Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

ദല്‍ഹി വംശഹത്യ പോലീസ് അന്വേഷണത്തിലെ മതവും ജാതിയും

പി.പി ജസീം

പൗരത്വ പ്രക്ഷോഭകരെ കലാപകാരികളാക്കാനുള്ള വ്യഗ്രതയില്‍ വേണ്ട വണ്ണം ഗൃഹപാഠം നടത്താത്തതിന്റെ കുറവുകള്‍ ഫെബ്രുവരി അവസാനവാരത്തില്‍ ദല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ സ്പഷ്ടമാണ്. വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും കരിനിയമങ്ങള്‍ ചുമത്തി കാരാഗൃഹത്തിലടക്കുന്ന നടപടി അനുസ്യൂതം തുടരുകയുമാണ്. നട്ടാല്‍ മുളക്കാത്ത നുണകളാലും പൊരുത്തക്കേടുകളാലും സമ്പന്നമായ പൊലീസ് കുറ്റപത്രങ്ങള്‍ കൂടുതല്‍ പരിശോധന അര്‍ഹിക്കുന്നതാണ്.     
ദല്‍ഹി കലാപത്തില്‍ അമ്പത്തിമൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളും. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജീവനക്കാരനായ അങ്കിത് ശര്‍മയുടെ കൊലപാതകമാണ് ഇവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രതിനിധിയായ കൗണ്‍സിലര്‍ ത്വാഹിര്‍ ഹുസൈനടക്കം പ്രതിയാക്കപ്പെട്ടതാണ് ആ കൊലപാതകത്തെ സവിശേഷ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നത്. 
ത്വാഹിര്‍ ഹുസൈനെ കേന്ദ്ര കഥാപാത്രമാക്കി ദല്‍ഹിയില്‍ സമാധാനപൂര്‍വം നടന്ന പൗരത്വ പ്രക്ഷോഭത്തിലെ മുന്‍നിര സമരപോരാളികളെ കലാപവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് കേസിലെ കുറ്റപത്രത്തില്‍ കലാപത്തിന്റെ നാള്‍വഴി വിശദീകരിക്കുന്നതിലൂടെ പൊലീസ് നടത്തുന്നത്. പൗരത്വ പ്രതിഷേധങ്ങളെല്ലാം കലാപത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് 'കണ്ടെത്തല്‍'. 1500 വാക്കുകളില്‍ സവിസ്തരം പരാമര്‍ശിക്കുന്ന കലാപത്തിന്റെ നാള്‍വഴിയില്‍ പ്രതിഷേധം അരങ്ങേറിയ ജാമിഅ മില്ലിയ്യയും ശാഹീന്‍ ബാഗും മുതല്‍ വടക്കു കിഴക്ക് ജില്ലയിലെ ശാഹീന്‍ ബാഗ് സമരങ്ങള്‍ വരെ ഇടം പിടിച്ചിട്ടുണ്ട്.    

പൊലീസ് കണ്ട സ്ഫടിക കുപ്പികളും കാണാതെ പോയ വെടിയുണ്ടകളും

 കലാപത്തില്‍ വലിയൊരു വിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കുറ്റപത്രത്തിലെ കണക്കനുസരിച്ച് പരിക്കേറ്റ 581 പേരില്‍ 97 പേരില്‍നിന്നാണ് വെടിയുണ്ടകള്‍ നീക്കം ചെയ്തത്. ലൈസന്‍സുള്ള ത്വാഹിര്‍ ഹുസൈന്റെ  തോക്കും അതില്‍ കാണാതായ ഇരുപത്തിരണ്ട് വെടിയുണ്ടകളും പൊലീസ് ഗൗരവത്തില്‍ തന്നെ അന്വേഷിക്കുന്നുണ്ട്. എന്തിനേറെ സ്ഫടികകുപ്പികളും അവ സൂക്ഷിക്കാനുണ്ടാക്കിയ പെട്ടികളും വരെ തെളിവായി ത്വാഹിര്‍ ഹുസൈന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. 
ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ ഡിസംബര്‍ 13-നും 15-നും നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചുകളും തുടര്‍ സംഭവങ്ങളും, ശാഹീന്‍ ബാഗിലെ വല്യുമ്മമാരുടെ ഐതിഹാസിക സമരവും, ദല്‍ഹിയിലും രാജ്യത്തുടനീളവും തുടര്‍ന്ന് രൂപം കൊണ്ട സമാന സമരങ്ങളുമെല്ലാം വര്‍ഗീയ ധ്രുവീകരണത്തിലേക്കും പിന്നീട് കലാപത്തിലേക്കും നയിച്ചെന്നാണ് കുറ്റപത്രം പറയുന്നത്. പക്ഷേ ഇവിടങ്ങളിലെല്ലാം തോക്കുമായി പ്രത്യക്ഷപ്പെട്ട ഹിന്ദുത്വവാദികളെയോ അവരുതിര്‍ത്ത വെടിയുണ്ടകളെയോ കാണാതെ പോയെന്നതാണ് പൊലീസ് അന്വേഷണത്തിലെ അതിശയിപ്പിക്കുന്ന കാര്യം.  
ജനുവരി മുപ്പതിന് ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ പൗരത്വവിരുദ്ധ റാലിക്ക് നേരെ വെടിയുതിര്‍ത്ത ഹിന്ദുത്വവാദി ഗോപാല്‍ ശര്‍മ 'നിനക്ക് സ്വാതന്ത്ര്യം ഞാന്‍ തരാമെടാ' എന്നാക്രോശിച്ചാണ് വെടിയുതിര്‍ത്തത്. തടയാന്‍ ശ്രമിച്ച കശ്മീരീ വിദ്യാര്‍ഥിക്കു പൊലീസ് നോക്കിനില്‍ക്കെ വെടിയേറ്റു. മണിക്കൂറുകള്‍ക്ക് മുമ്പ് എഫ്.ബിയില്‍ താന്‍ പ്രക്ഷോഭകരുടെ കളി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പരസ്യമായി ഭീഷണി മുഴക്കിയാണ് ഗോപാല്‍ ശര്‍മ നിറയൊഴിച്ചത്. ശേഷം മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യം നടത്തിയ അന്വേഷണം ഗോപാല്‍ ശര്‍മയുടെ പ്രായം സംബന്ധിച്ചായിരുന്നു. സ്വകാര്യ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ഗോപാലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മിനിറ്റുകള്‍ക്കകം ട്വീറ്റ് ചെയ്തു. ആരാണ് ഈ ഭീകരന് തോക്കെത്തിച്ചു നല്‍കിയതെന്നോ അയാളില്‍ മുസ്‌ലിംവിരോധം കുത്തിനിറച്ചതെന്നോ വെടിവെപ്പിന് പരിശീലനം നല്‍കിയതെന്നോ ഉള്ള സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാതെ പോയി. ജാമിഅ പ്രതിഷേധം കലാപത്തിന് കാരണമായെന്ന് വാചാലമാകുന്ന കുറ്റപത്രം പക്ഷേ ഗോപാല്‍ ശര്‍മയെ കണ്ടില്ലെന്നു നടിക്കുന്നത് കലാപത്തെക്കുറിച്ച പൊലീസ് അന്വേഷണത്തിന്റെ മതമേതാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. 
ശാഹീന്‍ ബാഗ് സമരവും വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിച്ച പൊലീസ് പക്ഷേ അവിടെ കയറി വെടിയുതിര്‍ത്ത കപില്‍ ഗുജ്ജറിന്റെ കാര്യത്തിലും സമാനരീതി തുടര്‍ന്നു. 'ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ഇവിടെ ഞങ്ങള്‍ മാത്രം വാണാല്‍ മതി. ജയ്ശ്രീറാം' എന്ന് വിളിച്ചുപറഞ്ഞാണ് ഗുജ്ജാര്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്. കപില്‍ ഗുജ്ജാറിനെ പിടികൂടി നാട്ടുകാര്‍ പൊലീസിന് കൈമാറി. ഇതിനു ശേഷവും ജാമിഅയില്‍ രണ്ട് തവണയെങ്കിലും ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. വെടിയുണ്ടകള്‍ പൊലീസ് എടുത്തുകൊണ്ടുപോയതല്ലാതെ അതില്‍ കേസെടുത്തോ എന്നു പോലും പുറംലോകമറിഞ്ഞില്ല. ആരും പിടിക്കപ്പെട്ടുമില്ല. ദേശവഞ്ചകരെ വെടിവെച്ചുകൊല്ലാന്‍ ആക്രോശിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശവും ദല്‍ഹി പൊലീസിന്റെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
കലാപം പൊട്ടിപ്പുറപ്പെട്ട മൗജ്പൂരില്‍ മണിക്കൂറുകള്‍ക്കു മുമ്പേ തമ്പടിച്ചവരില്‍ തോക്കുധാരിയായി പ്രത്യക്ഷപ്പെട്ട മറ്റൊരു ഹിന്ദുത്വവാദി രാഗിണി തിവാരി ആക്രോശിച്ചത് ഇങ്ങനെയായിരുന്നു: ''എല്ലാ സനാതന ധര്‍മവിശ്വാസികളും പുറത്തിറങ്ങൂ. സനാതന ധര്‍മത്തിന് മേലുള്ള കൈയേറ്റം ഒരുപാടായി. ഇനി സഹിക്കാനാകില്ല. കൊല്ലൂ, അല്ലെങ്കില്‍ മരിക്കൂ. ബാക്കിയെല്ലാം പിന്നെ നോക്കാം. ഇന്ന് തിളക്കാത്ത രക്തം രക്തമല്ല. അത് വെറും പച്ചവെള്ളമാണ്.'' മൗജ്പൂരില്‍ വെളുക്കുവോളം ചെലവിട്ട രാഗിണിയുടെ രക്തം തിളച്ചുമറിഞ്ഞുകാണണം. നിരവധി തവണ ആകാശത്തേക്ക് നിറയൊഴിച്ച രാഗിണി ഒടുവില്‍ സംഘ്പരിവാര്‍ കലാപകാരികള്‍ കലാപത്തിനായി ക്യാമ്പ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന മോഹന്‍ നഴ്‌സിങ് ഹോമിനു മുന്നിലെ പൗരത്വ സമരക്കാര്‍ക്ക് നേരെയും നിറയൊഴിച്ചു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്ന്, ഭയം കാരണം പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വ്യക്തിയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പൊലീസ് അത് കൈപ്പറ്റിയെന്ന് കാണിച്ച് റസീപ്റ്റും കൈമാറി. പക്ഷേ ഇവയൊന്നും ആ നാള്‍വഴികളില്‍ ഒരിടത്തും കാണാനില്ല. മുസ്‌ലിം വീടുകളിലെ കുപ്പിഗ്ലാസുകള്‍ പോലും വമ്പന്‍ തെളിവുകളാകുമ്പോള്‍, സംഘ്പരിവാര്‍ വെടിയുണ്ടകള്‍ അപ്പാടെ അപ്രത്യക്ഷമാകുന്ന മറിമായമാണ് ദല്‍ഹി പോലീസിന്റെ കലാപത്തെക്കുറിച്ച അന്വേഷണമെന്ന് ചുരുക്കം. 

പൊലീസ് പങ്കും കപില്‍ മിശ്രയുടെ ജാതീയ പരാമര്‍ശവും

''നിങ്ങള്‍ വിഷമിക്കണ്ട. ഇവരുടെ (മുസ്‌ലിംകളുടെ) മൃതദേഹങ്ങള്‍ കൊണ്ട് നാം ഈ തെരുവു നിറക്കും. തലമുറകളോളം ഇവരിത് ഓര്‍ത്തിരിക്കും.'' കലാപം നടന്ന ദയാല്‍പുരി പൊലീസ് സ്റ്റേഷനിലെ എ.സി.പി അനൂജ് കുമാര്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് ഉറപ്പുനല്‍കിയതാണു പോലും. പ്രദേശവാസിയായ റുബീന ബാനു പൊലീസിന് നല്‍കിയ പരാതിയിലുള്ളതാണിത്. ഇതുവരെയും ആ പരാതിയില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കലാപത്തില്‍ നേരിട്ട് പൊലീസ് പങ്കെടുത്തുവെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഈ പരാതി. 
ഈ സംഭവം ചാന്ദ് ബാഗ് സ്വദേശിയായ പരാതിക്കാരി റുബീന ബാനു വിശദീകരിക്കുന്നത് ഇങ്ങനെ: ഫെബ്രുവരി 24 ഉച്ചക്കു ശേഷം ഖുറേജ്ഖാസിലെ പൗരത്വ പ്രതിഷേധം നടക്കുന്ന സമരപന്തലിനടുത്ത് ഒരു കൂട്ടം സായുധരായ പൊലീസുകാരെത്തി. കപില്‍ മിശ്രയുടേതാണെന്നു പറഞ്ഞ് കീഴുദ്യോഗസ്ഥന്‍ ഫോണ്‍ എ.സി.പി അനൂജ്കുമാറിന് കൈമാറുന്നു. ഇതിനു ശേഷം 'ജി മിശ്രജി..' എന്നു പറഞ്ഞ് തുടങ്ങുന്ന സംഭാഷണത്തിലാണ് എ.സി.പി നേരത്തേ പറഞ്ഞ സ്‌ഫോടനാത്മകമായ പരാമര്‍ശം നടത്തുന്നത്. ദേശീയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ പരാതി പുറത്തുവിട്ടത്. 
ഇത്തരത്തിലെ നിരവധി പരാതികളിലായി ഒട്ടനവധി ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും ബി.ജെ.പി നേതാക്കന്മാര്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. പക്ഷേ പരാതി കൈപ്പറ്റിയതല്ലാതെ കേസെടുക്കുന്ന നടപടികള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. കപില്‍ മിശ്രക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റുബീന ബാനു പറയുന്നുണ്ട്. കപില്‍ മിശ്രക്കു പുറമെ യു.പി ബാഗ്പതിലെ ബി.ജെ.പി എം.പിയും മുന്‍ മുംബൈ പൊലീസ് കമീഷണറുമായിരുന്ന സത്യപാല്‍ സിങ്, യു.പി എം.എല്‍.എ നന്ദ് കിശോര്‍ ഗുജ്ജാര്‍, ദല്‍ഹി എം.എല്‍.എ മോഹന്‍ സിങ് ബിഷ്ത്ത്, മുന്‍ ദല്‍ഹി എം.എല്‍.എ ജഗ്ദീഷ് പ്രധാന്‍ എന്നിവര്‍ക്കെതിരായ പരാതികളാണ് പൊലീസ് മുക്കിയത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലെഫ്. ഗവര്‍ണര്‍, പൊലീസ് കമ്മീഷണര്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കും ഇതേ പരാതികള്‍ കൈമാറിയിട്ടുണ്ട്.
ഈ വാര്‍ത്ത വിവാദമായതോടെ വിശദീകരണവുമായി എത്തിയ ദല്‍ഹി പൊലീസ് റുബീന ബാനു അടക്കം ബുര്‍ഖ ധരിച്ച സ്ത്രീകള്‍ സായുധധാരികളായാണ് ഉണ്ടായിരുന്നതെന്ന പ്രത്യാരോപണം ഉന്നയിക്കുകയാണ് ചെയ്തത്. പരാതികളില്‍ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്. പോകട്ടെ, ഈ സ്ത്രീകള്‍ക്കെതിരെ ഭീഷണി ഉന്നയിച്ച പൊലീസ് എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും ഈ പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും വിശദീകരിച്ചില്ല. 
മറ്റു പല സ്‌ഫോടനാത്മകമായ വിവരങ്ങളും ദി കാരവന്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 23-ന് മുസ്‌ലിം ഗല്ലികളില്‍ കയറിയ വടക്കു കിഴക്കന്‍ ജില്ലയിലെ ഡി.സി.പി വേദ്പ്രകാശ് സൂര്യ പൗരത്വ പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ കലാപമുണ്ടാകും എന്ന് ഭീഷണി മുഴക്കിയതായ ദൃക്‌സാക്ഷികളുടെ പരാതികളാണ് അതിലൊന്ന്. ഈ ഡി.സി.പിയോടൊപ്പം നിന്നാണ് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഏറെ വിവാദമായ പ്രസംഗം നടത്തിയത്. കപില്‍ മിശ്ര ആയുധധാരികളായ കലാപകാരികളുമായി റോന്ത് ചുറ്റുമ്പോള്‍ വിളിച്ചു പറഞ്ഞ ജാതീയ പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്: 'നമ്മുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നവരെ ഇനി തലയിലിരുത്തി വാഴിക്കുകയാണോ നാം ചെയ്യേണ്ടത്?' കപില്‍ മിശ്ര അണികളോടായി ഇങ്ങനെ ചോദിച്ചെന്നാണ് മറ്റൊരു ദൃക്‌സാക്ഷി നല്‍കിയ പരാതിയിലുള്ളത്. ജയ്ഭീം മൂര്‍ദാബാദ് എന്നൊക്കെ അക്രമിക്കൂട്ടം വിളിച്ചുപറഞ്ഞെന്നും പരാതിയിലുണ്ട്. കലാപത്തിന് തൊട്ടുമുമ്പ് പൗരത്വ പ്രതിഷേധക്കാര്‍ ജാഫറാബാദിലെ റോഡ് ഉപരോധിച്ചത് സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ ഭീംആര്‍മി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൂടിയാണ്. ദലിത്-മുസ്‌ലിം ഭായ് ഭായ് വിളികള്‍ സംഘ്പരിവാറിനെ എത്രയാണ് അലോസരപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് കപില്‍ മിശ്രയുടെ ജാതീയ പരാമര്‍ശങ്ങള്‍. ഈ പരാതികളുടെ കാര്യത്തിലും പൊലീസ് കണ്ണടച്ചു. പൊലീസ് അന്വേഷണത്തിലെ മുസ്‌ലിം വിരുദ്ധതയും ദലിത് വിരുദ്ധതയുമാണ് ഇവ വെളിപ്പെടുത്തുന്നത്.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌