Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

ഓര്‍ക്കാതിരിക്കാനാവില്ല, ഈ മനുഷ്യനെ

കെ.എം അശ്‌റഫ് ശാന്തപുരം

അങ്ങനെയിരിക്കുമ്പോള്‍ ഒരു ഫോണ്‍ വിളി വരും. എല്ലാ ആഴ്ചയിലുമുണ്ടാകും ഈ വിളികള്‍. ഒരു തവണയല്ല, പല തവണ. കെ.എം എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന  കരുവാരകുണ്ട് കുഞ്ഞുമുഹമ്മദ് മൗലവി ബാഖവിയുടേതാണ് ഈ വിളിവരവുകള്‍. അസുഖബാധിതനായി പറ്റേ അവശനാകുവോളം തുടര്‍ന്നു ഈ കാതോട് കാതോര വര്‍ത്തമാനങ്ങള്‍ .....  ക്ലാസ്സിലോ മറ്റേതെങ്കിലും കാര്യത്തില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് മിക്കവാറും ഫോണ്‍ ചിലക്കുക.
ക്ലാസ്സെടുക്കുകയല്ലെങ്കില്‍  ഫോണെടുക്കും.  പറ്റിയില്ലെങ്കില്‍ തിരിച്ചു വിളിച്ചിരിക്കും, കാരണം ആ വിളികള്‍ക്ക് ഉത്തരം നല്‍കാതിരിക്കാനാകുമായിരുന്നില്ല. അത്രമേല്‍ ഹൃദയത്തില്‍ ആണ്ടിറങ്ങിയിരുന്നു ആ പണ്ഡിതശ്രേഷ്ഠന്റെ ശബ്ദം.
ഒരു പണ്ഡിതന്റെ വിയോഗം വൈജ്ഞാനിക ലോകത്തിന് വലിയ ആഘാതമേല്‍പിക്കുമായിരിക്കാം. പക്ഷേ, കെ.എമ്മിന്റെ വിയോഗം അറിവിന്റെ നഷ്ടമെന്നതിലുപരി, ഒരു പണ്ഡിതന്‍ ചുറ്റുവട്ടക്കാരോട് എങ്ങനെ പെരുമാറണമെന്നതിന്റെ ശ്രേഷ്ഠമായ ഒരു മാതൃകയുടെ കൂടി തിരോഭാവമാണ്. വിശേഷിച്ചും പാണ്ഡിത്യത്തിന്റെ അളവുകോല്‍ ഹാവഭാവാദികളിലും വാചാടോപങ്ങളിലും ചുരുക്കപ്പെട്ടുപോയ ഈ കാലത്ത്.
സംശയമില്ല, തികഞ്ഞ ഒരു പണ്ഡിതനായിരുന്നു, കെ.എം. പക്ഷേ, നടപ്പുശീലങ്ങളിലെ വാര്‍പ്പു മാതൃകയായിരുന്നില്ല ആ പാണ്ഡിത്യത്തിന്. വിനയവും എളിമയും ശീലമാക്കിയ, വലിപ്പച്ചെറുപ്പമില്ലാതെ പുഞ്ചിരിച്ചു വര്‍ത്തമാനം പറയുന്നൊരാള്‍. അറിവിന്റെ തികവ് സ്വഭാവ വൈശിഷ്ട്യത്തില്‍ പ്രകടമായ ഗുരുവര്യന്‍. ഉറ്റവര്‍ക്കായി കെ.എം കാത്തുവെച്ച ഏറ്റവും പ്രധാന ശേഷിപ്പ് ഈ സ്വഭാവമഹിമ തന്നെയായിരിക്കും. പുണ്യ പ്രവാചകന് (സ) റബ്ബുല്‍ ആലമീന്‍ നല്‍കിയ ഏറ്റവും വലിയ സാക്ഷ്യപത്രം 'അറിവാളന്‍' എന്നതായിരുന്നില്ലല്ലോ! 'നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച' (അല്‍ഖലം 4) എന്നല്ലേ!
കര്‍മശാസ്ത്ര മസ്അലകളായിരുന്നു കെ.എമ്മിന്റെ പ്രധാന മണ്ഡലം. സംസാരങ്ങളിലധികം അതിനെ കുറിച്ചായിരുന്നു. വിശേഷിച്ചും, അനന്തരാവകാശ പ്രശ്‌നങ്ങള്‍. പ്രമാണങ്ങളുടെ പിടിവിടാതെയും പൂര്‍വികരുടെ അഭിപ്രായങ്ങളെ മാനിച്ചും മസ്അലകളുടെ കുരുക്കഴിക്കുമ്പോള്‍ തന്നെ  വാഖിഇ(നടപ്പുകാലത്തെ)നെ കുറിച്ച തികഞ്ഞ ബോധ്യമുണ്ടായിരുന്നു ശാഫിഈ ഫിഖ്ഹിന്റ ചുവടൊപ്പിച്ച് നടന്ന ഈ  ഗുരുവര്യന്. 'ഞങ്ങള്‍ ആണുങ്ങളേക്കാര്‍ റബ്ബ് കൂടുതല്‍ പരിഗണിച്ചത് നിങ്ങള്‍ പെണ്ണുങ്ങളെയാണന്ന യാഥാര്‍ഥ്യം' തെളിവു നിരത്തി ശിഷ്യകളെ ബോധ്യപ്പെടുത്തിയിരുന്നു കെ.എമ്മിലെ നിരീക്ഷകന്‍. സ്ത്രീജനങ്ങളോടാണ് പടച്ചവന് കൂടുതല്‍ വാത്സല്യവും കരുതലുമെന്ന് ഉദാഹരണങ്ങളുടെ അകമ്പടിയില്‍ കെ.എം സരസമായി സ്ഥാപിച്ചിരുന്നു. ഇസ്‌ലാം സ്ത്രീയെ അവഗണിക്കുന്നു, ഫിഖ്ഹ് സ്ത്രീവിരുദ്ധമാണ് എന്നൊക്കെ ചില അഭിനവ മുജ്തഹിദുകളും മതേതര മുസ്‌ലിംകളും മുറവിളി കൂട്ടുമ്പോഴാണ്  സ്ത്രീസൗഹൃദ ശരീഅത്തിനെ കുറിച്ചും സ്ത്രീപക്ഷ ഫിഖ്ഹിനെ കുറിച്ചും കെ.എം  പറഞ്ഞിരുന്നതെന്നത് ചിന്തനീയം.
രോഗബാധയുടെ തുടക്കത്തില്‍ എന്തെങ്കിലും എഴുതിവെക്കണമെന്നും അവ പുസ്തകമാക്കണമെന്നും  പറഞ്ഞപ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്തത് ഇഷ്ടവിഷയമായ അനന്തരാവകാശം. ഈ രചന കെ.എമ്മില്‍നിന്ന് പുതുതലമുറക്കുള്ള സാരവത്തായ മറ്റൊരു പാഠമാണ്. യൗവനത്തില്‍ വാര്‍ധക്യം പേറുകയും  ഒരു രോഗം വരുമ്പോഴേക്ക്  എല്ലാം കഴിഞ്ഞുവെന്ന മട്ടില്‍ ജഢത്വം ബാധിക്കുകയും ചെയ്യുന്നവര്‍, പള്ളിദര്‍സുകളില്‍നിന്ന് പഠിച്ചെടുത്ത അറിവുകളില്‍നിന്ന് അനന്തരാവകാശത്തെ കുറിച്ച് അറബിയില്‍ രചന നിര്‍വഹിച്ച കെ.എമ്മിനെ പാഠമാക്കേണ്ടതല്ലേ! (ഈ രചന പുസ്തകമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം).
കെ.എമ്മിന്റെ പ്രസ്ഥാന പ്രതിബദ്ധതയും എടുത്തു പറയേണ്ടതുതന്നെ. കര്‍മശാസ്ത്രം കഴിഞ്ഞാല്‍ പ്രസ്ഥാന അനുഭവങ്ങളാണ് കെ.എമ്മിന്റെ സംസാരങ്ങളില്‍ പിന്നെ ധാരാളമായി കടന്നുവരിക.  മര്‍ഹൂം പി.കെ റഹീം സാഹിബും (തൃശൂര്‍) കരുവന്നൂരും പരിസര പ്രദേശങ്ങളുമാണ് മുഖ്യ കഥാപാത്രങ്ങള്‍. താന്‍ പഠിച്ചറിഞ്ഞ ദീനീ അടിത്തറകളോട് എതിരുനിന്ന പൗരോഹിത്യത്തോടും പ്രമാണവിരുദ്ധമായ അനാചാരങ്ങളോടും കെ.എം കലഹിച്ചു. കെ.എമ്മിന്റേതായ ശൈലിയില്‍, സൗമ്യമായും യുക്തിദീക്ഷയോടും കൂടി. പരിവര്‍ത്തന പാതയില്‍, സംഘടനാഭേദമന്യേ മഹല്ല് നിവാസികള്‍ കെ.എമ്മിന്റെ ഒപ്പം നിന്നുവെന്നതാണ് ഈ സൗമ്യകലഹത്തിന്റെ അനന്തര ഫലം. വിടര്‍ന്ന കണ്ണുകളോടെ, വലിയ ആവേശത്തോടെയാണ് പ്രസ്ഥാനമാര്‍ഗത്തിലെ ജീവിതയാത്രകള്‍ കെ.എം പറയുക. ജീവിതത്തിലെ ഏറ്റവും പക്വമായ ദശയില്‍ യാഥാസ്ഥിതികതയുടെ കെട്ടു പൊട്ടിച്ചെറിഞ്ഞതിന്റെ ആവേശമാണ് ആ കണ്ണുകളില്‍. ജമാഅത്ത് അംഗമായ വിവരം പറഞ്ഞത് അനല്‍പമായ അഭിമാനത്തോടും അതിലുപരി ആഹ്ലാദത്തോടും. ഹൈദറാബാദിലെ റുക്‌നുകളുടെ സമ്മേളനനഗരിയില്‍ പരിപാടികള്‍ നടക്കുമ്പോള്‍ ആരാധനാതുല്യമായ നിഷ്ഠയിലായിരുന്നു കെ.എം പങ്കെടുത്തത്.
ഒരു കാര്യം നേടിയെടുക്കാനുള്ള ഇഛാ ശക്തി കെ.എമ്മിന്റെ സവിശേഷതയാണ്. അറബിയിലൊരു പുസ്തകം രചിച്ചുവെന്നതു മാത്രമല്ല, നാട്ടുനടപ്പില്‍ പറഞ്ഞാല്‍ വയസ്സാം കാലത്ത് (മനസ്സിലും കര്‍മങ്ങളിലും നിത്യയൗവനം കാത്തുസൂക്ഷിച്ചിരുന്നതിനാല്‍ കെ.എമ്മിനെ കുറിച്ച് ഇങ്ങനെ പറയുന്നതില്‍ അസാംഗത്യമുണ്ട്) കാറോടിക്കാനുള്ള ലൈസന്‍സെടുത്തു കെ.എം.
കാറോടിച്ച് ജാമിഅയില്‍ വന്ന് സഹപ്രവര്‍ത്തകരായ ഞങ്ങളില്‍ പലരുടെയും പ്രായത്തെയും അലസതയെയും വെല്ലുവിളിച്ചു! ലൈസന്‍സുമായി ബന്ധപ്പെട്ട് കെ.എം പറഞ്ഞ ഒരു സംഭവമുണ്ട്.  ലൈസന്‍സ് ടെസ്റ്റില്‍ കെ.എം പലര്‍ക്കും പ്രയാസമുള്ള,  ഈയുള്ളവന്‍ കഷ്ടിച്ച് രക്ഷപ്പെട്ട 'ഒ' വളരെ കൂളായി  എടുത്തു. പക്ഷേ റോഡ് ടെസ്റ്റില്‍ ചെറിയ ഒരു പാളിച്ച പറ്റി. തെറ്റ് ഗുരുതരമല്ലാത്തതിനാലും പ്രായം പരിഗണിച്ചും ഉദ്യോഗസ്ഥന്‍ കണ്ണടച്ചു പാസ്സാക്കാന്‍ ശ്രമിച്ചു. പക്ഷേ, കെ.എം സമ്മതിച്ചില്ല. ശരിക്കും യോഗ്യത നേടിയിട്ടേ വണ്ടിയോടിക്കുകയുള്ളൂവെന്ന് കെ.എം. അടുത്ത തവണ റോഡ് ടെസ്റ്റ് മാത്രം മതി എന്നു പറഞ്ഞിട്ടും 'എച്ചും' കൂടി പൂര്‍ത്തിയാക്കിയാണ് ലൈസന്‍സ് സ്വന്തമാക്കിയത്.
വാട്ട്‌സാപ്പ് പലരുടെയും ജീവിതത്തിന്റെ ഭാഗമായപ്പോള്‍ മൗലവി ആ 'വിദ്യ'യും പഠിച്ചെടുത്തു. അതാണ് കുഞ്ഞുമുഹമ്മദ് മൗലവി. കരുവാരകുണ്ടും  സമീപ പ്രദേശങ്ങളുമായിരുന്നു തൃശൂരില്‍നിന്ന് വിട്ടശേഷം മൗലവിയുടെ പ്രധാന തട്ടകം. അല്‍ജാമിഅയിലെ അധ്യയനം കഴിഞ്ഞാല്‍ നേരെ മൗലവി പോയിരുന്നത് ജന്മനാട്ടിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലേക്കായിരുന്നു. തന്റെ മുന്‍കൈയില്‍ വീടിനടുത്തുള്ള പുല്‍വട്ടയില്‍ ഒരു പള്ളിയും അദ്ദേഹം സ്ഥാപിച്ചു. വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും ക്ലാസ്സെടുക്കാന്‍ വിളിച്ചു കൊണ്ടുപോയാണ് ഈ സ്ഥലങ്ങളാക്കെ ഞങ്ങള്‍ക്കും പരിചിതമായത്. മേലാറ്റൂരില്‍ ഖുര്‍ആന്‍ ക്ലാസ്സ് തുടങ്ങിയതോടെ കരുവാരകുണ്ടുകാരായ രണ്ടു പേര്‍ കൂടി (കെ.എമ്മിന്റെ ഉറ്റ ചങ്ങാതിമാരും സഹപ്രവര്‍ത്തകരുമായ  അബുവാക്കയും മാനുവാക്കയും) എന്റെ കൂടി മിത്രങ്ങളായി. കെ.എമ്മിനെ കുറിച്ച അപ്‌ഡേറ്റുകള്‍ അവരാണ് നല്‍കിയിരുന്നത്. മരണവാര്‍ത്ത അറിഞ്ഞതും അവരിലൂടെത്തന്നെ.
അവസാനമായി ആ മുഖം ഒന്ന് കാണാന്‍ കഴിയാത്ത കാലത്തായിപ്പോയി ഈ പ്രിയ മനുഷ്യന്റെ വേര്‍പാട് എന്നതാണ് വലിയ സങ്കടം. അല്ലാഹു ഈ പ്രിയ കൂട്ടുകാരനെ, സഹപ്രവര്‍ത്തകനെ, അറിവ് അനന്തരമെടുത്ത ഈ ഗുരുവര്യനെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉറ്റവരോടൊപ്പം ഇടം നല്‍കി അനുഗ്രഹിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി