Prabodhanm Weekly

Pages

Search

2020 ജൂലൈ 17

3160

1441 ദുല്‍ഖഅദ് 25

ടി.പി സ്വാലിഹ് ഹുസൈന്‍

ജലീല്‍ മോങ്ങം

ഉയര്‍ന്ന ചിന്തയുടെയും ലളിത ജീവിതത്തിന്റെയും ഉടമയായിരുന്നു ടി.പി സ്വാലിഹ് ഹുസൈന്‍. മലപ്പുറം ജില്ലയിലെ മോങ്ങം, ചെറുപുത്തൂര്‍ സ്വദേശിയായ അദ്ദേഹം പത്ത് വര്‍ഷത്തിലധികം പ്രവാസ ജീവിതത്തിലായിരുന്നു. മോങ്ങം എ.എം.യു.പി സ്‌കൂള്‍, മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ്, ഫാറൂഖ് കോളേജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. അലീഗഢില്‍നിന്ന് എം.എ ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. ജിദ്ദയില്‍ അല്‍ ജസീറ ബാങ്കില്‍ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തു. പ്രഫ. നജാത്തുല്ല സിദ്ദീഖി, ഡോ എഫ്.ആര്‍ ഫരീദി തുടങ്ങിയവരുടെ ശിഷ്യനായ അദ്ദേഹം നജാത്തുല്ല സിദ്ദീഖിയുടെ ശിപാര്‍ശ പ്രകാരമാണ് അല്‍ ജസീറ ബാങ്കില്‍ ജോലി നേടുന്നത്. നജാത്തുല്ലാ സിദ്ദീഖി ആ സമയത്ത് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അസി. പ്രഫസറായിരുന്നു.
പ്രവാസ ജീവിതത്തിനു ശേഷം പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ഭാരവാഹിത്വത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്വാലിഹ് ഹുസൈനു സാധിച്ചു. 'മാധ്യമ'ത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏതാനും മാസങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. ശേഷം കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും മോറല്‍ സ്റ്റഡീസ് ഡയറക്ടറായും പത്തു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു.
ജീവിതം ആദര്‍ശ വിശുദ്ധിയില്‍ കോര്‍ത്തിണക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയ വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍, സംസാരങ്ങള്‍, കവിതകള്‍, പ്രഭാഷണങ്ങള്‍ എല്ലാം തന്നെ അല്ലാഹുവുമായുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്നതായിരുന്നു. ഉയര്‍ന്ന ചിന്തയും ലാളിത്യവും മുഖമുദ്രയാക്കിയ അദ്ദേഹം ചെറുപുത്തൂരിന്റെ എല്ലാമായിരുന്നു. സുകൃതങ്ങളുടെ കൊയ്ത്തുത്സവമായിരുന്നു ഒട്ടേറെ മാതൃകകളുള്ള അദ്ദേഹത്തിന്റെ ജീവിതം. ഖുര്‍ആനില്‍ മനനം ചെയ്യുക, സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന മനുഷ്യരോട് ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി.
ഒരിക്കലും കാര്‍ക്കശ്യമോ മുഷിപ്പോ തോന്നാത്ത വിധം നസ്വീഹത്ത് കൊണ്ടും ദൈവഭയത്തില്‍ ചാലിച്ച സ്‌നേഹം കൊണ്ടും ബന്ധപ്പെട്ട എല്ലാവരുടെ മനസ്സിലും ഇടം നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ കവിതകള്‍ ആശയഗാംഭീര്യം കൊണ്ടും അവതരണ മികവു കൊണ്ടും അനുവാചകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രസ്ഥാന കൂട്ടായ്മകളിലും ചെറുപുത്തൂരിന്റെ സാംസ്‌കാരിക വേദികളിലും ലളിതവും ചിന്തനീയവുമായ ആ വാക്കുകള്‍ നിറഞ്ഞുനിന്നു. പ്രദേശത്തെ ബാലസംഘാടനത്തിന് നേതൃപരമായ പങ്കുവഹിക്കുന്നതില്‍ എന്നും മുന്നിലുണ്ടായിരുന്നു. ചെറുതും സുന്ദരവുമായ അദ്ദേഹത്തിന്റെ ഗാര്‍ഹികാന്തരീക്ഷം ഖുര്‍ആന്‍ അധ്യാപികയായ ഭാര്യയുടെ കലാവിരുന്നു കൊണ്ടും ആകര്‍ഷണീയമാണ്. ചെറുപുത്തൂര്‍ മസ്ജിദുല്‍ ഹുദാ , മദ്‌റസത്തുല്‍ ഇസ്‌ലാമിയ, എ.എം.എല്‍.പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ എന്നും ഓര്‍ക്കേണ്ട നാമമാണ് അദ്ദേഹത്തിന്റേത്. കുടുംബം, സാമ്പത്തികം, ജീവിത ശൈലികള്‍, ഭക്ഷണം, വസ്ത്രം, സംസാരം, വ്യക്തി - സമൂഹ ബന്ധങ്ങള്‍ എന്നിവയില്‍ നല്ല മാതൃകകള്‍ സൃഷ്ടിച്ച് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. ഭാര്യ തിരൂരങ്ങാടി സ്വദേശിനി ആഇശാബി അമ്പാടി വനിതാ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അധ്യാപികയാണ്. മക്കള്‍: നിഹ്‌ല സ്വാലിഹ്, സൈനബ് സ്വാലിഹ്. മരുമക്കള്‍: മുഹമ്മദ് അസ്‌ലം അമ്പലങ്ങാടന്‍ (റിയാദ്), ആശിഖ് അബ്ദുല്‍ ഗഫൂര്‍ (ഖത്തര്‍).

 


എം. അബ്ദുല്‍ വാഹിദ്

എം. അബ്ദുല്‍ വാഹിദ് ജൂണ്‍ 29-ന്  ഇഹലോകവാസം വെടിഞ്ഞു. കൊല്ലം ജില്ലയില്‍ പേഴ്മൂട്ടിലാണ് ജനനമെങ്കിലും അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പേ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ പോയിന്റ്മുക്കില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയിരുന്നു. ഷാര്‍ജയിലെ ഐ.സി.സി. മുഖേനയാണ് അദ്ദേഹത്തെ  ഞാന്‍ പരിചയപ്പെടുന്നത്. ഐ.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആ ബന്ധം വഴിയാണ് അദ്ദേഹത്തിന്റെ മകള്‍ ഷൈനയെ ഞാന്‍ വിവാഹം കഴിച്ചത്. ഞങ്ങളുടെ വിവാഹത്തോടൊപ്പം അതേ ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍ധനയായ ഒരു പെണ്‍കുട്ടിയുടെ വിവാഹവും എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് അദ്ദേഹം നടത്തിയിരുന്നു.
നാട്ടില്‍ പന്ത്രണ്ടു വര്‍ഷം സൈനിക സേവനമനുഷ്ഠിച്ച അദ്ദേഹം ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. സൈന്യത്തില്‍നിന്ന് സ്വമേധയാ പിരിഞ്ഞ് യു.എ.ഇയില്‍ എത്തിയ അദ്ദേഹത്തിന് ഡിഫന്‍സില്‍ തന്നെയാണ് ജോലി ലഭിച്ചതും. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാമൂഹികവും പ്രാസ്ഥാനികവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കൂടാതെ റസിഡന്‍സ് അസോസിയേഷന്‍, പ്രവാസി തുടങ്ങിയ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിരുന്നു.
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ആറ്റിങ്ങല്‍ ടൗണിലെ ഇന്‍സ്റ്റിറ്റിയൂട്ടിലും വീട്ടിലുമായി ഇംഗ്ലീഷ് ക്ലാസ്സെടുത്തിരുന്നതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ 'വാഹിദ് സാര്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  കലാകാരനായ അദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, ആപ്തവാക്യങ്ങള്‍ തുടങ്ങിയവ മനോഹരമായി സ്വന്തം കൈപ്പടയില്‍ എഴുതി ബൈന്റ് ചെയ്തു സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുമായിരുന്നു. 
കൃത്യമായ ദിനചര്യയില്‍ ജീവിച്ച അദ്ദേഹം നാലര വര്‍ഷം മുമ്പ് എഴുപത്തിനാലാം വയസ്സില്‍ റോഡപകടത്തെ തുടര്‍ന്ന് ശയ്യാവലംബനാകുന്നതു വരെ ആരോഗ്യവാനും ഊര്‍ജസ്വലനുമായിരുന്നു. ആ പ്രായത്തിലും ഭംഗിയായി വസ്ത്രധാരണം ചെയ്ത്, ചുറുചുറുക്കുള്ള യുവാവിനെപ്പോലെ ഉന്മേഷവാനായ അദ്ദേഹത്തിന്റെ രൂപം മനസ്സില്‍ തെളിയുന്നു. സ്വുബ്ഹ് ബാങ്കിന് മുമ്പേ ദൂരെയുള്ള പള്ളിയിലേക്ക് നടക്കും. നമസ്‌കാരാനന്തരം ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ നടത്തം കഴിഞ്ഞ് വീട്ടുജോലികളില്‍ ഭാര്യയെ സഹായിക്കും. തുടര്‍ന്ന്  ട്യൂഷന്‍ തുടങ്ങിയ കാര്യങ്ങള്‍.
അദ്ദേഹത്തിന്റെ സുഹൃദ് വലയം ജാതി മത ഭേദമന്യേ വിപുലമായതിനാല്‍ അപകട വിവരം അറിഞ്ഞ് ധാരാളം പേര്‍ ആശുപത്രിയിലെത്തി. സദാ പുഞ്ചിരിച്ചുകൊണ്ട് എല്ലാവരെയും സ്വീകരിച്ചിരുന്ന അദ്ദേഹം ആരെയും കുറ്റം പറയുമായിരുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിച്ചരോടു പോലും വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിച്ചില്ല. 
യു.എ.ഇയില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന കെ.ടി അബ്ദുര്‍റഹീം സാഹിബ്, യൂനുസ് മൗലവി, അന്തമാന്‍ സ്വദേശി റശീദ് മൗലവി, ഇബ്‌റാഹീം സാഹിബ്, വൈ.എം ഇബ്‌റാഹീം മൗലവി, അബ്ദുസ്സലാം മൗലവി തുടങ്ങി പല പ്രമുഖരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബന്ധപ്പെട്ടവരിലും പരിചയപ്പെട്ടവരിലും ഊഷ്മളമായ ഓര്‍മകള്‍ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.  
ഭാര്യ: ആബിദ. മക്കള്‍: ഷൈന, ഷനോജ്.

ഡോ. വി.എം മുനീര്‍

 

കെ.കെ ഈസ കുമ്പളം

കുമ്പളം പുന്നേപ്പള്ളി ഈസാ സാഹിബ്(76) അല്ലാഹുവിങ്കലേക്ക് യാത്രയായി. കര്‍മകുശലതയും അസാമാന്യ ധൈര്യവും ഇഛാശക്തിയും ഒത്തിണങ്ങിയ പ്രവര്‍ത്തകനെയാണ് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. മൂന്നൂ പതിറ്റാണ്ട് നീണ്ട സജീവമായ പ്രസ്ഥാന ബന്ധം. ചെറുപ്പം മുതലേ പ്രബോധനം കണ്ടു വളര്‍ന്നയാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാവണം പ്രസ്ഥാന സന്ദേശവുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ നിസ്സങ്കോചം പ്രവര്‍ത്തനത്തിനിറങ്ങിയതും വിശാലമായ കുടുംബബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി പ്രസ്ഥാന വ്യാപനത്തിനായി പണിയെടുത്തതും. പരേതരായ സഹോദരന്‍ ഫാറൂഖും, ബന്ധുവും എറണാകുളത്ത് വ്യാപാരിയുമായിരുന്ന കെ.എം സീതി സാഹിബും ഒപ്പം നിന്നത് ഈസാ സാഹിബിന് കൂടുതല്‍ പ്രചോദനമായി. 1991-ല്‍ കുമ്പളത്ത് ദേശീയ പാതയോരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു നമസ്‌കാര പള്ളി പണി കഴിപ്പിച്ചതില്‍ സുപ്രധാന പങ്കു വഹിച്ചു. ദീര്‍ഘനാള്‍ കുമ്പളം ഹല്‍ഖാ നാസിം, അല്‍ ഫലാഹ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. സാധുജന സഹായനിധിയും സംഘടിത സകാത്തും നടപ്പാക്കി. പള്ളിയില്‍ ജുമുഅ വേണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. 2014-ല്‍ പള്ളി വിപുലീകരിച്ച് ജുമുഅ ആരംഭിക്കുന്നതിനും അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. പൊതുസമൂഹവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും സ്വാധീനവും പ്രദേശത്തെ പ്രസ്ഥാന വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചു. സഹധര്‍മിണി ഖദീജ കുമ്പളം വനിതാ ഹല്‍ഖയില്‍ പ്രവര്‍ത്തകയാണ്. നാല് പെണ്‍മക്കളാണ്.

എം.എ അബ്ദു നെട്ടൂര്‍
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (11-13)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി