മരണമെത്തുന്ന നേരത്ത്
മരണത്തെക്കുറിച്ച അശ്രദ്ധ ഭൗതിക ജീവിതത്തിലെ സുഖാസ്വാദനങ്ങളില്‍ മുഴുകാന്‍ കാരണമാകുന്നതിനെ കുറിച്ച ഉദ്‌ബോധനങ്ങള്‍ ധാരാളമായി നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ കോവിഡ് കാലത്തെ തിരിച്ചറിവുകളില്‍ ഏറ്റവും പ്രധാനം മനുഷ്യന്‍ മരണത്തെ ധാരാളമായി ഓര്‍ക്കുന്നു എന്നതാണ്. മരണം അനിഷേധ്യ യാഥാര്‍ഥ്യമാണെന്ന ബോധ്യമുണ്ടെങ്കിലും, അത് തന്നിലേക്കെത്താന്‍ ഇനിയുമൊരുപാട് കാലമെടുക്കുമെന്ന ധാരണയിലാണ് പലപ്പോഴും മനുഷ്യന്‍ മുന്നോട്ട് നടക്കാറുള്ളത്. എന്നാല്‍ ഏത് ആരോഗ്യവാനും നിമിഷനേരം കൊണ്ട് രോഗിയാവുമെന്നും അത് മരണത്തില്‍ വരെ ചെന്നെത്തുമെന്നുമുള്ള തോന്നലുകള്‍ തെല്ലൊന്നുമല്ല ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. മരുന്നില്ലാത്ത രോഗമായതിനാല്‍, പണവും അധികാരവും സ്വാധീനവുമുള്ളവനും അതില്ലാത്തവനുമെല്ലാം ഒരുപോലെ ആശങ്കയിലാണ്.
മരണഭീതി നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മാസങ്ങളായി നിരന്തരം രോഗികളുടെയും മരണപ്പെടുന്നവരുടെയും കണക്കുകള്‍ കേട്ടുകൊണ്ടേയിരിക്കുന്ന ഒരു സമൂഹത്തില്‍ മരണം അദൃശ്യ സാന്നിധ്യമല്ല, ദൃശ്യ സാന്നിധ്യം തന്നെയാണ്.
മരണത്തെ ഭയക്കാന്‍ ആളുകള്‍ക്ക് പല കാരണങ്ങളുണ്ടാകും. ഈ ലോകത്ത് ജീവിച്ച് മതിവരാതിരിക്കുക, മരണാനന്തരം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ചപ്പാടും വിശ്വാസവുമില്ലാതിരിക്കുക, ഞാന്‍ മരണപ്പെട്ടാല്‍ എന്റെ കുടുംബവും പ്രിയപ്പെട്ടവരും എന്താകും എന്ന ചിന്ത ഇങ്ങനെ മരണഭീതിക്ക് കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഈ അര്‍ഥത്തിലുള്ള മരണഭയം വിശ്വാസികളിലുണ്ടാകാന്‍ പാടില്ല. ദുന്‍യാവിനോടും അതിലെ ബന്ധങ്ങളോടും കെട്ടുപിണഞ്ഞുള്ള മരണഭയം റസൂല്‍ (സ) മുന്നറിയിപ്പ് നല്‍കിയ മരണത്തോടുള്ള വെറുപ്പിന്റെ -കറാഹിയത്തുല്‍ മൗത്ത്- ഭാഗമാണ്.
വിശ്വാസി ഭയപ്പെടേണ്ട ചില കാര്യങ്ങള്‍ മരണത്തിലുണ്ട്. അത് ഈ ലോകത്തെ ജീവിതം തീര്‍ന്നു പോകുന്നതിനെ കുറിച്ച സങ്കടത്തില്‍നിന്നല്ല, മറിച്ച് മരണാനന്തരം അഭിമുഖീകരിക്കേണ്ട ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ച ചിന്തയില്‍നിന്നുള്ള ഭയമാണ്. അല്ലാഹുവിന്റെ മുന്നില്‍ ചെന്ന് നില്‍ക്കുന്നതിനെക്കുറിച്ചും വിചാരണയെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും ഓര്‍ത്ത്, സ്വര്‍ഗാവകാശിയായിത്തീരാന്‍ പോന്ന സ്വീകാര്യമായ കര്‍മങ്ങളെന്താണ് താന്‍ ചെയ്തുവെച്ചിട്ടുള്ളതെന്ന ചിന്തയാണ് മരണത്തെ കുറിച്ച ഭീതി വിശ്വാസിയില്‍ ജനിപ്പിക്കുക.
''ആര്‍ തന്റെ നാഥന്റെ സന്നിധിയില്‍ ചെന്നു നില്‍ക്കുന്നതിനെ ഭയക്കുകയും സ്വേഛകളില്‍നിന്ന് സ്വന്തത്തെ വിലക്കിനിര്‍ത്തുകയും ചെയ്തുവോ ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്'' (79: ഖുര്‍ആന്‍: 41,41).
ചുറ്റും വലിയ തോതില്‍ മരണഭീതി ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ വിശ്വാസി അത്തരം ഭീതികളില്‍നിന്ന് മുക്തനായിരിക്കണം. അതേസമയം അത് സൂക്ഷ്മതക്കുറവിനും അസുഖം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നതിനും കാരണമായിക്കൂടാത്തതാണ്. സ്വയം നാശത്തിലേക്കെടുത്തുചാടരുതെന്ന ഖുര്‍ആനിക കല്‍പനക്ക് എതിരുമാണത്. ''നിങ്ങള്‍ നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്'' (2: 195)
അതേസമയം മരണത്തെ കുറിച്ച ചിന്തകള്‍ മനസ്സിലുണ്ടാകണം. ഏതു നിമിഷവും എന്റെ ആയുസ്സ് അവസാനിക്കാം. ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ അല്ലാഹുവിന്റെ മുന്നില്‍ ഹാജരാക്കപ്പെടുമ്പോള്‍ ഏതവസ്ഥയിലായിരിക്കും താനെന്ന ചിന്ത വിശ്വാസിയില്‍ ആശങ്കകളുണര്‍ത്തും. ആ ആകുലതകള്‍ മരണാനന്തര ജീവിതത്തിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് അവനെ കൊണ്ടെത്തിക്കണം. ''വിശ്വാസികളേ, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുക. നാളേക്കു വേണ്ടി താന്‍ തയാറാക്കിവെച്ചത് എന്ത് എന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ'' (59:18).
അലി (റ) ഒരിക്കല്‍ തഖ്‌വയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്: 'തഖ്‌വയെന്നാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭയവും ഖുര്‍ആന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉള്ളതില്‍ തൃപ്തിപ്പെടലും ഒടുവിലത്തെ യാത്രക്കായുള്ള മുന്നൊരുക്കവുമാണ്. അത്തരം ചിന്തകളൊന്നുമില്ലാതെ ജീവിച്ച് മരണാനന്തര ലോകത്തിനായി മുന്നൊരുക്കം നടത്താത്ത ആളുകള്‍ മരണമെത്തുന്ന നേരത്ത് വിലപിക്കും, കുറച്ച് കാലംകൂടി എനിക്ക് ആയുസ്സ് നല്‍കേണമേ എന്ന് അപേക്ഷിക്കും.'
''അങ്ങനെ അവരിലൊരുവന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണു പറയും; എന്റെ നാഥാ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല; അതൊരു വെറും വാക്കാണ്, അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.....'' (23: 100).
പരലോകത്ത് വിചാരണ കാത്തുനില്‍ക്കും നേരം നരകം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവന്‍ നിലവിളിക്കും: ''അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തേ ചെയ്തുവെച്ചിരുന്നെങ്കില്‍.....'' (89: 24).
എന്റെ ശരീരത്തില്‍നിന്നും റൂഹ് പിരിയുമ്പോള്‍ ഏതവസ്ഥയിലായിരിക്കും ഞാന്‍ ഉണ്ടാവുക? സന്തോഷത്തോടെ ഈ ലോകത്തുനിന്ന് വിടപറഞ്ഞുപോകാന്‍ സാധിക്കണമെങ്കില്‍ നമ്മെ കുറിച്ച ചില ഉറപ്പുകള്‍ നമുക്കു വേണം. പടച്ച റബ്ബിന്റെ കോടതിയില്‍ നമ്മുടെ മനസ്സും പ്രവര്‍ത്തനങ്ങളും വിചാരണക്കെടുക്കും മുമ്പ് സ്വയമൊരു വിചാരണ നടത്തിനോക്കണം. അവിടെ നമ്മുടെ കൈകാലുകള്‍ നമുക്കെതിരെ സംസാരിക്കാതിരിക്കാന്‍ അതിന്റെ അവകാശങ്ങളും ബാധ്യതകളും ശരിയായ നിലയില്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്ന ഉറപ്പ് നമുക്കുണ്ടാവണം.
പരലോകത്ത് വിജയിക്കുന്നവര്‍ ആരായിരിക്കുമെന്നും പരാജയപ്പെടുന്നവരാരാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അതുവെച്ച് നമ്മുടെ ജീവിതത്തെ കുറിച്ച ആലോചനകള്‍ ഇടക്ക് നടത്തേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണന്ന്. കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.....'' (26:89).
രോഗാതുരമായ മനസ്സാണോ എന്റേത്? നിഫാഖും രിയാഉും പിശുക്കും മറ്റുള്ളവരോടുള്ള വിദ്വേഷവും അസൂയയുമൊക്കെ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളാണ്. ശരീരത്തില്‍ വൈറസ് കയറാതിരിക്കാന്‍ എത്രമാത്രം സൂക്ഷ്മതയും മുന്‍കരുതലുമാണ് നമ്മള്‍ പാലിച്ചുകൊണ്ടിരിക്കുന്നത്. അതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടതാണല്ലോ മനസ്സിന്റെ ആരോഗ്യം. ഈമാനാണ് രോഗപ്രതിരോധ ശേഷി കൂട്ടുന്ന മരുന്ന്. ഈമാന്‍ ഇടക്കിടക്ക് പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. വിശ്വാസികളെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇടക്കിടെ ഉദ്‌ബോധിപ്പിക്കുന്നുണ്ടല്ലോ ഖുര്‍ആന്‍: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും തന്റെ ദൂതന് അവതരിപ്പിച്ച വേദപുസ്തകത്തിലും അതിന് മുമ്പ് അവതരിപ്പിച്ച വേദങ്ങളിലും വിശ്വസിക്കുക'' (4: 136).
ഈമാന്‍ എന്നത് കേവലമായ അറിവല്ലല്ലോ. അല്ലാഹു ഉണ്ട്, പരലോകമുണ്ട് എന്ന അറിവിനോടൊപ്പം അതൊരു അനുഭൂതിയും അനുഭവവുമായി മാറണം. ജീവിതത്തെ സ്വാധീനിക്കുന്ന പ്രചോദനമായിത്തീരണം:
അങ്ങനെ അനുഭൂതിയും പ്രചോദനവുമായി നമ്മുടെ ഈമാനിനെ അനുഭവിക്കാന്‍ നമുക്കാകാറുണ്ടോ? മരണാനന്തര ജീവിതത്തെക്കുറിച്ച നമ്മുടെ ആലോചനകളില്‍ ഏറ്റവും പ്രധാനം നമ്മുടെ ഈമാനിനെ കുറിച്ച ചിന്തകള്‍ തന്നെയാണ്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അല്ലാഹുവെക്കുറിച്ച ചിന്തകള്‍ നമുക്ക് നിര്‍ഭയത്വം നല്‍കാറുണ്ടോ? പ്രതിസന്ധികളില്‍ പതറിപ്പോകുമ്പോള്‍ അവന്‍ കൂടെയുണ്ടെന്ന ബോധ്യം ആത്മധൈര്യം പകരാറുണ്ടോ? ജീവിതത്തില്‍ പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍, ഒരുപാട് ആഗ്രഹിച്ചത് നടക്കാതെ പോകുമ്പോള്‍ നിരാശ ബാധിക്കാതെ അല്ലാഹു ഇതില്‍ മറ്റെന്തെങ്കിലും നന്മ ഉദ്ദേശിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കാന്‍ കഴിയാറുണ്ടോ? പ്രലോഭനങ്ങളില്‍ പെട്ടുപോകുമ്പോള്‍, ഭൗതികാലങ്കാരങ്ങളുടെ പൊലിമകള്‍ കണ്ണിനും മനസ്സിനും കുളിര്‍മയേകുമ്പോള്‍, അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാഴ്ചകളിലും ആസ്വാദനങ്ങളിലും ആനന്ദം കണ്ടെത്തുമ്പോള്‍ അവനിഷ്ടപ്പെടാത്തതൊന്നും എനിക്ക് വേണ്ടതില്ലാ എന്ന് തീരുമാനിച്ച് വഴിമാറി നടക്കാന്‍ നമുക്കാകാറുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ ഈമാനിനെക്കുറിച്ച് നമുക്ക് സന്തോഷിക്കാം. ഇല്ലെങ്കില്‍ എവിടെയൊക്കെയോ പുഴുക്കുത്തുകള്‍ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി മനസ്സിനെ വിമലീകരിക്കാന്‍ നമുക്കാകണം.
നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാനുഷ്ഠാനങ്ങളും സല്‍ക്കര്‍മങ്ങളും ഇഖ്‌ലാസ്വോടെയും ഇഹ്‌സാനോടെയും ചെയ്തു വെക്കാന്‍ നമുക്കാകാറുണ്ടോ? ഇഖ്‌ലാസ്വും ഇഹ്‌സാനുമില്ലാത്ത കര്‍മങ്ങള്‍ പടച്ച റബ്ബിന്റെ മുമ്പില്‍ സ്വീകാര്യമാകുമെന്ന ഒരുറപ്പും നമുക്കില്ലല്ലോ. സ്വീകാര്യമാകുന്ന രൂപത്തില്‍ തന്നെയാണ് എന്റെ കര്‍മങ്ങളൊക്കെയും ഞാന്‍ ചെയ്യുന്നതെന്ന ആത്മപരിശോധനകള്‍ നടത്തണം. ഇല്ലെങ്കില്‍ നാളെ അവന്റെയടുക്കല്‍ ചെന്നെത്തുമ്പോള്‍ നീ ഒരുപാട് കര്‍മങ്ങളൊക്കെയും ചെയ്തിട്ടുണ്ട്; പക്ഷേ, അതൊന്നും എനിക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് നീ ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്യുന്ന ആളാണെന്ന് ആളുകള്‍ വിചാരിക്കട്ടെ, പറയട്ടെ എന്നൊക്കെയായിരുന്നു നിന്റെ ഉദ്ദേശ്യം, അതൊക്കെ ആളുകള്‍ പറഞ്ഞിട്ടുമുണ്ട്, ഇവിടെ നിനക്ക് ഒന്നുമില്ല. ഇങ്ങനെയൊരു മറുപടി അല്ലാഹു നമ്മെ നോക്കി പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?
ഒരുപാട് ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് അല്ലാഹുവും റസൂലും പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ. ഉമ്മയോട്, ഉപ്പയോട്, ഇണയോട്, മക്കളോട്, കുടുംബത്തോട്, അയല്‍ക്കാരോട്, കൂട്ടുകാരോട്, സഹപ്രവര്‍ത്തകരോട്, നമ്മളിടപഴകുന്ന ഒരുപാട് മനുഷ്യരോട്... ഈ ബന്ധങ്ങളൊക്കെയും ഏറ്റവും സുന്ദരമായിട്ടു തന്നെയാണ് മുന്നോട്ടു പോകുന്നത്, ആരോടും പിണക്കവും വിദ്വേഷവും ഒന്നുമില്ല എന്നുറപ്പിക്കാന്‍ നമുക്കാകണം. കാരണം ബന്ധങ്ങളിലുള്ള തകരാറുകള്‍ പ്രാര്‍ഥനകള്‍ പോലും സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകുമെന്നാണല്ലോ റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്.
മനുഷ്യരോടുള്ള പെരുമാറ്റമര്യാദകളെക്കുറിച്ച് ഇസ്‌ലാം ധാരാളമായി ഉണര്‍ത്തിയിട്ടുണ്ട്. ആരാധനകളെക്കുറിച്ച് വിശദീകരിച്ചതിനേക്കാള്‍ സൂക്ഷ്മമായി ഖുര്‍ആന്‍ കൈകാര്യം ചെയ്ത വിഷയമാണ് സ്വഭാവചര്യകള്‍/ അഖ്‌ലാഖ്. നോട്ടവും സംസാരവും നടത്തവും പരിഗണനയുമെല്ലാം ഒരാളെയും വെറുപ്പിക്കുന്ന രൂപത്തിലോ ആര്‍ക്കെങ്കിലും അനിഷ്ടകരമായ രൂപത്തിലോ അല്ല എന്നുറപ്പിക്കാന്‍ നമുക്കാകണം. അല്ലായെങ്കില്‍ വാക്കുകള്‍ കൊണ്ടും മറ്റും നമ്മള്‍ നോവിച്ചവര്‍ക്ക് നമ്മുടെ നന്മകള്‍ വീതം വെച്ചു കൊടുക്കപ്പെടുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.
നമ്മുടെ സമ്പാദ്യത്തെക്കുറിച്ച് സൂക്ഷ്മമായ ആലോചനകള്‍ നടത്തണം. എന്നിലേക്ക് വരുന്ന സമ്പത്തില്‍ ഹറാമായതും എനിക്കവകാശപ്പെടാത്തതുമായ ഒന്നുമില്ല. ഞാന്‍ ചെലവഴിക്കുന്ന വഴികളൊന്നും അല്ലാഹുവിന് ഇഷ്ടമില്ലാത്തവയല്ല. അവനിഷ്ടപ്പെടുന്ന വഴികളില്‍ എനിക്ക് കഴിയാവുന്ന രൂപത്തില്‍ ഞാന്‍ കൊടുക്കാറുമുണ്ട്. ഇങ്ങനെയുള്ള ചില ഉത്തരങ്ങള്‍ കണ്ടെത്താനാകണം. സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ എന്റെ സജീവത എത്രത്തോളമാണ്? വ്യക്തിപരമായ കുറേ കര്‍മങ്ങളങ്ങ് ചെയ്ത് അല്ലാഹുവിലേക്കടുത്ത് സ്വര്‍ഗം നേടാം എന്നല്ലല്ലോ ഇസ്‌ലാം പഠിപ്പിക്കുന്നത്. വ്യക്തിപരമായ കര്‍മങ്ങള്‍ക്കൊപ്പം സാമൂഹികമായ ബാധ്യതകള്‍ കൂടി എനിക്കുണ്ട്, അത്തരം ബാധ്യതകള്‍ നിര്‍വഹിക്കാന്‍ എന്നെ സഹായിക്കുന്ന പല കൂട്ടായ്മകളും പ്ലാറ്റ്‌ഫോമുകളും എനിക്ക് ചുറ്റിലുമുണ്ട്. അതിലൊക്കെ ഞാന്‍ എത്രത്തോളം സജീവമാണ്? എന്റെ വ്യക്തിപരമായ തിരക്കുകളൊക്കെ കഴിഞ്ഞ് സമയവും താല്‍പര്യവുമുണ്ടെങ്കില്‍ മാത്രം സജീവമാകേണ്ട ഇടങ്ങളായിട്ടാണോ ഞാനതിനെ കാണാറുള്ളത്? അതല്ല എന്റെ തിരക്കുകള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ എനിക്കാകാറുണ്ടോ? മറ്റെന്തിനേക്കാളുമേറെ അല്ലാഹുവിനും അവന്റെ റസൂലിനും, ദീനീമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരാണ് വിശ്വാസികള്‍ എന്നല്ലേ ഖുര്‍ആന്‍ പറഞ്ഞത്.
നമ്മള്‍ ജീവിക്കുന്ന രാജ്യത്ത് നമുക്കു ചുറ്റും കോടിക്കണക്കിന് മനുഷ്യരുണ്ട്. സത്യസന്ദേശം എത്തിയിട്ടില്ലാത്ത നൂറ് കോടിയിലേറെ ആളുകള്‍. നമ്മുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, എഴുത്തുകള്‍, ജീവിത മാതൃകകള്‍ ഇതിലൂടെയെല്ലാം എത്രത്തോളം ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്കായി അനുഭവവേദ്യമാക്കാന്‍ നമുക്കായിട്ടുണ്ട്?
ഇതെല്ലാം നമ്മെക്കുറിച്ചുള്ള ആലോചനകളില്‍ കടന്നുവരേണ്ട കാര്യങ്ങളാണ്. ഇതിനെല്ലാം മനസ്സമാധാനം നല്‍കുന്ന ഉത്തരങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയുമ്പോള്‍ മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള ഭയവും ആശങ്കകളും, പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും വഴിമാറും.
''ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ'' (18: 110), ''അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ അറിയട്ടെ. അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും'' (29: 5).
മരണഭയവും മറ്റു ആശങ്കകളും നിറഞ്ഞുനില്‍ക്കുന്ന ചുറ്റുപാടില്‍ സ്വാഭാവികമായും അത്തരം ആശങ്കകള്‍ വിശ്വാസികളെയും പിടികൂടും. എന്നാല്‍ ഭൗതിക ജീവിതത്തെയും മരണത്തെയും കുറിച്ച അതിരുകവിഞ്ഞ ആശങ്കകള്‍ വിശ്വാസിക്ക് ഭൂഷണമല്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് സംഭവിക്കുന്നതെന്ന ബോധ്യം മനസ്സിലുറക്കണം. അതോടൊപ്പം ഏതു നിമിഷവും ഞാന്‍ അസുഖബാധിതനായേക്കാമെന്നും അത് ചിലപ്പോള്‍ എന്റെ ജീവനെടുത്തേക്കാമെന്നുമുള്ള ബോധ്യവും ഉണ്ടാവണം. അതുപക്ഷേ, മരണഭീതിയല്ല നമ്മളിലുണ്ടാക്കേണ്ടത്; മറിച്ച് ഞാനിപ്പോള്‍ മരിച്ചുപോയാല്‍ പരലോകത്ത് എന്റെ സ്ഥാനം എവിടെയായിരിക്കുമെന്ന ചിന്തകളാണ് മനസ്സില്‍ നിറക്കണ്ടത്.
ഈലോക ജീവിതത്തില്‍ തന്നെ നമ്മുടെയും മക്കളുടെയും ഭാവിജീവിതത്തെ പ്രതി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നാം നടത്താറുള്ളത്! അത്യാവശ്യം സ്വത്തും വരുമാനവുമൊക്കെ ഉണ്ടായാല്‍ ഭാവിയെക്കുറിച്ചൊരു സമാധാനം പൊതുവെ മനസ്സിലുണ്ടാകും. ഏതു നിമിഷവും അവസാനിച്ചുപോയേക്കാവുന്ന ഒരു ജീവിതത്തിനു വേണ്ടി എത്രമാത്രം ആലോചനകളും മുന്നൊരുക്കങ്ങളുമാണ് നമ്മള്‍ നടത്തുന്നത്. എങ്കില്‍ ഒരിക്കലുമവസാനിക്കാത്ത ശാശ്വത ജീവിതത്തിലെ വിജയത്തിനായി എത്രമാത്രം കരുതലും ഒരുക്കവും നമുക്കുണ്ടാവണം. അത് മുന്നില്‍ കണ്ട് കിട്ടാവുന്ന അവസരങ്ങളെല്ലാം നന്മകള്‍ പെറുക്കിയെടുക്കാന്‍ നമ്മള്‍ ശീലിച്ചാല്‍, ചെയ്യുന്ന കര്‍മങ്ങളെ ഇഖ്‌ലാസ്വും ഇഹ്‌സാനും കൊണ്ട് സുന്ദരമാക്കിയാല്‍, സര്‍വോപരി മനസ്സില്‍ ഈമാന്‍ നിറഞ്ഞു നിന്നാല്‍ ഒടുവിലായി കണ്ണടയുന്ന നേരത്ത് ചെയ്തുവെച്ച സുകൃതങ്ങളുടെ നിര്‍വൃതിയുടെ തിളക്കം കണ്ണുകളില്‍ അവശേഷിപ്പിക്കാന്‍ നമുക്കാവും. നമ്മള്‍ പ്രവര്‍ത്തിക്കുക; ഈ ലോകത്ത് അതിന്റെയൊന്നും സത്ഫലങ്ങളും ഗുണങ്ങളും പ്രത്യക്ഷമായി അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സങ്കടപ്പെടേണ്ടതില്ല. എല്ലാം തിരിച്ചുകിട്ടുന്ന ഒരു ദിനം നമ്മെ കാത്തിരിപ്പുണ്ട്.
''നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്‍മങ്ങള്‍ കാണും. ഒടുവില്‍ അകവും പുറവുമറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ ചെന്നെത്തും. അവിടെ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പറ്റി അവന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും'' (9: 105).
Comments