Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

സാമ്പത്തിക ഞെരുക്കം മറികടക്കാന്‍  മതസംഘടനകള്‍ ചെയ്യേണ്ടത്

സി.എച്ച് അബ്ദുര്‍റഹീം

കോവിഡാനന്തര സാമ്പത്തിക സാഹചര്യങ്ങളെ വിജയകരമായി നേരിടാന്‍ മുസ്‌ലിം സംഘടനകളും ഇസ്‌ലാമിക നേതൃത്വവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. രണ്ട് പ്രത്യേകതകളാണ് ഇസ്‌ലാമിക സമൂഹത്തിന് ഉള്ളതായി ഖുര്‍ആന്‍ എടുത്തു കാട്ടുന്നത്. അതില്‍ ഒന്നാമത്തേത്, മധ്യമ സമുദായം (ഖുര്‍ആന്‍ 2:143) എന്നതാണ്. രണ്ടാമത്തേത്, 'അവര്‍ നന്മ ഉപദേശിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു (ഖുര്‍ആന്‍ 3:110) എന്നതും. ജീവിതത്തില്‍ മിതത്വം പാലിക്കുക എന്നതാണ് മധ്യമ സമുദായത്തിന്റെ ഒരു പ്രധാന വിവക്ഷ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആ മിതത്വം ശീലിക്കണം, സമ്പത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഒരു തരത്തിലുള്ള ആഡംബരമോ അധിക ചെലവോ ഇപ്പോള്‍ പാടില്ല. ഭക്ഷണം, വസ്ത്രം, വാഹനം, വീട്, യാത്ര, ആഘോഷം ഇതിലെല്ലാം സ്വന്തം കഴിവിനും വരുമാനത്തിനും അനുസരിച്ചുള്ള മിതത്വം ശീലിക്കണം. പലിശക്ക് കടമെടുത്ത് സ്വന്തമാക്കാനുള്ളതല്ല വീടും വാഹനവുമൊക്കെ എന്ന് നാം തിരിച്ചറിയണം. എങ്ങനെയെങ്കിലും സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നത് വലിയ സ്വപ്‌നമായി ആരോ നമ്മെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു. അത് വലിയതും വളരെ വിലപിടിപ്പുള്ളതുമായാല്‍ അത്രയും നന്ന് എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെ പലിശക്ക് ധാരാളം കടം വാങ്ങി വീട് പണിയുന്നു, വലിയ കടബാധ്യതയില്‍ കുടുങ്ങുന്നു. അകാലമായി മരണപ്പെട്ടാല്‍ നമ്മുടെ മരണശേഷവും അത് നമ്മുടെ മക്കളുടെ ബാധ്യതയായി വരും. യഥാര്‍ഥത്തില്‍, വരുമാനത്തില്‍നിന്ന് മിച്ചം വെച്ച് സ്വയം സാമ്പത്തികശേഷി ആര്‍ജിച്ചാണ് വീട് പണിയേണ്ടത്. അതാണ് ഇസ്‌ലാം ആവശ്യപ്പെടുന്ന സാമ്പത്തിക അച്ചടക്കം. അതുവരെ വാടകവീട്ടില്‍ താമസിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. കടത്തിന്റെയും പലിശയുടെയും വ്യാകുലതയില്‍നിന്ന് മുക്തമാവുകയും ചെയ്യാം. അതിസമ്പന്നരായ പാശ്ചാത്യരില്‍ പോലും 50 ശതമാനത്തിനു മാത്രമേ സ്വന്തമായി വീടുള്ളൂ എന്ന് മനസ്സിലക്കുക. ഇപ്രകാരം തന്നെയാണ് വാഹനത്തിന്റെ കാര്യവും. 10000 രൂപ അടച്ചാല്‍ ഇപ്പോള്‍ തവണ വ്യവസ്ഥയില്‍ കാറും 1000 രൂപ അടച്ചാല്‍ ഇരുചക്രവാഹനവും ലഭിക്കും. അമിത പലിശ ഈടാക്കുന്ന ഈ കടമിടപാടിന്റെ കെണിയില്‍ അത് തിരിച്ചടക്കാന്‍ കഴിവില്ലാത്ത പലരും അറിയാതെ അകപ്പെടുകയാണ്. 
ദൗര്‍ഭാഗ്യവശാല്‍ വളരെ ലാഘവത്തോടെയാണ് നമ്മുടെ സഹോദരങ്ങള്‍ കടത്തെ സമീപിക്കുന്നത്. കടം വാങ്ങല്‍ ഇസ്‌ലാം അങ്ങേയറ്റം  നിരുത്സാഹപ്പെടുത്തിയതാണ്. ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള കടത്തിന്റെ സാമാന്യ സങ്കല്‍പം തന്നെ ഇസ്‌ലാമില്‍ ഇല്ല. പാവപ്പെട്ട ഒരു സഹോദരന് ചികിത്സ പോലെയുള്ള അത്യാവശ്യമുണ്ടെങ്കില്‍ സമൂഹം അത് നിവര്‍ത്തിച്ചുകൊടുക്കുകയാണ് വേണ്ടത്, കടമായിട്ടല്ലാതെ തന്നെ. ഇനി കച്ചവടത്തിനുള്ള കടമാണെങ്കില്‍, പലിശക്ക് കടം വാങ്ങിയുള്ള കച്ചവടത്തിനു പകരം മൂലധനം ഇറക്കിയുള്ള കച്ചവടവും കൂട്ടുകച്ചവടവുമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. പക്ഷേ നാം എല്ലാറ്റിനും കടത്തെ ആശ്രയിക്കുന്നു; കച്ചവടത്തിന്, വീടു പണിയാന്‍, വാഹനം വാങ്ങാന്‍, മക്കളുടെ വിദ്യാഭ്യാസത്തിന്, കല്യാണത്തിന്... അങ്ങനെ എല്ലാറ്റിനും. 
ഇവിടെയാണ് സംഘടനകളും സമൂഹനേതൃത്വവും 'നന്മ ഉപദേശിക്കുക, തിന്മ തടയുക' എന്ന തങ്ങളുടെ ദൗത്യനിര്‍വഹണത്തിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. നമ്മുടെ ജുമുഅ ഖുത്വ്ബകളിലും മറ്റും കാലികപ്രാധാന്യമുള്ള ഇത്തരം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. മഹല്ലുകളില്‍ അതിനനുസൃതമായ േബാധവല്‍ക്കരണ പരിപാടികള്‍ നടത്തണം. മഹല്ല് എന്ന അറബി പദത്തിന് 'പ്രദേശം', 'തദ്ദേശം' എന്നൊക്കെയാണല്ലോ അര്‍ഥം. അപ്പോള്‍ ആ പ്രദേശത്തെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിവേണം ബോധവല്‍ക്കരണം നടത്തേണ്ടത്. പലപ്പോഴും പൊങ്ങച്ച പ്രകടനങ്ങള്‍ ഉണ്ടാവുന്നത് സമൂഹ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. സമൂഹത്തെ മൊത്തം ബോധവല്‍ക്കരിച്ചാലേ നാം ഉദ്ദേശിച്ച ഫലം അതിന് ഉണ്ടാവുകയുള്ളൂ.
സംഘടനകളുടെയും മഹല്ലുകളുടെയും ശ്രദ്ധപതിയേണ്ട വേറൊരു പ്രധാന വിഷയമാണ് നമ്മുടെ വിവാഹ ആഘോഷങ്ങള്‍. ഒരാളുടെ സാമ്പത്തിക- സാമൂഹിക സ്ഥിതിയനുസരിച്ച് മക്കളുടെ കല്യാണവും 'വലീമ'യുമൊക്കെ സംഘടിപ്പിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. പക്ഷേ ഇവിടെയും മിതത്വമാണ് വേണ്ടത്. പത്തിരുപത് തരം വിഭവവും പതിനായിരം അതിഥികളും മൈതാനം മുഴുവന്‍ പന്തലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയും ഒക്കെ വേണ്ടെന്നു വെക്കണം. നിയന്ത്രണങ്ങളൊന്നും പാലിക്കാത്തവരെ സാമൂഹികമായി ബഹിഷ്‌കരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സംഘടനകളും മഹല്ലും ആലോചിക്കണം. 
നമ്മുടെ സകാത്ത് സംഭരണ വിതരണരീതിയും അടിമുടി മാറ്റിപ്പണിയേണ്ടതുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ അല്ലാഹു നിശ്ചയിച്ചുതന്ന സാമ്പത്തിക വികേന്ദ്രീകരണ രീതി അതിന്റെ ശരിയായ രൂപത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ബൈത്തുസ്സകാത്ത് പോലെ സംഘടിതമായി സംഭരിക്കുന്നതില്‍ നാം ഒരളവു വരെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും വിതരണരീതി തികച്ചും അശാസ്ത്രീയവും സകാത്ത് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനപ്പുറം സാമ്പത്തിക പുനരധിവാസ(Economic Rehabilitation)ത്തിലൂടെയുള്ള സാമൂഹിക നീതിയാ ണ് സകാത്തിന്റെ പ്രധാന ഉദ്ദേശ്യം. അതുകൊണ്ടുതന്നെ സകാത്തിന്റെ തുകയില്‍നിന്ന് നല്ലൊരു ഭാഗം, പകുതിയെങ്കിലും, പ്രത്യുല്‍പാദനപരമായി നിക്ഷേപിക്കണം. അത് മുടക്കുമുതലായി ഉപയോഗപ്പെടുത്തി കഴിവുള്ളവരെ സഹകരിപ്പിച്ച് സംരംഭങ്ങള്‍ തുടങ്ങണം. പ്രശസ്ത ഇസ്‌ലാമിക ധനതത്ത്വശാസ്ത്ര പണ്ഡിതന്‍ ഡോ. എഫ്.ആര്‍ ഫരീദി എഴുതുന്നു: 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ സകാത്തിനെ മനസ്സിലാക്കിയാല്‍, സകാത്ത് തുക കൊണ്ട് ഗുണിത ഫലം (Multiple Effect‑)  കിട്ടണമെങ്കില്‍ അത് മുഴുവനോ, നല്ലൊരു ഭാഗമോ ഉല്‍പാദനക്ഷമതയുള്ള സംരംഭത്തില്‍ നിക്ഷേപിക്കണം. അത്തരം നിക്ഷേപങ്ങളുടെ ഉടമയും അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അവകാശവും സകാത്തിന് അര്‍ഹരായവര്‍ തന്നെയാകും. നാടിന്റെ സാമ്പത്തിക നിക്ഷേപങ്ങളുടെ സാധ്യതകള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസരിച്ചാകും അത്തരം നിക്ഷേപങ്ങള്‍. അനാവശ്യ ഉപഭോഗം കുറക്കുക, മൊത്തം ഉല്‍പാദന ക്ഷമത കൂട്ടുക എന്ന രണ്ടു പ്രത്യക്ഷ ഫലങ്ങള്‍ ഇതുകൊണ്ട് ഉണ്ടാകും.' വിപ്ലവകരമായ മാറ്റങ്ങള്‍ ഇത്തരത്തില്‍ സകാത്ത് ധനം ഉപയോഗപ്പെടുത്തി സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും. 
ചുരുക്കിപ്പറഞ്ഞാല്‍ കോവിഡാനന്തര സാമ്പത്തിക ഞെരുക്കം ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരമായി നാം മാറ്റിയെടുക്കണം. ജീവിതരീതികള്‍ ചിലതെങ്കിലും മാറണം. അനാവശ്യവും ആഡംബരവും ഒഴിവാക്കണം. കച്ചവടക്കാര്‍ സാധാരണയില്‍ കാണാത്ത പരീക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മടങ്ങിവരുന്ന പ്രവാസികള്‍ മുണ്ടു മുറുക്കിയുടുക്കാന്‍ തയാറാകണം. അധ്വാനശീലം വളര്‍ത്തണം. സകാത്ത് സംവിധാനം നവീകരിക്കണം. സംഘടനകളും നേതാക്കളും സന്ദര്‍ഭം ആവശ്യപ്പെടുന്നതിനനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പരിഷ്‌കരിക്കണം. കാലോചിതമായ ബോധവത്കരണം വേണം. ധാര്‍മികമായ ജീവിതരീതി വ്യക്തികളും സമുദായവും ശീലിക്കണം. കൃത്യമായ കര്‍മ പദ്ധതിയും ആത്മസംയനവുമുണ്ടെങ്കില്‍ ഈ പ്രതിസന്ധിയും നമുക്ക് മറികടക്കാന്‍ സാധിക്കും.

 

 

പ്രവാസികള്‍ക്കു വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ 

തിരിച്ചുവരുന്ന പ്രവാസികള്‍ക്കു വേണ്ടി സമുദായ സംഘടനകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയ ഒരു സേവനം അവര്‍ക്ക് നാട്ടിലെ കച്ചവട രീതികള്‍ പരിചയപ്പെടുത്തുക എന്നതാണ്. ഗള്‍ഫ് നാടുകളില്‍ ചെറുകിട സംരംഭങ്ങള്‍ നടത്തി പരിചയമുള്ള പലരും തിരിച്ചുവരുന്നവരില്‍ കാണും. പക്ഷേ അവര്‍ക്ക് നമ്മുടെ നാട്ടിലെ കച്ചവട രീതികളും നിയമ വശങ്ങളുമൊന്നും തീരെ പിടിപാടുണ്ടാവുകയില്ല. അത്തരക്കാര്‍ക്കു വേണ്ടി രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഉപകാരപ്പെടും. ജി.എസ്.ടി, ഇന്‍കം ടാക്‌സ്, കമ്പനി രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരെ കൊണ്ടു വന്ന് ക്ലാസ്സ് എടുപ്പിക്കുന്നതോടൊപ്പം മൊത്തം സംരംഭക വിദ്യയില്‍  (Entrepreneur skill)  പരിശീലനം കൂടി നല്‍കിയാല്‍ വളരെ ഉപകാരപ്പെടും. കൃഷിയിലും കൃഷിയനുബന്ധ ചെറുകിട വ്യവസായങ്ങളിലും അനേകം സാധ്യതകള്‍ ഉള്ളതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്കുള്ള ക്ലാസ്സുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്താം. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI),  ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുതലായ സ്ഥാപനങ്ങള്‍ക്ക് അത്തരം പരിശീലനം നല്‍കാനുള്ള സ്ഥിരം സംവിധാനങ്ങളും വിദഗ്ധരും ഉണ്ട്. കാര്‍ഷിക-പഴവര്‍ഗ വിത്തുല്‍പാദന കേന്ദ്രങ്ങളുണ്ടാക്കാന്‍ ഈ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുകയും അത്തരം കേന്ദ്രങ്ങളെ ദത്തെടുക്കുകയും ചെയ്യുന്നുമുണ്ട്. അതുപോലെ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയെയും സംസ്ഥാന സര്‍ക്കാറിന്റെ കൃഷിവകുപ്പിനെയുമൊക്കെ ഉപയോഗപ്പെടുത്താം.
സംരംഭങ്ങളെ സഹായിക്കാന്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തയാറാണെങ്കിലും, പലിശക്ക് പകരം ലാഭവിഹിതത്തില്‍ പങ്കാളികളായി സഹകരിക്കാവുന്ന സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് എപ്പോഴും നല്ലത്. ബംഗ്ലൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന Rehbar Financial Consultants എന്ന ധനകാര്യ സ്ഥാപനം ശരീഅ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ ഏജന്‍സിയാണ്. കച്ചവടാവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍, മെഷിനറികള്‍ മുതലായവ വാടകക്ക് (Lease‑)  ലഭിക്കാന്‍ ഇവര്‍ സഹായിക്കുന്നുണ്ട്. ലാഭ-നഷ്ടാടിസ്ഥാനത്തില്‍ ചെറുകിടക്കാരെ സഹായിക്കാനുള്ള പദ്ധതികളും അവര്‍ക്കുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍: 0091þ8041127537 or 0091þ 7204847166‑, Email: [email protected]  കോഴിക്കോട് ആസ്ഥാനമായി പ്രവൃത്തിക്കുന്ന Alternative Investment and Credits Ltd (AICL), Sangamam Multi Level Cooperative Society  മുതലായ സ്ഥാപനങ്ങളുമായും ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍ AICL: 0091 9846131969‑, Sangamam: 0091 9544559933 

 

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌