കോവിഡ് കൂട്ടിനെത്തിയപ്പോള്‍
കോവിഡ് മഹാമാരി പതിയെ വ്യാപിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കഴിഞ്ഞ മെയ് 16-ന് കുടുംബത്തെ നാട്ടിലാക്കി ഞാന്‍ യു.എ.ഇയിലേക്ക് തിരിച്ചു പറന്നത്. അവിടെ എത്തി അടുത്ത ദിവസം തന്നെ ലോക്ക് ഡൗണ്‍ ആരംഭിക്കുകയും ഓഫീസ് ജോലി വര്‍ക്ക് അറ്റ് ഹോം പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും ചെയ്തു. കൊറോണാ വൈറസ് പതിയെ പിടിമുറുക്കുകയും, നമ്മുടെ സഹായ ഹസ്തം ആവശ്യക്കാരിലേക്ക് അടിയന്തരമായി എത്തേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ യു.എ.ഇയിലെ പ്രാസ്ഥാനിക നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച്, സ്വയം സമര്‍പ്പിതരായ ഒരുപറ്റം പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ മേഖലാ തലത്തില്‍ 'സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 'വിംഗ്' രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു പിന്നീട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും കൗണ്‍സലിംഗും ഐസൊലേഷന്‍ സൗകര്യങ്ങളും വിമാന ടിക്കറ്റുകളും എന്ന് തുടങ്ങി ആവശ്യമായതെല്ലാം നിര്‍വഹിച്ചു കൊടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ ഈ ചെറു സംഘം ഇതെഴുതുമ്പോഴും അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുകയാണ്, അല്‍ഹംദു ലില്ലാഹ്.
സാധ്യതയനുസരിച്ച് ഈ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും ഓഫീസ് ജോലികള്‍ നിര്‍വഹിക്കുകയും ചെയ്ത് മുന്നോട്ടു പോകുന്നതിനിടയിലാണ്, ഏപ്രില്‍ 27-ന് (റമദാന്‍ 4) ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഫ്‌ളാറ്റില്‍ ഒന്നുരണ്ട് പേര്‍ക്ക് പനിവന്നു മാറിയതിനാല്‍, ആ അര്‍ഥത്തില്‍ ഒരു വൈറല്‍ ഫീവറായിരിക്കും എന്ന ധാരണയില്‍ ചില വീട്ടുവൈദ്യങ്ങളും, പനിഗുളികകളുമൊക്കെയായി മുന്നോട്ടു പോയി. പിന്നീടങ്ങോട്ട് ഭക്ഷണം തീരെ വേണ്ടാതായി. ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും. രാത്രി വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ അടുക്കളയില്‍ ബോധമറ്റു വീഴുകവരെ ചെയ്തു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി തൊട്ടടുത്ത് മെഡിക്കല്‍ സെന്ററിലും, അത്യാവശ്യം സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. രണ്ടാമത് കാണിച്ച ആശുപത്രിയില്‍ വീണ്ടും പോവുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്ത ശേഷം, അവിടുത്തെ റിപ്പോര്‍ട്ടുമായി ശൈഖ് ശക്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് (SSMC) പോയി. നടക്കാനൊന്നും സാധിക്കാത്ത നിലയില്‍ രണ്ടു സഹോദരങ്ങളുടെ തോളില്‍ കൈയിട്ടാണ് കൗണ്ടറിലെത്തിയത്. അവിടെയുള്ള ആള്‍ റിപ്പോര്‍ട്ട് കണ്ടതും 'കോവിഡ് പോസിറ്റീവ്' ആണല്ലോ എന്നും പറഞ്ഞ് ഉടന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയപ്പോഴാണ് ആ ക്ഷണിക്കപ്പെടാത്ത അതിഥി എന്നിലേക്കും എത്തി എന്ന് ഞാന്‍ തിരിച്ചറിയുന്നത്. ഒരു കോവിഡ് പോസിറ്റീവ് രോഗിയെയാണ് തങ്ങള്‍ ഇരു ചുമലും താങ്ങി കൊണ്ടുവന്നത് എന്ന് സുഹൃത്തുക്കളറിയുന്നതും അപ്പോള്‍ തന്നെ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ രണ്ട് സഹോദരങ്ങള്‍ക്കും, 'മേറ്റ്‌സ്' എന്ന താമസ സംവിധാനത്തില്‍ എന്നെ സദാ സമയവും പരിചരിച്ചിരുന്ന മറ്റുള്ളവര്‍ക്കും കോവിഡ് ബാധയേറ്റില്ല.
അനേകം കോവിഡ് രോഗികള്‍ തങ്ങളുടെ ഊഴവും കാത്ത് തുല്യ അകലങ്ങളിലിട്ട കസേരകളില്‍ മൂടിപ്പുതച്ച് ഇരിക്കെ തന്നെ, എന്റെ അവസ്ഥ ക് എന്നെ നേരെ വാര്‍ഡിലേക്കാണ് കൊണ്ടുപോയത്. ഇതര രാജ്യക്കാരായ മറ്റ് മൂന്ന് പേരുണ്ടായിരുന്നു ആ വാര്‍ഡില്‍. എല്ലാവരും പ്രായമായവര്‍. രോഗം എന്നിലേക്ക് എത്തി എന്ന് മനസ്സിലാക്കിയ ആ നിമിഷം ആത്മധൈര്യത്തോടെ മുന്നോട്ടു പോകാനുള്ള തീരുമാനമെടുത്ത് അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അറിയിച്ചു. പിന്നീടങ്ങോട്ട് എന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഞാനറിയുന്നവരും അറിയാത്തവരുമായ സഹോദരങ്ങളുടെ പ്രാര്‍ഥനകളാല്‍ നിറഞ്ഞു. അവിടം മുതല്‍ ഈ നിമിഷം വരെ, സുന്ദരമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആദ്യം തന്നെ പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതാക്കന്മാരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നും പ്രാര്‍ഥനകളും ആശ്വാസവചനങ്ങളും നിറഞ്ഞ ഫോണ്‍ കോളുകളും മെസ്സേജുകളും. അതോടൊപ്പം മുസഫയിലെയും യു.എ.ഇയിലെ ഇതര എമിറേറ്റുകളിലെയും പ്രവര്‍ത്തകരുടെ മനം നിറഞ്ഞ പിന്തുണ. എന്റെ അവസ്ഥ എന്താണെന്നറിയാതെ ആകുലപ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സൂം മീറ്റിംഗ് സംഘടിപ്പിച്ച് അവരുടെ ആശങ്കകള്‍ അകറ്റുകയാണ് മുസഫയിലെ പ്രാസ്ഥാനിക നേതൃത്വം ആദ്യമായി ചെയ്തത്. തുടര്‍ന്നങ്ങോട്ട് ഓരോ സന്ദര്‍ഭത്തിലും എന്റെ അപ്ഡേറ്റുകള്‍ അവര്‍ കുടുംബവുമായി പങ്കുവെച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം മുസഫയിലെ വനിതാ പ്രവര്‍ത്തകര്‍ എന്റെ ഇണയെ വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ അതത് സന്ദര്‍ഭങ്ങളില്‍ നല്‍കുന്നുണ്ടായിരുന്നു. എന്റെ പ്രിയതമ എനിക്ക് നല്‍കിയ മാനസിക പിന്തുണയും ധൈര്യവും എന്റെ രോഗശമനത്തില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.
രോഗം വന്ന മാത്രയില്‍, ആശുപത്രിവാസം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ടുള്ള നാളുകള്‍ അതിന് സഹായകമാകും വിധത്തിലായിരുന്നില്ല. ബാത്ത്‌റൂമില്‍ പോകാനടക്കം ഏറെ പ്രയാസപ്പെട്ടിരുന്ന എന്നെ വാര്‍ഡില്‍നിന്ന് രണ്ടാം ദിവസം സ്‌പെഷ്യലൈസ്ഡ് റൂമിലേക്ക് മാറ്റി. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള, സുന്ദരമായ പുറംകാഴ്ചകളുള്ള റൂമിലേക്കാണ് മാറ്റിയതെങ്കിലും അതൊന്നും ആസ്വദിക്കാനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരുന്നില്ല ഞാന്‍. സാധാരണക്കാരനായ ഒരന്യനാട്ടുകാരന് യു.എ.ഇ ഗവണ്‍മെന്റ് നല്‍കുന്ന തികച്ചും സൗജന്യമായ ഈ ചികിത്സ അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. ഇടതടവില്ലാതെ വന്ന് ശുശ്രൂഷ നല്‍കിക്കൊണ്ടിരിക്കുന്ന നഴ്‌സുമാരും, എല്ലാ ദിവസവും വിവരങ്ങളന്വേഷിച്ച് വിളിക്കുന്ന ഡോക്ടര്‍മാരുടെ ടീമും, ആരും കൊതിച്ചുപോകുന്ന മികച്ച ഭക്ഷണവുമൊക്കെയായി അമ്പരപ്പിക്കുന്ന സംവിധാനങ്ങള്‍. നമ്മുടെ നാട്ടിലാണെങ്കില്‍ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളുകള്‍ക്കു പോലും താങ്ങാനാകാത്ത ചികിത്സ.
രോഗത്തിന്റെ ആദ്യനാളുകളില്‍ തന്നെ വൈറസ് എന്റെ ലങ്‌സുകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ന്യൂമോണിയ ഉണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവര്‍ക്ക് ബാധിക്കുന്നതുപോലെയോ അതിലേറെയോ എന്നെ ഇത് ബാധിക്കാനുള്ള കാരണം ആശുപത്രിയില്‍ പോകാതെ വൈകിപ്പിച്ചതോ, രക്തത്തിലെ ഷുഗറിന്റെ സാന്നിധ്യമോ ആയിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് തികച്ചും സൗജന്യമായി ലഭിക്കുന്ന ഓക്‌സിജന്‍ ആണെന്ന് ബോധ്യപ്പെടുന്ന ദിവസങ്ങളായിരുന്നു പിന്നീട്. ആദ്യം മുതലേ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചിരുന്നെങ്കിലും, പലപ്പോഴും ശ്വാസം കിട്ടാതെ പിടയുകയും ഉറക്കത്തില്‍ ഇടതടവില്ലാതെ ശ്വാസം കിട്ടാതെ ഞെട്ടിയുണരുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് ഈ വിഷയം ബന്ധപ്പെട്ടവരോട് സൂചിപ്പിച്ചപ്പോള്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുക വഴി ഒരു പരിധിവരെ അതിന് ആശ്വാസം കണ്ടെത്താനായി. എങ്കിലും ഒന്ന് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ പോലും ഓക്‌സിജന്‍ സിലിണ്ടറും വഹിച്ച് പോകേണ്ടിവരിക എന്നത് ഏറെ പ്രയാസകരമായിരുന്നു.
വിദേശത്ത് മലയാളികള്‍ കോവിഡ് മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വായിച്ചപ്പോള്‍ പ്രായം ചെന്നവരെയോ കുട്ടികളെയോ ആണ് കോവിഡ് മരണത്തിലേക്കെത്തിക്കുക എന്നത് മിഥ്യാധാരണയാണെന്ന് ബോധ്യമായി. നിലവിലെ അവസ്ഥ വെച്ച് ആശുപത്രിയില്‍നിന്ന് ജീവിതത്തിലേക്കൊരു മടങ്ങിപ്പോക്ക് ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് ഞാന്‍ ഏതാണ്ട് മനസ്സിലുറപ്പിച്ചു. അങ്ങനെ കഴിഞ്ഞകാല ജീവിതത്തിന്റെ കണക്കെടുപ്പുകള്‍ നടത്തി. ഉറക്കമില്ലാത്ത രാത്രികളില്‍ പൊറുക്കലിനെ തേടി പടച്ച റബ്ബിനോട് കരഞ്ഞ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകരുടെ സാന്ത്വനമേകുന്ന വാക്കുകളും, കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും, ഇടതടവില്ലാതെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഒന്നുരണ്ട് സ്‌നേഹിതരും ആ സമയത്ത് മനസ്സാന്നിധ്യത്തോടെ പിടിച്ചുനില്‍ക്കാന്‍ ഏറെ കരുത്തു പകര്‍ന്നിട്ടുണ്ട്.
തുടര്‍ച്ചയായ പത്ത് കോവിഡ് ടെസ്റ്റുകള്‍ക്കു ശേഷം പതിനൊന്നാമത്തെ ടെസ്റ്റില്‍ ആ സന്തോഷവാര്‍ത്ത എത്തി; എന്റെ ടെസ്റ്റ് നെഗറ്റീവായിരിക്കുന്നു. പക്ഷേ, തുടര്‍ന്ന് നടന്ന രണ്ട് ടെസ്റ്റുകളും വീണ്ടും പോസിറ്റീവ് ആയതുകൊണ്ടും ഓക്‌സിജന്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാലും ആശുപത്രിയില്‍തന്നെ തുടരേണ്ടിവന്നു. അല്‍പം ആശ്വാസം തോന്നുകയും ഓക്‌സിജന്റെ അളവ് കുറക്കാന്‍ സാധിക്കുകയും ചെയ്തതോടെ മെയ് 21-ന് അവിടെ നിന്നും അല്‍ റഹ്ബ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു. അല്‍പ ദിവസത്തെ പരിചരണങ്ങള്‍ക്കും, രണ്ട് നെഗറ്റീവ് റിസള്‍ട്ടുകള്‍ക്കും ശേഷം മെയ് 25-ന് ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ഞാന്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാവുമ്പോള്‍ ഏതാണ്ട് പന്ത്രണ്ട് കിലോയിലധികം തൂക്കം കുറഞ്ഞിരുന്നു. 'താങ്കള്‍ ഭാഗ്യവാനാണ്, ആരുടെയൊക്കെയോ പ്രാര്‍ഥനകളോ താങ്കള്‍ ചെയ്ത സുകൃതങ്ങളോ ആണ് താങ്കളെ രക്ഷിച്ചത്' എന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ മൊഴിഞ്ഞപ്പോള്‍ 'എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ ആരാണെന്ന് എനിക്ക് നന്നായറിയാം, അവരെനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്' എന്നായിരുന്നു എന്റെ മറുപടി.
ആശുപത്രിവാസത്തിനു ശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ വാസവും കഴിഞ്ഞ് ഇപ്പോള്‍ നാട്ടിലെത്തി ക്വാറന്റൈനിലാണെങ്കിലും, ശാരീരികമായ ചില അസ്വസ്ഥതകള്‍ പൂര്‍ണമായി വിട്ടുപോയിട്ടില്ല. അത് ക്രമേണ മാത്രമേ പൂര്‍ണമായി സുഖപ്പെടൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്റെ രോഗാവസ്ഥയില്‍ അകം നിറഞ്ഞ പിന്തുണ നല്‍കി നിറ പ്രാര്‍ഥനകളോടെ കൂടെ നിന്നവരെ ഈ സന്ദര്‍ഭത്തില്‍ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുകയാണ്. ഈ മഹാമാരിയുടെ ഇരകളായവര്‍ക്ക് അല്ലാഹു പരിപൂര്‍ണ ശിഫ നല്‍കട്ടെ എന്നും, ഈ ദുരിതത്തെ ഈ ലോകത്തു നിന്ന് തുടച്ചുനീക്കട്ടെ എന്നും നമുക്ക് പ്രാര്‍ഥിക്കാം.
Comments