കലാലയങ്ങളുടെ ദൗത്യവും കാലോചിത പരിഷ്‌കരണങ്ങളും
അമേരിക്കയിലെ സ്റ്റീവന്‍സണ്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് പ്രഫ. കെവിന്‍ മാനിംഗ്, 2016-ല്‍ നടത്തിയ ഒരു ടെഡ് ടോക്കിനിടയില്‍ തന്റെ പോക്കറ്റിലുണ്ടായിരുന്ന സെല്‍ ഫോണ്‍ പുറത്തേക്കെടുത്ത് സദസ്സിനോട് ചോദിച്ചു: 'ഈ ഫോണ്‍ ആണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യ ഉപകരണമായി മാറാന്‍ പോകുന്നത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ എത്ര പേര്‍ വിശ്വസിക്കും?' കോവിഡ് വരുന്നതുവരെ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികള്‍ക്ക് കിട്ടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. അത്യാവശ്യം പഠിക്കുന്ന കുട്ടികള്‍ ടി.വിക്കും ഗെയിമിനും അടിപ്പെടാതിരിക്കാനും മാതാപിതാക്കള്‍ പാടുപെട്ടിരുന്നു. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കുട്ടികളെ മൊബൈല്‍ ഫോണിലേക്കും ടി.വി സ്‌ക്രീനിലേക്കും പഠിക്കാനായി വിളിച്ചിരുത്തുന്ന മാതാപിതാക്കളാണ് ഇന്ന് എവിടെയും. ഇന്റര്‍നെറ്റും യുട്യൂബും സ്മാര്‍ട്ട് ഫോണുമൊക്കെ പഠനത്തിന്റെ മുഖ്യ ഉപാധിയും ഉപകരണങ്ങളുമായി കടന്നുവന്നിട്ടും നാള്‍ കുറേ ആയി.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ക്ലാസ് റൂമുകളില്‍ കണ്ട വിദ്യാര്‍ഥികളെയല്ല ഇന്നത്തെ അധ്യാപകര്‍ അവരുടെ ക്ലാസ്സുകളില്‍ കാണുന്നത്. അധ്യാപകന്‍ ക്ലാസ്സെടുക്കാനുദ്ദേശിക്കുന്ന വിഷയങ്ങള്‍ നേരത്തേ തന്നെ പഠിച്ചുകഴിഞ്ഞ വിദ്യാര്‍ഥികളെ ഇന്ന് അധ്യാപകര്‍ക്കും അഭിമുഖീകരിക്കേണ്ടി വരും. സ്‌കൂളിലായാലും കോളേജിലായാലും ഇതുതന്നെയാണ് അവസ്ഥ. ഇന്റര്‍നെറ്റിന്റെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെയും ലോകത്ത് അധ്യാപകന്‍, ക്ലാസ് റൂം എന്നതൊക്കെ അപ്രസക്തമാകുമോ എന്ന ആശങ്കയുണ്ട്. എന്തിനേറെ സ്‌കൂള്‍, കോളേജ്, യൂനിവേഴ്സിറ്റി തുടങ്ങിയവയും രണ്ടു പതിറ്റാണ്ടിനപ്പുറം നിലനില്‍ക്കുമോ എന്ന ചര്‍ച്ച അക്കാദമിക ലോകത്ത് സജീവമാണ്. ഇസ്‌ലാമിക വിദ്യാഭ്യാസ ക്രമത്തില്‍ ഈ ചര്‍ച്ചയും ഈ കാഴ്ചപ്പാടുകളും ഇനിയും അര്‍ഹിക്കുന്ന അളവില്‍ കടന്നുവന്നിട്ടില്ല. ഈ പതിറ്റാണ്ടിലും അടുത്ത രണ്ടു പതിറ്റാണ്ടിലും ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ത് എന്ന് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണര്‍ എന്തുകൊണ്ട് ആലോചിക്കുന്നില്ല?
പൊതു വിദ്യാഭ്യാസ രംഗത്ത് ആഗോളാടിസ്ഥാനത്തില്‍ അധ്യയനത്തിന്റെ അടിസ്ഥാന രൂപം തന്നെ മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോക്കും സംസാരവും (Chalk and Talk) രീതിയില്‍നിന്ന്, വിദ്യാര്‍ഥി കേന്ദ്രീകൃത അധ്യാപന രീതിയിലേക്കുള്ള മാറ്റം, നിര്‍ണിതമായ ടെക്സ്റ്റ് ബുക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള അധ്യയന രീതിയില്‍നിന്ന് ഒരു വിഷയം പഠിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി എന്ത് നേടും (Learning Outcomes) എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള രീതിയിലേക്കുള്ള മാറ്റം എന്നിവ പ്രത്യേകം പ്രസ്താവ്യമാണ്.
ക്ലാസ് റൂമിനകത്ത് ഒതുങ്ങുന്ന പഠനരീതി വിട്ട് ഒന്നിലധികം പഠനരീതികള്‍ വഴിയുള്ള പഠനവും (Blended Learning) ഓണ്‍ലൈന്‍ പഠനവും സാധാരണയായിക്കഴിഞ്ഞു. കോവിഡാനന്തര കാലത്ത് ഇതൊക്കെ ഒരു വിശദീകരണത്തിനു പോലും പ്രസക്തിയില്ലാത്തവിധം സര്‍വസാധാരണമായി കഴിഞ്ഞു. ഒരൊറ്റ സ്ഥാപനത്തിലെ സ്ഥിരം അധ്യാപകര്‍ മാത്രം പഠിപ്പിക്കുന്ന രീതി വിട്ട്, ലോകത്ത് എവിടെ നിന്നും കഴിവുള്ള അധ്യാപകര്‍ക്ക് എവിടെയുമുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ സാധിക്കുംവിധം അധ്യാപന സാധ്യതയുടെ ആഗോളീകരണം നടന്നു കഴിഞ്ഞ ഈ കാലത്ത് ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയും സാമ്പ്രദായിക രീതി മാത്രം അവലംബിച്ച് എത്രകാലം മുന്നോട്ടു പോകാനാകും?
കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍ 'മൂഡിലും' 'ഗൂഗ്ള്‍ ക്ലാസ്സ് റൂമും' ഇതര ഓണ്‍ലൈന്‍ അധ്യാപന മാര്‍ഗങ്ങളും നമ്മുടെ ചര്‍ച്ചകളില്‍ പോലും വരുമായിരുന്നോ?
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് ഏതാനും ആഴ്ചകള്‍ ആയി, എത്ര ഇസ്‌ലാമിക ഉന്നത കലാലയങ്ങള്‍ ഇതിനകം ഓണ്‍ലൈന്‍ അധ്യാപനം സാധ്യമാകുംവിധം തയാറായിക്കഴിഞ്ഞു? കോവിഡ് തീര്‍ന്നാലും അനന്ത സാധ്യതകളുള്ള ഇത്തരം നവീന അധ്യാപന രീതികളിലേക്ക് നമ്മുടെ സ്ഥാപനങ്ങള്‍ക്ക് സ്ഥായിയായി മാറുന്നത് ആലോചിച്ചുകൂടേ?
ഗവേഷണാത്മക വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൗത്യം മുഖ്യമായും മൂന്നാണ്- അധ്യാപനം, ഗവേഷണം, സാമൂഹിക ദൗത്യ നിര്‍വഹണം (Community Engagement).
ഇസ്‌ലാമിക കലാലയങ്ങള്‍ക്കും ഇതു തന്നെയാണ് നിര്‍വഹിക്കാനുള്ളത്. ഗവേഷണം എന്നാല്‍ പി.എച്ച്.ഡി എന്ന അര്‍ഥത്തില്‍ മാത്രമല്ല; സാമൂഹിക പ്രധാനമായ ഏതൊരു വിഷയത്തിലും അധ്യാപകരും വിദ്യാര്‍ഥികളും ഏര്‍പ്പെടുന്ന ഗവേഷണങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നു. വിദ്യാര്‍ഥികള്‍ അവരുടെ സ്റ്റഡി പ്രോഗ്രാമുകളുടെ ഭാഗമായും അക്കാദമിക ശേഷി വര്‍ധനവിന്റെ ഭാഗമായും ഏര്‍പ്പെടുന്ന ഗവേഷണങ്ങളും ഈ ഗണത്തില്‍ പെടും. എന്നാല്‍ നമ്മുടെ ഇസ്‌ലാമിക കലാലയങ്ങള്‍ അധ്യാപനം എന്ന ഒരൊറ്റ ദൗത്യത്തില്‍ ചുരുങ്ങിപ്പോകുന്നതാണ് നിലവിലെ കാഴ്ച. ഗവേഷണം തീര്‍ത്തും അവക്ക് അന്യമായ പോലെയാണ്. വിദ്യാര്‍ഥികളുടെ ഡിഗ്രി, പി.ജി പ്രോഗാമുകളുടെ ഭാഗമായി എന്തുകൊണ്ട് ഗവേഷണാത്മകമായ അസൈന്‍മെന്റുകളും ലളിതമായ ഗവേഷണങ്ങളും നടത്തിക്കൂടാ? സോഷ്യല്‍ സര്‍വേ നടത്താനുള്ള ശേഷി, ഡാറ്റ ശേഖരണം, വിശകലനം (Analysis), വ്യാഖ്യാനം (Interpretation), അവതരണം (Presentation) എന്നീ രംഗത്ത് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് ഈ രീതിയിലുള്ള ഗവേഷണങ്ങള്‍ക്ക് സാധിക്കും.
കലാലയങ്ങളുടെ മൂന്നാമത്തെ ദൗത്യമായെണ്ണിയ സാമൂഹിക ദൗത്യനിര്‍വഹണത്തില്‍ ഇത്തരം പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഉദാഹരണമായി, കേരളത്തിലെ യുവാക്കളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തി ഇന്ന് വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. ഒരു ഇസ്‌ലാമിക കലാലയത്തിന് ഇതിന്റെ വ്യാപ്തി മനസ്സിലാക്കി ഇടപെടാന്‍ ഉപകരിക്കുംവിധമുള്ള ചില പഠനങ്ങള്‍ക്ക് മുന്‍കൈ എടുക്കാമല്ലോ. ഇങ്ങനെ നാനാതരം പഠനങ്ങള്‍ക്ക് പരിധിയില്ലാത്ത സാധ്യതകളുണ്ട്. ഈ രീതിയില്‍ പഠനപ്രക്രിയയെ വൈവിധ്യവല്‍ക്കരിക്കാനും നവീകരിക്കാനും ഇസ്‌ലാമിക കലാലയങ്ങള്‍ സന്നദ്ധമാകണം. വിവരവും വിജ്ഞാനവും മാത്രം പോരാ, പുതിയ തലമുറക്ക്. വിജ്ഞാന നിര്‍മാണവും വിവര പ്രയോഗ ശേഷിയുമുള്ള, വിവരവും വിജ്ഞാനവും ആവശ്യാനുസാരം ഉപയോഗപ്പെടുത്താന്‍ പ്രാപ്തിയുള്ള തലമുറയെയാണ് നമ്മുടെ ഉന്നത കലാലയങ്ങള്‍ സൃഷ്ടിക്കേണ്ടത്. ഗവേഷണ പ്രാമുഖ്യമുള്ള പഠനരീതി ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ മുഖ്യ രീതികളില്‍ ഒന്നാണ്.
വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസം (Student Centered Learning)
കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ സ്‌കൂളുകളില്‍ ലോക ബാങ്കിന്റെ ഫണ്ടോടു കൂടി കടന്നു വന്നു എന്ന ചീത്തപ്പേരുണ്ടാക്കിയ DPEP എന്ന വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസ രീതിയുണ്ടല്ലോ. ലോകബാങ്കും വിദേശ ഫണ്ടും മാറ്റിനിര്‍ത്തിയാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും (Creativity), പ്രശ്‌ന പരിഹാര ശേഷിയും (Problem Solving Skills), വിമര്‍ശനാത്മക ചിന്താശേഷിയും (Refelctive Thinking) പ്രതിഫലന ചിന്തയും (Critical Thinking), വളര്‍ത്തുന്നതിന് ഏറെ സഹായകമായ രീതിയാണ് വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസം.
ഉസ്വൂലുല്‍ ഫിഖ്ഹിന്റെ അധ്യാപകന്‍ ഏറെ കഷ്ടപ്പെട്ട് നോട്ട് തയാറാക്കി കൊണ്ടുവന്ന് ഒന്നര മണിക്കൂര്‍ റേഡിയോ പ്രഭാഷണം പോലെ ക്ലാസ്സെടുക്കുന്നു. മിടുക്കരായ കുറേ കുട്ടികള്‍ ശ്രദ്ധിച്ചിരിക്കുന്നു; മറ്റു കുറേ പേര്‍ കോട്ടുവായിട്ട് ഇരിക്കുന്നു. ഈ രീതി മാറ്റി, എടുക്കാനുള്ള ഭാഗം രണ്ടോ മൂന്നോ ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്ക് വിഭജിച്ചു നല്‍കി അവര്‍ പഠിച്ചുവന്ന് അവതരിപ്പിക്കട്ടെ. അധ്യാപകനടക്കം ബാക്കിയെല്ലാവരും കേട്ടിരിക്കുന്നു. മൂന്നു അവതരണങ്ങളും കേട്ട് ആവശ്യമായത് കൂട്ടിച്ചേര്‍ത്ത് ആ ഭാഗം അധ്യാപകന്‍ അവസാനിപ്പിക്കുന്നു. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണിത്. ഇതും സമാനമായ രീതികളും ഇസ്‌ലാമിക കലാലയങ്ങളിലും പരീക്ഷിക്കാം. നിഷ്‌ക്രിയ പഠന (Passive Learning) രീതിയില്‍നിന്ന് സക്രിയവും സജീവവുമായ പഠന (Active Learning) രീതിയിലേക്ക് മാറാന്‍ എന്താണ് നമ്മുടെ സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നം? പ്രവര്‍ത്തകരുടെ തര്‍ബിയത്ത് വളര്‍ച്ചക്കായി ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിജയകരമായി പരീക്ഷിച്ച 'ഉസ്‌റ' സമ്പ്രദായം യൂനിവേഴ്സിറ്റി പഠനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന തലക്കെട്ടില്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസത്തിനു ഇസ്‌ലാമിക പരിസരത്ത് നടക്കുന്ന ഇത്തരം പരീക്ഷണങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും അറിയണം. എല്ലാ വിഷയങ്ങളിലും ഈ രീതിയില്‍ അധ്യയനം സാധ്യമാണ്. ഇത്തരം രീതികളിലൂടെ പഠിച്ച് പുറത്തുവരുന്ന തലമുറക്ക് അവരുടെ വിമര്‍ശനാത്മക ചിന്താശേഷിയും സര്‍ഗാത്മകതയും കൊണ്ട് അവര്‍ ജീവിക്കുന്ന ലോകത്ത് പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാവും.
ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം (Outcome Based Education)
ഓരോ പാഠ്യവിഷയവും പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കുമ്പോള്‍, ഇന്ന ടെക്സ്റ്റ് പുസ്തകം പഠിപ്പിക്കണം, ഇത്ര അധ്യായം പഠിപ്പിച്ചു തീര്‍ക്കണം എന്ന സാമ്പ്രദായിക രീതിയില്‍നിന്ന് മാറി, ഓരോ വിഷയവും പഠിപ്പിക്കുന്നതിലൂടെ ആ ക്ലാസ്സിലെ കുട്ടികള്‍ എന്ത് നേടണം എന്ന് നിര്‍ണയിക്കാം. ഇതിനെയാണ് Learning Outcomes എന്ന് പറയുന്നത്. ഈ രീതിയില്‍ പാഠ്യപദ്ധതിയെ തന്നെ ക്രമീകരിക്കുന്നതാണ് Outcome Based Learning. നിര്‍ണിതമായ അധ്യയന രീതിയോ പുരോഗതി വിലയിരുത്തലോ (Assessment) പരീക്ഷയോ കേന്ദീകൃതമായി നിശ്ചയിച്ചു നല്‍കുന്നതിനു പകരം, പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അധ്യാപകന്നോ ഒരു കൂട്ടം അധ്യാപകര്‍ക്കോ ഇതിനുള്ള സ്വാതന്ത്ര്യം നല്‍കും, ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയില്‍. അധ്യാപന പ്രക്രിയക്കല്ല, ആത്യന്തിക ലക്ഷ്യസാക്ഷാല്‍ക്കാരത്തിനാണ് ഈ രീതിയില്‍ മുന്‍തൂക്കം. അഥവാ, ഒരു വിഷയം പഠിപ്പിച്ചു കഴിയുമ്പോള്‍ തങ്ങള്‍ എന്തൊക്കെയോ നേടി എന്ന് വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് കാര്യമായി പുരോഗതി ഉണ്ടായി എന്ന് അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെടണം.
ഇസ്‌ലാമില്‍ ഏതൊന്നിന്റെയും കാതല്‍ അത് ആത്യന്തികമായി എന്ത് നിര്‍മിക്കുന്നു (ഫലം) എന്നതും എന്ത് ഉദ്ദേശ്യത്തില്‍ (നിയ്യത്ത്) ചെയ്യുന്നു എന്നതുമാണല്ലോ. ആ പ്രക്രിയക്കല്ല പ്രാധാന്യം. ആ അര്‍ഥത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമെന്ന ആശയം ആദ്യമേ അന്തര്‍ലീനമാണ്. പക്ഷേ അതിന്റെ ശരിയായ രീതിശാസ്ത്രം നമ്മുടെ സ്ഥാപനങ്ങളില്‍ ഇനിയും വികസിച്ച് വന്നിട്ടില്ല. ആ ദിശയില്‍ ചില മുന്നേറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യയടക്കം പല രാജ്യങ്ങളും ഈ രീതിയിലേക്ക് തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം, വിശിഷ്യാ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം മാറ്റിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇസ്‌ലാമിക കലാലയങ്ങളും ഈ രീതിയിലുള്ള മാറ്റത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലേ? ചുറ്റുപാടും ഗുണപരമായി മാറുമ്പോള്‍ എത്രകാലം നമുക്ക് സാമ്പ്രദായികമായി നിലനില്‍ക്കാനാകും?
താല്‍പര്യമുള്ളത് പഠിക്കാനുള്ള അവസരം
ലോകം മൊത്തം കര്‍ഷക സമൂഹമായ കാലഘട്ടത്തില്‍ ഉണ്ടായതാണ് ഡിഗ്രിക്കും പി.ജിക്കും ഒരൊറ്റ വിഷയം മാത്രം മുഖ്യമായെടുത്ത് പഠിക്കുന്ന ഒരൊറ്റ സ്പെഷ്യലൈസേഷന്‍ രീതി (Single Specilisation). . ചുരുങ്ങിയത് നാല് നൂറ്റാണ്ട് പഴക്കമുണ്ട് ഈ രീതിക്ക്. ഒരേസമയം ഒന്നിലധികം വിഷയങ്ങളില്‍ അവഗാഹം നേടാന്‍ ഇന്ന് ആഗോളതലത്തില്‍ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നുണ്ട്. ഒന്നിലധികം സ്പെഷ്യലൈസേഷനുകള്‍ ഒരേസമയം പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അവ തെരഞ്ഞെടുക്കാനും പരീക്ഷ എഴുതാനും സര്‍ട്ടിഫിക്കറ്റ് നേടാനും ഒക്കെയുള്ള സംവിധാനം വേണം. കാരണം, സാധാരണ ഗതിയില്‍ ഒരേ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ബുദ്ധിപരമായ നല്ല അന്തരമുണ്ടാകും. മിടുക്ക് കുറവുള്ള ചില കുട്ടികള്‍ക്കു വേണ്ടി മിടുക്കന്മാരായ കുറേ കുട്ടികളെ മടിയന്മാരാക്കി നിലനിര്‍ത്തുന്നതിനു പകരം ലഭ്യമായ സമയത്തിനുള്ളില്‍ കൂടുതല്‍ മികവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാന്‍ സ്ഥാപനങ്ങള്‍ അവര്‍ക്ക് അവസരം നല്‍കണം.
അതനുസരിച്ചുള്ള ഫ്ളെക്സിബ്ള്‍ ക്ലാസുകളും പരീക്ഷാ സംവിധാനങ്ങളും വികസിപ്പിക്കണം. മുന്‍കാലങ്ങളില്‍ ഒരു വിഷയം പഠിക്കാന്‍ എടുത്തിരുന്ന അത്ര സമയം വിരല്‍ത്തുമ്പിലെ വിദ്യാഭ്യാസ കാലത്ത് ആവശ്യമില്ല എന്നതും കൂടി ഇതിന്റെ കാരണമായി മനസ്സിലാക്കണം.
അതുപോലെത്തന്നെ, ഒരു വിഷയത്തില്‍ പി.ജി കഴിഞ്ഞ വിദ്യാര്‍ഥി, താന്‍ പഠിച്ച മേഖലയിലല്ല മറ്റൊരു മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ആ മേഖലയില്‍ പി.എച്ച്.ഡി ചെയ്യാന്‍ വരെ സൗകര്യമുള്ള വിധം ഇലാസ്തികതയുള്ളതായി മാറിക്കൊണ്ടിരിക്കുന്നു, ആഗോള വിദ്യാഭ്യാസ മേഖല.
വര്‍ഷങ്ങളോളം ജോലിചെയ്ത പരിചയം വെച്ച് പി.ജി പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ പാഠ്യ വിഷയങ്ങളില്‍ അവരുടെ അവഗാഹം പരിഗണിച്ച് ഇളവുകള്‍ നല്‍കുന്ന (Prior Learning Experience-PLE) സമ്പ്രദായവും നിലവിലുണ്ട്. ആകെ പഠിക്കേണ്ട 12 വിഷയങ്ങളില്‍ അഞ്ചോ ആറോ എണ്ണത്തിന് ഇളവ് നല്‍കുന്ന രീതി. എന്നാല്‍ നമ്മുടെ സ്ഥാപനങ്ങളില്‍ ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അവന്‍/ അവള്‍ ഒന്നുകില്‍ പൂര്‍ത്തീകരിച്ച് അവസാനിപ്പിക്കുക അല്ലെങ്കില്‍ ഇടക്കു വെച്ച് കൊഴിഞ്ഞു പോവുക എന്നല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലാത്തവിധം കുടുസ്സാണ് രീതികള്‍. തെരഞ്ഞെടുത്ത സ്ട്രീം ഏതെങ്കിലും കാരണത്താല്‍ ഇടക്കു വെച്ച് മാറ്റേണ്ടിവന്നാല്‍ കാലനഷ്ടം വരാതെ സ്ട്രീം മാറാന്‍ സാധിക്കുന്ന രീതി ഉണ്ടാവണം.
സ്ഥാപനങ്ങള്‍ തമ്മില്‍ വിദ്യാര്‍ഥി കൈമാറ്റം (Student Exchange Programs)
ദാറുല്‍ ഹുദായില്‍ പഠിച്ച, എന്തോ കാരണത്താല്‍ അവിടെ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്ന ഒരു വിദ്യാര്‍ഥിക്ക് അല്‍ ജാമിഅയിലോ ദാറുല്‍ മആരിഫിലോ കാരന്തൂര്‍ മര്‍കസിലോ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുംവിധം ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സാധ്യതകള്‍ അടക്കം വിശാലമാകണം നമ്മുടെ ഇസ്‌ലാമിക വിദ്യാഭ്യാസ പദ്ധതികള്‍. ഉത്തരേന്ത്യയില്‍നിന്നടക്കം ധാരാളം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ ഇന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്നുണ്ട്. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലേക്ക് നമ്മുടെ വിദ്യാര്‍ഥികളും പോകുന്നുണ്ട്. ഈ രീതി ഔദ്യോഗികമായി സ്ഥാപനങ്ങള്‍ തമ്മില്‍ വിദ്യാര്‍ഥി കൈമാറ്റ കരാറിലൂടെയാവുകയാണെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിം ലാന്‍ഡ്‌സ്‌കേപ്പില്‍ അതുണ്ടാക്കുന്ന ഗുണപരമായ മാറ്റം അസാധാരണമായിരിക്കും. ഉദാഹരണമായി, ആറു വര്‍ഷം ശാന്തപുരം അല്‍ ജാമിഅയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ നാലും അഞ്ചും വര്‍ഷം ദാറുല്‍ ഉലൂം നദ്‌വയിലോ ദയൂബന്ദിലോ പഠിക്കുന്നു. തിരിച്ച് അവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ അല്‍ ജാമിഅയിലും രണ്ടു വര്‍ഷം പഠിക്കുന്നു. രണ്ടു വിഭാഗവും അവസാന വര്‍ഷങ്ങള്‍ മാതൃസ്ഥാപനത്തില്‍ തന്നെ പഠിച്ച് ബിരുദം നേടുന്നു. ഈ രീതി ഇന്ന് ലോകത്ത് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നുണ്ട്. റൗദത്തുല്‍ ഉലൂമും ദാറുല്‍ ഹുദായും ഹൈദറാബാദിലെ ജാമിഅഃ നിസാമിയ്യയും തമ്മിലുമൊക്കെ ഈ രീതി അവലംബിക്കാവുന്നതാണ്. ആവശ്യമായ തയാറെടുപ്പുകളുണ്ടെങ്കില്‍ ഈ രീതി അന്താരാഷ്ട്ര തലത്തിലേക്കും വികസിപ്പിക്കാന്‍ സാധിക്കും.
ചുരുക്കത്തില്‍, പതിറ്റാണ്ടുകളായി നാം തുടരുന്ന സാമ്പ്രദായിക വിദ്യാഭ്യാസ രീതി വിട്ട് നവീനവും നൂതനവുമായ രീതികളിലേക്ക് ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ രീതികളെ പരിവര്‍ത്തിപ്പിക്കുക വഴി മാത്രമേ സ്ഥാപനങ്ങള്‍ക്ക് അവയുടെ പ്രസക്തി നിലനിര്‍ത്താനും മികവിന്റെ കേന്ദ്രങ്ങളായി മാറാനും സാധിക്കുകയുള്ളൂ.
Comments