Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

ശാന്തപുരം മഹല്ലിനെ നയിച്ച പണ്ഡിത സാരഥികള്‍

ഹൈദറലി ശാന്തപുരം

[ഗതകാല സ്മരണകള്‍-3]

ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച ചിന്ത ശാന്തപുരം മഹല്ല് നിവാസികളില്‍ ശക്തമായി. മുമ്പ് അലസിപ്പോയ 'മലബാര്‍ ബാഖിയാത്തിസ്സ്വാലിഹാത്തി'ന്റെ ഓര്‍മകള്‍ അവരുടെ മനസ്സിലുണ്ടായിരുന്നു. ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ സംസാരങ്ങളില്‍ ഒരു ഉന്നത ഇസ്‌ലാമിക വിദ്യാലയത്തിന്റെ ആവശ്യകത ഇടക്കിടെ കടന്നുവന്നുകൊണ്ടുമിരുന്നു. ആ പശ്ചാത്തലത്തിലാണ് മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ 1955-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ടത്. ആ കഥ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെ പറയുന്നു:
''ശാന്തപുരം ഇസ്‌ലാമിയാ കോളേജിനെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമായി മനസ്സിലെത്തുന്നത് മര്‍ഹൂം വി.പി മുഹമ്മദലി ഹാജിയെ സംബന്ധിച്ച ഓര്‍മകളാണ്. അദ്ദേഹം ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയാണ് പിന്നീട് 1955-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ടത്. അല്ലാഹു മനുഷ്യവര്‍ഗത്തിനാകമാനം അനുഗ്രഹിച്ചരുളിയ സാന്മാര്‍ഗിക ജീവിത വ്യവസ്ഥയാണ് ഇസ്‌ലാമെന്നും അത് ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കേണ്ടത് മുസ്‌ലിംകളുടെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണെന്നും ഉജ്ജ്വലമായി പ്രഖ്യാപിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ആരംഭിച്ച ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ശക്തിപ്രാപിച്ചുവരുന്ന സന്ദര്‍ഭമായിരുന്നു അത്.
വി.പി മുഹമ്മദലി ഹാജിയുടെ നേതൃത്വത്തില്‍ ആ ചിന്താഗതി കേരളത്തിലും ശക്തമായിത്തന്നെ പ്രചാരം നേടിക്കൊണ്ടിരുന്ന അന്ന് ഇസ്‌ലാമിക പ്രസ്ഥാനം നേരിട്ടുകൊണ്ടിരുന്ന ശക്തമായ ഒരു പ്രതിസന്ധി ഹാജി സാഹിബ് കണ്ടറിഞ്ഞു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ പണ്ഡിതോചിതം നേരിട്ടുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുറ്റ പ്രവര്‍ത്തകരുടെ കുറവ് പ്രസ്ഥാനത്തിന് നേരിടേണ്ടിവന്ന വലിയ ഒരു പ്രതിസന്ധിയായിരുന്നു. സമ്പത്തിന്റെ അല്ല മറിച്ച് പ്രാപ്തരായ പ്രവര്‍ത്തകരുടെ ക്ഷാമമാണ് നമുക്കിന്ന് ഏറ്റവും ശക്തമായി അനുഭവപ്പെടുന്നതെന്ന് തന്റ സഹപ്രവര്‍ത്തകരെ ഹാജി സാഹിബ് ഇടക്കിടെ ഉണര്‍ത്താറുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, നാല് വര്‍ഷം മുമ്പ് അദ്ദേഹം തന്നെ ശിലാസ്ഥാപനം നിര്‍വഹിച്ച മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും അതിന്റെ സ്വത്തുവഹകളും നാട്ടുകാര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിട്ടുതരുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ പരിപൂര്‍ണമായ സഹകരണവും അവര്‍ പ്രസ്ഥാനത്തിന് വാഗ്ദാനം ചെയ്തു. അങ്ങനെ 1955-ല്‍ മലപ്പുറത്തെ നൂറടിപ്പാലത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ വെച്ച് മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ ശാന്തപുരം ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനത്തിലെ ഉന്നത നേതാക്കളിലെ പ്രഗത്ഭനും കേരളത്തിലെ മേലേക്കിട പണ്ഡിതന്മാരിലൊരാളുമായിരുന്ന മര്‍ഹൂം വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി മുള്ള്യാകുര്‍ശി പ്രദേശത്തിന് 'ശാന്തപുരം' എന്ന പേര്‍ നല്‍കിയതും ഈ യോഗത്തില്‍ വെച്ചായിരുന്നു'' (ശാന്തപുരം രജത ജൂബിലി സോവനീര്‍ 1984 പേജ് 7,9).
മദ്‌റസ ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിക്കപ്പെട്ട ശേഷവും എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെയായിരുന്നു കോളേജ് പ്രിന്‍സിപ്പലും മഹല്ല് പ്രസിഡന്റും ഖാദിയും. തന്നെ സഹായിക്കാനും ഖുത്വ്ബ, വിവാഹം മുതലായവ നിര്‍വഹിക്കാനുമായി യുവ പണ്ഡിതനും വാഗ്മിയുമായിരുന്ന പയ്യനാട് സയ്യിദ് മുത്തുക്കോയ തങ്ങളെ നിയോഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്താണ് ശാന്തപുരം യുവജന സംഘം രൂപവത്കരിക്കപ്പെട്ടത്. ഖുര്‍ആന്‍ ക്ലാസ്സുകള്‍, സ്റ്റഡി സര്‍ക്ക്ള്‍, സാധുക്കളുടെ വീട് മേഞ്ഞു കൊടുക്കല്‍, കുടിവെള്ളമെത്തിക്കല്‍, പൊതു കിണറുകളും കുളങ്ങളും ശുചീകരിക്കല്‍, ദരിദ്രരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കല്‍ മുതലായ കാര്യങ്ങളായിരുന്നു സംഘത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. മുത്തുക്കോയ തങ്ങള്‍ ഇവിടെ നിന്ന് പോയതോടുകൂടി യുവജന സംഘത്തിന്റെ പ്രവര്‍ത്തനവും നിലച്ചുപോയി. അപ്പോഴേക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ഹംദര്‍ദ് ഹല്‍ഖകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ യുവജന സംഘത്തിന്റെ പ്രവര്‍ത്തകരില്‍ അധിക പേരും ഹംദര്‍ദ് ഹല്‍ഖകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അബുല്‍ ജലാല്‍ മൗലവി സാരഥ്യമേല്‍ക്കുന്നു

1956-ല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുക്കുകയും എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പലായി പോവുകയും ചെയ്തു. അബുല്‍ ജലാല്‍ മൗലവി പ്രിന്‍സിപ്പല്‍ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം തന്നെയായി മഹല്ല് ഖാദിയും ഖത്വീബും. അദ്ദേഹം എ.കെയെ പോലെത്തന്നെ മഹല്ല് നിവാസികളുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തുകയും അവര്‍ കോളേജിനെ പലവിധത്തിലും സഹായിക്കുകയും ചെയ്തു. അവര്‍ സ്വന്തമായി കൃഷിചെയ്യുന്ന പച്ചക്കറികള്‍, നാളികേരം, കോഴി, പിടിയരി തുടങ്ങിയവ കോളേജിലെത്തിക്കും. നാട്ടിലെ ഒരു മാന്യ വ്യക്തി തന്റെ ഒരു തെങ്ങിന്‍തോപ്പ് കോളേജിന് ദാനമായി നല്‍കിയത് അക്കാലത്താണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അബുല്‍  ജലാല്‍ മൗലവി കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിവായ കാലത്ത് ടി. ഇസ്ഹാഖലി മൗലവിയായിരുന്നു കോളേജ് പ്രിന്‍സിപ്പലും മഹല്ല് ഖാദിയുമായി സേവനമനുഷ്ഠിച്ചത്.

കെ.ടി.എം അബ്ദുല്ല മൗലവി

പിന്നീട് കെ.ടി.എം അബ്ദുല്ല മൗലവി മഹല്ലിന്റെ നേതൃത്വമേറ്റെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് പള്ളിയുടെ പുനര്‍ നിര്‍മാണം നടന്നത്. അക്കാലത്ത് പള്ളിയുടെ പരിസരത്തേക്ക് വാഹനങ്ങളെത്താനുള്ള റോഡ് സൗകര്യമുണ്ടായിരുന്നില്ല. പള്ളി നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ചുങ്കം ജംഗ്ഷനില്‍ ഇറക്കി അവിടെ നിന്ന് തലച്ചുമടായി കൊണ്ടുവരികയാണ് ചെയ്തിരുന്നത്. ഒരു വെള്ളിയാഴ്ച ജുമുഅക്കു ശേഷം അദ്ദേഹം പറഞ്ഞു: ''പള്ളിയുടെ വാര്‍പ്പിനുള്ള കമ്പി ചുങ്കത്ത് ഇറക്കിയിട്ടുണ്ട്. അത് കൊണ്ടുവരാന്‍ അബ്ദുല്ല പോവുകയാണ്. കൂടെ വരാന്‍ ഒരുക്കമുള്ളവര്‍ക്ക് വരാം.'' അത് കേള്‍ക്കേണ്ട താമസം പള്ളിയിലുള്ളവര്‍ മുഴുവന്‍ ചുങ്കത്തേക്ക് തിരിച്ചു. നാല് ടണ്‍ വരുന്ന ഇരുമ്പ് കമ്പി ഒരു മണിക്കൂറിനുള്ളില്‍ പള്ളിയുടെ പരിസരത്തെത്തി.  
അബ്ദുപ്പു മൗലവി എന്ന കെ.ടി.എം അബ്ദുല്ല മൗലവിയില്‍ ഇസ്‌ലാമിക പ്രസ്ഥാനം വമ്പിച്ച പരിവര്‍ത്തനമാണ് വരുത്തിയത്. അദ്ദേഹം പ്രസ്ഥാനത്തോട് ബന്ധപ്പെടുന്നതിനു മുമ്പ് പള്ളിയിലേക്ക് പോകുമ്പോള്‍ അകമ്പടി സേവിക്കാനും വഅഌ പറയുമ്പോള്‍ ഇരുവശത്തുനിന്ന് വീശാനും തുപ്പാന്‍ കോളാമ്പി കാണിച്ചുകൊടുക്കാനും ധാരാളം ഭക്തന്മാര്‍ മത്സരിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള ആളാണ് താന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ത്ത് പ്രസംഗിച്ചിരുന്ന ജാമിഅ നൂരിയ്യാ കോളേജ് സ്റ്റേജിനരികിലൂടെ പരുക്കന്‍ തോര്‍ത്തുമുണ്ട് തോളില്‍ വെച്ച് കമ്പി ചുമന്നു കൊണ്ട് നടക്കുന്നത്. മുപ്പത്താറുകാരനായ ആ യുവാവില്‍ പ്രസ്ഥാനം വരുത്തിയ പരിവര്‍ത്തനം എത്രയായിരുന്നുവെന്ന് അതില്‍നിന്ന് മനസ്സിലാക്കാം.

കെ. അബ്ദുസ്സലാം മൗലവി

കെ.ടി.എം അബ്ദുല്ല മൗലവിയുടെ ആകസ്മികമായ നിര്യാണത്തിനു ശേഷം കെ. അബ്ദുസ്സലാം മൗലവിയാണ് മഹല്ല് പ്രസിഡന്റും ഖാദിയുമായി നിയമിതനായത്. 1972-ല്‍ ശാന്തപുരത്തെ മാതൃകാ മഹല്ലായി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. 1974-ല്‍ ശാന്തപുരം ഇസ്‌ലാമിക് ഫിനാന്‍സ് കോര്‍പറേഷന്‍ എന്ന പേരില്‍ മഹല്ലില്‍ ഒരു പലിശരഹിത നിധി ആരംഭിക്കുകയുണ്ടായി. സകാത്ത് മഹല്ലടിസ്ഥാനത്തില്‍ ശേഖരിച്ച് വിതരണം തുടങ്ങിയതും കൃഷി വികസനത്തിനായി കൃഷി വികസന സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചതും 1974-ല്‍ ആയിരുന്നു. 2000 ഏപ്രില്‍ ഒന്ന് മുതല്‍ പലിശരഹിത നിധിയുടെ പേര് ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ (എസ്.ഡബ്ല്യു.എ) എന്നാക്കി മാറ്റി.

മഹല്ലിന്റെ പണ്ഡിത നേതൃത്വം

വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, കെ.ടിഎം അബ്ദുല്ല മൗലവി, കെ. അബ്ദുസ്സലാം മൗലവി എന്നിവര്‍ക്കു പുറമെ എം.ടി അബൂബക്കര്‍ മൗലവി, പി.കെ അബ്ദുല്ല മൗലവി, കെ.ടി അബ്ദുര്‍റഹീം മൗലവി, കെ.കെ മമ്മുണ്ണി മൗലവി എന്നിവര്‍ മഹല്ല് ഖാദിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ജൂണ്‍ 24-ന് ശാന്തപുരം മഹല്ല് ഖാദിയും പ്രസിഡന്റുമായി ചാര്‍ജെടുത്ത എം.ഐ അബ്ദുല്‍ അസീസ് സാഹിബ് ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. 2015 മെയ് 29 മുതല്‍ വര്‍ക്കിംഗ് ഖാദിയായി എം.ടി മൊയ്തീന്‍ മൗലവിയും സേവനമനുഷ്ഠിച്ചുവരുന്നു. കെ.കെ മമ്മുണ്ണി മൗലവി, എ. ഹൈദറലി, സി.കെ അബ്ദുല്ല മൗലവി എന്നിവര്‍ അസിസ്റ്റന്റ് ഖാദിമാരുമാണ്. കെ.കെ സഈദലി മൗലവി, കെ.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, സി.ടി സ്വാദിഖ് മൗലവി, എച്ച്. ശഹീര്‍ മൗലവി, കെ.സി ജലീല്‍ മൗലവി, റഫീഖ് പോത്തുകല്ല്, പി.പി അഹ്മദ് കുട്ടി മൗലവി, സി. മുസ്തഫ ഹുസൈന്‍, സി.എച്ച് മുസ്തഫ, എം. കുഞ്ഞിമുഹമ്മദ് മൗലവി എന്നിവര്‍ പലപ്പോഴായി മഹല്ലില്‍ അസിസ്റ്റന്റ് ഖാദിമാരോ ഫുള്‍ടൈം വര്‍ക്കര്‍മാരോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1974 മുതല്‍ മഹല്ല് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചവര്‍: കെ.വി മുഹമ്മദ് എന്ന കുഞ്ഞിപ്പ, അല്ലൂര്‍ കുഞ്ഞഹ്മദ്, കെ.പി സിദ്ദീഖ്, കെ.പി മാനു ഹാജി, കെ. മുഹമ്മദലി, കെ.വി മുഹമ്മദ് മാസ്റ്റര്‍, എ. അബൂബക്കര്‍ ഹാജി, കെ.പി യൂസുഫ്, എ.കെ യൂസുഫ്, എം.ടി അബ്ദുര്‍റഹ്മാന്‍, എം.ടി കുഞ്ഞലവി.

മാതൃകാ മഹല്ല്

ഘടനയിലും പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ മഹല്ലുകള്‍ക്ക് മാതൃകയാണ് ശാന്തപുരം മഹല്ല്. ഏകദേശം 975 കുടുംബങ്ങളിലായി 5200 പേരാണ് മഹല്ലിലുള്ളത്. 250-ലധികം അമുസ്‌ലിം കുടുംബങ്ങളും മഹല്ല് നിവാസികളായിട്ടുണ്ട്.
മഹല്ലിനെ മുള്ള്യാകുര്‍ശി, ശാന്തപുരം, പടിഞ്ഞാറേ പള്ളിക്കുത്ത്, കിഴക്കേ പള്ളിക്കുത്ത് എന്നിങ്ങനെ നാല് വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. ഓരോ വാര്‍ഡിലും ജുമുഅ മസ്ജിദും മദ്‌റസകളുമുണ്ട്. വാര്‍ഡുകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ വാര്‍ഡ് നിവാസികളില്‍നിന്ന് ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് പുരുഷന്മാരും അഞ്ച് വനിതകളും ഖാദി നാമനിര്‍ദേശം ചെയ്യുന്ന ഒരു കാരണവരും വാര്‍ഡില്‍ അസിസ്റ്റന്റ് ഖാദിയുണ്ടെങ്കില്‍ അദ്ദേഹവുമടങ്ങുന്ന വാര്‍ഡ് കമ്മിറ്റിയാണ്.
മഹല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായി മേല്‍നോട്ടം വഹിക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. ഓരോ വാര്‍ഡില്‍നിന്നും അഞ്ച് പുരുഷന്മാരും രണ്ട് വനിതകളുമാണ് മഹല്ല് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. അവര്‍ക്ക് പുറമെ നാല് കാരണവന്മാര്‍, അസിസ്റ്റന്റ് ഖാദിമാര്‍ എന്നിവരടങ്ങുന്നതാണ് മഹല്ല് കമ്മിറ്റി. ജമാഅത്തെ ഇസ്‌ലാമി കേരള മജ്‌ലിസ് ശൂറാ നിശ്ചയിക്കുന്ന മഹല്ല് ഖാദിയായിരിക്കും മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ്. 2008- 2009 വര്‍ഷത്തിലാണ് വാര്‍ഡ് കമ്മിറ്റികളിലും മഹല്ല് കമ്മിറ്റികളിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ തുടങ്ങിയത്.
തര്‍ബിയത്ത് സെല്‍, വിദ്യാഭ്യാസ സെല്‍, സകാത്ത് സെല്‍, വികസന സമിതി, മോഡല്‍ സ്‌കൂള്‍ കമ്മിറ്റി, ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍, വനിതാ വിഭാഗം, പ്രവാസി സെല്‍, യുവജനവേദി എന്നിവയാണ് മഹല്ല് കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തന വിഭാഗങ്ങള്‍. മഹല്ല് നിവാസികള്‍ക്കിടയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക രീതിയില്‍ പരിഹാരം കാണുന്നതിന് മഹല്ല് മസ്വ്‌ലഹത്ത് സമിതിയും വാര്‍ഡടിസ്ഥാനത്തില്‍ വാര്‍ഡ് മസ്വ്‌ലഹത്ത് സമിതികളും പ്രവര്‍ത്തിക്കുന്നു.
1988-ല്‍ ശാന്തപുരം മഹല്ലില്‍ ഭാഗികമായെങ്കിലും ഓട് മേയാത്ത ഒരു വീടുമില്ലെന്ന് പ്രഖ്യാപിക്കപ്പെടുകയും 'ഓലപ്പുരയില്ലാത്ത ഗ്രാമം' എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. 2012-2013 കാലം മുതല്‍ മഹല്ലിലെ നാല് വാര്‍ഡുകളിലും ഏറ്റവും കൂടുതല്‍ അര്‍ഹരായ ഓരോ കുടുംബത്തിന് സകാത്ത് ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപ ചെലവില്‍ ഓരോ വീട് നിര്‍മിച്ചു നല്‍കിവരുന്നു. 2017 മുതല്‍ ഈ തുക നാല് ലക്ഷമായും 2019 മുതല്‍ അഞ്ചു ലക്ഷമായും ഉയര്‍ത്തുകയുണ്ടായി. മാസാന്ത പെന്‍ഷന്‍ തുക അഞ്ഞൂറ് രൂപയില്‍നിന്ന് 700 രൂപയായും ഉയര്‍ത്തി.
വിവിധ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷനുകള്‍ മഹല്ല് കമ്മിറ്റിക്ക് നല്ല പിന്തുണ നല്‍കുന്നു്. 1976-ല്‍ യു.എ.ഇയില്‍ ആരംഭം കുറിച്ച വെല്‍ഫെയര്‍ അസോസിയേഷന്‍ ഷാര്‍ജ, അബൂദബി, ഖത്തര്‍, ജിദ്ദ എന്നിവടങ്ങളിലാണ് ഇന്ന് സജീവമായിട്ടുള്ളത്. 2001 മുതല്‍ മഹല്ലില്‍ ഗള്‍ഫ് സെല്ലും പ്രവര്‍ത്തിച്ചുവരുന്നു.
മഹല്ലിന്റെ ആഭിമുഖ്യത്തില്‍ 1995 ഒക്‌ടോബര്‍ 7-ന് ഉദ്ഘാടനം ചെയ്യപ്പെട്ട ശാന്തപുരം ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെ റൂറല്‍ ഹോസ്പിറ്റലായി പ്രവര്‍ത്തിച്ചുവരുന്നു. 2012-2013 കാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി ചുങ്കം നമസ്‌കാര പള്ളിയില്‍ ബംഗാളി ഭാഷയില്‍ ജുമുഅ ഖുത്വ്ബ ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു. മഹല്ലിന്റെ നേതൃത്വത്തില്‍ വിവിധ ജനസേവന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി