കേരള സി.പി.എമ്മും പോരാട്ടങ്ങളിലെ മുസ്‌ലിം കര്‍തൃത്വവും
ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ പരമ്പരാഗതമായി സ്വാധീനമുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളായിരുന്നു പശ്ചിമ ബംഗാളും കേരളവും. ഇതില്‍ മുപ്പതു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് പാര്‍ട്ടി പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുമ്പ് ബംഗാളിലുണ്ടായിരുന്നതുപോലുള്ള തുടര്‍ഭരണം സാധ്യമാകില്ലെങ്കിലും ഊഴമിട്ട് അധികാരത്തില്‍ വരാന്‍ കഴിയുന്ന വിധത്തിലുള്ള സ്വാധീനം ഇപ്പോഴും പാര്‍ട്ടിക്ക് കേരളത്തിലുണ്ട്.
ഇന്ത്യയിലൊട്ടാകെ പ്രത്യക്ഷമായ ഏറെ അനുകൂല ഘടകങ്ങളുണ്ടായിരുന്നിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ വളര്‍ച്ച മുരടിച്ചുപോയ ഇടതുപക്ഷത്തിന് ബംഗാളിലും കേരളത്തിലും മാത്രം എന്തുകൊണ്ട് സ്വാധീനമുണ്ടാക്കാനായി എന്നത് ഉത്തരം കിട്ടേണ്ട ഒരു ചോദ്യമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായ ജാതിയെ സ്വന്തം ചെലവിലല്ലെങ്കിലും ഏതോ അര്‍ഥത്തില്‍ പാര്‍ട്ടി അഭിമുഖീകരിച്ചത് ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് എന്നതാണ് അതിനുള്ള ലളിതമായ ഉത്തരം. സ്വന്തം ചെലവിലല്ല എന്നു പറഞ്ഞത് ബോധപൂര്‍വമാണ്. കാരണം യൂറോകേന്ദ്രീകൃതമായ ചരിത്രവായനയിലൂടെ വര്‍ഗവിശകലനം നടത്തുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജാതിയെ അഭിമുഖീകരിക്കാനുള്ള സൈദ്ധാന്തിക ശേഷിയില്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. മാത്രമല്ല ലോകത്തെ ഏറ്റവും വലിയ മര്‍ദക വ്യവസ്ഥയായ ജാതി ക്രമത്തെ നമ്പൂതിരിമാര്‍ കേരള സംസ്‌കാരത്തിന് നല്‍കിയ മഹത്തായ സംഭാവനയായി എണ്ണിയ (കേരളം മലയാളികളുടെ മാതൃഭൂമി) ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടാണല്ലോ ഇന്ത്യയില്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും അവരിലെ മുഖ്യ സൈദ്ധാന്തികനും. അതിനാല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സൈദ്ധാന്തികാടിത്തറ പാകിയ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജാതിയെ അഭിമുഖീകരിക്കാന്‍ കഴിയാത്തതില്‍ തെല്ലും അത്ഭുതമില്ല. എന്നാല്‍ മുസ്ലിംകള്‍ ജാതിക്കെതിരെ സ്വയം ചാവേറുകളായി ജീവത്യാഗം ചെയ്ത് ഉഴുതുമറിച്ച മണ്ണില്‍ വിത്തിറക്കാനായി എന്നതാണ് ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ച അനുകൂല ഘടകം. പരിമിതമായ തോതിലാണെങ്കിലും കര്‍ഷക സമരങ്ങള്‍ക്കും ഭൂപരിഷ്‌കരണത്തിനും പാര്‍ട്ടിക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും നേതൃത്വം നല്‍കാന്‍ സാധിച്ചത് നേരത്തേ തന്നെ അവിടെ മണ്ണില്‍ കൃഷി ചെയ്യുന്നവരുടെ ഭൂമിക്കു മേലുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിംകള്‍ ജന്മിത്വവിരുദ്ധ സമരം നടത്തി അവര്‍ക്കായി മണ്ണ് പാകപ്പെടുത്തിയതുകൊണ്ടാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍ ഹാജി ശരീഅത്തുല്ല നേത്യത്വം നല്‍കിയ ഫറായിദീ പ്രസ്ഥാനവും മലബാറിലെ മാപ്പിള സമരങ്ങളുമാണ് മണ്ണ് പാകപ്പെടുത്തിയ സമരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം ഇന്ത്യയില്‍ ആദ്യമായി ഉയര്‍ത്തിയത് ഫറായിദീ പ്രസ്ഥാനമാണ്. ബംഗാളിലെ ഭൂബന്ധങ്ങളിലും അതുവഴി ജാതിഘടനയിലും വലിയ പ്രകമ്പനം സൃഷ്ടിച്ച മുദ്രാവാക്യമായിരുന്നു അത്. അതുകൊണ്ടു തന്നെ അടിയുറച്ച ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത ഒരു ഇസ്ലാമിക പണ്ഡിതന്‍ നേതൃത്വം നല്‍കിയിട്ടും, നെയ്ത്തു തൊഴിലാളികളായ മുസ്‌ലിംകളോടൊപ്പം അതേ തൊഴില്‍ ചെയ്തിരുന്ന ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങളും ഫറായിദീ പ്രസ്ഥാനത്തില്‍ അണിനിരന്ന് ബംഗാളിലെ സവര്‍ണ ഭൂവുടമകള്‍ക്കും അവരെ താങ്ങിനിര്‍ത്തിയിരുന്ന കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെ ശക്തമായ സമരം ചെയ്തു .
പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ജന്മിത്വവിരുദ്ധ സമരവും അഭിമുഖീകരിച്ചത്, ഇവിടെയുള്ള ഭൂബന്ധങ്ങളില്‍ മാറ്റം ലക്ഷ്യമിട്ടതിലൂടെ ജാതിയെ തന്നെയായിരുന്നുവല്ലോ. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണമായതിനാല്‍ കൊളോണിയല്‍ ഇന്ത്യയില്‍ സവര്‍ണ ജന്മികളുടെ ചൂഷണം ഏറ്റവും കൂടുതല്‍ നടന്ന പ്രദേശങ്ങളായിരുന്നു ബംഗാളും മലബാറും. ഫറായിദീ പ്രക്ഷോഭത്തിലൂടെയും മലബാര്‍ സമരത്തിലൂടെയും ജന്മിത്വത്തിന് ഏറ്റവും വലിയ പ്രഹരമേറ്റതും ഈ രണ്ടു മേഖലകളിലായിരുന്നു. പക്ഷേ കൊളോണിയല്‍ ഭരണകൂടം ഈ രണ്ട് പ്രക്ഷോഭങ്ങളെയും ചോരയില്‍ മുക്കിക്കൊന്നതിനാല്‍ ഈ സമരത്തില്‍നിന്ന് പില്‍ക്കാലത്ത് വിളവെടുപ്പ് നടത്താന്‍ സാധിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ജാതിയെ അഭിമുഖീകരിക്കാന്‍ ഒരു മുദ്രാവാക്യവും അതേറ്റുവാങ്ങാന്‍ സജ്ജമായ ഒരു ജനതയെയും സമ്മാനിച്ചു എന്നതാണ് ഈ രണ്ട് പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തിന് നല്‍കിയ ഏറ്റവും വലിയ സഹായം.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുസ്ലിം കര്‍തൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരങ്ങളോട് ഏതോ അര്‍ഥത്തിലുള്ള പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്നു എന്നും, അത്തരം രാഷ്ട്രീയ സംഘാടനത്തോടുള്ള അവരുടെ നിലപാട് ഇന്നത്തെ പോലെ പ്രതിലോമപരമായിരുന്നില്ല എന്നും സൂചിപ്പിക്കാനാണ് ഇത് ഇവിടെ എടുത്തു പറഞ്ഞത്. ഇന്ത്യയിലെ കൊളോണിയന്‍ ഭരണകൂടത്തെ സായുധ പോരാട്ടത്തിലൂടെ പുറത്താക്കാന്‍ മതവിശ്വാസത്താല്‍ പ്രചോദിതരായി അഫ്ഗാനിസ്താനിലേക്ക് ഹിജ്‌റ പോയവരുടെ സംഘത്തിലെ ചിലര്‍ താഷ്‌കെന്റില്‍ വെച്ച് നടന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ പങ്കെടുത്തതും ഇവിടെ സ്മരണീയമാണ്.
സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് സര്‍വേന്ത്യാ മുസ്‌ലിം ലീഗിനെ വര്‍ഗീയമുദ്ര കുത്തി അപരവല്‍ക്കരിച്ചപ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് ഏറ്റുപിടിച്ചില്ലെന്നു മാത്രമല്ല, മുസ്ലിം ലീഗിലൂടെയുള്ള മുസ്‌ലിംകളുടെ രാഷ്ട്രീയ കര്‍തൃത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പാരമ്പര്യം തന്നെയാണ് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് കൂടെ കൂട്ടാന്‍ തയാറാകാതിരുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിനെ മന്ത്രിസ്ഥാനം വരെ നല്‍കി തങ്ങള്‍ നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണിയുടെ ഭാഗമാക്കിയതിലൂടെ 1967-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചത്. മലബാറിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായി മാറിയ മലപ്പുറം ജില്ലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും രൂപീകരണം പ്രസ്തുത മുന്നണിയെ എന്നും ഓര്‍മയില്‍ നിര്‍ത്തുന്ന ഘടകമാണ്. 1969-ല്‍ മുസ്ലിം ലീഗ് മുന്നണി വിട്ട് കോണ്‍ഗ്രസിന്റെ കൂടെ കൂടിയിട്ടും മുസ്‌ലിം ലീഗിനു മേല്‍ വര്‍ഗീയ ചാപ്പ കുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയാറായിരുന്നില്ല. അപ്പോഴേക്കും പാര്‍ട്ടി പിളര്‍ന്നതിനാല്‍ ഔദ്യോഗിക പാര്‍ട്ടി എന്ന അംഗീകാരം ലഭിച്ച സി.പി.ഐ ആകട്ടെ മുസ്‌ലിം ലീഗുള്ള മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. പിളര്‍പ്പിനെ തുടര്‍ന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും അക്കാലത്ത് നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ എവിടെയും മുസ്‌ലിം ലീഗ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായതിന്റെ പേരില്‍ സി.പി.എം, സി.പി.ഐക്കെതിരെ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചുവെന്ന ആരോപണം ഉന്നയിച്ചതായി കാണുന്നില്ല. 1974-ല്‍ മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ സാക്ഷാല്‍ സി.പി.എം തന്നെ അതിലൊരു വിഭാഗത്തെ ഇടതു മുന്നണിയുടെ ഭാഗമാക്കുകയും ചെയ്തു.
ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രധാന റോള്‍ ഏറ്റെടുത്ത 1985-ലെ ശരീഅത്ത് വിവാദമാണ് എല്ലാം തകിടം മറിച്ചത്. മുസ്ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയം മാത്രമല്ല, തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം പരിരക്ഷിക്കാന്‍ മുസ്ലിംകള്‍ നടത്തുന്ന ഏതൊരു നീക്കവും മുസ്ലിം വര്‍ഗീയതയാണെന്ന ആഖ്യാനത്തിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തുടക്കമിട്ടത് ശരീഅത്ത് വിവാദം മുതലാണ്. അതുവരെ മുസ്‌ലിം ലീഗിനെതിരെ ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്ന പ്രധാന വിമര്‍ശം മുസ്‌ലിം ലീഗ് പ്രമാണിമാരുടെ പാര്‍ട്ടിയാണെന്നായിരുന്നു. പാര്‍ട്ടിയുടെ വര്‍ഗവീക്ഷണ പ്രകാരം അത് ശരിയുമാണ്. അതുപോലെ ജമാഅത്തെ ഇസ്‌ലാമിയെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിമര്‍ശനവിധേയമാക്കിയിരുന്നു. പക്ഷേ അതും ഇന്നത്തെ പോലെ വര്‍ഗീയതയോ തീവ്രതയോ ആരോപിച്ചുകൊണ്ടായിരുന്നില്ല, മറിച്ച് ഇസ്ലാം മതത്തിന്റെ സകല യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൗലികവാദ സംഘടന എന്നതായിരുന്നു ജമാഅത്തിനെതിരെയുള്ള അവരുടെ വിമര്‍ശനം. അതാകട്ടെ, മതത്തെ തന്നെ കാലഹരണപ്പെട്ട ആശയമായി കാണുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പരിസരത്തില്‍ ശരിയുമായിരുന്നു. അത്തരം വിമര്‍ശനങ്ങളെയെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര പരിസരത്ത് നിന്നു കൊണ്ടുതന്നെ നേരിടുകയും ചെയ്തു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംവാദം മാത്രമായിരുന്നു ആ വിമര്‍ശനങ്ങളും പ്രതിവിമര്‍ശനങ്ങളുമെല്ലാം. പറഞ്ഞുവന്നത് മുസ്‌ലിം ലീഗിനെതിരെയാകട്ടെ, ജമാഅത്തെ ഇസ്‌ലാമിക്കെതിരെയാകട്ടെ അന്നത്തെ കേരള മാര്‍ക്‌സിസ്റ്റുകളുടെ വിമര്‍ശനമൊന്നും ഇന്നത്തെ പോലെ സാമൂഹിക പ്രശ്നമായി രൂപാന്തരപ്പെട്ടിരുന്നില്ല എന്നാണ്.
പക്ഷേ ശരീഅത്ത് വിവാദം മുതല്‍ മുസ്‌ലിംകളുടെ എല്ലാ വിധത്തിലുള്ള കര്‍തൃത്വങ്ങളോടുമുള്ള വിരോധവും അസഹിഷ്ണുതയും ഇടതുപക്ഷ പാര്‍ട്ടികളുടെ മുഖമുദ്രയായി മാറി. മതമെന്ന നിലയില്‍ ഇസ്‌ലാമിനോടും സമുദായമെന്ന നിലയില്‍ മുസ്‌ലിംകളോടും കടുത്ത വെറുപ്പും പരിഹാസവും അകത്ത് നുരഞ്ഞുപൊന്തുന്ന ഒരു സെക്യുലര്‍ പൊതുമണ്ഡലത്തെയാണ് ശരീഅത്ത് വിവാദത്തിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പതുക്കെ രൂപപ്പെടുത്താന്‍ തുടങ്ങിയത്. അതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടത് എന്നും തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു ഹിന്ദു വോട്ട് ബാങ്കിനെ സൃഷ്ടിക്കുകയായിരുന്നു. ഈ പ്രക്രിയ നടന്നുകൊണ്ടിരുന്ന അതേ കാലത്തു തന്നെയാണ് ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം പൊടിതട്ടിയെടുത്ത് സംഘ് പരിവാര്‍ ശക്തികള്‍ ഇന്ത്യയിലുടനീളം ഹിന്ദുത്വ വംശീയത കുത്തിയിളക്കി രാജ്യത്തിന്റെ ഹിന്ദുത്വവല്‍ക്കരണത്തിനും തുടക്കം കുറിച്ചത്. ഒരു മതേതര കക്ഷി എന്ന നിലയില്‍ സംഘ് പരിവാറിന്റെ ഹിന്ദുത്വവല്‍ക്കരണത്തെ എതിര്‍ക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടായിരുന്നു. ആ ബാധ്യത പക്ഷേ അവര്‍ നിര്‍വഹിച്ചത് ഇല്ലാത്ത ഒരു ന്യൂനപക്ഷ വര്‍ഗീയതയെ കൂടി മറുഭാഗത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ്. ഇസ്ലാമിക ശരീഅത്തിനെതിരെ കോടതികളില്‍നിന്ന് ഇടപെടലുണ്ടായപ്പോള്‍േ അത് സംരക്ഷിക്കാന്‍ തീര്‍ച്ചയായും മുസ്ലിംകള്‍ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. അതുപോലെ ബാബരി മസ്ജിദിന് മുകളില്‍ അന്യായമായ അവകാശവാദം സംഘ് പരിവാര്‍ ഉയര്‍ത്തിയപ്പോള്‍ അതിനെയും മുസ്ലിംകള്‍ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ പേരില്‍ അവര്‍ രാജ്യത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയോ വര്‍ഗീയ വൈരം ഇളക്കിവിടുകയോ ചെയ്തിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയ സംസ്‌കാരികാവകാശം സംരക്ഷിക്കാന്‍ സമാധാനപരമായ രീതിയില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്തത്.
എന്നാല്‍ മറുഭാഗത്താകട്ടെ രാജ്യത്ത് നിരന്തരം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചും നിയമവാഴ്ചയെ വെല്ലുവിളിച്ചുമാണ് രാമജന്മഭൂമിക്കു വേണ്ടിയെന്ന ന്യായം പറഞ്ഞ് മസ്ജിദ് കവര്‍ന്നെടുക്കാന്‍ സംഘ് പരിവാര്‍ പ്രക്ഷോഭം നടത്തിയത്. എന്നിട്ടും സാങ്കല്‍പിക ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പറഞ്ഞുകൊണ്ടല്ലാതെ സംഘ് പരിവാറിന്റെ അക്രാമക വര്‍ഗീയതയെകുറിച്ച് ഒരക്ഷരം പറയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പാങ്ങില്ലാതെ പോയി. തല്‍ക്കാലം ജയസാധ്യതയില്ലാത്തതിനാല്‍ മാത്രം ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കുന്ന സവര്‍ണ വോട്ട് ബാങ്കിനെ സംരക്ഷിക്കാനുള്ള അഭ്യാസമാണ് ഈ കൃത്രിമ സമീകരണത്തിലൂടെ പാര്‍ട്ടി നടത്തിയത്. എന്നാല്‍ വേട്ടക്കാരെയും ഇരകളെയും സമീകരിക്കുന്ന ഈ അഭ്യാസവും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവസാനിപ്പിക്കുകയാണ്. വേട്ടക്കാരെ പാടേ ഒഴിവാക്കി അസഹിഷ്ണുതയോടെ ഇരകളുടെ മാത്രം പിറകെ കൂടിയിരിക്കുകയാണ് അവരിപ്പോള്‍. സാര്‍വദേശീയ തലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ദേശീയതലത്തില്‍ ഹിന്ദുത്വ വംശീയതയും തിടംവെപ്പിച്ച ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ അതിനെ നേരിടുന്നതിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നടന്ന സൈദ്ധാന്തിക സംവാദത്തില്‍ ഇരപക്ഷത്തെ പൂര്‍ണമായും പുറംതള്ളി ഇടത് ഇസ്‌ലാമോഫോബുകള്‍ കൈവരിച്ച വിജയത്തെ തുടര്‍ന്നായിരുന്നു ഈ നിലപാടുമാറ്റം. സംഘ പരിവാരം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നു പറഞ്ഞ ഇടതു സഹയാത്രികനായ ബുദ്ധിജീവിയെ പോലുള്ളവരുടെ പങ്കും ഈ നിലപാടുമാറ്റത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
'ഇസ്ലാമിക തീവ്രവാദം' മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇഷ്ടവിഷയമായത് അങ്ങനെയാണ്. ഇന്ത്യ പൂര്‍ണമായും ഹിന്ദുത്വ ഫാഷിസത്തിന് കീഴടങ്ങിയ ഈ സമയത്തും ഇവിടെ അവരുടെ പ്രധാന ശത്രു, തീവ്രവാദവും മതരാഷ്ട്ര വാദവും അന്യായമായി ആരോപിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയായി മാറുന്നതിന്റെ പശ്ചാത്തലമിതാണ്. പിണറായിയും പാര്‍ട്ടി സെക്രട്ടറിയും മുതല്‍ സൈബര്‍ സഖാക്കള്‍ വരെയുള്ളവരുടെ അജണ്ടയില്‍ ഇപ്പോള്‍ ജമാഅത്ത് വേട്ട ഒരു പ്രധാന ഐറ്റമാണല്ലോ. എത്രത്തോളമെന്നാല്‍ തങ്ങള്‍ കൂടി സാമ്രാജ്യത്വവിരുദ്ധ പോരാളിയായി മനസ്സിലാക്കുന്ന മലബാര്‍ വിപ്ലവ നായകന്‍ വാരിയംകുന്നനെ കുറിച്ച് പാര്‍ട്ടിക്കാരന്‍ തന്നെയായ ഒരു സംവിധായകന്‍ സിനിമയെടുക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന്റെ നിര്‍മാണത്തിലും തിരക്കഥയിലും ജമാഅത്ത് പശ്ചാത്തലമുള്ള ചിലര്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ മാത്രം അത് മുടക്കാന്‍ സംഘ് പരിവാറിനേക്കാള്‍ താല്‍പര്യം ചില ഇടത് ലിബറലുകള്‍ക്കായിരുന്നു.
ഈ ജമാഅത്ത് വേട്ടയുടെ മറ്റൊരു പശ്ചാത്തലം, വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ പിന്തുണച്ചതാണ്. ജമാഅത്തെ ഇസ്ലാമി ഒരു സംഘടനയെന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരായി ജമാഅത്തുകാരും ഉണ്ടെന്നതല്ലാതെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും നയനിലപാടുകളുമായി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. മതജാതിഭേദമന്യേ എല്ലാവരും അംഗങ്ങളായ, മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണം മുഖ്യദൗത്യമായ ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ കാരണമായ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം ആര്‍ക്കും അജ്ഞാതമായിരുന്നില്ല. എന്തൊക്കെ പിഴവുകളും കുറവുകളുമുണ്ടെങ്കിലും കഴിഞ്ഞ പൊതു തെരഞ്ഞടുപ്പില്‍ ഇന്ത്യയില്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിയോട് ഏറ്റുമുട്ടിയത് കോണ്‍ഗ്രസ്സായിരുന്നുവെന്നത് ആരും നിഷേധിക്കുകയില്ലല്ലോ. സി.പി.എമ്മാകട്ടെ കേരളത്തില്‍ മാത്രമേ ജയിക്കാവുന്ന മത്സരം നടത്തിയിരുന്നുള്ളൂ. അതും ബി.ജെ.പിയോടല്ല, കോണ്‍ഗ്രസ്സിനോടായിരുന്നു. അതിനാല്‍ എവിടെ നിന്നായാലും കോണ്‍ഗ്രസിന് കിട്ടുന്ന ഏതൊരു സീറ്റും ബി.ജെ.പിയുമായുള്ള അധികാര മത്സരത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കും എന്ന, ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിക്കും തിരിയുന്ന രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫ് പിന്തുണക്ക് ആധാരമാക്കിയത്.
ഫാഷിസത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമടക്കം മുന്‍നിര്‍ത്തി മുമ്പ് എത്രയോ തവണ ലോക്‌സഭാ-നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി നേരിട്ടു തന്നെ ഇടതു പക്ഷത്തെ പിന്തുണച്ചിട്ടുണ്ട്, പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അന്നതിനെ ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നും അവരുടെ പിന്തുണ പ്രസ്തുത നിലപാടിന്റെ അടിസ്ഥാനത്തിലാണ് എന്നും പറഞ്ഞ് ജമാഅത്തിന്റെ ഇടതു പിന്തുണയെ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ ന്യായീകരിച്ചത് ആരും മറന്നിട്ടില്ല. അന്നൊന്നും ഇടതുപക്ഷത്തിന് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയോ തീവ്രവാദ സംഘടനയോ ആയിരുന്നില്ല. പക്ഷേ ഇപ്പോള്‍ വര്‍ഗീയവാദത്തിനും തീവ്രവാദത്തിനും അപകടകരമായ ഒരു നിര്‍വചനം നല്‍കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണ്. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയപരവും വികസനപരവുമായ അജണ്ടകളെയും നിലപാടുകളെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിം സംഘടനയും വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്നതാണ് ആ നിര്‍വചനം. ഇതിനു മുമ്പ് ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിക്ക് തീവ്രവാദികളാായത് കിനാലൂര്‍ പ്രശ്നത്തില്‍ സോളിഡാരിറ്റി ഇടതു ഗവണ്‍മെന്റിന്റെ ജനവിരുദ്ധ വികസന അജണ്ടയെ ചോദ്യം ചെയ്തപ്പോഴാണ്. ഗെയില്‍ സമരത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃപരമായ പങ്കു വഹിച്ചപ്പോഴും അതുമവര്‍ക്ക് 'ജമാഅത്ത് തീവ്രവാദ'മായി. ഇത് പോയി പോയി ജമാഅത്തെ ഇസ്‌ലാമിയോടു മാത്രമല്ല മുസ്‌ലിംകള്‍ കര്‍തൃസ്ഥാനത്ത് വരുന്ന ഏതൊരു രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലുകളെയും തീവ്രവാദമായി കാണുന്ന മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. അതോടെ സംഘ് പരിവാറും ഫാഷിസവും അവരുടെ മുഖ്യശത്രു അല്ലാതായി. ഈ മാനസികാവസ്ഥ എല്ലാ മറയും നീക്കി പുറത്തുചാടിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലാണ്. ആ സമരം യഥാര്‍ഥത്തില്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെയും അലീഗഢ് സര്‍വകലാശാലയിലെയും മുസ്ലിം വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ആ സമരത്തോട് യാതൊരു അസഹിഷ്ണുതയും കാട്ടാതെ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള എല്ലാ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തി ഐക്യദാര്‍ഢ്യപ്പെടുകയാണ് ദേശീയതലത്തില്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ സി.പി.എം ചെയ്തതെങ്കില്‍ പിണറായി വിജയന്‍ കേരളത്തില്‍ പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരത്തെ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തിനെതിരായ സമരമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിച്ചത്. ഫലത്തില്‍ സംഘ് പരിവാറിന് അലോസരമുണ്ടാക്കുന്നതിനു പകരം നേരത്തേതന്നെ ദുര്‍ബലമായ കേരളത്തിന്റെ മതേതര പൊതുമണ്ഡലത്തെ കൂടുതല്‍ ഇസ്‌ലാമോഫോബിക്കാക്കി മാറ്റാന്‍ മരുന്നിടുകയാണ് പിണറായി വിജയന്റെ പൗരത്വ സമരം ചെയ്തത്.
പൗരത്വസമരം ശരീഅത്ത് സംരക്ഷണ പ്രക്ഷോഭെത്ത ഓര്‍മിപ്പിക്കുന്ന തരത്തില്‍ കേരളത്തില്‍ മുസ്‌ലിം സമുദായ സംഘടനകള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ഒരു സംഘബോധം സൃഷ്ടിച്ചിട്ടുണ്ട്. ശരീഅത്ത് സംരക്ഷണ പ്രക്ഷോഭത്തിലെ സംഘബോധത്തെ പില്‍ക്കാലത്ത് ഒരു മതസംഘടനയിലെ ഭിന്നിപ്പിന്റെ ഉത്തോലകങ്ങളിലൊന്നാക്കി മാറ്റിയവര്‍ എന്നാരോപിക്കപ്പെട്ടവര്‍ പോലും ഈ സംഘബോധത്തിന്റെ കൂടെ നിന്നു. പക്ഷേ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സി.പി.എം നടത്തിയ പൗരത്വ സമരത്തിന്റെ ഒരു പ്രധാന ടാര്‍ഗറ്റ് പൗരത്വ നിയമത്തിനെതിരായ മുസ്‌ലിം സംഘടനകളുടെ ഈ സംഘബോധത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. പക്ഷേ മുസ്‌ലിം സംഘടനകള്‍ക്ക് യാഥാര്‍ഥ്യബോധം ഉണ്ടായതിനാല്‍ സി.പി.എം അതില്‍ വിജയിച്ചില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുന്നു എന്ന പുകമറ സൃഷ്ടിച്ച് സി.പി.എം വീണ്ടുമൊരു ജമാഅത്ത്‌വിരുദ്ധ വേട്ടക്ക് ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശ്യവും ഇതു തന്നെ. മുസ്‌ലിം സമൂഹത്തിലെ ചില ധാരകളെ അപരവത്കരിച്ച് ഹിന്ദുത്വ പൊതുമണ്ഡലത്തെ ലാളിച്ചും, ഒപ്പം മുസ്‌ലിം സംഘടനകള്‍ക്കിടയിലെ അഭിപ്രായഭേദങ്ങള്‍ മൂര്‍ഛിപ്പിച്ച് അവരിലെ സംഘബോധത്തെ തകര്‍ത്തും രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന ഗൂഢോദ്ദേശ്യം. അതിനാല്‍ സി.പി.എമ്മിന്റെ ഈ തന്ത്രത്തില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന വല്ലവരും മുസ്ലിം സംഘടനകളുടെ നേതാക്കളായോ എഴുത്തുകാരായോ ഉണ്ടെങ്കില്‍ അവര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്; അതിതാണ്: സി.പി.എം ഇപ്പോള്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ. അതിനാല്‍ അധികാരത്തുടര്‍ച്ച അവരെ സംബന്ധിച്ചേടത്താളം പരമപ്രധാനമാണ്. അതേസമയം കേരളത്തിന്റെ പാരമ്പര്യം ആര്‍ക്കും അധികാരത്തുടര്‍ച്ച നല്‍കാത്തതുമാണ്. ഈ പാരമ്പര്യത്തെ മറികടക്കണമെങ്കില്‍ യു.ഡി.എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് കൂടുതല്‍ ക്ഷയിക്കണം. കോണ്‍ഗ്രസ് ഒരു സംഘടനയെന്ന നിലയില്‍ കേരളത്തില്‍ എത്രയോ കാലമായി ദുര്‍ബലമാണ്. എന്നിട്ടും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ഊഴമിട്ട് അധികാരത്തില്‍ വരുന്നത് മുസ്ലിം ലീഗിലൂടെയും കേരള കോണ്‍ഗ്രസ്സുകളിലൂടെയും കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫ് വോട്ട് ബാങ്കിന്റെ അടിത്തറയായതുകൊണ്ടു മാത്രമാണ്. യു.ഡി.എഫിനെ ഇടക്കിടെ അധികാരത്തിലെത്തിക്കുക മാത്രമല്ല ഈ വോട്ട് ബാങ്ക് ചെയ്യുന്നത്, മറിച്ച് ബി.ജെ.പിയെ കേരളത്തില്‍ പച്ചതൊടാന്‍ അനുവദിക്കാതിരിക്കുക കൂടിയാണ്.
യു.ഡി.എഫിന്റെ ഈ വോട്ട് ബാങ്കിനെ എങ്ങനെയെങ്കിലും ശിഥിലമാക്കുക എന്നതാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ ഭരണത്തുടര്‍ച്ച എന്ന ഇടതുപക്ഷ മോഹം തല്‍ക്കാലം സഫലമാകുമെങ്കിലും പതിയെ പതിയെ കേരളത്തില്‍ ബി.ജെ.പി മുഖ്യ പ്രതിപക്ഷമാകുന്ന സ്ഥിതിവിശേഷം അത് സംജാതമാക്കും. ഇടതുപക്ഷം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ മുഖ്യ പ്രതിപക്ഷമായി മാറുന്ന ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയാന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷമല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലാതാകുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം അത്യന്തം അപകടകരമായ കളിയാണിത്. യാതൊരു കര്‍തൃത്വവുമില്ലാത്ത മുസ്‌ലിം വോട്ട് ബാങ്കിനെ തങ്ങളുടെ കൂടെ കൂട്ടാന്‍ നിര്‍ബന്ധിക്കുക എന്ന അജണ്ടയാണ് പൗരത്വസമരം മുതല്‍ കേരള രാഷ്ട്രീയത്തില്‍ വേവിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. പക്ഷേ യു.ഡി.എഫ് ദുര്‍ബലമായി ബി.ജെ.പി മുഖ്യ പ്രതിപക്ഷമായാല്‍ സി.പി.എം കണക്കു കൂട്ടുന്നതുപോലെ കേരളത്തില്‍ ഇടതുപക്ഷ ഭരണം ശാശ്വതമാവുകയല്ല ചെയ്യുക, മറിച്ച് ആദ്യം കോണ്‍ഗ്രസില്‍നിന്നും പിന്നീട് സി.പി.എമ്മില്‍നിന്നും അണികള്‍ ബി.ജെ.പിയിലേക്ക് ഒഴുകി ഹിന്ദുത്വ വംശീയ രാഷ്ട്രീയം വളരെ പെട്ടെന്ന് ശക്തിപ്പെടുകയായിരിക്കും. കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ ആവശ്യമായ വോട്ട് കിട്ടാത്തത് പലരും കരുതും പോലെ കേരളം മതേതരത്വത്തിന്റെ ശക്തിപ്രദേശം ആയതുകൊണ്ടൊന്നുമല്ല, മറിച്ച് എല്‍.ഡി.എഫ് - യു.ഡിഎഫ് സമവാക്യത്തിനിടയില്‍ അവരുടെ ജയസാധ്യത കുറഞ്ഞതു കൊണ്ട് മാത്രമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി സി.പി.എം തന്നെ ഇസ്ലാമോഫോബിക്കാക്കി മാറ്റിയ ഹിന്ദു വോട്ട് ബാങ്കുമായിട്ടാണ് പാര്‍ട്ടിയുടെ സഞ്ചാരം എന്നോര്‍ക്കണം. മേല്‍ സമവാക്യം ചെറുതായൊന്ന് തെറ്റിയാല്‍ പ്രസ്തുത വോട്ട് ബാങ്ക് ബി.ജെ.പിയിലേക്ക് ചാടാന്‍ മടിക്കില്ല എന്നുറപ്പാണ്. സി.പി.എമ്മിന്റെ ശിഥിലീകരണ അജണ്ടക്ക് കൊടിപിടിക്കുന്നവരായി മുസ്ലിം മതസംഘടനാ വൃത്തങ്ങളില്‍ നേതാക്കളോ എഴുത്തുകാരോ ആയി ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ കണ്ണ് തുറന്നു കാണേണ്ട യാഥാര്‍ഥ്യമാണിത്.
Comments