Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

ആരെയും പുറംതള്ളാത്ത ചരിത്രത്താളുകള്‍

പി.പി ജസ

ബൈബിള്‍ ചരിത്രത്തില്‍ ഹാമിറ്റിക് ഐതിഹ്യം എന്ന് വിളിക്കപ്പെടുന്നൊരു വിവരണമുണ്ട്. പ്രവാചകന്‍ നൂഹ് പ്രളയത്തെ അതിജീവിച്ച ശേഷം ഉണ്ടായ സംഭവമായാണ് അത് ചിത്രീകരിക്കുന്നത്. പഴയ നിയമത്തിലെ ഉല്‍പത്തി പുസ്തകത്തില്‍ അതിന്റെ വിവരണമിങ്ങനെ: 'പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവ്. ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ട് ഭൂമി ഒക്കെയും നിറഞ്ഞു. നോഹ കൃഷിചെയ്‌വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു. കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്‌നത കണ്ടു വെളിയില്‍ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്‌നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്‌നത കണ്ടില്ല. നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്റെ ഇളയ മകന്‍ ചെയ്തത് അറിഞ്ഞു. അപ്പോള്‍ അവന്‍: കനാന്‍ ശപിക്കപ്പെട്ടവന്‍; അവന്‍ തന്റെ സഹോദരന്മാര്‍ക്കു അധമ ദാസനായി തീരും എന്നു പറഞ്ഞു. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍; കനാന്‍ അവരുടെ ദാസനാകും. ദൈവം യാഫെത്തിനെ വര്‍ധിപ്പിക്കട്ടെ; അവന്‍ ശേമിന്റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു' (ഉല്‍പത്തി, അധ്യായം 9, 18-27).
ക്രിസ്ത്യന്‍ മതനേതൃത്വത്തില്‍ യൂറോപ്യന്‍ അധിനിവേശം തുടങ്ങിയതുമുതല്‍ പടിഞ്ഞാറിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ദൈവശാസ്ത്രപരമായി ഉപയോഗിക്കപ്പെട്ടിരുന്നു, മേല്‍പറഞ്ഞ ഹാമിറ്റിക് ഐതിഹ്യം. നൂഹിന്റെ ശപിക്കപ്പെട്ട മകനായ ഹാമിന്റെ മകന്‍ കനാന്റെ സന്താന പരമ്പരയില്‍പെട്ടവരാണത്രെ ആഫ്രിക്ക പോലുള്ള 'ഇരുണ്ട' ഭൂഖണ്ഡങ്ങളില്‍ കഴിയുന്നത്! അവര്‍ കറുത്തവരായത് ഈ ശാപത്തിന്റെ ഫലമായും. അതിനാല്‍ കറുത്ത തൊലിയുള്ളവര്‍ അധമരാണ്. അവര്‍ അടിമകളാക്കപ്പെടേണ്ടവരാണ്. ഒട്ടും മറയില്ലാതെ വംശീയതയിലേക്ക് വികസിക്കുന്ന ഇത്തരം ബിബ്ലിക്കല്‍ വ്യാഖ്യാനങ്ങളാണ് മതനേതാക്കളെ മുന്നില്‍നിര്‍ത്തി യൂറോപ്യന്‍ അധിനിവേശത്തെയും അതിന്റെ ഭാഗമായി വെള്ളവംശീയതയെയും ഊട്ടിയുറപ്പിച്ചത്. ഇന്നും വംശീയതയുടെ ശ്രേണീവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള അധീശ സംസ്‌കാരം നിലനില്‍ക്കുന്നു എന്നാണ് സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. 
യൂറോപ്യര്‍ പിന്നീട് രൂപപ്പെടുത്തിയ എല്ലാ വിവരണങ്ങളിലും ഈ ആധിപത്യ വ്യവസ്ഥ സ്വാധീനം ചെലുത്തിയതു കാണാം. കറുത്തവന്റെ ചരിത്രത്തെ നിഷേധിച്ച്, വംശീയമായി തന്നെ അവരെയെല്ലാം അടിമകളാക്കി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. കറുത്തവരുടെ സംസ്‌കാരത്തെയും വിശ്വാസത്തെയും തകര്‍ത്ത് തൂത്തെറിഞ്ഞ് അവരെ അടിമകളാക്കുകയാണ് വെളുത്ത വര്‍ഗക്കാര്‍ ചെയ്തത്. അങ്ങനെ ഒരു 'വര്‍ണവര' (ഇീഹീൗൃ ഘശില) സ്ഥാപിച്ചെടുത്തതിലൂടെ വെളുത്തവര്‍, യൂറോപ്യര്‍, പാശ്ചാത്യര്‍/കറുത്തവര്‍, യൂറോപ്യരല്ലാത്തവര്‍, പാശ്ചാത്യരല്ലാത്തവര്‍ എന്ന ദ്വന്ദ്വം നിര്‍മിച്ചെടുക്കാന്‍ വംശീയതക്ക് സാധിച്ചു. സാമൂഹികതയുടെ സത്താപരമായ വികാസം തന്നെ സാധ്യമായിരിക്കുന്നത് ഈ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് യൂറോപ്യര്‍ വാദിച്ചു (സല്‍മാന്‍ സയ്യിദ്, എംപയര്‍, ഇസ്‌ലാം ആന്റ് ദ പോസ്റ്റ് കൊളോണിയല്‍).

ഇസ്‌ലാമിക പാരമ്പര്യം

കറുപ്പ്, വെളുപ്പ് എന്നിവയെ വംശീയതയുടെ നിറം നല്‍കിയല്ല ഇസ്‌ലാമിക പ്രമാണങ്ങളിലും പാരമ്പര്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ആനും സുന്നത്തും പലരീതിയില്‍ കറുപ്പ്, വെളുപ്പ് എന്നിവയെ സത്താപരമായ അര്‍ഥത്തിലും ആലങ്കാരികാര്‍ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. ദുഃഖത്താല്‍ മുഖം വെളുത്തുപോയി എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട് (യൂസുഫ് 84). അന്ത്യനാളില്‍ പ്രവര്‍ത്തന ഫലങ്ങള്‍ നേരില്‍ കാണുമ്പോള്‍ വിശ്വാസികളുടെ മുഖം വെളുക്കുമെന്നും നിഷേധികളുടേത് കറുക്കുമെന്നും ഖുര്‍ആനിലുണ്ട് (3-106,107). ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഹജറുല്‍ അസ്‌വദെന്ന കറുത്ത കല്ലിനുള്ള സ്ഥാനവും ഇസ്‌ലാമിന്റെ കൊടിയടയാളമായുപയോഗിച്ച കറുത്ത പതാകയും പ്രശസ്തമാണ്. വെളുത്ത നിറത്തിന് മുന്‍ഗണന നല്‍കിയ സന്ദര്‍ഭങ്ങളും കാണാം. എന്നാല്‍ ഇതൊന്നും ഒരിക്കലും വംശീയാധിപത്യത്തിന്റെയോ അധീശ ശ്രേണീവ്യവസ്ഥയുടെയോ അടയാളമായി ഇസ്‌ലാമിക പാരമ്പര്യത്തില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
ഇസ്‌ലാമിക പാരമ്പര്യത്തില്‍ അധികാരവും ഭരണവും നിലനിന്നിരുന്നത് വംശീയമായ മാനങ്ങളുടെ അടിസ്ഥാനത്തിലല്ല. അടിമത്തം പോലും ഇസ്‌ലാമിക കാലത്ത് നിലനിന്നിരുന്നത് വര്‍ണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു കാണാം. വെളുത്തവരും അടിമകളാവുകയെന്നത് സാധാരണമായിരുന്നു. യുദ്ധത്തില്‍ പിടിക്കപ്പെടുന്നത് ആരായാലും അടിമകളാക്കപ്പെടുകയെന്നതായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ. യൂറോപ്യര്‍ ചെയ്തതുപോലെ വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തി അവരുടെ ചരിത്രം ഇല്ലാതാക്കുകയും ചെയ്തിട്ടില്ല ഇസ്‌ലാം. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു ഇസ്‌ലാം. അതിന്റെ ധാരാളം തെളിവുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. വംശത്തിന്റെയോ മറ്റോ അടിസ്ഥാനത്തില്‍ പുറംതള്ളപ്പെടുകയെന്നത് യൂറോപ്യന്‍ കൊളോണിയലിസം ഉണ്ടാക്കിയ വംശീയതയുടെ ഫലമാണ്. ഇസ്‌ലാമിക പാരമ്പര്യം ഒരാളും പുറംതള്ളപ്പെടാത്ത ചരിത്രത്താളുകളായി ഇന്നും നിലനില്‍ക്കുന്നുണ്ട്. കറുത്തവനായതിനാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പുറംതള്ളപ്പെടുകയെന്നത് മുസ്‌ലിം ചരിത്രത്തിലുണ്ടായിട്ടില്ല. വര്‍ണഭേദമന്യേ എല്ലാവരുമായും ബന്ധപ്പെട്ട സംഭവങ്ങളും പാഠങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കറുത്ത വര്‍ഗക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന ചില വ്യക്തികളെ കുറിച്ച സൂചനകളാണ് ചുവടെ ചേര്‍ക്കുന്നത്. 

നബിയുടെ അടുപ്പക്കാര്‍

മക്കാ വിജയത്തിനു ശേഷം കഅ്ബക്കു മുകളില്‍ കയറി ബാങ്കുവിളിച്ച വ്യക്തി എല്ലാവരുടെയും മനസ്സില്‍ ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്. മുഹമ്മദ് നബി(സ)യുടെ കല്‍പനപ്രകാരം ബിലാലുബ്‌നു റബാഹ് (റ) ആണ് അല്ലാഹുവിന്റെ നാമം അവിടെ ഉറക്കെ പ്രഖ്യാപിച്ചത്. സ്വഹാബികളുടെ കൂട്ടത്തിലെ പ്രമുഖനായിരുന്നു അദ്ദേഹം. അടിമയാണെന്നതോ കറുത്തവനാണെന്നതോ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ നായകനാകുന്നതിന് തടസ്സമായിരുന്നില്ല. ബിലാലി(റ)നെ അടിമത്തത്തില്‍നിന്ന് അബൂബക്ര്‍ (റ) മോചിപ്പിച്ചതിനെ കുറിച്ച് ഉമര്‍ (റ) പറഞ്ഞ വാക്കുകള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നുണ്ട്: 'അബൂബക്ര്‍ നമ്മുടെ നേതാവാണ്; നമ്മുടെ നേതാവിനെ മോചിപ്പിച്ച നേതാവ്' (ബുഖാരി). രണ്ടു പേരെയും നേതാവ് (സയ്യിദ്) എന്നാണ് ഉമര്‍ (റ) വിശേഷിപ്പിക്കുന്നത്. 
നബിയോടൊപ്പം ഏതുസമയത്തും ഉണ്ടാകുന്ന ഒരാളായിരുന്നു നബിയുടെ തന്നെ വിമോചിത അടിമ റബാഹ്. ഏതു സമയവും അംഗരക്ഷകനെപ്പോലെ നബിയുടെ കൂടെയുണ്ടായിരുന്നതിനാല്‍ 'ഹാജിബുന്നബി' (നബിയുടെ കാവല്‍കാരന്‍) എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. നബി(സ) വീട്ടിലായിരിക്കുമ്പോള്‍ ഏതു സ്വഹാബിയും അദ്ദേഹത്തിനോട് അനുവാദം ചോദിച്ചാണ് അകത്ത് പ്രവേശിക്കാറുണ്ടായിരുന്നത്. ഉസ്മാന്റെ (റ) കാലത്ത് മരണപ്പെടുന്നതുവരെ നബിയെ ഓര്‍ത്ത് കരഞ്ഞിരുന്ന ഉസാമത്തു ബ്‌നു സൈദിന്റെ മാതാവ് ഉമ്മു ഐമന്‍ അല്‍ഹബ്ശി മറ്റൊരു ഉദാഹരണമാണ്. ഇങ്ങനെ കറുത്ത വര്‍ഗക്കാരായ പലരും നബിയുടെ അടുപ്പക്കാരായി ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. 

യുദ്ധവും ഭരണവും

ബദ്ര്‍ യുദ്ധത്തില്‍ ഒന്നാമതായി രക്തസാക്ഷിയായത് മഹ്ജഅ് (റ) എന്ന ഉമര്‍ (റ) വിമോചിപ്പിച്ച കറുത്ത വര്‍ഗക്കാരനായ അടിമയായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിം സൈന്യത്തിലെ ഏക കുതിരപ്പടയാളി കറുത്ത വര്‍ഗക്കാരനായ മിഖ്ദാദുബ്‌നു അസ്‌വദ് ആയിരുന്നു. 
ഉബാദത്തുബ്‌നു സാമിത്ത് എന്ന പ്രമുഖ സ്വഹാബിയും കറുത്ത വര്‍ഗക്കാരന്‍ തന്നെ. ഈജിപ്തിലെ മുഖൗഖിസ് രാജാവിന്റെ അടുത്തേക്ക് മുസ്‌ലിംകളുടെ സൈന്യാധിപന്‍ അംറുബ്‌നുല്‍ ആസ്വ് ദൂതനായി അദ്ദേഹത്തെ അയച്ചു. 'ഈ കറുത്തവനെ മാറ്റി മറ്റൊരാളെ എന്നോട് സംസാരിക്കാന്‍ അയക്കുക' എന്ന് മുഖൗഖിസ് നീരസത്തോടെ പറഞ്ഞു. അപ്പോള്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി മറുപടി പറഞ്ഞതിങ്ങനെയാണ്: 'ഞങ്ങളില്‍ അറിവുകൊണ്ടും ചിന്തകൊണ്ടും ശ്രേഷ്ഠന്‍ അദ്ദേഹമാണ്. അദ്ദേഹമാണ് ഞങ്ങളുടെ നേതാവ്, ഞങ്ങളിലെ ശ്രേഷ്ഠന്‍, ഞങ്ങളുടെ പ്രതിനിധി. ഞങ്ങളദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അദ്ദേഹത്തിന്റെ കല്‍പനകള്‍ ലംഘിക്കരുതെന്ന് നേതാവ് ഞങ്ങളോട് പറഞ്ഞിരിക്കുന്നു.' അവസാനം മുഖൗഖിസ്, ഉബാദത്തിനോട് സംസാരിക്കാന്‍ നിര്‍ബന്ധിതനായി.
കറുത്ത നിറക്കാരായ കാഫൂറുല്‍ ഇഖ്ശീദിയെ പോലുള്ള ഭരണാധികാരികളും പോരാളികളും ചില രാജവംശങ്ങളും ചരിത്രത്തില്‍ നിലനിന്നിട്ടുണ്ട്. ഇതേ ഗണത്തില്‍പെടുന്ന ബദ്‌റുദ്ദീന്‍ അല്‍ഹബ്ശി, നഫ്‌സുസ്സകിയ്യ എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദു ബ്‌നു അബ്ദുല്ല എന്നിവരും ഭരണരംഗത്ത് സജീവമായിരുന്നു. സുഡാനിലെ രാജവംശംതന്നെ കറുത്ത വര്‍ഗക്കാരുടേതായിരുന്നു. ഫാത്വിമീ ഭരണത്തില്‍ പല സന്ദര്‍ഭത്തിലും കറുത്ത വര്‍ഗക്കാര്‍ വലിയ ശക്തിയായിരുന്നെന്ന് കാണാം. 

പണ്ഡിതന്മാരും ഇമാമുകളും

സ്വഹാബികളിലെ കറുത്തവരില്‍നിന്നും വെളുത്തവരില്‍നിന്നുമെല്ലാം ഒരുപോലെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരില്‍ എല്ലാവരെയും കുറിച്ചുള്ള ഗുണവിശേഷങ്ങള്‍ ഉള്ളടങ്ങിയ അധ്യായങ്ങള്‍ തന്നെ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. മക്കക്കാരുടെ മുഫ്തി എന്ന പേരില്‍ പ്രശസ്തനായിരുന്ന അത്വാഉ ബ്‌നു അബീറബാഹ് എന്ന താബിഈ പണ്ഡിതന്‍ അവരില്‍ പ്രമുഖനാണ്. സഈദു ബ്‌നു ജുബൈര്‍ മറ്റൊരു പ്രമുഖനാണ്. കൂഫയില്‍നിന്ന് ഹജ്ജിന് വന്ന ആളുകള്‍ ഇബ്‌നു അബ്ബാസിനോട് ദീനിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞത്, 'നിങ്ങളില്‍ സഈദ് ബ്‌നു ജുബൈര്‍ ഇല്ലേ, അദ്ദേഹത്തോട് ചോദിച്ചാല്‍ മതി' എന്നാണ്. ഹദീസിന്റെ കാര്യത്തില്‍ ഏറ്റവും പ്രബല പരമ്പരയായി അറിയപ്പെടുന്ന കണ്ണികളില്‍ ഒരാളായ നാഫിഅ് (റ) കറുത്തവനായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. 
പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്‌നു ലുഹൈഅ, പ്രമുഖ മുഫ്തിയും ഇമാമുമായിരുന്ന അശ്അസുല്ലൈസു ബ്‌നു സഅ്ദ് തുടങ്ങിയ നിരവധി പ്രശസ്തരുണ്ട്. ഇവരെല്ലാം ആദ്യ തലമുറയിലുള്ളവരാണ്. പിന്നീട് ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തിലും ആത്മീയ നേതൃത്വ ചരിത്രത്തിലും വര്‍ണഭേദമന്യേ എല്ലാവരുടെയും പങ്കാളിത്തം കാണാം. സൂഫീധാരകളിലും കറുത്ത വര്‍ഗക്കാരായ ധാരാളം ശൈഖുമാരുണ്ട്. 

ഭാഷയും സാഹിത്യവും

കവികളായും കലാകാരന്മാരായും ഭാഷാ വിദഗ്ധരായും മുസ്‌ലിം ചരിത്രത്തില്‍ ധാരാളം കറുത്തവരെ കാണാം. ഭാഷയുടെയും സാഹിത്യത്തിന്റെയും ഇമാമായി അറിയപ്പെടുന്ന അബൂഉസ്മാന്‍ ജാഹിള് ആണ് ഇതിലേറ്റവും പ്രശസ്തന്‍. അബ്ദുബ്‌നു ഹസ്ഹാസ് എന്നറിയപ്പെടുന്ന സുഹൈം ജാഹിലിയ്യത്തിലും ഇസ്‌ലാമിലും ജീവിച്ച മറ്റൊരു പ്രമുഖ അറബികവിയായിരുന്നു. അലിബ്‌നു ജബല അല്‍അകവക്, അബുല്‍ഹജ്‌നാഅ്, കാഫൂറുന്നബവി, കാഫൂറുസ്സ്വൂരി എന്നറിയപ്പെട്ട കാഫൂറുബ്‌നു അബ്ദുല്ലാ അല്‍ഹബശി എന്നിവരെല്ലാം ഭാഷയിലും സാഹിത്യത്തിലും തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയവരാണ്. 

ആധിപത്യത്തോടുള്ള ചെറുത്ത് നില്‍പ്പ്

സമൂഹത്തില്‍ നിലനില്‍ക്കുന്ന വംശീയമോ മറ്റോ ആയ വിവേചനങ്ങളോടും അധീശശ്രേണീ വ്യവസ്ഥകളോടും പ്രതികരിക്കാനുള്ള സഹജമായൊരു ത്വര മുസ്‌ലിംകള്‍ക്കുണ്ട്. അത് അവരുടെ വിശ്വാസത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നുമാണ് ലഭിക്കുന്നത്. നബിയുടെ കാലംമുതല്‍ ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ കാണാം. അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലും വംശീയവിരുദ്ധ പ്രതിരോധത്തിലും ഇന്ത്യയില്‍ ജാതീയതക്കെതിരായ ചെറുത്തുനില്‍പിലുമെല്ലാം അതു കാണാം. 
വര്‍ണവിവേചനത്തോട് മുസ്‌ലിംകള്‍ വളരെ ശക്തമായി പ്രതികരിച്ചിരുന്നു എന്ന് ചരിത്രത്തില്‍ കാണാവുന്നതാണ്. ആഫ്രിക്കയില്‍നിന്നും മറ്റുമായി ധാരാളം കറുത്ത വര്‍ഗക്കാരെ അടിമപ്പണിക്കായി വെള്ളക്കാര്‍ ഇരു അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും മറ്റും കൊണ്ടുപോയിരുന്നു. അവരിലെ മുസ്‌ലിംകള്‍ അടിമത്തത്തെ ശക്തമായെതിര്‍ക്കുകയും വലിയ പ്രതിരോധങ്ങള്‍ തീര്‍ക്കുകയും ചെയ്തു. അവസാനം അവരുടെ സ്വാതന്ത്ര്യപോരാട്ടം കാരണം ആഫ്രിക്കയിലെ മുസ്‌ലിംകളെ അടിമകളാക്കുന്നത് അവസാനിപ്പിക്കാന്‍ വെള്ളക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്തരമൊരു പ്രതിരോധം നടന്ന രാജ്യമായിരുന്നു ബ്രസീല്‍. അവിടെ അടിമകളായെത്തിയ കറുത്ത വര്‍ഗക്കാര്‍ക്കിടയിലെ മുസ്‌ലിംകള്‍ അടിമത്തത്തെ പ്രതിരോധിക്കുക മാത്രമല്ല, തുടര്‍ച്ചയായ സമരങ്ങളിലൂടെ കറുത്ത വര്‍ഗക്കാരെ സാമൂഹികമായി ഉയര്‍ത്തുകയും ചെയ്തു. 
സമകാലിക ലോകത്ത് ദേശരാഷ്ട്രങ്ങളുടെ ആധിപത്യത്തിനെതിരിലും മറ്റും വലിയ സമരങ്ങള്‍ രൂപപ്പെടുത്താന്‍ കറുത്ത വര്‍ഗക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഭൂമിശാസ്ത്രപരമായ അധിനിവേശത്തിനു ശേഷവും നിലനില്‍ക്കുന്ന അധീശ വ്യവഹാരങ്ങളെ അപനിര്‍മിക്കുന്നതിലും അതിലൂടെ അപകോളനീകരണം സാധ്യമാക്കുന്നതിലും ബ്ലാക്ക് സ്റ്റഡീസിന് മുഖ്യപങ്കുണ്ട്. മുസ്‌ലിംകളായ അക്കാദമിസ്റ്റുകള്‍ ഇത്തരം മുന്നേറ്റത്തിന്റെ ചാലകശക്തികളായി നിലകൊള്ളുന്നു..

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി