ഇത്തിരിക്കുഞ്ഞന്‍
അഹന്തയുടെ പത്തികളില്‍
ആഞ്ഞാഞ്ഞു ചവിട്ടി
ഝണല്‍ക്കാര നാദമുയര്‍ത്തി
ചടുല നൃത്തമാടുകയാണീ
ഇത്തിരിക്കുഞ്ഞന്‍...
പ്രകാശവേഗത്തേക്കാള്‍
ദൂരം സഞ്ചരിച്ചിരുന്നവര്‍
ആഡംബര നൗകകളിലും
ആകാശങ്ങളിലും മാറിമാറി
താമസിച്ചിരുന്നവര്‍
ഒരു മുറിക്കുള്ളില്‍
തടവുകാരായിരിക്കുന്നു...
പേടി
മുഖാവരണത്താല്‍
മറയ്ക്കാമെങ്കിലും
നെഞ്ചിടിപ്പ് പെരുമ്പറ കൊട്ടുന്നു...
തെരുവിലും
പറുദീസകളിലും
കണ്ണിലൊതുങ്ങാന്‍
വലിപ്പം പോലുമില്ലാത്ത
ഇത്തിരിക്കുഞ്ഞന്‍ വൈറസ്
മരണം വിതച്ചു പോകുന്നു...
ബോംബേറിന്റെയും
മതവൈരത്തിന്റെയും
കഥകള്‍ കേള്‍ക്കാനില്ല
മരിച്ചവരുടെ കണക്കു പുസ്തകം
തുറന്നുവെച്ച്
മാധ്യമ ഭീകരന്മാര്‍
സമയം കൊല്ലുന്നു...
നിശാനര്‍ത്തകിമാരുടെ
ചടുല നൃത്തങ്ങളില്ലാത്ത
മദിരോത്സവങ്ങളുടെ
ആരവങ്ങളില്ലാത്ത
വിജനവീഥികള്‍
വിറങ്ങലിച്ചുനില്‍ക്കുന്നു...
എങ്കിലും
പ്രകൃതി അതിന്റെ താളം
വീണ്ടെടുത്തിരിക്കുന്നു
നദികള്‍, അഴിച്ചുവെച്ച ചിലങ്കകള്‍
അണിഞ്ഞിരിക്കുന്നു, വീണ്ടും...
കാറ്റ്, തെളിമയുള്ളതും
സുഗന്ധവാഹിയുമായിരിക്കുന്നു
ആകാശം കൂടുതല്‍
പ്രസന്നമായിരിക്കുന്നു...
ഒരു മണല്‍ത്തരിയുടെ
നൂറിലൊരംശം പോലുമില്ലാത്ത
ഒരു കുഞ്ഞുവൈറസിനെക്കൊണ്ട്
ദൈവം,
ഈ പ്രപഞ്ചത്തെ
മാറ്റിപ്പണിതുകൊണ്ടിരിക്കുന്നു
Comments