Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

മലബാര്‍ സമരവും വാരിയന്‍കുന്നത്തും

റഹ്മാന്‍ മധുരക്കുഴി

സ്വാതന്ത്ര്യസമര ധീരവീര നായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുന്നതിനെതിരെ ത്രിശൂലമേന്തി സംഘ്പരിവാരങ്ങള്‍ ഉറഞ്ഞുതുള്ളുകയാണല്ലോ. 1921-ലെ മലബാര്‍ വിപ്ലവം ഹിന്ദുവിരുദ്ധമായിരുന്നെന്നും വിപ്ലവത്തിലെ മുഖ്യനായകനായ വാരിയന്‍കുന്നത്ത് വര്‍ഗീയവാദിയായ കവലച്ചട്ടമ്പിയും ഹിന്ദുക്കളെ ബലാല്‍ക്കാരം മതം മാറ്റിക്കുന്നതിന് നേതൃത്വം കൊടുത്തയാളാണെന്നുമൊക്കെയുള്ള വ്യാജാരോപണങ്ങളുമായാണ് അവര്‍ ഒച്ചപ്പാടുണ്ടാക്കുന്നത്. എന്നാല്‍, മലബാര്‍ പോരാട്ടം ഹിന്ദുവിരുദ്ധമെന്ന ആരോപണം ചരിത്ര യാഥാര്‍ഥ്യങ്ങളുടെ നഗ്നമായ നിഷേധമാണെന്നാണ് ചരിത്രപണ്ഡിതന്മാരായ ഡോ. കെ.എന്‍ പണിക്കരും ഡോ. കെ.കെ.എന്‍ കുറുപ്പും ശ്രീധരമേനോനും എം.ജി.എസ് നാരായണനും മറ്റും ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് വ്യക്തമാക്കുന്നത്. സഖാവ് ഇ.എം.എസും ഇ. മൊയ്തു മൗലവിയും ഈ ചരിത്രപണ്ഡിതരെ ശരിവെക്കുന്നു. ബ്രിട്ടീഷ്‌വിരുദ്ധ വികാരവും ഭൂവുടമകളുടെ കൊടിയ ചൂഷണത്തില്‍നിന്ന് മോചനം നേടാനുള്ള അഭിവാഞ്ഛയുമായിരുന്നു മലബാര്‍ കലാപത്തിന് വഴിവെച്ചത്. സിവിലിയന്മാര്‍ക്കെതിരെ പില്‍ക്കാലത്ത് ഉണ്ടായ അതിക്രമങ്ങള്‍ കലാപത്തിന്റെ ബ്രിട്ടീഷ്‌വിരുദ്ധ സ്വഭാവത്തിന് അനുബന്ധമായി വന്നുചേര്‍ന്നതാണെന്ന് ഡോ. കെ.എന്‍ പണിക്കര്‍ വിലയിരുത്തുന്നു. സിവിലിയന്മാരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നുവെന്നും കലാപകാരികളുടെ ഉന്നമായിത്തീര്‍ന്നത് മതാടിസ്ഥാനത്തിലായിരുന്നില്ലെന്നും, പ്രത്യുത ബ്രിട്ടീഷ് പട്ടാളവും പോലീസുമായി കൂട്ടുകൂടിയവരാണ് കലാപകാരികളെ പ്രകോപിപ്പിച്ചതെന്നും കെ.എന്‍ പണിക്കര്‍ തന്റെ Against Lord and State  എന്ന കൃതിയിലെ അവസാനത്തെ അധ്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലെ മാപ്പിളമാര്‍ നയിച്ച സ്വാതന്ത്ര്യസമരത്തെ സാമുദായിക ലഹളയായി ചിത്രീകരിക്കുന്നതും മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ അഴിച്ചുവിട്ട കൂട്ടക്കുരുതിയായി വ്യാഖ്യാനിക്കുന്നതും ഭയങ്കര അനീതിയാണെന്നാണ് കോഴിപ്പുറത്ത് മാധവമേനോന്‍ പറയുന്നത്. യാതൊരു സാമുദായികതയും മതഭ്രാന്തും ലഹളയിലുണ്ടായിരുന്നില്ലെന്നും ഹിന്ദുക്കള്‍ ക്രമേണ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവരെ ലഹളക്കാരുടെ വിരോധികളായി അവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അതിന് സാമുദായികമെന്നോ മതഭ്രാന്തെന്നോ മുദ്രകുത്തുന്നതില്‍ അര്‍ഥമില്ലെന്നും മാധവമേനോന്‍ പറയുന്നു. അരാജകത്വത്തില്‍നിന്ന് മുതലെടുത്ത ചിലരുടെ ചെയ്തികള്‍ക്ക് ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും അദ്ദേഹം എഴുതുന്നു.
മലബാര്‍ കലാപം ഹിന്ദുവിരുദ്ധമായിരുന്നില്ലെന്ന് തന്റെ അനുഭവങ്ങളിലൂടെ ഇ.എം.എസ് വിലയിരുത്തുന്നതു നോക്കൂ: ''മലബാര്‍ കലാപത്തെക്കുറിച്ച് എനിക്ക് കേട്ടറിവല്ല; അനുഭവിച്ചറിവുണ്ട്.  എനിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു അത്. മാപ്പിളമാര്‍ ഇളകിയിരിക്കുന്നു, ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്നാണ് അന്ന് കേട്ടത്. ഞങ്ങളുടെ കുടുംബം നാടു വിട്ട് ആറുമാസം മാറിത്താമസിച്ചു. തിരിച്ചുവന്നപ്പോള്‍ വീടിന് ഒന്നും പറ്റിയിരുന്നില്ല. ആരും കൊള്ളയടിച്ചില്ല. മാപ്പിള ലഹളയായിരുന്നെങ്കില്‍ എന്തെങ്കിലും സംഭവിക്കുമായിരുന്നു. കലാപകാലത്ത് നടക്കാന്‍ പാടില്ലാത്ത പലതും നടന്നു. ഞങ്ങളുടേതിനേക്കാള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പലേടത്തും ഹിന്ദുക്കള്‍ക്ക് അപകടം പറ്റിയില്ല. കോട്ടക്കലില്‍ പി.എസ് വാര്യരും കുടുംബവും സ്ഥലം വിടാതെ അവിടെ തന്നെ താമസിച്ചു. കുറേ പേര്‍ക്ക് അവിടെ അഭയം നല്‍കി. മലബാര്‍ കലാപം മാപ്പിളലഹളയായി ചിത്രീകരിച്ചത് ബ്രിട്ടീഷുകാരാണ്'' (മലബാര്‍ കലാപത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സെന്റിനറി ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടന പ്രസംഗം. മാധ്യമം, നവംബര്‍ 21, 1996.)
മലബാര്‍ കലാപവേളയില്‍ നടന്ന ചില നിര്‍ബന്ധ മതംമാറ്റം, വാരിയന്‍കുന്നത്ത് നേതൃത്വം കൊടുത്തിരുന്ന സമരക്കാരുടെ കൈകളാലായിരുന്നില്ലെന്നും കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപകാരികളായി നടിച്ച സര്‍ക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസര്‍വ് പോലീസുകാരുമായിരുന്നുവെന്നും കുഞ്ഞഹമ്മദാജി വെളിപ്പെടുത്തുന്നതിങ്ങനെ വായിക്കാം: ''മലബാറില്‍നിന്നുള്ള പത്രറിപ്പോര്‍ട്ടുകള്‍ പ്രകാരം മലബാറില്‍ ഹിന്ദു-മുസ്‌ലിം ഐക്യം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഹിന്ദുക്കളെ എന്റെ ആളുകള്‍ ബലമായി മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസത്യമാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. അത്തരം മതപരിവര്‍ത്തനങ്ങള്‍ ചെയ്യിച്ചത് കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞുകയറി (കലാപകാരികളായി നടിച്ച) സര്‍ക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസര്‍വ് പോലീസുകാരുമാണ്. എന്നുതന്നെയല്ല ചില ഹിന്ദു സഹോദരന്മാര്‍ പട്ടാളത്തെ സഹായിച്ചുകൊണ്ട് പട്ടാളത്തില്‍നിന്നും ഒളിച്ചുകഴിയുകയായിരുന്ന നിരപരാധികളായ മാപ്പിളമാരെ സൈന്യത്തിന് പിടിച്ചുകൊടുത്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് ചില പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ കലാപത്തിന് കാരണക്കാരനായ ആ നമ്പൂതിരിക്കും ഇങ്ങനെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇപ്പോള്‍ മുഖ്യ മിലിറ്ററി കമാന്റര്‍ ഈ താലൂക്കുകളില്‍നിന്നും ഹിന്ദുക്കളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒന്നും ചെയ്തിട്ടില്ലാത്തവരും, ഒന്നും സ്വന്തം ഇല്ലാത്തവരുമായ നിരപരാധികളായ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും ഇവിടം വിടാന്‍ അനുവദിക്കുന്നില്ല. ഹിന്ദുക്കളെ നിര്‍ബന്ധമായി സൈനിക സേവനത്തിന് റിക്രൂട്ട് ചെയ്യുന്നു. അതിനാല്‍ നിരവധി ഹിന്ദുക്കള്‍ എന്റെ കുന്നില്‍ അഭയം തേടിയിട്ടുണ്ട്. നിരവധി മാപ്പിളമാരും എന്റെ സംരക്ഷണം തേടിയിരിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി നിരപരാധികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുകയല്ലാതെ ഒരു കാര്യവും നടന്നിട്ടില്ല. ലോകത്തെ ജനങ്ങള്‍ ഇതറിയട്ടെ. മഹാത്മാ ഗാന്ധിയും മൗലാനയും ഇതറിയട്ടെ. ഈ  കത്ത് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഞാന്‍ ഒരിക്കല്‍ വിശദീകരണം ചോദിക്കും'' (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചെന്നൈയിലെ 'ദ ഹിന്ദു' പത്രത്തിനയച്ച കത്തിലെ വരികളാണിത്). 18-10-'21 ന് ആ പത്രം ഇത് പ്രസിദ്ധീകരിച്ചിരുന്നു. 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ എം.ടി അന്‍സാരി തയാറാക്കിയതും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തില്‍നിന്നാണ് ഇത് ഉദ്ധരിക്കുന്നത് (മാധ്യമം 23-2-2009).
വാരിയന്‍കുന്നത്ത് 'ദ ഹിന്ദു' പത്രത്തിലേക്കയച്ച കത്ത് ചൂണ്ടിക്കാട്ടുന്ന യാഥാര്‍ഥ്യമെന്താണ്? നിര്‍ബന്ധ മതപരിവര്‍ത്തനത്തിലെ കക്ഷികള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആളുകള്‍ തന്നെയാണെന്ന അദ്ദേഹത്തിന്റെ സ്ഥിരീകരണം ചിന്താര്‍ഹമല്ലേ? നിരവധി ഹിന്ദുക്കള്‍ തന്റെ കുന്നില്‍ അഭയം തേടിയിട്ടുണ്ടെന്ന് വാരിയന്‍കുന്നത്ത് പറയുന്നു. ഹിന്ദുക്കളെ ഉപദ്രവിച്ചവരെ അദ്ദേഹം കടുത്ത ശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ടെന്നതിന് ചരിത്രരേഖകളുണ്ട്. മതംമാറാന്‍ വന്നവരാണെന്നു പറഞ്ഞ് ചിലര്‍ വാരിയന്‍കുന്നത്തിന്റെ മുമ്പില്‍ കൊണ്ടുവന്നവരോട് അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം എന്നു പറഞ്ഞ് വിട്ടയച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് അഭയം നല്‍കിയ ഹാജി ഹിന്ദുവിരോധിയാണെന്ന് വിളിച്ചുകൂവുന്നത് വിരോധാഭാസമല്ലേ?

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌