Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

അയാ സോഫിയയും പുതിയ കോടതിവിധിയും

1935-ല്‍ മുസ്തഫ കമാല്‍ പാഷ മ്യൂസിയമാക്കി മാറ്റിയ അയാ സോഫിയ (ഹാഗിയ സോഫിയ) കോടതിവിധിയിലൂടെ വീണ്ടും പള്ളിയായ വര്‍ഷം എന്ന പേരിലായിരിക്കും 2020 തുര്‍ക്കി ചരിത്രത്തില്‍ ഇനിമേല്‍ ഒരുപക്ഷേ അറിയപ്പെടുക. 482 വര്‍ഷം പള്ളിയായി നിലനിന്ന അയാ സോഫിയയെയാണ് മുസ്തഫ കമാല്‍ മ്യൂസിയമാക്കി മാറ്റിയത്. ചരിത്രത്തില്‍ പല കൈമാറ്റങ്ങള്‍ക്കും വിധേയമായ ആരാധനാലയമാണത്. തൊള്ളായിരം വര്‍ഷത്തോളം അവിടെ കിഴക്കന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നിലവിലുണ്ടായിരുന്നു. ബൈസന്റിയന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമനാണ് അത് നിര്‍മിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍നിന്നെത്തിയ കുരിശുസേനകള്‍ കത്തീഡ്രല്‍ കൈയേറുകയും കൊള്ളയടിക്കുകയും അതിനെ റോമന്‍ കാത്തലിക് ചര്‍ച്ച് ആക്കി മാറ്റുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കകം ബൈസന്റിയക്കാര്‍ ആരാധനാലയം തിരിച്ചുപിടിച്ച് പൂര്‍വ സ്ഥിതി പുനഃസ്ഥാപിച്ചു.
ക്രി. 1453 മെയ് 29-ന് സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഇസ്തംബൂള്‍ പിടിച്ചടക്കിയ ശേഷമാണ് അതൊരു പള്ളിയായി മാറുന്നത്. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഈ മാറ്റം സംബന്ധമായി പല ചര്‍ച്ചകളും ഒപ്പം വിവാദങ്ങളും ഉയരുന്നുണ്ട്. ഇസ്തംബൂള്‍ കീഴടക്കിയ ശേഷം മുഹമ്മദ് രണ്ടാമന്‍ ചര്‍ച്ച് വിലകൊടുത്ത് വാങ്ങിയെന്നും അത് പള്ളിയായി വഖ്ഫ് ചെയ്‌തെന്നുമാണ് ഒരുവിഭാഗം പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് പാശ്ചാത്യ നാടുകളിലുള്ള നിരവധി പള്ളികള്‍ മുമ്പ് ചര്‍ച്ചുകളായിരുന്നുവെന്നും അവ പിന്നീട് വിലകൊടുത്തു വാങ്ങി പള്ളികളാക്കി മാറ്റിയതാണെന്നുമുള്ള വസ്തുത പരിഗണിക്കുമ്പോള്‍ ഇതില്‍ അസ്വാഭാവികതയില്ല. പള്ളിയായി മാറിയതിനു ശേഷവും മുസ്‌ലിം ആരാധനാകര്‍മങ്ങളോടൊപ്പം ക്രൈസ്തവ ആരാധനാകര്‍മങ്ങളും സമാന്തരമായി നടന്നിരുന്നുവെന്നും പിന്നീട് ക്രൈസ്തവ ആരാധനകള്‍ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നുവെന്നുമുള്ള വിശദീകരണവും കാണുന്നുണ്ട്. അയാ സോഫിയയെ അക്കാലത്തെ പ്രശസ്ത ആര്‍ക്കിടെക്റ്റ് സിനാന്റെ കരവിരുത് കൂടുതല്‍ മനോഹരമാക്കുകയുണ്ടായി.
ഏതായാലും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മുസ്‌ലിം ലോകത്തും രണ്ടു പക്ഷമുണ്ട്. എന്തൊക്കെ ന്യായീകരണങ്ങളുണ്ടെങ്കിലും 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന ഖുര്‍ആനിക സൂക്തത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ഒരുപക്ഷം വാദിക്കുന്നു. രാജാക്കന്മാര്‍ ചെയ്യുന്നതിനെയൊക്കെയും ന്യായീകരിക്കേണ്ട കാര്യമില്ല. ജറൂസലമിലെ ക്രിസ്ത്യന്‍ ദേവാലയത്തിനകത്ത് ക്ഷണിക്കപ്പട്ടിട്ടും നമസ്‌കാരം നിര്‍വഹിക്കാതിരുന്ന രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ മാതൃക അവര്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ അവിടെ നമസ്‌കരിച്ചാല്‍ പില്‍ക്കാല മുസ്‌ലിംകള്‍ അതിന്റെ പേരില്‍ ആ ആരാധനാലയത്തിനു മേല്‍ അവകാശമുന്നയിച്ചേക്കുമോ എന്നായിരുന്നു ഖലീഫാ ഉമറിന്റെ പേടി. റേഡിയന്‍സ് ഇംഗ്ലീഷ് വാരികയില്‍ അതിന്റെ ചീഫ് എഡിറ്റര്‍ ഇഅ്ജാസ് അഹ്മദ് അസ്‌ലം പേരു വെച്ചെഴുതിയ എഡിറ്റോറിയലില്‍ സൂചിപ്പിച്ചതുപോലെ, ചരിത്രത്തില്‍ സംഭവിച്ചതിനെയൊക്കെ പഴയ രീതിയിലാക്കുക എന്നത് അതീവ ദുഷ്‌കരമാണ്. മുഹമ്മദ് രണ്ടാമന്‍ ചര്‍ച്ചിനെ പള്ളിയാക്കി മാറ്റാതിരുന്നെങ്കില്‍, മുസ്തഫ കമാല്‍ പള്ളിയെ മ്യൂസിയമാക്കി മാറ്റാതിരുന്നെങ്കില്‍ എന്നൊക്കെ ഒരാള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. ആദര്‍ശ സമൂഹമായ മുസ്‌ലിംകള്‍ ഇത്തരം കേവല പ്രതീകാത്മകതയില്‍ അഭിരമിക്കേണ്ടവരല്ലെന്നും, വൈജ്ഞാനിക മികവ് കൊണ്ടും സേവനതല്‍പ്പരത കൊണ്ടുമാണ് അവര്‍ ലോകത്തെ അതിജയിക്കേണ്ടതെന്നും ഇഅ്ജാസ് അസ്‌ലം തുടര്‍ന്ന് എഴുതുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കും അവരുടേതായ ന്യായങ്ങളുണ്ട്. ആ വീക്ഷണങ്ങള്‍ ഏറക്കുറെ പ്രതിഫലിപ്പിക്കുന്നുണ്ട് ഒരു തുര്‍ക്കി യൂനിവേഴ്‌സിറ്റിയില്‍ ഗവേഷകനായ മലയാളി വിദ്യാര്‍ഥി ഈ ലക്കത്തില്‍ എഴുതിയ 'നിരീക്ഷണ'ത്തില്‍.
മലബാര്‍ സമരത്തെക്കുറിച്ച് സവിശേഷ നിരീക്ഷണങ്ങള്‍ ഉള്ളടങ്ങിയ ലേഖനങ്ങളാണ് ഈ ലക്കത്തിന്റെ പ്രത്യേകത. അതില്‍ ഏറെ കൗതുകം ജനിപ്പിക്കുന്നത് മലബാര്‍ സമരത്തെക്കുറിച്ച് മൗലാനാ മൗദൂദി എഴുതിയ കുറിപ്പുകളാണ്. പില്‍ക്കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനും ദാര്‍ശനികനുമായി മാറിയ സയ്യിദ് മൗദൂദി അന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അല്‍ മുസ്‌ലിമിന്റെ യുവ പത്രാധിപരായിരുന്നു. കേരളത്തിനു പുറത്തെ മുസ്‌ലിം നേതാക്കളൊക്കെയും മലബാര്‍ സമരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുമ്പോഴാണ് മൗദൂദി അതിനെക്കുറിച്ച് മൂന്ന് എഡിറ്റോറിയലുകള്‍ 1921-ല്‍ തന്നെ അല്‍ മുസ്‌ലിമില്‍ എഴുതിയത്. മലയാളി വായനക്കാര്‍ക്ക് ഇത് തീര്‍ത്തും പുതുമയുള്ളതായിരിക്കും. ആ കുറിപ്പുകള്‍ ഈ ലക്കം മുതല്‍ വായിക്കാം.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌