സി.പി.എം സംസ്ഥാന സെക്രട്ടറി കണ്ണടച്ച് പിടിച്ചാല്‍ ഇരുട്ടാവുകയില്ല
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു സി.പി.എം നേതാക്കളും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണെന്ന് വ്യക്തം. തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കരുതുന്ന മുന്നാക്ക വിഭാഗ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള താല്‍ക്കാലിക രാഷ്ട്രീയ പ്രചാരവേലയായി മാത്രമേ ഒരുപക്ഷേ സി.പി.എം അതിനെ കാണുന്നുണ്ടാവുന്നുള്ളൂ. പക്ഷേ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും. ദശകങ്ങള്‍ക്ക് മുമ്പ് സി.പി.എം ശരീഅത്ത് വിരുദ്ധ കാമ്പയിന്‍ നടത്തിയത് തങ്ങള്‍ക്കൊപ്പമുള്ള ഒരു മുസ്‌ലിം കക്ഷിയെ പുകച്ചു പുറത്ത് ചാടിക്കാനായിരുന്നുവെന്ന വിശകലനം പിന്നീട് വന്നിട്ടുണ്ട്. അതിലവര്‍ വിജയിച്ചെങ്കിലും കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതില്‍ ഈ കാമ്പയിന്‍ വഹിച്ച പങ്ക് ഇനിയും വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ശരീഅത്ത് വിരുദ്ധ കാമ്പയിന്‍ മാതൃകയില്‍ പിന്നീടും വര്‍ഗീയച്ചുവയുള്ള ഇത്തരം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സി.പി.എം നടത്തിപ്പോന്നിട്ടുണ്ട്. ഇപ്പോള്‍ നടത്തിയ പ്രസ്താവനയില്‍ പച്ചക്ക് വര്‍ഗീയത പറയുന്നുവെന്നേയുള്ളൂ. എം.എം ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നല്‍കുന്നതെന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിലെ സംഘ് പരിവാറിനെപ്പോലും കടത്തിവെട്ടുന്നതാണ്. അതല്‍പ്പം കൂടിപ്പോയി എന്നതിനാലാവാം, കോടിയേരിയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ പരാമര്‍ശം സി.പി.എം പാര്‍ട്ടി പത്രം തന്ത്രപൂര്‍വം വിട്ടുകളഞ്ഞത്.
അക്ഷരാര്‍ഥത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കണ്ണടച്ച് പിടിച്ചിരുന്നാല്‍ അതുണ്ടാക്കുന്ന കൃത്രിമമായ ഇരുട്ട് കണ്ണടച്ചിരിക്കുന്നയാള്‍ക്ക് മാത്രമേ അനുഭവപ്പെടുകയുള്ളൂ. കേരളത്തിലെ പ്രബുദ്ധ സമൂഹം കണ്ണ് തുറന്നു പിടിച്ച് തന്നെയാണ് ഇരിക്കുന്നത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളൊന്നും അവര്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ പോകുന്നില്ല. സ്വര്‍ണക്കടത്ത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പാകപ്പിഴവുകള്‍, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍, ഭരണകക്ഷിയിലെ ഉന്നതരുടെ മക്കളുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുകള്‍ തുടങ്ങിയവ പ്രതിഛായ നഷ്ടപ്പെടുത്തിയ ഭരണകൂടത്തിന്റെ അവസാന പിടിവള്ളിയായി വര്‍ഗീയത മാറുന്നത് എന്തു മാത്രം ജുഗുപ്‌സാവഹമല്ല. ആ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സി.പി.എമ്മിന്റെ തലമുതിര്‍ന്ന സംസ്ഥാന നേതാവും!
ജമാഅത്തിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ നട്ടാല്‍ മുളക്കാത്ത നുണകളും പറഞ്ഞുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി മുന്‍കാലങ്ങളിലൊന്നും സി.പി.എം ഒരു രാഷ്ട്രീയ ധാരണയും ഉണ്ടാക്കിയിട്ടില്ലത്രെ. 2006-ലും 2011-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജമാഅത്ത് പിന്തുണച്ചത് എല്‍.ഡി.എഫിനെയായിരുന്നുവെന്നതില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്. പത്രമാധ്യമങ്ങളിലൊക്കെ ആ റിപ്പോര്‍ട്ട് പ്രാധാന്യപൂര്‍വം വന്നതുമാണ്. കേന്ദ്ര തീരുമാനമോ കോടതി വിധികളോ ഒന്നും കാത്തുനില്‍ക്കാതെ മുന്നാക്ക സംവരണത്തിന് ചാടിയിറങ്ങുന്നതും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ തന്നെ. ഇതൊക്കെ ദലിത്-പിന്നാക്ക വിഭാഗ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാര്യമൊന്നും സി.പി.എമ്മിന് പ്രശ്‌നമല്ല. ഈ അപകടകരമായ പ്രചാരവേലകള്‍ സി.പി.എമ്മിന്റെ മതേതര പ്രതിഛായക്കാണ് മങ്ങലേല്‍പിക്കുകയെന്ന് അത്തരം പ്രസ്താവനകളിറക്കുന്നവര്‍ മനസ്സിലാക്കണം.
Comments