സയ്യിദ് മുനവ്വര്‍ ഹസന്‍ അസത്യത്തോട് കലഹിച്ച നേതാവ്
പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ സയ്യിദ് മുനവ്വര്‍ ഹസന്‍ കഴിഞ്ഞ ജൂണ്‍ 26-ന് അല്ലാഹുവിലേക്ക് യാത്രയായി. 79 വയസ്സായിരുന്നു. ഖാദി ഹുസൈനു ശേഷം പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാലാമത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആവേശവുമായിരുന്നു. സത്യമെന്ന് ഉറച്ച ബോധ്യമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് തയാറാകാത്ത 'കാര്‍ക്കശ്യക്കാരന്‍' കൂടിയായിരുന്നു അദ്ദേഹം. സത്യം ആരുടെയും മുമ്പില്‍ തുറന്നുപറയാന്‍ യാതൊരു ഭയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പ്രക്ഷുബ്ധമായ വിദ്യാര്‍ഥി ജീവിതം
1941 ആഗസ്റ്റില്‍ ദല്‍ഹിയിലെ കരോള്‍ബാഗിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിഭജനാനന്തരം, അദ്ദേഹത്തിന്റെ ആറാം വയസ്സില്‍ കുടുംബം പാകിസ്താനിലെ ലാഹോറിലേക്ക് താമസം മാറ്റി. പിന്നീട് കറാച്ചിയിലായിരുന്നു സ്ഥിരതാമസം. ബി.എസ്.സി ബിരുദധാരിയാണ്. 1963-ല്‍ സോഷ്യോളജിയിലും 1966-ല്‍ ഇസ്ലാമിക വിഷയങ്ങളിലും കറാച്ചി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. പാകിസ്താനിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ നാഷ്‌നല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. കാള്‍ മാര്‍ക്‌സ്, ട്രോട്‌സ്‌കി, ലെനിന്‍ തുടങ്ങി കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിന്തകള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. എന്‍.എസ്.എഫില്‍ സജീവമായ അദ്ദേഹം 1959-ല്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കറാച്ചി യൂനിവേഴ്‌സിറ്റി മാഗസിന്‍ എഡിറ്ററായിരുന്ന അദ്ദേഹം നല്ല ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായിരുന്നു.
ചെറുപ്പം മുതലേ കര്‍മോത്സുകനായ അദ്ദേഹത്തിന് രാഷ്ട്രീയം ഏറെ പ്രിയപ്പെട്ട പ്രവര്‍ത്തനമേഖലയായത് സ്വാഭാവികം. കാമ്പസുകളില്‍ ഏറെ സജീവമായിരുന്ന എന്‍.എസ്.എഫ് തെരഞ്ഞെടുക്കാന്‍ അധികമൊന്നും അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നില്ല. ജനങ്ങളെ പിടിച്ചിരുത്തുന്ന പ്രഭാഷണ ശൈലിയുടെ ഉടമ കൂടിയായിരുന്നു സയ്യിദ് മുനവ്വര്‍. വളരെ പെട്ടെന്നാണ് അദ്ദേഹം എന്‍.എസ്.എഫിന്റെ നേതൃനിരയിലേക്കുയര്‍ന്നത്. മുനവ്വര്‍ ഹസന്‍ പ്രസിഡന്റായിരിക്കെയാണ് വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടന്ന പ്രക്ഷോഭത്തിനു നേരെ പോലീസ് വെടിവെപ്പുണ്ടായതും 26 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതും.
കാമ്പസില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് മുനവ്വര്‍ ഹസന്‍, സയ്യിദ് മൗദൂദിയുടെ കൃതികളില്‍ ആകൃഷ്ടനാകുന്നത്. കറാച്ചി യൂനിവേഴ്‌സിറ്റിയില്‍ സയ്യിദ് മൗദൂദിയുടെ ചിന്തകള്‍ പ്രസരിപ്പിക്കുന്നതിന് തന്റെ ജീവിതം സമര്‍പ്പിക്കാന്‍ പിന്നെ അദ്ദേഹത്തിന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. എന്‍.എസ്.എഫുമായുള്ള ബന്ധം വിഛേദിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ ഇസ്ലാമീ ജംഇയ്യതുത്വലബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1960-ല്‍ അംഗത്വമെടുത്ത അദ്ദേഹം അധികം വൈകാതെ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റായും കേന്ദ്രസമിതി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ അയ്യൂബ് ഖാനെതിരെ രാജ്യത്തെ ജനാധിപത്യശക്തികളെല്ലാം ഒന്നിച്ച് പ്രക്ഷോഭങ്ങള്‍ നയിക്കുന്ന കാലമായിരുന്നു അത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായ മുനവ്വര്‍ ഹസന്‍, അയ്യൂബ് ഖാന്റെ സ്വേഛാധിപത്യ നടപടികള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപിക്കാന്‍ വേണ്ടി രാജ്യം മുഴുവന്‍ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ച് കൊിരുന്നപ്പോള്‍ ഭരണകൂടം അദ്ദേഹത്തിനു മേല്‍ പല വിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും രാഷ്ട്രീയ വേദികളില്‍ പ്രസംഗിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു.
ജമാഅത്ത് നേതൃത്വത്തിലേക്ക്
വിവിധ കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ വ്യത്യസ്ത ചുമതലകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനും കറാച്ചി യൂനിവേഴ്‌സിറ്റി യൂനിറ്റ് പ്രസിഡന്റുമായിരിക്കെ ജമാഅത്തെ ഇസ്ലാമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് അക്കാദമിയുടെ റിസര്‍ച്ച് അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. പിന്നീട് അതിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. അദ്ദേഹം അക്കാദമിയുടെ ചുമതല വഹിക്കുന്ന കാലത്ത് എഴുപതിലധികം ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഠവല ഇൃശലേൃശീി, ഠവല ഡിശ്‌ലൃമെഹ ങലമൈഴല എന്നീ മാഗസിനുകളുടെ ചീഫ് എഡിറ്റര്‍ ചുമതലയും വഹിച്ചിരുന്നു. 1967-ലാണ് ജമാഅത്തെ ഇസ്ലാമി അംഗത്വമെടുത്തത്. അതേ വര്‍ഷം തന്നെ ജമാഅത്തെ ഇസ്ലാമി കറാച്ചി അസിസ്റ്റന്റ് സെക്രട്ടറി ജനറലായി. പിന്നീട് അസിസ്റ്റന്റ് അമീറും അമീറുമായും തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറാ, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ എന്നീ ഉന്നത ബോഡികളില്‍ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1977-ല്‍ നടന്ന പാകിസ്താന്‍ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം കറാച്ചിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 80 ശതമാനം വോട്ടും ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. 1992-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം 1993-ല്‍ സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. 2009-ലാണ് അദ്ദേഹം ജമാഅത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടത്.
ലളിത ജീവിതം
ധാരാളം വായിക്കുമായിരുന്ന മുനവ്വര്‍ ഹസന്‍ ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു. സാമ്പത്തികമായി സുസ്ഥിതിയുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. തന്റെ ജീവിതത്തിന്റെ അധിക കാലവും അദ്ദേഹം കഴിച്ചുകൂട്ടിയത് രണ്ട് മുറികള്‍ മാത്രമുള്ള വാടക വീട്ടിലായിരുന്നു. ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസിക്കാന്‍ ലാഹോറിലെ മന്‍സൂറയിലെ ജമാഅത്ത് ആസ്ഥാനത്ത് പ്രത്യേക ഫഌറ്റ് ഉണ്ടെങ്കിലും ഓഫീസിന്റെ ചാരത്തുള്ള അതിഥി മന്ദിരത്തിലെ ഒറ്റമുറിയിലാണ് അദ്ദേഹം താമസിച്ചത്.
കുറഞ്ഞ ചെലവില്‍ ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ അദ്ദേഹം ശീലിച്ചിരുന്നു. ഒരു സാധാരണ പൗരന്റെ ഏറ്റവും കുറഞ്ഞ ചെലവിന് വേണ്ട തുക കണക്കാക്കി അതാണ് അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളമായി നിശ്ചയിച്ചത്. ജീവിതച്ചെലവുകള്‍ അതിനപ്പുറം പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. അദ്ദേഹത്തിന്റെ ലളിതവും പുറമെനിന്ന് നോക്കുന്നവര്‍ക്ക് പ്രയാസകരമെന്നും തോന്നുന്ന ജീവിതം കണ്ട് ഗുണകാംക്ഷികളായ ചില ബിസിനസുകാര്‍ അദ്ദേഹത്തിന് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹമത് നിരസിച്ചു.
വേറിട്ട നിലപാടുകള്‍
പാകിസ്താനിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം. 2002-ല്‍ ജമാഅത്ത് സെക്രട്ടറി ജനറല്‍ ആയിരിക്കെ അമേരിക്കയെ കൊലയാളിയും കശാപ്പുകാരനുമായി വിശേഷിപ്പിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും അദ്ദേഹം അമേരിക്കക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. പാകിസ്താനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ അമേരിക്കയിലെ ബ്ലാക്ക്‌വാട്ടര്‍ എന്ന കൂലിപ്പടയാണെന്നും പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. 2009-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഗോ അമേരിക്ക ഗോ' പ്രസ്ഥാനം രാജ്യമൊട്ടാകെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
2013-ലെ പൊതുതെരഞ്ഞെടുപ്പ് പാക് ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയേല്‍ക്കേണ്ടി വന്നു. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അമീര്‍ സ്ഥാനത്തുനിന്ന് രാജിസന്നദ്ധത അറിയിച്ചെങ്കിലും ശൂറാ കൗണ്‍സില്‍ രാജി നിരസിക്കുകയായിരുന്നു.
പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ ജനകീയനായ നേതാവായിരുന്നു അദ്ദേഹം. നാസിമാബാദ് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന ജനാസ നമസ്‌കാരത്തിന് പാക് ജമാഅത്ത് അമീര്‍ സിറാജുല്‍ഹഖ് നേതൃത്വം നല്‍കി. നാസിമാബാദിലെ സഖിഹസന്‍ ഖബ്ര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബ്‌റടക്കിയത്.
Comments