അയാ സോഫിയ ഇസ്‌ലാമിക ലോകത്തിന്റെ പ്രതീക്ഷകളും ഇടതു ലിബറല്‍ ആകുലതകളും
ആഗോള മുസ്‌ലിം സമൂഹത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് തുര്‍ക്കി. ലോകത്തിന്റെ വിവിധ ദിക്കുകളില്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയും രാഷ്ട്രീയമായി തന്നെ അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഇടങ്ങളില്‍ അത് ചര്‍ച്ചയാക്കുകയും ചെയ്യുന്നുണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇപ്പോള്‍ അയാ സോഫിയയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷേ ഇത്തവണ ഒരല്‍പം വ്യത്യാസമുണ്ട്. അയാ സോഫിയാ വിധിയെ സംബന്ധിച്ച് മുസ്‌ലിം സമൂഹത്തിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു വിഭാഗം വിധിയെ സ്വാഗതം ചെയ്യുന്നു. മറ്റൊരു വിഭാഗം അതിനെ തെറ്റായ തീരുമാനമായി കാണുന്നു.
ആറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഒരു ക്രൈസ്തവ ദേവാലയം, പിന്നീട് 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കപ്പെടുന്നതോടെ പള്ളിയായി മാറുന്നു, 1934-ല്‍ കമാല്‍ അത്താതുര്‍ക്കിന്റെ നേതൃത്വത്തിലുള്ള തീവ്ര മതേതര ഗവണ്‍മെന്റ് അതിനെ മ്യൂസിയമാക്കി മാറ്റുന്നു, വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കു ശേഷം 2020 ജൂണ്‍ 24 മുതല്‍ വീണ്ടും പള്ളിയായി പുനഃസ്ഥാപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ആറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഒരു ദേവാലയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചര്‍ച്ച ചെയ്യപ്പെടുന്നത്? എന്തുകൊണ്ടാണ് ഈ വിധിയെ ഒരു വിഭാഗം പ്രതീക്ഷയായി കാണുമ്പോള്‍, ഇടത് മതേതരവാദികള്‍ക്കിത് ആശങ്കയായി മാറുന്നത്? തുര്‍ക്കിയുടെ ഭാവിയെ പോലും സ്വാധീനിക്കാന്‍ മാത്രം എന്താണ് ഈ കോടതിവിധിയിലൂടെ സംഭവിക്കുന്നത്?
അയാ സോഫിയയും തുര്‍ക്കിയും
1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റന്റിനോപ്പ്ള്‍ കീഴടക്കിയതിനു ശേഷം ആദ്യമായി പോയത് അയാ സോഫിയയിലേക്കാണ്. ചില അമേരിക്കന്‍ ചരിത്രകാരന്മാര്‍ പറയുന്നത്, അതിനെ തീര്‍ത്തും ഒരു ദേവാലയമായി ബഹുമാനിച്ച ആദ്യത്തെ ചക്രവര്‍ത്തിയാണ് സുല്‍ത്താന്‍ മുഹമ്മദ് എന്നാണ്. റോമന്‍ ചക്രവര്‍ത്തിമാര്‍ പോലും കുതിരപ്പുറത്ത് പോവാന്‍ പറ്റുന്ന അത്രയും ദേവാലയത്തിന് അടുത്തേക്ക് ചെല്ലുകയും എന്നിട്ട് ഇറങ്ങി നടക്കുകയുമാണ് ചെയ്യുക. സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ അയാ സോഫിയയുടെ മുന്നില്‍ വന്ന് അവിടന്ന് ഒരല്‍പം മണ്ണ് കൈയില്‍ എടുത്ത് ചുംബിച്ച ശേഷം കാല്‍നടയായിട്ടാണ് ദേവാലയത്തിലേക്ക് കടക്കുന്നത്.
അയാ സോഫിയ മാത്രമാണ് സുല്‍ത്താന്‍ മുഹമ്മദിന്റെ ഭരണകാലത്ത് പള്ളിയായി മാറിയത്. ഒരു ദേവാലയം എന്നതിലുപരി, ആ കാലഘട്ടത്തിലെ രാഷ്ട്രീയ അധികാരം അയാ സോഫിയ കേന്ദ്രീകരിച്ചായിരുന്നു. ബൈസന്റിയന്‍ സാമ്രാജ്യം പലപ്പോഴും തങ്ങളുടെ അധികാരകേന്ദ്രമായി കണക്കാക്കിപ്പോന്നത് അയാ സോഫിയ ആയതുകൊകൊണ്ടുതന്നെ അവിടെ ബാങ്ക് മുഴങ്ങുക എന്നത് കീഴടക്കി വിജയം നേടിയതിന്റെ സൂചന കൂടിയായിരുന്നു.
പൊതുവെ ഇസ്‌ലാമിക ഖിലാഫത്തിന്റെ ചരിത്രത്തില്‍ മറ്റു മതസ്ഥരുടെ ദേവാലയങ്ങള്‍ പൊളിക്കുകയോ അവയെ മറ്റൊന്നായി മാറ്റുകയോ ചെയ്യാറില്ലായിരുന്നു. കാരണം അത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ നേരത്തേ പറഞ്ഞതും മറ്റുമായ കാരണങ്ങളാല്‍ ഇങ്ങനെ ചില അപവാദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അപ്പോള്‍ പോലും ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയത്. മുഹമ്മദ് രണ്ടാമന്‍ തന്റെ പ്രഖ്യാപനത്തില്‍ അവ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരേസമയം പള്ളിയില്‍ രണ്ടു മതസ്ഥര്‍ക്കും അവരുടെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നതാണ് അതിലൊന്ന്. ഇതിനു വേണ്ടി പള്ളിയെ രണ്ടായി പകുത്തിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യപ്രകാരം അതിന് അടുത്തായിത്തന്നെ സ്ഥലം അനുവദിക്കുകയും അവിടേക്ക് അവരുടെ ആസ്ഥാനം മാറ്റുകയുമാണുണ്ടായത്. ഇന്നും അത് ഇസ്തംബൂളില്‍ കാണാന്‍ കഴിയും. ദേവാലയത്തിലെ എല്ലാവിധ ശേഷിപ്പുകളും അവയുടെ ചൈതന്യത്തോടെ നിലനിര്‍ത്തുമെന്നും എപ്പോഴും നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാമെന്നും അദ്ദേഹം അവിടത്തെ ക്രൈസ്തവ ജനതക്ക് വാക്കുകൊടുത്തിരുന്നു. പള്ളി എന്ന നിലക്ക് ചിലത് തുണി കൊണ്ട് മറച്ചുവെക്കുക മാത്രമാണ് ചെയ്തത്.
തുര്‍ക്കിയിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം, 1934-ല്‍ അത്താതുര്‍ക്ക് അത് മ്യൂസിയമാക്കിയത് മുതല്‍ അതവരുടെ ഉള്ളിലെ മുറിവായി നീറുകയായിരുന്നു. അതിന് ചരിത്രപരമായി ചില കാരണങ്ങളുമുണ്ട്. പള്ളിയായി പുനഃസ്ഥാപിച്ചതിനു ശേഷം സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഒരു വസ്വിയ്യത്ത് ചെയ്തിരുന്നു. അത് ഇപ്രകാരമായിരുന്നു: 'ഞാനിത് പള്ളിയായി വഖ്ഫ് ചെയ്യുന്നു, എന്റെ കാലശേഷം ആരെങ്കിലും ഇത് പള്ളിയില്‍ നിന്നോ എന്റെ വഖ്ഫിന്റെ ഉദ്ദേശ്യത്തില്‍നിന്നോ മാറ്റുകയാണെങ്കില്‍ അവരുടെ മേല്‍ ഖിയാമത്ത് നാള്‍വരെ എന്റെ ശാപം ഉണ്ടാകും.' തൊണ്ണൂറ്റിയേഴു ശതമാനം മുസ്‌ലിംകള്‍ ജീവിക്കുന്ന രാജ്യമാണ് തുര്‍ക്കി, അതില്‍ ഭൂരിപക്ഷവും സുന്നി വിഭാഗക്കാരാണ്. അതുകൊണ്ടുതന്നെ ഈയൊരു വസ്വിയ്യത്ത് തുര്‍ക്കിയിലെ മുസ്‌ലിം സമൂഹം വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്.
അത്താതുര്‍ക്കിന്റെ കാലംതൊട്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുര്‍ക്കിയില്‍ ഉണ്ടായിട്ടുണ്ട്. 2005-ന്റെ തുടക്കത്തില്‍ ഒരു എന്‍.ജി.ഒ ആണ് കേസ് ആദ്യമായി സുപ്രീംകോടതിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ കേസ് തള്ളിപ്പോയി. വീണ്ടും നിയമ പോരാട്ടം നടത്താന്‍ തന്നെയായിരുന്നു തീരുമാനം. അങ്ങനെയാണ് 2020 ജൂണ്‍ 10-ന് തുര്‍ക്കിയിലെ പരമോന്നത കോടതി വിധി പറയുന്നത്. തുര്‍ക്കി പാര്‍ലമെന്റ് മതകാര്യവകുപ്പിന്റെ കീഴില്‍ പള്ളിയായി തുറക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
സുല്‍ത്താന്‍ മുഹമ്മദ് പണം കൊടുത്തു വാങ്ങിയതാണ് അയാ സോഫിയ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് പലരുടെയും അഭിപ്രായം. എന്നിരുന്നാലും യുദ്ധാനന്തരം അത് ഗനീമത്ത് മുതല്‍ എന്ന രീതിയില്‍തന്നെ സുല്‍ത്താന്ന് അത് കൈവശം വെക്കാന്‍ കഴിയുന്നതാണ്. കോടതി വിധിയില്‍ വളരെ നിര്‍ണായകമായ ഒരു തെളിവ് 1936-ല്‍ കണ്ടെത്തിയ ഫാത്തിഹ്ബലദിയയുടെ രേഖകളാണ്. അതില്‍ പറയുന്നുണ്ട്, ഇത് സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ പള്ളിയായി വഖ്ഫ് ചെയ്തതാെണന്ന്. സുപ്രീം കോടതി അതിന്റെ വിധിന്യായത്തില്‍ കൃത്യമായി പറയുന്നുണ്ട്, 1934-ലെ മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി യാതൊരു സാധുതയുമില്ലെന്നും അത് സുല്‍ത്താന്‍ മുഹമ്മദ് വഖ്ഫ് ചെയ്തതാണെന്ന് രേഖകളിലൂടെ വ്യക്തമാണെന്നും. തുര്‍ക്കി നിയമപ്രകാരം വഖ്ഫ് ചെയ്ത വസ്തു അതേപടി നിലനിര്‍ത്തണം. നിയമത്തെ സ്വാഗതം ചെയ്ത് നടത്തിയ സംസാരത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറയുകയുണ്ടായി, ഞങ്ങളില്‍നിന്ന് ഇപ്പോഴാണ് സുല്‍ത്താന്‍ മുഹമ്മദിന്റെ ശാപം നീങ്ങിയതെന്ന്. തുര്‍ക്കിയിലെ ഭൂരിഭാഗം ജനങ്ങളും ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇടത് മതേതര ലിബറല്‍ ആകുലതകള്‍
ആഗോളതലത്തില്‍ ഈയൊരു വിധി ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത് ഇടത് മതേതര ലിബറലുകളെയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി അവരുടെ ഒരു മുഖ്യ ആരോപണമാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ മതരാഷ്ട്രം സ്ഥാപിക്കുകയാണ് എന്നത്. തുര്‍ക്കിയില്‍ ജീവിക്കുന്നവര്‍ക്കോ ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കോ അങ്ങനെയൊരു അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. തെളിവുകളും കണക്കുകളും പരിശോധിച്ചാലും ഇങ്ങനെ ഒരാരോപണം ഉന്നയിക്കാന്‍ കഴിയില്ല.
ഇവിടെയാണ് കണക്കുകള്‍ നമ്മോട് ചിലത് വിളിച്ചുപറയുന്നത്. തുര്‍ക്കിയില്‍ ഏകദേശം 430- ഓളം ചര്‍ച്ചുകളും സിനഗോഗുകളും നിലവിലുണ്ട്. അതില്‍ ഉസ്മാനിയാ കാലം തൊട്ടുള്ളതും പുതിയതുമുണ്ട്. ഒന്നുപോലും നശിപ്പിച്ചിട്ടില്ല, മറിച്ച് എല്ലാ ബഹുമാനാദരവുകളോടും കൂടി അവയെ സംരക്ഷിച്ചുപോന്നിട്ടേയുള്ളൂ. കണക്കുകള്‍ പ്രകാരം 421 പേര്‍ക്ക് ഒരു ചര്‍ച്ച് എന്ന രീതിയിലുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ ധാരാളം പള്ളികള്‍ ഉണ്ടായിരുന്ന യൂറോപ്പില്‍ രണ്ടായിരത്തിലധികം ആളുകള്‍ക്ക് ഒരു പള്ളി എന്നതാണ് കണക്കുകള്‍. അതില്‍തന്നെ ധാരാളം പള്ളികള്‍ നശിപ്പിക്കപ്പെട്ടു, പലതും ദേവാലയം എന്ന പരിഗണന പോലും ഇല്ലാതെ അനാശാസ്യ കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടു.
തുര്‍ക്കി സന്ദര്‍ശിക്കുന്ന ഏവര്‍ക്കും മനസ്സിലാകും, ഉര്‍ദുഗാന്‍ മുന്നോട്ടു വെക്കുന്ന മതേതരത്വം എന്താണെന്ന്. ബ്ലൂമോസ്‌ക്, ഫാത്തിഹ മസ്ജിദ്, സുലൈമാനി മസ്ജിദ് തുടങ്ങി തുര്‍ക്കിയിലെ ഏതു പള്ളിയിലും വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശിക്കാനും പ്രാര്‍ഥനകള്‍ വീക്ഷിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനായിതന്നെ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മത-ഭാഷ-വര്‍ണ വ്യത്യാസമില്ലാതെ മില്യന്‍ കണക്കിന് ആളുകളാണ് ഈ പള്ളികളില്‍ വര്‍ഷം തോറും സന്ദര്‍ശകരായി എത്തുന്നത്.
അയാ സോഫിയ 'അന്യാധീനപ്പെടുന്നു' എന്നാണ് മതേതര ലിബറലുകളുടെ മറ്റൊരു ആധി. അയാ സോഫിയാ വിധിയുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്‌റാഹീം കാലിന്‍ പറഞ്ഞത്, 'അയാ സോഫിയ എങ്ങനെയാണോ ഉള്ളത് അതുപോലെ അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് തന്നെ, ഞങ്ങളുടെ പൂര്‍വികര്‍ സംരക്ഷിച്ചതു പോലെ ഞങ്ങളതിനെ സംരക്ഷിക്കും' എന്നാണ്. ഈ വിധിയിലൂടെ പ്രധാനമായും രണ്ടു മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒന്നാമത്തേത് അത് ഇനിമുതല്‍ മ്യൂസിയമായിട്ടല്ല മറിച്ച് പള്ളിയായിട്ടാണ് അറിയപ്പെടുക. അയാ സോഫിയ സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് എടുത്തുകളഞ്ഞിട്ടുണ്ട്. രണ്ടാമത്തേത്, അവിടെ ഇസ്‌ലാമിക ആദര്‍ശപ്രകാരമുള്ള ആരാധനാകര്‍മങ്ങള്‍ നടക്കും. എന്നാല്‍ ക്രിസ്തീയ ശേഷിപ്പുകള്‍ ഒന്നും തന്നെ മായ്ക്കില്ല; പകരം നമസ്‌കാര സമയങ്ങളില്‍ ലൈറ്റ് കൊണ്ട് മറയ്ക്കുക മാത്രം ചെയ്യും. ആയതിനാല്‍ അവിടം ഇനി സന്ദര്‍ശിക്കാന്‍ കഴിയില്ല എന്ന ആരോപണവും പൊളിയുകയാണ്.
കോടതിവിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടുപോലും പ്രതിഷേധ സമരങ്ങളൊന്നും തുര്‍ക്കിയില്‍ നടന്നിട്ടില്ല. തീവ്ര മതേതര രാഷ്ട്രീയ പാര്‍ട്ടി കൂടിയായ സി.എച്ച്.പി വിധിക്കെതിരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ആ പാര്‍ട്ടിക്കകത്ത് ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുള്ളതായും കാണാം. സി.എച്ച്.പിക്കാരനായ ഇസ്തംബൂള്‍ മേയര്‍ വിധിക്കെതിരെ കോടതിയില്‍ പരാതി കൊടുത്തപ്പോള്‍ പാര്‍ട്ടി ഔദ്യോഗികമായി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. തുര്‍ക്കിയിലെ തീവ്ര മതേതര കക്ഷി പോലും ഈയൊരു നിലപാട് എടുക്കുമ്പോഴാണ് പുറത്ത് പലരും കയറുപൊട്ടിക്കുന്നത്.
ഈ വിധിയോടുകൂടി പുതിയ ചര്‍ച്ചകള്‍ക്ക് തുര്‍ക്കിയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. 1934-ല്‍ പള്ളി മ്യൂസിയമാക്കണം എന്ന് തീരുമാനമെടുത്തപ്പോള്‍ ആ തീരുമാനത്തില്‍ മുസ്തഫ കമാല്‍ പാഷ ഒപ്പിട്ടിട്ടില്ല എന്നാണ് ഇവിടെയുള്ള ലിബറലുകളുടെ വാദം. അതിന് പിന്‍ബലമേകി ചില ചരിത്രകാരന്മാരും രംഗത്തുണ്ട്. അവര്‍ പറയുന്നത്, ഇത് മുസ്തഫാ കമാലിന്റെ ഒപ്പ് അല്ല എന്നാണ്. അതായത് കമാലിസ്റ്റുകള്‍ വരെ പുതിയ മാറ്റത്തെ പിന്തുണക്കുന്നു എന്നര്‍ഥം.
ആഗോള രാഷ്ട്രീയം
ആഗോളതലത്തില്‍ ഈയൊരു കോടതി വിധിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയം കൃത്യമാണ്. ഉര്‍ദുഗാനാണ് അവരുടെ ഉന്നം. പക്ഷേ അവര്‍ പറയാത്തതും പറയാന്‍ ഇഷ്ടപ്പെടാത്തതുമായ ഒരു കാര്യമുണ്ട്. ഈയൊരു വിധി ഉണ്ടാകുന്നത് എല്ലാവിധ ജനാധിപത്യമര്യാദകളും പാലിക്കപ്പെട്ടുകൊണ്ടുതന്നെയാണ് എന്നതാണത്. തുര്‍ക്കിയിലോ അന്താരാഷ്ട്രതലത്തിലോ നിയമപരമായി ഇതിനെ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ലോകത്ത് നടക്കുന്ന മുസ്‌ലിം വേട്ടക്ക് എതിരെ നിലക്കാത്ത ശബ്ദമാണ് ഉര്‍ദുഗാന്റേത്. എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും ഉര്‍ദുഗാന്‍ ചോദ്യം ചെയ്യുന്നു. ഇതാണ് ഈ വിധിയെ മുന്‍നിര്‍ത്തി പ്രതിയോഗികളൊക്കെയും അദ്ദേഹത്തിനെതിരെ ഒരുമിക്കാന്‍ കാരണം. ലിബിയയില്‍ തുര്‍ക്കി നടത്തുന്ന ഇടപെടലുകള്‍ പലരുടെയും ശത്രുത കൂട്ടാന്‍ ഇടവരുത്തിയിട്ടുണ്ട്.
ഉര്‍ദുഗനുമായി ശക്തമായ വിയോജിപ്പുള്ള, അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ മുന്‍ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍, മുന്‍ പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലു തുടങ്ങിയ പ്രമുഖര്‍ അയാ സോഫിയയെ ആരാധനക്കായി വീണ്ടും തുറന്നതിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനെതിരെ മത്സരിച്ച പീപ്പ്ള്‍സ് പാര്‍ട്ടിയുടെ മുന്‍ നേതാവ് മുഹറംഇന്‍സ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയത്, അയാ സോഫിയ പ്രശ്‌നം തുര്‍ക്കിയുടെ പരമാധികാരത്തിന്റെ വിഷയമാണെന്നും റഷ്യക്കോ അമേരിക്കക്കോ യൂറോപ്പിനോ മറ്റേതെങ്കിലും രാഷ്ട്രത്തിനോ സ്ഥാപനത്തിനോ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ്. നിയമപരമായി അതിനെ നേരിടാന്‍ ആരും തയാറാകാത്തതും അതുകൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ലോകത്തും ഇസ്‌ലാമിക വൃത്തങ്ങളിലും ഈ വിഷയത്തില്‍ രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കെ വിവാദമുയരുക സ്വാഭാവികം തന്നെയാണ്. അതേസമയം മധ്യകാല യുഗത്തിലും അതിനു ശേഷവും യൂറോപ്പ് ഇതര മതവിഭാഗങ്ങളോടും അവരുടെ ആരാധനാലയങ്ങളോടും കാണിച്ച ക്രൂരതകളും അനാദരവും മറച്ചുപിടിച്ചുകൊണ്ടാണ് പലരും വിഷയം കൈകാര്യം ചെയ്യുന്നത്. ഇസ്‌ലാമോഫോബിക് സമീപനങ്ങള്‍ മാറ്റിനിര്‍ത്തി പഠിക്കുമ്പോള്‍ യഥാര്‍ഥ ചിത്രം തെളിഞ്ഞുവരും. ആ പഠനത്തിനു ശേഷമുള്ള വിമര്‍ശനങ്ങളാണ് സത്യസന്ധമാവുക.
(ഇസ്തംബൂള്‍ സഹാബത്തീന്‍ സാഇം യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments