Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

വി. ഹസ്സന്‍ ഹാജി

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

വ്യക്തിപരമായ സ്വഭാവഗുണങ്ങള്‍ കൊണ്ടും അനുകരണീയമായ ജീവിതശീലങ്ങള്‍ കൊണ്ടും ഒരു നാടിന്റെ മുഴുവന്‍ ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു കുന്നക്കാവ് സ്വദേശി, വലിയതൊടി ഹസ്സന്‍ ഹാജി(92). നിരന്തരമായ അധ്വാനത്തിലൂടെ ജീവിത മാര്‍ഗം കണ്ടെത്താന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ഇറങ്ങിത്തിരിക്കേണ്ടി വന്ന ഹസ്സന്‍ ഹാജി കുടുംബ കാരണവന്മാരോടൊപ്പം കൃഷിപ്പണിയിലും കൂലിപ്പണികളിലും വ്യാപൃതനായി. കാര്‍ഷികോല്‍പന്നങ്ങള്‍ ദൂരപ്രദേശങ്ങളിലേക്ക് കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു. കച്ചവടത്തില്‍നിന്ന് കിട്ടുന്ന വരുമാനം സ്വന്തം കുടുംബം പോറ്റാന്‍ മാത്രമല്ല, പാവപ്പെട്ടവരെ സഹായിക്കാന്‍ കൂടി പ്രയോജനപ്പെടുത്തി.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഹസ്സന്‍ ഹാജി, മാടാല അബ്ദുഹാജി, നടുവക്കാട്ടില്‍ ഉണ്ണീന്‍, വലിയതൊടി സെയ്താലി എന്നീ നാലു പേര്‍ ചേര്‍ന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം കുന്നക്കാവിലും പരിസരങ്ങളിലും എത്തിച്ചത്. ഇവരുടെ പ്രവര്‍ത്തന രീതികളും പ്രബോധന ശൈലിയും കുന്നക്കാവിലും പരിസരപ്രദേശങ്ങളിലും പ്രസ്ഥാനത്തിന്റെ വ്യാപനത്തിന് വഴിയൊരുക്കി. പള്ളിയും മദ്‌റസയും ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.
ഹിമായത്തുല്‍ ഇസ്‌ലാം മഹല്ല് പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. വ്യക്തിജീവിതത്തിലെ ലാളിത്യവും വിനയവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ദാനശീലം, പരസഹായം, സൗമ്യ മനഃസ്ഥിതി, നിഷ്‌കളങ്കത എന്നീ ഗുണവിശേഷങ്ങള്‍ അദ്ദേഹത്തെ എല്ലാവരുടെയും ഇഷ്ടഭാജനമാക്കി മാറ്റി. മഹല്ല് നിവാസികള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ നല്ലൊരു മാധ്യസ്ഥനായി അദ്ദേഹം നിലകൊണ്ടു. നിരവധി ദീനീ സ്ഥാപനങ്ങളെ സഹായിച്ചു. യുവജനങ്ങളെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലേക്കും മഹല്ലിലെ ഇതര സേവനസംരംഭങ്ങളിലേക്കും കൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇതര സമുദായാംഗങ്ങളുമായി അടുത്ത സ്‌നേഹബന്ധം നിലനിര്‍ത്തി. ഇന്ന് കുന്നക്കാവില്‍ കാണുന്ന ഇസ്‌ലാമിക പ്രസ്ഥാന സംരംഭങ്ങളിലെല്ലാം അനിഷേധ്യമായ പങ്കാളിത്തം ഹസ്സന്‍ ഹാജിക്കുണ്ടായിരുന്നു.
ഭാര്യ: ഫാത്വിമ ബീവി. മക്കള്‍: സാറ, ആഇശ, ഉസ്മാന്‍, മുഹമ്മദലി, ഉമര്‍, അബ്ദുര്‍റഹ്മാന്‍, ഉമ്മുസല്‍മ, ഇഖ്ബാല്‍, ആബിദ, നജ്മുദ്ദീന്‍.

 

 

സി. അബ്ദുല്ല ഹാജി, മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്ടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഥമ തലമുറയിലെ അവസാന കണ്ണിയാണ് ജൂണ്‍ 6-ന് അന്തരിച്ച സി. അബ്ദുല്ല ഹാജി. ചെമ്പലങ്ങാട്ടില്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്ന മതപണ്ഡിതന്റെയും കയ്പ്പങ്ങാണി ചേക്കുമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക പഠനം പളളി ദര്‍സിലായിരുന്നു. വായനയെ അദ്ദേഹം ഏറെ പ്രണയിച്ചു. വിജ്ഞാനം സ്വായത്തമാക്കാനുളള അടങ്ങാത്ത ആ അഭിനിവേശം തന്നെയാണ് പുതുതലമുറക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയ വലിയ മാതൃക. ശാരീരിക അവശതകള്‍ക്കിടയിലും പ്രഭാഷണ പരിപാടികളിലും സ്റ്റഡി ക്ലാസ്സുകളിലുമൊക്കെ കഴിവതും എത്തിച്ചേരുമായിരുന്നു.
മണ്ണാര്‍ക്കാട്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയൊരുക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. വസ്ത്രവ്യാപാരിയായിരിക്കെ തന്നെ വിവിധ സാമൂഹിക സംരംഭങ്ങളുടെ നേതൃത്വവും അദ്ദേഹത്തിനായിരുന്നു. മണ്ണാര്‍ക്കാട്ടെ വിദ്യാഭ്യാസ സേവന രംഗത്ത് 30 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഇര്‍ശാദ് സ്ഥാപനങ്ങളുടെ നിര്‍മാണത്തിലും നടത്തിപ്പിലും മര്‍ഹും അബുല്‍ ജലാല്‍ മൗലവി, സി. മുഹമ്മദ് ഹാജി, കെ.വി. മുഹമ്മദ് സാഹിബ്, ടി.കെ മുഹമ്മദ് സാഹിബ്, പി.സി ഹംസ സാഹിബ് തുടങ്ങിയവരോടൊപ്പം സജീവമായി അദ്ദേഹവും ഉണ്ടായിരുന്നു. ജംഇയ്യത്തുല്‍ ഇര്‍ശാദ് ട്രസ്റ്റംഗം, ഇര്‍ശാദ് എജുക്കേഷ്‌നല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, ബൈത്തുസ്സകാത്ത് സ്ഥാപകാംഗം, വലിയ ജുമുഅത്ത് പളളി പുനര്‍നിര്‍മാണ കമ്മിറ്റി മെമ്പര്‍ തുടങ്ങിയ ചുമതലകളോടൊപ്പം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ഫോം പൂരിപ്പിക്കുന്നതുള്‍പ്പെടെയുളള സേവനങ്ങളും അദ്ദേഹം നല്‍കിപ്പോന്നു.
പി.സി ഹംസ എന്ന നേതാവിനെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്‍കുന്നതില്‍ പി.സിയുടെ അമ്മാവനായ അദ്ദേഹവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: ആഇശ. മക്കള്‍: സി. അഹ്മദ് സഈദ്, മുഹമ്മദ് സ്വാലിഹ്, ഖലീല്‍ സിദ്ദീഖ്, ഹാറൂണ്‍ ഫാറൂഖ്, ഫാത്തിമക്കുട്ടി, സൈനബ.

കളത്തില്‍ ഫാറൂഖ്

 

ഫാത്തിമ ഹജ്ജുമ്മ കിഴക്കതില്‍

വടക്കാങ്ങരയില്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പരേതനായ കിഴക്കതില്‍ മുഹമ്മദ് കുട്ടി കാക്കയുടെ സഹധര്‍മിണിയായിരുന്നു ഫാത്വിമ ഹജ്ജുമ്മ (78). ഒട്ടേറെ മാതൃകകള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് അവര്‍ പിരിഞ്ഞത്. വിനയവും ലാളിത്യവും അവരുടെ മുഖമുദ്രയായിരുന്നു. തികച്ചും യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അവര്‍ ജീവിതാന്ത്യംവരെ യാഥാസ്ഥിതികത്വ നിലപാടുകളോട് കലഹിച്ചു. മക്കളെയും മരുമക്കളെയും ദീനീ-പ്രാസ്ഥാനിക സംസ്‌കാരത്തില്‍ വളര്‍ത്താനും വീട്ടില്‍ ഇസ്‌ലാമിക അന്തരീക്ഷം നിലനിര്‍ത്താനും ശ്രമിച്ചു. മഹല്ല് ആസ്ഥാനത്ത് നടക്കുന്ന സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും പരിപാടികളിലും ഖുര്‍ആന്‍ പഠന ക്ലാസുകളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. അഞ്ച് ആണ്‍മക്കളുടെയും മൂന്ന് പെണ്‍മക്കളുടെയും മാതാവായ ഫാത്തിമാത്ത കഠിനാധ്വാനിയായിരുന്നു. പ്രാരബ്ധങ്ങള്‍ക്കിടയിലും എട്ട് മക്കളെയും നല്ല ശിക്ഷണം നല്‍കി വളര്‍ത്തി. ദാരിദ്ര്യവും കഷ്ടപ്പാടുമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ പ്രത്യേകം താല്‍പര്യമെടുത്തു.
ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കുട്ടി കിഴക്കേതില്‍. മക്കള്‍: അബ്ദുര്‍റഹീം (ലോക്ക് ലിങ്ക് കൊണ്ടോട്ടി), അബ്ദുസ്സമദ് (ഖത്തര്‍), മുനീര്‍ (ബിസിനസ്), ഇസ്ഹാഖ് (ബിസിനസ്), സിദ്ദീഖ് (അധ്യാപകന്‍), ഉമ്മുസല്‍മ, ആമിന, ആബിദ. 

സയ്യിദ് ഹുസൈന്‍ തങ്ങള്‍ വടക്കാങ്ങര

 

സുഹ്‌റാ ബീവി

പരേതനായ ഇബ്‌റാഹീം കുഞ്ഞിന്റെ ഭാര്യ സുഹ്‌റാ ബീവി, നാലു പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. തിരുവനന്തപുരം അട്ടക്കുളങ്ങരയായിരുന്നു പ്രവര്‍ത്തനകേന്ദ്രം. പ്രദേശത്തെ കരിമഠം കോളനിയില്‍ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. പരിപാടികള്‍ക്ക് കൃത്യമായി എത്തിച്ചേരുമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പഠിക്കുകയും വീട്ടിലും യാത്രയിലും പാഠപുസ്തകം പോലെ കൊണ്ടു നടക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണശേഷം പ്രതികൂല സാഹചര്യത്തില്‍ എട്ടും പത്തും വയസ്സായിരുന്ന മക്കളായ നസീറിനെയും ബഷീറിനെയും ദീനീ ചിട്ടയോടെ വളര്‍ത്തുകയും പ്രാസ്ഥാനിക മാര്‍ഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.

എ.എം തയ്യൂബ്


മലയില്‍ അബ്ദുല്‍ അസീസ്

ഏറെ പ്രയാസപ്പെടുത്തിയ വാര്‍ത്തയായിരുന്നു കോഴിക്കോട് കക്കോടി കിഴക്കുംമുറി  മലയില്‍ അബ്ദുല്‍ അസീസ് സാഹിബിന്റെ അപകടമരണം. പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും വല്ലാതെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം ആ മാര്‍ഗത്തിലുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിനിടയിലായിരുന്നു. ഏറ്റവും അവസാനം നടന്ന  വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എലത്തൂര്‍ മണ്ഡലം കമ്മിറ്റി പൗരത്വ പ്രക്ഷോഭത്തിലെയും രാജ്ഭവന്‍ ഉപരോധത്തിലെയും നേതൃപരമായ പങ്കാളിത്തം പ്രവര്‍ത്തകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
കിഴക്കുംമുറി പ്രാദേശിക ജമാഅത്ത് സെക്രട്ടറിയും എലത്തൂര്‍ മണ്ഡലം പാര്‍ട്ടി സെക്രട്ടറിയും കിഴക്കുംമുറി പള്ളികമ്മിറ്റി ഖജാഞ്ചിയുമായ അദ്ദേഹം ചെറുപ്പത്തിലേ ഇസ്‌ലാമിക പ്രസ്ഥാനത്തെ നേഞ്ചോടു ചേര്‍ത്തു. നാട്ടില്‍ നിന്നും ബഹ്‌റൈന്‍ പ്രവാസ ഭൂമിയിലേക്ക് കുടിയേറിയപ്പോഴും സജീവതയില്‍ ഒട്ടും പിന്നോട്ടു പോയില്ല. ബഹ്‌റൈനില്‍ ഗുദൈബിയ യൂനിറ്റിന്റെ  സാരഥിയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. 25 വര്‍ഷത്തെ പ്രവാസത്തില്‍ പലചരക്കു കട (ശാഹിദ കോള്‍ഡ് സ്റ്റോര്‍) നടത്തിക്കൊ് തന്നെയായിരുന്നു പ്രസ്ഥാന പ്രവര്‍ത്തനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. വെല്‍ഫെയര്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കിഴക്കുംമുറിയില്‍ ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു.  പള്ളിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും മാതൃകാപരമായിരുന്നു. കുടുംബ ബന്ധങ്ങളും പ്രാസ്ഥാനിക ബന്ധങ്ങളും ശക്തമാക്കുന്നതിലും മുറിഞ്ഞുപോയ കണ്ണികളെ വിളക്കിച്ചേര്‍ക്കുന്നതിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. 
പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള അസീസ് സ്വപ്രയത്‌നത്താല്‍ വൈജ്ഞാനിക പിന്‍ബലവും ആര്‍ജിച്ചു. തന്റെ മൂന്ന് മക്കളെയും പ്രാസ്ഥാനിക മാര്‍ഗത്തില്‍ വളര്‍ത്തുന്നതിലും ജാഗ്രത കാണിച്ചു. മക്കളെ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിപ്പിച്ച് പ്രാസ്ഥാനിക വേദികളില്‍ കര്‍മനിരതരാക്കണമെന്നാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നത്.
ഭാര്യ: സുബൈദ. മക്കള്‍: നിസാര്‍, നിയാസ്, സുഹൈല. 

സ്വാലിഹ്‌
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി