Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

അവസാന ചിരിക്കായി കാത്തിരിക്കുന്നവര്‍

ഡോ. ആര്‍. യൂസുഫ്

ലോക രാഷ്ട്രങ്ങളില്‍ പലതും രക്ഷാമാര്‍ഗമായി കൊണ്ടാടിയ നവ ലിബറല്‍ സമ്പദ്ഘടനയുടെ കപടമുഖം  ചീന്തിയെറിഞ്ഞുകൊണ്ടാണ് കോവിഡ്-19 എന്ന മാരക രോഗം മരണം വിതച്ച് വ്യാപിച്ചുകൊണ്ടിരിക്കുന്നത് എന്ന വിമര്‍ശനം ഇന്ന് പൊതുവെ ശക്തിപ്പെട്ടിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളിലെ തടുത്തു നിര്‍ത്താനാവാത്ത കോവിഡ് കൂട്ടമരണങ്ങള്‍ തുറന്നുകാട്ടുന്നത് അവ പിന്തുടരുന്ന സാമൂഹിക-സാമ്പത്തിക ഘടനകളുടെ ദൗര്‍ബല്യമാണെന്ന വിമര്‍ശനങ്ങളൊന്നും പക്ഷേ പ്രസ്തുത രാജ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല. ഭീതിജനകമായ കോവിഡ്കാല അനുഭവങ്ങളെ മുന്‍നിര്‍ത്തി തങ്ങള്‍  പിന്തുടരുന്ന മനുഷ്യവിരുദ്ധമായ സാമ്പത്തിക-സാമൂഹിക ഘടനകളെ കുറിച്ച് പുനരാലോചിക്കാന്‍ ആരും തയാറാവുമെന്നും തോന്നുന്നില്ല. 
ലോകം അനുഭവിക്കുന്ന ഈ ഭീകര പ്രതിസന്ധിയുടെ നാളുകളിലെങ്കിലും അല്‍പം വിനയം പ്രകടിപ്പിച്ച്, മാനവതയോട് ചെയ്ത കൊടും ക്രൂരതകളെയും അടിച്ചേല്‍പിച്ച തെറ്റായ വികസന നയങ്ങളെയും കുറിച്ച് ഒരു ആത്മപരിശോധനയെങ്കിലും ലോക നേതൃത്വം നടത്തുമെന്ന് കരുതുന്നത് തികഞ്ഞ അസംബന്ധമാണ്. നവ ലിബറല്‍ മുതലാളിത്ത സംസ്‌കൃതിയുടെ ബീഭത്സ മുഖം അങ്ങനെ തന്നെയാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ഒരു  വന്‍ ദുരന്തത്തെയും  മാനുഷിക പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യരുതെന്ന്  വാശിയുള്ളവരാണ് കമ്പോള വിസ്തൃതിയില്‍ മാത്രം അഭിരമിക്കുന്ന നവ ലിബറലിസം. കൂട്ടക്കരച്ചിലും കൂട്ട നരമേധങ്ങളും നടക്കുമ്പോള്‍ അവയെ പോലും അവസരമായി ഉപയോഗപ്പെടുത്തി പണം സമ്പന്നന്റെ പത്തായത്തിലേക്ക്  തന്നെയാണ് ഒഴുകുന്നതെന്ന് ഉറപ്പു വരുത്തുന്ന ആധിപത്യ വ്യവസ്ഥിതിയാണത്.  പൊതുജനം മരണവെപ്രാളം കാരണം പേടിച്ചരണ്ട് നിലവിളിക്കുമ്പോള്‍ പോലും പൊതുജനാരോഗ്യത്തെ കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ചും സംസാരിക്കാതെ  മൂലധന ശക്തികളുടെ സമ്പദ്ഘടന തകരാതിരിക്കാന്‍  വേണ്ട കരുതലുകളെ കുറിച്ച് മാത്രം അസ്വസ്ഥപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലെ സ്വേഛാധിപത്യ പ്രവണതയുള്ള  ഭരണാധികാരികളാണ് അതിന്റെ പ്രതീകം.
നവ ലിബറല്‍  മുതലാളിത്തത്തിന്റെ  കഴിഞ്ഞ അരനൂറ്റാണ്ടിലെ  ഏറ്റവും ശക്തനായ വക്താവ്, പ്രഗത്ഭ സാമ്പത്തിക ചിന്തകനും ചിക്കാഗോ യൂനിവേഴ്‌സിറ്റി പ്രഫസറുമായിരുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ഇക്കാര്യം മറയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ അമേരിക്കയില്‍ റീഗനും ബ്രിട്ടനില്‍ താച്ചറും തുടങ്ങിവെച്ച മനുഷ്യവിരുദ്ധമായ നവ ലിബറല്‍ മുതലാളിത്തത്തിന്റെ ബുദ്ധികേന്ദ്രവും മുന്നണിപ്പോരാളിയുമായ  ഫ്രീഡ്മാന്‍  ദുരന്തങ്ങള്‍ കാണുമ്പോള്‍ പകച്ചുനില്‍ക്കുന്നതിനു പകരം നല്ലൊരു അവസരമായി  അതിനെ ഉപയോഗപ്പെടുത്തണമെന്ന്  ഉപദേശിച്ച ആളായിരുന്നു. പ്രകൃതിദുരന്തങ്ങളിലും യുദ്ധങ്ങളിലും തകര്‍ന്നടിഞ്ഞ രാജ്യങ്ങളെ പുനര്‍നിര്‍മിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ മൂലധന ശക്തികള്‍ക്ക് വിട്ടുകൊടുത്ത് അവര്‍ക്കനുകൂലമായി നിയമനിര്‍മാണം നടത്തുന്ന ഏജന്‍സി മാത്രമായി ഗവണ്‍മെന്റ് മാറിനില്‍ക്കണമെന്ന പക്ഷക്കാരനാണ് ഫ്രീഡ്മാന്‍.  സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭരണകൂടങ്ങളെ അടര്‍ത്തിമാറ്റി മൂലധന ശക്തികള്‍ക്ക് തടിച്ചുകൊഴുക്കാന്‍ പറ്റുംവിധം ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, രാജ്യസുരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും  സ്വകാര്യവത്കരണം ത്വരിതപ്പെടുത്തണമെന്ന ഷൈലോക്കിയന്‍ മനോഘടനയാണ് ഈ സാമ്പത്തിക വിദഗ്ധനുള്ളത്. ഈ അവസര ചൂഷണ നയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ഭീകര പീഡനങ്ങളിലൂടെ നിഷ്‌കാസനം ചെയ്യലും ഈ നിയോ ലിബറലിസ്റ്റുകളുടെ പ്രഖ്യാപിത നയമായിരുന്നു. 'ദ ഷോക്ക് ഡോക്ട്രിന്‍: ദ റൈസ് ഓഫ്  ഡിസാസ്റ്റര്‍ ക്യാപിറ്റലിസം' എന്ന കൃതിയില്‍ നയോമി ക്ലെയിന്‍, നിയോ ലിബറല്‍ വക്താവ്  ഫ്രീഡ്മാന്റെ ആര്‍ത്തിയില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ ദുരന്തങ്ങളെ പിടിച്ചുപറിക്കായി ഉപയോഗപ്പെടുത്തിയ ഒരുപാട് ലോകാനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നയോമി ക്ലെയിന്റെ അഭിപ്രായത്തില്‍ ചിലിയിലെ സാമ്പത്തിക മാന്ദ്യം, ശ്രീലങ്കയിലെ സൂനാമി ദുരന്തം, സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം, ഇറാഖിലെ യുദ്ധക്കെടുതികള്‍, അമേരിക്കയിലെ കത്രീന ദുരന്തം തുടങ്ങി ഒട്ടനവധി ദുരിതങ്ങളെ സ്വകാര്യ മൂലധനശക്തികള്‍ക്കനുകൂലമായ അവസര ചൂഷണത്തിന് ഉപയോഗപ്പെടുത്തിയ ചരിത്രമാണ് നിയോ ലിബറലിസത്തിനുള്ളത്. നവ ഉദാരവാദ മുതലാളിത്തത്തിന്റെ ഭീകര പദ്ധതികളെ മുന്‍ നിര്‍ത്തി അവയെ വിശേഷിപ്പിക്കാന്‍ സംഹാരാത്മക മുതലാളിത്തം അഥവാ 'ഡിസാസ്റ്റര്‍ ക്യാപിറ്റലിസം' എന്ന പ്രയോഗം തന്നെ നിയോമി ക്ലെയിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
ദുരന്തങ്ങള്‍ അഥവാ അവസരങ്ങള്‍ 

പണപ്പെരുപ്പവും വിലക്കയറ്റവും കാരണം പൊതുജനം  പരിഭ്രാന്തരാകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന നിലയില്‍  വേഗതയേറിയതും അമ്പരപ്പിക്കുന്നതുമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിച്ച്  നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കാനാവും എന്നാണ് എഴുപതുകളിലെ  ചിലി അനുഭവങ്ങള്‍ മുന്‍നിര്‍ത്തി നവ ഉദാരവാദികള്‍ വാദിച്ചത്. 1973-ല്‍ ചിലിയിലെ ജനാധിപത്യ ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ അഗസ്റ്റോ പിനോഷേയുടെ ഉപദേശകന്റെ റോളില്‍ പ്രത്യക്ഷപ്പെട്ടാണ് ഉദാര മുതലാളിത്തത്തിന്റെ  സംഹാരാത്മക നയങ്ങള്‍ ജനക്ഷേമത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് അക്കാലത്ത് ഫ്രീഡ്മാന്‍ നടപ്പാക്കിയത്. ഉദാര മുതലാളിത്ത നയങ്ങള്‍ക്കെതിരെ ആരെങ്കിലും നിലയുറപ്പിക്കുകയാണെങ്കിലോ?  സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുക. ഇതായിരുന്നു ഫ്രീഡ്മാന്റെ മറുപടി. ഫ്രീഡ്മാന്റെ അടിച്ചമര്‍ത്തല്‍ നയം  പിനോഷേ നിര്‍ദയം നടപ്പാക്കി. അങ്ങനെയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മര്‍ദക ഭരണകൂടങ്ങളില്‍ ഒന്ന് ചിലിയില്‍ 17 വര്‍ഷം നിലനിന്നത്. സാമ്പത്തിക ഉദാരവാദവും ലാറ്റിനമേരിക്കയിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങളും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്ന് പലരും വിലയിരുത്തിയത് ഇതെല്ലാം മുന്നില്‍ വെച്ചാണ്. ഫ്രീഡ്മാന്റെ ഒരു പരീക്ഷണശാല മാത്രമായിരുന്നു ചിലി. പിന്നീട് ജീവിതാന്ത്യം വരെ ഇത്തരം നയങ്ങള്‍ ലോകത്തെങ്ങും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റുമാര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍, റഷ്യന്‍ ഭൂപ്രഭുക്കന്മാര്‍, ചൈനീസ് കമ്യൂണിസ്റ്റ്് പാര്‍ട്ടി സെക്രട്ടറിമാര്‍, പോളിഷ് ധനകാര്യ മന്ത്രിമാര്‍, ഐ.എം.എഫ് മേധാവികള്‍ തുടങ്ങി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍മാര്‍ വരെ ഫ്രീഡ്മാന്റെ അനുചരന്മാരായിരുന്നു. ബ്രിട്ടനില്‍ താച്ചറും അമേരിക്കയില്‍ റീഗനും ഫ്രീഡ്മാനില്‍ മുതലാളിത്തത്തിന്റെ വിജയം സ്വപ്‌നം കണ്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസില്‍ ആധിപത്യം ലഭിച്ചതോടെ നിയോ ലിബറല്‍ വാദത്തിന്റെ പറുദീസ തന്നെയായി അമേരിക്ക മാറി. പ്രകൃതിദുരന്തവും സാമ്പത്തിക തകര്‍ച്ചയും മഹാ അവസരമാണെന്നും  അത്തരം അവസരങ്ങളിലൂടെ മാത്രമാണ് ഭരണകൂടത്തെ നോക്കുകുത്തിയാക്കി മൂലധനശക്തികള്‍ക്ക്  സാമ്പത്തിക ഘടന നിയന്ത്രിക്കാനാവുക എന്നുമുള്ള ഫ്രീഡ്മാന്‍ തിയറി ലോകവ്യാപകമായി എല്ലാവരും ഏറ്റെടുത്തു. 
നിയോ ലിബറലിസത്തിന്റെ  ഭ്രാന്തന്‍ ആശയങ്ങള്‍ കുറേക്കൂടി ഹിംസാത്മകമായി നടപ്പാക്കാന്‍ അമേരിക്കക്ക് സാധിച്ചത് 2001 സെപ്റ്റംബര്‍ 11-നെ തുടര്‍ന്നാണ്. അജ്ഞാതരായ ഒരുകൂട്ടം ശക്തികള്‍ നടത്തിയ ആ ആക്രമണം, ലോകത്തെ പൊതുവെയും അമേരിക്കയെ സവിശേഷമായും ചകിതമാക്കിയ ആ സന്ദര്‍ഭം ആര്‍ത്തിപൂണ്ട നവലിബറല്‍ വാദികള്‍ക്ക് ഒരവസരം തന്നെയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അതിന്റെ പിന്നില്‍ ഒളിഞ്ഞു കഴിയുന്ന സ്വകാര്യ മൂലധന ശക്തികള്‍ക്കും  രാഷ്ട്രത്തെ തന്നെ സ്വന്തമാക്കാന്‍ ലഭിച്ച സന്ദര്‍ഭം.  1995-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും നിയോ ലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കാത്തതില്‍ ഖിന്നരായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു. അങ്ങനെയാണ്, പൊതുജനം പരിഭ്രാന്തരായ ആ അവസരം ഉപയോഗിച്ച് ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ ബുഷ് ഭരണകൂടം സമാനതകളില്ലാത്ത കച്ചവടവത്കരണത്തിനും പിടിച്ചുപറിക്കും ഇറങ്ങിത്തിരിച്ചത്. 
അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാപാര പ്രതിനിധി റോബര്‍ട്ട് സോളിക് 2001 സെപ്റ്റംബര്‍ 24-ന് 'ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷ്‌നല്‍ എക്കണോമിക്‌സ്' എന്ന സ്ഥാപനത്തില്‍ നടത്തിയ പ്രഭാഷണം ഇപ്രകാരമായിരുന്നു: ''സെപ്റ്റംബര്‍ 11-ന് അമേരിക്കയും അതിന്റെ സ്വതന്ത്ര സമൂഹവും ആശയങ്ങളും ഒരു ഭീകര ശക്തിയുടെ കടന്നാക്രമണത്തിന് വിധേയമായി. നാം ഭയപ്പെട്ടു പിന്മാറണമെന്നും ലോക നേതൃത്വം കൈയൊഴിയണമെന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്....... ഈ പ്രസിഡന്റും ഭരണകൂടവും തുറന്ന കമ്പോളത്തിനും സ്വതന്ത്ര വ്യാപാരത്തിനും വേണ്ടി യുദ്ധം ചെയ്യും. അമേരിക്കയും സ്വതന്ത്ര വ്യാപാരവുമാണ് ലോകത്തിന്റെ മുഴുവന്‍ ദുരിതങ്ങള്‍ക്കും കാരണമെന്ന് ആരോപിച്ചുകൊണ്ട് തെരുവിലിറങ്ങിയവര്‍ക്ക് നമ്മെ വിരട്ടാനാവില്ല'' (Stanly Aranowitz & Heathev Gautney, Imperial Empire, Basic Books: New York, 2003, p. 203). ഭീകരതക്കെതിരെയുള്ള ആഗോളയുദ്ധം എന്ന പേരില്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധത്തിന് നവമുതലാളിത്തവുമായുള്ള ബന്ധം മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട് ഈ പ്രഖ്യാപനം. അങ്ങനെ സെപ്റ്റംബര്‍ 11-നെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ മരുപ്പറമ്പാക്കാന്‍ ആരംഭിച്ച യുദ്ധം രാഷ്ട്രം നല്‍കുന്ന പണം ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ നടത്തുന്ന ആഗോളയുദ്ധമായി മാറി. രാഷ്ട്രം തന്നെ സ്വകാര്യവത്കരിക്കപ്പെട്ടു. പുറം കരാറുകള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍ മാത്രമായി  ഭരണകൂടത്തിന്റെ ചുമതല. യാതൊരു പൊതു സംവാദത്തിനും ഇടം കൊടുക്കാതെയാണ് ബുഷ് ഭരണകൂടം പൊതുജനാരോഗ്യം, രാഷ്ട്ര സുരക്ഷ, സൈനിക സേവനം, കുറ്റവിചാരണ, വിവരശേഖരം തുടങ്ങി അങ്ങേയറ്റം മര്‍മപ്രധാനമായ പല മേഖലകളും സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്.  2001 -2003 കാലഘട്ടത്തില്‍ മാത്രം 3512 കരാറുകളാണ് സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കാന്‍ മാത്രം ഇത്തരം സ്വകാര്യ കമ്പനികളുമായി ഒപ്പു വെച്ചത് എന്ന്  നിയോമി ക്ലെയിന്‍ രേഖപ്പെടുത്തുന്നു. 2006 ആകുമ്പോഴേക്കും, അതായത് 24 മാസത്തിനിടയില്‍ 115,000 കരാറുകളാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മാത്രം ഔട്ട്‌സോഴ്സ് ചെയ്തത്. സെ
പ്റ്റംബര്‍ 11-നു മുമ്പ് സാമ്പത്തികമായി അത്രയൊന്നും ശ്രദ്ധേയമല്ലാത്ത ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്  200 ബില്യന്‍ ഡോളര്‍ ചെലവഴിക്കുന്ന ഒരു വന്‍ വകുപ്പ് തന്നെയായി മാറി. 
ഭീകരതക്കെതിരെയുള്ള ആഗോളയുദ്ധം എന്ന പേരില്‍ ഇറാഖ് അധിനിവേശത്തിന് ബുഷ് ഭരണകൂടം ഇറങ്ങിത്തിരിച്ചതും നവമുതലാളിത്ത ദല്ലാളുമാര്‍ക്ക് ലാഭവിഹിതം വീതിച്ചെടുക്കാനാണ്. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ആ രാജ്യത്തെ കുറിച്ച് സി.ഐ.എ ഓപ്പറേറ്ററായിരുന്ന മൈക് ബാറ്റല്‍സ് അന്ന് പറഞ്ഞത് അവിടെ നിലനില്‍ക്കുന്ന  'ഭയവും അരക്ഷിതാവസ്ഥയും ഞങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് മോഹന വാഗ്ദാനങ്ങളാണ്' എന്നാണ്. യാതൊരു മുന്‍പരിചയവും ഇല്ലാത്ത അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ കമ്പനിയായ കസ്റ്റര്‍ ബാറ്റല്‍സ് മാത്രം 100 മില്യന്‍ ഡോളറിന്റെ കരാറാണ്  ഫെഡറല്‍ ഗവണ്‍മെന്റില്‍നിന്ന് അക്കാലത്ത് അടിച്ചെടുത്തത്. ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ മിലിട്ടറിയെ വരെ സ്വകാര്യ സംരംഭകര്‍ക്ക് വിട്ടുകൊടുത്തു.  ഓയില്‍ ഫീല്‍ഡുകള്‍ ഒന്നടങ്കം കുത്തക കമ്പനികള്‍ കവര്‍ന്നെടുത്തു.  യുദ്ധാനന്തര ഇറാഖിന്റെ  നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക്  കൊള്ളപ്പലിശക്കുള്ള അവസരമാക്കി മാറ്റി. ഈ സ്വഭാവത്തില്‍  മുന്നേറിയ നിയോ ലിബറലിസം ഏറ്റവുമധികം പ്രയോജനപ്പെട്ടത് ഡിക് ചെനി,  റാംസ്ഫെല്‍ഡ് പോലുള്ള നവ ഉദാര മുതലാളിത്തത്തിന്റെ യുദ്ധക്കൊതിയന്മാരായ ഭരണകൂട നടത്തിപ്പുകാര്‍ക്ക് തന്നെയായിരുന്നു.
അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റിലെ പ്രധാന നഗരമായ ന്യൂ ഓര്‍ലയന്‍സ് 2005-ലെ കത്രീന കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് തകര്‍ന്നടിഞ്ഞപ്പോള്‍ വന്‍  ദുരന്തത്തെ  അവസരമാക്കാം എന്ന സിദ്ധാന്തവുമായി ഓടിക്കിതച്ച് അവിടെ എത്തിയതും ഫ്രീഡ്മാനും മറ്റു നവമുതലാളിത്ത സൂത്രശാലികളുമാണ്. ആ ദുരന്തം തന്നെ അനുഗ്രഹമാണെന്ന് കരുതി ഉദാരവാദികള്‍. ന്യൂ ഓര്‍ലയന്‍സ് സിറ്റിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗമായ റിച്ചാര്‍ഡ് ബേക്കര്‍ അന്ന് പറഞ്ഞത് ഇപ്രകാരമാണ്:  'അന്തിമമായി സിറ്റിയിലെ പൊതു താമസ സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക്  പൂര്‍ണമായും ഒഴിപ്പിക്കാനായിരിക്കുന്നു, ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന ഒരു പണിയായിരുന്നില്ല അത്, പക്ഷേ ദൈവം ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തുതന്നു.' ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നഗരത്തെ തങ്ങള്‍ വിഭാവന ചെയ്യും പോലെ പുനര്‍നിര്‍മിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരത്തെ കുറിച്ചോര്‍ത്ത് സന്തോഷിക്കുന്ന കുടിലമായ മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു ഈ പ്രസ്താവന. സിറ്റിയിലെ തന്നെ പ്രധാന ഡെവലപ്പര്‍ ആയ ജോസഫ് കാനിസാറേ ഇതുകൂടി പറഞ്ഞു: 'പണിയെടുക്കാന്‍ നമുക്ക് ഒരു ക്ലീന്‍ ഷീറ്റ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ആ ക്ലീന്‍ ഷീറ്റില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്.' പുരയിടവും പണിസ്ഥലങ്ങളും തകര്‍ന്നതു കണ്ട ജനങ്ങള്‍ നിലവിളിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഉഴുതുമറിക്കാന്‍ ലഭിച്ച ക്ലീന്‍ ഷീറ്റായി ദുരന്തങ്ങളെ നവമുതലാളിത്തം വിശേഷിപ്പിക്കുന്നത്.  അതായത്  അവസരം പാത്തുകഴിയുന്ന നവ ലിബറലുകള്‍ക്ക് പബ്ലിക് ഹൗസിംഗ് സംവിധാനത്തെ പൂര്‍ണമായും നിഷ്‌കാസനം ചെയ്ത് പകരം കൂറ്റന്‍ കണ്‍ഡോമിനിയം നിര്‍മിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു കത്രീന ദുരന്തം. 
ദുരന്തം കാരണം തകര്‍ന്നടിഞ്ഞ സ്‌കൂളുകളും പൊതു താമസ സൗകര്യങ്ങളും പുനഃസംവിധാനിക്കുന്നതിനു പകരം തകര്‍ന്ന പ്രദേശങ്ങളും സര്‍ക്കാര്‍ ഫണ്ടും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത് പുനര്‍നിര്‍മാണം അവരെ ഏല്‍പിക്കുക എന്നായിരുന്നു ഫ്രീഡ്മാന്റെ ഉപദേശം. അങ്ങനെ നഗരത്തില്‍ അംബരചുംബികളായ ഫ്ളാറ്റുകള്‍ ഉയര്‍ന്നു. കുറഞ്ഞ ചെലവില്‍  പൊതുജനങ്ങള്‍ക്ക് താമസിക്കാനാവുന്ന  കൊച്ചു വീടുകള്‍ അപ്രത്യക്ഷമായി. പബ്ലിക് സ്‌കൂളുകള്‍ക്കു പകരം അമിത ഫീസ് ചുമത്തുന്ന ചാര്‍ട്ടര്‍ സ്‌കൂളുകള്‍ വ്യാപകമായി സ്ഥാപിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്ഥാനത്ത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ ഫണ്ട് കണ്ടെത്തിയതും ദുരന്ത നിവാരണത്തിന്റെ മറവില്‍ ആയിരുന്നു. 19 മാസത്തിനകം ന്യൂ ഓര്‍ലയന്‍സിലെ ഏകദേശം എല്ലാ സ്‌കൂളുകളും ചാര്‍ട്ടര്‍ സ്‌കൂളുകള്‍ ആയി പരിണമിച്ചു. ദുരന്തത്തിനു മുമ്പ് 123 പബ്ലിക് സ്‌കൂള്‍ ഉണ്ടായിരുന്നത് ദുരന്തശേഷം  നാലെണ്ണം മാത്രമായി ചുരുങ്ങി. 7 ചാര്‍ട്ടര്‍  സ്‌കൂളുകള്‍ മാത്രമുണ്ടായിരുന്ന ന്യൂ ഓര്‍ലയന്‍സില്‍തന്നെ മുപ്പതോളം ചാര്‍ട്ടര്‍  സ്‌കൂളുകള്‍ ദുരിതാശ്വാസത്തിന്റെ മറവില്‍ സ്ഥാപിതമായി. കത്രീന ദുരന്തം കാരണം ന്യു ഓര്‍ലയന്‍സിലെ  ജനസംഖ്യയിലെ പകുതിയിലധികം വരുന്നവര്‍  പുറത്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്ന സന്ദര്‍ഭത്തിലാണ് സമ്പന്നര്‍ക്ക് മാത്രം പഠിക്കാന്‍ സാധിക്കുന്ന ചാര്‍ട്ടര്‍ സ്‌കൂള്‍ വിപ്ലവം അവിടെ പൊടി പൊടിച്ചത്. ആ സ്‌കൂളുകളില്‍ പഠനം നടത്താന്‍ മാത്രമുള്ള സാമ്പത്തിക ശേഷി ആ നാട്ടുകാര്‍ക്കില്ലെങ്കില്‍ ഗവണ്‍മെന്റ് ദുരിതാശ്വാസ നിധിയിലെ പണം വൗച്ചര്‍ ആയി അവര്‍ക്ക്  നല്‍കി  ചാര്‍ട്ടര്‍ സ്‌കൂളിലെ ഫീസ് ലഭ്യത ഉറപ്പു വരുത്തണം  എന്നതായിരുന്നു ഫ്രീഡ്മാന്റെ നിലപാട്! അതായത് ദുരന്ത ഫണ്ടില്‍നിന്നും വൗച്ചര്‍ ജനങ്ങള്‍ക്ക് നല്‍കി അതുപയോഗിച്ച് അമിതമായ ഫീസ് കൊടുത്ത് പഠിക്കാന്‍ ജനങ്ങളെ സഹായിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത് എന്നര്‍ഥം. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ മുതലാളിമാരുടെ കീശയില്‍ എത്താന്‍ കണ്ടെത്തിയ എളുപ്പവഴിയാണ് ഈ വൗച്ചര്‍ സങ്കല്‍പനം.  ഈ മാറ്റത്തിന്റെ മറവില്‍  47000 അധ്യാപകര്‍ ഉള്ള ടീച്ചേഴ്‌സ് യൂനിയനെ തകര്‍ക്കാനും അതിലുള്ള മുഴുവന്‍ പേരെയും ജോലിയില്‍നിന്ന് പിരിച്ചുവിടാനും നിയോ ലിബറലുകള്‍ക്ക് സാധിച്ചു. 
നിയോലിബറലുകളുടെ ഈ കുടില മനസ്സാണ്  2004-ല്‍ ശ്രീലങ്കയിലെ സൂനാമി ദുരന്തത്തെ തുടര്‍ന്നും കണ്ടത്. ഭയവിഹ്വലമായ ആ സാഹചര്യത്തെ കമ്പോള മൂലധനശക്തികള്‍ സമര്‍ഥമായി ചൂഷണം ചെയ്തു. തീരദേശങ്ങളില്‍ കെട്ടിയുണ്ടാക്കിയ  കുടിലുകള്‍ കടല്‍ കൊണ്ടുപോയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കടല്‍തൊഴിലാളികളെ പുനരധിവസിപ്പിക്കാനല്ല, തീരദേശങ്ങളില്‍ മുഴുക്കെ സുഖവാസ റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികളാണ് നിയോ ലിബറലുകള്‍ നടപ്പാക്കിയത്. കുടിലുകളുടെ സ്ഥാനത്ത് കൂറ്റന്‍ കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉയര്‍ത്താന്‍ സംരംഭകര്‍ക്ക് കിട്ടിയ സുവര്‍ണാവസരം തന്നെയായിരുന്നു സൂനാമി ദുരന്തം. നേരിയ പ്രതിഷേധം പോലും അഭിമുഖീകരിക്കാതെ, ഒരു നിയമതടസ്സവുമില്ലാതെ ഒരു നാട്ടിന്റെ കടല്‍ത്തീരം ഒന്നടങ്കം കുത്തക മുതലാളിമാരുടെ കൈയിലമര്‍ന്നത് അങ്ങനെയാണ്. പാവങ്ങളായ കടല്‍ത്തൊഴിലാളികള്‍ക്ക് നൂറ്റാണ്ടുകളായി അവര്‍ കൈവശം വെച്ച ഇടങ്ങളെല്ലാം പൂര്‍ണമായും സുനാമിയുടെ ചെലവില്‍ നഷ്ടപ്പെട്ടു.
ഭയചകിതരായ സന്ദര്‍ഭങ്ങളെ ചൂഷണം ചെയ്യുന്ന നവലിബറല്‍ മുതലാളിത്തത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്നുണ്ട് ഈ അനുഭവങ്ങള്‍.  2006-ല്‍  94-ാമത്തെ വയസ്സില്‍ മരണമടഞ്ഞെങ്കിലും ഫ്രീഡ്മാന്റെ ആശയങ്ങള്‍ ഏറ്റവും അക്രമാസക്തമായി ലോകത്ത് വ്യാപിപ്പിക്കാന്‍  ശ്രമിച്ചുകൊണ്ടിരിക്കുക തന്നെയാണ് ഇപ്പോഴും അമേരിക്ക. സ്വകാര്യ മൂലധന ശക്തികളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുക, സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുക, സാമൂഹികപ്രധാനമായ രംഗങ്ങളില്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കുക തുടങ്ങിയ നിയോ ലിബറല്‍ തന്ത്രങ്ങളാണ് എല്ലാ ദുരന്തസന്ദര്‍ഭങ്ങളിലും ഈ ഭീകര ശക്തികള്‍ നടപ്പാക്കുക. ഭരണകൂടത്തെ നോക്കുകുത്തിയാക്കിയും പൊതുജന താല്‍പര്യത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത കേവലം അലങ്കാരമാക്കിയും നാട്ടിനിര്‍ത്തുമ്പോള്‍ സ്വകാര്യ മൂലധനശക്തികള്‍ തിമിര്‍ത്താടുന്നത് തടയാനാവില്ല. 

കൊറോണയും അവസരം കാത്തിരിക്കുന്ന ഭരണകൂടങ്ങളും 

കൊറോണാ ദുരന്തവും ഈ ശക്തികള്‍ ഇപ്രകാരംതന്നെ ഉപയോഗിക്കാനാണ് സാധ്യത. ലോക്ക് ഡൗണും അനുബന്ധ നടപടികളും കാരണം സര്‍ക്കാര്‍ തന്നെ തകര്‍ന്നിരിക്കുന്നു എന്ന പ്രചാരണം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. നടുവൊടിഞ്ഞ സമ്പദ്ഘടന പുനര്‍നിര്‍മിക്കാനോ, എന്തിനധികം ശമ്പളം കൊടുക്കാനോ പോലും സര്‍ക്കാരിന്റെ കൈവശം പണമില്ല എന്ന പ്രചാരണം എല്ലാവരും ഏറ്റുപിടിക്കുന്നു. കരകയറാനുള്ള വഴി  സാമൂഹിക ക്ഷേമപദ്ധതികള്‍ റദ്ദ് ചെയ്യലും ശമ്പളം വെട്ടിക്കുറക്കലും മാത്രമല്ല, പൊതുസംരംഭങ്ങളെല്ലാം കമ്പോള ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കല്‍ കൂടിയാണെന്ന മനോനിലയിലേക്ക് എത്ര വേഗമാണ്  എല്ലാവരും വഴുതിവീണത്. ഈ അവസരത്തിന് തന്നെയാണ് നിയോ ലിബറലുകള്‍ കാത്തിരിക്കുന്നതും. എന്നാല്‍ നിയോ ലിബറല്‍ ഘടനയുടെ മനുഷ്യവിരുദ്ധ മുഖവും സമ്പൂര്‍ണ പരാജയവുമാണ് കൊറോണ വെളിപ്പെടുത്തിയത് എന്ന സത്യം മാത്രം ഈ ശക്തികള്‍ തുറന്നുപറയില്ല. ആരോഗ്യരംഗം സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചതിന്റെയും ഇന്‍ഷുറന്‍സ് കമ്പനികളും  പ്രൈവറ്റ് ഹോസ്പിറ്റലുകളും ചേര്‍ന്ന് നടത്തുന്ന ഭീകരമായ തട്ടിപ്പിന്റെയും ഇരകള്‍ കൂടിയാണ് സമ്പന്ന രാജ്യങ്ങളായ ഫ്രാന്‍സിലും സ്പെയ്‌നിലും അമേരിക്കയിലും ബ്രിട്ടനിലും മരണത്തിന്റെ വായിലേക്ക് വലിച്ചെറിയപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യര്‍ എന്ന വസ്തുത ഇവിടെ തമസ്‌കരിക്കപ്പെടും. പൊതുജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട സര്‍ക്കാരിന് മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാനാവാതെ പകച്ചുനില്‍ക്കേണ്ടിവന്നതും അതിന്റെ ഉത്തരവാദിത്തം ജനക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്ത നവ ലിബറലിസത്തിനാണെന്ന  വസ്തുതയും ലോകം മറക്കും.  അഞ്ചു പതിറ്റാണ്ടിലധികമായി ലോകരാഷ്ട്രങ്ങളില്‍ പലതും  രക്ഷാമാര്‍ഗമായി കൊണ്ടാടിയ അതേ ഉദാരവാദ സമ്പദ്ഘടനയാണ് ഒരു പ്രതിസന്ധിയെ നേരിടാന്‍ കഴിയാത്തവിധം സമ്പന്ന രാഷ്ട്രങ്ങളെ പരാജയപ്പെടുത്തിയത് എന്ന യാഥാര്‍ഥ്യം  അക്കാദമിക വ്യവഹാരങ്ങളില്‍ ഒതുങ്ങും. ഇപ്പോള്‍ തന്നെ ആ നിലക്കാണ് കാര്യങ്ങള്‍ പോകുന്നത്. 
വൈറസില്‍ വംശീയത പരത്തിയ ലോക പോലീസ് തന്നെയാണ് ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്തി കൈകഴുകാന്‍ ശ്രമിച്ചത്. ഇറ്റലിയിലും ഫ്രാന്‍സിലും മരണം പടര്‍ന്ന നേരത്ത് കാര്യങ്ങളെ  പരിഹാസത്തോടെ കണ്ടിരുന്ന അതേ മനുഷ്യന്‍ തന്നെയാണ് ന്യൂയോര്‍ക്കിലെയും അമേരിക്കയിലെയും പരാജയം മുതലാളിത്ത ഘടനയുടേതു കൂടിയാണെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലാത്തതിനാല്‍ ചാപ്പകുത്താന്‍ മറ്റ്  ഇരകളെ തേടി നടന്നത്. ഇന്ത്യയില്‍, ഉത്തരവാദിത്തം തബ്ലീഗ് ജമാഅത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച സവര്‍ണ ഫാഷിസം എല്ലാവരും വീട്ടിലൊതുങ്ങി നിശ്ശബ്ദരായിരുന്ന നേരത്ത് പൗരത്വ പ്രക്ഷോഭകരെ തുറുങ്കിലടച്ചും കള്ളക്കേസുകള്‍ ചമച്ചും തങ്ങളുടെ വംശീയ ഭീകരത വെളിപ്പെടുത്തുകയുണ്ടായി. ചേരികളിലും ഓവര്‍ ബ്രിഡ്ജുകള്‍ക്കു താഴെയും അന്തിയുറങ്ങേണ്ടിവരുന്ന മില്യന്‍ കണക്കിന് ജനങ്ങളുടെ  ജീവിത പരിസരം തന്നെയാണ് മുംബൈയിലെയും ദല്‍ഹിയിലെയും കോവിഡ്  വ്യാപനത്തിന്റെ യഥാര്‍ഥ കാരണം എന്ന സത്യം മറച്ചുവെക്കാനുള്ള ആഭാസങ്ങള്‍ മാത്രമായിരുന്നു ഈ വര്‍ഗീയ വിഷപ്രസാരണവും, പാത്രം കൊട്ട്-ടോര്‍ച്ചടി നാടകങ്ങളുമെല്ലാം. അതേയവസരം കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറയാക്കി കിട്ടിയ അവസരത്തില്‍തന്നെ എം.പിമാരുടെ വികസന ഫണ്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വിവിധ സംസ്ഥാനങ്ങളില്‍ ശക്തിപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങളും ആശുപത്രികളുമാണ് ഒരുപരിധിവരെ കോവിഡ് വ്യാപനത്തെ ഇന്ത്യയില്‍ ചെറുക്കുന്നത് എന്ന വസ്തുത ഇതിനിടയില്‍ വിസ്മരിക്കപ്പെട്ടു. കോര്‍പറേറ്റുകളുടെ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നതോടെ അത് വിനിയോഗിച്ചതിന്റെ  കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന് തിരച്ചറിഞ്ഞ ഭരണകൂടം  അത്തരം നിയമപരമായ യാതൊരു ബാധ്യതയും ഇല്ലാത്ത മറ്റൊരു  ഫണ്ട് ശേഖരം തന്നെ തട്ടിക്കൂട്ടി. ഈ ഫണ്ട് എന്തുചെയ്യും എന്ന നിശ്ചയം ആര്‍ക്കുമില്ലെങ്കിലും ഇന്ത്യയിലെ വ്യവസായ പ്രമുഖരെല്ലാം തങ്ങളുടെ ഫണ്ട് അതിലേക്ക് നല്‍കി തങ്ങളുടെ കൂറ് തെളിയിച്ചിട്ടുണ്ട്. പുറത്തു നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കേണ്ട പണിയും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തവുമെല്ലാം ഏറ്റെടുക്കാന്‍ ഗവണ്‍മെന്റേതര ഏജന്‍സികളെയും 
പൊതുജനങ്ങളെയും നിര്‍ബന്ധിതമാക്കിയ ഭരണകൂടം എല്ലാ ജനക്ഷേമ പദ്ധതികളില്‍നിന്നും സമര്‍ഥമായി പിന്തിരിഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരെ എന്‍.ജി.ഒകളുടെ ചുമലില്‍ കെട്ടിയേല്‍പിച്ച് ഭരണകൂടം കാഴ്ചക്കാരാവുന്ന ഈ അവസ്ഥ തന്നെയാണ് നവ ഉദാരവാദത്തിന്റെ സ്വപ്‌ന പദ്ധതി. പൊതുജനക്ഷേമ ഫണ്ട് വെട്ടിക്കുറച്ചും കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചും പൊതുമേഖലയെ വിറ്റഴിച്ചും കോവിഡാനന്തര കാലത്ത് നിയോ ലിബറലുകള്‍ ക്രൂരമായ ചൂഷണങ്ങളുമായി രംഗപ്രവേശം ചെയ്യാനുള്ള സാധ്യത ആസന്നമാണ് എന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. 
കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുകൂലമായി നിലകൊള്ളാത്തവരെയെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തുന്ന സമീപനം നവ ലിബറലിസത്തിനുണ്ട്.  അക്കാരണത്താല്‍ തന്നെ ജനഹിതം പ്രതിഫലിപ്പിക്കുന്ന ഭരണകൂടത്തേക്കാള്‍ ജനവിരുദ്ധ ഏകാധിപത്യത്തോടാണവര്‍ക്ക് പ്രിയം. പലപ്പോഴും രാഷ്ട്രങ്ങള്‍ അവയുടെ ഹിംസാത്മകത ലോക്ക് ഡൗണ്‍ കാലത്ത് പ്രകടിപ്പിക്കുന്നതായി കാണാം. ട്രംപ് മുതല്‍ മോദി വരെയുള്ള ഭരണാധികാരികളുടെ ശരീര ഭാഷയിലും നിലപാടുകളിലും മറയില്ലാത്ത ഏകാധിപത്യത്തിന്റെ ലക്ഷണങ്ങളാണ് കാണാനാവുക. സര്‍ക്കാര്‍ പറയുന്നതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നുള്ള 'രാജകീയ' ഉത്തരവുകള്‍ എത്ര നിശ്ശബ്ദമായാണ് മാധ്യമപ്രവര്‍ത്തകര്‍, കേരളത്തില്‍ വരെ വിഴുങ്ങുന്നത്. യാതൊരു കൂടിയാലോചനയും ഇല്ലാതെ പൗരന്മാരുടെ വിവരങ്ങള്‍ ചോരാനിടയുള്ള ഒരു കരാര്‍ സ്പ്രിങ്കിള്‍ കമ്പനിയുമായി ഒപ്പുവെച്ചതിനെ കുറിച്ച് എത്ര ലാഘവത്തോടെയാണ്, ഒരു ദുരന്ത മുഖത്ത് അത്രയല്ലേ കൂടിയാലോചന നടക്കൂ എന്നു പറഞ്ഞൊഴിയാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിച്ചത്. ഭയവിഹ്വല സാഹചര്യത്തില്‍ ജനാധിപത്യവാദികള്‍ വരെ ഏകാധിപത്യത്തിന് മുന്നില്‍ തലകുനിക്കുന്ന ഈ ദയനീയ കാഴ്ച തന്നെയാണ് നിയോ ലിബറലുകള്‍ കാത്തിരിക്കുന്നതും. നവ ലിബറലിസത്തിന്റെ  മനുഷ്യവിരുദ്ധമുഖവും പരാജയവും തുറന്നുകാട്ടുന്ന രാഷ്ട്രീയം വികസിപ്പിച്ചെടുക്കുക എന്നതാണ് മനുഷ്യസ്‌നേഹികള്‍ ഏറ്റെടുക്കേണ്ട ദൗത്യം. 

(ലേഖനത്തില്‍ ചേര്‍ത്ത പ്രത്യേകം പരാമര്‍ശിച്ചതൊഴികെയുള്ള ഉദ്ധരണികള്‍ക്കും ഡാറ്റക്കും അവലംബം നിയോമി ക്ലെയിന്റെ 'ദ ഷോക്ക് ഡോക്ട്രിന്‍: ദ റൈസ് ഓഫ് ഡിസാസ്റ്റര്‍ ക്യാപിറ്റലിസം' എന്ന പുസ്തകം).

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി