അമേരിക്കയിലെ വംശവെറിയും ആഫ്രോ അശുഭചിന്തയും
അപരിഹാര്യത (Irreconcilability) ആണ് ബ്ലാക്ക് പ്രശ്‌നത്തിന്റെ കേന്ദ്രം എന്നാണ് പ്രസിദ്ധ ചിന്തകന്‍ ഫ്രാങ്ക് വൈല്‍ഡര്‍സണ്‍ വാദിക്കുന്നത് (2010). വൈല്‍ഡര്‍സണ്‍ ആഫ്രോ അശുഭചിന്ത (Afro-Pessimism) എന്ന ബ്ലാക്ക് റാഡിക്കല്‍ ചിന്തയുടെ അറിയപ്പെടുന്ന ഉപജ്ഞാതാവാണ്. ആഫ്രോ പെസിമിസം മുന്നോട്ട് വെക്കുന്ന വാദം, നിലവിലെ ലോകം നിഷ്ഠുരമായ അടിമത്ത വ്യവസ്ഥയുടെ തുടര്‍ച്ചയില്‍ നിര്‍മിക്കപ്പെട്ടതാണ് എന്നാണ്. അതുകൊണ്ടു തന്നെ, ഈ ലോകത്തെ നശീകരണബുദ്ധിയോടെ (Abolitionism) മാത്രം സമീപിക്കുക എന്നതാണ് ആഫ്രോ അശുഭചിന്തകരുടെ നിലപാട്. ആഫ്രോ അശുഭചിന്ത പിന്നീട് പലവഴിക്ക് പിരിയുന്നുണ്ട്. ഫ്രെഡ് മോട്ടന്‍, ജാര്‍ഡ് സെക്സ്റ്റണ്‍, സൈദിയ ഹാര്‍ട്ട്മാന്‍ തുടങ്ങിയവര്‍ ആഫ്രോ അശുഭചിന്തയെ പുതിയ കൈവഴികളിലേക്ക് കൊണ്ടു പോയവരാണ്.
ആഫ്രോ പെസിമിസത്തെ മനസ്സിലാക്കാനുള്ള ഒരു പ്രധാന മാര്‍ഗം ഏജന്‍സിയെ (കര്‍തൃത്വം) കുറിച്ചുള്ള വീക്ഷണങ്ങളോടുള്ള ഈ ചിന്താരീതിയുടെ സമീപനം എന്താണ് എന്ന് നോക്കലായിരിക്കും. രാഷ്ട്രീയം എന്നത് അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ നിര്‍വഹണത്തില്‍ കേന്ദ്രീകരിച്ച ഒരു സങ്കല്‍പമാണല്ലോ. എന്നാല്‍, ആഫ്രോ പെസിമിസ്റ്റുകള്‍ പറയുന്നത് എല്ലാ വിധത്തിലുള്ള നിര്‍വാഹക രാഷ്ട്രീയവും മനുഷ്യന്‍ എന്ന സംവര്‍ഗത്തില്‍ കേന്ദ്രീകരിച്ചിരിക്കും എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യന്‍ എന്നത് സവിശേഷമായ രീതിയില്‍ നിര്‍വാഹക ശേഷിയുള്ള വര്‍ഗം എന്നതാണ് ഏജന്‍സിയെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളുടെയും അടിസ്ഥാനം. ആഫ്രോ പെസിമിസ്റ്റുകളെ സംബന്ധിച്ചേടത്തോളം ബ്ലാക്ക് മാന്‍ എന്നത് മനുഷ്യ സംവര്‍ഗത്തില്‍ പെടുന്ന ഒന്നല്ല. വിശദീകരിച്ചു പറഞ്ഞാല്‍, അടിമത്ത സമ്പ്രദായത്തിന്റെ ഘട്ടത്തില്‍ ബ്ലാക്ക് മാന്‍ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു വസ്തുവായിരുന്നു (വൈല്‍ഡര്‍സണ്‍). അടിമകളെ കച്ചവടം ചെയ്യുന്ന ആളാണ് മനുഷ്യന്‍. അടിമ എന്നത് ഒരു ഉടമയുടെ ഉടമസ്ഥതയുടെ (Possession) കീഴില്‍ വരുന്ന ഒരു മെഷീന്‍, അല്ലെങ്കില്‍ വസ്തുവാണ് (Property). ആ വസ്തുവിന്റെ ഉപയുക്തത ആണ് ആ വസ്തുവിന്റെ മൂല്യം നിര്‍ണയിച്ചിരുന്നത്. ഉപയുക്തത നശിച്ചാല്‍ ആ വസ്തുവിന്റെ മൂല്യം നശിച്ചു. ഇതിനെ വൈല്‍ഡര്‍സണ്‍ വിളിക്കുന്നത് വസ്തുവല്‍ക്കരണം (Thingification) എന്നാണ്. മനുഷ്യന്റെ കര്‍തൃപരമായ, മനുഷ്യവര്‍ഗത്തിന്റെ തന്നെ ഈ ലോകത്തെ തുടര്‍ച്ചയെ സാധ്യമാക്കുന്ന എല്ലാ ഇടപാടുകളും ബ്ലാക്ക് മാന്റെ വസ്തുവല്‍ക്കരണത്തില്‍ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഴുത്തിലെ മനുഷ്യന്റെ മുട്ടുകാല്‍ സൂചിപ്പിക്കുന്നത് ഒരു മനുഷ്യന് മറ്റു മനുഷ്യന്റെ മേലുള്ള അധികാരത്തെ അല്ല, മറിച്ച് ഒരു മനുഷ്യന് തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മേലുള്ള അധികാരത്തെയാണ്. മനുഷ്യന്റെ ഈ ലോകത്തെ അസ്തിത്വം നിലനില്‍ക്കുന്നത് വസ്തുവിന് മേലുള്ള മനുഷ്യന്റെ ഉടമസ്ഥത എന്ന സങ്കല്‍പത്തിലാണ്. ആ വസ്തു സംസാരിക്കാന്‍ തുടങ്ങിയാല്‍, ആ ഉടമസ്ഥതയെ ചോദ്യം ചെയ്തു തുടങ്ങിയാല്‍ എന്തു സംഭവിക്കും? ഒരുപക്ഷേ, അത് മനുഷ്യന്റെ നിലനില്‍പിനെ തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ബ്ലാക്ക് മാന്റെ, അല്ലെങ്കില്‍ ബ്ലാക്ക് വസ്തുവിന്റെ സംസാരം ലോകത്ത് ഉള്‍ക്കിടിലം (Terror) സൃഷ്ടിക്കും എന്നാണ് ആഫ്രോ പെസിമിസ്റ്റ് ചിന്തകര്‍ കരുതുന്നത്. അതു കൊണ്ട് തന്നെ ബ്ലാക്ക് പ്രശ്‌നം എന്നത് ലോകത്ത് അപരിഹാര്യമായ (irreconcilable) പ്രശ്‌നമാണ്. ബ്ലാക്ക് മാന്റെ സംസാരത്തോട് ലോകത്തിന് അതുകൊണ്ടു തന്നെ കടുത്ത ഭീതിയാവും ഉണ്ടാവുക.
ഇനി നമുക്ക് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകാനന്തരം നടക്കുന്ന ആഗോള സമരങ്ങളിലേക്ക് വരാം. കഴിഞ്ഞ മേയ് 25-നാണ് മിനസോട്ടയിലെ മിനിയപ്പോളിസ് തെരുവില്‍ ഡെറിക് ഷോവിന്‍ എന്ന പോലീസുദ്യോഗസ്ഥന്‍ ഫ്‌ളോയ്ഡിനെ മുട്ടുകാലു കൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലുന്നത്. ഡാനില്ല ഫ്രേസര്‍ എന്ന കറുത്ത വര്‍ഗക്കാരിയായ കൗമാരക്കാരി ആണ് ഈ നിഷ്ഠുര കൊലപാതകത്തിന്റെ വീഡിയോ എടുത്തത്. ലോകവ്യാപകമായി പങ്കു വെക്കപ്പെട്ട പ്രസ്തുത വീഡിയോ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെടുന്നതിന്റെ സ്ഥിരമായ മാതൃകയെ കൂടി ലോകത്തിന് കാണിച്ചുകൊടുത്തു. ഇതിനു മുമ്പും കറുത്ത വര്‍ഗക്കാരോടുള്ള പോലീസ് ക്രൂരതയുടെ വീഡിയോ വമ്പന്‍ പ്രതിഷേധങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 1992-ലെ ലോസ് ആഞ്ചലസ് കലാപമാവണം ഒരുപക്ഷേ ഈ ഗണത്തിലെ ആദ്യത്തെ സംഭവം. റോഡ്‌നി കിംഗ് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് അതിക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ ആയിരുന്നു അത്. കുറ്റവാളികളായ പോലീസുകാരെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വലിയ തോതില്‍ ജീവ നഷ്ടങ്ങളും നാശനഷ്ടങ്ങളുമുണ്ടായി. ഈ വീഡിയോകള്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളെ മാത്രമല്ല, അവരുടെ സമാന തരത്തിലുള്ള പ്രതിരോധങ്ങളെയും ലോകത്തിന്റെ രാഷ്ട്രീയ മുറ്റത്തേക്കെത്തിച്ചു. എന്നാല്‍ ലോസ് ആഞ്ചലസ് കലാപത്തിന് മുന്നേ തന്നെ അമേരിക്കന്‍ ചരിത്രത്തിലുടനീളം ഈ കലാപങ്ങള്‍ സാധാരണമായിരുന്നു, പലതും രക്തരൂഷിതവുമായിരുന്നു.
അമേരിക്കയുടെ പൊതുജീവിതത്തിന് ഈ കലാപങ്ങളേല്‍പിച്ച ആഘാതങ്ങള്‍ ചെറുതല്ല. മാര്‍ക്കെറ്റോ ഫ്രൈ എന്ന ബ്ലാക്ക് അമേരിക്കന്‍ നേരിട്ട ഭീകര പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് 1965-ല്‍ നടന്ന കലാപം അറിയപ്പെട്ടത് വാട്ട്‌സ് റയറ്റെന്നായിരുന്നു. 1967-ലും 1968-ലും മാത്രം നൂറ്റി അമ്പതോളം കലാപങ്ങള്‍ അമേരിക്കയില്‍ നടന്നു. അറുപത്തെട്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളെ ഭീകരമായി പോലീസ് വെടിവെച്ചിട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനാള്‍ക്കാര്‍ കൊല്ലപ്പെട്ടു. മയാമിയില്‍ തൊള്ളായിരത്തി എണ്‍പതുകളില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. കറുത്തവര്‍ഗക്കാരനെ ക്രൂരമായി പീഡിപ്പിച്ച പോലീസുദ്യോഗസ്ഥരെ വെറുതെ വിട്ടതിനെത്തുടര്‍ന്നായിരുന്നു അത്. ഇങ്ങനെ കറുത്ത കലാപങ്ങളാല്‍ നിണഭരിതമാണ് ആധുനിക അമേരിക്കന്‍ ചരിത്രം. രണ്ടായിരത്തി പതിനാലില്‍ പതിനെട്ടുകാരനായ മൈക്കല്‍ ബ്രൗണ്‍ എന്ന ബ്ലാക്ക് അമേരിക്കനെ മിസ്സോറിയിലെ ഫെര്‍ഗൂസണില്‍ വെച്ച് വെടിവെച്ചു കൊന്നതിനെത്തുടര്‍ന്നായിരുന്നു ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മൂവ്‌മെന്റ് ആരംഭിച്ചത്. ഈ കലാപങ്ങളൊക്കെ ഉള്‍ക്കിടിലം (Terror) സൃഷ്ടിക്കുന്നതായിരുന്നു. ഈ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചുള്ള ചില വ്യവഹാരങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്. ഈ വ്യവഹാരങ്ങള്‍ രാഷ്ട്രീയ സമരം, കലാപം എന്ന ദ്വന്ദ്വത്തില്‍ ഊന്നി നില്‍ക്കുന്ന ഒന്നാണ്. ഈയടുത്ത് നടന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പത്രസമ്മേളനം മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി സമരങ്ങളില്‍ പങ്കെടുക്കുന്നത് വരെയുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം, ഈ വ്യവഹാരങ്ങള്‍ എങ്ങനെയാണ് നിലവില്‍ നടക്കുന്ന സമരത്തെ ഒരു പ്രത്യേക തരത്തില്‍ പോലീസിംഗ് നടത്താന്‍ ഉപയോഗിക്കുന്നതെന്ന്. കുറച്ചുകൂടി കൃത്യപ്പെടുത്തിയാല്‍, ട്രംപ് പറഞ്ഞത് ഈ സമരം സമാധാനപരമായി നടത്തണമെന്നും അങ്ങനെയെങ്കില്‍ താനും അതിനെ പിന്തുണക്കുമെന്നും ആണ്. സമാനമായ ഭാഷയിലാണ് സമരത്തെ പിന്തുണച്ചു രംഗത്തു വന്ന പോലീസുകാരും സംസാരിച്ചത്. ഈ സമരം സമാധാനപരമായിരിക്കുന്നിടത്തോളം സാധുവാണെന്നാണ് അവരൊക്കെ പ്രഖ്യാപിച്ചത്. ഈ പുതിയ പിന്തുണാപ്രവാഹം മിനിയാപ്പോളീസില്‍ തുടക്കത്തില്‍ നടന്ന കലാപങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രൂപപ്പെട്ടത്. ആഗോള കുത്തക കോര്‍പറേറ്റുകള്‍ മുതല്‍ വിനോദ വ്യവസായം വരെ ഈ സമരത്തെ പിന്തുണക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ പിന്തുണകളൊക്കെ രൂപീകരിക്കപ്പെട്ടത് ഈ സമരം കലാപത്തിലേക്ക് വഴുതിമാറുമോ എന്ന ഭയത്തെ നേരിട്ടു കൊണ്ടു കൂടിയാണ്. കാരണം, വൈല്‍ഡര്‍സണ്‍ പറഞ്ഞതു പോലെ ബ്ലാക്ക് വസ്തുവിന്റെ പ്രതികരണം ഉണ്ടാക്കാവുന്ന ഉള്‍ക്കിടിലം ആണ് സമരത്തിന്റെ ഈ ആഗോളവല്‍ക്കരണത്തെ ത്വരിപ്പിച്ചത്.
മിനിയാപ്പോളീസില്‍ കലാപമാരംഭിച്ച ഘട്ടത്തില്‍ ട്രംപിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു: When looting starts, the shooting starts (കൊള്ളയടി ആരംഭിച്ചാല്‍ വെടിവെച്ചിടും). ഈ ട്വീറ്റ് വലിയ വിവാദമുയര്‍ത്തി. കാരണം, സമാനമായ വാചകങ്ങള്‍ ആദ്യമായി ഉപയോഗിച്ചത് 1967-ല്‍ മയാമി പോലീസ് ഉദ്യോഗസ്ഥനായ വാള്‍ട്ടര്‍ ഹെഡ്‌ലി ആണ്. ബ്ലാക്ക് മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് ഹെഡ്‌ലി ഈ പരാമര്‍ശം നടത്തിയത്. കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ പോലീസ് ചീഫായിരുന്നു ഹെഡ്‌ലി. ട്രംപിനോട് ഈ വാചകങ്ങളുടെ ചരിത്രം പറഞ്ഞുകൊടുത്തപ്പോള്‍ ട്രംപ് പറഞ്ഞത്, ഹെഡ്‌ലി ഉപയോഗിച്ച വാചകങ്ങളാണെന്ന് അറിയില്ലായിരുന്നു എന്നാണ്. എന്തായാലും ഹെഡ്‌ലി തൊട്ടടുത്ത വര്‍ഷവും ഈ വാചകങ്ങള്‍ ആവര്‍ത്തിച്ചു. റേസ് റയറ്റ് എന്നറിയപ്പെടുന്ന കറുത്തവര്‍ഗക്കാരുടെ ലിഞ്ചിംഗിനെതിരെയുള്ള പ്രതിരോധ ശ്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ഹെഡ്‌ലി. മയാമി പോലീസിന്റെ കറുപ്പ് വിരുദ്ധത (Anti-blackness) അമേരിക്കയിലെ അടിമത്ത ചരിത്രത്തോളം നീളുന്നു എന്നതാണ് യാഥാര്‍ഥ്യം.
അമേരിക്കന്‍ പോലീസ് സംവിധാനം അടിമത്തവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദ്യകാല അമേരിക്കന്‍ പോലീസ് പട്രോളര്‍മാര്‍ (Patrollers) എന്നും പാഡി റോളര്‍മാര്‍ എന്നും അറിയപ്പെട്ടു. സ്ലേവ് പെട്രോളിംഗ്/അടിമപ്പാറാവ് ആയിരുന്നു ഇവരുടെ പ്രധാന ദൗത്യം. അമേരിക്കക്കാര്‍ തൊഴില്‍ മേഖലയില്‍ പുറത്തുള്ളവരെയാണ് അധികവും ജോലിക്ക് നിര്‍ത്താറുള്ളത്. കാര്‍ഷിക മേഖലയെടുത്തു നോക്കിയാല്‍ ഭൂരിഭാഗം വരുന്ന കര്‍ഷകരും മെക്‌സിക്കൊക്കാരോ മറ്റു ലാറ്റിനമേരിക്കന്‍ നാടുകളിലുള്ളവരോ ആയിരിക്കും. മെക്‌സിക്കന്‍ കര്‍ഷകരോടുള്ള അടിമത്ത സമീപനം അമേരിക്കന്‍ രൂപീകരണ ചരിത്രം മുതല്‍ കാണാന്‍ സാധിക്കും.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ അമേരിക്കന്‍ അടിമത്ത വ്യവസ്ഥയിലെ പ്രധാന അധ്വാനവസ്തുക്കള്‍ തദ്ദേശീയ അമേരിക്കക്കാരായിരുന്നു. പക്ഷേ പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും രോഗങ്ങളും യുദ്ധവും നിര്‍ബന്ധിത തൊഴിലും കാരണം അവരുടെ എണ്ണം കുറഞ്ഞു. കൂടാതെ, അവര്‍ ഉടമകളെ വെട്ടിച്ചു ചാടിപ്പോകുന്നവരുമായിരുന്നു. ഈ സാഹചര്യത്തില്‍ ആഫ്രിക്കയില്‍നിന്ന് ആളുകളെ വടക്കനമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ആദ്യത്തെ കാര്‍ഗോ 1619-ല്‍ ആണ് എത്തിയത്. എന്നാല്‍ ആഫ്രിക്കന്‍ അടിമത്തൊഴിലാളികള്‍ക്കിടയില്‍നിന്ന് ഇടക്കിടെ കലാപശ്രമങ്ങളുണ്ടായി. തൊഴിലിന്റെ കാഠിന്യം കൊണ്ട് പലരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ പ്രവണത രൂക്ഷമായതോടെ പതിനെട്ടാം നൂറ്റാണ്ടോടു കൂടി ഇവരെ നിയന്ത്രിക്കാനുള്ള സിസ്റ്റത്തെക്കുറിച്ച് അധികാരികള്‍ ആലോചിച്ചു തുടങ്ങി. ഈ ആലോചനയാണ് വ്യവസ്ഥാപിതമായ ഒരു പോലീസ് സിസ്റ്റത്തിലേക്ക് നയിച്ചത്. രണ്ട് കാര്യങ്ങളായിരുന്നു ഈ പുതിയ പോലീസ് സിസ്റ്റത്തിന്റെ ചുമതലകള്‍. ഒന്ന്; രാത്രി കാലങ്ങളില്‍ അടിമകള്‍ താമസിക്കുന്ന ഇടങ്ങളില്‍ ചെന്ന് ആരും ചാടിപ്പോകുന്നില്ലെന്നും ഗൂഢാലോചനകളില്‍ ഏര്‍പ്പെടുന്നില്ലെന്നും ഉറപ്പു വരുത്തുക. രണ്ട്; ചരക്കുകള്‍ക്ക് കാവല്‍ നില്‍ക്കുക. ഈ രണ്ട് വംശീയവും അടിമത്തത്തില്‍ കേന്ദ്രീകരിച്ചതുമായ ചുമതലകള്‍ നിര്‍വഹിക്കാനാണ് ഈ പോലീസ് സംവിധാനമുാക്കിയത്. തോക്കടക്കമുള്ള ആയുധങ്ങളോടു കൂടിയ മൂന്നു മുതല്‍ ആറു വരെ വെള്ളക്കാരാണ് ഒരു പട്രോള്‍ സംഘത്തിലുണ്ടാവുക.
സാലി ഹേഡന്‍ തന്റെ Slave Patrols: Law and Violence in Virginia and the Carolinas (2001) എന്ന പുസ്തകത്തില്‍ ഈ ചരിത്രം വിശദമായി അടയാളപ്പെടുത്തുന്നുണ്ട്. അടിമകള്‍ താമസിക്കുന്ന ഇടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാനും അവരെ മര്‍ദിക്കാനും ഈ പോലീസ് സംഘത്തിന് അവകാശമുണ്ടായിരുന്നു. പുസ്തകങ്ങളോ പേപ്പറോ എഴുത്തുപകരണങ്ങളോ കാണപ്പെട്ടാല്‍ അതിന് അവര്‍ മര്‍ദിക്കപ്പെടുമായിരുന്നു. പാവപ്പെട്ട തൊഴിലാളി വിഭാഗത്തില്‍ പെട്ട വെള്ളക്കാരുമായി കൂട്ടുകൂടിയത് കാണപ്പെട്ടാല്‍ മര്‍ദിക്കപ്പെടുമായിരുന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മര്‍ദിക്കപ്പെടുമായിരുന്നു. 1865 -ലെ അടിമത്ത നിരോധനത്തിനു ശേഷം നിലവില്‍ വന്ന ജിം ക്രോ നിയമത്തോടെ ഈ പട്രോളിംഗ് സിസ്റ്റം ക്ലു ക്ലുക്‌സ് ക്ലാന്‍ പോലുള്ള തീവ്ര ക്രിസ്റ്റ്യന്‍ വെള്ള വംശീയവാദികള്‍ ഏറ്റെടുത്തു. തുടര്‍ന്നുള്ള ഒരു നൂറ്റാണ്ട് നിയമവല്‍ക്കരിക്കപ്പെട്ട വംശീയതയുടെ നാളുകളായിരുന്നു. അടിച്ചു കൊലപ്പെടുത്തല്‍ ആരംഭിച്ചതും ഈ നാളുകളിലാണ്. 1933-ല്‍ ഇരുപത്തി മൂന്ന് ലിഞ്ചിംഗുകള്‍ നടന്നു. 1935-ല്‍ ലിഞ്ചിംഗിനെതിരെ കൊണ്ടു വന്ന നിയമനിര്‍മാണം വോട്ടിനിട്ട് തോല്‍പിക്കപ്പെട്ടു. ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, സിനിമാശാലകള്‍, ഫോണ്‍ ബൂത്തുകള്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ തുറകളില്‍നിന്നും കറുത്ത വര്‍ഗക്കാരെ തുടച്ചു നീക്കാന്‍ ശ്രമം നടന്നു. കോടതികളില്‍ കറുത്ത വര്‍ഗക്കാര്‍ക്കും വെളുത്ത വര്‍ഗക്കാര്‍ക്കും വെവ്വേറെ ബൈബിള്‍ വരെ നല്‍കി.
വംശീയ മാറ്റിനിര്‍ത്തലിനെതിരെ (Segragation) ഉദ്ഗ്രഥനം (Integration) എന്ന സങ്കല്‍പമായിരുന്നു പില്‍ക്കാല അവകാശ സമരങ്ങളുടെ മുന്‍ഗണനയെങ്കില്‍ മാല്‍കം എക്‌സിനെയും ഐസയ്യ മോണ്ട്‌ഗോമറിയെയും പോലുള്ള റാഡിക്കലുകള്‍ ബ്ലാക്ക് സ്വയം സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടു. മുന്‍ അടിമയായിരുന്ന മോണ്ട്‌ഗോമറി ജിം ക്രോ നിയമത്തോടുള്ള പ്രതിരോധമായി മിസിസ്സിപ്പിയില്‍ ആഫ്രോ അമേരിക്കന്‍ ഒണ്‍ലി ടൗണ്‍ ഉണ്ടാക്കി. മുമ്പ് അടിമകളായിരുന്ന കറുത്ത വര്‍ഗക്കാരെ വ്യാപകമായി അവിടെ കൊണ്ടു വന്ന് പാര്‍പ്പിച്ചു, സ്‌കൂളുകളുണ്ടാക്കി. എന്നാല്‍ ലിഞ്ചിംഗ് വ്യാപിക്കുക തന്നെയായിരുന്നു. കറുത്ത വര്‍ഗക്കാരുടെ പ്രതികരണമാകട്ടെ കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 1919-ല്‍ മാത്രം ഇരുപത്തഞ്ച് കലാപങ്ങള്‍ നടന്നു. റെഡ് സമ്മര്‍ എന്ന് ഈ കാലഘട്ടം അമേരിക്കന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു.
ഈ കലാപങ്ങളുടെ ഒരു സ്വഭാവം ഇവ പ്രതീകപരം (Symbolic) എന്നതിനേക്കാള്‍ നേരിട്ടുള്ള പ്രതികരണങ്ങളായിരുന്നു (Direct Action) എന്നതാണ്. പ്രതീകപരമായ സമരങ്ങളാവട്ടെ ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. കാരണം, പ്രതീകപരമായ സമരങ്ങള്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും നൈതികമായ സാധ്യതകളില്‍ വിശ്വസിച്ചു കൊണ്ടും അവയെ അവലംബിച്ചുകൊണ്ടുമുള്ളതായിരുന്നു. ജോഷ്വാ ക്ലോവര്‍ തന്റെ Riot Strike Riot(2016) എന്ന പുസ്തകത്തില്‍ കലാപവും പ്രതിഷേധ സമരവും തമ്മിലെ വേര്‍തിരിവിനെ ചരിത്രവല്‍ക്കരിക്കുന്നുണ്ട്. വ്യവസായവല്‍ക്കരണത്തിന്റെ ഒരു ഘട്ടത്തില്‍ ഉല്‍പാദന ഇടത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ സമരം രൂപപ്പെട്ടതെങ്കില്‍ പില്‍ക്കാലത്ത് ഉപഭോഗ മണ്ഡലവുമായി ബന്ധപ്പെട്ടാണ് കലാപം മനസ്സിലാക്കപ്പെട്ടത്. പ്രതിഷേധ സമരം ഫാക്ടറി തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ അവ സ്വകാര്യ സമ്പത്തിനെ ഒരു നിലക്കും നേരിട്ട് പരിക്കേല്‍പിക്കുന്നുമില്ല. കലാപമാകട്ടെ, അതിലെ വ്യക്തമായ നശീകരണ ഉള്ളടക്കം കാരണം, സ്വകാര്യ സമ്പത്തിനെ നേരിട്ട് ബാധിക്കുന്നു. കൊള്ളയടിക്കല്‍ കലാപത്തിലെ പ്രധാനപ്പെട്ട ഒരു പ്രവൃത്തി ആവുന്നത് അങ്ങനെയാണ്.
മിഷേല്‍ ഫൂക്കോ വാദിക്കുന്നത് പതിനേഴാം നൂറ്റാണ്ടോടു കൂടി യൂറോപ്പില്‍ നിലവില്‍ വരാന്‍ തുടങ്ങിയ മൂലധന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് കൊള്ളയടി ഒരു കുറ്റമായി സവിശേഷവല്‍ക്കരിക്കപ്പെട്ടത് എന്നാണ്. പില്‍ക്കാലത്ത് ഈ പ്രവൃത്തി കലാപസംഭവങ്ങളിലെ പ്രധാന ഇനമായി മാറി. എന്നാല്‍ പ്രതീകപരമായ സമരങ്ങള്‍ ഇത്തരമൊരു നശീകരണ ഉള്ളടക്കം പേറുന്നില്ല. മാത്രമല്ല, ഭരണകൂടത്തിന്റെയും പോലീസിന്റെയും അധികാരത്തെ അന്ധമായി ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡെലിയോ വാസ്‌കസ് (2015) പറയുന്നത് ക്ലോവറിന്റെ ഊന്നല്‍ കലാപത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ മാത്രമാണെന്നും അതിനാല്‍ തന്നെ അതിന്റെ വംശീയ ചരിത്രം അവഗണിക്കപ്പെട്ടു എന്നുമാണ്. ക്ലോവര്‍ കലാപത്തിന്റെ ചരിത്രത്തെ കറുത്തവര്‍ഗക്കാരുടെ പ്രതിരോധ ചരിത്രത്തിലേക്ക് ചേര്‍ത്തുവെച്ചാണ് മനസ്സിലാക്കുന്നത്. കറുത്ത വര്‍ഗക്കാരെ സംബന്ധിച്ചേടത്തോളം തീര്‍ത്തും വംശീയമായി രൂപപ്പെട്ട അമേരിക്കന്‍ ഉപഭോഗ ഘടനയോടുള്ള കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധമാണ് കൊള്ളടയടി. എന്നു മാത്രമല്ല, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പലപ്പോഴും പ്രതീകരപരമായ പ്രതിരോധങ്ങള്‍ സാധിക്കണമെന്നുമില്ല. അതുകൊണ്ടു തന്നെ പ്രതീകപരമായ സമരങ്ങള്‍ പലപ്പോഴും രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിച്ചവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നായിരിക്കും. ആ അര്‍ഥത്തില്‍ കലാപത്തിന്റെ ഉള്ളടക്കം വിമോചനപരമാണെന്നു പറയാം.
എന്നാല്‍ ഒരു സമരത്തിലെ കലാപ ഉള്ളടക്കത്തെ കണ്ടെത്തി നിര്‍വീര്യമാക്കുക എന്നത് അതിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിന് പ്രധാനമാണ്. അഥവാ, എല്ലാവിധ ജനാധിപത്യവല്‍ക്കരണ പ്രക്രിയയും കലാപ ഉള്ളടക്കത്തെ ശുദ്ധീകരിക്കുകയും ഭരണകൂടത്തിന്റെയും പോലീസിന്റെയും അധികാരത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിനെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതീകസമരത്തെ നേരിട്ടുള്ള പ്രതികരണത്തില്‍ (Direct Action) നിന്ന് വേര്‍തിരിച്ചു സംരക്ഷിക്കുക എന്നത് ജനാധിപത്യത്തിന്റെയും അതിലൂടെ ഭരണകൂടത്തിന്റെയും പോലീസിന്റെയും താല്‍പര്യമാണ്. ഇപ്പോള്‍ നടക്കുന്ന സമരത്തെക്കുറിച്ചുള്ള വ്യവഹാരം തന്നെ നിലനില്‍ക്കുന്നത് ഈ പ്രക്രിയയിലാണ്. ഇതിലൂടെ സാധ്യമാവുന്നത് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം പോലീസിന്റെ ഘടനാപരമായ പ്രശ്‌നങ്ങളെന്നതിനേക്കാള്‍ ചില വ്യക്തികളുടെ പ്രശ്‌നമായിട്ടും പരിഹാര്യമായ ഒന്നായും കാണാന്‍ സാധിക്കും എന്നതാണ്. ഇത് പോലീസ് എന്ന സ്ഥാപനത്തിന്റെ അടിമത്ത ചരിത്രവുമായുള്ള രൂപീകരണ ബന്ധത്തെ മറച്ചുവെക്കാനും സഹായിച്ചേക്കാം.
എന്നാല്‍ കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നം അപരിഹാര്യമാണ് (Irreconcilable). എന്തുകൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നത്തെ അമേരിക്കന്‍ ജനാധിപത്യ വികാസത്തിലൂടെ പരിഹരിക്കാവുന്ന ഒന്നാണെന്ന് കരുതുമ്പോള്‍, മാല്‍കം എക്‌സ് അത് ആഗോള മനുഷ്യവകാശ വ്യവഹാരത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യം തലാല്‍ അസദ് ഒരു ഘട്ടത്തില്‍ ഉയര്‍ത്തുന്നുണ്ട് (2000). അസദ് പറയുന്നത്, മാല്‍കം എക്‌സ് ജനാധിപത്യത്തിന്റെയോ ദേശീയ നിയമത്തിന്റെയോ പരിധിക്കപ്പുറം ആഗോള മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഭാഗമായി കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നത്തെ കാണുന്നതിലൂടെ ഒരു തരം സാര്‍വലൗകികതയെയാണ് അദ്ദേഹം പുല്‍കാന്‍ ശ്രമിക്കുന്നത് എന്നാണ്. എന്നാല്‍ അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിനകത്ത് പരിഹാരം സാധ്യമല്ലാത്ത പ്രശ്‌നം എങ്ങനെയാണ് അമേരിക്കന്‍ താല്‍പര്യങ്ങളാല്‍ തന്നെ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര വേദികളില്‍ പരിഹരിക്കാന്‍ കഴിയുക എന്ന ആലോചന പ്രധാനമാണ്. യഥാര്‍ഥത്തില്‍ മാല്‍കം എക്‌സ് അന്താരാഷ്ട്ര വേദികളെ വിശ്വസിക്കുന്നതു കൊണ്ടല്ല ഈ ആവശ്യം ഉയര്‍ത്തിയത്, മറിച്ച് അതൊരു തന്ത്രപരമായ നിലപാടായിരുന്നു (Strategic Position). ഒരുപക്ഷേ, കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള/സാര്‍വലൗകികവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിലപാട് എന്ന് പറയാം.
അഥവാ, മാല്‍കം എക്‌സും കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നത്തിന്റെ അപരിഹാര്യതയില്‍ വിശ്വസിച്ചിരുന്നു എന്ന് നിഗമിക്കാം. ഈ നിഗമനമാണ് സാധുവെന്ന് ആന്റണി പോള്‍ സ്മിത്തിനെപ്പോലുള്ള ഗവേഷകര്‍ കരുതുന്നു. ലോകം വിശ്വാസിക്ക് ഒരു ജയിലു പോലെയാണ് എന്ന പ്രവാചക വചനമാണ് സ്മിത്ത് ഈ അപരിഹാര്യതയുടെ ഇസ്‌ലാമിക പ്രാപഞ്ചികതക്ക് തെളിവായി കാണുന്നത്. അതുകൊണ്ടു തന്നെ മാല്‍കം എക്‌സ്, സ്മിത്തിനെ സംബന്ധിച്ചേടത്തോളം, ഈ ലോകത്തിന്റെ പരിഹാര്യതയെ അവലംബിച്ചിരുന്നില്ല. ഇതു തന്നെയാണ് ആഫ്രോ പെസിമിസം. എന്നാല്‍ ആഫ്രോ പെസിമിസം മറ്റൊരു ലോകത്തില്‍ വിശ്വസിക്കുന്നില്ല, ഇനി വരാന്‍ പോകുന്ന ലോകം എന്നൊന്നില്ല. മറിച്ച്, ലോക നശീകരണം മാത്രമേ ഉള്ളൂ. ബ്ലാക്ക്‌നെസ്സ് ഈ ലോകത്ത് ആവിഷ്‌കരിക്കാനുള്ള എല്ലാ ശ്രമങ്ങളും അടിസ്ഥാനപരമായി നശീകരണോന്മുഖമാണ്. ആ നശീകരണോന്മുഖതയെ ത്വരിപ്പിക്കുക എന്നതാണ് റാഡിക്കല്‍ രാഷ്ട്രീയം എന്നു പറയുന്നത്.
കറുത്ത വര്‍ഗക്കാരുടെ പ്രശ്‌നം എന്നത് വംശീയം എന്നതിനും അപ്പുറമാണ് എന്ന് ആഫ്രോ പെസിമിസ്റ്റുകള്‍ കരുതുന്നു. വംശീയത അല്ല കറുത്ത വര്‍ഗക്കാരുടെ പ്രശ്‌നത്തെ സൃഷ്ടിച്ചത്, മറിച്ച് അടിമത്ത വ്യവസ്ഥ എന്ന സാമൂഹികവും സാമ്പത്തികവും ദൈവശാസ്ത്രപരവുമായ ഒരു സംവിധാനമാണ് വംശീയതയെ നിര്‍മിച്ചതു തന്നെ. ആധുനിക ലോകക്രമത്തിന്റെ രൂപീകരണം ഈ അടിമത്ത വ്യവസ്ഥയിലൂടെ ആണ് സാധ്യമായത്. അമേരിക്ക നിലനില്‍ക്കുന്നതു തന്നെ കറുത്ത വര്‍ഗക്കാരന്റെ മാംസോപഭോഗത്തിലൂടെ ആണ് എന്ന് സൈദിയാ ഹാര്‍ട്മാനെ പോലെയുള്ള ആഫ്രോ പെസിമിസ്റ്റുകള്‍ കരുതുന്നു. ആ ഉപഭോഗവ്യവസ്ഥയുടെ അന്ത്യം എന്നത് ലോകക്രമത്തിന്റെ തന്നെ അന്ത്യമാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (B.L.M) എന്ന പ്രസ്ഥാനം കറുത്ത വര്‍ഗ പ്രശ്‌നത്തിന്റെ അപരിഹാര്യതയില്‍ വിശ്വസിക്കുന്നില്ല. മറിച്ച്, വെളുത്ത വര്‍ഗക്കാരുടെയോ മറ്റേതൊരു മനുഷ്യവിഭാഗത്തിന്റെയോ ജീവിതം പോലെ തങ്ങളുടെ ജീവിതത്തെയും പൊതുമണ്ഡലത്തില്‍ അംഗീകരിക്കണം എന്ന അവകാശവാദമാണ് മുന്നോട്ട് വെക്കുന്നത്. മറ്റു ഭാഷയില്‍ പറഞ്ഞാല്‍, ഇതൊരു അംഗീകാര രാഷ്ട്രീയമാണ് (Recognition Politics).
എന്നാല്‍ അടിമത്തം എന്നത് കറുത്ത വര്‍ഗക്കാരുടെ ജീവിതത്തിന്റെ ഭവശാസ്ത്രപരമായ (Ontological) അവസ്ഥയാണ് (Condition) എന്ന് ആഫ്രോ പെസിമിസ്റ്റുകള്‍ വിചാരിക്കുന്നു. ഈ ഭവശാസ്ത്രപരമായ അവസ്ഥയാണ് ഒരാളുടെ ബ്ലാക്ക്‌നെസ്സിന് അര്‍ഥം നല്‍കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഒരാള്‍ കറുത്ത വര്‍ഗക്കാരനായി മാറുന്നത് ഈ ഭവശാസ്ത്രസാഹചര്യത്തിലൂടെ മാത്രമാണ്. അതുകൊണ്ടു തന്നെ അംഗീകാര രാഷ്ട്രീയത്തിന് ഈ ഭവശാസ്ത്രസാഹചര്യത്തെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തല്‍ഫലമായി കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നത്തെ അംഗീകാര രാഷ്ട്രീയത്തിലൂടെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നുമാണ് കാല്‍വിന്‍ വാറന്‍ വാദിക്കുന്നത്. കാല്‍വിന്‍ വാറന്റെ പുസ്തകമായ Ontological Terror (2018) ആരംഭിക്കുന്നതു തന്നെ ബി.എല്‍.എമ്മിനോടുള്ള ഈ വിമര്‍ശനം മുന്നോട്ടു വെച്ചുകൊണ്ടാണ്. ബി.എല്‍.എം, മാല്‍കം എക്‌സ് ആഗ്രഹിച്ചതു പോലെ, കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നത്തെ ആഗോളവല്‍ക്കരിക്കാന്‍ സഹായിച്ചെങ്കിലും അത് വംശം എന്ന സംവര്‍ഗത്തില്‍ കിടന്നു കറങ്ങുന്നു എന്ന പരിമിതി നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ കറുത്ത വര്‍ഗക്കാരന്റെ പ്രശ്‌നം പരിഹരിക്കാവുന്ന സംവിധാനങ്ങള്‍ (Paradigms) ഇനിയും ലഭ്യമല്ലെന്നുള്ള ആഫ്രോ പെസിമിസ്റ്റ് ഉപസംഹാരത്തിലേക്കാണ് വാറന്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്ററി'നോടുള്ള തന്റെ വിമര്‍ശനത്തെ നയിക്കുന്നത്. ഈ പ്രശ്‌നം ലോകത്ത് നിലനിന്നുപോരുമെന്നതിലല്ല ആഫ്രോ പെസിമിസ്റ്റുകള്‍ ഊന്നുന്നത്. മറിച്ച്, ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നശീകരണ ഉള്ളടക്കം മാത്രം ഉള്ളതാണെന്നും ഉള്‍ക്കിടലപരമാണെന്നും ആണ്. മിനിയാപ്പോളിസിലെ സമരത്തിലെ ആഫ്രോ പെസിമിസ്റ്റ് താല്‍പര്യം എന്നത് തുടക്കത്തില്‍ നടന്നതും എന്നാല്‍ പിന്നീട് സമരക്കാരടക്കം പലരും തള്ളിപ്പറഞ്ഞതുമായ കലാപപരതയിലാണ്, അതില്‍ മാത്രമാണ്.
Works Cited
* Clover, Joshua. Riot. Strike. Riot: The New Era of Uprisings. Verso Books, 2016.
* Hadden, Sally E., and Sally E. Hadden. Slave Patrols: Law and Violence in Virginia and the Carolinas. teNeues, 2001.
* III, Frank B. Incognegro: A Memoir of Exile and Apartheid. Duke UP, 2015.
* ---. Red, White & Black: Cinema and the Structure of U.S. Antagonisms. Duke UP, 2010.
* Smith and Kuhlin. 'The World is a Prison to Believers: Naming and Worlds in Malcolm X'. 2020
* "The Poor Person's Defense of Riots." CounterPunch.org, 29 Dec. 2014, www.counterpunch.org/2014/12/26/the-poor-persons-defense-of-riots/.
* Warren, Calvin L. Ontological Terror: Blackness, Nihilism, and Emancipation. Duke UP, 2018.
* "What Do Human Rights Do? An Anthropological Enquiry." Project MUSE, muse.jhu.edu/article/32601.
* Wilderson, Frank. Afropessimism. Liveright Publishing, 2020.
Comments