിയന്‍ രാഷ്ട്രീയത്തിന്റെ ശീഈ ഒളിച്ചുകടത്തലുകള്‍ അത്തരം സിനിമകളില്‍ ഉണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന് ലെനിന്‍ പ്രവചിച്ച സിനിമ എന്ന കലാരൂപത്തോട് സമ്പൂര്‍ണമായി പൂറംതിരിഞ്ഞു നിന്ന മുസ്‌ലിം ലോകത്തിന് ഇറാനിയന്‍ സിനിമകള്‍ അതിന്റെ ക്രാഫ്റ്റിലും നിര്‍മാണത്തിലും ഒരു മാതൃക തന്നെയായിരുന്നു. അബ്ബാസ് കിരസ്തമിയും മജീദ് മജീദിയും മുഹ്‌സിന്‍ മക്മല്‍ബഫും അസ്ഗര്‍ ഫര്‍ഹാദിയുമെല്ലാം കടുത്ത സെന്‍സര്‍ഷിപ്പുകള്‍ക്കകത്തു നിന്നുകൊണ്ട് തന്നെ വിസ്മയങ്ങള്‍ തീര്‍ത്തു. ഇറാനിയന്‍ സിനിമകള്‍ ഇസ്‌ലാമിന്റെ മത-സാംസ്‌കാരിക പരിസരങ്ങളും ചിഹ്നങ്ങളും എടുത്തണിഞ്ഞു കൊണ്ടു തന്നെ ഭൂഖണ്ഡങ്ങള്‍ താണ്ടി ഇതര സംസ്‌കാരങ്ങളുമായി വിനിമയത്തിലേര്‍പ്പെടുകയും ചെയ്തു.
എന്നാല്‍ വിപ്ലവാനന്തരമുള്ള ഇറാനൊഴിച്ച് തുര്‍ക്കിയുള്‍പ്പെടെയുള്ള അറബ്-ആഫ്രിക്കന്‍-മുസ്‌ലിം രാജ്യങ്ങളിലെ മിക്ക സിനിമകളും ടെലിവിഷന്‍ ഷോകളും അവിടങ്ങളിലുള്ള മതാത്മക ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ മൂല്യസങ്കല്‍പങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്തവയും ദൃശ്യപരിചരണത്തില്‍ യൂറോപ്പിനെ അപ്പടി അനുകരിക്കുന്നവയുമായിരുന്നു. അവയില്‍ മിക്കതും ഒരു വരേണ്യ പരിസരത്ത് മാത്രമായൊതുങ്ങുകയാണുണ്ടായത്.
അക്കാദ് മുതല്‍ എര്‍തുറുള്‍ വരെ
'ഏറെക്കാലം പടിഞ്ഞാറന്‍ നാടുകളില്‍ ജീവിച്ച ഒരാളെന്ന നിലക്ക് ഇസ്‌ലാമിനെക്കുറിച്ച യഥാര്‍ഥ സത്യം ലോകത്തെ അറിയിക്കുക എന്നത് എന്റെ കടമയും ബാധ്യതയുമാണ്.'
1976-ല്‍ ഒരു ഇന്റര്‍വ്യൂവില്‍ അറബ്-മുസ്‌ലിം ലോകത്തെ വിഖ്യാത സംവിധായകന്‍ മുസ്തഫ അക്കാദ് പറഞ്ഞ വാക്കുകളാണിത്. മറ്റൊരഭിമുഖത്തില്‍ അദ്ദേഹം തന്റെ സിനിമാ സങ്കല്‍പങ്ങളെക്കുറിച്ച് ഇങ്ങനെ മനസ്സു തുറക്കുന്നു: 'മുസ്‌ലിം കിഴക്കിനും പടിഞ്ഞാറന്‍ യൂറോപ്പിനുമിടയില്‍ നിലനില്‍ക്കുന്ന അജ്ഞതയും തെറ്റിദ്ധാരണയും ഇല്ലാതാക്കി ചരിത്രപരവും സാംസ്‌കാരികവുമായ വിനിമയങ്ങളുടെ ഒരു പാലം പണിയാനാണ് സിനിമയിലൂടെ ഞാന്‍ ലക്ഷ്യം വെക്കുന്നത്.'
മുസ്തഫ അക്കാദ് ഇങ്ങനെ പറഞ്ഞതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട്. യൂറോപ്പും ഹോളിവുഡും ഒരു കാലത്ത് സിനിമകളിലൂടെ രൂപപ്പെടുത്തിയെടുത്ത അറബ്-മുസ്‌ലിം -ആഫ്രിക്കന്‍വിരുദ്ധ വാര്‍പ്പുമാതൃകകളാണ് അതിലൊന്ന്. അതിന്റെ വംശീയ മാനങ്ങളെ അപഗ്രഥിക്കേണ്ടതുണ്ട്. മുസ്തഫ അക്കാദ് പറഞ്ഞ മുസ്‌ലിം-അറബ് കിഴക്കിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍, ഹോളിവുഡും യൂറോപ്പും സിനിമയുള്‍പ്പെടെയുള്ള പോപ്പുലര്‍ കള്‍ച്ചറുകളിലൂടെ ബോധപൂര്‍വം രൂപപ്പെടുത്തിയിട്ടുള്ള മറകളെയും അജ്ഞതയെയും വാര്‍പ്പുമാതൃകകളെയും ആഴത്തില്‍ അക്കാദമികമായി സമീപിച്ച പ്രമുഖ അമേരിക്കന്‍ ലബനീസ് ചിന്തകന്‍ ജാക്ക് ഷഹീന്റെ പഠന ഗവേഷണങ്ങളും നിരീക്ഷണങ്ങളും പരിശോധിച്ചാല്‍ മതി.
ലബനാനില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ക്രിസ്ത്യന്‍ വംശജനാണ് ജാക്ക് ഷഹീന്‍. അറബ് വംശജനായിരിക്കെ തന്നെ അമേരിക്കന്‍ സാമൂഹിക ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. 1974-ല്‍ ഒരു അമേരിക്കന്‍ ടെലിവിഷന്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനും ടി.വി പ്രോഗ്രാമിലെ സ്ഥിരം വില്ലനായ അറബിയെ മുന്‍ നിര്‍ത്തി പറഞ്ഞു: 'പപ്പാ... പപ്പാ.. ഇന്നും ടി.വിയില്‍ ബാഡ് അറബ് ഉണ്ടല്ലൊ.' ആ വാക്കുകള്‍ അറബ് സ്വത്വമുള്ള അദ്ദേഹത്തിന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു. മക്കളുടെ ആ പ്രതികരണമാണ് ജാക്ക് ഷഹീനിലെ ഗവേഷകനെയും അന്വേഷകനെയും ഉണര്‍ത്തിയത്. ജീവിതം തന്നെ ഈ വിഷയം പഠിക്കാനായി മാറ്റിവെച്ചു. 1896-ല്‍ സിനിമയുടെ പിറവി മുതല്‍ 2000 വരെയുള്ള ആയിരക്കണക്കിന് സിനിമകളും ടെലിവിഷന്‍ സീരീസുകളും ഡോക്യുമെന്ററികളുമെല്ലാം അദ്ദേഹം ആഴത്തില്‍ പഠനവിധേയമാക്കി. അവയില്‍ 12 എണ്ണം മാത്രമേ അറബികളെയും മുസ്ലിംകളെയും കുറിച്ച് പ്രതിലോമകരമല്ലാത്ത രീതിയില്‍ ചിത്രീകരിച്ചവ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാറ്റിലും അറബികളും മുസ്‌ലിംകളും വില്ലന്മാരും അപരിഷ്‌കൃതരും ഇനിയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കിരണങ്ങളെത്തിയിട്ടില്ലാത്ത തമോഗര്‍ത്തങ്ങളില്‍ ജീവിക്കുന്ന അധമന്മാരുമായിരുന്നു. ഈയൊരു വസ്തുത ജാക്ക് ഷഹീന്‍ അദ്ദേഹത്തിന്റെ വ്യഖ്യാതമായ ഞലലഹ Reel Bad Arab ; How Hollywood Vilifies a People എന്ന 2001-ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. അമേരിക്കന്‍ പോപ്പുലര്‍ കള്‍ച്ചറിലൂടെ രൂപപ്പെടുത്തപ്പെട്ട അറബ്-മുസ്‌ലിം വിരുദ്ധ വാര്‍പ്പു മാതൃകകളെ പൊളിച്ചെഴുതാനും പകരം പച്ച മനുഷ്യരെന്ന അര്‍ഥത്തില്‍ അവര്‍ക്ക് ദൃശ്യത കൈവരുത്താനുമാണ് തന്റെ അക്കാദമിക ജീവിതം സമര്‍പ്പിച്ചതെന്നും ജാക്ക് ഷഹീന്‍ പറഞ്ഞുവെക്കുന്നു.
ജാക്ക് ഷഹീന്റെ അക്കാദമിക അന്വേഷണങ്ങളിലെ കണ്ടെത്തലുകളോടുള്ള മറ്റൊരു തരത്തിലുള്ള പ്രതികരണമായിരുന്നു മുസ്തഫ അക്കാദിന്റേത്. അക്കാദമിക് ആക്ടിവിസത്തിലൂടെ മാത്രം പൊളിച്ചെഴുതേണ്ട ഒന്നല്ല അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശക്തമായ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടു മാത്രമേ ഇതിനൊരു പ്രതിരോധം സാധ്യമാകൂ എന്ന തിരിച്ചറിവാണ് മുസ്തഫ അക്കാദിലെ സംവിധായകനെ രൂപപ്പെടുത്തിയെടുത്തത്. ഗ്രീക്ക്-റോമന്‍ മിത്തുകളുടെ ചരിത്രാഖ്യായികകളും വെള്ള വംശീതയുടെ വാഴ്ത്തുപാട്ടുകളും അപദാനങ്ങളും മാത്രമായ ഹോളിവുഡിന്റെ കാന്‍വാസില്‍നിന്ന് തീര്‍ത്തും വസ്തുതാപരമായ ഇസ്‌ലാമിക ചരിത്ര പാരമ്പര്യങ്ങളുടെ ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ ഹോളിവുഡ് പോലെയുള്ള വലിയ കാന്‍വാസില്‍ ഒരുക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടു.
ദമസ്‌കസ് എയര്‍പോര്‍ട്ടില്‍നിന്ന് ഹോളിവുഡിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മുസ്തഫ അക്കാദിന്റെ പിതാവ് അദ്ദേഹത്തിന്റെ കൈയില്‍ 200 ഡോളറും ഒരു ഖുര്‍ആന്റെ കോപ്പിയും നല്‍കിയിരുന്നു.
ഇസ്‌ലാമിനെ പ്രാക്ടീസ് ചെയ്യുന്ന മുസ്ലിം ലോകത്തെ ഒരാള്‍ക്കും ഹോളിവുഡ് എന്നത് അവര്‍ പിന്തുടരുന്ന എത്തിക്‌സിന്റെ അടിസ്ഥാനത്തിലോ കലാ-സാങ്കേതിക പരിജ്ഞാനത്താലോ പ്രതിഭാ ശേഷി കൊണ്ടോ സങ്കല്‍പിക്കാവുന്നതിലപ്പുറമായിരുന്നു. പക്ഷേ അക്കാദിന്റേത് ഉറച്ച തിരുമാനമായിരുന്നു. അങ്ങനെ അദ്ദേഹം ഹോളിവുഡിലെത്തി പ്രശസ്ത സംവിധായകന്‍ സാം പെക്കിന്‍ഫയുടെ ഒപ്പം ചേര്‍ന്നു.
ഒരേസമയം മുസ്‌ലിം ലോകത്ത് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ച പ്രവാചകന്റെ കഥ പറയുന്ന 'ദ മെസഞ്ചര്‍' ഹോളിവുഡ് വലിയ കാന്‍വാസിലാണ് അദ്ദേഹമൊരുക്കിയത്. മുഖ്യ കഥാപാത്രം അരൂപിയായിരുന്നിട്ടും (പ്രവാചകനോടുള്ള ആദരവ് നിമിത്തം) പോലും സുഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആ ചിത്രം നിരോധിച്ചു. പല അറബ് -മുസ്‌ലിം രാഷ്ട്രങ്ങളിലെയും പണ്ഡിതന്മാര്‍ ആ സിനിമക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഭാരിച്ച സാമ്പത്തികച്ചെലവ് ആവശ്യമുള്ള ആ സിനിമാ നിര്‍മാണത്തെ തുടക്കത്തില്‍ സുഊദിയും കുവൈത്തുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പിന്തുണച്ചെങ്കിലും എതിര്‍പ്പുകള്‍ കാരണം അവര്‍ പിന്മാറുകയാണുണ്ടായത്. ചിത്രീകരണ ഘട്ടത്തില്‍ അക്കാദ് പലരെയും സാമ്പത്തിക പിന്തുണക്കായി സമീപിച്ചിരുന്നു. അവസാനം ലിബിയന്‍ പ്രസിഡന്റായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയാണ് ആ സിനിമ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. അറബ്-മുസ്‌ലിം നാടുകളില്‍ പലയിടത്തും ആ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു. പില്‍ക്കാലത്ത് വീഡിയോ കാസറ്റുകളിലൂടെ ആ സിനിമ ലോകമെങ്ങുമെത്തി. പല പ്രാദേശിക ഭാഷകളിലും ഡബ്ബ് ചെയ്യപ്പെട്ടു. മുസ്‌ലിം ലോകത്തിന് അത് പുതുമ നിറഞ്ഞ ഒരനുഭവവും കൗതുകവുമായിരുന്നു.
മുസ്തഫ അക്കാദിനു ശേഷം അറബ്-മുസ്‌ലിം ലോകത്തെ പുതിയ ദൃശ്യാനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ടെലിവിഷന്‍ സീരീസാണ് രണ്ടാം ഖലീഫ ഉമറി(റ)ന്റെ 18 വയസ്സു മുതല്‍ ജീവിതാന്ത്യം വരെയുള്ള കഥ പറയുന്ന ഉമര്‍. 2012 ജൂലൈ 20-ന് ഒരു റമദാന്‍ മാസത്തിലാണ് അത് റിലീസ് ചെയ്യപ്പെട്ടത്. അറബ് ലോകത്തെ മീഡിയ രാജാക്കന്മാരായ MBC1-ഉം ഖത്തര്‍ ടി.വിയും ചേര്‍ന്ന് നിര്‍മിച്ച വിസ്മയകരമായ ആ ദൃശ്യവിരുന്ന് ഒരുക്കിയത് പ്രമുഖ സിറിയന്‍ സംവിധായകന്‍ ഹാതിം അലിയാണ്. ഏതാണ്ട് 200 മില്യന്‍ സുഊദി രിയാല്‍ ചെലവഴിച്ച് നിര്‍മിച്ച ഈ ചിത്രം മലയാളമുള്‍പ്പെടെ ലോകത്തെ ഒട്ടനവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരക്കഥയുടെ സൂക്ഷ്മ പരിശോധനക്കായി ഡോ. യൂസുഫുല്‍ ഖറദാവിയുള്‍പ്പെടെയുള്ള നിരവധി പണ്ഡിതന്മാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. അതുകൊണ്ട് ചരിത്രാഖ്യാനത്തിന്റെ ആധികാരികത ഏറക്കുറെ ഉറപ്പു വരുത്താന്‍ അണിയറ ശില്‍പികള്‍ക്ക് സാധിച്ചിട്ടുണ്ട്. 31 എപ്പിസോഡുകളുള്ള ഈ ടി.വി സീരീസ് നിര്‍മാണ മികവുകൊണ്ട് വേറിട്ടു നില്‍ക്കുന്നു. സാങ്കേതികത്തികവിലും ദൃശ്യപരിചരണത്തിലും അഭിനയമികവിലും എഡിറ്റിംഗിലുമെല്ലാം ഹോളിവുഡിനോട് കിടപിടിക്കുന്ന രീതിയിലാണ് ഉമര്‍ സീരീസ് തയാറാക്കിയിട്ടുള്ളത്.
അബ്ദുല്‍ ബാരി അബുല്‍ ഖൈര്‍ സംവിധാനം ചെയ്ത ഇമാം അഹ്മദുബ്‌നു ഹമ്പല്‍ സീരീസ് മുസ്ലിം ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. പ്രശസ്തരായ നാല് മദ്ഹബിന്റെ ഇമാമുമാരുടെ സംഭവബഹുലമായ ജീവിത മൂഹൂര്‍ത്തങ്ങളാണ് വരച്ചിടുന്നത്. അയ്മന്‍ ജമാല്‍ സംവിധാനം ചെയ്ത ബിലാല്‍ എന്ന സിനിമയും ഈ ഗണത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വയസ്സു മുതലുള്ള ബിലാലുബ്‌നു റബാഹി(റ)ന്റെ കഥയാണ് ആ സിനിമ പറയുന്നത്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടര്‍ക്കിഷ് സീരീസ് ദിരിലിസ് എര്‍തുറുളിന് തുര്‍ക്കിയില്‍ ഇപ്പോള്‍ വലിയ തുടര്‍ച്ചകളാണുണ്ടായിട്ടുള്ളത്. ദൃശ്യമാധ്യമ രംഗത്ത് ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഒരു മഹാ വിപ്ലവത്തിനാണ് തുടക്കം കുറിക്കപ്പെട്ടത്. ഇസ്‌ലാമിന്റെ പ്രോജ്ജ്വലമായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും ഉള്‍ച്ചേര്‍ത്ത ഒട്ടനവധി ആവിഷ്‌കാരങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ലോകം സാക്ഷിയാകും. ഹോളിവുഡിനെ പോലും വെല്ലുന്ന സാങ്കേതികത്തികവിനും കലാപരമായ മേന്മക്കും മുസ്‌ലിം ലോകത്തു നിന്ന് വരുംകാലങ്ങളില്‍ ഉത്തരങ്ങളുണ്ടാകും.
Comments