Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുതിയ രീതികള്‍ അനിവാര്യം

മുഹമ്മദ് റഫീഖ് തിരുവനന്തപുരം

'പ്രബോധന'ത്തിലെ കോവിഡ്കാല ഇസ്‌ലാമിക വായന, ക്ഷാമകാല ബജറ്റ്, സമുദായം സ്ഥാപനങ്ങള്‍ സാമ്പത്തിക ശാക്തീകരണം എന്നിവ വായിച്ചു. വിഷയങ്ങള്‍ വളരെ കാലികപ്രസക്തവും ഉപയോഗപ്രദവുമാണ്. കെ.എം രിയാലു അനുസ്മരണം ഹൃദയസ്പൃക്കായി.
സാമ്പത്തിക പ്രതിസന്ധിയുടെ ക്ഷാമകാലത്ത്, എല്ലാ മനുഷ്യരും സ്വയം ചെലവുകള്‍ നിയന്ത്രിച്ചാല്‍ മാത്രമേ മുന്നോട്ടു കുതിക്കാന്‍ സാധിക്കൂ. അതാണ് ഇസ്‌ലാമിക മാതൃകയും. 'കോവിഡാനന്തര ലോകം: ഇസ്‌ലാമിക വായന'യും പുതിയ അറിവുകളും ചരിത്രപരമായ ഉള്‍ക്കാഴ്ചകളും നല്‍കുന്നു. 'സമുദായം, സ്ഥാപനങ്ങള്‍, സാമ്പത്തിക ശാക്തീകരണം' എന്ന ലേഖനം സമുദായത്തിന് ഇക്കാലത്ത് ആവശ്യമുള്ള നിര്‍ദേശങ്ങളും പരിഹാരങ്ങളും മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ പ്രോത്സാഹനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും പല സംഘടനകളും ശ്രദ്ധിക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ പലതും ചെറിയ സംഖ്യകള്‍ ആണ് എന്നത് വസ്തുതയാണ്. ലേഖനത്തില്‍ പറയും പ്രകാരം മാറ്റിയാല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമായിരിക്കും.
മുസ്‌ലിം സംഘടനകളും ഇസ്‌ലാമിക പ്രസ്ഥാനവും പലപ്പോഴും അധികം ചര്‍ച്ച ചെയ്യാത്ത ഒരു വിഷയമാണ് സംരംഭകത്വം. അതിലൂടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ശൈലി മാറ്റി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാം എന്ന ആശയം യാസര്‍ ഖുതുബ് പങ്കുവെക്കുന്നു. കോവിഡ് കാലത്ത് പല സാമ്പത്തിക ചിന്തകളും ഉയര്‍ന്നുവരുന്നുണ്ട്. ഈ ആശയങ്ങളും ചിന്തകളും സമുദായം നടപ്പില്‍ വരുത്തിയാല്‍ സമൂഹത്തിനും രാജ്യത്തിനും വളരെ ഗുണകരമായിരിക്കും. പ്രവാസികള്‍ നാട്ടില്‍ വന്ന് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുകയും അതിന് സംസ്ഥാന അടിസ്ഥാനത്തില്‍ വിപണികളും പുതിയ ബ്രാന്റുകളും കണ്ടെത്തുകയും ചെയ്താല്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരിക്കും. സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്കു ഇതൊരു കാല്‍വെപ്പുമായിരിക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടം മോഡലില്‍ മഹല്ലുകള്‍ക്കും ഇങ്ങനെ വിപുലമായി സംഘടിക്കാവുന്നതാണ്. 


ദീപ്തമായ ഓര്‍മകള്‍

കെ.എം രിയാലു  വ്യാഖ്യാനങ്ങള്‍ ഒരുപാട് ആവശ്യമുള്ള വ്യക്തിത്വമായിരുന്നു. നിതാന്തമായ ജ്ഞാനസപര്യയുടെയും ആത്മീയ തീര്‍ഥയാത്രയുടെയും അണയാ ജ്വാല. അനല്‍പ്പമായ  ആത്മവിശ്വാസത്തിന്റെയും  ആദര്‍ശ പ്രതിബദ്ധതയുടെയും ആള്‍രൂപം.
പ്രബോധനത്തിന്റെ വൈജാത്യ പ്രക്ഷുബ്ധതകളില്‍  സ്വകീയവും എന്നാല്‍ സുധീരവുമായ വഴി വെട്ടിത്തെളിച്ച  ഒറ്റയാള്‍.
1987-'88-ല്‍, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ പഠിക്കുന്ന കാലം. തമിഴ്‌നാട്ടിലേക്ക് നടത്തിയ  ഒരു കാമ്പസ് ടൂറില്‍ ഈ കുറിപ്പുകാരനും  ഒരംഗമായിരുന്നു. മധുര ഇസ്‌ലാമിക് സെന്ററുമായി കോ-ഓപ്റ്റ് ചെയ്ത് സംഘടിപ്പിച്ച ഈ യാത്രയില്‍ സൂര്യതേജസ്സ് പോലെ ഒരു മുഖം കണ്ടു. അത് രിയാലു എന്ന മനുഷ്യനായിരുന്നു. 
ദിവസങ്ങള്‍ നീണ്ടുനിന്ന ഈ ഉദ്യമത്തിന്റെ സൂത്രധാരനും അമരക്കാരനും രിയാലു സാഹിബായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അന്നാണ് അനുഭവവേദ്യമായത്. 20 വര്‍ഷം തമിഴ്‌നാട് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പറായിരുന്ന, പുതുതായി ഇസ്‌ലാമാശ്ലേഷിച്ച കൊടൈക്കാല്‍ ചെല്ലപ്പ എന്ന പ്രമുഖ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും സംഘാടനവും കര്‍മകുശലതയും കൊണ്ട് കണ്ണും കരളും കവര്‍ന്നത് രിയാലു സാഹിബായിരുന്നു.
വികാരനിര്‍ഭരമായിരുന്നു തമിഴ്‌നാടിന്റെ ഗ്രാമാന്തരങ്ങളില്‍ ഞങ്ങളുടെ സഞ്ചാരം. ഓരോ ഗ്രാമത്തിലും അതിരറ്റ ആനന്ദത്തോടും അത്യുത്സാഹത്തോടും കൂടി കൊച്ചു കൊച്ചു കൂട്ടങ്ങള്‍ ഞങ്ങളെ സ്വീകരിക്കാന്‍ കാത്തുനിന്നു. 
എല്ലായിടത്തും ആദരവോടെയാണ് രിയാലു സാഹിബ് സ്വീകരിക്കപ്പെട്ടത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഞങ്ങളുടെ  പ്രസംഗങ്ങള്‍ അദ്ദേഹം തമിഴിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി.
1987 ഡിസംബര്‍ 24-ന് എം.ജി.ആര്‍ അന്തരിച്ചതിനെ തുടര്‍ന്ന് പര്യടനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. എം.ജി.ആര്‍ അനുകൂലികള്‍ തടസ്സം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കപ്പെട്ട രിയാലു സാഹിബ് ഒരു കറുത്ത തുണി കീറി ഞങ്ങളുടെ ടെമ്പോ വാനില്‍ കെട്ടിയതും ഓര്‍ക്കുന്നു. 

സലാം കരുവമ്പൊയില്‍

 

ആ ഉത്തരം ശരിയല്ലല്ലോ

'പ്രശ്‌നവും വീക്ഷണവും' എന്ന ശീര്‍ഷകത്തില്‍, കടം തിരിച്ചു കൊടുക്കുമ്പോള്‍ സമ്മാനം നല്‍കാമോ എന്ന ലേഖനം (ലക്കം 3154- ജൂണ്‍ 5) ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ഒന്ന്: മൂന്നാം ഖണ്ഡികയില്‍ 'കടം മേടിച്ച വ്യക്തി, സൗഹൃദ ബന്ധത്തിന്റെ പേരിലോ... മറ്റോ വല്ല സമ്മാനമോ... മറ്റോ നല്‍കിയാല്‍, മുന്‍ധാരണ പ്രകാരമോ, ഉപാധി വെച്ചുകൊണ്ടോ, പണമായോ ... മറ്റോ വല്ല പാരിതോഷികവും സ്വമേധയാ നല്‍കിയാല്‍ അത് സ്വീകരിക്കാമെന്നാണ് ശരീഅത്ത് പഠിപ്പിക്കുന്നത്.'
ഉപാധി വെച്ചുകൊണ്ടാണെങ്കില്‍ സ്വമേധയാ ആകുന്നതെങ്ങനെ?. ഉപാധിവെച്ചു കൊണ്ടോ മുന്‍ധാരണ പ്രകാരമോ അല്ലാതെ എന്നതല്ലേ ശരി. 
അഞ്ചാം ഖണ്ഡിക- കടമായി വാങ്ങിയതിനേക്കാള്‍ നല്ല ഒട്ടകം നല്‍കാന്‍ നബി (സ) ആവശ്യപ്പെട്ടു (ബുഖാരി 2306).
ആറാം ഖണ്ഡിക- ജാബിറു ബ്‌നു അബ്ദുല്ലക്ക് നബി (സ) കൊടുക്കാന്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം കൊടുത്തു (ബുഖാരി 2394).
ഈ ഹദീസുകളുടെ വെളിച്ചത്തില്‍ (രണ്ടും നബി(സ)യുമായി നേരിട്ട് ബന്ധപ്പെട്ടത്) ഇമാം നവവിയും ഹാഫിളുബ്‌നു ഹജറും ഇമാം മഗ്‌നിയും ഉപാധിയില്ലാതെ ആണെങ്കില്‍ സ്വീകരിക്കാം എന്ന് തീര്‍പ്പു കല്‍പിച്ചതായാണ് തുടര്‍ന്നുള്ള മൂന്ന് ഖണ്ഡികകളില്‍ പറയുന്നത്. എല്ലാ കിതാബുകളുടെയും പേരും പേജ് നമ്പറും കൊടുത്തിട്ടുണ്ട്.
രണ്ട്: രണ്ടാം ഖണ്ഡിക- കടത്തിന്റെ പേരില്‍ ഉത്തമര്‍ണന്‍ പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷിദ്ധമാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും എന്ന ഹദീസ് കൂടി ഈ വിഷയത്തില്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം (ഹദീസ് നമ്പര്‍ കൊടുത്തിട്ടില്ല). ഒന്നാം ഭാഗത്ത് കൊടുത്ത രണ്ട് ഹദീസുകള്‍ക്കും വിരുദ്ധമല്ലേ ഈ ഹദീസ്?
പിന്നീട് ഉദ്ധരിച്ച ചരിത്രസംഭവങ്ങളൊന്നും നബി(സ)യുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ചില സ്വഹാബിമാര്‍ കിട്ടാന്‍ ഉണ്ടായിരുന്നതിനേക്കാളും അധികം ലഭിച്ചതും മറ്റു സമ്മാനങ്ങളും നിരസിച്ച സംഭവങ്ങളാണ്.
അവ സൂക്ഷ്മതയുടെ ഭാഗമായി ചെയ്തതാകാനാണ് സാധ്യത. ഹറാമാകാന്‍ സാധ്യതയുള്ള ഒന്നും തങ്ങളുടെ സമ്പത്തില്‍ കലരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഉബയ്യുബ്‌നു കഅ്ബ് (റ) കൊടുത്തയച്ച ഈത്തപ്പഴം ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) നിരസിച്ചപ്പോള്‍ എങ്കില്‍ താങ്കളില്‍നിന്ന് കടം സ്വീകരിക്കാന്‍ ഞാനും തയാറല്ല എന്ന് പറഞ്ഞുകൊണ്ട് കടമായി വാങ്ങിയ തുക തിരിച്ചുകൊടുത്തയച്ചു. അത്തരത്തില്‍ സമ്മാനം നിരസിക്കുന്നത് പരുക്കന്‍ സ്വഭാവമാണ്, നല്‍കുന്ന ആളെ ആക്ഷേപിക്കുന്നതിനു തുല്യമാണ് എന്നല്ലേ ഇത് കാണിക്കുന്നത്?
ഇത്തരം ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ ലേഖനത്തിലെ 'പണം കടം കൊടുത്തതിന്റെ പേരില്‍ പറ്റുന്ന ഏതൊരു ആനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത്' എന്ന വിലയിരുത്തല്‍ ശരിയായില്ല എന്ന് തോന്നുന്നു. മാത്രമല്ല, ലേഖനത്തില്‍നിന്ന് പ്രശ്‌നപരിഹാരത്തിന് അതും ശരി ഇതും ശരി, ഉത്തരം ലഭിക്കുകയും ചെയ്യുന്നു. 

അബ്ദുര്‍റശീദ്

 

മികച്ച ലേഖനങ്ങളാല്‍ സമൃദ്ധം

യാസര്‍ ഖുതുബ് എഴുതിയ സാമ്പത്തിക ശാക്തീകരണത്തെ കുറിച്ച ലേഖനം (ജൂണ്‍ 26) വ്യത്യസ്തവും പ്രായോഗികവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഉന്നത ദീനീ വിദ്യാഭ്യാസരംഗത്ത് ഫീസ് ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചടവ് ആവശ്യപ്പെടുന്ന സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും പ്രായോഗിക നിര്‍ദേശങ്ങളാണ്. സുസ്ഥിര വികസനത്തിന് ആവശ്യമായ മോഡലുകളെക്കുറിച്ച് സമുദായം വളരെ ഗൗരവകരമായി ചിന്തിക്കണം. സംഘടിത സകാത്തിന്റെ പുതിയ രൂപമായി അവതരിപ്പിച്ച, കൂട്ടായ പുതിയ സംരംഭങ്ങള്‍ എന്ന ആശയം സാമ്പത്തിക ഉന്നതിക്കും സംരംഭങ്ങളുടെ വളര്‍ച്ചക്കും വളരെയധികം സഹായിക്കും. ഭക്ഷ്യോല്‍പാദനത്തിനും മറ്റും ഉപകാരപ്പെടുന്ന സംരംഭങ്ങള്‍ തീര്‍ച്ചയായും മഹല്ലുകളും നാട്ടിലുള്ളവരും തുടങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
എം.കെ മുഹമ്മദലി പീപ്പ്ള്‍സ് ഫൗണ്ടേഷനെക്കുറിച്ച് എഴുതിയതും നന്നായി. സാധാരണക്കാര്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ വളരെ ഉപകാരപ്രദമാണ്. ചിത്രങ്ങള്‍ സഹിതം ഇതുപോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 'പ്രബോധന'ത്തില്‍ ഇനിയും പ്രതീക്ഷിക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിത വിജയത്തെക്കുറിച്ചുള്ള യാസിര്‍ ഇല്ലത്തൊടിയുടെ ലേഖനവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കണം. 

മുഹമ്മദ് ഇര്‍ഫാന്‍ കോഴിക്കോട്

 

സംരംഭകത്വം ഗൗരവത്തില്‍ പരിഗണിക്കണം

'സമുദായം, സ്ഥാപനങ്ങള്‍, സാമ്പത്തിക ശാക്തീകരണം' (ജൂണ്‍ 26) നല്ല ലേഖനമാണ്. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ചും ഉന്നത ദീനീ സ്ഥാപനങ്ങളില്‍ ഫീസും ആധുനിക രീതിയിലുള്ള സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വരച്ചുകാണിക്കുന്നു. അതുവഴി സ്വയം പര്യാപ്തതയിലേക്ക് വളരാന്‍ സാധിക്കും. സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടുതല്‍ പരിഗണിക്കുകയും അതിനു വേണ്ടി ഫണ്ടുകള്‍ ഏര്‍പ്പെടുത്തുകയും വേണം. ലേഖകന്‍ പറഞ്ഞതുപോലെ ആളുകളുടെ ജീവിതത്തിനുതകുന്ന തരത്തില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇക്കാലത്ത് വളരെ അത്യാവശ്യമാണ്.
ഇന്ന് സമുദായം തുടരുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ മോഡലുകള്‍ മാറ്റി കൂടുതല്‍ സുസ്ഥിര വികസനത്തില്‍ ഊന്നണം. മൈക്രോഫിനാന്‍സ് കൂട്ടായ്മകളിലൂടെയും മറ്റും കൂടുതല്‍ വായ്പകള്‍ കൊടുക്കുന്നത് സാധാരണക്കാരെയും ഗള്‍ഫുകാരെയും വീട് നിര്‍മാണത്തിനും കച്ചവടം തുടങ്ങാനുമൊക്കെ സഹായിക്കും. പലപ്പോഴും മുസ്‌ലിം സംഘടനകള്‍ സംരംഭകത്വത്തില്‍ അധിക ശ്രദ്ധ കൊടുക്കാറില്ല. സമൂഹത്തില്‍ അഭിവൃദ്ധി ഉണ്ടാക്കാനും തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനും പുതിയ സംരംഭങ്ങള്‍ വളരെയധികം സഹായിക്കും. ഇവ പടുത്തുയര്‍ത്താന്‍ സമുദായ നേതൃത്വം തന്നെ മുന്നിട്ടിറങ്ങണം. സംഭാവനകള്‍ സ്വീകരിക്കുന്നതിന് മാത്രമല്ലല്ലോ നമ്മള്‍ ആളുകളെ സമീപിക്കേണ്ടത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ വിപുലീകരിക്കുന്നതിന് സംഘടിതമായി സഹായിക്കുകയും ചെയ്താല്‍ അത് സമുദായത്തിലും സമൂഹത്തിലും വലിയ വളര്‍ച്ചക്ക് കാരണമാകും.
പി.പി അബ്ദുര്‍റസാഖ് എഴുതിയ ലേഖനവും മികച്ചതായിരുന്നു. ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സമ്പത്ത്, സമൂഹം, മാര്‍ക്കറ്റ് തുടങ്ങിയവയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഈ ലേഖനം നല്‍കുന്നു. 

മുഹമ്മദ് ജസീം തൃശൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി