Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

വ്യവസ്ഥാപിതമാകുന്ന ദേശവംശീയ ലോകക്രമങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍

'ദേശവംശീയത'യെ സ്ഥിരപ്പെടുത്തി അധികാരം വാഴുന്ന രാജ്യങ്ങളാണ് ഇന്ത്യയും മ്യാന്മറും ഇസ്രയേലും ഒരു പരിധിവരെ ശ്രീലങ്കയും. നേരത്തേ ഹിറ്റ്ലറുടെ ജര്‍മനിയും മുസ്സോളിനിയുടെ ഇറ്റലിയും ദേശത്തെ സമര്‍ഥമായ ഒരു പ്രത്യേക വംശത്തിലേക്ക് ചേര്‍ത്തു നിര്‍ത്തിയവരായിരുന്നു. ഈ ഉദ്ഗ്രഥനം സാധ്യമാകുന്നതിലൂടെ ഒരു വംശത്തിന്റെ അധികാരക്രമം നിലവില്‍ വരുന്നു. ഈ അധികാരക്രമം നിലനിര്‍ത്തുന്നതിന് അപരവംശങ്ങളെ വ്യവസ്ഥാപിതമായി സൃഷ്ടിച്ചെടുക്കുന്നു. ഇത്തരം ലോകക്രമത്തില്‍ വംശീയ മേധാവിത്വം സ്വാഭാവിക പ്രക്രിയയായി മാറുന്നു. വംശം ദേശത്തിലേക്ക് ചേര്‍ത്തുനിര്‍ത്തപ്പെടുന്നതിലൂടെ  സാമ്പത്തികവും സാമൂഹികവുമായ പുതിയൊരു രീതി രൂപപ്പെട്ടുവരുന്നു. അമേരിക്കയില്‍ വെള്ള വംശീയത സ്ഥാപിച്ചെടുക്കാന്‍ സാമൂഹികമായും സാമ്പത്തികമായും കറുത്ത വര്‍ഗക്കാരെ അകറ്റിനിര്‍ത്തുകയാണ് ചെയ്തത്. 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭത്തില്‍ വെള്ള വംശീയതയെ അടിമ വ്യാപാരത്തിലൂടെ നിലനിര്‍ത്തിയവരുടെ ഓര്‍മകളെയും ചിഹ്നങ്ങളെയും പ്രതിമകളെയും തകര്‍ക്കുന്നതും തുടച്ചുനീക്കുന്നതും ദേശവംശീയമായ 'ഉദ്ഗ്രഥന'ത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പു കൂടിയാണ്.
അധിനിവേശം നടത്തിയ ഉടനെ കൊളംബസ് തദ്ദേശീയരില്‍നിന്ന് ആവശ്യപ്പെട്ടത് 25 റാത്തല്‍ പരുത്തിയായിരുന്നു. അത് നല്‍കാത്തവരുടെ കൈ വെട്ടിക്കളയുകയെന്നതായിരുന്നു കൊളംബസ് നടപ്പിലാക്കിയ ശിക്ഷ. പരുത്തി വാങ്ങി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തതുമൂലം തദ്ദേശീയരായ തയ് നോകള്‍ക്ക് ജീവിതം ദുസ്സഹമായിത്തീര്‍ന്നു. 1690 മുതല്‍ 1740 വരെ അമേരിക്കന്‍ വന്‍കരയില്‍നിന്നും യൂറോപ്പിലേക്ക് 20 ലക്ഷം റാത്തലും 1800-ല്‍ മാത്രം 3.7 കോടി റാത്തലുമായി പരുത്തി കയറ്റുമതി വര്‍ധിച്ചു. അടിസ്ഥാന വര്‍ഗങ്ങളായ അപര ജനവിഭാഗങ്ങളുടെ സാമ്പത്തിക നിലനില്‍പ്പ് തകര്‍ക്കുന്നതിലൂടെയാണ് ദേശവംശീയതക്ക് നിലനില്‍ക്കാന്‍ കഴിയുക. സാമ്പത്തികമായ വംശശുദ്ധിയില്ലാത്തവരെ തകര്‍ക്കുകയെന്ന ആസൂത്രിത രീതി. കോര്‍പറേറ്റുകള്‍ക്ക് ആധിപത്യമുള്ള ലോകത്തും ഈ രീതി തന്നെയാണ് രൂപപ്പെടുന്നത്. തൊഴിലിന്റെ ലഭ്യത, ഉല്‍പന്നങ്ങളുടെ കുന്നുകൂടല്‍, സാങ്കേതിക വിദ്യകളുടെ പേറ്റന്റ് തുടങ്ങിയവയിലൂടെ നേരത്തേ തന്നെ ആധിപത്യമുള്ള വംശങ്ങള്‍ക്ക് ലോകത്ത് പ്രത്യേക രീതിയില്‍ അധികാരം ഉറപ്പിക്കാന്‍ കഴിയുന്നു. 2013-ല്‍ 'ഇന്ത്യ ടുഡേ'ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ വ്യവസായ ഭീമന്മാരും കോര്‍പ്പറേറ്റുകളും  ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ് നിലനിര്‍ത്തുന്നതെന്ന് അവര്‍ നിരീക്ഷിക്കുന്നു. ജാതി വ്യവസ്ഥയിലെ വ്യവസായ ജാതികളായ വൈശ്യര്‍ തന്നെയാണ് ഇന്ത്യയില്‍ വ്യാപാര മേഖലയിലെയും കുത്തകകള്‍. ജനാധിപത്യ ക്രമത്തിലേക്ക് രാജ്യം വികസിച്ചുവെന്ന് പറയുമ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി അധികാരക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാധ്യമായിട്ടില്ല. വൈശ്യവിഭാഗത്തില്‍ പെട്ടവരാണ് അംബാനിയും അദാനിയും ബിര്‍ളയും. വ്യവസായ ക്രമത്തില്‍ ഇവര്‍ക്ക് തന്നെ മേല്‍ക്കൈ ലഭിക്കുന്നത് സമൂഹം നിലനിര്‍ത്തുന്ന/നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ദേശവംശീയതാ ക്രമത്തിന്റെ ഭാഗമായിട്ടാണ്.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നവര്‍, വാര്‍ത്താ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകളിലുള്ളവര്‍, നയരൂപീകരണ  മേഖലയുള്ളവര്‍ എന്നിവരിലധികവും ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണെന്ന് കണക്കുകള്‍ നിരത്തി അരുന്ധതി റോയ് സമര്‍ഥിക്കുന്നുണ്ട് (2013-ലെ അഭിമുഖം).
മറ്റുള്ളവരെ ഈ വംശീയ ക്രമത്തിലേക്ക് സ്വാംശീകരിച്ച് ഒടുവില്‍ തങ്ങളുടെ വംശമേധാവിത്വത്തിന് കീഴ്പ്പെടത്തുകയെന്നതാണ് സംഘ് പരിവാറിന്റെ രീതി. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 'ഓര്‍ഗനൈസറി'ല്‍ എഴുതിയത്, 'ആദ്യം ഹിന്ദുക്കളെ സംഘടിപ്പിക്കുക, രണ്ടാമത് അഹിന്ദുക്കളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സ്വാംശീകരിക്കുക' (ഉദ്ധരണം 'ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന' - ഹാരിസ് ബശീര്‍) എന്നാണ്.
തങ്ങളുടെ വംശീയ ക്രമത്തിലേക്ക് അതിന്റെ തന്നെ ഇരകളെയും ശത്രുക്കളെയും സ്വാംശീകരിച്ചു നിര്‍ത്തുക എന്നതാണ്  വംശീയതയുടെ പ്രത്യയശാസ്ത്രങ്ങള്‍ ആദ്യമായി സ്വീകരിക്കുന്ന വഴി. യൂറോപ്പും അമേരിക്കയും ഐ.എം.എഫിനെയും ലോകബാങ്കിനെയും ഗാട്ട് കരാറിനെയും ഉപയോഗിച്ച് മൂന്നാം ലോകരാജ്യങ്ങളെയും തങ്ങളല്ലാത്ത ജനവിഭാഗങ്ങളെയും ഒരു വംശീയ ലോകാധികാര ക്രമത്തിന്റെ അടിമകളാക്കിയതെങ്ങനെയെന്ന് ഡേവിസണ്‍ ബുധു നിരീക്ഷിക്കുന്നുണ്ട് (ഡേവിസണ്‍ ബുധു 1988-ല്‍ ഐ.എം.എഫില്‍നിന്ന് രാജിവെച്ചയാളാണ്). സാമ്പത്തിക അധികാര പ്രയോഗത്തിലൂടെ പിന്നാക്ക ജനവിഭാഗങ്ങളെ അടിമപ്പെടുത്തുകയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്യുന്നതെന്ന് കാണാന്‍ കഴിയും. അമേരിക്കയെന്ന രാജ്യം മാത്രമല്ല, അവിടത്തെ വന്‍ കമ്പനികളും ഇസ്രയേല്‍ എന്ന മറ്റൊരു വംശീയ രാജ്യത്തെ നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ്. നോം ചോസ്‌കി 2001-ല്‍ 'ഫ്രണ്ട്‌ലൈനി'ന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്ക-ഇസ്രയേല്‍ ബന്ധത്തെ കൂടുതല്‍ അനാവരണം ചെയ്യുന്നുണ്ട്.
ഇന്ത്യയിലും ഇസ്രയേലിലും അമേരിക്കയിലും ആധിപത്യത്തിലുള്ള വംശീയവാദം പരസ്പര സഹവര്‍ത്തിത്വത്തിലും സഹകരണത്തിലുമാണ്. അവരുടെ ഏറ്റവും അടുത്ത അപരം ഇസ്‌ലാമും പിന്നീട് കറുത്ത വര്‍ഗക്കാരുമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി ഗാഢമായ ബന്ധത്തിലാണ് ഇന്ത്യയും ഇസ്രയേലും. വേള്‍ഡ് കോണ്‍ഫറന്‍സ് എഗെയ്ന്‍സ്റ്റ് റേഷിസ(ണഇഅഞ)ത്തിന്റെ 'ഇസ്രയേല്‍ വംശീയ രാഷ്ട്രമാണ്' എന്ന പ്രമേയത്തെ സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ എതിര്‍ത്തതിലൂടെ വ്യക്തമാണ്, ഇരുവരും ഒരുപോലെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്ന്.
യോഗ്യതയെക്കുറിച്ച ഡാര്‍വിന്റെ വര്‍ഗോന്നതി ശാസ്ത്രത്തെ ജര്‍മന്‍ ആര്യ വംശീയത എങ്ങനെയാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഉപരിവര്‍ഗം, അധോവര്‍ഗം എന്നിങ്ങനെ മനുഷ്യസമൂഹത്തെ രണ്ടായി തിരിച്ചു കൊണ്ടുള്ള 'വിശുദ്ധരായ ജനത' എന്ന സങ്കല്‍പ്പം ഡാര്‍വിനെ വളരെയധികം ആകര്‍ഷിച്ചിരുന്നു. വെള്ളക്കാര്‍ മാത്രമാണ് പ്രതിഭാശാലികള്‍, കറുത്തവര്‍ അടിമകളാക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യര്‍ എന്ന ബോധത്തെ ഡാര്‍വിന്‍ നിരന്തരം അരക്കിട്ടുറപ്പിച്ചു കൊണ്ടിരുന്നു. സംവരണത്തെ എതിര്‍ക്കുന്നതിലൂടെ ആര്‍.എസ്.എസ് ഈ വാദങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കാര്യക്ഷമതയും യോഗ്യതയും ഉന്നതജാതരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം എന്ന ആര്യന്‍ മിത്തിന് സംഘ്പരിവാര്‍ പ്രചാരം നല്‍കികൊണ്ടിരിക്കുന്നു. സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ  പരിഷ്‌കാരങ്ങളിലെല്ലാം സംവരണം വ്യാപകമായി അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. 1970-ല്‍ ലിന്‍ഡാ കോക്സിനെ ഉദ്ധരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണര്‍ ജൂതന്മാരായിരുന്നുവെന്ന് ഡോ. കെ.കെ ഗംഗാധരന്‍ എഴുതുന്നുണ്ട്.
ലോകത്ത് നിലനില്‍ക്കുന്ന/നിലനിന്നിരുന്ന വംശീയ മേധാവിത്വ രാജ്യങ്ങള്‍ ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നതും കര്‍മമാര്‍ഗം കൈക്കൊള്ളുന്നതും. ''ജനാധിപത്യം, ഭൂരിപക്ഷം, ലോകമനസ്സാക്ഷി, ലോക ഐക്യദാര്‍ഢ്യം, ലോക സമാധാനം തുടങ്ങിയ ആശയങ്ങള്‍ നമ്മുടെ വംശബോധത്തെ ശിഥിലമാക്കുകയും ഭീരുത്വം വളര്‍ത്തുകയും ചെയ്യുന്നു'' (അഡോള്‍ഫ് ഹിറ്റ്ലര്‍ - മൈ ന്യൂ ഓര്‍ഡര്‍ പേ. 45). ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'യില്‍ പങ്കുവെക്കുന്നതും സമാനമായ ആശയമാണ്: ''മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ രാജ്യത്തിന്റെ അസ്തിവാരം തന്നെ തകര്‍ക്കുന്നു. സമത്വം, അന്തര്‍ദേശീയത, സഹവര്‍ത്തിത്വം, ഹിന്ദു-മുസ്‌ലിം ഐക്യം, സമാധാനം, അഹിംസ, നിഷ്പക്ഷത തുടങ്ങിയ ആശയങ്ങള്‍ ഹിന്ദു രാഷ്ട്രത്തിന് കോട്ടം വരുത്തുകയും ഭീരുക്കളും ദുര്‍ബലരും മാത്രമുള്ള രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യും'' (വിചാരധാര - ഗോള്‍വാള്‍ക്കര്‍). ദേശവും വംശവും ഒന്നായിത്തീരുകയും ഉയര്‍ന്ന വംശത്തിന്റെ പ്രതിരൂപമായി രാജ്യം മനസ്സിലാക്കപ്പെടുകയുമാണ് എല്ലാ ദേശവംശീയതാ വ്യവഹാരങ്ങളിലും. അതിനാല്‍ തന്നെ ഇന്ത്യയിലും ഇസ്രയേലിലും 'ഉയര്‍ന്ന' ജനവിഭാഗങ്ങളില്‍ പെടുന്നവരെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്താല്‍ അത് രാജ്യദ്രോഹമായി മാറുന്ന പ്രവണതയുണ്ട്. മുന്‍കാലങ്ങളില്‍ യൂറോ-അമേരിക്കന്‍ അധിനിവേശകര്‍ തദ്ദേശീയരെ സാമ്പത്തികമായി അടിമപ്പെടുത്തിയതിന്റെ പുതുപതിപ്പുകള്‍ കുത്തക കമ്പനികളുടെ കാലത്തും തുടര്‍ന്നു വരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകളെയും ദലിതരെയും സാമ്പത്തികമായി തകര്‍ത്ത് സാമ്പത്തിക മേധാവിത്വം ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് സംഘ്ഭരണകൂടങ്ങളും നടപ്പാക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലും ദേശവംശീയതയുടെ ശക്തി എത്ര വലുതായിരുന്നുവെന്ന് വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വംശവും ദേശവും ഒന്നായിത്തീരുന്നതിന്റെ, ദേശത്തിന്റെ ചിഹ്നങ്ങളെല്ലാം വംശീയതയുടെ പ്രതീകങ്ങളാവുന്നതിന്റെ അപകടം ഫ്ളോയ്ഡാനന്തരം ലോകത്തിന് കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുന്നു. ഫ്ളോയ്ഡിനെപ്പോലുള്ളവരെ ഇങ്ങനെ കൊല്ലാന്‍ അധികാര കേന്ദ്രങ്ങളെ പ്രാപ്തമാക്കുന്ന വംശീയ ചിഹ്നങ്ങളെ അന്നാട്ടുകാര്‍ പിഴുതുമാറ്റിക്കൊണ്ടിരിക്കുകയാണ്. വിവിധങ്ങളായ അടിമവല്‍ക്കരണങ്ങളില്‍നിന്ന് കുതറിമാറാന്‍ അപ്പോള്‍ മാത്രമാണ് സാധ്യമാവുക. അമേരിക്കയും യൂറോപ്പും മഹാത്മാക്കളായി വാഴ്ത്തിയിരുന്നവരുടെ പ്രതിമകള്‍ക്ക് താഴെ 'ഇയാള്‍ ഒരു വംശീയവാദിയായിരുന്നു' എന്നെഴുതി അതിനെ തകര്‍ത്ത് പുഴയിലെറിയുകയാണ്. വംശീയതയെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകള്‍ ഉണ്ടാവുമ്പോഴാണ് കൂടുതല്‍ ജനാധിപത്യപരമായ ഇടങ്ങള്‍ രൂപപ്പെടുക. പാരമ്പര്യമുള്ള വംശം, രാജ്യം എന്ന പവിത്രവല്‍ക്കരണത്തിലൂടെയാണ് ചരിത്രപരമായി ദേശവംശീയത എന്ന മിത്ത് നിലനില്‍ക്കുന്നത്.
വംശമഹിമാ വാദത്തെയും വംശത്തിന്റെ വിശുദ്ധിയില്‍ നിലനില്‍ക്കുന്ന ദേശത്തെയും ശക്തമായി ഇസ്‌ലാം നിരൂപണം ചെയ്യുന്നുണ്ട്. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: 'ഇസ്‌ലാമിന്റെ അടിസ്ഥാനമാണ് മനുഷ്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, എല്ലാവരുടെയും വിശ്വാസം തുടങ്ങിയവ ഒരുപോലെ ആദരണീയവും അതിന്റെയെല്ലാം സംരക്ഷണം മുസ്‌ലിംകളുടെ ബാധ്യതയുമാണ് എന്നത്. മുസ്‌ലിംകളുടെ വംശീയരഹിതമായ ആദര്‍ശം മുഴുവന്‍ മനുഷ്യരെയും ഉള്‍ക്കൊള്ളുകയും അക്രമത്തെ തള്ളുകയും ചെയ്യുന്നു.' 'ഏതെങ്കിലും രാജ്യത്തിലെ വംശീയമോ ദേശീയമോ ആയ വികാരത്തെ ഉത്തേജിപ്പിക്കേണ്ട ആവശ്യമില്ല. നേട്ടങ്ങളുടെ മഹത്വത്തിന് ദേശീയമോ വംശീയമോ ആയ മാനം ഒരുതരം അനീതിയാണ്. ഏതെങ്കിലും സംസ്‌കാരവുമായുള്ള അനുരാഗത്തില്‍നിന്നും ഏതെങ്കിലും മഹാവ്യക്തിത്വത്തോടുള്ള ആരാധനാഭ്രമങ്ങളില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്നതാണ് ഇസ്‌ലാം' എന്ന് അബുല്‍ ഹസന്‍ അലി നദ്‌വിയും നിരീക്ഷിക്കുന്നുണ്ട് (ഉദ്ധരണം: ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന, ഹാരിസ് ബശീര്‍, ഐ.പി.എച്ച്). ദേശവംശീയതാ സമന്വയത്തോട് ആദര്‍ശപരമായിത്തന്നെ ഇസ് ലാം വിയോജിക്കുന്നതിലൂടെ അതിന്റെ ശത്രുതക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് മുസ്‌ലിംകളാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറകള്‍ നിലനില്‍ക്കുന്നത് വംശ, ദേശ പാരമ്പര്യങ്ങളിലോ ചിഹ്നങ്ങളിലോ അല്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി