Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

പ്രകൃതി ചോദ്യവും നീതി ഉത്തരവുമാണ്

ടി. മുഹമ്മദ് വേളം

ഓരോ പ്രകൃതിദുരന്തമുണ്ടാകുമ്പോഴും, ഹലോ ദൈവമെവിടെ  എന്ന ചോദ്യം ദൈവനിഷേധികള്‍ ചോദിക്കാറുണ്ട്. അല്ലെങ്കില്‍ നിങ്ങളിപ്പറയുന്ന ദൈവം എത്ര ക്രൂരനാണ് എന്ന പ്രസ്താവനാ സ്വഭാവമുള്ള  ചോദ്യമുയര്‍ത്താറുണ്ട്. കോവിഡ് വന്ന് ആരാധനാലയങ്ങള്‍ അടച്ചിടുമ്പോള്‍ ദൈവം പരാജയം സമ്മതിച്ച് പിന്മാറി, ശാസ്ത്രം വെന്നിക്കൊടി പറത്തി എന്നും യുക്തിവാദികള്‍ പറയും.
പ്രകൃതിയെ വിശ്വാസികള്‍ ദൈവമെന്ന് മാറ്റി വിളിക്കുന്നു എന്ന വിചാരത്തില്‍നിന്നാണ് ഈ വാദഗതി ഉയര്‍ന്നുവരുന്നത്. പ്രകൃതിയില്‍ നടക്കുന്നതെല്ലാം ദൈവനീതിയാണെന്നാണ് മതം മനസ്സിലാക്കുന്നത് എന്ന് ഇവര്‍ ധരിക്കുന്നു; അല്ലെങ്കില്‍ ഇവര്‍ തെറ്റിദ്ധരിക്കുന്നു. നിരീശ്വരവാദികളുടെ ഈ മനസ്സിലാക്കല്‍ നൂറു ശതമാനം തെറ്റാണെന്ന് പറയാനാവില്ല. ബഹുദൈവ വിശ്വാസത്തിന്റെ ദൈവനീതിയെക്കുറിച്ച കാഴ്ചപ്പാട് ഏതാണ്ട് അങ്ങനെ തന്നെയാണ്.
ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇതില്‍നിന്ന് വ്യത്യസ്തമാണ്. പ്രകൃതിയിലും ജീവിതത്തിലും സംഭവിക്കുന്നതെല്ലാം ദൈവനീതിയുടെ പുലര്‍ച്ചയാണ് എന്നല്ല ഇസ്‌ലാം പറയുന്നത്. ജീവിതത്തിന് ഇസ്‌ലാം നല്‍കുന്ന തലക്കെട്ട് പരീക്ഷണം എന്നാണ്. ദൈവനീതി എന്നത് പ്രകൃതിയിലൂടെ പുലരുന്ന ഒന്നല്ല, മനുഷ്യരിലൂടെ പുലരേണ്ട ഒന്നാണ്. ദൈവനീതിക്കായി പുലരേണ്ട മൂല്യങ്ങളെന്തൊക്കെയാണെന്ന് വേദങ്ങളും പ്രവാചകന്മാരും പഠിപ്പിച്ചു. ഈ തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും പുലര്‍ച്ചക്കായി ജീവിക്കാനാണ് ഇസ്‌ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. ബഹുദൈവത്വവും ഇസ്‌ലാമും തമ്മിലുള്ള ആശയസംഘട്ടനത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ് പ്രകൃതിയിലും ജീവിതത്തിലും നിലനില്‍ക്കുന്ന അവസ്ഥ തന്നെയാണോ ദൈവനീതി എന്നത്.
വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അധ്യായത്തില്‍ മക്കയിലെ ഇസ്‌ലാമിക വിശ്വാസികളും ബഹുദൈവ വിശ്വാസികളും തമ്മിലുള്ള ഒരു സംവാദം പ്രാധാന്യപൂര്‍വം ഉദ്ധരിക്കുന്നുണ്ട്; ''നിഷേധികളോട് നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് പാവപ്പെട്ടവര്‍ക്കായി നിങ്ങള്‍ ചെലവഴിക്കുക എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കും, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ ഊട്ടുമായിരുന്നവരെ അഥവാ ദൈവം ഊട്ടാതിരുന്നവരെ ഞങ്ങള്‍ ഊട്ടണമെന്നോ? നിങ്ങള്‍ വ്യക്തമായ വഴികേടിലാണ്.'' പ്രകൃതിയിലും ലോകത്തും സംഭവിക്കുന്നതെന്താണോ അതാണ് ദൈവനീതി എന്നതായിരുന്നു മക്കയിലെ ബഹുദൈവ വിശ്വാസികളുടെ വാദം. ഇതിന്റെ ഖണ്ഡനം ഖുര്‍ആനിലുടനീളം കാണാന്‍ കഴിയും. ഞങ്ങള്‍ക്ക് സമ്പത്തുണ്ട്,  അതുതന്നെ ദൈവം ഞങ്ങളുടെ കൂടെയാണ് എന്നതിന്റെ തെളിവാണ് എന്നതായിരുന്നു ബഹുദൈവാരാധകരുടെ വാദം. അല്‍കഹ്ഫ് അധ്യായത്തിലെ ബഹുദൈവവാദിയായ തോട്ടക്കാരനും വിശ്വാസിയും തമ്മിലുള്ള സംഭാഷണമൊക്കെ ഇതിന്റെ ഉദാഹരണമാണ്. ഭൗതികവാദികള്‍ പ്രകൃതി എന്നു പറയുന്നതിനെയാണ് ബഹുദൈവവാദികള്‍ ദൈവം എന്നു പറയുന്നത്. അഥവാ ഭൗതികവാദികളുടെ പ്രകൃതി തന്നെയാണ് ബഹുദൈവവാദികളുടെ ദൈവം. പ്രത്യേകിച്ച് സാമൂഹിക ജീവിതത്തെ വിശകലനം ചെയ്യുന്ന ഉപാധി എന്ന നിലയില്‍ ഇത് രണ്ടും തീര്‍ത്തും ഒന്നുതന്നെയാണ്.
നീതിയെക്കുറിച്ച് മറ്റൊരു സങ്കല്‍പ്പമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. പുലരുന്നതല്ല നീതി, പുലരേണ്ടതാണ് നീതി. എന്താണ് പുലരേണ്ടത്?  ദൈവം കല്‍പിച്ചതും പ്രവാചകന്മാര്‍ പഠിപ്പിച്ചതും. ദരിദ്രന്റെ ദാരിദ്ര്യം ദൈവനീതിയാണ്,  അതില്‍ ഇടപെടുന്നതും പരിഹരിക്കാന്‍ ശ്രമിക്കുന്നതും ദൈവനീതിക്ക് എതിരുനില്‍ക്കാന്‍ ശ്രമിക്കലാണ് - ഇതാണ് ബഹുദൈവത്വത്തിന്റെ സമീപനം. കേവല ഭൗതികവാദത്തിന്റെയും കേവല യുക്തിവാദത്തിന്റെയും സമീപനവും ഇതുതന്നെയാണ്. വ്യത്യാസം ഈ നിയാമകശക്തിക്ക് ഒരു കൂട്ടര്‍ ദൈവമെന്നും മറ്റൊരു കൂട്ടര്‍ പ്രകൃതിയെന്നും പേരു പറയുന്നു എന്നു മാത്രം.
ദാരിദ്ര്യമാവട്ടെ, മനുഷ്യന് പരിഹരിക്കാവുന്ന മറ്റേത് ലൗകിക പ്രശ്നങ്ങളാവട്ടെ, അത് മനുഷ്യരാശി കൈകാര്യം ചെയ്യേണ്ട ചോദ്യങ്ങളായാണ് ഇസ്‌ലാം കാണുന്നത്; അഥവാ പരീക്ഷണങ്ങളായി. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവര്‍ സമൂഹത്തിലുണ്ടാകും. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ സമ്പത്തുള്ളവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. സമ്പത്തിന്റെ വിതരണക്രമത്തിലെ അനീതിയുടെ കാര്യത്തില്‍ അധികാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകളുണ്ട്.
സാമൂഹിക നീതിയെക്കുറിച്ച് പറയുമ്പോഴെല്ലാം വിധിവാദവും പ്രകൃതിനിര്‍ണയവാദവും ചരിത്രത്തില്‍ ഉടനീളം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ഖുര്‍ആന്റെ അന്തസ്സത്ത നിരാകരിക്കുന്നു. സമ്പത്തുള്ളവന് ദൈവം സമ്പത്ത് നല്‍കി, ഇല്ലാത്തവന് കൊടുത്തില്ല, അത് ദൈവനീതിയുടെ പുലര്‍ച്ചയാണ് എന്നതല്ല ഇസ്‌ലാമിക കാഴ്ചപ്പാട്. ഇസ്‌ലാമിലെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനം സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക എന്നതാണ് (ഹശ്ര്‍ 7).
സാമ്പത്തിക നീതിയുടെ കാര്യത്തില്‍ മാത്രമല്ല, സാമൂഹിക നീതിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സാമൂഹികാധികാരങ്ങളും അവകാശങ്ങളും പാരമ്പര്യമായി ലഭിച്ചവര്‍ക്ക് ലഭിച്ചു, ഇല്ലാത്തവര്‍ അതിനര്‍ഹതയില്ലാത്തവരാണ് എന്ന കാഴ്ചപ്പാട് മക്കയിലെ ബഹുദൈവത്വ കാഴ്ചപ്പാടാണ്. സമ്പത്ത് മാത്രമല്ല വരേണ്യമായ സാമൂഹികാധികാരങ്ങളും ഞങ്ങള്‍ക്ക് ദൈവം തന്നതാണ്, അതിനെ ചോദ്യം ചെയ്യുന്നത് ദൈവധിക്കാരമാണ് എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം മനുഷ്യ ഇടപെടലിന് സാധ്യതയുള്ള പ്രകൃതി മണ്ഡലത്തിലും മനുഷ്യജീവിതത്തിലും നിലനില്‍ക്കുന്ന അവസ്ഥ(സ്റ്റാറ്റസ്‌കോ)യുടെ പേരല്ല ദൈവനീതി. വംശപരമായ ശ്രേഷ്ഠതയില്ല, ശ്രേഷ്ഠത ഭക്തിയുടെ പുറത്താണ് എന്ന ഖുര്‍ആന്‍ പ്രഖ്യാപനം സ്റ്റാറ്റസ്‌കോക്കെതിരായ ഈ ദൈവനീതി സങ്കല്‍പത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇത് ലിംഗനീതിക്കും ബാധകമായ തത്ത്വമാണ്. ലിംഗനീതിയെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീക്ക് രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കാനാവുമോ, പിന്നെ എങ്ങനെയാണ് അവരെ സാമൂഹിക ജീവിതത്തിന്റെ ഉന്നത വിതാനത്തിലേക്ക് ഉയര്‍ത്തുക എന്ന ചോദ്യം വിശ്വാസികളില്‍നിന്നുതന്നെ ഉയരാറുണ്ട്. സ്ത്രീക്ക് രാത്രി സഞ്ചരിക്കാനാവാത്തത് അതിനുള്ള ശാരീരിക ക്ഷമത അവര്‍ക്കില്ലാത്തതുകൊണ്ടല്ല; ശാരീരികമായി കൂടുതല്‍ കരുത്തുള്ള പുരുഷന്‍ അവള്‍ക്കു മേല്‍ അതിക്രമം നടത്തുന്നതുകൊണ്ടാണ്. സമ്പന്നരുടെ കൈകളില്‍ കൂടുതല്‍ സമ്പത്ത് വന്നതുപോലെ കൂടുതല്‍ സാമൂഹികാധികാരങ്ങള്‍ പുരുഷന്മാരുടെ കൈകളില്‍ വന്നു ചേര്‍ന്നതാണ്. അതില്‍നിന്ന് സ്ത്രീക്ക് നല്‍കണമെന്നു പറയപ്പെട്ടാല്‍ പ്രകൃതിനിശ്ചയവും ദൈവതീരുമാനവും അങ്ങനെയല്ല എന്നു പറയുന്നത് പാവപ്പെട്ടവരുടെ കാര്യത്തില്‍ മക്കയിലെ ബഹുദൈവവാദികള്‍ പറഞ്ഞതിന്റെ തനിയാവര്‍ത്തനമാണ്.
നീതി എന്നത് ഔദാര്യദാനം കൊണ്ട് മാത്രം സാക്ഷാത്കരിക്കാനാവും എന്ന് ഇസ്‌ലാം കരുതുന്നില്ല. അത് അവകാശങ്ങള്‍ (ഹഖ്) വകവെച്ചുകൊടുക്കുന്നതിലൂടെ കൂടി സാധ്യമാവുന്നതാണ്. അനീതിക്ക് വ്യക്തിപരമായ അക്രമത്തിന്റെ രൂപങ്ങളും ഘടനാപരമായ അതിക്രമത്തിന്റെ രൂപങ്ങളും ഉണ്ടാവും. ദൈവനീതി സ്ഥാപിക്കാന്‍ ഇത് രണ്ടിന്റെ മേലും കൈവെക്കേണ്ടിവരും. ഘടനാപരമായ അനീതികളെക്കുറിച്ച് ഖുര്‍ആന്‍ ധാരാളമായി സംസാരിക്കുന്നുണ്ട്. 'കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടികളോട് ചോദിക്കപ്പെടും, എന്ത് കുറ്റത്തിനാണ് നിങ്ങള്‍ കുഴിച്ചുമൂടപ്പെട്ടത്' എന്ന പ്രസ്താവന പരലോകത്ത് നടക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച മുന്നറിയിപ്പു മാത്രമല്ല, ഒരു സാമൂഹിക ക്രമമാണ് അവരെ കുഴിച്ചുമൂടിയത് എന്ന രൂക്ഷ വിമര്‍ശനം കൂടിയാണ്. ഒരു വ്യക്തി എന്ന നിലക്ക് അവരെന്തു തെറ്റു ചെയ്തു, പെണ്ണാവുക എന്നത് എങ്ങനെയാണ്  തെറ്റാവുന്നത് എന്നീ ചോദ്യങ്ങളെല്ലാം ഈ ദിവ്യചോദ്യം ധ്വനിപ്പിക്കുന്നുണ്ട്. ഘടനയെ സ്പര്‍ശിക്കേണ്ടിടത്ത് ഘടനയെയും വ്യക്തിയെ സ്പര്‍ശിക്കേണ്ടിടത്ത് വ്യക്തിയെയും സ്പര്‍ശിച്ചുകൊണ്ടുള്ള ദൈവനീതിയുടെ സാഫല്യത്തെക്കുറിച്ചാണ് ഇസ്‌ലാം സംസാരിക്കുന്നത്. ഒരു ആരാധനാ ക്രമം മാത്രമല്ല, അനീതിയുടെ സാമൂഹിക -രാഷ്ട്രീയ ഘടന കൂടിയാണ് ബഹുദൈവത്വം. അത് ഏറ്റവും വലിയ അക്രമവും പൊറുക്കാത്ത തെറ്റുമാവുന്നത് ഘടനാപരമായ അനീതി എന്ന നിലക്കു കൂടിയാണ്.
പ്രകൃതിദുരന്തങ്ങളെല്ലാം ദൈവശിക്ഷയാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. പൊതുവില്‍ ബഹുദൈവത്വം ഇത്തരമൊരു കാഴ്ചപ്പാടാണ് പുലര്‍ത്താറുള്ളത്. അതില്‍ ഭൂരിഭാഗവും പരീക്ഷണങ്ങളായിരിക്കും; അപൂര്‍വമായി ചിലത് ശിക്ഷയും. പ്രകൃതിദുരന്തങ്ങള്‍ എന്ന് മനുഷ്യന്‍ പേരിട്ടു വിളിക്കുന്ന പ്രതിഭാസങ്ങളില്‍ വലിയൊരു പങ്ക് മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമാണെന്ന് ഖുര്‍ആന്‍ പറയുന്നു (റൂം 41). വേറെ ചിലതിന് നേര്‍ക്കുനേരെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടാവില്ല. പക്ഷേ മനുഷ്യരുടെ അതിരുവിട്ട അധാര്‍മികതകള്‍ക്കുള്ള ദൈവശിക്ഷയുമാവാം (ഹൂദ് 117). ഈ രണ്ട് ഗണങ്ങള്‍ കൊണ്ടും മനസ്സിലാക്കാനാവാത്തവയും പ്രകൃതിയില്‍ സംഭവിക്കാറുണ്ട്. അതിന് പ്രകൃതിയുടെ സങ്കീര്‍ണതയുമായും മനുഷ്യബുദ്ധിയുടെ പരിമിതികളുമായുമെല്ലാം ബന്ധമുണ്ട്. ഏത് സങ്കീര്‍ണതയെയും പരീക്ഷണമായി അഭിമുഖീകരിക്കാന്‍ വിശ്വാസിക്ക് കഴിയും.
കോവിഡ് പോലെ ഒരു പകര്‍ച്ചവ്യാധി വരുന്നു, ദൈവം ഉണ്ടെങ്കില്‍ അവനെത്ര ക്രൂരന്‍ എന്ന പരിഹാസം; പരീക്ഷയില്‍ സിലബസിനകത്തുനിന്നു തന്നെയുള്ള സാമാന്യം കഠിനമായ ഒരു ചോദ്യം കാണുമ്പോള്‍ പരീക്ഷകന്‍ എന്ത് നിഷ്ഠുരന്‍ എന്നു പറയുന്നതുപോലെ മാത്രമാണ്. പകര്‍ച്ചവ്യാധിയല്ല ദൈവനീതി; അത് ഒരു പ്രകൃതിയവസ്ഥയാണ്, മനുഷ്യകരങ്ങള്‍ക്കും പങ്കുണ്ടാവാനിടയുള്ള പ്രശ്നമാണ്. പകര്‍ച്ചവ്യാധിയെ കൂടുതല്‍ പ്രയാസകരമാക്കുന്ന സാമൂഹിക-രാഷ്ട്രീയ അവസ്ഥ തീര്‍ച്ചയായും മനുഷ്യ നിര്‍മിതമാണ്. പകര്‍ച്ച വ്യാധിയുടെ ഓരോ ഘട്ടവും ആവശ്യപ്പെടുന്ന പ്രവൃത്തികളുണ്ട്. അത് നിര്‍വഹിക്കലാണ് പകര്‍ച്ചക്കാലത്തെ ദൈവനീതിയുടെ പ്രവര്‍ത്തനങ്ങള്‍.
ദേവാലയങ്ങള്‍ അടച്ചു, ദൈവം രംഗമൊഴിഞ്ഞു എന്നും അവര്‍ പരിഹസിക്കാറുണ്ട്. പള്ളികള്‍ തുറന്നിടുന്നത് മാത്രമല്ല ദൈവതാല്‍പര്യം. അടച്ചിടേണ്ടപ്പോള്‍ അടച്ചിടുക എന്നതും ദൈവനീതിയുടെ ഭാഗമാണ്. പ്രകൃതിയുടെയും ജീവിതത്തിന്റെയും തല്‍സ്ഥിതിയുടെ പേരല്ല ദൈവനീതി. അത് മനുഷ്യന്‍ പ്രകൃതിയോടും ജീവിതത്തോടും ഇടപഴകി സ്ഥാപിച്ചെടുക്കേണ്ട ലക്ഷ്യസ്ഥാനമാണ്.
യുക്തിവാദികള്‍ യഥാര്‍ഥത്തില്‍ അവരുടെ ഒരു പരിമിതിയില്‍നിന്നുകൊണ്ട് ഇസ്‌ലാമിനെ വീക്ഷിക്കുന്നതിന്റെ പ്രശ്നം കൂടി ഇതിലുണ്ട്. യുക്തിവാദം ശാസ്ത്രമാത്ര വാദമാണ്. ശാസ്ത്രവാദം പ്രകൃതിവാദമാണ്. ശാസ്ത്രം പ്രകൃതിയുടെ തുടര്‍ച്ചയാണ്; കാര്യക്ഷമതയുടെ ഉപകരണമാണ്, കാരുണ്യത്തിന്റെ തത്ത്വശാസ്ത്രമല്ല. നീതിയെക്കുറിച്ച പ്രകൃതിവാദത്തില്‍ നീതിയില്ലാത്തതുപോലെ നീതിയെക്കുറിച്ച ശാസ്ത്രവാദത്തിലും നീതിയില്ല, കാരുണ്യവുമില്ല. ബെഗോവിച്ച് നീരിക്ഷിച്ചപോലെ പ്രകൃതി വളരെ കാര്യക്ഷമമാണ്. മൃഗങ്ങളുടെ മുഖമുദ്രതന്നെ കാര്യക്ഷമതയാണ്. ധാര്‍മിക മൂല്യങ്ങളല്ല, ഉപയോഗമൂല്യങ്ങളാണ് മൃഗങ്ങളെ നയിക്കുന്നത്. ബെഗോവിച്ച് എഴുതുന്നു: ''മനുഷ്യന്‍ ലോകത്തിന്റെ ഭാഗവും അതിന്റെ ഉല്‍പന്നവും, അതായത് മനുഷ്യന്‍ ഒരു വസ്തുവായാല്‍ മാത്രമേ മനുഷ്യനെക്കുറിച്ച ശാസ്ത്ര വ്യാഖ്യാനം സാധ്യമാവുകയുള്ളൂ. പ്രതിലോമമായി പറഞ്ഞാല്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനായാല്‍, അന്യനായാല്‍, അവന്‍ ഒരു സ്വത്വമായാല്‍ മാത്രമേ കല സാധ്യമാവുകയുള്ളൂ.'' ഇങ്ങനെ മാത്രമേ ശരിയായ മതവും സാധ്യമാവുകയുള്ളൂ എന്നാണ് ബെഗോവിച്ച് നിരീക്ഷിക്കുന്നത്. കേവല യുക്തിവാദത്തിന് ആത്മീയതയിലോ വിമോചന രാഷ്ട്രീയത്തിലോ വിശ്വാസമില്ല. അത് ശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. ശാസ്ത്രം പ്രകൃതിയുടെയും മൃഗത്തിന്റെയും തുടര്‍ച്ചയാണ്.
ശാസ്ത്രം ഞങ്ങളുടേതാണ്, നിങ്ങളുടേത് വിശ്വാസമാണ് എന്ന് യുക്തിവാദികള്‍ പറയാറുണ്ട്. ഇതിന്റെ കാരണം യുക്തിവാദിക്ക് ശാസ്ത്രം ഉപകരണവും വിശ്വാസവുമാണ്; അഥവാ തത്ത്വശാസ്ത്രമാണ്, ധാര്‍മികതയാണ്. മതവിശ്വാസിക്ക് ശാസ്ത്രം ഉപകരണമാണ്; തത്ത്വശാസ്ത്രമല്ല, ധാര്‍മികതയല്ല. അത് അവര്‍ക്ക് മതമാണ്. അതുകൊണ്ടാണ് ശാസ്ത്രം ഞങ്ങളുടേതാണ്, നിങ്ങളുടേത് വിശ്വാസങ്ങളാണ് എന്നവര്‍ പറയുന്നത്. ശാസ്ത്രമാവട്ടെ; പ്രകൃതിയുടെ തുടര്‍ച്ചയാണ്, പരിഷ്‌കൃതമായ പ്രകൃതിവാദമാണ്. പരിഷ്‌കരിച്ച പ്രകൃതിവാദത്തില്‍നിന്നുകൊണ്ട് പ്രാചീനമായ പ്രകൃതിവാദത്തെ പരിഹസിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇസ്ലാം പ്രാചീനമോ ആധുനികമോ ആയ പ്രകൃതിവാദമല്ല, നീതിവാദമാണ്. പ്രകൃതിയെ ചോദ്യമായി കാണുന്ന, നീതിയെ ഉത്തരമായി കാണുന്ന ദൈവികതയുടേതും മാനവികതയുടേതുമായ മറ്റൊരു വഴിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി