Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

മലബാര്‍ വിപ്ലവം പുസ്തകങ്ങളിലൂടെ

പി.ടി നാസര്‍

'പോയ ഒരു വര്‍ഷക്കാലത്തിനിടക്ക് നാം ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്കെന്നല്ല, ആര്‍ക്കും വിധിപറയാന്‍ പ്രയാസമായിരിക്കും. കാരണം നാം അതുമായി വളരെ അടുത്തു നില്‍ക്കുന്നവരാണ്. സംഭവങ്ങളുമായി സുദൃഢമായ ബന്ധമാണ് നമുക്കുള്ളത്. ഒരുപക്ഷേ, നിങ്ങളും ഞങ്ങളും തെറ്റുചെയ്തിട്ടുണ്ടാകാം. ഒന്നോ രണ്ടോ തലമുറക്കു ശേഷം വരുന്ന ചരിത്രകാരന്മാര്‍ക്ക്  നാം ചെയ്ത ശരികളേത്, തെറ്റുകളേത് എന്ന് വിധിപറയാന്‍ കഴിഞ്ഞേക്കും' - ജവഹര്‍ലാല്‍ നെഹ്‌റു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭുവിന് യാത്രയയപ്പു നല്‍കിയ യോഗത്തിലാണ് നെഹ്‌റു ഇങ്ങനെ പറഞ്ഞത്. ഏറക്കുറെ അംഗീകരിക്കാവുന്നൊരു കാലയളവാണ് നെഹ്‌റു നിര്‍ദേശിച്ചത്. ഒന്നോ രണ്ടോ തലമുറ. അതിനു ശേഷം വരുന്നവര്‍ക്ക് വിഷയവുമായി വൈകാരിക ബന്ധം ഉണ്ടാകാനിടയില്ല. അപ്പോള്‍ കുറേക്കൂടി വസ്തുനിഷ്ഠമായ ചര്‍ച്ച നടക്കും; നടക്കേണ്ടതാണ്.
നെഹ്‌റു ധരിച്ചത് ശരിയാണെങ്കില്‍ മലബാര്‍ സമരത്തെക്കുറിച്ച് സാരവത്തായ സംവാദം നടക്കേണ്ട സമയമാണിത്. ഒരു നൂറ്റാണ്ടാകുന്നു. രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആണ് വേദിയിലുള്ളത്. വൈകാരികമായല്ലാതെ    വസ്തുതാപരമായി കാര്യങ്ങളെ കാണാന്‍ അവര്‍ക്ക് കഴിയേണ്ടതാണ്.
അങ്ങനെയൊരു വിശകലനവും വിലയിരുത്തലും നടത്താന്‍ ഇനി വേണ്ടത് വസ്തുതകളാണ്. ഭാഗ്യവശാല്‍ മലബാര്‍ സമരത്തെക്കുറിച്ചുള്ള വസ്തുതകളെല്ലാം ലഭ്യമാണിപ്പോള്‍. അഥവാ ഏതെങ്കിലും കാര്യത്തില്‍ രേഖകള്‍ കുറവുണ്ടെങ്കില്‍ അതൊക്കെ എവിടെയുണ്ട് എന്ന വിവരമെങ്കിലും ഇപ്പോള്‍ ലഭ്യമാണ്. 'മാപ്പിള പഠനങ്ങള്‍' എന്ന പുസ്തകത്തില്‍ ഡോ. എം. ഗംഗാധരന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, 'കേരള ചരിത്രത്തില്‍ ഏറ്റവുമധികം ഗവേഷണപഠനങ്ങള്‍ നടന്നിട്ടുള്ളത് 1921-ലെ കലാപം അടക്കമുള്ള മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചാണ്.'

കമ്യൂണിസ്റ്റ് പഠനങ്ങള്‍

1946-ലാണ് തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സായുധ സമരം നടന്നത്. അതിനെക്കുറിച്ച് നടന്നതിനേക്കാള്‍ പഠനങ്ങള്‍ അതിന്് 25 വര്‍ഷം മുമ്പ് കോണ്‍ഗ്രസ്സിന്റെ മുന്‍കൈയില്‍ മലബാറില്‍ നടന്ന ഈ സായുധ സമരത്തെക്കുറിച്ച് നടന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയും മലബാര്‍ സമരത്തെക്കുറിച്ച് പഠിച്ചയത്ര ആഴത്തില്‍ പുന്നപ്ര- വയലാര്‍ സമരത്തെക്കുറിച്ച് പഠിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം.
മലബാറിന് പുറത്തുനിന്നുള്ള ആദ്യത്തെ ഗവേഷകരൊക്കെയും ഇടതുപക്ഷക്കാരായിരുന്നു. ബംഗാളില്‍നിന്നെത്തിയ സൗമ്യേന്ദ്രനാഥ ടാഗോര്‍ ആണ് മലബാര്‍ സമരത്തിന്റെ വര്‍ഗ സ്വഭാവം ആദ്യമായി വെളിപ്പെടുത്തുന്നത്.  സൗമ്യേന്ദ്ര ടാഗോറിന്റെ നോട്ടത്തില്‍ അത് കാര്‍ഷിക കലാപമാണ്. 'മലബാറിലെ കാര്‍ഷിക ലഹള' എന്ന പേരില്‍ അദ്ദേഹമെഴുതിയ ലഘുലേഖ കെ.കെ.എന്‍ കുറുപ്പും എം. റഷീദും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നെഴുതപ്പെട്ട പ്രധാന വിശകലനം അബനി മുഖര്‍ജിയുടേതാണ്. 'മാപ്പിള അപ്‌റൈസിംഗ്' എന്ന രേഖ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ 'കമ്യൂണിസ്റ്റ് റിവ്യൂ' 1922-ല്‍ പ്രസിദ്ധീകരിച്ചതാണ്. 1917-ല്‍ വിപ്ലവത്തിനു ശേഷം റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വന്ന് ഏറെക്കഴിയും മുമ്പാണല്ലോ മലബാര്‍ വിപ്ലവം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഖിലലോക വേദിയായ 'കമ്യൂണിസ്റ്റ് ഇന്റര്‍നാഷ്‌നലി'ല്‍ ചര്‍ച്ച ചെയ്യാനായി ലെനിന്റെ നിര്‍ദേശപ്രകാരമാണ് അബനി മുഖര്‍ജി രേഖ തയാറാക്കിയത്.  ഇക്കാര്യം കമ്യൂണിസ്റ്റ് ചരിത്രകാരന്മാരൊക്കെ എഴുതിയിട്ടുണ്ട്. ലെനിന്‍ ആ രേഖ ബുഖാറിന് കൈമാറുകയും ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രസിദ്ധീകരണങ്ങളില്‍ അച്ചടിക്കുകയും ചെയ്തു എന്നാണ് കാണുന്നത്.
 കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം ഈ വിപ്ലവത്തെക്കുറിച്ച് ആദ്യമായൊരു രേഖ തയാറാക്കുന്നത് കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഇ.എം.എസ് നമ്പൂതിരിപ്പാട് തയാറാക്കിയ ലഘുലേഖയാണത്.  'ആഹ്വാനവും താക്കീതും' എന്ന തലക്കെട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസ്താവനയാണത്. ആഹ്വാനത്തിന്റെയും താക്കീതിന്റെയും രണ്ട് ഭാഗങ്ങളുണ്ടതില്‍. ജനകീയ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മതപണ്ഡിതന്മാര്‍ ജനങ്ങളെ സംഘടിപ്പിക്കാനും സമരം ചെയ്യാനും മുന്നിട്ടു വന്നത് ആ നിലക്ക് ഒരാഹ്വാനമാണ്. അതേസമയം മതപണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം വേണ്ടത്ര കരുതലില്ലെങ്കില്‍ വര്‍ഗീയമായി തിരിയാന്‍ സാധ്യതയുണ്ട്. ആ നിലക്ക് താക്കീതുമാണ് - എന്നതാണ് ആ വിശകലനം. സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ചിന്ത പബ്ലിക്കേഷന്‍സ് ആ രേഖ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മലബാര്‍ കലാപം ചരിത്രവും പ്രത്യയശാസ്ത്രവും' എന്ന സമാഹാരത്തില്‍ ഈ ലഘുലേഖയുണ്ട്. സര്‍ദാര്‍ ചന്ദ്രോത്ത്, പി.ഗോവിന്ദപിള്ള, സി. ഉണ്ണിരാജ തുടങ്ങിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ വിശകലനങ്ങളും അതിലുണ്ട്. പട്ടാഭി സീതാരാമയ്യയെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും നിരവധി ചരിത്രകാരന്മാരുടെയും വിലയിരുത്തലുകളുമുണ്ട്.
ഇ.എം.എസ് നമ്പൂതിരിപ്പാട് പിന്നീട് ഈ ലഘുലേഖ ഒരു വ്യാഖ്യാനത്തോടെ വിപുലപ്പെടുത്തിയിട്ടുണ്ട്. 'കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥത്തില്‍ അതു ചേര്‍ത്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പഠനങ്ങളുടെയെല്ലാം പൊതുസ്വഭാവം മലബാര്‍ വിപ്ലവത്തിന്റെ പുരോഗമന സ്വഭാവം തിരയുക എന്നതാണ്. മാപ്പിളമാരെ കര്‍ഷകരും തൊഴിലാളികളുമായി വര്‍ഗീകരിച്ച് അവരെ ബ്രിട്ടീഷുകാര്‍ക്കും കോണ്‍ഗ്രസ്സിനും എതിരെ നിര്‍ത്തുക എന്ന ലക്ഷ്യമാണ് അവക്കുള്ളത്. സമരനേതാവായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എ.കെ.ജി നടത്തിയ പ്രസംഗവും സര്‍ദാര്‍ ചന്ദ്രോത്തിന്റെ വര്‍ണനയുമെല്ലാം ആ മട്ടിലാണ്.
ആ വിപ്ലവത്തിന്റെ മുഖ്യവേദിയായ  പെരിന്തല്‍മണ്ണക്ക് അടുത്ത ഏലംകുളത്താണ് ഇ.എം.എസ് ജനിച്ചുവളര്‍ന്നത്. അക്കാലത്ത് പതിനൊന്ന് വയസ്സാണ്. വ്യക്തിപരമായ അനുഭവമുണ്ട്. അത് ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് പഠനങ്ങള്‍

വിപ്ലവത്തിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വേദിയൊരുക്കിയ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുള്ള വിലയിരുത്തലാണല്ലോ പ്രധാനം. എത്ര ആവേശത്തോടെയാണോ കോണ്‍ഗ്രസ് നേതാക്കള്‍ ഖിലാഫത്ത് പ്രസ്ഥാനം വളര്‍ത്തിയെടുത്തത്, അത്രമേല്‍ ഉത്സാഹത്തോടെ തന്നെ അവരതിനെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. പ്രാദേശിക സംഘാടകനായ കെ. മാധവന്‍ നായര്‍ മുതല്‍ പ്രത്യയശാസ്ത്രം ചമച്ച മഹാത്മജി വരെയുള്ളവര്‍ അതാണ് ചെയ്തത്. ആ അടുപ്പവും അകല്‍ച്ചയുമൊക്കെ അവരുടെ രചനകളില്‍ തെളിഞ്ഞുകാണാം.
ഗാന്ധിജിയുടെ രചനകള്‍ ആനുകാലികമാണ്. സംഭവങ്ങള്‍ വികസിച്ചുകൊണ്ടിരിക്കെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രഥമ പ്രതികരണങ്ങളാണ്. വാര്‍ത്തകളോടും കത്തുകളോടുമുള്ള പ്രതികരണങ്ങള്‍. അതുകൊണ്ട് തന്നെ അവ വൈകാരികവുമാണ്. സമരത്തെ വര്‍ഗീയമെന്ന് മുദ്രകുത്തുന്നതിന് എതിരെ ഹസ്രത്ത് മൊഹാനി നടത്തിയ പ്രസംഗത്തോടുള്ള പ്രതികരണത്തിലൊക്കെ ഇതു നിഴലിച്ചുകാണാം. 'യങ്ങ് ഇന്ത്യ',  'ഹരിജന്‍' തുടങ്ങിയ സ്വന്തം  പ്രസിദ്ധീകരണങ്ങളിലാണ് ഗാന്ധിജി ഇതെഴുതിയത്. ഇതൊക്കെയും ഗാന്ധിജിയുടെ സമ്പൂര്‍ണ കൃതികളില്‍ ഉണ്ട്. പൂര്‍ണോദയാ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരമ്പരയിലെ 99, 100 വാള്യങ്ങള്‍ പൂര്‍ണമായും വിഷയവിവരപ്പട്ടികയാണ്. അതില്‍ വിഷയക്രമത്തില്‍ തിരയാന്‍ എളുപ്പമാണ്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ഗാന്ധിജിയും കേരളവും' എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗം മലബാര്‍ വിപ്ലവത്തെക്കുറിച്ചാണ്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനം ആ സമരത്തിന്റെ പ്രചാരണത്തിനായിരുന്നുവല്ലോ.
ബാരിസ്റ്റര്‍ എ.കെ പിള്ള തയാറാക്കിയ 'കോണ്‍ഗ്രസ്സും കേരളവും'  പുസ്തകമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുള്ള ആദ്യ  ഔദ്യോഗിക രേഖ. കെ.പി.സി.സിയുടെ അനുവാദത്തോടെ 1935-ല്‍ പ്രസിദ്ധീകരിച്ചതാണിത്. പട്ടാഭി സീതാരാമയ്യ രചിച്ച ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും സാന്ദര്‍ഭികമായി സമരം കടന്നുവരുന്നുണ്ട്. ഔദ്യോഗികമായ രേഖകളേക്കാള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്ന് അധികമുള്ളത് നേതാക്കളുടെ വ്യക്തിപരമായ വിശദീകരണങ്ങളാണ്. ഏറനാട്ടിലെ പ്രധാന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി.യുടെ സെക്രട്ടറിയും പ്രസിഡന്റും എല്ലാം ആയിരുന്ന മാധവന്‍ നായരാണ് ആദ്യമായി പേനയെടുക്കുന്നത്.
1923-ല്‍ മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചു. ഏറെക്കഴിയും മുമ്പുതന്നെ മാധവന്‍ നായരുടെ പരമ്പര വന്നുതുടങ്ങി. സംഭവത്തോട് സുദൃഢമായ ബന്ധമുള്ളവര്‍ക്ക് അതേക്കുറിച്ച് വിധിയെഴുതാന്‍ കഴിയില്ലെന്ന നെഹ്‌റുവിന്റെ മുന്നറിയിപ്പിന്റെ തെളിവായിരുന്നു മാധവന്‍ നായരുടെ വിവരണം. അതു കൊണ്ടുതന്നെ ഉടന്‍ പ്രതികരണമുണ്ടായി. സംഭവങ്ങളുമായി മാധവന്‍ നായര്‍ക്കുള്ള അതേയളവില്‍ ബന്ധമുള്ള മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍ മാധവന്‍ നായരുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ആ പരമ്പര മാതൃഭൂമി നിര്‍ത്തിവെച്ചു. മാധവന്‍ നായര്‍ 1933-ല്‍ മരിച്ചു. പിന്നീട് 1970-ലാണ് മാധവന്‍ നായരുടെ പേരില്‍ 'മലബാര്‍ കലാപം' പുസ്തകമായി ഇറങ്ങുന്നത്.  ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇ. മൊയ്തു മൗലവി 'ചരിത്ര ചിന്തകള്‍' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മാധവന്‍ നായരുടെ പുസ്തകത്തിന് അവതാരികയെഴുതിയത് കെ. കേളപ്പനാണ്. കെ.പി കേശവ മേനോന്റെ പ്രസ്താവനയും പുസ്തകത്തില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. രണ്ടിലും മാധവന്‍ നായരുടെ വിവരണങ്ങള്‍ ശരിവെക്കുന്ന ധ്വനിയുണ്ട്. 
കെ. കോയട്ടി മൗലവി എഴുതിയ '1921-ലെ മലബാര്‍ ലഹള' എന്ന പുസ്തകം മാധവ മേനോന്‍ പറഞ്ഞ കാര്യങ്ങളെ മറ്റൊരു ഭാഗത്തുനിന്നു നോക്കുന്നതാണ്.  മാധവന്‍ നായരെയും കേശവമേനോനെയും പോലെ തന്നെ പ്രാധാന്യമുള്ള കോഴിപ്പുറത്ത് മാധവമേനോനാണ് അതിന് അവതാരിക എഴുതിയത്. മാധവന്‍ നായരുടെ ലേഖന പരമ്പരക്കും പുസ്തകത്തിനും ഇടയിലാണ് കോയട്ടി മൗലവിയുടെ പുസ്തകം വരുന്നത്.  മാധവന്‍ നായര്‍ കണ്ടതുപോലെയല്ല മാധവമേനോന്‍ കാര്യങ്ങള്‍ കാണുന്നത്.
ഖിലാഫത്ത് പ്രസ്ഥാനത്തോടും മലബാര്‍ വിപ്ലവത്തോടും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്ന യോജിപ്പും വിയോജിപ്പുമെല്ലാം അവരുടെ ആത്മകഥകളിലും ജീവചരിത്രങ്ങളിലും പതിഞ്ഞുകിടപ്പുണ്ട്. മൊയ്തു മൗലവിയുടെയും കെ.പി കേശവമേനോന്റെയും മൊയ്യാരത്ത് ശങ്കരന്റെയും ആത്മകഥകള്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, എം.പി നാരായണ മേനോന്‍, മോഴികുന്നത്ത് (ബ്രഹ്മദത്തന്‍ നമ്പൂതിരി) എന്നിവരുടെ ജീവചരിത്രങ്ങള്‍ എന്നിവ ഈയവസരത്തില്‍ താരതമ്യ പഠനത്തിന് എടുക്കാവുന്നതാണ്.
സമരത്തിന്റെ സംഘാടകരും നേതാക്കളുമായിരുന്ന മറ്റു പലരുടെയും ജീവചരിത്രങ്ങള്‍ ലഭ്യമാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, കെ.എം മൗലവി എന്നിവരുടെയൊക്കെ ജീവചരിത്രം തയാറാക്കിയത് ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമാണ്. സമരത്തെക്കുറിച്ച് അക്കാദമിക പഠനം നടത്തിയ വിദേശികളും സ്വദേശികളുമായ അനവധി പേരുടെ സഹായിയായും അബ്ദുല്‍ കരീമിനെ കാണാം.

ഉദ്യോഗസ്ഥരും ഗവേഷകരും

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് വഴിവെച്ചവരില്‍ പ്രധാനി മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടാണ് -  വെള്ളക്കാരനായ ആര്‍.എച്ച് ഹിച്ച്‌കോക്ക്. വിപ്ലവം അടിച്ചൊതുക്കിയ ശേഷം അതിനെക്കുറിച്ച് അന്വേഷിക്കാന്‍  ഹിച്ച്‌കോക്കിനെ തന്നെയാണ് അധികാരികള്‍  ചുമതലപ്പെടുത്തിയത്. ആ റിപ്പോര്‍ട്ടാണ് പിന്നീട്  'പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍ - 1921' എന്ന പേരില്‍ പുസ്തകമായത്. 1925-ലാണ് ഹിച്ച്‌കോക്കിന്റെ പുസ്തകം പുറത്തുവന്നത്. അതിനു മുമ്പുതന്നെ ഉദ്യോഗസ്ഥ ഭാഷ്യം പുസ്തകമായി വന്നിട്ടുണ്ട്. അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ ഡെപ്യൂട്ടി കലക്ടര്‍ സി. ഗോപാലന്‍ നായരുടെ പുസ്തകമാണൊന്ന്. പൂര്‍ണമായും പോലീസ് റിപ്പോര്‍ട്ടുകളും പത്ര റിപ്പോര്‍ട്ടുകളും ആശ്രയിച്ചാണ് സി. ഗോപാലന്‍ നായര്‍ 'മാപ്പിള ലഹള' എന്ന പുസ്തകം എഴുതിയത്. അക്കാര്യം അദ്ദേഹംതന്നെ ആമുഖമായി പറയുന്നുണ്ട്.
1921-ലുണ്ടായത് അവസാനത്തെ പൊട്ടിത്തെറിയാണ്. അതിനു മുമ്പ് എണ്‍പതോളം ചെറുത്തുനില്‍പ്പു സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഏറനാട്ടില്‍ തന്നെയാണ് ഏറെയും. മണ്ണാര്‍ക്കാട് കലാപം പോലെ വള്ളുവനാട്ടിലും മട്ടന്നൂര്‍ കലാപം പോലെ വടക്കന്‍ താലൂക്കിലും വല്ലപ്പോഴും പൊട്ടിത്തെറികള്‍ ഉണ്ടായെങ്കിലും ഏറനാടാണ് പ്രഭവകേന്ദ്രം. എല്ലാറ്റിലും പോരാളികളും എതിരാളികളും വ്യക്തമായിരുന്നു.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒരു ഭാഗത്ത്. അതില്‍ കീഴ്ജാതിക്കാരായ ഹിന്ദുക്കളുമുണ്ടായിരുന്നു. എങ്കിലും മാപ്പിള കര്‍ഷകര്‍ തന്നെയാണ് മുന്നണിയില്‍. എതിര്‍ഭാഗത്ത്  ജന്മിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും. മാപ്പിളമാരുടെ ഹാലിളക്കം എന്നും വര്‍ഗീയ കലാപങ്ങള്‍ എന്നുമൊക്കെ പറഞ്ഞ് അവഗണിക്കാന്‍ നോക്കിയെങ്കിലും ഇത് തുടര്‍ന്നപ്പോള്‍ കാരണം അന്വേഷിക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ നിര്‍ബന്ധിതരായി. അങ്ങനെ പലപ്പോഴായി റവന്യൂ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അതിന്റെയൊക്കെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. കലാപങ്ങള്‍ക്ക് കര്‍ഷക അസംതൃപ്തി കാരണമായി കാണാമെന്ന് ആ റിപ്പോര്‍ട്ടുകളിലൊക്കെ പറയുന്നുമുണ്ട്. വില്യം ലോഗന്‍ 'മലബാര്‍ മാന്വലി'ല്‍ ഇതൊക്കെ വിവരിക്കുന്നുണ്ട്. 'മലബാര്‍ കലാപം - പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന പുസ്തകത്തില്‍ കെ.എന്‍ പണിക്കര്‍ ഈ റിപ്പോര്‍ട്ടുകളൊക്കെയും വിശദമായി ഉദ്ധരിക്കുന്നുണ്ട്. 
1921-ലെ രാഷ്ട്രീയ സമരം സായുധ കലാപമായി പരിണമിച്ചതിന്റെ സാമ്പത്തിക കാരണങ്ങള്‍ മനസ്സിലാകണമെങ്കില്‍ ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥരുടെ ഈ റിപ്പോര്‍ട്ടുകള്‍ കൂടി കാണണം. കെ. എന്‍ പണിക്കര്‍, എം. ഗംഗാധരന്‍, കെ.കെ.എന്‍ കുറുപ്പ്, പി.കെ മൈക്കിള്‍ തരകന്‍ എന്നീ കേരളത്തിന്റെ  പ്രാമാണികരായ ചരിത്രകാരന്മാര്‍ നാലുപേരും ആ സാമ്പത്തിക കാരണങ്ങള്‍ കണക്കിലെടുത്താണ് കാര്‍ഷിക കലാപം  എന്നൊരു വശവും ഇതിനുണ്ടെന്ന് പറയുന്നത്. ഇവരില്‍ എം. ഗംഗാധരന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ വര്‍ഗീയ വിശകലനങ്ങളും പരിഗണിക്കുന്നതായി കാണാം. 'തുര്‍ക്കിയില്‍ തോറ്റതോടെ ഇല്ലാതായ ഇസ്‌ലാമിക ഖിലാഫത്തിന് ഏഷ്യയില്‍ പുനര്‍ജന്മം കൊടുക്കാനാണ് മാപ്പിളമാര്‍ ശ്രമിച്ചത്' എന്നൊരു വാദം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. അങ്ങനെ കരുതാവുന്ന സാഹചര്യമുണ്ടെന്ന് എം. ഗംഗാധരന്‍ നിരീക്ഷിച്ചുപോകുന്നുണ്ട്.
കൊണാര്‍ഡ് വുഡ്ഡ് എഴുതിയ പുസ്തകം (മാപ്പിള റിബല്യന്‍ ആന്റ് ഇറ്റ്‌സ് ജെനസിസ്) പ്രശസ്തമാണ്. സ്റ്റീഫന്‍ എഫ് ഡെയ്ല്‍, ഡി. എന്‍ ദനാഗരെ, ആര്‍.എല്‍  ഹാര്‍ഡ് ഗ്രേവ് ജൂനിയര്‍, കാതലിന്‍ ഗഫ്, ഡേവിഡ് ആര്‍നോള്‍ഡ് എന്നീ പടിഞ്ഞാറന്‍ ഗവേഷകരൊക്കെ ശ്രദ്ധേയമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം അക്കാദമിക പഠനങ്ങളിലൂടെയാണ് വിപ്ലവം സംബന്ധിച്ച രേഖകള്‍ എവിടെയൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് സാമാന്യജനങ്ങള്‍ അറിഞ്ഞത്. ഇത് പില്‍ക്കാല ശ്രമങ്ങളെ എളുപ്പമാക്കിയിട്ടുണ്ട്.
എം.പി നാരായണ മേനോന്റെ ജീവചരിത്രം എഴുതിയ പ്രഫസര്‍ എം.പി.എസ് മേനോനും കെ.എന്‍ പണിക്കരും, കോടതിരേഖകള്‍, മദിരാശി നിയമസഭാ രേഖകള്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് രേഖകള്‍ എന്നിവയൊക്കെ പരിചയപ്പെടാന്‍ അവസരമൊരുക്കുന്നു.
പഴയ സോവിയറ്റ് നാട്ടില്‍നിന്നുള്ള ഒരു സംഘം സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമുണ്ട്. 1919 -'24 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന ജനകീയ സമരങ്ങളെക്കുറിച്ചാണത്. അതില്‍ മലബാര്‍ വിപ്ലവത്തെക്കുറിച്ച് കാര്യമായി പറയുന്നുണ്ട്. വി.വി. ബലാബുഷേവിച്ച്, എ.എം ദിയാക്കോവ് എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ആ ഗ്രന്ഥം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 'സമകാലിക ഭാരത ചരിത്രം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. നാരായണന്‍ നായരാണ് പരിഭാഷ. സി. അച്യുതമേനോന്റെ അവതാരിക.
മലബാര്‍, മാപ്പിള പശ്ചാത്തലങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത രണ്ടു പഠനങ്ങളുണ്ട്. റോളണ്ട് ഇ. മില്ലറുടെ മാപ്പിള മുസ്‌ലിംകള്‍, ടി. മുഹമ്മദിന്റെ മാപ്പിള സമുദായം എന്നിവയാണവ.
ആ കാര്‍ഷിക വിപ്ലവത്തെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങള്‍ ഇനിയും നിലച്ചിട്ടില്ല. കെ.ടി ജലീലിന്റെ ഗവേഷണ പ്രബന്ധം പുസ്തകമായി പുറത്തുവന്നത് അടുത്ത കാലത്താണ്. 'മലബാര്‍ കലാപം ഒരു പുനര്‍വായന' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പിണറായി വിജയന്‍ അബനി മുഖര്‍ജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
വാഗണ്‍ ട്രാജഡിയെക്കുറിച്ച് ഡോ. ശിവദാസന്റെ പഠനം, കോഴിക്കോട് താലൂക്കിലെ സമരനേതൃത്വത്തെക്കുറിച്ച് മോയിന്‍ മലയമ്മ,  ആലി മുസ്‌ലിയാരെക്കുറിച്ച് ശിഹാബ് പൂക്കോട്ടൂര്‍ അങ്ങനെയങ്ങനെ ഗവേഷണങ്ങളും പുസ്തകങ്ങളും തുടരുകയാണ്. ഈയിനത്തില്‍ പ്രത്യേകതയുള്ള ഒന്ന്, വിപ്ലവത്തിലെ സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ച പി. ഗീതയുടെ 'ചരിത്ര വര്‍ത്തമാനങ്ങള്‍' എന്ന പുസ്തകമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ, ആലി മുസ്‌ലിയാരുടെ മകള്‍ എന്നിവരെയൊക്കെ പരിചയപ്പെടാം.
പ്രാദേശിക ചരിത്രം എന്ന നിലയിലും പത്രപ്രവര്‍ത്തകരുടെ സഹജമായ കൗതുകത്തോടെ ചെയ്തത് എന്ന നിലയിലും ശ്രദ്ധേയമായ ഒരു പുസ്തകമുണ്ട്. എ.കെ കോടൂരിന്റെ ആഗ്ലോ- മാപ്പിള യുദ്ധം. മലപ്പുറത്തുകാരനാണ് ഗ്രന്ഥകാരന്‍. പി.ടി.ഐ ലേഖകനുമായിരുന്നു. 1974-ലൊക്കെ അദ്ദേഹം ഗവേഷണത്തിലായിരുന്നു. ജയില്‍വാസം കഴിഞ്ഞു വന്ന പ്രധാന പോരാളികളെത്തന്നെ പലരെയും അഭിമുഖം നടത്തിയിട്ടുണ്ട്. അതിനാല്‍തന്നെ വിശദാംശങ്ങളാല്‍ സമ്പന്നമാണ് ആംഗ്ലോ- മാപ്പിള യുദ്ധം. അതിന്റെ പുതിയ പതിപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിയുന്നു.
പത്രപ്രവര്‍ത്തകനായ തിരൂര്‍ ദിനേശിന്റെ പുസ്തകവും (മാപ്പിളലഹള: സത്യവും മിഥ്യയും) അനുഭവസ്ഥരുടെ അഭിമുഖങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ്.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌