മലബാര്‍ വിപ്ലവം ഇന്ത്യന്‍ ദേശീയ സമരത്തിലെ അന്തര്‍ദേശീയ അധ്യായം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അത്യപൂര്‍വതകള്‍ നിറഞ്ഞ ഏടാണ് മലബാര്‍ വിപ്ലവം. കേരളത്തിന്റെ / മലയാളത്തിന്റെ ചരിത്രകാലത്തിലെവിടെയും സമാനമോ അതിനോടടുത്തുനില്‍ക്കുന്നതോ ആയ സമരപോരാട്ടം, 1921-ലെ മലബാര്‍ വിപ്ലവത്തോളം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കേരളമെന്ന് നാം വ്യവഹരിക്കുന്ന ഭൂപ്രദേശം, രാജ്യാന്തര തലത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടും വിധമുള്ള മറ്റൊരു സംഭവവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ലെനിന്‍ മുതല്‍ ഗാന്ധി വരെയുള്ളവരുടെ ശ്രദ്ധ, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുതല്‍ മര്‍മഡ്യൂക് പിക്താള്‍ വരെയുള്ള മുസ്‌ലിം പണ്ഡിതരുടെ ഇടപെടല്‍, സംഘ് പരിവാറിന്റെ ദേശവ്യാപകമായ വിദ്വേഷ പ്രചാരണം, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങള്‍, ലോകത്തെ വിവിധ ഭാഷകളില്‍ ചരിത്ര പഠന-ജീവചരിത്ര-നിരൂപണ-നോവല്‍-നാടക-കാവ്യ ശാഖകളിലായി പ്രസിദ്ധീകരിക്കപ്പെട്ട നൂറിലേറെ പുസ്തകങ്ങള്‍, ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ ദ ഹിന്ദു വരെയുള്ള മാധ്യമങ്ങളിലെ പതിവു സാന്നിധ്യം തുടങ്ങി മലബാര്‍ വിപ്ലവമുണ്ടാക്കിയ അലയൊലികള്‍ വിപുലമാണ്.
ഒരുപക്ഷേ മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കിയുള്ള ആദ്യ നാടകം എഴുതപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലായിരിക്കും. 1923-ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ വിസെന്‍സ നഗരത്തില്‍നിന്ന് പ്രസിദ്ധീകരിച്ച അമില്‍കെയര്‍ മസീത്തിയുടെ 'ലാറിവോള്‍ട്ട ഡെല്‍ മലബാര്‍' ആണത്. തുടര്‍ന്ന് 1924-ല്‍ സംഘ് പരിവാര്‍ ആചാര്യന്‍ വി.ഡി സവര്‍ക്കര്‍ മറാത്തി ഭാഷയില്‍ എഴുതിയ 'മാപ്പിളൈചെ ബന്‍ഡ', 1927-ല്‍ ഡോണള്‍ഡ് സിന്‍ഡര്‍ബൈ ഇംഗ്ലീഷില്‍ എഴുതിയ 'ദ ജ്വല്‍ ഓഫ് മലബാര്‍' എന്നീ നോവലുകള്‍ മലബാര്‍ വിപ്ലവം അക്കാലത്തു തന്നെ ലോകത്തെ വിവിധ തരത്തില്‍ സ്വാധീനിച്ചതിന്റെ ആഴം വ്യക്തമാക്കുന്നു.
1921-നെ കുറിച്ച് 1922-ല്‍ തന്നെ പ്രചാരണ സ്വഭാവത്തിലുള്ള സിനിമ ബ്രിട്ടീഷ് ഭരണകൂടം നിര്‍മിച്ച് യൂറോപ്പിലടക്കം പ്രദര്‍ശിപ്പിച്ചിരുന്നു എന്നതില്‍നിന്ന് മലബാര്‍ വിപ്ലവത്തെ എത്ര ഗൗരവത്തിലാണ് അവര്‍ സമീപിച്ചിരുന്നതെന്ന് വ്യക്തമാകുന്നു. 'മലബാര്‍ റെബല്യന്‍' എന്നു പേരിട്ട ഈ സിനിമയിലൂടെയാവും കേരളീയ ഭൂപ്രദേശം ആദ്യമായി ഒരു ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുക. 'ആറ്റം സിനിമാസ്' യൂറോപ്പില്‍ പ്രദര്‍ശനത്തിനെത്തിച്ച ഈ ചിത്രം നിര്‍മിച്ചത് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലുള്ള മദ്രാസ് പബ്ലിസിറ്റി ബ്യൂറോയാണ്. 1922 ഡിസംബര്‍ 22-ന് കൊല്‍ക്കത്തയില്‍ വെച്ചാണ് സിനിമയുടെ വിതരണാവകാശം വിറ്റതെന്ന് ബ്രിട്ടീഷ് രേഖകള്‍ പറയുന്നു. 1922 ജനുവരി ഏഴിന് മലബാര്‍ വിപ്ലവ നായകനും സമാന്തര സര്‍ക്കാറിന്റെ തലവനുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സംഘത്തെയും ചതിയിലൂടെ കീഴടക്കിയ ബ്രിട്ടീഷുകാര്‍ ജനുവരി എട്ടിന് മഞ്ചേരി നഗരത്തിലൂടെ അദ്ദേഹത്തെ വിലങ്ങണിയിച്ച് കൊണ്ടുവരുന്നതും ഏറനാടന്‍ ഗ്രാമങ്ങളില്‍ ബ്രിട്ടീഷ് സൈന്യം റെയ്ഡിനെത്തുന്നതുമടക്കമുള്ള രംഗങ്ങളും ഡോക്യുമെന്ററി-പ്രചാരണ സ്വഭാവത്തിലുള്ള ഈ സിനിമയിലുണ്ടെന്ന് പറയപ്പെടുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗവും 'വാരിയന്‍കുന്നന്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകരും ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രത്തിലെ നിര്‍ണായകമായ ഈ സിനിമയുടെ പകര്‍പ്പിനു വേണ്ടി വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. അക്കാലത്ത് ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച മാധ്യമ പ്രചാരണ സംവിധാനങ്ങളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറിനെ കുറിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നു കൂടിയാണ് ഈ സിനിമ വ്യക്തമാക്കുന്നത്.
സമാനമായി, മാപ്പിള പോരാളികളെ നേരിടാനും അന്നത്തെ ഏറ്റവും മികച്ച സൈനിക സംവിധാനത്തെയാണ് ബ്രിട്ടീഷ് ഭരണകൂടം മലബാറില്‍ ഇറക്കിയത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ബ്രിട്ടനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോരാടിയ ലെയിന്‍സ്റ്റര്‍, സഫോക്, ഡോര്‍സെറ്റ് റെജിമെന്റുകള്‍, പ്രത്യേക പരിശീലനം നേടിയ ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക വിഭാഗമായ ക്വീന്‍സ് ബേയുടെ 2/8, 2/9 വിഭാഗങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യന്‍ സൈനിക വിഭാഗങ്ങളും ഗറില്ലാ യുദ്ധങ്ങളില്‍ പ്രത്യേക പരിശീലനം നേടിയവരുമായ ഗൂര്‍ഖ റൈഫിള്‍സ്, ഗര്‍വാള്‍ റൈഫിള്‍സ് 1/39, ബര്‍മ റൈഫിള്‍സ് (ചിന്‍കച്ചിന്‍സ്) 3/70, വലജബാദ് ലൈറ്റ് ഇന്‍ഫന്‍ട്രി, യുദ്ധമുഖത്തെ വിവിധ ആവശ്യങ്ങള്‍ക്കായി എഞ്ചിനീയര്‍മാര്‍, വയര്‍ലെസ് ഓപറേറ്റര്‍മാര്‍, ബോംബ്, പീരങ്കി, റോക്കറ്റ് ലോഞ്ചര്‍, പടക്കോപ്പ് വിദഗ്ധര്‍ എന്നിവരടങ്ങിയ സാപ്പേഴ്‌സ് ആന്റ് മൈനേഴ്‌സ്, പയനീര്‍സ്, പാക്ക് ബാറ്ററീസ് (ഇവരാണ് വാരിയന്‍കുന്നത്തിെന ചതിയിലകപ്പെടുത്തി പിടികൂടിയത്) എന്നീ സൈനിക വിഭാഗങ്ങളാണ് മലബാര്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കു പുറമെയാണ് പിന്നീട് എം.എസ്.പിയായി മാറിയ സായുധ പോലീസും രംഗത്തുണ്ടായിരുന്നത്. മെഷീന്‍ഗണ്‍, റോക്കറ്റ് ലോഞ്ചര്‍, പീരങ്കി, കവചിത വാഹനങ്ങള്‍ എന്നിവയടക്കം അന്ന് ലഭ്യമായ ലോകത്തെ ഏറ്റവും മികച്ച സായുധ സംവിധാനങ്ങളും ബ്രിട്ടന്‍ മലബാറില്‍ ഇറക്കി. ഇതിനാല്‍തന്നെ ആധുനിക കാലത്തെ യുദ്ധം, അതിന്റെ കെടുതികള്‍, വിപ്ലവം, ഗറില്ലാ ആക്രമണം, സ്യൂയിസൈഡ് ബോംബര്‍, അംബുഷ് തുടങ്ങിയവ കേരളം അനുഭവിച്ച ഏക സന്ദര്‍ഭം മലബാര്‍ വിപ്ലവമാണെന്ന് പൊതുവില്‍ പറയാം.
അതേസമയം, ലോകശക്തികളുമായും അന്തര്‍ദേശീയ രാഷ്ട്രീയ കാലാവസ്ഥയുമായും മലബാര്‍ ഇടപെടുന്ന ആദ്യ സന്ദര്‍ഭമായിരുന്നില്ല മലബാര്‍ വിപ്ലവം. 15-ാം നൂറ്റാണ്ട് മുതല്‍ കേരളതീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ മുതലുള്ള കൊളോണിയല്‍-വൈദേശിക ശക്തികളോട് ഏറ്റുമുട്ടിയ മാപ്പിളമാരുടെ പോരാട്ട ചരിത്രത്തിലെ ഒടുവിലത്തേതും സവിശേഷവുമായ സംഭവമെന്ന നിലയില്‍ 1921-നെ നിരീക്ഷിക്കാവുന്നതാണ്. മലബാര്‍ വിപ്ലവത്തെ അന്തര്‍ദേശീയ ചരിത്ര ഭൂപടത്തിന്റെ ഭാഗമായി കാണാവുന്നതാണെന്ന് നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ ചരിത്ര ഗവേഷകനായിരുന്ന ഡോ. മഹ്മൂദ് കൂരിയ അഭിപ്രായപ്പെടുന്നു. അന്തര്‍ദേശീയ രാഷ്ട്രീയത്തിലും അതിന്റെ അടിയൊഴുക്കുകളിലും മാപ്പിളമാര്‍ നൂറ്റാണ്ടുകളായി ഇടപെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സഹായം തേടി മംലൂക് സുല്‍ത്താനേറ്റിലേക്ക് സാമൂതിരിയുടെ നയതന്ത്ര പ്രതിനിധികളായി കോഴിക്കോട്ടെ മാപ്പിളമാര്‍ ചെന്നിരുന്നു. എന്നാല്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന മംലൂക് സുല്‍ത്താന് മലബാറിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ഈജിപ്തും അറേബ്യയും കീഴടക്കി ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഉദിച്ചുയര്‍ന്ന ഉസ്മാനിയാ ഭരണകൂടത്തിനോട് സാമൂതിരി സഹായം തേടി. അവരുടെ സൈന്യത്തിന്റെ നേരിട്ടുള്ള സഹായത്തോടെയാണ് പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മാപ്പിളമാര്‍ പട നയിച്ചത്. മലബാറിനു പുറമെ, ബീജാപ്പൂര്‍, ഗുജറാത്ത്, ദാമന്‍-ദിയു എന്നിവിടങ്ങളിലെ ഭരണാധികാരികളെയും അക്കാലത്ത് ഉസ്മാനിയ ഭരണകൂടം സൈനികമായി സഹായിച്ചിരുന്നു. ഇത്തരത്തില്‍ ദീര്‍ഘകാല ബന്ധത്തിന്റെ പിന്തുടര്‍ച്ച എന്ന നിലയില്‍ കൂടിയാണ് ഉസ്മാനിയാ ഖിലാഫത്തിന് തകര്‍ച്ച വന്നപ്പോള്‍ തങ്ങളെ ഒരുകാലത്ത് സഹായിച്ചവരെ മറക്കാതിരിക്കുക എന്ന ധാര്‍മികമായ നിലപാട് മാപ്പിളമാര്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
നൂറ്റാണ്ടുകള്‍ നീണ്ട ആ പോരാട്ട ചരിത്രത്തില്‍ അവിസ്മരണീയമായ ഏടാണ് മലബാര്‍ വിപ്ലവമെന്ന് നിസ്സംശയം പറയാം. അതിനാലാണ് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം മലബാര്‍ വിപ്ലവത്തിന്റെ നെടുനായകത്വം വഹിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച സിനിമയുടെ പ്രഖ്യാപനം സംഘ് പരിവാര്‍ ശക്തികളെ പ്രകോപിതരാക്കുന്നതും ഒരേസമയം നാലു സിനിമകള്‍ പ്രഖ്യാപിക്കപ്പെടുന്നതടക്കമുള്ള വിവാദങ്ങളുയരുന്നതും. മലബാര്‍ വിപ്ലവത്തിന്റെ ഹൃദയഭൂമിയായ മലപ്പുറത്തെ കുറിച്ച മനേകാ ഗാന്ധിയുടെ ട്വിറ്റര്‍ പരാമര്‍ശം പോലും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്ര ഊര്‍ജം ആ വിപ്ലവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നതും തീര്‍ച്ച. മലബാറിനെയും മാപ്പിളമാരെയും കുറിച്ച് യൂറോപ്യന്മാര്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നിര്‍മിച്ചെടുത്ത 'മതഭ്രാന്തന്മാര്‍' (Fanatics) എന്ന പരികല്‍പനയുടെ തുടര്‍ച്ച മാത്രമാണ് മനേകാ ഗാന്ധിയുടെ മലപ്പുറത്തെ കുറിച്ച 'Crime Records' പ്രസ്താവത്തിലുമുള്ളത്. ഈ പരികല്‍പനകളത്രയും ഇന്ത്യന്‍ ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കുള്ളില്‍ പതിഞ്ഞുകിടക്കുന്നതിനാലാണ് ദേശീയ മാധ്യമങ്ങള്‍ എന്ന് ഓമനപ്പേരിട്ടു വിളിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പരിക്കേറ്റ ആനയെ കുറിച്ച 'തികച്ചും പരിസ്ഥിതി താല്‍പര്യം മാത്രമുള്ള' ഒരൊറ്റ ട്വീറ്റ് കൊണ്ട് മലപ്പുറം, മുസ്‌ലിം (മാപ്പിള) എന്നിവയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കഴിയുന്നത് .
യൂറോപ്യന്മാര്‍ക്ക് കോളനിയാക്കാനും അതു നിലനിര്‍ത്താനുമാണ് കുരിശുയുദ്ധകാലം മുതലുള്ള മുസ്‌ലിം വംശവെറി മാത്രം വമിപ്പിക്കുന്ന 'വിഭജിച്ചു ഭരിക്കുക' പദ്ധതിയുടെ ഭാഗമായുള്ള ഈ പരികല്‍പനകള്‍ ആവശ്യമായിരുന്നതെങ്കില്‍, കോളനിയാനന്തര കാലത്ത് ഇന്ത്യന്‍ ദേശീയതക്കകത്ത് 'ഹിന്ദു ഏകീകരണം' വഴിയുള്ള അധികാരം ലക്ഷ്യമാക്കി ഉപയോഗിക്കാവുന്ന മികച്ച അപരമായാണ് മാപ്പിള മുസ്‌ലിമിനെ സംഘ് പരിവാര്‍ ഉപയോഗിച്ചത്. ആര്‍.എസ്.എസ് 1925-ല്‍ പിറവിയെടുക്കുന്നതു തന്നെ മലബാര്‍ വിപ്ലവത്തെ ഹിന്ദുവംശഹത്യയായി ചിത്രീകരിച്ചുകൊണ്ടാണ്. സവര്‍ക്കറുടെ നോവല്‍ അടക്കമുള്ള വ്യാപകമായ പ്രചാരണങ്ങള്‍ ഇതിനായി ഉത്തരേന്ത്യയില്‍ അരങ്ങേറി. ഇതിനു പുറമെ 1923-ല്‍ പ്രസിദ്ധീകരിച്ച 'ഏറനാട് കലാപംതുള്ളല്‍' അടക്കമുള്ള അസംഖ്യം സാംസ്‌കാരിക നിക്ഷേപങ്ങളും നടത്തി. പക്ഷേ, എത്ര മൂടിവെച്ചാലും സത്യവും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആത്മബലികളും ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ഒടുവിലായി പറഞ്ഞുവെക്കുന്നത്.
(മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് ഐ.പി.എച്ച് പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്)
Comments