Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

മാപ്പിള മലബാര്‍ പോരാട്ടം, മതപരിവര്‍ത്തനം

മമ്മൂട്ടി അഞ്ചുകുന്ന്

മലബാര്‍ സമരത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണവും പുതിയ വായനകളും വികസിച്ചുവരികയാണ്. ഊഹാപോഹങ്ങളില്‍നിന്നും അധീശത്വ ചരിത്രനിര്‍മിതിയില്‍നിന്നും സ്വതന്ത്രമാവാനുള്ള ത്വര ചരിത്രവും കാണിച്ചുതുടങ്ങിയിരിക്കുന്നു. ഇവയെ മുന്‍നിര്‍ത്തിയുള്ള ചില വിചാരങ്ങള്‍ മാത്രമാണ് ഈ കുറിപ്പ്. മലബാര്‍ സമര കാലത്ത് വിപ്ലവകാരികള്‍ക്ക് മുമ്പിലുണ്ടായിരുന്ന രണ്ട് ശത്രുക്കള്‍ ഒന്ന് ബ്രിട്ടീഷ് ഭരണകൂടവും മറ്റൊന്ന് സവര്‍ണ ജന്മികളുമായിരുന്നു. സവര്‍ണ ജന്മികളില്‍ പലരും സമരക്കാര്‍ക്കെതിരില്‍ ഭരണകൂടത്തെ സഹായിക്കുകയോ ഒറ്റുകൊടുക്കുകയോ ചെയ്തത് സമരക്കാര്‍ അവര്‍ക്കെതിരെ തിരിയാന്‍ പ്രധാന കാരണമായിട്ടുണ്ട്. 
മുസ്‌ലിംകളെ സംബന്ധിച്ച് വൈദേശിക ആധിപത്യം അവരുടെ സാംസ്‌കാരിക-മത-സാമൂഹിക ഇടങ്ങളിലും  വ്യവഹാരങ്ങളിലുമെല്ലാം വന്‍തോതില്‍ ഇടപെടലുകള്‍ നടത്തുകയും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും അധികാരം കൈയാളിയിരുന്ന മുസ്‌ലിംകള്‍ക്ക് അധികാരം നഷ്ടപ്പെടുകയും അവരുടെ മതജീവിതം പോലും പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ഷാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവിയും സയ്യിദ് അഹ്മദ് ശഹീദും ബംഗാളിലെ ഹാജി ശരീഅത്തുല്ലയുമെല്ലാം ബ്രിട്ടീഷ് ഇന്ത്യ യുദ്ധഭൂമി (ദാറുല്‍ ഹര്‍ബ്) ആണെന്ന് പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിം സമുദായത്തെ സമരസജ്ജമാക്കുകയും ചെയ്തവരാണ്.
ഒരു സമൂഹത്തെ അതിന്റെ തദ്ദേശീയവും വിശ്വാസപരവുമായ സ്വത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് കൊളോണിയലിസം ചെയ്തത്. ഇസ്‌ലാമിനെ അപരത്വത്തിന്റെ മൂര്‍ത്തീഭാവമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് പാശ്ചാത്യ സംസ്‌കാരം രൂപപ്പെട്ടതു തന്നെ എന്ന് ഡാന്റെയുടെ 'ഇന്‍ഫെര്‍ണോ' സ്ഥാപിക്കുന്നുണ്ട്. ഒരു അധീശത്വ വ്യവഹാരം എന്ന നിലയില്‍ ഓറിയന്റലിസ്റ്റുകളും ഈ അപരവത്കരണത്തിന്  പരോക്ഷമായ പിന്‍ബലം നല്‍കുകയുണ്ടായി.
അതിനാല്‍ തങ്ങളുടെ സാമ്രാജ്യ സംസ്ഥാപനത്തിനു മുന്നില്‍ തടസ്സം നില്‍ക്കുന്നു എന്നതിനപ്പുറം, സാംസ്‌കാരികവും ചരിത്രപരവുമായ വിരോധം ബ്രിട്ടീഷുകാര്‍ക്ക് മുസ്‌ലിംകളോടുണ്ടായിരുന്നു. മലബാറിലും മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷുകാരില്‍നിന്ന് ഈ തരത്തിലുള്ള  ഭീഷണി നേരിട്ടിരുന്നു. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ പോരാട്ട ചരിത്രത്തെയും മതകീയ സ്വത്വത്തെയും കുറിച്ച് വ്യക്തമായി അറിയുന്നവരായിരുന്നു ബ്രിട്ടീഷുകാര്‍. ടിപ്പുവിനെതിരായി വെള്ളക്കാരെ സഹായിച്ച സവര്‍ണ ജന്മിമാര്‍ക്ക് ബ്രിട്ടീഷുകാര്‍ പുതിയ യജമാനന്മാര്‍ ആയപ്പോള്‍ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷുകാര്‍ ശത്രുക്കളായതിന്റെ പശ്ചാത്തലത്തിന് മതകീയവും സാമൂഹികവുമായ ഇത്തരം  മാനങ്ങളുണ്ട്. ഇഴപിരിക്കാനാവാത്ത വിധം കൂടിക്കലര്‍ന്ന ഒന്നാണിത്. 
തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന, തങ്ങളുടെ നാട്ടില്‍ വന്ന് തങ്ങളെ തന്നെ അപരരാക്കുന്ന ഇംഗ്ലീഷുകാര്‍ക്കെതിരെ മാപ്പിളമാരില്‍നിന്ന് അങ്ങിങ്ങായി സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1793-ല്‍ ഉണ്ണിമൂസയിലും ചെമ്പന്‍ പോക്കറിലും ഹസന്‍ കുരിക്കളിലും തുടങ്ങിയ ആ പോരാട്ടങ്ങള്‍ വിവിധയിടങ്ങളില്‍ തുടര്‍ന്നുള്ള കാലങ്ങളില്‍   ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.  നികുതിനിഷേധം, നിയമലംഘനം, ഒളിയുദ്ധം എന്നിങ്ങനെയൊക്കെയായിരുന്നു സമരമുറകള്‍. സമുദായ നേതാക്കളുടെ ആശീര്‍വാദത്തോടെയും പിന്തുണയോടെയുമായിരുന്നു മാപ്പിള പോരാട്ടങ്ങള്‍. സാമൂഹികമായ അനിവാര്യത എന്നതിനോടൊപ്പം തന്നെ, ആത്മീയമായും പ്രചോദിതരായിരുന്ന മാപ്പിളമാരെ  സായുധരും പരിശീലനം സിദ്ധിച്ചവരുമായ  ബ്രിട്ടീഷുകാര്‍ക്ക് പക്ഷേ  അടിച്ചമര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മാപ്പിള പോരാട്ടങ്ങള്‍ക്ക് വീര്യം വര്‍ധിച്ചപ്പോഴാണ്  അവര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പുറത്തെടുത്തത്. കുടിയാന്മാരായ മാപ്പിളമാരെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവുകള്‍ നിരന്തരം പുറപ്പെടുവിക്കുകയും സവര്‍ണ ജന്മിമാരുടെ പിന്തുണയോടെ മാപ്പിളമാരെ അവര്‍ ദ്രോഹിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ സംഘാടനവും സമരവുമെല്ലാം ഹൈന്ദവര്‍ക്കെതിരാണെന്ന് ബ്രിട്ടീഷുകാര്‍ ജന്മിമാരെ ധരിപ്പിച്ചു. ഇത് ഒരു ബ്രിട്ടീഷ് വിരുദ്ധ സമരത്തോടൊപ്പം ഒരു സവര്‍ണ ജന്മിത്വ സമരം കൂടിയായി വികസിച്ചതിന് ഇതുപോലുള്ള നിരവധി ചരിത്ര പശ്ചാത്തലങ്ങളുമുണ്ട്. 
മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലെ വ്യവഹാരങ്ങള്‍ക്കൊപ്പം തന്നെ പ്രസക്തിയുള്ളതാണ്  സവര്‍ണരുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള നിലപാട്. ടിപ്പു സുല്‍ത്താന്‍ മലബാറില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും കാര്‍ഷിക സമ്പ്രദായം പരിഷ്‌കരിക്കുകയും ചെയ്തത് ഇവിടെ നിലനിന്നിരുന്ന സവര്‍ണ ജന്മിത്വത്തിന് വലിയൊരു പ്രഹരമായി. ജന്മിത്വ നിഷ്‌കാസനത്തെ ഹൈന്ദവ നിഷ്‌കാസനമായി ചിത്രീകരിക്കുന്ന ചരിത്ര നിര്‍മിതിയുടെ പശ്ചാത്തലവും ഇതു തന്നെ. മലബാറില്‍ നിലനിന്നിരുന്ന ജാതീയമായ അത്യാചാരങ്ങള്‍ക്കു മേലും സുല്‍ത്താന്‍ കത്തിവെക്കാന്‍ ശ്രമിച്ചതും ടിപ്പുവിനെതിരെയുള്ള ബ്രാഹ്മണ്യ വികാരത്തെ ആളിക്കത്തിച്ചു. പിന്നീട് ടിപ്പുവിനെ കീഴ്പ്പെടുത്തി മലബാര്‍ അധീനപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ നമ്പൂതിരിമാര്‍ക്കും ഇടത്തരം ജന്മിമാര്‍ക്കും  ഭൂവുടമാവകാശവും തങ്ങളുടെ കൃഷി ഭൂമിയിലെ  കുടിയാന്മാരുടെ വിധിനിര്‍ണയിക്കാനുളള അധികാരവും നല്‍കി തങ്ങളുടെ  മനോഭാവം വ്യക്തമാക്കി.  ബ്രിട്ടീഷുകാര്‍ അവരെ വശത്താക്കുകയും മാപ്പിള എന്ന പൊതു ശത്രുവിനെ മുന്നില്‍ വെക്കുകയും ചെയ്തു. 
മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലേക്ക് വന്നപ്പോഴും സവര്‍ണരുടെ ജീവിതത്തെ അതൊരു തരത്തിലും ബാധിച്ചിരുന്നില്ല. സാംസ്‌കാരികമായോ മതപരമായോ അവര്‍ക്കൊരു ഭീഷണിയും നേരിട്ടിരുന്നില്ല. ആരാധനാ കര്‍മങ്ങള്‍ക്ക് പ്രത്യേകമായ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുകയും ചെയ്തു. 1852-ല്‍ ടി.എന്‍ സ്ട്രേഞ്ച് കമീഷന്റെ ശിപാര്‍ശയില്‍ അഞ്ചാമത്തെ നിര്‍ദേശം  ഹിന്ദുക്കള്‍ മാത്രമുള്ള ഒരു പ്രത്യേക പോലീസ് സേന രൂപീകരിക്കുക എന്നതായിരുന്നു. മുസ്‌ലിം പളളികള്‍ പണിയുന്നത് നിയന്ത്രിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ആത്മം/അപരം  എന്നീ ദ്വന്ദ്വങ്ങളുണ്ടായിരിക്കുകയും സമൂഹത്തില്‍ അത് നിലനിര്‍ത്തപ്പെടുകയും ചെയ്യുക എന്നതാണല്ലോ സവര്‍ണ  സമൂഹത്തിന്റെ കാതല്‍. ഭരണകൂട താല്‍പര്യങ്ങളെ അവര്‍ തങ്ങളുടെ ആത്മാംശമാക്കിയപ്പോള്‍ അവര്‍ണരെയും മുസ്‌ലിംകളെയും  അവര്‍ അപരരായി പ്രതിഷ്ഠിച്ചു. 
ബ്രിട്ടീഷുകാര്‍ ഹിന്ദുവിന് അധികാരം നല്‍കുകയും മുസ്‌ലിമിനെ അടിച്ചമര്‍ത്തുകയും ചെയ്തു എന്ന് വായിച്ചുപോവേണ്ട ഒന്നല്ല ഇത്. ഹിന്ദു എന്ന സംജ്ഞയെ തന്നെ  പ്രശ്‌നവത്കരിക്കേണ്ടതുണ്ട്. നാം ഇന്ന് വിവക്ഷിക്കുന്ന ഹിന്ദുവും അവിടെ  അധികാരം ലഭിച്ച ഹിന്ദുവും തമ്മിലുള്ള സംഘര്‍ഷം കൂടി അടയാളപ്പെടുത്തിയാലേ ചരിത്രം കൃത്യമാവൂ. കൊളോണിയല്‍ ആധുനികത നിര്‍മിച്ചെടുത്ത ഒന്നാണ് ഇന്നത്തെ ഹിന്ദു ഐഡന്റിറ്റി. അത് ആധുനികപൂര്‍വ കാലത്തേക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല.  ഹിന്ദുത്വവുമായി ബന്ധമില്ലാത്ത സാംസ്‌കാരിക സ്വത്വങ്ങള്‍ പോലും ഹിന്ദു മതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. അതിനു മുമ്പ് സവര്‍ണ ഹൈന്ദവരില്‍നിന്ന് അവര്‍ നേരിട്ട അടിച്ചമര്‍ത്തലുകളാണ് അവരുടേതായ ഇടം സൃഷ്ടിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

മതപരിവര്‍ത്തനവും കീഴാള കര്‍തൃത്വവും
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം മുന്‍നിര്‍ത്തി കീഴാളരുടെ കര്‍തൃത്വത്തെ അവഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഇപ്പോഴും പലരും സ്വീകരിക്കുന്നത്. സവര്‍ണ ഭരണകൂട ഭാഷ്യത്തിലൂടെയാണ് പലപ്പോഴും ചരിത്രത്തെ സമീപിക്കുന്നത്. നമ്മുടെ പൊതുബോധത്തില്‍ ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നു കിടക്കുന്ന സവര്‍ണബോധത്തില്‍നിന്ന് വേര്‍പ്പെട്ട ഒരു ചരിത്രം ഇന്നും നമുക്ക് സാധ്യമല്ല എന്ന പരിമിതിയെ നാം സഹതാപപൂര്‍വം സമീപിക്കുകയേ തരമുള്ളൂ. ബാഹ്യശക്തികളുടെ പ്രേരണയാലാണ് ഇവിടെ മതപരിവര്‍ത്തനം നടന്നത് എന്ന വാദത്തിനു പിന്നില്‍, സ്വയം തീരുമാനമെടുക്കാനും അതുവഴി ചരിത്രത്തില്‍ തങ്ങളെ അടയാളപ്പെടുത്താനുമുള്ള നിലവാരം കീഴാളര്‍ക്ക് അംഗീകരിച്ചുകൊടുക്കാനുള്ള വിസമ്മതമാണ് നാം കാണുക. കീഴാളത്തവും ബഹിഷ്‌കൃതാവസ്ഥയുമെല്ലാം  ഒരു തരം വിരക്തിബോധമുണ്ടാക്കുകയും അത് മാനുഷികതയെ ദര്‍ശിക്കാനുള്ള നൈതികത വളര്‍ത്തുകയും ചെയ്യും. ഈ നൈതിക മാനം നിഷ്‌കര്‍ഷയുള്ള കര്‍തൃത്വം ( ടരൃൗുൗഹീൗ െടൗയഷലരശേ്ശ്യേ) വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നുവെന്ന് എഡ്വേഡ് സെയ്ദ് വാദിക്കുന്നുണ്ട്. ജീവിതത്തെയും സംസ്‌കാരത്തെയും സമൂഹത്തെയുമെല്ലാം വ്യക്തമായ കാഴ്ചപ്പാടോടെ നോക്കിക്കാണാനും നിലപാടുകള്‍ സ്വീകരിക്കാനും ബഹിഷ്‌കൃതന് സാധിക്കും. കീഴാളത്തത്തിന്റെ മാനങ്ങളെ കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്.  അതായത് തങ്ങളുടെ കീഴാളത്തം എന്ന ഭാരത്തെ നിസ്സംഗതയോടെ താങ്ങിനിര്‍ത്താന്‍ തയാറാകാതെ അതില്‍ നിന്ന് വളര്‍ന്ന വിമര്‍ശന ബോധത്തെ ഒരു വിപ്ലവമാക്കി അവര്‍ പരിവര്‍ത്തിപ്പിച്ചു. ഇസ്‌ലാമിനെ അവരും ഇസ്‌ലാം അവരെയും എളുപ്പത്തില്‍ ഉള്‍ക്കൊണ്ടു.  ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ മധ്യകേരളത്തിലെ ദലിത് വിഭാഗങ്ങള്‍ പോലും ഇസ്‌ലാമിലേതു പോലുള്ള ഒരു സാമൂഹികഘടന ആഗ്രഹിച്ചിരുന്നതായി ടി.എന്‍ യേശുദാസന്‍ എഴുതുന്നുണ്ട്.  അസംഘടിതരും നിസ്സഹായരുമായവര്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് സ്വന്തമായി നടത്തുന്ന യാത്രയെ മതാരോഹണം എന്ന പരികല്‍പന കൊണ്ട് വിവക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 
അടിയായ്മ എന്നറിയപ്പെട്ട അടിമത്തം കേരളീയ സമൂഹത്തില്‍ വ്യാപകമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഔദ്യോഗിക പിന്തുണയുണ്ടായിരുന്ന ഈ സമ്പ്രദായത്തില്‍ പുരുഷ അടിമയുടെ വില ഇരുപത്തിയേഴ് പറ നെല്ലിന് സമാനമായിരുന്നുവെന്നും ഭാര്യ കൂടിയുണ്ടെങ്കില്‍ ഇരട്ടി വില കിട്ടിയിരുന്നുവെന്നും കുട്ടികള്‍ക്ക് മൂന്നിലൊന്ന് വിലയായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത് എന്നും ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളില്‍നിന്ന്  കുട്ടികളെ വേര്‍പിരിക്കുമായിരുന്നു. റോളണ്ട് മില്ലര്‍ എഴുതുന്നു: ''ചെറുമരെന്നും പുലയരെന്നും വിളിക്കപ്പെട്ട ആ അടിമകള്‍ക്കും ഹിന്ദു സമൂഹത്തിലെ മറ്റു കീഴാളര്‍ക്കും  ഇസ്‌ലാം ആവേശം പകരും എന്നത് അനിവാര്യമായിരുന്നു. മാപ്പിളമാര്‍ അവരെ സമന്മാരായി കരുതുമെന്നു  മാത്രമല്ല, അവരുടെ പുതിയ സാമൂഹിക പദവിയില്‍ മാപ്പിളമാരുടെ പിന്‍ബലം മുന്‍ യജമാനന്മാരെ പുതിയ രീതിയില്‍ അവരോട് പെരുമാറാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.''
1871-'81 ലെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് അടിമ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ട് എന്നതാണ്. 5.1 ശതമാനം ജനസംഖ്യാ വര്‍ധനവ് ഉണ്ടായ ആ ശതകത്തില്‍ ചെറുമ വിഭാഗത്തിന്റെ ജനസംഖ്യ 35 ശതമാനത്തിനടുത്ത് കുറവ് രേഖപ്പെടുത്തുകയും സാമൂഹികമായി ഏറെ വെല്ലുവിളികള്‍ നേരിട്ട ആ കാലത്തും മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. 1882-ല്‍ നടന്ന ക്രിസ്ത്യന്‍ മിഷന്റെ സമ്മേളനത്തില്‍ ഹിന്ദു സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളില്‍നിന്ന്  ത്വരിതഗതിയില്‍  ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടക്കുകയാണെന്നും പടിഞ്ഞാറന്‍ തീരദേശത്തെ താഴ്ന്ന ജാതിക്കാര്‍ മുഴുവനും താമസിയാതെ മുഹമ്മദീയരാവുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ പ്രവചനം അക്ഷരാര്‍ഥത്തില്‍ ശരിയായില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മൂന്ന് ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമായി മാപ്പിള ജനസംഖ്യ 63 ശതമാനം വളര്‍ന്നുവെന്ന് റോളണ്ട് മില്ലര്‍ എഴുതുന്നുണ്ട്. ഇതിന്റെ കാരണമായി അദ്ദേഹം കുറിച്ചത് ഇങ്ങനെ: ''കീഴ്ജാതിക്കാരില്‍നിന്നുള്ള ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം തടയാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ അസംതൃപ്തിയായിരുന്നു ഈ പരിവര്‍ത്തനത്തിന്റെ പ്രധാന ഹേതു.''  
ഇങ്ങനെ അക്കാലത്ത് 50000 പേര്‍ മലബാറില്‍  ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക് എന്ന് ലോഗന്‍ രേഖപ്പെടുത്തുന്നു. 
'മലബാര്‍ മാന്വലി'ല്‍ വില്യം ലോഗന്‍ എഴുതുന്നു: ''അടിയാള വര്‍ഗത്തെ അവരുടെ മുന്‍കാല സാമൂഹികബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്തിയെടുക്കുന്നതില്‍ ഇസ്ലാം മതത്തിലേക്കുള്ള അവരുടെ സംഘടിതമായ  മതപരിവര്‍ത്തനം വഹിച്ച പങ്ക് നിസ്സാരമല്ല. ഇസ്‌ലാം സ്വീകരിച്ച  ചെറുമന്‍ സമൂഹ തലത്തില്‍ രായ്ക്കുരാമാനം അസ്പൃശ്യനല്ലാതാവുന്നു, അയാള്‍ ഒരു മനുഷ്യനായി അംഗീകരിക്കപ്പെടുന്നു. കൂടാതെ മതം മാറിയ ആളെ ഭീഷണിപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്താല്‍, മുസ്ലിം സമുദായം ഒന്നടങ്കം അയാളുടെ രക്ഷക്കെത്തുമായിരുന്നതിനാല്‍ മതം മാറിയവരെ ഹത്യ ചെയ്യാന്‍ ഒരു ജന്മിയും ധൈര്യപ്പെട്ടില്ല.'' 
കീഴാളരുടെ ഇസ്‌ലാം ആശ്ലേഷം അവരുടെ സ്വയംകര്‍തൃത്വമല്ല എന്ന വാദത്തിന്  ഒട്ടും ചരിത്രപരതയില്ല എന്നതോടൊപ്പം യുക്തിപരതയും തീരെയില്ല. കീഴാള സമൂഹത്തെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും തീര്‍ത്തും അജ്ഞരാണ് അത്തരക്കാര്‍, കീഴാളരെ സംബന്ധിച്ച് അവരുടെ  അടിസ്ഥാന ആവശ്യം  ചൂഷണങ്ങളില്‍നിന്നും അസമത്വത്തില്‍നിന്നുമുള്ള  മോചനമായിരുന്നു. എന്നാല്‍ മതം എന്ന നിലയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഏകദൈവ വിശ്വാസവും അതിനനുബന്ധമായി വരുന്ന സമര്‍പ്പണവുമാണ്. ഒപ്പം ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും  ജീവിതമാര്‍ഗത്തിലും കീഴാള വിമോചനത്തിന്റെ പ്രത്യയശാസ്ത്രം അന്തര്‍ലീനമായി കിടക്കുന്നുണ്ട്. അനിവാര്യമായ സാമൂഹിക പശ്ചാത്തലങ്ങളില്‍ അത് പ്രയോഗവത്കരിക്കപ്പെടുകയും ചെയ്തതായാണ് ചരിത്രം. ഇന്ത്യയിലെ കീഴാള സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ സാധ്യമാക്കാന്‍  ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് ഒരു കീഴാള വിമോചന പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഇസ്‌ലാമിനെ വായിക്കുമ്പോള്‍ ബോധ്യമാകും. ഈ തിരിച്ചറിവ് കീഴാള സമൂഹത്തിന്റെ അനുഭവസാക്ഷ്യമാണ്. 
ഒരു കീഴാള വിമോചന പ്രത്യയശാസ്ത്രം എന്ന നിലയില്‍ ഇസ്‌ലാമിനെ അംഗീകരിക്കാന്‍ തയാറാകാത്തവരെ വലിയൊരളവില്‍ തന്നെ ഇസ്‌ലാമോഫോബിയ പിടികൂടിയിട്ടുണ്ട്. മതാരോഹണത്തിലെ കീഴാളരുടെ സ്വയംകര്‍തൃത്വത്തെ സാധൂകരിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ എഴുതിയത് പ്രസിദ്ധമാണ്: 
അല്ലാ ഇവനിന്നൊരു പുലയനല്ലേ, 
അള്ളാ മതം നാളെ സ്വികരിച്ചാല്‍,
ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം,
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, 
നോക്ക് സുന്നത്തിന്‍ മാഹാത്മ്യം യോഗപ്പെണ്ണേ

പൊതു ഇടങ്ങള്‍ തങ്ങള്‍ക്കു കൂടി അനുവദിക്കപ്പെടുക  എന്നതിലപ്പുറം ഇതിന് സാമൂഹികമായ മറ്റൊരു മാനം ചികയേണ്ടതുണ്ട് എന്നു തോന്നുന്നില്ല. 
ഉത്തരാധുനിക പഠനങ്ങളില്‍ കീഴാള സമൂഹങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ മുന്തിനില്‍ക്കുന്നത് കീഴാള സമൂഹത്തിന്റെ കര്‍തൃത്വനിഷേധവും കീഴാള സ്ത്രീകളുടെ ഇരട്ട അടിമത്തവുമാണ്. ഇവ രണ്ടിനെയും ഇസ്‌ലാം സംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്തു എന്നതാണ് ഇസ്ലാമിനെ അവര്‍ക്ക് പ്രിയങ്കരമാക്കിയത്.
ഇസ്‌ലാമിലേക്ക് വന്ന കീഴാളര്‍ക്ക് യാതൊരു അസമത്വവും അനുഭവിക്കേണ്ടിവന്നില്ല. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് മതാശ്ലേഷണത്തിന്റെ തോത് വര്‍ധിച്ചത്. പല വസ്തുതകളെയും വളച്ചൊടിക്കുമെങ്കിലും ഈ വസ്തുതയോട് ചരിത്രകാരന്മാര്‍ക്കോ മലയാള സാഹിത്യ മേലാളന്മാര്‍ക്കോ തര്‍ക്കിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ സമഭാവന വാഴ്ത്തിപ്പാടാത്തവര്‍ ചുരുക്കം. 'ക്രൂര മുഹമ്മദരു'ം 'ശുദ്ധനായരും' കവിതകളില്‍ നിറഞ്ഞാടുമ്പോഴും ചെറുമന് കൈവന്ന സാമൂഹിക പദവിയെക്കുറിച്ചവര്‍ക്ക് പറയാതിരിക്കാന്‍ വയ്യാത്ത വിധം ആ സത്യം സമൂഹത്തില്‍ വേരുറച്ചുപോയിരുന്നു. 
അടിമ ജാതികളില്‍നിന്ന് ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തുന്നത് സവര്‍ണ ജന്മിമാര്‍ക്ക് സംബോധന ചെയ്യപ്പെടേണ്ട ഒരു ഗുരുതര വെല്ലുവിളിയായി തോന്നിയത് പരിവര്‍ത്തനത്തിന്റെ സാമൂഹിക മാനങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങിയതു മുതലാണ്. കീഴാളര്‍ക്ക് സ്വാതന്ത്ര്യവും പുതിയ സാമൂഹിക സ്വത്വവും കൈവന്നപ്പോഴാണ്  സവര്‍ണര്‍ തങ്ങള്‍ക്കു നേരെയുണ്ടായേക്കാവുന്ന തിരിച്ചടികളെക്കുറിച്ച് ആലോചിക്കുന്നതും കീഴാളരുടെ ചെയ്തിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതും. 
അയിത്തവും ഉച്ചനീചത്വവും കൊണ്ട് ബഹിഷ്‌കൃതയാക്കപ്പെട്ട കീഴ്ജാതിക്കാരില്‍ ഒരാളായ ചക്കി ഒരിക്കല്‍ മമ്പുറം തങ്ങളുടെ അടുക്കല്‍ ചെന്നു. തന്റെ രോഗശമനത്തിനായി പ്രാര്‍ഥിക്കുന്ന, തന്നോട് ആദരവോടെയും അനുഭാവപൂര്‍വവും ഇടപെടുന്ന മമ്പുറം തങ്ങളുടെ നിലപാടും വിശ്വാസവും ചക്കിയെ സ്വാധീനിക്കുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിക്കുന്നു. കൂട്ടത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും കൂടി ഇസ്‌ലാമിലേക്ക് കടന്നുവന്നു. ചക്കി ആഇശ ആയപ്പോള്‍ മറ്റുള്ളവര്‍ക്ക് ഖദീജ, ഹലീമ, അഹ്മദ്, ഹുസൈന്‍, സാലിം എന്നീ പേരുകള്‍ നല്‍കപ്പെട്ടു. കാപ്രാട്ടു പണിക്കരുടെ വീട്ടില്‍ അടിച്ചുതളിക്കാരി ആയിരുന്ന ചക്കി ആ ജോലി തുടര്‍ന്നു. ഇവിടെ പരാമര്‍ശിക്കേണ്ട ഒരു പ്രധാന വസ്തുത ഇസ്ലാം ആശ്ലേഷം കീഴാളരുടെ തൊഴിലിലോ സാമ്പത്തിക നിലവാരത്തിലോ മാറ്റം വരുത്തുന്ന ഒന്നായിരുന്നില്ല എന്നതാണ്. കൂടുതല്‍ മെച്ചപ്പെട്ട ഒന്ന് എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത് സാമൂഹിക പദവി മാത്രമായിരുന്നു. മറ്റു ബാഹ്യ പ്രേരണകളുടെ സാധ്യത നന്നേ ചുരുങ്ങുന്നുവെന്നു സാരം. ചക്കിക്ക് പ്രവേശനമില്ലാത്തിടത്ത് ആഇശ പ്രവേശിച്ചു തുടങ്ങിയപ്പോഴും ചക്കി ഓഛാനിച്ചു നിന്നിടത്ത് ആഇശ നിവര്‍ന്നു നിന്നപ്പോഴും ചക്കി മറക്കാതിരുന്ന മാറ് ആഇശ മറച്ചു വന്നപ്പോഴും അസ്വസ്ഥത കനത്തു വന്നു. അവസാനം കൃഷ്ണപണിക്കരുടെ സവര്‍ണ ബോധം ജ്വലിക്കുകയും   ആയിഷയുടെ മാറിയ സാമൂഹിക പദവി അതിനെ പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ ക്രുദ്ധനായ  പണിക്കര്‍  ആഇശയുടെ മേല്‍കുപ്പായം വലിച്ചുകീറി മാറില്‍ മുറിവേല്‍പിച്ചു. ആഇശ മമ്പുറം തങ്ങളുടെ അരികിലെത്തി ആവലാതി പറഞ്ഞു. മാപ്പിളമാര്‍ സജ്ജരായപ്പോള്‍ പണിക്കര്‍ ബ്രിട്ടീഷുകാരുടെ സഹായം തേടി.  ആറംഗ മാപ്പിള പോരാളികള്‍ കാപ്രാട്ടു മനയില്‍ കയറി തമ്പ്രാനെ വകവരുത്തി. ഇത്തരം സംഭവങ്ങളിലൂടെ മാര്‍ഗം കൂടിയ കീഴാളരുടെ അഭിമാനത്തിനു വേണ്ടി മരിക്കാനും മുസ്‌ലിം സമുദായം തയാറാണ് എന്ന സന്ദേശം കീഴാളരുടെ ഇസ്‌ലാം ആശ്ലേഷത്തിന്റെ  തോത് വീണ്ടും വര്‍ധിപ്പിച്ചു. 
ഇവിടെ  സ്വാഭാവികമായ ഇസ്‌ലാം ആശ്ലേഷവും നിര്‍ബന്ധിത മാര്‍ഗം പൊളിക്കലും തമ്മിലുള്ള ഒരു സംഘര്‍ഷം കാണാം. സമാനമായ അനേകം സംഭവങ്ങളിലൂടെ ജന്മിമാര്‍ കീഴാളരെ പഴയ പടിയാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു എന്നതാണ് ചരിത്രം. ഈ സംഭവം ആധാരമാക്കി രചിക്കപ്പെട്ട 'ചേരൂര്‍ ചിന്ത്' എന്ന പടപ്പാട്ട് ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചതിലൂടെ ആംഗ്ലോ സവര്‍ണ ബാന്ധവത്തോടായിരുന്നു മാപ്പിളമാര്‍ പോരാടിയത് എന്ന സത്യത്തിന് ബലം കൂടുന്നു. ചേരൂര്‍ പടയില്‍ രക്തസാക്ഷികളായ മാപ്പിളമാരുടെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതു പോലും ബ്രിട്ടീഷുകാര്‍ വിലക്കിയിരുന്നു. പില്‍ക്കാലത്ത് ആലി മുസ്‌ലിയാരുടെ മേല്‍ ചുമത്തപ്പെട്ട ഒരു കുറ്റം ആ ഖബ്ര്‍ സന്ദര്‍ശിച്ചു എന്നതായിരുന്നു. 
ഇത് കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന പ്രതിഭാസമായിരുന്നില്ല. 140 മില്യന്‍ വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഹിന്ദു മതത്തിലെ കീഴാള ജാതികളില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരാണ് ഭൂരിപക്ഷവും എന്ന നിരീക്ഷണം പ്രസക്തമാണ്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാമൂഹിക പശ്ചാത്തലവും ഈ മതാശ്ലേഷത്തിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ സയ്യിദ് അഹ്മദ് ശഹീദിന്റെ ഓരോ യാത്രയിലും അദ്ദേഹത്തിന്റെ കരം കവര്‍ന്ന് അനേകം പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്.  ബംഗാളില്‍ മൗലാനാ ദാദ്ദു മിയാന്റെ  ഫറാഇദ് പ്രസ്ഥാനവും ജന്മിത്വത്തിനെതിരെ കീഴാള കുടിയാന്മാരെ സംഘടിപ്പിച്ചു പോരാട്ടം നയിച്ചത് പ്രസിദ്ധമാണ്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ 75 ശതമാനവും ദലിത് മുസ്‌ലിംകള്‍ ആണെന്നാണ് പിന്നാക്ക വിഭാഗങ്ങളുടെ സംഘടനാ പ്രതിനിധിയായ ഇഅ്ജാസ് അലിയുടെ വിലയിരുത്തല്‍. 
ഈ സാമൂഹിക പശ്ചാത്തലങ്ങളെല്ലാം നയിച്ചത് മലബാര്‍ സമരം എന്നറിയപ്പെട്ട 1921-ലെ വിപ്ലവത്തിലേക്കായിരുന്നു. ഇന്ത്യയിലാകമാനം രൂപപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സാന്നിധ്യവും മലബാറിലെ മാപ്പിളമാര്‍ ഭരണകൂടത്തില്‍നിന്നും സവര്‍ണ ജന്മിമാരില്‍നിന്നും കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കുക നയവും ജന്മി-കുടിയാന്‍ ബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മയുമെല്ലാം ഏറിയും കുറഞ്ഞുമുള്ള അളവില്‍ ഈ സമരത്തിന് ഹേതുവായി ഭവിച്ചു. 
മലബാര്‍ സമരത്തെ അതിന്റെ  മതകീയ-സാമൂഹിക മാനങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ട് ഓര്‍മിക്കുന്നതു പോലും അസഹിഷ്ണുതയോടെ കാണുന്നത് മലയാളി സമൂഹത്തിന്റെ വേരില്‍ ഉണങ്ങാതെ  ശേഷിക്കുന്ന സവര്‍ണ പൊതുബോധം കൊണ്ട് തന്നെയാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍  സമരചരിത്രങ്ങളെ അപനിര്‍മിക്കാനുള്ള പരിശ്രമവും സജീവമാണ്. മലബാര്‍ സമരത്തിന്റെ കാര്‍ഷിക മാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഇ.എം.എസിന്റെ പരിപ്രേക്ഷ്യത്തെ പോലും അംഗീകരിക്കാന്‍ എം.ജി.എസിനെ പോലുള്ളവര്‍ തയാറായിരുന്നില്ല. ഇപ്പോഴും മലബാര്‍ സമരത്തെക്കുറിച്ച നരേറ്റീവുകള്‍ അവതരിപ്പിക്കാനുള്ള അവകാശം തങ്ങളില്‍ മാത്രം നിക്ഷിപ്തമാണ് എന്നു വിശ്വസിക്കുന്നവരുമുണ്ട്. സമരകാലത്ത് വ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്നതിനെ കൂടെ സംബോധന ചെയ്യുന്നത് ഇവിടെ ഉചിതമാവും എന്നു തോന്നുന്നു. 
വാരിയന്‍കുന്നന്‍: മാറുന്ന വായനകള്‍
1896-ല്‍ നടന്ന ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ നെല്ലിക്കുത്ത് സ്വദേശിയായ കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. ആ കുറ്റത്തിന് പിതാവിനൊപ്പം മക്കയിലേക്ക് നാടു കടത്തപ്പെട്ട കുഞ്ഞഹമ്മദ് ഹാജി തിരിച്ചെത്തിയത് 1914-ലാണ്. ഒരു കാളവണ്ടിക്കാരനായി കഴിഞ്ഞുകൂടിയ അദ്ദേഹം ചുറ്റുപാടുകളെ കൃത്യമായി പഠിച്ചിരുന്നു. നല്ല രാഷ്ട്രീയ ബോധവും സാമൂഹിക അവബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തിരുന്നു. സമരകാലത്ത് അദ്ദേഹം സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും സ്വയം ഭരണം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് വിധേയത്വമുള്ള 'കേരള ചന്ദ്രിക' അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തു: 'മഞ്ചേരി, ഇളംകുളം, ചാത്തന്‍കോട്ട് പുറം അംശങ്ങളില്‍ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും രാജ്യഭരണം പൊടിപൊടിക്കുന്നു, കൊള്ളയും സ്ത്രീകളെ ചാരിത്രഭംഗവും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. സ്ത്രീകളെ തൊടുന്നവര്‍ക്ക് കൈവിരല്‍ വെട്ടിയാണത്രെ ശിക്ഷ കൊടുക്കുന്നത്' (കേരള ചന്ദ്രിക 29-10-21).
കുഞ്ഞഹമ്മദ് ഹാജിയുടെ രാജനീതിയില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വിവേചനം ഉണ്ടായിരുന്നില്ല എന്ന് മാധവന്‍ നായര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ചു മതം മാറ്റുന്ന കാര്യത്തില്‍ കുഞ്ഞഹമ്മദ് ഹാജി ഏര്‍പ്പെട്ടിരുന്നില്ല എന്നും അദ്ദേഹം കുറിക്കുന്നുണ്ട്. സമരകാലത്ത് വ്യാപകമായിരുന്നു എന്നാരോപിക്കപ്പെട്ട നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത് വാമൊഴികള്‍ മാത്രമായിരുന്നു. ഇതില്‍ പലതിലും വ്യക്തമായ വൈരുധ്യങ്ങളുമുണ്ട്. ഇത്തരം വാമൊഴികളും, സവര്‍ണ-ബ്രിട്ടീഷ് ഭാഷ്യവും അടിസ്ഥാനമാക്കി പ്രചരിച്ച കഥകളുടെ നിജഃസ്ഥിതി അറിയാന്‍ കോണ്‍ഗ്രസ്സ് നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയത്, നിര്‍ബന്ധിത പരിവര്‍ത്തനം എന്നു പറയാവുന്ന തരത്തിലുള്ളത് കേവലം മൂന്ന് സംഭവങ്ങള്‍ മാത്രമാണ് എന്നായിരുന്നു. ടി. പ്രകാശം, ടി.വി വെങ്കട്ടരാമന്‍ തുടങ്ങിയ പ്രഗത്ഭരായിരുന്നു കമീഷന്‍ അംഗങ്ങള്‍. ലഹളബാധിത പ്രദേശങ്ങളില്‍ നിരന്തരം പോരാട്ടങ്ങള്‍ സജീവമായപ്പോള്‍ ഭയന്ന് നാടു വിട്ടവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി ആര്യസമാജവും ഭാരത സേവാ സംഘവും കോഴിക്കോട്ട് ഏര്‍പ്പെടുത്തിയ റിലീഫ് ക്യാമ്പുകളിലെ അന്തേവാസികളാണ് പോലീസ് സമ്മര്‍ദത്താല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ ഹാജറാക്കപ്പെട്ടത്. അഭയാര്‍ഥികളുടെ മൊഴികള്‍ പുനരന്വേഷണം കൂടാതെ ചരിത്രമായപ്പോള്‍ ഇത്തരം കഥകള്‍ക്ക് ഔദ്യോഗിക ഭാഷ്യവും കൈവന്നു. ഈ സ്റ്റേറ്റ്‌മെന്റുകളിലെല്ലാം വ്യാപകമായ പൊരുത്തക്കേടുകള്‍ കാണാം. ബ്രിട്ടീഷ് അനുകൂല മാധ്യമങ്ങളും  ഈ രംഗത്ത് തങ്ങളുടേതായ സേവനം അര്‍പ്പിക്കുക കൂടി ചെയ്തതോടെ മലബാര്‍ സമരം മാപ്പിള ലഹളയായി രേഖപ്പെടുത്തപ്പെടുകയായിരുന്നു.
പിന്നീട് ബ്രിട്ടീഷ് ആഖ്യാനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ സമരത്തെ വായിക്കാന്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ള പലരും ധൈര്യം കാണിച്ചു. 1970-കള്‍ക്കു ശേഷമാണ് ഇതു സംബന്ധമായ രേഖകള്‍ പരിശോധിക്കാനും ഗവേഷണവിധേയമാക്കാനും അനുമതി ലഭിക്കുന്നത്. ബ്രിട്ടീഷ് ആര്‍ക്കൈവ്‌സുകളില്‍നിന്ന് ഇപ്പോഴും കണ്ടെടുക്കുന്ന പല രേഖകളില്‍നിന്ന് സമരത്തിന്റെ യഥാര്‍ഥ ചിത്രം കൂടുതല്‍ തെളിഞ്ഞുവരികയാണ്. അതിന്റെ ഏറ്റവും പുതിയ വഴിത്തിരിവാണ് പ്രഖ്യാപിക്കപ്പെട്ട 'വാരിയന്‍കുന്നന്‍' എന്ന സിനിമ.
സമരകാലത്തിനു ശേഷവും ഇസ്‌ലാം ആശ്ലേഷ മനോഭാവം തുടര്‍ന്നുകൊണ്ടിരുന്നു എന്നത് കൂടി ഇവിടെ ശ്രദ്ധേയമാണ്. നിര്‍ബന്ധിത പരിവര്‍ത്തനാരോപണത്തെ അപ്രസക്തമാക്കുന്നതാണ് 1930-കളില്‍ ഈഴവരില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍. ഭാരതത്തില്‍ അധഃകൃത സമൂഹങ്ങളുടെ ഭാസുരമായ ഭാവിക്ക് ഇസ്‌ലാം മതത്തില്‍ ചേരുന്നതാണ് സര്‍വപ്രകാരേണ ആശാസ്യമെന്നും ജാതിപരമായ അവശതകള്‍ അശേഷം ഇല്ലാത്തതും സര്‍വ സാഹോദര്യവും തജ്ജന്യമായ സമത സര്‍വത്ര പ്രായോഗികമായിട്ടുള്ള ഇസ്‌ലാം മത സ്വീകരണമാണ് അസമത്വ സമുദായക്കാരുടെ രക്ഷക്ക് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത് എന്നും അധഃകൃത നേതാവായ കെ.പി വള്ളോന്‍ എഴുതുകയുണ്ടായി. ഈഴവ-തീയ്യ സമുദായക്കാരും ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അതിന് ആഹ്വാനം നടത്തിയും പ്രസിദ്ധീകരണങ്ങള്‍ ഇറക്കി. ഇത് സവര്‍ണരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതേ തുടര്‍ന്നാണ് ഹിന്ദു മത പരിഷ്‌കരണവുമായി ബന്ധപ്പെട്ട  ചരിത്രപ്രസിദ്ധമായ പല  പ്രഖ്യാപനങ്ങളും  ഉണ്ടായത്.  കീഴാളര്‍ക്കും ആരാധനാ സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശവുമെല്ലാം സാധ്യമാക്കുക വഴി സംഭവ്യമായത് പക്ഷേ ദലിത് സ്വത്വത്തെ തമസ്‌കരിച്ചുകൊണ്ട് അവരെ ബ്രാഹ്മണ്യ സമൂഹത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ മാത്രമായിരുന്നു. ഇതിനു വേണ്ടി  നാല് ജാതിക്കപ്പുറം ഒരു പഞ്ചമ ജാതി കൂടിയുണ്ടാക്കി ഭിന്നമതക്കാരെകൂടി ഹിന്ദുക്കളാക്കുകയാണ് ഉണ്ടായത് എന്നായിരുന്നു അക്കാലത്തെ ഈഴവരില്‍ ചിലരുടെ ആരോപണം. കീഴാളരെയും ഹിന്ദു എന്ന വൃത്തത്തിലേക്ക് ചേര്‍ത്ത് ബ്രാഹ്മണിക്കല്‍ ആരാധനാ മൂര്‍ത്തികളെയും സംസ്‌കാരത്തെയും ഒന്നു കൂടി വികസിപ്പിക്കുക മാത്രമാണ് ഉണ്ടായത്. 

അവലംബങ്ങള്‍: മലബാര്‍ മാന്വല്‍: വില്യം ലോഗന്‍, മാപ്പിള മുസ്‌ലിംകള്‍- റോളണ്ട് ഇ. മില്ലര്‍, മാപ്പിള സമുദായം: ടി. മുഹമ്മദ്, കേരള മുസ്‌ലിം ചരിത്രം: പി.എ സെയ്ത് മുഹമ്മദ്, മാപ്പിള കീഴാള പഠനങ്ങള്‍: കെ.കെ മുഹമ്മദ് അബ്ദുസ്സത്താര്‍, Understanding the Religious Conversion to Islam: ഇ.എസ് മുഹമ്മദ് അസ്ലം, മലയാള മുസ്‌ലിം: ഡോ. ജമീല്‍ അഹ്മദ്, ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങള്‍: വി. ഹിക്മത്തുല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി